Prabodhanm Weekly

Pages

Search

2018 മാര്‍ച്ച് 09

3042

1439 ജമാദുല്‍ ആഖിര്‍ 20

കര്‍മാവിഷ്‌കാരമാണ് നവോത്ഥാനത്തെ ശക്തമാക്കുന്നത്

നസീറ പെരിന്തല്‍മണ്ണ

ഇന്ത്യയില്‍ വിവിധ സംഘടനകള്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന സേവനങ്ങളും മറ്റു പ്രവര്‍ത്തനങ്ങളും ഇസ്‌ലാമിക നവോത്ഥാനത്തിന്റെ ഭാഗമായി കാണാന്‍ കഴിയുമോ എന്ന ചിന്ത ഉണര്‍ത്തുന്നതാണ് 'മാറിയ ഇന്ത്യയില്‍ നവോത്ഥാന പ്രസ്ഥാനത്തിന്റെ അജണ്ടകള്‍ എന്തായിരിക്കണം?' എന്ന ലേഖനം (ഫെബ്രുവരി 9). 

നവോത്ഥാന പ്രസ്ഥാനത്തിന്റെ രൂപവും ഭാവവും ദൗത്യവും മൂര്‍ത്തമായി നിശ്ചയിക്കുകയും ആ ദൗത്യം പൂര്‍ത്തീകരിക്കാനുള്ള ശ്രമങ്ങള്‍ ശക്തിപ്പെടുത്തുകയുമാണ് ചെയ്യേണ്ടത്. നിര്‍ഭാഗ്യവശാല്‍ ഒട്ടനവധി മുസ്‌ലിം സംഘടനകളും വ്യക്തികളും പലതും ചെയ്യുന്നുണ്ടെങ്കിലും അവയൊക്കെ ഇന്ന് ഇന്ത്യയിലെ നവോത്ഥാന സംരംഭങ്ങള്‍ക്ക് എത്രത്തോളം മുതല്‍ക്കൂട്ടായി തീരുന്നുണ്ട് എന്ന് ചിന്തിക്കേണ്ടതുണ്ട്. ഉദാഹരണമായി, ദഅ്‌വത്ത് (പ്രബോധനം). ആശയപ്രചാരണതലത്തില്‍ മാത്രം ദഅ്‌വത്തിനെ ഒതുക്കിനിര്‍ത്തുന്ന രീതിയാണ് പല സംഘടനകളും അവലംബിക്കുന്നത്. ഇവിടെയാണ് ദഅ്‌വത്ത് കേവലം ആശയ പ്രചാരണമല്ല എന്ന ലേഖകന്റെ നിരീക്ഷണം പ്രസക്തമാകുന്നത്. നിര്‍മാണമാണ് ദഅ്‌വത്തിലൂടെ സാധിച്ചെടുക്കേണ്ടതെന്ന യാഥാര്‍ഥ്യം സംഘടനകള്‍ ഉള്‍ക്കൊള്ളേണ്ടതുണ്ട്. റൂസ്സോ, വോള്‍ട്ടെയര്‍, മോണ്ടെസ്‌ക്യൂ തുടങ്ങിയ ചിന്തകന്മാര്‍ മുന്നോട്ടുവെച്ച സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ആശയങ്ങള്‍ ആശയലോകത്തു മാത്രം ഒതുങ്ങിനില്‍ക്കാതെ ലോക ചരിത്രഗതി മാറ്റിമറിച്ച ഒരു വലിയ വിപ്ലവത്തിലേക്ക് വഴിതുറന്നത് നാം പരിശോധിക്കേണ്ടതുണ്ട്. തങ്ങള്‍ ജീവിച്ചിരുന്ന കാലഘട്ടത്തിലെ സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക വ്യവസ്ഥകളെ മാറ്റിപ്പണിയുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇവരെല്ലാം തങ്ങളുടെ ആശയങ്ങള്‍ അവതരിപ്പിച്ചത്. ഈ ആശയങ്ങള്‍ സ്വീകരിക്കാന്‍ തയാറായ ഫ്രഞ്ച് ജനത തദടിസ്ഥാനത്തിലുള്ള ഭരണമാറ്റത്തിന് കളമൊരുക്കുകയും ചെയ്തു.

സാര്‍വലൗകികവും സാര്‍വജനീനവുമായ ഇസ്‌ലാമിക ആശയങ്ങള്‍ കാലഘട്ടത്തിന്റെ നാഡീസ്പന്ദനങ്ങള്‍ മനസ്സിലാക്കി അവതരിപ്പിക്കാനും പ്രായോഗികമാക്കാനും പരിശ്രമിച്ചാല്‍ സാമൂഹിക പുനര്‍ നിര്‍മാണത്തിനും നവോത്ഥാന പ്രക്രിയക്കും അതൊരു മുതല്‍ക്കൂട്ടായിത്തീരും എന്നതില്‍ സംശയമില്ല. അങ്ങനെയുള്ള പരിശ്രമത്തിലൂടെ മാത്രമേ സാമൂഹിക പരിഷ്‌കരണവും മനുഷ്യ വിമോചനവും സാധിക്കുകയുള്ളൂ.

ഇന്ന് ലോകത്തിന്റെ പല ഭാഗങ്ങളിലും ദഅ്‌വത്ത് നടക്കുന്നുണ്ടെങ്കിലും മനുഷ്യന്റെ സാമൂഹിക പദവി, അന്തസ്സ്, രാഷ്ട്രീയവും സാമ്പത്തികവുമായി അവന്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍, ഇവയൊന്നും ദഅ്‌വത്തിന്റെ വിഷയമായി വളര്‍ന്നുവന്നിട്ടില്ല എന്ന വിലയിരുത്തല്‍ വളരെ പ്രസക്തമാണ്. ഇസ്‌ലാമിന്റെ സമഗ്രതയും രാഷ്ട്രീയ, സാമൂഹിക ആശയങ്ങളും നവോത്ഥാന പ്രസ്ഥാനങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നുണ്ടെങ്കിലും ഇവ രണ്ടിന്റെയും കര്‍മാവിഷ്‌കാരം വേണ്ട അളവില്‍ സാധിച്ചിട്ടുണ്ടോ എന്ന ചോദ്യം ഇന്ത്യയിലെ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ സഗൗരവം അന്വേഷിക്കണം. പുനരാലോചനക്ക് തയാറാവുക എന്നതു തന്നെയാണ് ഇതിന്റെ പ്രഥമ പടി. 

വിഭജനാനന്തര കാലത്തെപ്പറ്റി ലേഖകന്‍ പറഞ്ഞ രണ്ടു കാര്യങ്ങളും ഇന്ത്യന്‍ മുസ്‌ലിം സമൂഹത്തില്‍ അപരിഹാര്യമായി നിലകൊള്ളുന്നു. ഒന്ന്, വിഭജനം സമുദായത്തെ അനാഥമാക്കി. രണ്ട്, നേതാക്കളില്ലാത്ത അരക്ഷിതത്വം മുസ്‌ലിംകളെ വേട്ടയാടി. ഈ അനാഥത്വവും അരക്ഷിതത്വവും സമുദായത്തെ വേട്ടയാടിക്കൊണ്ടിരിക്കുന്ന കാലത്തോളം നവോത്ഥാന സംരംഭങ്ങള്‍ അര്‍ഥവത്താകാന്‍ പ്രയാസമാണ്.

 

ചാനല്‍ ചര്‍ച്ചകളില്‍ ഇടപെടുമ്പോള്‍

ടി.വി ചാനലുകളുടെ മുന്നില്‍ വിവാദ വിഷയങ്ങളെക്കുറിച്ച് വിശദീകരണം നല്‍കാനും മറുപടി പറയാനും മുസ്‌ലിം സമുദായ സംഘടനാ പ്രതിനിധികളായി പ്രത്യക്ഷപ്പെടുന്നവര്‍ക്ക് പരിശീലനങ്ങള്‍ ആവശ്യമാണ്.  ചര്‍ച്ചയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങളും ഗതിവിഗതികളും പ്രശ്‌നത്തിന്റെ മര്‍മവും മനസ്സിലാക്കാന്‍ അവര്‍ക്ക് സാധ്യമാകണം. സമുദായ പ്രതിനിധികളായി പങ്കെടുക്കുന്നവര്‍ പലപ്പോഴും അവതാരകര്‍ താല്‍പര്യപ്പെടുന്ന വഴികളിലേക്ക് തങ്ങളറിയാതെ തെളിക്കപ്പെട്ട് നിസ്സഹായരായി നില്‍ക്കുന്നത് കാണാം. ഒരു അഡാര്‍ ലവ് എന്ന സിനിമയിലെ ഗാന വിവാദത്തെക്കുറിച്ച് നടന്ന ടി.വി ചര്‍ച്ചയില്‍ കണ്ടതും അതാണ്. കേരളത്തിലെ ഉത്തരവാദപ്പെട്ട സമുദായ സംഘടനകളൊന്നും പ്രതികരിക്കും മുന്നേ അങ്ങ് ദൂരെ ഹൈദരാബാദിലെ ഏതോ ഒരു കൂട്ടം ചെറുപ്പക്കാര്‍ ഏതോ പോലീസ് സ്‌റ്റേഷനില്‍ കൊടുത്തു എന്നു പറയുന്ന കേസിന്റെ പേരില്‍ കത്തിക്കയറുന്ന അവതാരകനോട് ഏത് സംഘടന, എവിടെ, ഏത് പോലീസ് സ്‌റ്റേഷന്‍ തുടങ്ങിയ മറുചോദ്യങ്ങളൊന്നും ചോദിക്കാതെ പ്രശ്‌നത്തില്‍ ഇടപെട്ട് തന്റെ ഭാഗം മാത്രം അവതരിപ്പിച്ച് സംസാരിക്കുന്നതിലെയും മറ്റും അനൗചിത്യം ഇനിയെങ്കിലും തിരിച്ചറിയേതുണ്ട്.

സി.എച്ച് അബൂബക്കര്‍ കടവത്തൂര്‍ 

 

 

സൈമണ്‍ മാസ്റ്റര്‍ കൊളുത്തിയ വെളിച്ചം

'ഇ.സി സൈമണ്‍ മാസ്റ്റര്‍: സന്മാര്‍ഗം പ്രാപിച്ച സത്യാന്വേഷണം' എന്ന ശൈഖ് മുഹമ്മദ് കാരകുന്നിന്റെ ലേഖനം ഹൃദ്യമാണ്. അവസാന ഭാഗത്തെ ഏതാനും വരികള്‍ അടിവരയിടേണ്ടതാണ്. ''... മൃതദേഹം അദ്ദേഹത്തിന്റെ അഭിലാഷത്തിനു വിരുദ്ധമായി തൃശൂര്‍ മെഡിക്കല്‍ കോളേജിന് വിട്ടുകൊടുക്കുകയാണുണ്ടായത്. ബന്ധപ്പെട്ട സമുദായത്തിന്റെ സമ്മര്‍ദത്താലാവാം ഇത്തരമൊരു കടുംകൈക്ക് അവര്‍ മുതിര്‍ന്നത്...''

മുഹമ്മദ് എന്ന സൈമണ്‍ മാസ്റ്ററുടെ മൃതദേഹത്തോട് കാണിച്ച 'കടുംകൈ'ക്ക് കാലം നല്ലൊരു മറുപടി നല്‍കുമെന്ന് പ്രതീക്ഷിക്കാം. ''അവര്‍ അല്ലാഹുവിന്റെ പ്രകാശത്തെ വായ കൊണ്ട് ഊതിക്കെടുത്താനുദ്ദേശിക്കുന്നു. അല്ലാഹു തീര്‍ച്ചയായും അവന്റെ പ്രകാശം പൂര്‍ത്തീകരിക്കുകതന്നെ ചെയ്യും. സത്യനിഷേധികള്‍ക്ക് അതെത്രമേല്‍ അരോചകമായാലും ശരി'' (61:8).

അനാവശ്യ വിവാദങ്ങള്‍ തികച്ചും അനഭിലഷണീയമാണ്. എന്നാല്‍ ചില വസ്തുതകള്‍ അടയാളപ്പെടുത്തുകതന്നെ വേണം. ഇസ്‌ലാമോഫോബിയയുടെ കാലത്ത് സൈമണ്‍ മാസ്റ്ററുടെ സത്യന്വേഷണതൃഷ്ണയും ആര്‍ജവവും പലര്‍ക്കും അരോചകമായതിനാലാണ് മരണാനന്തരം ഇങ്ങനെ ഒരു നിലപാട് അവര്‍ കൈക്കൊണ്ടത്. അദ്ദേഹവുമായി അടുത്തിടപഴകിയ നാനാ ജാതി മതസ്ഥര്‍ക്ക് മൃതദേഹം കാണാനും അന്തിമോപചാരമര്‍പ്പിക്കാനുമുള്ള ന്യായവും മാന്യവുമായ അവകാശം തന്ത്രപൂര്‍വം ധ്വംസിച്ചുകൊണ്ട് വളരെ ധൃതിപ്പെട്ട് മൃതദേഹം മെഡിക്കല്‍ കോളേജിന് കൈമാറിയത് അമാന്യമാണ്. വിവേകപൂര്‍വം ഇടപെടാതിരുന്നാല്‍ ഇത്തരം വിക്രിയകള്‍ ഇനിയും ആവര്‍ത്തിക്കപ്പെടാനിടയുണ്ട്. ഇതൊരു പുതിയ സമ്പ്രദായമോ തന്ത്രമോ ആയി വികസിക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. കമലാ സുറയ്യ മരണപ്പെട്ടപ്പോള്‍ മയ്യിത്ത് സംസ്‌കരണത്തില്‍ അവരുടെ മക്കള്‍ പുലര്‍ത്തിയ കുലീനമായ ഉയര്‍ന്ന നിലപാട് അനുസ്മരണീയം തന്നെ.

ആശയമാറ്റത്തെയും വീക്ഷണമാറ്റത്തെയും തനി സാമുദായിക പരിപ്രേക്ഷ്യത്തില്‍ അസഹിഷ്ണുതയോടെ കാണുന്നവര്‍ക്ക് അദ്ദേഹത്തിന്റെ സത്യാന്വേഷണ വാഞ്ഛയും ആദര്‍ശ ധീരതയും മനസ്സിലാക്കാനാവില്ല.

അവനവന്റെ ആദര്‍ശബോധ്യവും തദടിസ്ഥാനത്തിലുള്ള വീക്ഷണമാറ്റവും ഇണയും മക്കളും ബന്ധുമിത്രാദികളും മറ്റുമായുള്ള ബന്ധം വിഛേദിക്കാന്‍ ഒരിക്കലും നിമിത്തമാകേണ്ടതില്ല എന്ന നല്ലൊരു സന്ദേശം നല്‍കാന്‍ സൈമണ്‍ മാസ്റ്റര്‍ തന്റെ ജീവിതത്തിലൂടെ പതിനെട്ട് വര്‍ഷക്കാലം ക്ഷമാപൂര്‍വം ശ്രമിച്ചു. ആദര്‍ശമാറ്റത്തോടെ പിഴുതെറിഞ്ഞ്, ബന്ധങ്ങള്‍ അടര്‍മത്തിമാറ്റി തികഞ്ഞ അകലം പാലിക്കുകയാണ് വേണ്ടതെന്ന വീക്ഷണക്കാര്‍ക്ക് ന്യായം നല്‍കുംവിധം മാസ്റ്ററുടെ മൃതദേഹത്തോട് 'പ്രതികാരം' ചെയ്തവര്‍ തെറ്റായ സന്ദേശമാണ് നല്‍കിയത്. മൃതദേഹം വൈദ്യശാസ്ത്ര പഠനത്തിന് കൊടുക്കണമെന്നുണ്ടെങ്കില്‍ പൊതുദര്‍ശനത്തിന് വെക്കുകയും ഉപചാരങ്ങള്‍ക്കും പ്രാര്‍ഥനകള്‍ക്കും ശേഷം മെഡിക്കല്‍ കോളേജിന് നല്‍കുകയും ചെയ്യാമായിരുന്നു. മൃതദേഹം വൈദ്യശാസ്ത്ര പഠനത്തിന് നല്‍കിയതിനെ എതിര്‍ക്കുന്നുവെന്ന് വരുത്തിത്തീര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നതിനാലാണ് ഇങ്ങനെ കുറിച്ചത്. ആദര്‍ശമാറ്റം വന്നാല്‍ സകല ബന്ധങ്ങളും വിഛേദിച്ച് അടര്‍ന്നകന്ന് വേറിട്ടു പോകണമെന്ന വാദത്തിനു ന്യായമായി  മാസ്റ്ററുടെ മൃതദേഹത്തിനുണ്ടായ ദുരനുഭവം പലരും ഉദ്ധരിക്കുന്നു. പ്രസ്തുത വാദഗതി ഒട്ടും രചനാത്മകമല്ലെന്ന് തറപ്പിച്ചും ഉറപ്പിച്ചും പറയേണ്ടതുണ്ട്. പിണങ്ങിപ്പിരിയുകയല്ല സാധ്യമാകുംവിധം ചേര്‍ന്നുനില്‍ക്കുകയാണ് വേണ്ടത്. മാസ്റ്ററുടെ മൃതദേഹത്തോട് കാണിച്ച അനാദരവിനെ എല്ലാ നല്ല മനുഷ്യരും ജാതിമത ഭേദമന്യേ എതിര്‍ക്കുന്നുണ്ട്. ഇതിനെ തുല്യ നാണയത്തില്‍ നേരിടുന്നത് മാസ്റ്ററോട് കാണിക്കുന്ന മറ്റൊരു അനാദരവായിരിക്കും. അദ്ദേഹത്തിന്റെ എല്ലാ കൃതികളും ലേഖനങ്ങളും ഒന്നൊഴിയാതെ, പൂര്‍ണമായും സത്യസന്ധമായും സമാഹരിച്ച് വ്യാപകമായി പ്രചരിപ്പിക്കുക എന്നതാണ് ഈ വിഷത്തില്‍ ചെയ്യാവുന്ന മാന്യവും ക്രിയാത്മകവുമായ പ്രതിരോധം.

സൈമണ്‍ മാസ്റ്റര്‍ കൊളുത്തിയ സത്യാന്വേഷണത്തിന്റെ പ്രകാശനാളം അണയാതെ കാത്തുസൂക്ഷിക്കാനും അതിനെ കൂടുതല്‍ പ്രഭയോടെ സമൂഹത്തില്‍ പരത്താനും അദ്ദേഹത്തെ സ്‌നേഹിക്കുന്നവര്‍, കുടുംബമുള്‍പ്പെടെ മുന്നോട്ടുവരുമെന്ന് പ്രത്യാശിക്കാം.

എ.ആര്‍ അഹ്മദ് ഹസന്‍ മയ്യഴി

 

 

പക്ഷി സൂക്തങ്ങള്‍ വായിക്കുമ്പോള്‍

ഖുര്‍ആനിലെ പക്ഷി സൂക്തങ്ങളിലൂടെ എത്രയോ തവണ നാം കടന്നുപോയിട്ടുണ്ടാവണം. പക്ഷേ, യാസര്‍ മൊയ്തു (ലക്കം 3040) ഖുര്‍ആനിലെ മൂന്ന് സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ തയാറാക്കിയ 'ഖുര്‍ആനിലെ പറവകളും ജീവിത പാഠങ്ങളും' എന്ന ലേഖനം ക്രോഡീകരണത്തിന്റെയും അവതരണത്തിന്റെയും ഭംഗി കൊണ്ട് അത്ഭുതപ്പെടുത്തുന്നതാണ്.

ഖാബീലിന്റെ മുന്നില്‍ കാക്ക ഗുരുവായും (മുഅല്ലിം) സുലൈമാന്‍ നബിക്ക് മരംകൊത്തി ഒരു വഴികാട്ടിയായും (മുര്‍ശിദ്) മക്കയിലെ അറബികളിലെത്തുമ്പോള്‍ അവ യോദ്ധാക്കളായും (മുജാഹിദ്) നീതിയുടെ ഭാഗത്തേക്കാണ് അവ ചിറകടിച്ചുകൊണ്ടിരിക്കുന്നത്. ചിന്തിക്കുന്നവര്‍ക്ക് ഒത്തിരി പാഠങ്ങള്‍ പകര്‍ന്നുതരുന്നുണ്ട് ഈ ലേഖനം. അതിന്റെ അവതരണഭംഗികൊണ്ട് രണ്ട് മൂന്ന് ആവൃത്തി വായിച്ചു.

മമ്മൂട്ടി കവിയൂര്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (7-13)
എ.വൈ.ആര്‍

ഹദീസ്‌

നന്മ നന്മ കല്‍പ്പിക്കൂ, തിന്മ തടയൂ
കെ.സി ജലീല്‍ പുളിക്കല്‍