Prabodhanm Weekly

Pages

Search

2018 മാര്‍ച്ച് 09

3042

1439 ജമാദുല്‍ ആഖിര്‍ 20

ഖാജാ മുഈനുദ്ദീന്‍ ചിശ്തി ഇസ്‌ലാമിക പ്രബോധനത്തിന്റെ ശില്‍പി

കെ.ടി ഹുസൈന്‍

ഇന്ത്യയുടെ സാമൂഹിക രൂപീകരണത്തെ സൂഫിസം സ്വാധീനിച്ചതെങ്ങനെ?-2

ഇന്ത്യയില്‍ വ്യസ്ഥാപിത മുസ്‌ലിം ഭരണത്തിന്റെ ശില്‍പി രജപുത്ര രാജാവായ പൃഥ്വിരാജിനെ തോല്‍പിച്ച് അജ്മീര്‍ കീഴടക്കിയ മുഹമ്മദ് ഗോറിയാണെങ്കില്‍ അതേ അജ്മീരില്‍ തന്നെ പ്രബോധന സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച ഖാജാ മുഈനുദ്ദീന്‍ ചിശ്തിയാണ് ഇന്ത്യയിലെ ഇസ്‌ലാമിക പ്രബോധനത്തിന്റെയും തദ്വാരാ ഇസ്‌ലാമിക നവോത്ഥാനത്തിന്റെയും ശില്‍പി. ഇന്ത്യയില്‍ വ്യവസ്ഥാപിതമായ ഇസ്‌ലാമിക പ്രബോധനത്തിന് തുടക്കമിട്ട ചിശ്തിയ ത്വരീഖത്തിന്റെ  ഇന്ത്യയിലെ യഥാര്‍ഥ സ്ഥാപകനാണ് ഖാജാ  മുഈനുദ്ദീന്‍ ചിശ്തി. എങ്കിലും ഇന്ത്യയില്‍ ആദ്യം വന്ന ചിശ്തി സൂഫിയല്ല ഖാജാ മുഈനുദ്ദീന്‍. അദ്ദേഹം വരുന്നതിനും രണ്ട് നൂറ്റാണ്ട് മുമ്പ് തന്നെ മഹ്മൂദ്  ഗസ്‌നിയുടെ സൈന്യത്തോടൊപ്പം സോമനാഥിലും മറ്റും വന്ന ഖാജാ അബൂ മുഹമ്മദ് ചിശ്തിയാണ് ഇന്ത്യയില്‍ വന്ന ആദ്യത്തെ ചിശ്തി സൂഫി. മഹ്മൂദ് ഗസ്‌നിയുടെ സൈന്യത്തില്‍ ചേര്‍ന്ന അദ്ദേഹം യുദ്ധത്തില്‍ പങ്കാളിയാവുകയും  ചെയ്തിരുന്നു. മഹ്മൂദ് ഗസ്‌നി ഇന്ത്യയില്‍ നടത്തിയ യുദ്ധത്തിന്റെ  പ്രധാന ആത്മീയ പിന്‍ബലം തന്റെ സൈന്യത്തിലെ ഈ ചിശ്തി സൂഫിയായിരുന്നുവത്രെ.

ഖാജാ മുഈനുദ്ദീന്‍ ചിശ്തിയുടെ ജീവിതത്തെയും പ്രവര്‍ത്തനങ്ങളെയും കുറിച്ച് ധാരാളം കെട്ടുകഥകള്‍ പ്രചരിച്ചിട്ടുണ്ട്. പോപ്പുലര്‍ കള്‍ച്ചറിന്റെ ഭാഗമായി മാറുന്ന  ഏതൊരു മഹാനെ കുറിച്ചും അത് സ്വാഭാവികമാണ്. ചരിത്ര വസ്തുതകളേക്കാള്‍ തലമുറ തലമുറയായി പറഞ്ഞു കേള്‍ക്കുന്ന കഥകളിലൂടെയാണ് അവര്‍ ജനമനസ്സുകളില്‍ ജീവിക്കുന്നത്. ഇവരുടെ മസാറുകളിലേക്ക് ജനങ്ങള്‍ പ്രാര്‍ഥനക്കായി ഒഴുകിയെത്തുന്നതോടെ അതില്‍ വലിയ ചൂഷണ സാധ്യത തിരിച്ചറിയുന്ന തല്‍പര കക്ഷികള്‍ ഈ കെട്ടുകഥകള്‍ക്ക് വലിയ പ്രചാരം നല്‍കുകയും അതിലേക്ക് പല പുതിയ കെട്ടുകഥകളും കൂട്ടിച്ചേര്‍ക്കുകയും ചെയ്യുന്നു. അതിന്റെ സ്വാഭാവിക പ്രത്യാഘാതം ചരിത്രത്തെ ചരിത്രമായി കാണുന്നവര്‍ ഇത്തരം മഹാന്മാരെ അവഗണിക്കുമെന്നതാണ്. എങ്കിലും അവര്‍ ജനമനസ്സുകളില്‍ ജീവിക്കാതെ പോവുകയില്ല. നാടോടിക്കഥകളിലൂടെയും പാട്ടുകളിലൂടെയുമായിരിക്കും അതെന്നു മാത്രം. ഖാജാ മുഈനുദ്ദീന്‍ അടക്കമുള്ള പല മുസ്‌ലിം സൂഫികളും ഇത്തരത്തില്‍ ജനമനസ്സുകളില്‍ ജീവിച്ചുകൊണ്ടു തന്നെ ചരിത്രത്തില്‍ അവഗണന നേരിട്ടവരാണ്. എങ്കിലും ശൈഖ് ജമാലി, ഖാദി മിന്‍ഹാജുദ്ദീന്‍ തുടങ്ങിയ പൂര്‍വികരും തോമസ് ആര്‍നള്‍ഡ്, മൗലാനാ അബുല്‍ ഹസന്‍ അലി നദ്‌വി, മൗലാനാ മൗദൂദി തുടങ്ങിയ ആധുനികരും ഖാജാ മുഈനുദ്ദീന്‍ ചിശ്തിയെ ചരിത്രവത്കരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. 

ശൈഖ് ജമാലിയുടെ സിയറുല്‍ ആരിഫീനാണ് അദ്ദേഹത്തെ കുറിച്ച ഏറക്കുറെ വിശ്വസനീമായ പൗരാണിക രേഖ. അതു പ്രകാരം അദ്ദേഹം ജനിച്ചത് ഇന്നത്തെ ഇറാനില്‍ പഴയ ഖുറാസാനിലെ സജിസ്താനിലാണ്. ഒമ്പതാമത്തെ വയസ്സില്‍ അനാഥനായി. എങ്കിലും തരക്കേടില്ലാത്ത അനന്തര സ്വത്തുള്ളതിനാല്‍ ഉപജീവനത്തെ കുറിച്ച് ആലോചിക്കേണ്ടിവന്നില്ല. ശൈഖ് ഇബ്‌റാഹീം ഖന്‍ദൂസി എന്നൊരു സൂഫി അദ്ദേഹത്തിന്റെ താമസ സ്ഥലത്ത് എത്തി. ഇരുവരും വളരെ പെട്ടെന്ന് അടുത്തു. ഖാജാ മുഈനുദ്ദീന്‍ ചിശ്തിയുടെ അതിഥിസല്‍ക്കാരപ്രിയതയാണ് ഖന്‍ദൂസിയെ ആകര്‍ഷിച്ചത്. അയാളുടെ ദര്‍വേശി ജീവിതം ശൈഖിനെയും ആകര്‍ഷിച്ചു. ഭൗതികതയോടുള്ള  താല്‍പര്യം ശൈഖില്‍ തീരെ ഇല്ലാതായി എന്നതാണ് ആ സ്വാധീനത്തിന്റെ ഫലം. അനന്തരം  സ്വത്ത് വിറ്റ് പാവങ്ങള്‍ക്ക് വിതരണം ചെയ്ത് അദ്ദേഹം നാടുവിട്ടു. നാടുവിടാന്‍ കാരണം സജിസ്താനിലെ താര്‍ത്താരി ആക്രമണമാണെന്നും പറയപ്പെടുന്നുണ്ട്. ഏതായാലും സമര്‍ഖന്ദിലേക്കാണ് ആദ്യം അദ്ദേഹം  പോയത്. അവിടെ നിന്ന് വിദ്യാഭ്യാസം നേടിയതിനു ശേഷം നൈസാപൂരിലെ ഹര്‍വന്‍ എന്ന സ്ഥലത്ത് ഖാജാ ഉസ്മാന്‍ ഹറൂനിയുടെ ശിഷ്യത്വം സ്വീകരിച്ചു സൂഫി മാര്‍ഗത്തില്‍ പ്രവേശിച്ചു. ഹറൂനി തന്റെ കാലത്തെ ഒരു പ്രധാന ചിശ്തി സൂഫി ആചാര്യനായിരുന്നു. അനന്തരം ഖാജാ മുഈനുദ്ദീന്‍ ഒട്ടേറെ ഇസ്‌ലാമിക രാജ്യങ്ങളില്‍ പര്യടനം നടത്തി ഒടുവില്‍ ഗസ്‌ന വഴി ഇന്ത്യയിലെത്തി. ഇന്ത്യയില്‍ ആദ്യം താമസിച്ചത് ലാഹോറിലാണ്. പിന്നീട് മുള്‍ത്താനിലെത്തി ദീര്‍ഘകാലം അവിടെ താമസിച്ചു. ഇന്ത്യയിലെ ഇസ്‌ലാമിക പ്രബോധനത്തിന് അവിടത്തെ പ്രാദേശിക ഭാഷ പഠിക്കല്‍ അനിവാര്യമായതിനാല്‍ മുള്‍ത്താനിലെ താമസകാലത്തിനിടക്ക് അദ്ദേഹം പ്രാദേശിക ഭാഷ പഠിച്ചു. അനന്തരം ദല്‍ഹി വഴി അജ്മീറിലെത്തി അവിടെ സ്ഥിര താമസമാക്കി. ഇസ്‌ലാമിക പ്രബോധനത്തിനുള്ള താല്‍പര്യം ഖാജാ മുഈനുദ്ദീന്‍ ചിശ്തിയില്‍ ഉണ്ടായത്  തന്റെ ആത്മീയ ഗുരു ശൈഖ് ഉസ്മാന്‍ ഹറൂനിയില്‍നിന്നാണ്. അദ്ദേഹം വഴി ഹിന്ദുക്കളിലും മജൂസികളിലും പെട്ട ധാരാളം പേര്‍ ഇസ്‌ലാം സ്വീകരിച്ചതായി ശൈഖ് നസീറുദ്ദീന്‍ ചിറാഗ് ദഹ്‌ലവി തന്റെ ഖൈറുല്‍ മജാലിസില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഏതായാലും ചിശ്തി ഇസ്‌ലാമിക പ്രബോധനം ലക്ഷ്യം വെച്ച് ഇന്ത്യയിലെ അജ്മീറില്‍ സ്ഥിര താമസമാക്കിയതിനു പിന്നില്‍ ഈ ആത്മീയ ഗുരുനാഥന്റെ പ്രേരണയുണ്ടെന്നാണ് ശൈഖ് നസീറുദ്ദീന്‍ ചിറാഗ് ദഹ്‌ലവി പറയുന്നത്. അതേസമയം മദീനയില്‍ വെച്ച് ഇന്ത്യയിലേക്ക് പോകണമെന്ന് പ്രവാചകന്‍ സ്വപ്നത്തില്‍ പറഞ്ഞതിനെ തുടര്‍ന്നാണ് അദ്ദേഹം ഇന്ത്യയിലേക്ക് വന്നതെന്നാണ് തോമസ് ആര്‍നള്‍ഡ് പറയുന്നത്.

ഖാജാ മുഈനുദ്ദീന്‍ അജ്മീറില്‍ വരുമ്പോള്‍ രജപുത്ര രാജാവായ പൃഥ്വിരാജ് ചൗഹാനായിരുന്നു അജ്മീര്‍ ഭരിച്ചിരുന്നത്. ഖാജയുടെ അജ്മീറിലേക്കുള്ള വരവ് അദ്ദേഹത്തിന് ഇഷ്ടമായില്ല. ഖാജയുടെ ഒരു മുരീദിന് രാജകൊട്ടാരത്തില്‍ എന്തോ ജോലിയുണ്ടായിരുന്നു. രാജാവിന് അദ്ദേഹത്തോടുള്ള ബന്ധവും നല്ല നിലയിലായിരുന്നില്ല. ഖാജ അദ്ദേഹത്തിനു വേണ്ടി രാജാവിനോട് ശിപാര്‍ശ ചെയ്ത് നോക്കിയെങ്കിലും രാജാവ് അതിന് വലിയ വില കല്‍പ്പിച്ചില്ല. മോശം വാക്കുപയോഗിച്ച് അദ്ദേഹത്തെ അപമാനിക്കുകയും ചെയ്തു. അതിനിടയില്‍ ഗസ്‌നയില്‍നിന്ന് ഖൈബര്‍ ചുരം വഴി ഇന്ത്യയില്‍ പ്രവേശിച്ച ഗോറി സുല്‍ത്താന്‍ ശിഹാബുദ്ദീന്‍ ഗോറി തറൈനില്‍ വെച്ച് പൃഥ്വിരാജിനെ തോല്‍പിച്ച് അദ്ദേഹത്തിന്റെ മകനെ അജ്മീറില്‍  അധികാരത്തില്‍ വാഴിച്ചു. ഗോറിയുടെ ആക്രമണത്തില്‍ ഖാജാ മുഈനുദ്ദീന്‍ ചിശ്തിയുടെ  പ്രേരണയുണ്ടായിരുന്നുവെന്ന് പലരും എഴുതിയിട്ടുണ്ട്. ഇത് ശരിയായാലും അല്ലെങ്കിലും ഖാജാ മുഈനുദ്ദീന്‍ ചിശ്തിയോടുള്ള രാജാവിന്റെ  അനിഷ്ടമാണ് പൃഥ്വിരാജിന്റെ അധികാരം നഷ്ടപ്പെടാന്‍ കാരണമെന്ന് അദ്ദേഹത്തോട് ഭക്തി പുലര്‍ത്തിയിരുന്ന ഹിന്ദുക്കളിലും മുസ്‌ലിംകളിലും പെട്ട പലരും വിശ്വസിച്ചിരുന്നു. ശൈഖിന്റെ കറാമത്തായി ഇത് പില്‍ക്കാലക്കാര്‍ പ്രചരിപ്പിക്കുകയും ചെയ്തു. ഗോറി അധികാരത്തില്‍ വാഴിച്ച പൃഥ്വിരാജിന്റെ മകന്‍ ചിശ്തിയെ വളരെയധികം ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്തിരുന്നു. പക്ഷേ വളരെ വൈകാതെ അദ്ദേഹത്തെ കൊലപ്പെടുത്തി പിതൃവ്യന്‍ അധികാരം പിടിച്ചെടുത്തു. എന്നാല്‍ പിന്നീട് ഗോറിയുടെ സര്‍വ സൈന്യാധിപനായിരുന്ന ഖുത്വ്ബുദ്ദീന്‍ ഐബക് അജ്മീര്‍ കീഴടക്കുകയും ശൈഖ് ഹുസൈന്‍ ജന്‍ഗ് സുവാര്‍ മശ്ഹദിയെ അജ്മീറില്‍ ഗവര്‍ണറാക്കുകയും ചെയ്തു.

എന്നാല്‍ ത്വബഖാത് നാസ്വിരിയുടെ കര്‍ത്താവായ ഖാദി മിന്‍ഹാജുദ്ദീന്‍ ഉസ്മാന്റെ അഭിപ്രായത്തില്‍ ശൈഖ് അജ്മീറിലെത്തിയത് പൃഥ്വിരാജിനെ തോല്‍പിച്ച മുഹമ്മദ് ഗോറിയുടെ സൈന്യത്തോടൊപ്പമാണ് (1192-ല്‍). മുഹമ്മദ് ഗോറി ഇന്ത്യയില്‍ നേടിയ സൈനിക വിജയത്തില്‍ ഖാജാ മുഈനുദ്ദീന്റെ ആത്മീയ പിന്തുണക്കും പ്രാര്‍ഥനക്കും പ്രധാന പങ്കുണ്ട് എന്നും ത്വബഖാത് നാസ്വിഷിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.1 ഗോറിയുടെ ആക്രമണമുണ്ടാകുന്നതിനു മുമ്പു തന്നെ ചിശ്തി അജ്മീറിലെത്തി എന്ന അഭിപ്രായത്തെയാണ് തോമസ് ആര്‍നള്‍ഡ് പിന്തുണക്കുന്നത്.2 രണ്ടായാലും അജ്മീര്‍ പൂര്‍ണമായും മുസ്‌ലിം ഭരണത്തില്‍ വന്നതോടെ തദ്ദേശവാസികള്‍ക്കിടയില്‍ ശൈഖിന്റെ സ്വീകാര്യതയും അംഗീകാരവും പതിന്മടങ്ങ് വര്‍ധിച്ചുവെന്നത് വസ്തുതയാണ്. ധാരാളം ആളുകള്‍ അദ്ദേഹത്തിന് ബൈഅത്ത് ചെയ്ത് വിശ്വാസികളായി. ഔപചാരികമായി മതം മാറാതെ തന്നെ തദ്ദേശവാസികളില്‍  ധാരാളം പേര്‍ അദ്ദേഹത്തിന്റെ മുരീദുകളായിത്തീര്‍ന്നിരുന്നു. ശൈഖ് ജമാലുദ്ദീന്‍, സിയറുല്‍ ആരിഫീനില്‍ ശൈഖിന്റെ മതപ്രബോധനത്തെ കുറിച്ച് ഇപ്രകാരം എഴുതുന്നു: ''തദ്ദേശവാസികളായ ഒട്ടനേകം പേര്‍ ഈ പുണ്യപുരുഷന്റെ ബറകത്ത് കൊണ്ട് ഇസ്‌ലാം സ്വീകരിച്ചു. വിശ്വസിക്കാന്‍ തയാറാകാത്ത പലരും സമ്മാനങ്ങളും പാരിതോഷികങ്ങളുമായി അദ്ദേഹത്തിന്റെ സന്നിധിയില്‍ ഹാജറായി. ഇപ്രകാരം  എല്ലാ വര്‍ഷവും ആളുകള്‍ കൂട്ടം കൂട്ടമായി അദ്ദേഹത്തിന്റെ അടുക്കല്‍ വരികയും മഹാ ഗുരുവായ ഈ പുര്‍ണ ചന്ദ്രന്‍ മുമ്പാകെ തങ്ങളുടെ വണക്കം പ്രകടിപ്പിച്ചുകൊിരിക്കുകയും ചെയ്തു.''3 ദാരെ ഷെക്കോവ് തന്റെ സഫീനത്തുല്‍ ഔലിയാഇല്‍ എഴുതുന്നു: ''അദ്ദേഹത്തിന്റെ ആഗമനം കാരണം ആനേകം ആളുകള്‍ മുസ്‌ലിംകളായി.''4

ഖാജാ മുഈനുദ്ദീന്‍ ചിശ്തി, അജ്മീറിലുണ്ടാക്കിയ സ്വാധീനം നേരിട്ട് കാണാന്‍ അവസരം ലഭിച്ച സിയറുല്‍ ഔലിയാഇന്റെ കര്‍ത്താവ് അമീര്‍ ഖൂര്‍ദ് കര്‍മാനി, ഖാജ മരിച്ച്  നൂറ് വര്‍ഷം കഴിഞ്ഞ ശേഷമുള്ള അജ്മീറിലെ  അവസ്ഥയെ  കുറിച്ച് ഇപ്രകാരം എഴുതുന്നു: ''ഈ ഖാജാ അജ്മീരിയുടെ രാമത്തെ കറാമത്ത് എന്തെന്നാല്‍, അദ്ദേഹത്തിന്റെ വരവിനു മുമ്പ് ഇന്ത്യയൊന്നാകെ കുഫ്‌റിന്റെയും വിഗ്രഹാരാധനയുടെയും നാടായിരുന്നു. ഇന്ത്യയിലെ എല്ലാ ധിക്കാരികളും തങ്ങളാണ് ഏറ്റവും വലിയ ദൈവമെന്ന് വാദിക്കുകയും തങ്ങളെ അല്ലാഹുവിന് പങ്കാളിയായി മനസ്സിലാക്കുകയും ചെയ്തിരുന്നു. എല്ലാ കല്ലുകളുടെയും  മുള്ളുകളുടെയും  മരങ്ങളുടെയും പശുവിന്റെയും മുമ്പാകെ സാഷ്ടാംഗം നമിക്കുകയും ചെയ്തിരുന്നു. കുഫ്‌റിന്റെ ഇരുട്ട് കൊണ്ട് അവരുടെ ഹൃദയാന്തരങ്ങള്‍ കറ പിടിച്ചു പോയിരുന്നു. എന്നാല്‍ ഖാജ ഹിന്ദുസ്താനില്‍ വന്നതോടെ കുഫ്‌റിന്റെയും ശിര്‍ക്കിന്റെയും  സ്ഥാനത്ത് അല്ലാഹു അക്ബര്‍ നാദം ഉയരാന്‍ തുടങ്ങി. നാടുകളില്‍ കട്ടപിടിച്ചിരുന്ന ഇരുട്ട് ഇസ്‌ലാമിന്റെ വെളിച്ചത്താല്‍ പ്രകാശിക്കാനും തുടങ്ങി.''5

മൗലാനാ മൗദൂദി എഴുതുന്നു: ''ഇന്ത്യയിലെ ഏറ്റവും പ്രമുഖ സൂഫി പ്രബോധകന്‍ ഹസ്രത്ത് ഖാജാ മുഈനുദ്ദീന്‍ ചിശ്തിയായിരുന്നു. ഇദ്ദേഹത്തിന്റെ പ്രവര്‍ത്തന ഫലമാണ് രജപുത്താനയില്‍ ഇസ്‌ലാം പ്രചരിച്ചത്. ഇദ്ദേഹത്തില്‍നിന്ന് നേരിട്ടും അനുചരന്മാര്‍ വഴിയും നാടിന്റെ നാനാ ഭാഗങ്ങളിലും സന്മാര്‍ഗദീപം പ്രഭ പരത്തി.''6

ശൈഖിന്റെ പ്രബോധന പ്രവര്‍ത്തനങ്ങളെ കുറിച്ച് തോമസ് ആര്‍നള്‍ഡ് എഴുതുന്നു: ''പേര്‍ഷ്യക്ക് കിഴക്ക് സിജിസ്താനിലാണ് മുഈനുദ്ദീന്‍ ജനിച്ചത്. മദീനയിലേക്കുള്ള ഒരു തീര്‍ഥയാത്രക്കിടക്കു വെച്ച് പ്രവാചകന്‍ ഒരു സ്വപ്‌നത്തില്‍ അദ്ദേഹത്തിന് മുന്നില്‍ പ്രത്യക്ഷപ്പെടുകയും ഇങ്ങനെ ഉദ്‌ബോധിപ്പിക്കുകയും ചെയ്തുവത്രെ; പരമ ശക്തനായ അല്ലാഹു ഇന്ത്യയെ താങ്കള്‍ക്ക് അര്‍പ്പിച്ചിരിക്കുന്നു. അവിടേക്ക് പോവുക. അജ്മീറില്‍ താമസമാക്കുക. താങ്കളുടെ ഭക്തിയും അനുചരന്മാരും മൂലം ദൈവം സഹായിച്ച് ഇസ്‌ലാം ആ ഭൂമിയില്‍ പ്രചരിക്കും. ആ കല്‍പന ശൈഖ് അനുസരിച്ചു. അജ്മീര്‍ അക്കാലത്ത് ഹിന്ദു ഭരണത്തിലായിരുന്നു. നാട്ടിലെങ്ങും വിഗ്രഹാരാധനയാണ് നിലനിന്നിരുന്നത്. അജ്മീരില്‍ ആദ്യം ഒരു യോഗിയെയാണ് മുഈനുദ്ദീന്‍ മാനസാന്തരം ചെയ്തത്. രാജാവിന്റെ തന്നെ ആത്മീയാചാര്യനായിരുന്നു ആ യോഗി. ക്രമേണ മുഈനുദ്ദീന്‍ ഒരു വന്‍ അനുയായിവ്യന്ദത്തെയുണ്ടാക്കി.അവിശ്വാസികളില്‍നിന്നായിരുന്നു അവരെല്ലാവരും. മുഈനുദ്ദീന്‍ ഒരു മതാചാര്യന്‍ എന്ന നിലക്ക് പ്രശസ്തനായി. ഹിന്ദുക്കള്‍ ധാരാളമായി അജ്മീറിലെത്തുകയും ശൈഖ് അവരെ മതം മാറാന്‍ പ്രേരിപ്പിക്കുകയും ചെയ്തു.''7

ശൈഖിന്റെ ജീവിത കാലത്തുതന്നെ രാഷ്ട്രീയ കേന്ദ്രം അജ്മീരില്‍നിന്ന് ദല്‍ഹിയിലേക്ക് മാറ്റപ്പെട്ടു. 1206-ല്‍ മുഹമ്മദ് ഗോറിയുടെ സര്‍വ സൈന്യാധിപനായിരുന്ന ഖുത്വ്ബുദ്ദീന്‍ ഐബക് ദല്‍ഹി ആസ്ഥാനമാക്കി ദല്‍ഹി സല്‍ത്തനത്ത് ഭരണം തുടങ്ങിയതോട് കൂടിയായിരുന്നു ഇത്. എന്നാല്‍ ഖാജാ മുഈനുദ്ദീന്‍ അജ്മീര്‍ ഉപേക്ഷിച്ചില്ല. അദ്ദേഹം അവിടെ തന്നെ തങ്ങി, തന്റെ ഖലീഫയും പിന്‍ഗാമിയുമായ ഖാജാ ഖുത്വ്ബുദ്ദീന്‍ ബഖ്തിയാര്‍ കാകിയെ ദല്‍ഹിയിലേക്ക് നിയോഗിച്ചു.  അങ്ങനെ തന്റെ പ്രവര്‍ത്തനത്തിന്റെ ഫലം രജപുത്താനയില്‍ മാത്രമല്ല ദല്‍ഹിയിലും യു.പിയിലും കൂടി വ്യാപിക്കുന്നതിന് സാക്ഷിയായി. തൊണ്ണൂറാമത്തെ വയസ്സില്‍ 627/1234-ല്‍ ശൈഖ് മുഈനുദ്ദീന്‍ അജ്മീരില്‍ മരണപ്പെട്ടു.

 

കുറിപ്പുകള്‍

1. അബുല്‍ ഖാസിം ഫരിസ്ത -താരീഖ് ഫരിസ്ത പേജ് 50

2. തോമസ് ആര്‍നള്‍ഡ് -ഇസ്‌ലാം പ്രബോധനവും പ്രചാരവും, പോജ് 227

3. സിയറുല്‍ ഔലിയാഅ് 13

4. സഫീനത്തുല്‍ ഔലിയാഅ് 13 

5. സിയറുല്‍ ഔലിയാഅ് 129,130 ഉദ്ധരണം: അല്ലാമാ നദ്‌വി -താരീഖു ദഅ്‌വത്ത് വഅസീമത്ത് 1/28   

6. മൗദൂദി- ഇസ്‌ലാം കീ ചര്‍ഛിശേമോ ഖുവ്വത്ത് പേജ് 27

7. അതേ പുസ്തകം പേജ് 28

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (7-13)
എ.വൈ.ആര്‍

ഹദീസ്‌

നന്മ നന്മ കല്‍പ്പിക്കൂ, തിന്മ തടയൂ
കെ.സി ജലീല്‍ പുളിക്കല്‍