Prabodhanm Weekly

Pages

Search

2018 മാര്‍ച്ച് 09

3042

1439 ജമാദുല്‍ ആഖിര്‍ 20

പി. പൂക്കോയ തങ്ങള്‍ പൊന്നാനി

അബു ശമീം

പൊന്നാനിയില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തെ പരിചയപ്പെടുത്തുന്നതില്‍ മുഖ്യപങ്ക് വഹിച്ച പ്രവര്‍ത്തകനായിരുന്നു പി. പൂക്കോയ തങ്ങള്‍. യൗവനത്തിലേ പ്രസ്ഥാനവുമായി ബന്ധപ്പെട്ട്, ആദര്‍ശമാര്‍ഗത്തില്‍ ചടുലതയോടെ പ്രവര്‍ത്തിക്കാന്‍ സൗഭാഗ്യം ലഭിച്ചു. നേരത്തേ പൊന്നാനി ഹല്‍ഖയില്‍ പ്രവര്‍ത്തിച്ച തങ്ങള്‍, ഈഴുവതിരുത്തി ഹല്‍ഖയുടെ രൂപീകരണം മുതല്‍ അവിടെ സെക്രട്ടറിയായി സേവനം ചെയ്തു. തുടര്‍ന്ന് സി.വി ജംഗ്ഷന്‍ ഹല്‍ഖയുടെ പ്രഥമ സെക്രട്ടറിയായി. രോഗബാധിതനാകുന്നതുവരെ ഇത് തുടര്‍ന്നു.

ടെലി കമ്യൂണിക്കേഷന്‍ വകുപ്പില്‍നിന്ന് സീനിയര്‍ സൂപ്രണ്ടായി വിരമിച്ച തങ്ങള്‍ സഹജീവനക്കാര്‍ക്കിടയില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തെ പരിചയപ്പെടുത്താനും അവരുമായി ഊഷ്മളബന്ധം നിലനിര്‍ത്താനും ശ്രമിച്ചു. വ്യക്തിപരവും പ്രാസ്ഥാനികവുമായ സാമ്പത്തിക ഇടപാടുകള്‍ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യുന്നതോടൊപ്പം കൃത്യതയോടെ ദിനംപ്രതി രേഖപ്പെടുത്തി വെക്കുന്ന മാതൃകയാണ് തങ്ങള്‍ തുടര്‍ന്ന് വന്നത്. നീണ്ട കാലയളവ് പ്രബോധനം ഏജന്റായി സേവനം അനുഷ്ഠിച്ച അദ്ദേഹം പ്രബോധനം വരിക്കാരിലെത്തിക്കുന്നതില്‍ കാണിച്ച സമര്‍പ്പണ മനസ്സ് പ്രശംസനീയമാണ്. പ്രബോധനം കെട്ട് കൈയില്‍ കിട്ടുന്ന നിമിഷം ഇടവഴികളും തോടും താണ്ടി ആദ്യദിവസം തന്നെ വരിക്കാരിലെത്തിക്കാന്‍ കഴിവതും ശ്രമിച്ചു. മഴയും വെയിലും അവഗണിച്ച് ചടുലതയോടുള്ള തങ്ങളുടെ പ്രബോധന വിതരണ ശൈലി പൊന്നാനിയില്‍ ചര്‍ച്ചാ വിഷയമായിരുന്നു.

ജീവകാരുണ്യ പ്രവര്‍ത്തനത്തോടൊപ്പം നിരന്തരമായ സ്‌ക്വാഡ് പ്രവര്‍ത്തനങ്ങളിലൂടെ ജാതിമത ഭേദമന്യേ ജനങ്ങളുമായി വിശാലമായ ബന്ധങ്ങള്‍ സ്ഥാപിച്ചെടുത്തു. പൊന്നാനി ഐ.എസ്.എസ്, സി.വി ജംഗ്ഷനിലെ നിറ ചാരിറ്റബ്ള്‍ ട്രസ്റ്റ്, മസ്ജിദുസ്സലാം എന്നിവയുടെ വളര്‍ച്ചയില്‍ തങ്ങള്‍ നിര്‍ണായക പങ്ക് വഹിക്കുകയുണ്ടായി. മരിക്കുമ്പോള്‍ സി.വി ജംഗ്ഷന്‍ ഹല്‍ഖയിലെ പ്രവര്‍ത്തകനും, ഐ.എസ്.എസ്, നിറ ചാരിറ്റബ്ള്‍ ട്രസ്റ്റ് എന്നിവയുടെ പ്രവര്‍ത്തക സമിതി അംഗവുമായിരുന്നു. ഭാര്യ ഫാത്തിമ കാര്‍കുനാണ്. ജമാഅത്ത് പ്രവര്‍ത്തകനായ ശഫീഖ് അലി, പരേതനായ നൗഷാദ് അലി, സല്‍മ (കാര്‍കുന്‍), നൂര്‍ബി, ശഹര്‍ബാന്‍, റോഷ്‌നാബി എന്നിവരാണ് മക്കള്‍.

 

 

 

മുളയംപിള്ളി  മുഹമ്മദാലി

കുടുംബാംഗങ്ങളോടും സമൂഹത്തോടും പുഞ്ചിരിയോടെയും വിനയത്തോടെയും പെരുമാറിയ, മറ്റുള്ളവര്‍ക്ക് സ്‌നേഹം മാത്രം പകര്‍ന്നു നല്‍കിയ വ്യക്തിത്വമായിരുന്നു എടവനക്കാട് മുളയംപിള്ളി മുഹമ്മദാലി. 

റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റില്‍നിന്നും ഡെപ്യൂട്ടി കലക്ടറായി 1996 മെയ് മാസം റിട്ടയര്‍ ചെയ്ത അദ്ദേഹം പിന്നീട് സാമൂഹിക, സാംസ്‌കാരിക, രംഗങ്ങളില്‍ മുഴുനീള സാന്നിധ്യമായി.

ജോലിയിലെ സത്യസന്ധതയും പൊതുഫണ്ട് കൈകാര്യം ചെയ്യുന്നതിലെ സൂക്ഷ്മതയും അദ്ദേഹത്തെ വ്യത്യസ്തനാക്കി. പ്രൊവിഡന്റ് ഫണ്ട് അടക്കുന്ന തുക പലിശയടക്കം തിരിച്ചുകിട്ടുന്നത് തന്റെ വിശ്വാസത്തിന് എതിരായതുകൊണ്ട് അതിന്റെ പലിശ സ്വീകരിക്കാന്‍ സാധ്യമല്ല എന്നും,  അതിന് നിരവധി ഫയലുകള്‍ നീക്കേണ്ട ബുദ്ധിമുട്ട് കാര്യമാക്കാതെ പലിശയില്ലാത്ത പ്രൊവിഡന്റ് ഫണ്ട് അടച്ച് ക്ലോസ് ചെയ്ത ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം.

ഔദ്യോഗിക ജീവിതത്തിലെ കാര്യക്ഷമത ശിഷ്ട സാമൂഹിക ജീവിതത്തിലും പ്രതിഫലിക്കുക സ്വാഭാവികം. എല്ലാ വിഷയങ്ങളും ഡോക്യുമെന്റ് ചെയ്യുകയും ആര്‍ക്കും എപ്പോഴും വിവരങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുക എന്നത് ഒരുദാഹരണം. റിട്ടയര്‍മെന്റിനു ശേഷം മുഴുനീള സാമൂഹിക പ്രവര്‍ത്തകനായിരുന്നു അദ്ദേഹം.  ജമാഅത്തെ ഇസ്‌ലാമിയുടെ സജീവ പ്രവര്‍ത്തകനായിരുന്ന അദ്ദേഹം പ്രസ്ഥാനം നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ ചിട്ടയായും കൃത്യമായും ചെയ്യുമായിരുന്നു.  പ്രസ്ഥാന പ്രതിബദ്ധത, എളിമ, ദീനീ കാര്യങ്ങളിലെ കൃത്യത, നമസ്‌കാരത്തിലെ നിഷ്ഠ  എന്നിവ അദ്ദേഹത്തിന്റെ മുഖമുദ്രയായിരുന്നു.

വായനയുടെ ലോകത്ത് അദ്ദേഹം സജീവമായിരുന്നു. വായിക്കുന്ന പുസ്തകങ്ങളുടെ സംക്ഷിപ്തം ഒരു നോട്ടുബുക്കില്‍ പകര്‍ത്തി സൂക്ഷിക്കാറുായിരുന്നു.

പ്രാദേശികമായ പല സംരംഭങ്ങളിലും സജീവ പങ്കാളിയായിരുന്നു.  എല്ലാ വിഭാഗം ആളുകളെയും ഉള്‍ക്കൊള്ളുന്ന പ്രാദേശിക ബൈത്തുല്‍മാലിന്റെ ദീര്‍ഘകാല ചെയര്‍മാന്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍, ഹയര്‍ സെക്കന്ററി അടക്കം പൊതുവിദ്യാഭ്യാസം നല്‍കുന്ന പ്രശസ്തമായ ഇര്‍ശാദുല്‍ മുസ്‌ലിമീന്‍ സഭയുടെ കമ്മിറ്റി മെമ്പര്‍, യതീംഖാനയും മദ്‌റസകളും നടത്തുന്ന നജാത്തുല്‍ ഇസ്‌ലാം ട്രസ്റ്റി, മാധ്യമം റസിഡന്റ് മാനേജര്‍ എന്നീ ഉത്തരവാദിത്തങ്ങളും അദ്ദേഹം വഹിച്ചിട്ടുണ്ട്. ആരെയും ബുദ്ധിമുട്ടിക്കാതെ ജീവിക്കണമെന്ന നിര്‍ബന്ധം പോലെ ആരെയും ബുദ്ധിമുട്ടിക്കാതെയായിരുന്നു അദ്ദേഹത്തിന്റെ മരണവും. ഭാര്യ: നജ്മ. മക്കള്‍: സഫ്‌വാന്‍, സബിത, സറീന, സമീന.

ഡോ. പി.കെ യഅ്കൂബ്, എടവനക്കാട്

 

 

 

ഒ.പി മൊയ്തുട്ടി

തിരൂര്‍ക്കാട് പ്രാദേശിക ജമാഅത്തിലെ കാര്‍കുനായിരുന്നു ഓടുപറമ്പന്‍ മൊയ്തുട്ടി. മുഹമ്മദ്-ബീവി ദമ്പതികളുടെ മകനാണ്. തികഞ്ഞ യാഥാസ്ഥിതികരായിരുന്ന കുടുംബത്തിന് അദ്ദേഹത്തിന്റെ ദീനീപഠനം പള്ളി ദര്‍സുകളിലാവണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. അതനുസരിച്ച് നിരവധി ദര്‍സുകളില്‍ അദ്ദേഹം കയറിയിറങ്ങി. പക്ഷേ, അന്ധവിശ്വാസങ്ങളോടും അനാചാരങ്ങളോടും കടുത്ത എതിര്‍പ്പും അകല്‍ച്ചയും അദ്ദേഹം പ്രകടിപ്പിച്ചു. ഒരു പുതിയ വെളിച്ചമായിരുന്നു അദ്ദേഹം അന്വേഷിച്ചത്. ഇസ്‌ലാം മതം, ഖുതുബാത്ത് തുടങ്ങിയ ഗ്രന്ഥങ്ങളുടെ വായന അദ്ദേഹത്തില്‍ ശക്തമായ സ്വാധീനം ചെലുത്തി. പുറമെ വി.കെ ഇസ്സുദ്ദീന്‍ മൗലവി, കെ.പി.കെ അഹ്മദ് മൗലവി എന്നിവരുടെ പ്രഭാഷണങ്ങളും. സ്വന്തമായി പഠിച്ച് അറബി പരീക്ഷ പാസ്സായി. 30 വര്‍ഷത്തോളം അധ്യാപന രംഗത്തായിരുന്നു. ഖുര്‍ആന്‍ തജ്‌വീദ് സഹിതം ഓതുന്നതിലും പഠിപ്പിക്കുന്നതിലും നിര്‍വൃതി കണ്ടെത്തിയ അദ്ദേഹം തിരൂര്‍ക്കാട് അല്‍ മദ്‌റസത്തുല്‍ ഇലാഹിയ്യയിലെ ഖുര്‍ആന്‍ അധ്യാപകനായിരുന്നു.

ഭാര്യ: മൈമൂന. മക്കള്‍: മുഹമ്മദലി, അബ്ദുസ്സലാം, സുഹ്‌റാബി, സഈദ. മക്കളെല്ലാം പ്രസ്ഥാനത്തിന്റെ സഹയാത്രികരാണ്.

ടി. അബ്ദുര്‍റഹ്മാന്‍ തിരൂര്‍ക്കാട്

 

 

 

തേവര്‍മണ്ണില്‍ അബ്ദുണ്ണി

അത്യന്തം സംഘര്‍ഷാത്മകമായ മുക്കാല്‍ നൂറ്റാണ്ട് പിന്നിട്ട് ഭൗതിക ജീവിതത്തില്‍നിന്നും തിരിച്ചുപോയ ഒരു സാധാരണക്കാരന്‍. അതാണ് ചേന്ദമംഗല്ലൂരിലെ തേവര്‍മണ്ണില്‍ അബ്ദുണ്ണി. സാമാന്യേന സമൃദ്ധമായ ജീവിത സാഹചര്യത്തില്‍ ബാല്യകൗമാരങ്ങള്‍ പിന്നിട്ടപ്പോഴേക്കും അശനിപാതം പോലെ വന്നുപെട്ട പങ്കപ്പാടുകള്‍ കാരണം പഠന മേഖലയില്‍ സ്തംഭനങ്ങള്‍ പറ്റുക. തുടര്‍ന്നങ്ങോട്ട് ജീവിക്കാന്‍ വേണ്ടി ആഞ്ഞു പൊരുതേണ്ടി വരിക. അപ്പോഴും സ്വന്തം കുടുംബത്തില്‍നിന്നും താന്‍മാത്രം ഒപ്പം കൂട്ടിയ ഇസ്‌ലാമിക പ്രസ്ഥാനത്തെ ആത്മഹര്‍ഷത്തോടെ മരണം വരെ പുണര്‍ന്നു നില്‍ക്കുക. നിത്യജീവിതത്തിന്റെ ഞെരുക്കങ്ങളില്‍ മുഴുകുമ്പോഴും തന്റെ മുഴുവന്‍ മക്കളെയും മരുമക്കളെയും താന്‍ സ്‌നേഹിക്കുന്ന ഇസ്‌ലാമിക പ്രസ്ഥാനത്തില്‍ ഉറപ്പിച്ചു നിര്‍ത്താന്‍ സാധിക്കുക. അങ്ങനെ അവശതയിലേക്ക് വഴുതുന്നതു വരേക്കും തന്നാലാവുന്ന കൈസഹായങ്ങള്‍ പ്രസ്ഥാനത്തിനും അതിന്റെ മുന്‍കൈയില്‍ വികസിപ്പിച്ച സ്ഥാപനങ്ങള്‍ക്കും നല്‍കുക. അവസാനം സ്വന്തം ശാരീരിക വിധി തീരുമാനിക്കപ്പെട്ട് പ്രാണവായുവിനു പോലും യന്ത്രങ്ങളെ ആശ്രയിച്ച് അത്യന്തം അവശതയില്‍ കഴിയുമ്പോള്‍ പോലും പ്രസ്ഥാന പ്രവര്‍ത്തനങ്ങളെ പറ്റി കൗമാരകൗതുകത്തോടെ അന്വേഷിക്കാന്‍ സാധിക്കുക. ഇതൊക്കെയൊരു ഭാഗ്യം തന്നെയാണ്. ഇത്തരം ഭാഗ്യങ്ങള്‍ സ്വന്തമാക്കുന്നത് നമ്മില്‍ അപൂര്‍വര്‍ക്കു മാത്രം. അബ്ദുണ്ണി തീര്‍ച്ചയായും ഒരു ഭാഗ്യശാലി തന്നെ. തന്റെ ആഗ്രഹം പോലെ പഠിപ്പിച്ചു വളര്‍ത്തിയ മക്കളിലൂടെ അദ്ദേഹം ഭൗതിക ജീവിതത്തില്‍ സൗഭാഗ്യങ്ങള്‍ ഒരുപാട് അനുഭവിച്ചു. അപ്പോഴും തുളുമ്പാതെ അത്യന്തം വിനയത്തോടെ ജീവിതത്തെ അഭിമുഖീകരിച്ചത് തന്റെ മക്കളും പിതാവിന്റെ വിശ്വാസപ്രതലത്തിലേക്ക് ചേര്‍ന്നുനിന്നതുകൊണ്ടാണ്.

ചേന്ദമംഗല്ലൂരില്‍ പ്രസ്ഥാനം വികസിപ്പിച്ച വിദ്യാഭ്യാസ സംവിധാനങ്ങളെ അക്കാലത്ത് വിശ്രുതമാക്കിയത് പ്രശസ്ത കവി യു.കെ അബൂസഹ്‌ലയുടെ ഭാവഗാനങ്ങളിലും കൂടിയാണ്. സ്ഥാപന വാര്‍ഷികങ്ങളിലേക്കായി യു.കെ എഴുതിയ മനോഹര ഗാനങ്ങള്‍ നാട്ടിലും മറുനാട്ടിലും തന്റെ ശബ്ദസൗഭാഗ്യത്തിലൂടെ അനശ്വരമാക്കിയത് അബ്ദുണ്ണിയാണ്. അത്രക്ക് മധുരാര്‍ദ്രമായിരുന്നു ആ ശബ്ദവീചികള്‍. ഭാര്യ ആഇശ. മക്കള്‍ സലാലയിലെ പ്രസ്ഥാന നേതൃനിരയിലുള്ള വഹീദ് സമാന്‍, ദുബൈയിലെ അശ്കര്‍ ഉള്‍പ്പെടെ രണ്ടാണും മൂന്ന് പെണ്ണും. അബ്ദുര്‍റഹ്മാന്‍, അബ്ദുല്‍ കരീം, ലിയാഖത്ത് എന്നിവര്‍ മരുമക്കളുമാണ്.

പി.ടി കുഞ്ഞാലി

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (7-13)
എ.വൈ.ആര്‍

ഹദീസ്‌

നന്മ നന്മ കല്‍പ്പിക്കൂ, തിന്മ തടയൂ
കെ.സി ജലീല്‍ പുളിക്കല്‍