Prabodhanm Weekly

Pages

Search

2018 മാര്‍ച്ച് 09

3042

1439 ജമാദുല്‍ ആഖിര്‍ 20

അശ്അരിയും മാതുരീദിയും ചരിത്രത്തിലെ സംഘര്‍ഷങ്ങളും

ഇ.എന്‍ ഇബ്‌റാഹീം

ഒരാളെ അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅയില്‍ പെട്ടയാളായി/'സുന്നി'യായി പരിഗണിക്കണമെങ്കില്‍ ഇമാം അബുല്‍ ഹസന്‍ അശ്അരിയുടെയും ഇമാം മാതുരീദിയുടെയും കാഴ്ചപ്പാടുകള്‍ സ്വീകരിക്കണമെന്നും, അവര്‍ ഇരുവരുടെയും കാഴ്ചപ്പാടുകളെ ഏതോ വിധം ചോദ്യം ചെയ്യുന്നവരൊക്കെയും ആ സംഘത്തില്‍നിന്ന് പുറത്താണെന്നുമുള്ള ഒരു ആത്യന്തിക വാദമുണ്ട്. പ്രസ്തുത രണ്ട് പില്‍ക്കാല പണ്ഡിതന്മാര്‍ വരുന്നതിനു മുമ്പ്, അവരുടെയൊന്നും വ്യാഖ്യാനങ്ങളെക്കുറിച്ച് യാതൊരു ധാരണയുമില്ലാതെ രണ്ടു നൂറ്റാണ്ടെങ്കിലും മുസ്‌ലിം ലോകം കടന്നുപോയിട്ടുണ്ട്. അവരാരും ഈ രണ്ട് പണ്ഡിതന്മാരുടെയും വ്യാഖ്യാനം സ്വീകരിച്ചതുകൊണ്ടല്ലല്ലോ 'സുന്നികള്‍' ആയത്. ഹനഫീ-ശാഫിഈ വിഭാഗങ്ങള്‍ മാത്രമാണ് ഈ രണ്ട് ഇമാമുമാരെയും വിശ്വാസരംഗത്ത് ഏറക്കുറെ പിന്തുടരുന്നത്. മാലികികളും ഹമ്പലികളും പൊതുവെ അവരുടെ അഭിപ്രായങ്ങളെ നിരാകരിക്കുന്നവരാണ്. അപ്പോള്‍ അവരാരും 'സുന്നി' പരിഗണനയില്‍ വരികയില്ലെന്നുവരും. ഇത്ര സങ്കുചിതമാണോ അഹ്‌ലുസ്സുന്ന? ഈ വരികള്‍ ശ്രദ്ധിക്കുക:

'പില്‍ക്കാലത്ത് അഹ്‌ലുസ്സുന്നത്ത് എന്നതുകൊണ്ടുദ്ദേശ്യം അഹ്‌ലുസ്സുന്നത്തിന്റെ ഇമാമുകളായ അബുല്‍ ഹസനില്‍ അശ്അരി, അബൂ മുന്‍സൂറില്‍ മാതുരീദി എന്നിവരും അവരുടെ അനുഗാമികളുമാണ്. ഇവരുടെ വിശ്വാസ തത്വങ്ങളാണ് സുന്നത്തുകൊണ്ടുള്ള വിവക്ഷിതം. ബിദ്അത്ത് എന്നാല്‍ ഈ രണ്ട് ഇമാമുകളുടെയും അവരുടെ മുഴുവന്‍ അനുഗാമികളുടെയും വിശ്വാസങ്ങള്‍ക്ക് വിരുദ്ധമായി നിലകൊള്ളുന്ന മുബ്തദിഉകളുടെ പാര്‍ട്ടികളില്‍ ഏതെങ്കിലുമൊരു വിഭാഗം നിലകൊള്ളുന്ന നൂതനാശയങ്ങളാണ്' (അഹ്‌ലുസ്സുന്നഃ നജീബ് മൗലവി പേ: 60,61).

ഇത് അദ്ദേഹം തുഹ്ഫയില്‍നിന്നും സവാജിറില്‍നിന്നും ഉദ്ധരിച്ചതാണ്. സവാജിറിന്റെ വാക്കുകള്‍ ഇങ്ങനെ:

'ഇതിനെ -സുന്നത്ത് വര്‍ജനത്തെ- മഹാപാപമായി എണ്ണിയത്, ശൈഖുല്‍ ഇസ്‌ലാം അസ്സലാഹുല്‍ അലാഇ തന്റെ ഖവാഇദിലും അല്‍ജലാലുല്‍ ബുല്‍ ഖൈയിനിയും മറ്റും വ്യക്തമാക്കിയതാണത്. വന്‍പാപങ്ങള്‍ എണ്ണുന്നതുമായി ബന്ധപ്പെട്ടുള്ള അല്‍ ജലാലിന്റെ വാക്ക് ഇപ്രകാരമാണ്. പതിനാറാമത്തേത് ബിദ്അത്താണ്. സുന്നത്ത് ഉപേക്ഷിക്കുക എന്ന് പറഞ്ഞതിന്റെ വിവക്ഷ അതാണ്.

ഇബ്‌നു ഹജറുല്‍ ഹൈതമി തുടരുന്നു; സുന്നത്ത് കൊണ്ടുള്ള വിവക്ഷ അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ രണ്ടു ഇമാമുമാരായ അശ്ശൈഖ് അബുല്‍ ഹസനില്‍ അശ്അരിയും അബൂ മന്‍സൂറുല്‍ മാതുരീദിയും കൈക്കൊണ്ടിട്ടുള്ളത് എന്നാണ്. ഈ രണ്ട് ഇമാമുമാരുടെയും അവരുടെ മുഴുവന്‍ അനുഗാമികളുടെയും വിശ്വാസത്തിന് വിരുദ്ധമായി നിലകൊള്ളുന്ന മുബ്തദിഅ് വിഭാഗങ്ങളില്‍ ഏതെങ്കിലും ഒരു വിഭാഗം അംഗീകരിച്ചതാണ് ബിദ്അത്ത്.'

(അസ്സവാജിര്‍, 51-ാമത്തെ മഹാപാപം സുന്നത്ത് വര്‍ജിക്കല്‍ പേ: 1/99).

ഇബ്‌നു ഹജറുല്‍ ഹൈതമിയുടെ കാലം ഹിജ്‌റ 909-974 ആണ്. അശ്അരിയുടെയും മാതുരീദിയുടെയും വഴി സ്വീകരിച്ചവരേ അഹ്‌ലുസ്സുന്നയാവൂ എന്നത് അദ്ദേഹത്തിന്റെ തീവ്രനിലപാടാണ്. അശ്അരി കാഴ്ചപ്പാടില്‍നിന്ന് പലതിലും ഭിന്നവീക്ഷണം പുലര്‍ത്തുന്നവരാണ് ഹമ്പലികള്‍. ഹമ്പലികളും അശ്അരികളും തമ്മില്‍ പലപ്പോഴും സംഘട്ടനത്തിലേര്‍പ്പെടുക പോലും ചെയ്തിട്ടുണ്ട്. ഇമാം അശ്അരിയുടെ 'മഖാലാതുല്‍ ഇസ്‌ലാമിയ്യീന്‍' എന്ന ഗ്രന്ഥത്തിന്റെ അവതാരികയില്‍ മുഹമ്മദ് മുഹ്‌യിദ്ദീന്‍ അബ്ദുല്‍ ഹമീദ് ഇബ്‌നുസ്സുബുകിയുടെ തബഖാതുശ്ശാഫിഇയ്യയെ ഉദ്ധരിച്ചുകൊണ്ടെഴുതുന്നു;

'ഹിജ്‌റ 463-ല്‍ മരണമടഞ്ഞ ഖത്വീബ് ബഗ്ദാദിയെ ബഗ്ദാദിലെ മസ്ജിദ് ജാമിഇല്‍ പ്രവേശിക്കുന്നതില്‍നിന്ന് തടയാന്‍ ഹമ്പലികള്‍ ശ്രമിച്ചിരുന്നു. അദ്ദേഹം അശ്അരി കാഴ്ചപ്പാട് പുലര്‍ത്തിയിരുന്നതാണ് കാരണം. അക്കാലത്തെ അശ്അരി നേതാക്കള്‍ പീഡിപ്പിക്കപ്പെടുകയും മോശം പെരുമാറ്റത്തിന് വിധേയരാവുകയും ചെയ്തിട്ടുണ്ട്. ഹിജ്‌റ 514-ല്‍ മരിച്ച ഖുശൈരിയെ പോലെ ഏറെ സ്വാധീനമുള്ള ഒരു അശ്അരി പ്രമുഖനെതിരില്‍ ഹമ്പലികള്‍ കൈയേറ്റത്തിന് മുതിരുക പോലുമുണ്ടായിട്ടുണ്ട്. തന്നിമിത്തം തെരുവു സംഘട്ടനങ്ങള്‍ അരങ്ങേറുകയും ഖുശൈരി ബഗ്ദാദ് വിടാന്‍ നിര്‍ബന്ധിതനാവുകയുമുണ്ടായി. ഈ സംഭവം മുതലാണ് ഹമ്പലികളും അശ്അരികളും ഇടയാന്‍ തുടങ്ങിയത് എന്ന് രേഖപ്പെടുത്തുന്നുണ്ട് ഇബ്‌നു അസാകിര്‍. ഹിജ്‌റ നാലാം നൂറ്റാണ്ടിന്റെ അവസാനം ജീവിച്ച ഒരു ഹമ്പലീ പണ്ഡിതന്‍ അബുല്‍ ഹസന്‍ അശ്അരിയെ ശപിക്കുകയും ഭര്‍ത്സിക്കുകയും ചെയ്യുമായിരുന്നു.'

ഈ ശത്രുത ഒടുങ്ങിയിരിക്കാന്‍ സാധ്യതയില്ല. പിന്നെയും അത് പലപ്പോഴും പല രീതിയിലും തികട്ടി വന്നിരിക്കാനാണ് സാധ്യത. അതിന്റെയൊക്കെ പ്രതിഫലനമാണ് ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യയെ പോലെയുള്ള പ്രഗത്ഭനായ ഒരു ഹമ്പലീ പണ്ഡിതനെതിരില്‍ ഇബ്‌നു ഹജറുല്‍ ഹൈതമിയടക്കം പല അശ്അരീ പക്ഷക്കാരും വഴിപിഴച്ചവനും പിഴപ്പിക്കുന്നവനുമെന്നൊക്കെയുള്ള അധിക്ഷേപം ചൊരിയാന്‍ കാരണമായിട്ടുള്ളത്.

അശ്അരിയും മാതുരീദിയും അല്ലറ ചില്ലറ ഭിന്നതകള്‍ മാറ്റിനിര്‍ത്തിയാല്‍ ഏറെ സമാനത പുലര്‍ത്തുന്നവരാണ്. ഇരുവരുടെയും കാഴ്ചപ്പാടുകളെ മൊത്തത്തില്‍ അംഗീകരിക്കുകയും അതിനെ അഹ്‌ലുസ്സുന്നത്തിന്റെ ഒരു കൈവഴിയായി ഉള്‍ക്കൊള്ളുകയും ചെയ്യുന്നതിലല്ല പ്രയാസം. അവരുടെയൊക്കെ വ്യാഖ്യാനങ്ങളും വിശദീകരണങ്ങളും അങ്ങനെ തന്നെ അംഗീകരിക്കണമെന്നും വിശദാംശങ്ങളില്‍ പോലും അവരുമായി വിയോജിക്കരുതെന്നുമാണെങ്കില്‍ അത് പ്രശ്‌നം തന്നെയാണ്.

ഇമാം അശ്അരിയുടെ കാര്യത്തില്‍ പോലുമുണ്ട് പ്രശ്‌നം. അദ്ദേഹത്തിന്റെ അവസാന കാഴ്ചപ്പാട് എന്തായിരുന്നു എന്നത് സംബന്ധിച്ച് അദ്ദേഹത്തിന്റെ തന്നെ അനുയായികള്‍ രണ്ട് തട്ടിലാണെന്നതാണ് വാസ്തവം.

അല്‍ഇബാനഃ എന്ന ഗ്രന്ഥം അശ്അരിയുടേതാണോ അല്ലേ എന്നതാണ് തര്‍ക്കത്തിന്റെ മര്‍മം. അല്‍ ഇബാന അശ്അരിയുടേതാണെന്ന് സമ്മതിച്ചാല്‍ അദ്ദേഹം അശ്അരി കാഴ്ചപ്പാട് എന്ന രീതിയില്‍ അവതരിപ്പിക്കപ്പെടുന്ന പലതില്‍നിന്നും മുക്തനാണെന്നും ഹമ്പലീ കാഴ്ചപ്പാട് തന്നെയാണ് അദ്ദേഹത്തിന്റെയും കാഴ്ചപ്പാടെന്നും വരും. ആ ഗ്രന്ഥവുമായുള്ള അദ്ദേഹത്തിന്റെ ബന്ധം നിഷേധിക്കുമ്പോള്‍ മാത്രമേ മറ്റേ കാഴ്ചപ്പാട് അദ്ദേഹത്തിന്റേതായി അംഗീകാരം നേടുകയുള്ളൂ. ഇബാനയില്‍ അദ്ദേഹം പറയുന്നു:

'മുഅ്തസിലികള്‍, ഖദ്‌രികള്‍, ജഹ്മികള്‍, നമൂരികള്‍, റാഫിദികള്‍, മുര്‍ജിഉകള്‍ തുടങ്ങിയ സംഘടനങ്ങളുടെ വാദഗതികള്‍ തള്ളിപ്പറയാന്‍ നിങ്ങള്‍ക്കുള്ള കാരണമെന്താണെന്നും നിങ്ങളെന്താണ് പറയുന്നതെന്നും നിങ്ങള്‍ അംഗീകരിക്കുന്ന ദീനീ തത്ത്വങ്ങള്‍ എന്തൊക്കെയാണെന്നും വല്ല വക്താവും ചോദിച്ചാല്‍ അയാളോട് പറയാനുള്ളത് ഇതാണ്:

നാം പറയുന്ന നമ്മുടെ വാക്കും, നാം അനുഷ്ഠിക്കുന്ന നമ്മുടെ ദീനും ഗംഭീരനും പ്രതാപവാനുമായ നമ്മുടെ നാഥന്റെ ഗ്രന്ഥവും നമ്മുടെ പ്രവാചകന്റെ ചര്യയും സ്വഹാബിമാരും താബിഉകളും ഹദീസിന്റെ ഇമാമുമാരും വഴി ഉദ്ധരിച്ചുകിട്ടിയതും മറുകെ പിടിക്കുക എന്നതാണ്. നാം അത് മുറുകെ പിടിക്കുന്നവരാണ്. അബൂ അബ്ദില്ല അഹ്മദുബ്‌നു മുഹമ്മദുബ്‌നു ഹമ്പല്‍ പറഞ്ഞതു തന്നെ പറയുന്നവരുമാണ്. അല്ലാഹു അദ്ദേഹത്തിന്റെ മുഖം പ്രഭ വീശുന്നതാക്കുകയും അദ്ദേഹത്തിന്റെ സ്ഥാനം ഉയര്‍ത്തുകയും അദ്ദേഹത്തിന് ധാരാളമായി പ്രതിഫലം നല്‍കുകയും ചെയ്യുമാറാകട്ടെ! അദ്ദേഹം പറഞ്ഞതിനു വിരുദ്ധം പറയുന്നവരോട് വിയോജിപ്പുള്ളവരുമാണ്. കാരണം അദ്ദേഹം ശ്രഷ്ഠനായകനും പൂര്‍ണനായ നേതാവുമത്രെ. അദ്ദേഹം വഴി അല്ലാഹു സത്യത്തെ വ്യക്തമാക്കി, ദുര്‍മാര്‍ഗത്തെ നീക്കം ചെയ്തു. വഴി തെളിയിച്ചു. മുബ്തദിഉകളുടെ ബിദ്അത്തുകളും വ്യതിചലിതരുടെ വ്യതിയാനവും സംശയാലുക്കളുടെ സംശയവും തകര്‍ത്തെറിഞ്ഞു. മുന്നണിപ്പോരാളിയായ ഇമാമും മഹാനും പ്രധാനനായ ആത്മമിത്രവും എന്ന നിലക്ക് അല്ലാഹുവിന്റെ കാരുണ്യം അദ്ദേഹത്തില്‍ സദാ വര്‍ഷിക്കുമാറാകട്ടെ!' (അല്‍ ഇബാന 17).

ഇബാനയിലെ ഈ പ്രസ്താവമനുസരിച്ച് അശ്അരികള്‍ പറയുന്നതല്ല അബുല്‍ ഹസന്‍ അശ്അരിയുടെ വിശ്വാസം (ഇഅ്തിഖാദ്) എന്ന് വരും. അതുകൊണ്ടു തന്നെ ഇബാന ഇമാം അശ്അരിയുടേതല്ല എന്ന് പറയാന്‍ അശ്അരികള്‍ നിര്‍ബന്ധിതരാവുന്നു. ആ ഗ്രന്ഥത്തിന്റെ ഉടമസ്ഥാവകാശം ഇമാം അശ്അരിക്ക് നിഷേധിക്കാന്‍ അവര്‍ പറയുന്ന കാരണങ്ങള്‍ ഇവയാണ്:

1) ഹിജ്‌റ 320 വരെയായി താന്‍ എഴുതിയ ഗ്രന്ഥങ്ങളുടെ കൂട്ടത്തില്‍ ഇബാനയെപ്പറ്റി പരാമര്‍ശിക്കുന്നില്ല.

2) മുഅ്തസിലീ പക്ഷത്ത് നിന്നുള്ള അദ്ദേഹത്തിന്റെ മാറ്റം സംബന്ധിച്ചുള്ള ഇബ്‌നു അസാകിറിന്റെ വിവരണത്തിലും ഇബാനയെ പറ്റി പരാമര്‍ശിക്കുന്നില്ല.

3) ഇബാന അബുല്‍ ഹസന്‍ അശ്അരിയുടേതാണെങ്കില്‍ അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങളെ അത് എന്തുകൊണ്ട് സ്വാധീനിച്ചില്ല?

മേല്‍ പരാമര്‍ശങ്ങള്‍ക്കുള്ള മറുപടി ലളിതമാണ്:

1) ഹി. 320-ല്‍ മറ്റു ഗ്രന്ഥങ്ങളെപ്പറ്റി പരാമര്‍ശിക്കുമ്പോള്‍ അദ്ദേഹം ഇബാന രചിച്ചിരുന്നില്ല. 2) തന്റെ മാറ്റം സംബന്ധിച്ച് പറയുമ്പോള്‍ ആ മാറ്റത്തെ പ്രതിഫലിപ്പിക്കുന്ന ഗ്രന്ഥമാണ് അല്ലുമഉ ഫിര്‍റദ്ദി അലാ അഹ്‌ലിസ്സൈഗി വല്‍ബിദഅ്, അല്ലുമഉസ്സഗീര്‍, അല്ലുമഉല്‍ കബീര്‍ എന്നിവ. അല്‍ഇബാന തന്റെ ആദര്‍ശ പ്രഖ്യാപനത്തിന്റെ ഏറ്റവും ഒടുവിലത്തെ ഗ്രന്ഥവും.

3) ഏറ്റവും ഒടുവില്‍ രചിച്ച ഗ്രന്ഥം എന്ന നിലക്ക് ഭൂരിപക്ഷം ശിഷ്യന്മാര്‍ക്കും ഈ ഗ്രന്ഥം ലഭിച്ചിരിക്കാനുള്ള സാധ്യതയില്ലായ്മയാണ് ഒരു കാരണം. തന്റെ പഴയ കാഴ്ചപ്പാടില്‍നിന്ന് ശിഷ്യഗണങ്ങള്‍ തിരിച്ചുവന്നില്ല എന്നത് ഗുരു അങ്ങനെ ഒരു രചന നടത്തിയില്ല എന്നതിനുള്ള തെളിവല്ല. ഒന്നുകില്‍ ആ ഗ്രന്ഥം ശിഷ്യന്മാര്‍ക്ക് ലഭിച്ചില്ല. അല്ലെങ്കില്‍ അവര്‍ ഗുരുവിന്റെ പഴയ കാഴ്ചപ്പാടില്‍നിന്ന് മാറാന്‍ തയാറായില്ല. ഇബാനയില്‍ വിവരിച്ച ഇമാം അശ്അരിയുടെ വിശ്വാസം കൈക്കൊണ്ടവരായി അദ്ദേഹത്തിന്റെ പിന്‍ഗാമികളില്‍ ആരുമുണ്ടായില്ല എന്ന് പറയുന്നതും സത്യസന്ധമല്ല. ഹിജ്‌റ 371-ല്‍ മരിച്ച അബൂഅബ്ദില്ലാഹിബ്‌നു ഖഫീഫ്, ഹിജ്‌റ 371-ല്‍ മരിച്ച അബൂബക്ര്‍ ഇസ്മാഈലി എന്നീ രണ്ട് പ്രഗത്ഭര്‍ ഇബാനയില്‍ വിവരിച്ച ആശയം ഉള്‍ക്കൊണ്ടവരാണ്.

ഇമാം അശ്അരിയുടെ ആശയം കൈക്കൊണ്ട പ്രഥമ ശ്രേണിയിലൂള്‍പ്പെടുന്നു അബൂ അബ്ദില്ല മുഹമ്മദുബ്‌നു ഖഫീഫ്. സൂഫിയും ശാഫിഈ മദ്ഹബുകാരനുമായ ഇബ്‌നു ഖഫീഫിന്റെ കാലം ഹി. 267-371 ആണ്. ഹാഫിളും മുഹദ്ദിസും ശാഫിഈ മദ്ഹബുകാരനുമൊക്കെയായ അബൂബക്ര്‍ അഹ് മദുബ്‌നു ഇബ്‌റാഹീമുബ്‌നു ഇസ്മാഈലുല്‍ ഇസ്മാഈലിയുടെ കാലം ഹിജ്‌റ 277-371 ആണ്.

ഹി. 499-ല്‍ ജനിച്ച ഹാഫിള് ഇബ്‌നു അസാകിര്‍ തന്റെ 'തബ്‌യീനു കദിബില്‍ മുഫ്തരീ' എന്ന ഗ്രന്ഥത്തിലും ശാഫിഈ മദ്ഹബുകാരനായ അബുല്‍ ഖാസിം അബ്ദുല്‍മലികുബ്‌നു ഈസാ ബ്‌നു ദര്‍ബാസ് -516-605- തന്റെ രിസാലയിലും ഇബാന ഇമാം അശ്അരിയുടെ ഗ്രന്ഥമായി തറപ്പിച്ചു പറയുന്നുണ്ട്. ബൈഹഖി, അബുല്‍ അബ്ബാസ് അത്തുറുഖി, അബൂ ഉസ്മാന്‍ അസ്സാബുനി, അബൂ അലി അല്‍ ഫാരിസിയ്യുല്‍ മുഖ്‌രി, നസ്‌റുല്‍ മഖ്ദിസി, ഇബ്‌നു അസാകിര്‍, അബുല്‍ മആലി അശ്ശാഫിഈ, അബൂമുഹമ്മദ് അല്‍ ബഗ്ദാദി എന്നിവരൊക്കെ ഇബാന ഇമാം അശ്അരിയുടെ ഗ്രന്ഥമാണെന്ന് സാക്ഷ്യപ്പെടുത്തുന്നതായി ഇബ്‌നു ദര്‍ബാസ് തന്റെ രിസാലയില്‍ പറയുന്നുണ്ട്.

ഇമാം അശ്അരി ഇബാനയില്‍ അല്‍പം വിസ്തരിച്ച് പറഞ്ഞ കാര്യം തന്നെയാണ് 'മഖാലിതുല്‍ ഇസ്‌ലാമിയ്യീന്‍' എന്ന ഗ്രന്ഥത്തില്‍ 1:345-350 ഭാഗത്ത് 'ഹാദിഹീ ഹികായതു ഖൗലി അസ്ഹാബില്‍ ഹദീസി വഅഹ്‌ലിസ്സുന്ന' എന്ന തലക്കെട്ടില്‍ ചുരുക്കിപ്പറഞ്ഞിരിക്കുന്നതും.

ഇമാം അശ്അരിയുടെ ആദര്‍ശ ജീവിതത്തെ മൂന്ന് ഘട്ടമായി തരം തിരിക്കാം. ഒന്ന്; ഇഅ്തിസാലീ ഘട്ടം. നാല്‍പത് വര്‍ഷക്കാലം അദ്ദേഹം ജീവിച്ചത് ഈ ആദര്‍ശത്തിലാണ്.

കുല്ലാബി ഘട്ടം. മുഅ്തസിലീ പക്ഷത്തുനിന്ന് മാറിയ ശേഷമുള്ള ഇടക്കാലമാണത്. ഈ ഘട്ടത്തില്‍ അദ്ദേഹം കൈക്കൊണ്ട കാഴ്ചപ്പാടാണ് 'ലുമഅ്' എന്ന ഗ്രന്ഥത്തില്‍ അദ്ദേഹം വിവരിച്ചിട്ടുള്ളത്. അബൂമുഹമ്മദ് അബ്ദുല്ലാഹിബ്‌നു സഈദുബ്‌നു കുല്ലാബുല്‍ ഖത്താന്‍ എന്ന പണ്ഡിതനുമായി ബന്ധപ്പെടുത്തിയാണ് കുല്ലാബിയ്യ എന്ന് പറയുന്നത്.

സുന്നീ ഘട്ടമാണ് മൂന്നാമത്തെ ഘട്ടം. ഈ ഘട്ടത്തെയാണ് 'അല്‍ ഇബാന' എന്ന ഗ്രന്ഥം അടയാളപ്പെടുത്തുന്നത്. അല്‍ ഇബാന എന്ന ഗ്രന്ഥത്തെ മാറ്റിനിര്‍ത്തിയുള്ള അശ്അരി കാഴ്ചപ്പാട് വ്യാഖ്യാനത്തിന്റെ കൂടി രീതിയാണ്. അല്ലാഹുവുമായി ബന്ധപ്പെടുത്തി ഖുര്‍ആനിലും ഹദീസിലും വന്ന പ്രയോഗങ്ങളെ പലതിനെയും ബുദ്ധിപരമായി വ്യാഖ്യാനിക്കുന്ന രീതി. അങ്ങനെ വ്യാഖ്യാനിക്കാന്‍ പ്രമാണത്തിന്റെ പിന്‍ബലമില്ല. ഭാഷയുടെ കൂട്ടുമില്ല. അതുകൊണ്ടുതന്നെ അല്‍ ഇബാന കൈക്കൊണ്ട രീതി അത്തരം പ്രയോഗങ്ങളെ വ്യാഖ്യാനിക്കാതെ ഖുര്‍ആനിലും ഹദീസിലുമൊക്കെ വിവരിച്ച അതേ രീതി ഉള്‍ക്കൊള്ളുക എന്നതാണ്. അതാണ് ഹമ്പലി രീതി. അതാണ് സലഫിന്റെ രീതി. അതായത് സ്വഹാബിമാരുടെയും താബിഉകളുടെയും രീതി. ഈ രണ്ട് രീതിയും അഹ്‌ലുസ്സുന്നയുടെ രണ്ട് കൈവഴികളായി കാണാം.

(അടുത്ത ലക്കത്തില്‍ 'അശ്അരിയുടെ വിശ്വാസപ്രമാണങ്ങള്‍')

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (7-13)
എ.വൈ.ആര്‍

ഹദീസ്‌

നന്മ നന്മ കല്‍പ്പിക്കൂ, തിന്മ തടയൂ
കെ.സി ജലീല്‍ പുളിക്കല്‍