നരേന്ദ്ര മോദിയുടെ സാമ്പത്തിക ഭീകരത
മോദി നയിക്കുന്ന സംഘ് പരിവാര്‍ സര്‍ക്കാറിന്റെ സാമ്പത്തികനയം ദേശസ്‌നേഹത്തിലധിഷ്ഠിതമല്ല. കടുത്ത വലതുപക്ഷ സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയില്‍ നടപ്പിലാക്കിവരുന്നത്. ഗാന്ധിജിയുടെ രാമരാജ്യവും നെഹ്‌റുവിന്റെ ക്ഷേമരാജ്യവും ഇന്ദിരയുടെ സമ്മിശ്ര സമ്പദ്‌വ്യവസ്ഥയും വെറും ചരിത്രമായി. ഉദാരവല്‍ക്കരണത്തിന്റെയും സ്വകാര്യവല്‍ക്കരണത്തിന്റെയും കൊടുമുടി കയറുകയാണ് ഇന്ത്യ. നരസിംഹറാവു മുതല്‍ മന്‍മോഹന്‍സിംഗ് വരെ സ്വീകരിച്ചിരുന്ന തുറന്ന സമ്പദ്ഘടന കോര്‍പ്പറേറ്റുകളുടെ വിഹാരകേന്ദ്രമായി മാറിക്കഴിഞ്ഞു. കട്ടുമുടിച്ചും തട്ടിപ്പും വെട്ടിപ്പും നടത്തിയും ജനങ്ങളെ കൊള്ള ചെയ്യുന്ന ബഹുരാഷ്ട്ര കമ്പനികളും കുത്തകകളും നരേന്ദ്ര മോദിയുടെ ഉറ്റതോഴന്മാരാണ്. ഏതു വിധത്തിലും എത്ര ദരിദ്രനായവനെയും സാധ്യമാകുന്ന വിധത്തില്‍ പിഴിഞ്ഞു പണമുണ്ടാക്കാന്‍ വേണ്ടത്ര ഒത്താശ ചെയ്യുന്ന ഈ പ്രധാനമന്ത്രിയും സര്‍ക്കാറും ഈ രാഷ്ട്രത്തെയും ജനങ്ങളെയും മുച്ചൂടും മുടിച്ചുകഴിഞ്ഞു. അംബാനി- അദാനിമാരുടെ ബന്ധുമിത്രാദികളായ വ്യവസായികളും വിക്രം കോത്താരിയും നീരവ് മോദിയും വിജയ് മല്യയും ചോക്‌സിയും ഉള്‍പ്പെടെ നടത്തിപ്പോരുന്ന ചൂഷണങ്ങളുടെ വ്യാപ്തി എല്ലാ അതിര്‍വരമ്പുകളും ലംഘിച്ചുകഴിഞ്ഞു.
പൊതുമേഖലാ ബാങ്കുകളില്‍നിന്ന് നിയമവിരുദ്ധമാണെന്നറിഞ്ഞു തന്നെ വന്‍തോതില്‍ വായ്പ വാങ്ങി തിരിച്ചടക്കാതെ മുങ്ങിയ കോര്‍പ്പറേറ്റുകളുടെ സഹായിയായ സര്‍ക്കാറാണിവിടെ ഭരിക്കുന്നത്. ബാങ്കുകളുമായി ബന്ധപ്പെട്ട വായ്പാ തട്ടിപ്പുകളുടെ എണ്ണം ലോക്‌സഭയില്‍ വ്യക്തമാക്കിയ ബന്ധപ്പെട്ട മന്ത്രി പറഞ്ഞത് 2015 മുതല്‍ ഇതുവരെ 12577 തട്ടിപ്പുകളാണ് നടന്നതെന്നാണ്. സുമാര്‍ 500 മറ്റു കമ്പനികള്‍ 7,63000 കോടി രൂപ ബാങ്കുകള്‍ക്ക് വായ്പാ കുടിശ്ശികയായി അടച്ചുതീര്‍ക്കാനുണ്ടത്രെ. അതില്‍ അധികവും ഭാരതീയ സ്റ്റേറ്റ് ബാങ്കിലാണ്. മറ്റു പൊതുമേഖലാ ബാങ്കുകളിലും നടന്നിട്ടുണ്ട്. സ്വകാര്യ ബാങ്കുകളിലാണ് കുറവ്. ഇതെല്ലാം വന്‍കിടക്കാര്‍ വായ്പയായി എടുത്തതാണ്. സര്‍ക്കാറിന്റെ മൗനാനുവാദത്തോടെ സാധാരണക്കാരുടെ ബാങ്ക് നിക്ഷേപങ്ങള്‍ കടത്തിക്കൊണ്ടുപോകുന്ന കൊള്ള സംഘമായി മുതലാളിമാര്‍ പ്രവര്‍ത്തിക്കുന്നു. എല്ലാ ഇന്ത്യക്കാര്‍ക്കും ആധാര്‍ കാര്‍ഡ് വേണമെന്നും ബാങ്ക് അക്കൗണ്ട് വേണമെന്നും മിനിമം ബാലന്‍സ് വേണമെന്നും ശഠിച്ചതുപോലും കോടാനുകോടി വരുന്ന ഗ്രാമീണ ഇന്ത്യക്കാരുടെ പിച്ചച്ചട്ടിയില്‍ കൈയിട്ടുവാരാന്‍ വേണ്ടിയായിരുന്നു. നോട്ടു നിരോധനത്തിന് വേണ്ടിവന്ന ചെലവ് തന്നെ 25000 കോടിയിലേറെ വരും. കള്ളപ്പണം കണ്ടുകെട്ടാനെന്ന പച്ചക്കള്ളം പറഞ്ഞ് നവംബര്‍ എട്ടിന് അര്‍ധരാത്രി നോട്ട് നിരോധനമെന്ന പേരില്‍ പ്രധാനമന്ത്രി ചെയ്ത കടുംകൈ പോലും ആര്‍.എസ്.എസിനും സംഘ് പരിവാര്‍ സംഘടനകള്‍ക്കും മോദിയനുകൂല മുതലാളിമാര്‍ക്കും അവരുടെ കള്ളപ്പണം വെളുപ്പിക്കാനായിരുന്നു. അംബാനിയുടെ കമ്പനിയിലെ മുന്‍ ജീവനക്കാരനെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ആയി നിശ്ചയിച്ചുകൊണ്ടാണ് ഈ പണി പറ്റിച്ചത്.
ഊര്‍ജിത് പട്ടേല്‍ വരുംമുമ്പ് ഗവര്‍ണറായിരുന്ന രഘുറാം രാജനെ കാര്യമില്ലാതെ മാറ്റുകയാണ് ചെയ്തത്. 678-ല്‍ പരം വിദേശ അക്കൗണ്ടുകളില്‍ ബില്യന്‍ കണക്കിന് പണം നിക്ഷേപിച്ച ഒരു കള്ളപ്പണക്കാരനെ പോലും ഇവര്‍ തൊട്ടില്ല. വെറും ഒരു ശതമാനം കള്ളപ്പണമുണ്ടെന്ന് കരുതപ്പെടുന്ന സര്‍ക്കുലേഷനിലുള്ള കറന്‍സിയില്‍നിന്ന് നിരോധനം നടപ്പാക്കിക്കഴിഞ്ഞിട്ട് കാര്യമായൊന്നും സമാഹരിക്കാന്‍ കഴിഞ്ഞതുമില്ല. ബാങ്കുകള്‍ക്ക് മുന്നില്‍ ക്യൂ നിന്നും തളര്‍ന്നും പട്ടിണികിടന്നും അനേക ലക്ഷം ഇന്ത്യക്കാര്‍ ദീര്‍ഘനാള്‍ വലഞ്ഞതു ബാക്കി. രണ്ടുലക്ഷം ചെറുകിട വ്യവസായ ശാലകള്‍ പ്രവര്‍ത്തനരഹിതമായി. കാര്‍ഷിക മേഖല സമ്പൂര്‍ണമായി തകര്‍ന്നു. തൊഴിലില്ലായ്മ പതിന്മടങ്ങായി. ആത്മഹത്യകള്‍ പെരുകി. 2016-'17-ലെ ബജറ്റില്‍ ആയിരത്തില്‍ താഴെ വരുന്ന വന്‍കിട മുതലാളിമാര്‍ക്ക് 6,11,000 കോടി രൂപയുടെ നികുതിയിളവ് നല്‍കി. 130 കോടി വരുന്ന ഇന്ത്യക്കാര്‍ക്കൊക്കെ വിവിധ സബ്‌സിഡികള്‍ക്കായി ഒരു ലക്ഷത്തി ഇരുപത്തിയ്യായിരം കോടി രൂപ മാത്രമാണ് നീക്കിവെച്ചത്. ഇന്ത്യയെ ക്യാഷ്‌ലസ് രാജ്യമാക്കാനെന്ന പ്രചാരണം നടത്തി ഓരോ ക്രയവിക്രയത്തിലും പണമിടപാടുകളിലും അംബാനിക്കും അദാനിക്കുമൊക്കെ സര്‍വീസ് ചാര്‍ജായി കോടികള്‍ നിത്യവും കൊയ്‌തെടുക്കാന്‍ വഴിയൊരുക്കി. സുമാര്‍ 17 ലക്ഷം കോടി രൂപയുടെ കറന്‍സിയാണ് രാജ്യത്താകെ കറങ്ങികൊണ്ടിരിക്കുന്നത്.
ഓരോ നൂറുരൂപയുടെയും ഓരോ കൈമാറ്റത്തിന് ഒരു രൂപ അമ്പത് പൈസ വെച്ച് സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ സ്വകാര്യ കമ്പനികള്‍ക്ക് അനുവാദം കൊടുത്തു. ഒരു ലക്ഷം കോടി രൂപ ജനങ്ങളിലൂടെ രാജ്യം ചുറ്റിയടിച്ചുകൊണ്ടിരുന്നാല്‍ 10000 കോടി രൂപ അംബാനിയുടെ പെട്ടിയില്‍ അയാളറിയാതെ വീഴുകയാണ്. നമ്മുടെ അക്കൗണ്ടിലേക്ക് വരുമെന്ന് പറഞ്ഞ സബ്‌സിഡി ഇനത്തിലെ ചില്ലറ പണം പോലും നിശ്ചിത മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിന്റെ പിഴയായി ബാങ്ക് തന്നെ തിരിച്ചുപിടിക്കുകയാണ് ചെയ്യുന്നത്. വന്‍തോതിലുള്ള സംഖ്യ വായ്പയെടുത്ത് ഇന്ത്യന്‍ ബാങ്കുകളിലെ പണം ചോര്‍ത്തുന്ന വന്‍കിട കോര്‍പ്പറേറ്റുകളുടെ സൗകര്യാര്‍ഥം ബാങ്കുകളെ പലതിനെയും തമ്മില്‍ ലയിപ്പിക്കുകയാണ് മോദിയും ജെയ്റ്റ്‌ലിയും ചെയ്തത്. അംബാനിമാര്‍ക്കാവശ്യമായത്ര പണം കടം കൊടുക്കാന്‍ വന്‍ ബാങ്കുകള്‍ തന്നെ വേണം.
ഇവിടെ സാധാരണക്കാരും പ്രവാസികളുമൊക്കെ കുറേശ്ശെയായി നടത്തുന്ന നിക്ഷേപം കുമിഞ്ഞുകൂടുമ്പോള്‍ മുതലാളിമാര്‍ക്ക് മൊത്തമായത് വായ്പയായി നല്‍കുന്നു. അതിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനിര്‍ ആന്റ് ജയ്പൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ് എന്നിവ ഭാരതീയ സ്റ്റേറ്റ് ബാങ്കില്‍ ലയിപ്പിച്ചു. കുറേപേര്‍ക്ക് അതുവഴി ജോലി പോയി. അനേകം ബ്രാഞ്ചുകള്‍ അടച്ചുപൂട്ടി. ഡെപ്പോസിറ്റ് റീടെയ്‌ലായും സ്വീകരിച്ച് വായ്പ ഹോള്‍സെയിലായി കൊടുക്കുന്നതാണിപ്പോഴത്തെ സര്‍ക്കാര്‍ നയം. ജനകീയ മുഖമുള്ള സഹകരണ ബാങ്കുകളെയും സ്ഥാപനങ്ങളെയും ഇതിനോടൊപ്പം നോട്ട് നിരോധന വേളയില്‍ ഏതാണ്ട് തകര്‍ക്കുകയാണ് ചെയ്ത മറ്റൊരു പണി. അവിടെയും സാധാരണക്കാരന്‍ നട്ടം തിരിയുന്ന സ്ഥിതി വന്നു. പ്രതിരോധമുള്‍പ്പെടെയുള്ള പൊതുമേഖലാ വ്യവസായങ്ങള്‍ സ്വകാര്യവല്‍ക്കരിച്ചു തുടങ്ങി. പൊതുമേഖലാ വിമാന കമ്പനികള്‍, റെയില്‍വേ, ബാങ്കിംഗ്, ഇന്‍ഷൂറന്‍സ് എന്നിവ സ്വകാര്യവല്‍ക്കരിക്കുന്നു. ലാഭത്തില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന ഇന്ത്യയുടെ അഭിമാനമായ വ്യവസായങ്ങള്‍ ചുളുവിലയ്ക്ക് വിറ്റുതുലക്കുന്നു. മോദിയുടെ ഓരോ വിദേശ യാത്രയും കഴിയുമ്പോള്‍ ഇന്ത്യയിലെ കോര്‍പ്പറേറ്റ് ഭീമന്മാര്‍ക്ക് ഒരു കരാര്‍ ആതിഥേയ രാജ്യത്ത് തരപ്പെടുത്തിക്കൊടുക്കുന്നു. പാസ്‌പോര്‍ട്ട് ഓഫീസുകള്‍ അടച്ചുപൂട്ടുന്നു. സ്വകാര്യ മേഖലയിലെ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ക്കായി പ്രസ്തുത ജോലി നല്‍കുന്നു. കോര്‍പ്പറേറ്റ് ഭീമന്മാരും രാഷ്ട്ര ഭരണകൂടവും തമ്മിലുള്ള ലയനം കൂടിയാണ് ഫാഷിസം എന്ന് നിര്‍വചിക്കപ്പെട്ടിട്ടുണ്ട്. ആ അര്‍ഥത്തിലും ഇന്ത്യയെ കൊണ്ടുപോകുന്നത് ഫാഷിസ്റ്റ് ഏകാധിപത്യ വാഴ്ചയിലേക്ക് തന്നെയാണ്. വിദേശ നയവും ആഭ്യന്തര നയവുമൊക്കെ മാറ്റിമറിച്ചു. ചേരിചേരായ്മയും രാജ്യത്തിന്റെ സ്വാശ്രയത്വവും പഴങ്കഥകളായി. തീര്‍ത്തും അമേരിക്കന്‍ പക്ഷത്തും ഇസ്രയേല്‍പക്ഷത്തും ഇന്ത്യ ഇടം കണ്ടെത്തി.
നരേന്ദ്രമോദി സര്‍ക്കാര്‍ സ്വീകരിക്കുന്ന കടുത്ത വര്‍ഗീയ നിലപാടുകളും ഏകാധിപത്യ മനോഭാവവും ഫാഷിസ്റ്റ് അജണ്ടയും രാജ്യം മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. ദലിതരും ഗോത്രവര്‍ഗക്കാരും മതന്യൂനപക്ഷങ്ങളും ഈ സര്‍ക്കാറിന്റെയും സംഘ് പരിവാറിന്റെയും പീഡനങ്ങള്‍ ഏറ്റുവാങ്ങുന്നു. മതേതര ശക്തികളും മനുഷ്യസ്‌നേഹികളും ഇത്തരം ഗുരുതരമായ വിഷയങ്ങൡ ശക്തമായി പ്രതികരിച്ചു തുടങ്ങിയിട്ടുണ്ട്. ഈ വിമര്‍ശനങ്ങളെ അതിജീവിക്കാന്‍ തീവ്ര വര്‍ഗ്ഗീയ ഹിന്ദുത്വ ശക്തികള്‍ മോദിയെ സഹായിക്കുന്നു. ഒരര്‍ഥത്തില്‍ സംഘപരിവാര്‍ ഇളക്കിവിടുന്ന വര്‍ഗീയ വംശീയ കലാപങ്ങള്‍ക്കെതിരെ ഉയര്‍ന്നുവരുന്ന വിമര്‍ശനങ്ങളെ തങ്ങള്‍ക്കനുകൂലമായ ധ്രുവീകരണമുണ്ടാക്കാന്‍ വീണ്ടും ഈ ശക്തികള്‍ ആയുധമാക്കുന്നു. കപോലകല്‍പ്പിതങ്ങളായ കള്ളക്കഥകള്‍ മുസ്‌ലിംകള്‍ക്കെതിരില്‍ മെനഞ്ഞുണ്ടാക്കാനും ദുഷ്പ്രചാരണങ്ങള്‍ അഴിച്ചുവിടാനും ഈ ദുഷ്ട ശക്തികള്‍ ശ്രമിക്കുന്നു. ഭരണഘടന നല്‍കിയിട്ടുള്ള സ്വാതന്ത്ര്യവും അവകാശങ്ങളും ഇവര്‍ ഹനിക്കുന്നു. ഉദ്യോഗസ്ഥരിലും ന്യായാധിപരിലും പോലീസിലും പ്രത്യേകമായ ലോബികളെ രൂപപ്പെടുത്തുന്നു. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി സഭകളെ വകവെക്കാതെ നിയമനിര്‍മാണങ്ങള്‍ നടത്തുന്നു. സത്യസന്ധമായ ചരിത്രം വളച്ചൊടിച്ച് മാറ്റിയെഴുതുന്നു. ഇന്ത്യന്‍ രാഷ്ട്രീയം തന്നെ ഇവര്‍ തിരുത്തിയെഴുതുന്നു. ഇതുപോലെ രാജ്യം മുഴുവന്‍ ഒരു ഫാഷിസ്റ്റ് വര്‍ഗീയ ഏകാധിപത്യത്തിന് വിധേയമാക്കാന്‍ ആവശ്യമായതെല്ലാം ത്വരിതഗതിയില്‍ പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുന്ന മോദിയും കൂട്ടരും തങ്ങള്‍ക്കനുകൂലമാക്കാന്‍ സാധിക്കാതെ വന്നാല്‍ ഭാവിയില്‍ ഒരു തെരഞ്ഞെടുപ്പ് പോലും നടത്താതിരിക്കാനുള്ള ഒരുക്കങ്ങള്‍ ചെയ്യുന്നു. തെരഞ്ഞെടുപ്പ് കമീഷനെ പോലും ഇവര്‍ വരുതിക്ക് നിര്‍ത്തുന്നു. മാധ്യമങ്ങളെ അനുസരണ ശീലമുള്ള ആജ്ഞാനുവര്‍ത്തികളാക്കിക്കഴിഞ്ഞു. എതിര്‍ത്തു നില്‍ക്കുന്ന പാര്‍ട്ടികളെയും നേതാക്കളെയും വിലയ്ക്ക് വാങ്ങുന്നു. രൂക്ഷമായ വിമര്‍ശനങ്ങള്‍ ലോക്‌സഭയിലോ, സംസ്ഥാന നിയമസഭകളിലോ ഉന്നയിക്കാതെ പേരിന് മാത്രം വിമര്‍ശിച്ച് തടിതപ്പുന്ന ഒട്ടനവധി നേതാക്കളെ മിക്ക പാര്‍ട്ടികളിലും ഇവര്‍ സൃഷ്ടിച്ചുകഴിഞ്ഞു. ഫാഷിസ്റ്റ് വിരുദ്ധ മതേതര മഹാസഖ്യം പ്രാവര്‍ത്തികമാവാതിരിക്കാന്‍ അതിനുവേണ്ടി പരിശ്രമിക്കുന്ന പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കും ആനുകൂല്യങ്ങള്‍ വെച്ചുനീട്ടി നിശ്ശബ്ദരാക്കുന്ന ജോലിയും നടക്കുന്നു.
മേലുന്നയിച്ച വിമര്‍ശനങ്ങള്‍ സര്‍വ സാധാരണമാണ്. ഈ വസ്തുതകള്‍ മാത്രം പരിശോധിക്കുന്നപക്ഷം ധാരാളം വിഷയങ്ങള്‍ പറയാനാവും. മോദി സര്‍ക്കാറിന്റെ സാമ്പത്തിക നയത്തിന് ഒരു ഭീകരവലതുപക്ഷ സ്വഭാവമുണ്ടെന്ന കാര്യം മറക്കരുത്.
Comments