പ്രധാനപ്പെട്ടതൊന്നും ചര്‍ച്ചയാവാത്ത സംസ്ഥാന സമ്മേളനം
കേരളത്തില്‍ വെച്ച് നടക്കുന്ന സി.പി.എമ്മിന്റെ ദേശീയ -സംസ്ഥാന സമ്മേളനങ്ങള്‍ എന്നും ജനശ്രദ്ധയാകര്‍ഷിക്കാറുണ്ട്. സമ്മേളനം നടക്കുന്ന മൂന്നോ നാലോ ദിവസം പത്രങ്ങളിലും ചാനലുകളിലും മുഖ്യ വാര്‍ത്തകളിലൊന്നായി അത് ഇടം പിടിച്ചിട്ടുണ്ടാവും. കേരളത്തില്‍ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിക്കും ഈ മികവ് അവകാശപ്പെടാനാവില്ല. സി.പി.എമ്മിനെയും കേരളത്തിന്റെ ഭാവിയെയും ഏതോ അര്‍ഥത്തില്‍ ജനം ബന്ധപ്പെടുത്തുന്നതു കൊണ്ടാവാം ഈ വാര്‍ത്താ പ്രാധാന്യം. നയപ്രഖ്യാപനങ്ങള്‍ മാത്രമല്ല നയവ്യതിയാനങ്ങളും അപ്പോള്‍ ചര്‍ച്ചയാവും. അടുത്തകാലത്ത് കൂടുതല്‍ ചര്‍ച്ചയായത് സി.പി.എമ്മിന്റെ നയപ്രഖ്യാപനങ്ങളേക്കാള്‍ അതിന്റെ നയവ്യതിയാനങ്ങള്‍ തന്നെയായിരുന്നല്ലോ. ഒരു ഇടതുപക്ഷ പാര്‍ട്ടിയില്‍നിന്നും അത് നയിക്കുന്ന ഭരണകൂടത്തില്‍നിന്നും ജനം വളരെയേറെ പ്രതീക്ഷിക്കുന്നുണ്ട്. പ്രതീക്ഷക്ക് വിരുദ്ധമായത് സംഭവിക്കുമ്പോള്‍ അവര്‍ ബഹളം വെക്കും, ചോദ്യങ്ങള്‍ ചോദിക്കും.
സി.പി.എമ്മും അത് നേതൃത്വം നല്‍കുന്ന സംസ്ഥാന ഭരണകൂടവും ഒട്ടേറെ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്ന ഘട്ടത്തിലാണ് ഇത്തവണ സംസ്ഥാന സമ്മേളനം നടന്നത്. ആ പ്രശ്‌നങ്ങള്‍ ചര്‍ച്ചയാവുമെന്നും ജനപക്ഷത്തു നിന്നുകൊണ്ടുള്ള പരിഹാരശ്രമങ്ങള്‍ ഉണ്ടാവുമെന്നുമാണ് ആരും പ്രതീക്ഷിക്കുക. പക്ഷേ, സര്‍ക്കാറിനെയോ പാര്‍ട്ടിയെയോ പ്രതിക്കൂട്ടിലാക്കുന്ന അത്തരം വിഷയങ്ങളൊന്നും ഒരു ഘട്ടത്തിലും ഗൗരവമായി ചര്‍ച്ചക്ക് വരികയുണ്ടായില്ല. മന്ത്രിമാരുടെ പെര്‍ഫോമന്‍സ് പോരാ തുടങ്ങിയ നിര്‍ദോഷ പരാമര്‍ശങ്ങളിലൊതുങ്ങി വിമര്‍ശനങ്ങള്‍. ഓഖി ദുരന്തം കൈകാര്യം ചെയ്യുന്നതില്‍ വന്ന ഗുരുതരമായ പാളിച്ചകള്‍ ചൂണ്ടിക്കാണിക്കാന്‍ പോലും പ്രതിനിധികള്‍ ഭയപ്പെടുന്നതു പോലെ. ഗെയിലിന്റെ ഇരകളെയും പാര്‍ട്ടി പ്രതിനിധികള്‍ കണ്ടതായി നടിച്ചില്ല. ശുഹൈബ് എന്ന ചെറുപ്പക്കാരന്‍ കണ്ണൂരില്‍ വെച്ച് നിഷ്ഠുരമായി വെട്ടിക്കൊലപ്പെടുത്തപ്പെട്ട സന്ദര്‍ഭത്തില്‍ നടന്ന സംസ്ഥാന സമ്മേളനമായിട്ടു കൂടി മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പിനെതിരെ ഒരു മുറുമുറുപ്പു പോലും ഉയരുന്നുണ്ടായിരുന്നില്ല.
എല്ലാം മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം നടക്കുകയായിരുന്നു എന്നര്‍ഥം. പ്രതിനിധി സമ്മേളനങ്ങളില്‍നിന്ന് ഒന്നും ഉരുത്തിരിയാനുണ്ടായിരുന്നില്ല. സംസ്ഥാന കമ്മിറ്റി ലിസ്റ്റും നേരത്തേ തയാറാക്കപ്പെട്ടിരുന്നു. സംസ്ഥാന നേതൃത്വത്തിന് അനഭിമതരായ മുഴുവനാളുകളും ലിസ്റ്റില്‍നിന്ന് പുറത്ത്. അതിനെതിരെയും ആരും ഒന്നും ഉരിയാടിയില്ല. വി.എസ് അച്യുതാനന്ദന്‍ വരെ മൗനിയായി. മകന്റെ ബിസിനസ് ബന്ധങ്ങള്‍ വന്‍ വിവാദങ്ങള്‍ ഉയര്‍ത്തിയപ്പോഴും അതൊന്നും സംസ്ഥാന സെക്രട്ടറിയുടെ രണ്ടാമൂഴത്തിന് തടസ്സമായില്ല. ബിസിനസ് തര്‍ക്കങ്ങള്‍ ഒത്തുതീര്‍ക്കാന്‍ അണിയറയില്‍ പ്രമുഖര്‍ തന്നെ കരുക്കള്‍ നീക്കി. ഇങ്ങനെ പലതരം ഒത്തുതീര്‍പ്പുകളിലൂടെയാണ് സി.പി.എമ്മും സംസ്ഥാന ഭരണകൂടവും മുന്നോട്ടുപോകുന്നത്. ഇതവരെ ജനപക്ഷത്തു നിന്ന് കൂടുതല്‍ അകറ്റുകയാണ് ചെയ്യുക. പാര്‍ട്ടി രേഖകളില്‍ തെറ്റ് തിരുത്തി മുന്നോട്ടു പോകുമെന്ന് പറയാറുണ്ടെങ്കിലും ജനകീയ പ്രശ്‌നങ്ങളില്‍ തെറ്റില്‍ ഉറച്ചുനില്‍ക്കുന്ന നിലപാടാണ് കണ്ടുവരുന്നത്. പ്രതിഷേധിക്കുന്നവരെ പോലീസിനെയിറക്കി തല്ലിയൊതുക്കുകയും ചെയ്യുന്നു. ഇതേക്കുറിച്ചൊക്കെ ചര്‍ച്ചയെങ്കിലും നടന്നിരുന്നെങ്കില്‍ സംസ്ഥാന സമ്മേളനം സാര്‍ഥകമായേനെ.
Comments