Prabodhanm Weekly

Pages

Search

2018 മാര്‍ച്ച് 09

3042

1439 ജമാദുല്‍ ആഖിര്‍ 20

ഒത്തുതീര്‍പ്പുകള്‍ പലവിധം സി.പി.എമ്മിന്റെ നിലപാടുകള്‍ക്ക് സംഭവിക്കുന്നത്

സ്റ്റാഫ് ലേഖകന്‍

ആയിരത്തി തൊള്ളായിരത്തി മുപ്പത്തി ഒമ്പതില്‍ കണ്ണൂരിലെ പിണറായിയില്‍ 70 ഓളം പേര്‍ പങ്കെടുത്ത കൊച്ചു യോഗത്തില്‍ പിറന്നുവീണ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ നാലു ലക്ഷത്തി അറുപതിനായിരത്തോളം അംഗങ്ങളും വിവിധ വര്‍ഗ ബഹുജന സംഘടനകളിലായി ഒരു കോടിയോളം പേരും അണിനിരക്കുന്ന കേഡര്‍ പാര്‍ട്ടികളിലൊന്നായി മാറിയിരിക്കുന്നു എന്ന പ്രഖ്യാപനം കൂടിയായിരുന്നു ഫെബ്രുവരി 22 മുതല്‍ 25 വരെ തൃശൂരില്‍ നടന്ന അതിന്റെ സംസ്ഥാന സമ്മേളനം. കേരള  ചരിത്രത്തിന്റെ നിര്‍മാതാക്കളിലൊന്നായി മാറാനും അതിന് സാധിക്കുകയുായി. രൂപീകരണ ശേഷം രക്തരൂഷിതവും യാതനാപൂര്‍ണവുമായ പ്രവര്‍ത്തനപഥങ്ങളിലൂടെ സി.പി.എമ്മിനു കടന്നു പോകേണ്ടിവന്നിട്ടുണ്ട്. കയ്യൂര്‍, പുന്നപ്ര വയലാര്‍ തുടങ്ങി നൂറുകണക്കിന് തൊഴിലാളി - കര്‍ഷക പ്രക്ഷോഭങ്ങളിലൂടെ കടന്നു വന്ന പാര്‍ട്ടി 1957-ല്‍ ഇ.എം.എസിന്റെ നേതൃത്വത്തില്‍ അധികാരത്തിലെത്തി. വളരെക്കാലത്തേക്ക് കേരള നവോത്ഥാനത്തിന്റെ തുടര്‍ച്ചക്കാരായി മാറാനും കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് സാധിച്ചു. കേരളത്തനിമയും സംസ്‌കാരവും പൊതുബോധങ്ങളും സ്വാംശീകരിക്കാന്‍ വലിയൊരളവോളം സി.പി.എമ്മിനു സാധ്യമായിട്ടുണ്ട്. കമ്യൂണിസം ആഗോളതലത്തില്‍ അപ്രസക്തമായപ്പോള്‍ കേരള സമൂഹത്തിന്റെ സവിശേഷതകളെ സ്വാംശീകരിക്കാന്‍ സാധിച്ചതിനാലാണ് ഇവിടെ നിര്‍ണായക ശക്തിയാവാന്‍ പാര്‍ട്ടിക്ക് സാധിച്ചത്.

പിണറായി-കോടിയേരി ഇരട്ടകളുടെ സമ്പൂര്‍ണാധിപത്യം പ്രകടമായ സമ്മേളനമായിരുന്നു ഇത്. അവര്‍ക്കിരുവര്‍ക്കും താല്‍പര്യമുള്ള വിധത്തില്‍ സകല ചര്‍ച്ചാ വിഷയങ്ങളും രൂപപ്പെടുകയായിരുന്നു. കമ്മിറ്റികളില്‍ ഉള്‍പ്പെടുത്തേണ്ടവരെയും പുറത്താക്കേണ്ടവരെയും തീരുമാനിച്ചതും അവര്‍ക്ക് ഓരോരുത്തര്‍ക്കും ഏതെല്ലാം പദവികള്‍ നല്‍കണമെന്നതു നിശ്ചയിച്ചതും സര്‍വാധികാര നേതൃത്വമായിക്കഴിഞ്ഞ ഈ ദ്വന്ദ്വങ്ങളുടെ അനുവാദ പ്രകാരമാവാനേ വഴിയുള്ളു.

 

സമരം ചെയ്ത് ശീലിച്ച അണികള്‍

പാര്‍ട്ടി ഭരണത്തിലിരിക്കുമ്പോള്‍ അണികള്‍ എന്തു ചെയ്യണമെന്നതിനെക്കുറിച്ച് അവര്‍ക്ക് നല്ലൊരു സമീപനം ഉരുത്തിരിച്ച് നല്‍കാന്‍ സമ്മേളനത്തിനു സാധ്യമായി.  209 സര്‍ക്കാര്‍ ആശുപത്രികള്‍ നവീകരിക്കും, 20000 പാലിയേറ്റീവ് വളന്റിയര്‍മാരെ നിശ്ചയിക്കും, ഭവനരഹിതര്‍ക്ക് 2000 വീടുകള്‍ നിര്‍മിച്ചു നല്‍കും തുടങ്ങിയ തീരുമാനങ്ങള്‍ ഉദാഹരണം. പക്ഷപാതരഹിതമായി നടപ്പിലാവുകയാണെങ്കില്‍ ഇതൊക്കെയും മാതൃകാപരമായിരിക്കും. ഇത്രയും ബൃഹത്തായ സമ്മേളനത്തില്‍ സമ്പൂര്‍ണമായി നടപ്പിലാക്കിയ ഗ്രീന്‍ പ്രോട്ടോക്കോളും എടുത്തു പറയേണ്ടതും അനുകരണീയവുമായ മേന്മ തന്നെയാണ്.

മതേതര കക്ഷികളുമായുള്ള പാര്‍ട്ടിയുടെ സഹകരണം ഏതു വിധത്തിലാവണമെന്ന വിഷയത്തില്‍ നിലനില്‍ക്കുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ സംബന്ധിച്ച ചര്‍ച്ചയാണ് പാര്‍ട്ടിക്കാരല്ലാത്തവരെയും സമ്മേളനത്തിലേക്ക് ഉറ്റുനോക്കുന്നവരാക്കിയത്.  സീതാറാം യെച്ചൂരിയും വി.എസും മറ്റേതാനും പേരുമടങ്ങുന്ന ഒരു വിഭാഗത്തിന്റെ ആവശ്യം കോണ്‍ഗ്രസിനോടൊപ്പം ഒരു മുന്നണിയായി പ്രവര്‍ത്തിക്കണം എന്നൊക്കെയാണെന്ന് ചര്‍ച്ചകള്‍ ശ്രദ്ധിക്കുന്നവര്‍ തെറ്റിദ്ധരിക്കാനിടയുണ്ട്. തെരഞ്ഞെടുപ്പില്‍ ഫാഷിസ്റ്റ് വിരുദ്ധ വോട്ടുകള്‍ ഭിന്നിച്ചു പോകാതെ ചില നീക്കുപോക്കുകളും അടവുസമീപനവും സ്വീകരിക്കണമെന്നു മാത്രമാണ് യെച്ചൂരിപക്ഷം ആവശ്യപ്പെടുന്നത്. ഇത്തരമൊരു സമീപനം സ്വീകരിക്കാതിരുന്നതിന്റെ പേരില്‍ വിവിധ സംസ്ഥാനങ്ങളില്‍ ഏതാനും സീറ്റുകളില്‍ സംഘ് പരിവാര്‍ സ്ഥാനാര്‍ഥികള്‍ വിജയിക്കുകയുണ്ടായി. അത്തരം യാതൊരു നീക്കുപോക്കും സാധ്യമല്ലെന്നും ഇടതുപക്ഷത്തുള്ള മതേതര കക്ഷികളോടു മാത്രമേ അത്തരം അടവുനയം പോലും സ്വീകരിക്കാവു എന്നുമാണ്  കേരളാ സി.പി.എമ്മും പ്രകാശ് കാരാട്ടടക്കമുള്ള ദേശീയ നേതാക്കളും വാദിക്കുന്നത്. ത്രിപുരയെന്ന കൊച്ചു സംസ്ഥാനത്തും പിന്നെ കേരളത്തിലും മാത്രമാണ് ഇപ്പോള്‍ സി.പി.എം അധികാരത്തിലിരിക്കുന്നത്  എന്നിരിക്കെ ദേശീയതലത്തില്‍ കോണ്‍ഗ്രസുമായി ഏതു വിധത്തിലുള്ളതായാലും  ഒരു ബന്ധം സ്ഥാപിച്ചാല്‍ അത് കേരളത്തില്‍ പാര്‍ട്ടിയുടെ രാഷ്ട്രീയ സാധുതയെ ചോദ്യം ചെയ്യുന്നതായിരിക്കും എന്ന ഭയമാണ് കോണ്‍ഗ്രസിനെ ബി.ജെ.പി.യെപ്പോലെ തന്നെ എതിര്‍ക്കണമെന്ന് കേരള പാര്‍ട്ടിയെക്കൊണ്ട് പറയിപ്പിക്കുന്നത്. സംസ്ഥാന സമ്മേളനത്തില്‍ ഈ വാദത്തിന്  പ്രത്യയശാസ്ത്ര പരിവേഷം നല്‍കാനായി ചാവേറുകളായി   പ്രത്യക്ഷപ്പെട്ട ഷംസീറും റിയാസും പറഞ്ഞത്  അധികാര രാഷ്ട്രീയത്തിലേക്കെത്താനുള്ള കുറുക്കുവഴിയാണ് കോണ്‍ഗ്രസ് ബന്ധമെന്നാണ്. ഇതവരുടെ മാത്രമല്ല, കേരള സി.പി.എമ്മിന്റെ മൊത്തം അഭിപ്രായമാണെന്ന് വ്യക്തം.

സി.പി.എം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഓഫ് കേരളയല്ല എന്ന് ഇതിനകം പ്രസിദ്ധമായിത്തീര്‍ന്ന വാചകം കൊണ്ടാണ് യെച്ചൂരി അതിനെ നേരിട്ടത്. പാര്‍ട്ടി പരിപാടി വായിച്ചു നോക്കാന്‍ അദ്ദേഹം എല്ലാവരെയും ഉപദേശിക്കുകയും ചെയ്തു. മറ്റു മതങ്ങളോടു വെറുപ്പും അസഹിഷ്ണുതയും തീവ്ര ദേശീയ സങ്കുചിതത്വവുമുള്ള പാര്‍ട്ടിയാണ് ബി.ജെ.പിയെന്നും അധികാരത്തിലെത്തിയാല്‍ അതിനെ നിയന്ത്രിക്കുക ആര്‍.എസ്.എസ് ആയിരിക്കുമെന്നും അതിനാല്‍ തന്നെ ബി.ജെ.പി.യെ സാധാരണ ബൂര്‍ഷ്വാ പാര്‍ട്ടിയായി കാണാന്‍ പാടില്ല എന്നും പാര്‍ട്ടി പരിപാടി പറയുന്നുണ്ട്. അതിനാല്‍ തന്നെ ബി.ജെ.പി.ക്കെതിരായി എല്ലാ മതേതര ശക്തികളുമായും ഐക്യമുണ്ടാക്കുക എന്നത് സി.പി.എം അതിന്റെ കടമയായി സ്വയം മുന്നോട്ടുവെക്കുന്നു. ദേശീയ സാഹചര്യത്തില്‍ ബി.ജെ.പി.-ആര്‍. എസ്.എസിനെ പരാജയപ്പെടുത്തുക എന്നതാണ് സി.പി.എമ്മിന്റെ പ്രഥമ ലക്ഷ്യമെന്നും ഇതിന് തെരഞ്ഞെടുപ്പ് സമയത്ത് ഉചിതമായ സമീപനങ്ങള്‍ സ്വീകരിക്കണമെന്നും പാര്‍ട്ടി പരിപാടിയില്‍ 'ജനകീയ ജനാധിപത്യ മുന്നണി കെട്ടിപ്പടുക്കല്‍' എന്ന തലക്കെട്ടില്‍ വ്യക്തമാക്കുന്നു. പാര്‍ട്ടി പരിപാടിയില്‍ ചര്‍ച്ച ചെയ്ത്  തീരുമാനിച്ചുറപ്പിച്ച സമീപനം ഇങ്ങനെയായിരിക്കെ കേരളാ സി.പി.എം. കോണ്‍ഗ്രസുമായുള്ള എല്ലാ ബന്ധവും അധികാര രാഷ്ട്രീയക്കൊതിയെന്നാക്ഷേപിച്ച് എതിര്‍ക്കുകയാണ്. സമാന്തരമായി ഒരു തമാശയും അരങ്ങേറുന്നുായിരുന്നു. പാര്‍ട്ടി സമ്മേളനത്തില്‍ പ്രധാന ലക്ഷ്യമായി കോടിയേരി പ്രഖ്യാപിച്ചത് ഭരണത്തിന് തുടര്‍ച്ചയുണ്ടാക്കും എന്ന കാര്യമാണ്. അതിനായി കേരളത്തിലെ അമ്പത് ശതമാനത്തിലേറെ ജനങ്ങളുടെ പിന്തുണയുള്ള പാര്‍ട്ടിയാക്കി സി.പി.എമ്മിനെ മാറ്റുകയും ചെയ്യും. ആ ശതമാനം തികക്കാന്‍ ഒറ്റ മാര്‍ഗമേയുള്ളൂ- മാണിയെ മുന്നണിയിലെത്തിക്കുക എന്നത്!

കേന്ദ്രത്തില്‍ കോണ്‍ഗ്രസുമായി അടവുനയം സ്വീകരിക്കുന്നതു പോലും അധികാരമോഹമായി ആക്ഷേപിക്കുന്നവര്‍ തന്നെയാണ്  ഭരണത്തുടര്‍ച്ചക്കു വേണ്ടി അഴിമതിയില്‍ കുളിച്ച സാമുദായിക പാര്‍ട്ടിയായ കേരളാ കോണ്‍ഗ്രസിനെ സഖ്യകക്ഷിയാക്കി മുന്നണിയിലേക്ക് ആനയിക്കുന്നത്.

കോണ്‍ഗ്രസിനെ അടുപ്പിക്കില്ല എന്ന് പ്രഖ്യാപിക്കുന്നതോടെ ബി.ജെ.പി മുഖ്യ എതിരാളിയാണ് എന്ന വാദം സി.പി.എം ചിലേടത്തെങ്കിലും ഉപേക്ഷിക്കുകയാണ്. ബി.ജെ.പിയാണ് മുഖ്യ ശത്രു എന്ന് പ്രഖ്യാപിക്കുന്നുണ്ടെങ്കിലും പാര്‍ട്ടിക്ക് സ്വാധീനമുള്ള കേരളത്തില്‍ മുഖ്യ ശത്രു ഫലത്തില്‍ കോണ്‍ഗ്രസ് തന്നെയായിരിക്കും. ശ്രദ്ധേയമായ എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കാന്‍ സാധിക്കുന്ന വിധത്തിലുള്ള സ്വാധീനം ഉത്തരേന്ത്യയില്‍ ഇല്ലാത്തതിനാല്‍, ബി.ജെ.പിയാണ് മുഖ്യ ശത്രു എന്ന പ്രഖ്യാപനം കൊ് പ്രത്യേകിച്ച് ഫലമൊന്നുമില്ല. രാഷ്ട്രീയമായി കോണ്‍ഗ്രസിനോട് ഏറ്റുമുട്ടിക്കൊണ്ടിരിക്കേണ്ടിവരുമെന്നതിനാല്‍ അത് ബി.ജെ.പിയോട് അണികളില്‍  മൃദുസമീപനം വളര്‍ന്നുവരുന്നതിനും  കാരണമായിത്തീര്‍ന്നേക്കും.

കോണ്‍ഗ്രസിനെ തൊടില്ല എന്ന സമീപനം കൊണ്ട് കോണ്‍ഗ്രസിനെന്തെങ്കിലും  കാര്യമായ കോട്ടമുണ്ടാക്കാന്‍ സി.പി.എമ്മിന് സാധ്യവുമല്ല.  ചിലയിടങ്ങളിലെങ്കിലും സംഘ് പരിവാറിന് വിജയിക്കാന്‍  സി.പി.എമ്മിന്റെ ഈ നിലപാട് സഹായകമായിത്തീരുകയും ചെയ്യും; ഉത്തരേന്ത്യയില്‍ പ്രത്യേകിച്ചും.

ഫാഷിസത്തിനെതിരായ പോരാട്ടങ്ങളിലെ നേതൃത്വമാണ് അതോടെ സി.പി.എമ്മിനു നഷ്ടമാവുക. സംഘ് പരിവാറിനെ വിജയിപ്പിക്കുന്ന രാഷ്ട്രീയ സമീപനമെടുക്കുന്ന ആ പാര്‍ട്ടി ന്യൂനപക്ഷ-ദലിത് പിന്നാക്ക വിഭാഗങ്ങള്‍ അകന്നുപോവുകയായിരിക്കും സ്വാഭാവിക ഫലം. ഫാഷിസം എത്തിക്കഴിഞ്ഞാല്‍ നമ്മുടെ പോരാട്ടം മറ്റൊരു സ്വഭാവത്തിലേക്ക് മാറുമെന്നാണ് പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറയുന്നത്. അതുവരെ  പാര്‍ട്ടി നിലപാടുകള്‍ ഫാഷിസ്റ്റുകള്‍ക്ക് പരോക്ഷമായി സഹായകരമാവുമെങ്കിലും അതിനെ ഒരു നിസ്സാര കാര്യം മാത്രമായാണ് അദ്ദേഹം കാണുന്നത്. അതായത് ഇപ്പോഴത്തെ നിലപാടുകള്‍ ഫാഷിസത്തെ വളരാന്‍ സഹായിച്ചാലും ഇല്ലെങ്കിലും അതൊരു പ്രശ്‌നമായി കാണേണ്ടതില്ല. വളര്‍ന്ന് വലുതായി യഥാര്‍ഥ ഫാഷിസമായി മാറുമ്പോള്‍ നേരിടുന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിച്ചാല്‍ മതി. വിദേശ ആശയമെന്ന നിലയില്‍ കമ്യൂണിസത്തെയും  അതിന്റെ അനുയായികളെയും  ഉന്മൂലനം ചെയ്യപ്പെടേണ്ട മുഖ്യശത്രുക്കളിലാണ് ഹിന്ദുത്വ ഫാഷിസം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഫാഷിസം വളര്‍ന്നു വലുതായി പൂര്‍ണ വളര്‍ച്ചയെത്തിയ ഫാഷിസമായിക്കഴിയുമ്പോഴേക്ക് അതിനെ നേരിടാന്‍ ഒരു കമ്യൂണിസ്റ്റുകാരനും ഇവിടെ അവശേഷിക്കില്ല എന്നതല്ലേ സംഭവിക്കാന്‍ പോവുന്നത്?

 

കേഡറിസവും പ്രത്യയശാസ്ത്ര പൊള്ളത്തരങ്ങളും

ഒരു പോലെ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും പാര്‍ട്ടി സംസ്‌കാരം ഉള്‍ക്കൊണ്ട് ജീവിക്കുകയും ചെയ്യുന്ന ഒരേ അച്ചിലിട്ടു വാര്‍ത്തതുപോലെയുള്ള അംഗങ്ങളും അവരെ യന്ത്രസമാനമായ കൃത്യതയോടെ പരിപാലിക്കുന്ന ഘടനയും ഇതിനെല്ലാം നേതൃത്വം വഹിച്ചുകൊണ്ടിരിക്കുന്ന സര്‍വാധികാരവും ആജ്ഞാശക്തിയും കണിശമായ നിലപാടുകളുള്ള നേതൃത്വവും ഇതെല്ലാം ചേര്‍ന്നതാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേഡര്‍ സ്വഭാവമെന്നാണ് കരുതപ്പെടുന്നത്.

ഇതേ കേഡര്‍ സ്വഭാവം തന്നെയാണ് ജനവിരുദ്ധ നയപരിപാടികള്‍ പ്രത്യയശാസ്ത്ര പ്രതിബദ്ധതയെന്ന പേരില്‍ നടപ്പാക്കപ്പെടുന്നതിനും കാരണമായിത്തീരുന്നത്.  ഉദാരവല്‍ക്കരണത്തിനു ശേഷമുള്ള ഇടതു സര്‍ക്കാറുകളുടെ ഭരണകാലത്ത് ഉായ ജനകീയ പ്രശ്‌നങ്ങളോടും പ്രക്ഷോഭങ്ങളോടുമുള്ള അവരുടെ സമീപനങ്ങള്‍ കേഡറിസം നല്‍കുന്ന സംഘടിത അഹംഭാവത്തിന്റെ ഫലമാണ്. ബംഗാളില്‍ പാര്‍ട്ടിയുടെ അന്ത്യം കുറിച്ച മാഗ്‌നാ കാര്‍ട്ടയായി മാറിയ നന്ദിഗ്രാമും സിംഗൂരും തുടങ്ങി കേരളത്തില്‍ മുത്തങ്ങ, ചെങ്ങറ, പ്ലാച്ചിമട, കിനാലൂര്‍ വരെ അനേകം ജനകീയ സമരങ്ങളില്‍ ഇടതുപക്ഷം ജനപക്ഷമായിരുന്നില്ല.  ഭൂമിയില്ലാത്തവന്റെ വേദനകള്‍ ഇടതുപക്ഷത്തിന് ഇക്കാലത്ത്  പ്രശ്‌നമാവുന്നില്ല.

നേതാക്കന്മാര്‍ അപ്രമാദിത്വമുള്ളവരായിത്തീരുന്നതിനും ഇതേ കേഡറിസം കാരണമാവുന്നുണ്ട്.  കമ്യൂണിസ്റ്റ് സംസ്

കാരം അംഗങ്ങള്‍ ജീവിതരീതിയായി സ്വീകരിക്കണം എന്നാഹ്വാനം ചെയ്ത സമ്മേളനത്തില്‍ തന്നെയാണ് മുതലാളിത്ത ജീര്‍ണതയുടെ രോഗങ്ങള്‍ പിടികൂടിയ കോടിയേരിയുടെ മക്കളുടെ പ്രവര്‍ത്തനങ്ങള്‍  ചര്‍ച്ചാവിഷയമായത്. പക്ഷേ, കോടിയേരി വീും പാര്‍ട്ടി സെക്രട്ടറിയാവുന്നതിനെതിരെ ഒരംഗത്തില്‍നിന്നു പോലും യാതൊരെതിര്‍പ്പുമുയര്‍ന്നില്ല എന്ന കാര്യവുമോര്‍ക്കുക. ഗൗരിയമ്മയെയും ടി.വി തോമസിനെയും വേര്‍തിരിച്ചപ്പോള്‍ കുടുംബാംഗങ്ങളുടെ പ്രവൃത്തികള്‍ പാര്‍ട്ടിയെ ബാധിക്കില്ല എന്ന ന്യായം ഉയര്‍ത്താന്‍ അക്കാലത്ത് ആര്‍ക്കും ധൈര്യമുണ്ടായില്ല എന്നതും ഓര്‍ക്കാം. പാര്‍ട്ടിയില്‍ വന്ന മാറ്റത്തെയാണിത്   സൂചിപ്പിക്കുന്നത്. പിണറായി സര്‍വാധികാരിയായി മാറിയതും അദ്ദേഹത്തെ ചോദ്യം ചെയ്യുന്നത് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനമായി മാറുന്നതും ഇതേ കേഡറിസത്തിന്റെ ഫലമായാണ്.

കേഡറിസം നല്‍കുന്ന മേധാവിത്വ ബോധം ഒരു തരം ഉന്നത ജാതിബോധം പോലെ പ്രവര്‍ത്തിക്കുന്നത് മികച്ച തീരുമാനമെടുക്കുന്നതിനും അമാന്തം കൂടാതെ നടപ്പിലാക്കുന്നതിനും ഒരു പരിധി വരെ സഹായകമാണ്. എന്നാല്‍ പൊതുവികാരങ്ങള്‍ തിരിച്ചറിയുന്നതിനും അതിനനുസരിച്ച് തീരുമാനമെടുക്കുന്നതിനും  ഇത് പ്രതിബന്ധവുമാണ്. ജനങ്ങളുടെ വേദനകളും പരിദേവനങ്ങളും മറ്റു പാര്‍ട്ടികളുടെ നിലപാടുകളെ വലിയൊരളവില്‍ സ്വാധീനിക്കുന്നത് നാം കാണുന്നുണ്ട്.  എന്നാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് അത്തരം സന്ദര്‍ഭങ്ങളില്‍ ധാര്‍ഷ്ട്യമാണ് വര്‍ധിക്കുന്നത്. യാതൊരു ദാക്ഷിണ്യവുമില്ലാതെ ജനകീയ സമരങ്ങള്‍ അടിച്ചമര്‍ത്തുന്നതും ആവശ്യങ്ങളോട് പുറംതിരിഞ്ഞു നില്‍ക്കുന്നതും എക്കാലത്തും കമ്യൂണിസ്റ്റ് സര്‍ക്കാറുകളാണ്. മാധ്യമ,  ജനകീയ ഇടപെടലുകളിലൂടെ ഐക്യമുന്നണി സര്‍ക്കാറുകളില്‍ എത്രയധികം തിരുത്തുകളാണ് നടത്താന്‍ സാധിച്ചിരിക്കുന്നത്. എത്ര തന്നെ ന്യായങ്ങളുണ്ടെങ്കിലും  അത്തരത്തിലൊന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍നിന്ന് പ്രതീക്ഷിക്കാനാവില്ല .

കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമ്മേളനത്തില്‍ ചര്‍ച്ചയാകാതെ പോയ ഒരൊറ്റ വിഷയം മാത്രമേ ഉണ്ടായിരുന്നുള്ളു. കമ്യൂണിസം. പ്രത്യയശാസ്ത്രത്തിന്റെ ചിന്താഭാരങ്ങളെല്ലാം ഒഴിഞ്ഞ ലാഘവത്വത്തിലാണ് പാര്‍ട്ടി.  ചുവന്ന  യൂണിഫോമില്‍ ചെഗുവേരയെയും പിന്നെ പിണറായിയെയും വരെ പ്രിന്റ് ചെയ്യുന്നതില്‍ തുടങ്ങി അവിടെത്തന്നെ അവസാനിക്കുന്നു നിലവിലെ പ്രത്യയശാസ്ത്രബോധം. പോയി പാര്‍ട്ടി പരിപാടി വായിക്കൂ എന്ന് ജനറല്‍ സെക്രട്ടറി പൊട്ടിത്തെറിച്ചത് രണ്ട് ഉന്നത നേതാക്കളോടാണ്. ജ്യോതിഷം അടക്കമുള്ള അന്ധവിശ്വാസങ്ങളെ ന്യായീകരിക്കുന്നവരും പലതരം മതഭക്തികളില്‍ ആറാടുന്നവരുമായി പ്രത്യക്ഷപ്പെടുന്നവര്‍ സാധാരണക്കാരല്ല നേതാക്കന്മാര്‍ തന്നെയാണ് എന്നിരിക്കെ അണികള്‍ക്ക് പാര്‍ട്ടി വിദ്യാഭ്യാസം നല്‍കുമെന്ന് പ്രഖ്യാപനമുണ്ടായെങ്കിലും ഇനിയും  കമ്യൂണിസം പഠിപ്പിക്കാന്‍ തുനിഞ്ഞാല്‍ അതിനെന്തു ഫലമുണ്ടാവുമെന്ന് കണ്ടറിയണം.

പ്രത്യയശാസ്ത്രവും പാര്‍ട്ടി സംസ്‌കാരവുമൊക്കെ മുഖംമൂടികളായി മാറിക്കഴിഞ്ഞിരിക്കുന്നു എന്നതുകൊണ്ടാണ് പാര്‍ട്ടി പലതരം ഒത്തുതീര്‍പ്പുകളുടെ സമാഹാരമായി മാറുന്നത്. മൃദു ഹിന്ദുത്വ വികാരങ്ങളും വിശ്വാസങ്ങളും കൊണ്ടു നടക്കുന്ന ജനസാമാന്യത്തിന്റെ പൊതുബോധങ്ങളെയും മുന്‍വിധികളെയും പാര്‍ട്ടി സ്വാംശീകരിച്ചുകഴിഞ്ഞോ എന്നു സംശയിക്കാവുന്ന വിധത്തിലാണ് കാര്യങ്ങള്‍. ന്യൂനപക്ഷത്തെ ചൂണ്ടിക്കാട്ടി  ഭൂരിപക്ഷത്തിന്റെ പിന്തുണ ഉറപ്പാക്കുന്ന ഹിന്ദുത്വ ഫാഷിസ്റ്റ് നയം   സി.പി.എമ്മിനെയും സ്വാധീനിക്കുന്നുവോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ഇസ്‌ലാമോഫോബിക്  മുന്‍വിധികളുള്ള ഭൂരിപക്ഷത്തിന്റെ പിന്തുണ ഉറപ്പാക്കണമെങ്കില്‍ ന്യൂനപക്ഷം എപ്പോഴും കുറ്റവാളികളെന്ന നിലക്ക് ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കണം. അവരുടെ കുറ്റങ്ങള്‍ കൊണ്ടാണ് അവര്‍ക്കെതിരെ ഇടക്കിടെ ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതെന്ന് ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കണം. ഇന്ത്യയുടെ മറ്റു ഭാഗങ്ങളില്‍ ഹിന്ദുത്വ ഫാഷിസം ചെയ്യുന്ന ഈ പണി തന്നെയാണ് ഏറ്റക്കുറച്ചിലോടെ കേരളത്തില്‍ ഇടതുപക്ഷവും ചെയ്യുന്നത് എന്ന് സംശയിക്കേണ്ടുന്ന അവസ്ഥയാണുള്ളത്.  എം.എം അക്ബറിന്റെ അറസ്റ്റില്‍ വരെയെത്തിയ സംഭവങ്ങളില്‍ വരെ ഇത് മുഴച്ചുനില്‍ക്കുന്നുണ്ട്. പഠിപ്പിച്ചിട്ടില്ല എന്നും പിന്‍വലിച്ചു എന്നും നിരന്തരം ആണയിട്ടു കൊണ്ടേയിരിക്കുന്ന രണ്ട് പേജുകളിലെ ചില പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി  ബ്രഹ്മാണ്ഡ സംഭവങ്ങള്‍ സൃഷ്ടിക്കാന്‍ സര്‍ക്കാറിന് സാധിച്ചു. അശ്രദ്ധമൂലം സംഭവിച്ചതാണെന്ന് ഓരോ പ്രസംഗത്തിലും മതസൗഹാര്‍ദത്തിന്റെ ആവശ്യകത ഊന്നിപ്പറയുന്ന ആ മതപണ്ഡിതന്‍ പലവട്ടം ചുണ്ടിക്കാട്ടിയിട്ടുള്ളതാണ്. പക്ഷേ, പ്രസംഗങ്ങളെ വര്‍ഗീയതയുടെ അഴിഞ്ഞാട്ടമാക്കി മാറ്റുന്നവര്‍ ഇതേ വകുപ്പുകള്‍ പ്രകാരം കേസെടുക്കപ്പെട്ടിട്ടും ഒരു പോറലുമേല്‍ക്കാതെ വിലസുന്നുന്നെും ഓര്‍ക്കണം. കേരള മുസ്‌ലിം സമൂഹത്തില്‍ കേട്ടുകേള്‍വി മാത്രമായ സ്ത്രീ ചേലാകര്‍മം മുതല്‍ മാണിക്യമലര്‍ പാട്ടു വരെയുള്ള സകല വിഷയങ്ങളിലും ഇസ്‌ലാമിന്റെ മേല്‍ അസഹിഷ്ണുത അടിച്ചേല്‍പിക്കാന്‍ ഇടതു വിദ്യാര്‍ഥി യുവജന നേതൃത്വം കൂടുതല്‍ ഉത്സാഹഭരിതരായി മുന്നോട്ടു വരുന്നത് പാര്‍ട്ടി സമീപനം അണികള്‍ സ്വാംശീകരിച്ചുകഴിഞ്ഞതിന്റെ ലക്ഷണമാണ്. ഏതാനും ഇലക്ഷനുകളില്‍ വോട്ട് ലഭിക്കുക എന്ന താല്‍ക്കാലിക ലാഭമുണ്ടാകുമെങ്കിലും  മൃദു ഹിന്ദുത്വത്തെ ആന്തരവല്‍ക്കരിക്കുന്ന ജനങ്ങള്‍ അതിവേഗം യഥാര്‍ഥ ഹിന്ദുത്വ ഫാഷിസത്തിലേക്കെത്തിച്ചേരുകയായിരിക്കും ഇതിന്റെ ഫലം. പാര്‍ട്ടിയും അണികളും മാത്രമല്ല കേരളം എന്ന വ്യത്യസ്തതയാര്‍ന്ന മാതൃകാപരമായ സംസ്‌കാരം തന്നെയാകും അപ്പോള്‍ കുരുതി കൊടുക്കപ്പെടുക. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (7-13)
എ.വൈ.ആര്‍

ഹദീസ്‌

നന്മ നന്മ കല്‍പ്പിക്കൂ, തിന്മ തടയൂ
കെ.സി ജലീല്‍ പുളിക്കല്‍