ജീവിക്കാന്‍ തോന്നാത്ത നാളുകളില്‍ സംഭവിച്ചത്
പഠനം, ജോലി, ശമ്പളം, വീട്, യാത്ര ഇതൊക്കെ എത്ര പെട്ടെന്നാണ് മടുത്തത്. അവിടങ്ങളിലൊക്കെ ഊറി വന്ന സ്‌നേഹം പോലും ജീവിതത്തെ നിലനിര്‍ത്തണം എന്ന് പ്രേരിപ്പിക്കാന്‍ സഹായകമായില്ല. മരണത്തെ കുറിച്ചുള്ള ഒരു പാടു പുസ്തകങ്ങള്‍. മരണശേഷം എന്തെന്ന ആകാംക്ഷ. അങ്ങനെ ഒരു കാലം. അല്ലെങ്കിലും മരണം നമ്മെ ചിന്തിപ്പിക്കേണ്ടുന്ന വല്ലാത്ത ഒരു പ്രഹേളികയല്ലേ? തടഞ്ഞു നിര്‍ത്തപ്പെട്ട മരണമാണ് ജീവിതമെന്നു പഠിക്കാന്‍ സമയം വീണ്ടും വേണ്ടിവന്നു.
എന്റെ മൗനം, നിസ്സംഗത, ചിലപ്പോള്‍ ജോലിക്കു പോവാതെ പുസ്തകത്തില്‍ തലപൂഴ്ത്തിയുള്ള വീട്ടിലിരുപ്പ്, ഇതൊക്കെ കണ്ടു പേടിച്ച മാതാപിതാക്കള്‍ക്ക് ഇവനിതെന്തിന്റെ കുറവാണ് എന്ന ആധി. ഒരിക്കല്‍ ഇതന്വേഷിക്കാനായി മാത്രം ബോംബെയില്‍നിന്നും വന്ന മൂത്ത സഹോദരനോട് ഞാന്‍ വെളിപ്പെടുത്തി, എനിക്ക് മരിക്കണം എന്ന് തോന്നുന്നു. ജീവിക്കാന്‍ വലിയ മോഹമൊന്നും തോന്നുന്നില്ല.
ഇതൊക്കെ മനോരോഗത്തിന്റെ ലക്ഷണമല്ലേ? ഡോക്ടറെ കാണാം എന്നായി സഹോദരന്‍. ഗുരു നിത്യചൈതന്യ യതിയുടെ ഭാരതീയ മനഃശാസ്ത്രത്തിനൊരു ആമുഖവും അതുപോലെയുള്ള മറ്റു പുസ്തകങ്ങളൊക്കെ റഫര്‍ ചെയ്തു സ്വയം രോഗം കണ്ടെത്തിയിരുന്ന ഞാന്‍ കണ്ണൂരുള്ള മനോരോഗ ചികിത്സകനോട് പോയി രോഗം വെളിപ്പെടുത്തി. എക്‌സിസ്റ്റെന്‍ഷ്യല്‍ ന്യൂറോസിസ്! പനിയൊക്കെ വന്നാല്‍ പോയി നമ്മള്‍ ഡോക്ടറോട് രോഗം പറയാറില്ലേ? അതു മാത്രമേ ഞാന്‍ ഉദ്ദേശിച്ചുള്ളൂ. ഡോക്ടര്‍ ചിരിക്കേണ്ടതായിരുന്നു. പക്ഷേ മൂപ്പരും വലിയ ഗൗരവത്തില്‍ തന്നെ. എന്താണാവോ ഇത്തരം ഭിഷഗ്വരന്മാരെല്ലാം ഗൗരവക്കാരാവുന്നത്. പിരിമുറുക്കം കുറക്കുന്ന മരുന്നുകള്‍ക്ക് പുറമെ അദ്ദേഹം കൊച്ചു കുട്ടികളുടെ പുഞ്ചിരിയിലെ സൗന്ദര്യം ദര്‍ശിക്കാനും, പൂക്കള്‍ വിരിയുന്നതിലെ സര്‍ഗാത്മകത തിരഞ്ഞു പോവാനും ഒക്കെ പറഞ്ഞിരുന്നു എന്നാണോര്‍മ.
പഠനകാലത്തും അല്ലാത്തപ്പോഴും പരിചയപ്പെട്ട രാഷ്ട്രീയത്തിന്റെ മൂല്യച്യുതി, സമൂഹത്തിലും ചുറ്റുവട്ടത്തുമുള്ള അഴിമതികള്‍, തോന്ന്യാസങ്ങള്‍ ഇതൊക്കെ കൊണ്ട് ഒരു മനുഷ്യന് സ്വയം മടുപ്പു തോന്നാന്‍ പാടില്ലേ? ഫ്രീ ആയി കിട്ടിയ ജീവിതം അങ്ങ് തീര്‍ക്കാന്‍ പാടില്ലേ? മാതാപിതാക്കളുടെ നിഷ്‌കളങ്ക സ്‌നേഹം ഒന്ന് മാത്രമായിരുന്നു എനിക്ക് മുന്നില്‍ തടസ്സമായി നിന്നത്. എന്തിനാണ് ജീവിക്കുന്നത് എന്ന ചോദ്യം ഞാനേതായാലും സ്വയം ചോദിച്ചു പോയതിന്റെ ബാക്കിപത്രമായിരുന്നു അത്തരം നിരാശകളും സംഭവങ്ങളും. ഇതൊന്നും ചിന്തിക്കാത്തോര്‍ക്കൊരു കുന്തവും സംഭവിക്കാനില്ല താനും. എങ്കിലും ചിരിക്കുന്ന മൃഗം എന്ന് വിശേഷിപ്പിക്കപ്പെട്ട മനുഷ്യന്‍ ചിന്തിക്കുന്ന മൃഗമെങ്കിലും ആയി മാറണം എന്നാണെനിക്കു ഇപ്പോള്‍ തോന്നുന്നത്. എന്തിനു ജീവിക്കുന്നു എന്ന ചോദ്യം ഞാന്‍ എന്നോട് ചോദിച്ചത് കൊണ്ടാവും എന്തിനാണ് ജീവിക്കേണ്ടത് എന്നതിന്റെ ഉത്തരം ദൈവം എനിക്ക് പറഞ്ഞു തന്നത്.
ആയിടക്കെപ്പോഴോ ദൈവം കയറിവരുന്നു. 'ദൈവം സത്യമോ മിഥ്യയോ' എന്ന യതിയുടെ പുസ്തകമാണ് അതിലേക്കു പറിച്ചു നട്ടത്. പിന്നെ ഈ ദൈവം ആരാണെന്നറിയാനായി ശ്രമം. അതങ്ങനെ എളുപ്പം പിടികിട്ടില്ല എന്ന് തിരിച്ചറിഞ്ഞു തുടങ്ങിയപ്പോഴാണ് അഹങ്കാരത്തിന്റെ ഭാരം കുറച്ചു തല കുനിക്കാന്‍ ശീലിച്ചത്. ആ തലകുനിക്കല്‍ എന്തായാലും ഭൂമിയിലെ സൃഷ്ടികളോട് വേണ്ട, അതിന്റെയൊക്കെ സ്രഷ്ടാവിനോട് മാത്രം മതി എന്ന വിപ്ലവം തലയിലേറ്റിയതും. അതിനെന്നെ സഹായിക്കുന്നതില്‍ ഇസ്ലാമിക സാഹിത്യങ്ങളും സൗഹൃദങ്ങളും മുന്നില്‍ നിന്നു.
ഇതിഹാസ പുരുഷന്മാരും, ചരിത്ര കഥാപാത്രങ്ങളും, മിത്തും യാഥാര്‍ഥ്യവും തിരിച്ചറിയാതെ രൂപം പ്രാപിച്ച ദൈവങ്ങളും, ഞാന്‍ ഉണ്ടായേക്കാം എന്ന് ചെറിയൊരു സാധ്യത കല്‍പിച്ചിരുന്ന ദൈവ സങ്കല്‍പത്തെ തൃപ്തിപ്പെടുത്താന്‍ തീരെ പര്യാപ്തം ആയിരുന്നില്ല. ദൈവം ഉണ്ടാവാം എന്ന ചെറിയ സാധ്യതയുടെ ആനൂകൂല്യം ഞാന്‍ കൊടുത്തിരുന്നത് വിശ്വാസികളോട് ഒരൈക്യദാര്‍ഢ്യം എന്ന നിലക്കായിരുന്നു. ഉണ്ടായാലും ഇല്ലെങ്കിലും എന്റെ ജീവിതത്തില്‍ മൂപ്പര്‍ക്ക് വലിയ റോളൊന്നും ഇല്ല എന്ന ശാസ്ത്ര അവബോധത്തിന്റെ വിശ്വാസി ആയിരുന്നു ഞാനന്ന്. പരീക്ഷണ നിരീക്ഷണങ്ങളിലൂടെ തെളിയിക്കപ്പെടുന്നവയെ മാത്രം അംഗീകരിക്കുക എന്നതുമാത്രമേ അപ്പോഴത്തെ എന്റെ ശാസ്ത്രത്തില്‍ ഉണ്ടായിരുന്നുളളൂ.
'വലം യകുല്ലഹു കുഫുവന്‍ അഹദ്'
ദൈവം ജാതനല്ല, ജനകനുമല്ല. അതുപോലെ തുടക്കവും ഒടുക്കവും ഇല്ല, അവന്‍ ഏകനാണ് എന്നൊക്കെ സൂചിപ്പിച്ച ശേഷം വിശുദ്ധ ഖുര്‍ആന്‍ പറയുകയാണ്, നിങ്ങള്‍ നിരൂപിച്ചെടുക്കുന്നതെന്തോ അതുമല്ല ദൈവം എന്ന് ('അവനു തുല്യമായി ആരുമില്ല' എന്ന വാക്യം എന്നില്‍ സന്നിവേശിപ്പിക്കുന്ന ആശയങ്ങളാണ് ഇതൊക്കെ).
ഭൂതം, ഭാവിയും വര്‍ത്തമാനവുമൊക്കെ ആയി കാലത്തിന്റെ തടവറയില്‍ നിന്നുകൊണ്ട് അനന്തമജ്ഞാതമവര്‍ണനീയമായ ഈ മഹാവിശ്വത്തിന്റെ നാഥനെ കുറിച്ച് അല്‍പം തെളിവുമായി അങ്ങ് സ്ഥാപിച്ചുകളയാം എന്ന മണ്ടത്തരം എനിക്കുണ്ടാവേണ്ടതില്ല എന്ന കൊച്ചറിവ് ഈ വചനം എന്നെ ബോധ്യപ്പെടുത്തി. വിശ്വത്തെ കുറിച്ചറിയാന്‍ ശ്രമിച്ചപ്പോള്‍ ശാസ്ത്രം തന്ന അറിവുകള്‍ പോലും തലയില്‍ കൈവെച്ചുകൊണ്ടല്ലാതെ ഒരാള്‍ക്ക് സ്വീകരിക്കാന്‍ സാധിക്കുമോ?
അല്‍ഹംദു ലില്ലാഹ് (പ്രപഞ്ചനാഥനായ അല്ലാഹു*വിനാകുന്നു സര്‍വസ്തുതിയും). അതുകൊണ്ടു തന്നെ ഞാന്‍ എന്റെ ദൈവത്തിന്റെ നിര്‍വചനത്തില്‍ സന്തുഷ്ടനാണ്, അത് തന്നെയല്ലേ കാര്യം. അവരവരുടെ ദൈവങ്ങളില്‍ തൃപ്തി പോരാത്തതുകൊണ്ട് തന്നെയാണ് ദൈവങ്ങള്‍ തമ്മിലും ദൈവ വിശ്വാസികള്‍ തമ്മിലും മത്സരങ്ങളും യുദ്ധങ്ങളും ഉണ്ടാവുന്നത് എന്നാണെന്റെ ഒരു തോന്നല്‍. അതേ, തൃപ്തി വലിയ ഒരു കാര്യമാണ്. ഇസ്ലാം സ്വര്‍ഗത്തെ പരിചയപ്പെടുത്തുന്നത് തൃപ്തിയുടെ പൂര്‍ണത ആയിട്ടാണ്! അറിവിന്റെ പൂര്‍ണത! നീതിയുടെ പൂര്‍ണത! നീതി നിഷേധിക്കപ്പെട്ടവര്‍, പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ ഒക്കെ അങ്ങോട്ട് പോവാന്‍ കൊതിക്കുന്നതിന്റെ മര്‍മം പിടികിട്ടുന്നുണ്ടോ സഹയാത്രികരേ?
വിശദീകരണം ഒഴിവാക്കി നമുക്ക് വീണ്ടും കാഴ്ചകളിലേക്ക് തന്നെ പോവാം.
* അല്ലാഹു-മുഴുപ്രപഞ്ചങ്ങളെയും സൃഷ്ടിച്ച, സൃഷ്ടികളുടെയെല്ലാം ജീവിതത്തിനു ആധാരമായ ഏകദൈവത്തെ അറബിയില്‍ പറയുന്ന പേര്. പുല്ലിംഗമോ സ്ത്രീലിംഗമോ, ബഹുവചനമോ ഇല്ലാത്ത ആ പദം സര്‍വേശ്വരനായി തിരഞ്ഞെടുത്തു എന്ന് മാത്രം.
അറിയുക: ഈലോകജീവിതം വെറും കളിയും തമാശയും പുറംപൂച്ചും പരസ്പരമുള്ള പൊങ്ങച്ചപ്രകടനവും സമ്പത്തിലും സന്താനങ്ങളിലുമുള്ള പെരുമനടിക്കലും മാത്രമാണ്. അതൊരു മഴപോലെയാണ്. അതുവഴിയുണ്ടാവുന്ന ചെടികള്‍ കര്‍ഷകരെ സന്തോഷഭരിതരാക്കുന്നു. പിന്നെ അതുണങ്ങുന്നു. അങ്ങനെയത് മഞ്ഞച്ചതായി നിനക്കുകാണാം. വൈകാതെ അത് ഉണങ്ങിത്തീരുന്നു. എന്നാല്‍, പരലോകത്തോ; കഠിനമായ ശിക്ഷയുണ്ട്. അല്ലാഹുവില്‍നിന്നുള്ള പാപമോചനവും പ്രീതിയുമുണ്ട്. ഐഹികജീവിതം ചതിച്ചരക്കല്ലാതൊന്നുമല്ല (57:20).
ആറ് - കാഴ്ചകള്‍
ജീവിതം മടുത്തു, എന്തിനിനി തുടരണം. ഇതായിരുന്നിരിക്കണം ഞാന്‍ 15 പൈസ മുടക്കി വിട്ട പോസ്റ്റ് കാര്‍ഡിന്റെ ഉള്ളടക്കം. മറുപടിക്കു പകരം പിറ്റേദിവസം തന്നെ പാലാരിവട്ടത്തുനിന്നു അവനെത്തി. ചിര സുഹൃത്ത്, പഠന കാലത്തെ റൂം മേറ്റ്. അതിനപ്പുറം എന്തോ ആയിരുന്നു ഞങ്ങള്‍. ഒന്ന് കൂട്ടിരുന്നാല്‍ ഞാന്‍ ഇനിയും സഞ്ചരിക്കും എന്നവന് തോന്നിക്കാണും.
ഭൂമിയിലുള്ളവരോട് നിങ്ങള്‍ കരുണ കാണിക്കുക, ആകാശത്തുള്ളവന്‍ നിങ്ങളോടും കരുണ കാണിക്കും എന്നൊക്കെയുള്ള വചനങ്ങള്‍ പിന്നീട് കേള്‍ക്കുമ്പോള്‍ എന്റെ മനസ്സിലുണ്ടാവുന്ന ബിംബങ്ങളില്‍ ഒന്ന് ഈ ദൃഷ്ടാന്തമാണെന്ന് പറയേണ്ടതില്ലല്ലോ. അതു തന്നെയാണ് ഒരാളോട് ഇസ്ലാം ആവശ്യപ്പെടുന്നതും. ഇതൊന്നും ഓര്‍മയിലില്ലെങ്കില്‍ എന്റെ ഇസ്ലാം (സമാധാനം) എങ്ങനെ പൂര്‍ണമാവും?
പിന്നീടവന്‍ സുഊദിയില്‍ ജോലി തേടി പോയി. അവിടെ നിന്നും ഒരിക്കല്‍ കാട്ടറബി (അയാള്‍ അവിടത്തെ മതകാര്യ പോലീസോ, നാട്ടറബിയോ ആരുമായിക്കോട്ടെ) അവന്റെ മുഖത്തേക്ക് തെറിപ്പിച്ച തുപ്പല്‍ അവനെന്നോട് പങ്കു വെച്ചിരുന്നു. ആ തുപ്പലിന്റെ അപമാനത്തേക്കാള്‍ നന്മയൊന്നും എന്റെ ജീവിതത്തില്‍ ഇല്ലാത്തതിനാല്‍ ഞാന്‍ തിരിച്ചറിഞ്ഞ ഇസ്ലാം ഇപ്പോഴും അവന്റെ അവജ്ഞയുടെ ലിസ്റ്റിലാവാനാണ് സാധ്യത. അല്ലെങ്കില്‍ എനിക്കുണ്ടായ കാഴ്ചകള്‍ അവന്റെ ജീവിതത്തിലുണ്ടായില്ല എന്നുമാവാം. അവനു കിട്ടിയ മതപ്രബോധനം ഇന്നും പലര്‍ക്കും കിട്ടിക്കൊണ്ടിരിക്കുന്നുണ്ട് താനും. തിരുത്ത് എവിടെ വേണമെന്ന് വായനക്കാര്‍ തീരുമാനിച്ചുകൊള്ളട്ടെ.
''നീ നന്മയില്‍ ഒന്നിനെയും നിസ്സാരമാക്കരുത്, തന്റെ സഹോദരനെ മുഖപ്രസന്നതയോടെ സ്വീകരിക്കുന്നത് പോലും''
''മഹാനും ഉന്നതനുമായ ദൈവത്തിന്റെ അടുക്കല്‍, അവന്റെ പ്രീതി ഉദ്ദേശിച്ച് കൊണ്ട് കോപത്തെ വിഴുങ്ങിക്കളയുന്നതിനേക്കാള്‍ ഉത്തമമായ ഒരു കുടിനീരും ഒരടിമ കുടിച്ചിട്ടില്ല.''
''ദാനധര്‍മം ഒരു ധനത്തിനും കുറവ് വരുത്തിയിട്ടില്ല. യാതൊരാള്‍ക്കും വിട്ടുവീഴ്ച കൊണ്ടു ശ്രേഷ്ഠതയല്ലാതെ ദൈവം അധികരിപ്പിച്ചിട്ടില്ല.''
''ദൈവത്തിന് വേണ്ടി വിനയം കാണിച്ച യാതൊരാളെയും ദൈവം ഉന്നതനാക്കാതിരുന്നിട്ടില്ല''
സുഊദി അറേബ്യയുടെ മണല്‍ തരികള്‍ പോലും ഈ വാക്കുകള്‍ ഓര്‍ത്തെടുക്കുന്നുണ്ടാവും. മഹാനായിരുന്ന എന്റെ പ്രവാചകന്റെ വാക്കുകള്‍. പല തദ്ദേശവാസികളും അത് കേള്‍ക്കാതെ പോകുന്നുണ്ടെങ്കില്‍ അവരുടെ ദുര്യോഗം എന്നേ പറയാനുള്ളൂ. വിഭിന്നമായ മാതൃകകള്‍ പലതും ഉണ്ട് താനും. ബദവി അറബികളിലൂടെ മുഹമ്മദ് അസദ് കണ്ടറിഞ്ഞ ജീവിതം 'മക്കയിലേക്കുള്ള പാത'യില്‍ വിവരിക്കുന്നു. പ്രവാസിയുടെ കുറിപ്പുകളില്‍ ബാബു ഭരദ്വാജ് കുറിച്ചിട്ട ആതിഥ്യമര്യാദയുടെ വസന്തങ്ങള്‍ ഇന്നും പല അറബികളിലും കാണാവുന്നതുമാണ്.
ഈയിടെ സാരവത്തായ ഒരു പ്രഭാഷണത്തില്‍ വടകര ചന്ത കാണാന്‍ കൊതിച്ച ഒരു കുട്ടിയുടെ കഥയുണ്ടായിരുന്നു. ചന്തയെ കുറിച്ച് അവിടെ പോയവരുടെ വിവരണത്തില്‍ വല്ലാതെ മോഹിക്കപ്പെട്ട് പിതാവിന്റെ കൈയും പിടിച്ചു അവനും യാത്രയായി. കൊണ്ട് പോവാനായി വാശിയോടെ കരഞ്ഞു തന്നെയാണ് പാവം ആഗ്രഹം സാധിപ്പിച്ചെടുത്തത്. ചന്തയിലെത്തിയപ്പോള്‍ അവന്‍ ഒന്നും കണ്ടില്ല, കുറേ കാലുകളല്ലാതെ, തലങ്ങും വിലങ്ങും സഞ്ചരിക്കുന്ന കാലുകള്‍. എല്ലാ സങ്കല്‍പങ്ങളും വീണുടഞ്ഞ സങ്കടത്തില്‍ അവന്‍ വിതുമ്പി കരഞ്ഞു, 'എനിച്ചു വീട്ടില്‍ പോണം.' പിതാവെന്തു ചെയ്യാന്‍, പയ്യന്റെ കുശുമ്പ് കൂടിയാല്‍ രക്ഷയില്ല, തിരിഞ്ഞു നടക്കുക തന്നെ. വിതുമ്പുന്ന പയ്യനെ എടുത്തു തോളിലിരുത്തി മടക്ക യാത്ര തുടങ്ങി. അല്‍പ സമയം നടന്നപ്പോള്‍ ചെക്കന്റെ വാശി കൂടി, 'എനിക്ക് ചന്തയില്‍ പോണേ'. കഥയറിയാതെ അഛന്‍ വിവശനായി. തോളിലിരുത്തിയപ്പോള്‍ കണ്ട കാഴ്ചകള്‍ കുഞ്ഞിനല്ലാതെ മറ്റാരറിയാന്‍!
''ഇവര്‍ ഭൂമിയിലൂടെ സഞ്ചരിക്കുന്നില്ലേ? എങ്കില്‍ ചിന്തിച്ച് മനസ്സിലാക്കാനുതകുന്ന ഹൃദയങ്ങളോ, കേട്ടറിയാനുതകുന്ന കാതുകളോ അവര്‍ക്കുണ്ടാകുമായിരുന്നു. തീര്‍ച്ചയായും കണ്ണുകളെയല്ല അന്ധത ബാധിക്കുന്നത്. പക്ഷേ, നെഞ്ചുകളിലുള്ള ഹൃദയങ്ങളെയാണ് അന്ധത ബാധിക്കുന്നത്'' (22:46).
ഏഴ് - വായന
ആദ്യ ജോലി, കാസര്‍കോട്് ആലിയ ഐ.ടി.സിയില്‍ അധ്യാപകനായിട്ട്. ഐ.ടി.സി ആയിട്ടുപോലും കുട്ടികളൊക്കെ മിക്കവാറും ഡിഗ്രി (ബി.കോം) കഴിഞ്ഞവര്‍. അക്കാലത്തു കമ്പ്യൂട്ടര്‍ പഠനം വലിയ സാധ്യതകള്‍ ഉള്ളതായിരുന്നു. ഏകദേശം എല്ലാവരും ഇസ്ലാം മതസ്ഥര്‍ ആയിരുന്നു എന്ന് പറയേണ്ടതില്ലല്ലോ. ഫുള്‍ടൈം കോഴ്സില്‍ ധാരാളം സമയം ഉള്ളതിനാല്‍ പഠനശേഷം മറ്റു ചര്‍ച്ചകളും പതിവായിരുന്നു. പുത്തനച്ചിയായതിനാല്‍ പുരപ്പുറം തൂക്കാനുള്ള ആവേശം എന്നിലും. പഠനവും പഠിപ്പിക്കലും യാത്രയും ഒക്കെ ആയി ജീവിതം ഒരു ആഘോഷം തന്നെ.
ക്ലാസിലെ ചര്‍ച്ചകളില്‍ പലപ്പോഴും ഇസ്ലാം കടന്നുവരും, പ്രത്യേകിച്ചും റമദാന്‍ കാലത്തൊക്കെ. പര്‍ദ, നാലുകെട്ട്, പഠന ജീവിത നിലവാരത്തിലെ ശോചനീയാവസ്ഥ (അന്ന് തീവ്രവാദമൊക്കെ ഇന്നത്തെപോലെ ഇത്ര മാര്‍ക്കറ്റ് ചെയ്യപ്പെട്ടിട്ടില്ല), അന്ധ വിശ്വാസങ്ങള്‍ ഇങ്ങനെയുള്ള പൊതു വിവരങ്ങള്‍ വെച്ചും, ജനപ്രിയ സോഷ്യലിസത്തിന്റെ ചേരുവകള്‍ വെച്ചും അധ്യാപകന്റെ പ്ലാറ്റ്‌ഫോമിന്റെ അധികാരം ഉപയോഗിച്ചും ഒക്കെ ഞാന്‍ ചര്‍ച്ചകളില്‍ മേല്‍ക്കൈ നേടി. എന്റെ നാട്ടിലെ ജാതകം നോട്ടത്തിലും, ആഭിചാരക കര്‍മങ്ങളിലും എന്തിനേറെ മദ്യഷാപ്പുകളില്‍പോലും മുസ്‌ലിംകള്‍ സംവരണം നേടിയെടുക്കുന്ന കാഴ്ചകള്‍ സ്ഥിരം കാണുന്ന എന്നോടാണോ നിങ്ങളുടെ ചര്‍ച്ച എന്ന് തന്നെയായിരുന്നു എന്റെ നിലപാട്. എന്നാല്‍ മാഷിതൊന്നുവായിച്ചു നോക്ക് എന്ന് പറയുന്ന സ്‌നേഹം എങ്ങനെ തള്ളിക്കളയാന്‍. അവര്‍ തരുന്ന പുസ്തകങ്ങള്‍ രാവിലെയും വൈകുന്നേരവുമുള്ള സീസണ്‍ ടിക്കറ്റ് യാത്രയില്‍ എനിക്ക് കൂട്ടായി.
ഹോട്ടലുകളിലെല്ലാം പോവുമ്പോള്‍ കണക്കൊപ്പിക്കലോ പരിഭവമോ ഇല്ലാതെ പോക്കറ്റിലുള്ളത് അന്യന്റെ ഭക്ഷണത്തിനായി ഉദാരമായി നീളുന്ന അവരുടെ കൈകള്‍ എല്ലാം എണ്ണി ചുട്ടു ജീവിച്ച എന്റെ ജീവിത പരിസരത്തില്‍ അനുരണനങ്ങള്‍ സൃഷ്ടിച്ച് തുടങ്ങിയിരുന്നു എന്ന് വേണം കരുതാന്‍.
അതുകൊണ്ടു തന്നെ അവരുടെ നിര്‍ദേശങ്ങള്‍ പോസിറ്റീവ് ആയി തന്നെ സ്വീകരിക്കാന്‍ ഞാന്‍ ശ്രമിച്ചു. ഈ മുസ്‌ലിംകള്‍ എങ്ങനെയാണ് അവരുടെ പുസ്തകങ്ങള്‍ മറ്റുള്ളവരെ കൊണ്ട് വായിപ്പിക്കുന്നത് എന്ന് നോക്കുക. ഇതൊക്കെ എല്ലാവര്‍ക്കും പരീക്ഷിക്കാം. അതിനു വേണ്ടി കൂടിയാണ് ഈ കാഴ്ചകള്‍ പങ്കുവെക്കുന്നത്. ഒന്നുമില്ലെങ്കില്‍ സഹജീവിക്കു ഭക്ഷണം വാങ്ങിച്ചു കൊടുക്കാനുള്ള ശീലമെങ്കിലും നമ്മളിലുണ്ടാവും! എന്തായാലും മാലോകരോട് മറ്റുള്ളവരെ കണ്ണില്‍ പെടുന്ന ആയത്തുകള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കണം എന്ന് ആത്മാര്‍ഥമായി പറയാന്‍ ഈ കാഴ്ചയെ ഉപയോഗപ്പെടുത്തുന്നു.
മക്കയിലേക്കുള്ള പാത - മുഹമ്മദ് അസദ് (വിവര്‍ത്തനം എം.എന്‍ കാരശ്ശേരി, ഐ.പി.എച്ച്)
വിശ്വാസവും ജീവിതവും - യൂസുഫുല്‍ ഖറദാവി
വഴിയടയാളങ്ങള്‍ - സയ്യിദ് ഖുതുബ്
തെറ്റിദ്ധരിക്കപ്പെട്ട ഇസ്ലാം - മുഹമ്മദ് ഖുതുബ്
ഇസ്ലാമിലെ സാമൂഹ്യ നീതി -സയ്യിദ് ഖുതുബ്
ജയിലനുഭവങ്ങള്‍ - സൈനബുല്‍
ഗസ്സാലി
ഇസ്ലാം രാജമാര്‍ഗം - ഇസ്സത് ബെഗോവിച്ച്
ഇസ്ലാം മതം, ഖുതുബാത്- മൗദൂദി
മുഹമ്മദ് - ഹൈക്കല്‍
അങ്ങനെ അങ്ങനെ ലിസ്റ്റില്‍ ഒരുപാടുണ്ട്. വിമര്‍ശന ഗ്രന്ഥങ്ങള്‍ വേറെ. മാറ്റുരച്ചുനോക്കണമല്ലോ? വിരസമാവുന്ന ട്രെയിന്‍ യാത്രകളില്‍ ഇതൊക്കെയായി കൂട്ട്. പുലര്‍ച്ചെ ട്രെയിന്‍ പിടിക്കാനുള്ള നടത്തത്തില്‍ ആകാശത്തെ തെളിഞ്ഞു നില്‍ക്കുന്ന നക്ഷത്രങ്ങളെ മാത്രം സാക്ഷിയാക്കി ആശയങ്ങള്‍ കൂട്ടിയും കിഴിച്ചും കുറേ ദിനങ്ങള്‍. ഒരു ശരാശരിക്കാരന്റെ യാത്രയും കാഴ്ചകളുമാണല്ലോ? അതിന്റെ കൂട്ടത്തില്‍ ഭഗവത് ഗീത സാധ്യായം, ബൈബിള്‍, കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ, യുക്തിവാദം ഒക്കെ കലക്കി ആണ് സേവിച്ചിരുന്നത്. പിന്നെ എന്നത്തെയും പോലെ സാഹിത്യത്തിലെ പ്രണയവും മരണവും!
മേല്‍ പറഞ്ഞ പുസ്തകങ്ങളൊക്കെ തിന്നു തീര്‍ക്കുമ്പോള്‍ ഇസ്ലാം മുന്നോട്ടു വെക്കുന്ന സാമൂഹിക നീതി ഒരാളെ ആകര്‍ഷിക്കാതിരിക്കില്ല എന്നാണെനിക്കു തോന്നുന്നത്. എന്തായാലും എന്നില്‍ അത് കൗതുകം ഉണര്‍ത്തിയിരുന്നു. സകാത്തിന്റെയൊക്കെ സാമൂഹിക മാനം ഏതു ഇടതുപക്ഷ മനസ്സിനെയാണ് ഒന്നുണര്‍ത്താതിരിക്കുക? അത് നാട്ടിലുണ്ടോ, സുഊദിയിലുണ്ടോ എന്നൊന്നും ചോദിക്കാന്‍ മാത്രം മണ്ടത്തരം ഇപ്പോളില്ല.
അന്നതൊക്കെ ചോദിച്ചു സൗഹൃദ ചര്‍ച്ചകളില്‍ ഞാന്‍ എളുപ്പം പിടിച്ചു നിന്നിരുന്നു താനും. എനിക്കതു നിര്‍വഹിക്കാന്‍ ഇപ്പോള്‍ സാധിക്കുന്നു എന്നതല്ലേ വലിയ കാര്യം. നമ്മള്‍ സംസാരിക്കുന്നത് ആദര്‍ശങ്ങളിലെ മൗലികതയെ കുറിച്ചാണ്. ആദര്‍ശം പേറുന്നു എന്നവകാശപ്പെടുന്നവരുടെ മൂല്യച്യുതിയെ കുറിച്ചല്ല.
എല്ലാ ആദര്‍ശങ്ങള്‍ക്കും ഇതു തന്നെയല്ലേ സംഭവിച്ചത് എന്ന് ചോദിച്ചാല്‍, ഞാനൊരു കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് ബിരുദധാരിയാണ്. ആ ഭാഷയില്‍ പറഞ്ഞാല്‍, സോഫ്ട്വെയറിന്റെ ഏറ്റവും നൂതന വേര്‍ഷന്‍ ഉപയോഗിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരാളാണ്. പഴയ വേര്‍ഷനില്‍ എഴുതിയ എല്ലാ പ്രോഗ്രാമും പുതിയതില്‍ വര്‍ക്ക് ചെയ്യും. പുതിയ വേര്‍ഷന്റെ ഫീച്ചേഴ്‌സ് പഴയതില്‍ ഉണ്ടാക്കിയെടുക്കാം, പക്ഷേ ഇത്തിരി പാടാണ്. അതുകൊണ്ടാണ് എല്ലാവരും നൂതന വേര്‍ഷന്‍ സ്വന്തമാക്കുന്നത്. മതത്തിലും അത് പരീക്ഷിക്കാവുന്നതാണ്. പുതിയ വേര്‍ഷന്‍ ഉപയോഗിക്കുന്നവര്‍ ഏറെ മേനി നടിക്കേണ്ടതില്ല, എന്ത് ഉപയോഗിച്ചാലും ഔട്ട്പുട്ട് തന്നെ കാര്യം!
പക്ഷേ ഒരാള്‍ക്ക് അയാളെന്തു ഉപയോഗിക്കണം എന്ന സ്വാതന്ത്ര്യം പരമപ്രധാനമല്ലേ?
ആദര്‍ശപ്രചോദിതമായ ഇസ്ലാമിക സമൂഹത്തിനു ലോകത്തിനു വേണ്ടി പലതും ചെയ്യാനാവുമെന്ന് ഈ വായനകള്‍ എന്നെ സഹായിച്ചു എന്ന് മാത്രം.
'വായിക്കുക, നിന്നെ സൃഷ്ടിച്ച നിന്റെ നാഥന്റെ നാമത്തില്‍, രക്തപിണ്ഡത്താല്‍ അവന്‍ മനുഷ്യനെ സൃഷ്ടിച്ചു. വായിക്കുക, നിന്റെ നാഥന്‍ ഏറ്റം ഉദാരനാകുന്നു. തൂലിക കൊണ്ട് പഠിപ്പിച്ചവന്‍, അവന്‍ മനുഷ്യനെ അറിഞ്ഞു കൂടാത്തത് പഠിപ്പിച്ചു' (അല്‍അലഖ് 96:1-5).
എട്ട് - ചോദ്യങ്ങള്‍
നീതി ആഗ്രഹിക്കാത്ത മനുഷ്യരുണ്ടോ?
അപ്പോള്‍ ഈ സാമൂഹിക നീതിക്കുള്ള പോരാട്ടത്തിനു വേണ്ടി ഏതെങ്കിലും ബുദ്ധിമാന്‍ ഉണ്ടാക്കിയ സങ്കല്‍പം ആയിക്കൂടേ ഈ സ്വര്‍ഗനരക സങ്കല്‍പം ഒക്കെ? ഇത് ഞാന്‍ അന്നത്തെ മനശ്ശാസ്ത്രം മാസികയില്‍ കത്തിലൂടെ നിത്യചൈതന്യയതിയോടു ചോദിച്ച ചോദ്യം ആണ്. അദ്ദേഹത്തിന്റെ ആത്മകഥ മാസികയിലൂടെ വരുന്ന സമയം ആയിരുന്നു അത്.
ബാബരി മസ്ജിദ് തകര്‍ത്തു വര്‍ഗീയവാദികള്‍ ഇന്ത്യന്‍ സാമൂഹിക അന്തരീക്ഷം കലുഷിതമാക്കിയ സന്ദര്‍ഭം. ഗുരു നിയോഗം ചില പുസ്തകങ്ങളായി പുറത്തു വന്നു. 'ദൈവവും പ്രവാചകനും പിന്നെ ഞാനും' എന്നതൊക്കെ അതില്‍പെടും എന്നാണ് തോന്നുന്നത്. മുസ് ലിംകള്‍ പറയുന്നതിനേക്കാള്‍ ഇസ്ലാമിനെ കുറിച്ച് അദ്ദേഹം പറയുന്നതിനാണ് ഞാന്‍ വില കല്‍പിച്ചത്. നമ്മള്‍ ചുമ്മാ അങ്ങ് സമ്മതിച്ചു കൊടുക്കരുതല്ലോ?
സത്യത്തെ ഇത്രമേല്‍ പേര്‍ത്തും പേര്‍ത്തും സ്ഥാപിക്കുന്ന വേദഗ്രന്ഥം മറ്റൊന്നില്ല എന്ന അദ്ദേഹത്തിന്റെ ഖുര്‍ആനെക്കുറിച്ചുള്ള നിരീക്ഷണങ്ങള്‍ എന്നെ കൗതുകപ്പെടുത്തി. അല്ലാഹുവിനെ പരംപൊരുളും ജഗന്നിയന്താവുമൊക്കെ ആയി പരിചയപ്പെടുത്തി അദ്ദേഹം ദൈവികമായ ഭാഷയില്‍ എന്നോട് സംവദിച്ചു.
എന്റെ മകള്‍ ഫാത്വിമയാണ് കട്ടതെങ്കില്‍ അവളുടെ കൈയും ഞാന്‍ വെട്ടുമായിരുന്നു എന്നു ഉദ്ഘോഷിച്ച നീതിബോധത്തിന്റെ നിറകുടമായി നബിയെ അദ്ദേഹം പരിചയപ്പെടുത്തുകയും ചെയ്തു. ഉന്നതകുലജാതയായ ഒരു സ്ത്രീക്കു വേണ്ടി ആരോ ശിപാര്‍ശ പറഞ്ഞപ്പോഴാണ് സ്വന്തം കരളിന്റെ കഷ്ണം എന്ന് നബി തന്നെ വിശേഷിപ്പിച്ച മകള്‍ ഫാത്വിമയെ പോലും പരാമര്‍ശിച്ച് പ്രവാചകന്‍ ഈയൊരു നിലപാട് ജനങ്ങളില്‍ സമര്‍പ്പിച്ചത്.
ജീവിതത്തില്‍ ഒരിക്കലും കള്ളം പറയാത്ത ഈ മഹാ മനുഷ്യന്‍ സ്വര്‍ഗനരകം എന്നൊക്കെയുള്ള കള്ളം പറയുമായിരുന്നോ എന്നായിരുന്നു എന്റെ സംശയം. നമ്മുടെ സംശയങ്ങള്‍ക്കെല്ലാം ഉത്തരം നാം തന്നെ കണ്ടെത്തേണ്ടതുണ്ട്. ഭൂമിയിലും ആകാശത്തുമുള്ള ആയത്തുകള്‍ പാരായണം ചെയ്യണം എന്നാണ് പടച്ച തമ്പുരാന്‍ വിശുദ്ധ ഖുര്‍ആനിലൂടെ നമ്മോടു പറഞ്ഞത്. അതുകൊണ്ട് വായന തുടരുന്നു. അനന്തമായ വായന തന്നെ ജീവിതം.
എന്തുകൊണ്ട് യതിയെ പരാമര്‍ശിക്കുന്നു എന്ന് ചോദിച്ചാല്‍ നിങ്ങളുടെ സത്യത്തിലേക്ക് നിങ്ങളെ വഴിനടത്തിയോര്‍ക്കു പ്രപഞ്ചസ്രഷ്ടാവ് കൊടുക്കുന്ന പ്രതിഫലത്തില്‍ അദ്ദേഹത്തിന്റെ പങ്ക് സ്ഥാപിക്കാന്‍ വേണ്ടി തന്നെയാണ്. സാമൂഹിക ബോധവും നീതിയും ഒക്കെ തന്നെയായിരുന്നു എന്റെ തുടക്കത്തിലേയുള്ള അന്വേഷണം എന്ന് പറയേണ്ടിയിരിക്കുന്നു.
''നിങ്ങള്‍ അളവ് പൂര്‍ത്തിയാക്കിക്കൊടുക്കുക നിങ്ങള്‍ ജനങ്ങള്‍ക്ക് നഷ്ടമുണ്ടാക്കുന്നവരുടെ കൂട്ടത്തിലാവരുത്. കൃത്രിമമല്ലാത്ത തുലാസ് കൊണ്ട് നിങ്ങള്‍ തൂക്കുക. ജനങ്ങള്‍ക്ക് അവരുടെ സാധനങ്ങളില്‍ നിങ്ങള്‍ കമ്മിവരുത്തരുത്. നാശകാരികളായിക്കൊണ്ട് നിങ്ങള്‍ ഭൂമിയില്‍ അതിക്രമം പ്രവര്‍ത്തിക്കരുത്. നിങ്ങളെയും നിങ്ങളുടെ പൂര്‍വ തലമുറകളെയും സൃഷ്ടിച്ചവനെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുക'' (ശുഅറാഅ് 26: 181-184)
നിങ്ങളുടെ വിശ്വാസം നിങ്ങളെ മികച്ച സാമൂഹിക ബോധമുള്ളവനാക്കുന്നുവെങ്കില്‍ പിന്നെ നിങ്ങളെന്തിന് അതിനോട് പുറംതിരിഞ്ഞു നില്‍ക്കണം? ഇതൊരു ഉദാഹരണം മാത്രം. മതത്തിന്റെ സന്ദേശം - ഏതു മതമാവട്ടെ - ആളുകളുടെ സല്‍സ്വഭാവം പരിപോഷിപ്പിക്കുക എന്നതാണ്. മാനവതയുടെ ഏറ്റവും വലിയ പ്രശ്‌നം സല്‍സ്വഭാവരാഹിത്യമാണ്. അതിനെ പരിപോഷിപ്പിക്കാന്‍ നിങ്ങളുടെ പരലോക വിശ്വാസം നിങ്ങളെ സഹായിച്ചേക്കും. പേടിപ്പിച്ചു നന്മ ചെയ്യിക്കാന്‍ നോക്കുന്നോ എന്ന ചില സുഹൃത്തുക്കളുടെ ചോദ്യത്തിനോട് പ്രണയിച്ചു നന്മ ചെയ്തു നോക്കൂ എന്ന് പറയാനേ തല്‍ക്കാലം കഴിയൂ.
സ്രഷ്ടാവിനോടുള്ള പ്രണയവും തൗഹീദിന്റെ സൗന്ദര്യവുമൊക്കെ നിറയണമെങ്കില്‍ ഇനിയും എന്തൊക്കെ അറിയാനിരിക്കുന്നു!
(തുടരും)
Comments