വംശവെറിയുടെ നാട്ടുനീതികള്‍
ആദിവാസികള്‍ എന്ന ആദിമനിവാസികള്‍ക്ക് കാടിനോട് ചേര്‍ന്ന അവരുടേതായ ആവാസവ്യവസ്ഥിതി ഉണ്ടായിരുന്നു. അവര്‍ക്കിണങ്ങുന്ന കുടുംബ ജീവിതവും കൃഷിയും സാമൂഹിക വ്യവസ്ഥിതിയുമെല്ലാം അവിടെ പുലര്‍ന്നിരുന്നു. അവിടെയുള്ള 'കാട്ടുനീതി'യില്‍ അവര്‍ സംതൃപ്തരായിരുന്നു. ആ കാട്ടുജീവിതങ്ങളെ പരിഷ്‌കരിക്കാന്‍ നാട്ടുകാര്‍ കാട് കയറാന്‍ തുടങ്ങിയതോടെയാണ് അവരുടെ സ്വാഭാവിക ജീവിതം താളം തെറ്റിയത്. ആദ്യം സര്‍ക്കാര്‍ അവരുടെ കാടിനും ഊരിനും അതിരു വെച്ചു. പിന്നീട് ആ അതിരുകള്‍ക്കകത്തെ ഭൂമിയുടെ സിംഹഭാഗവും കൈയേറ്റക്കാര്‍ വീതംവെച്ചു. നാട്ടു പരിഷ്‌കാരികള്‍ കാട്ടിലെത്തിയതോടെ അവരുടെ തനത് കൃഷികള്‍ നശിച്ചു. പകരം നാട്ടുകള്ളന്മാരുടെ കഞ്ചാവ് ചെടികള്‍ക്ക് അവര്‍ കാവലിരിക്കേണ്ടിവന്നു. കാടിനകത്തെ വാറ്റുചാരായ കച്ചവടത്തിനും ഈ കാട്ടുജീവിതങ്ങള്‍ ഉപയോഗപ്പെടുത്തപ്പെട്ടു. വിശപ്പടക്കാന്‍ അന്നമില്ലാത്തപ്പോഴും മദ്യവും കഞ്ചാവും ആദിവാസി ഊരുകളില്‍ ലഭ്യമായതങ്ങനെയാണ്. കാടിന്റെ മറവില്‍ ആദിവാസി ഊരുകളില്‍ നാട്ടിലെ പകല്‍ മാന്യന്മാര്‍ നിത്യ സന്ദര്‍ശകരായതോടെയാണ് അവിവാഹിതരായ അമ്മമാര്‍ ആദിവാസികളിലുണ്ടാവുന്നത്. കാടല്ല; നാടാണവരെ പിഴപ്പിച്ചത്. കാട്ടുനീതിയല്ല; 'നാട്ടുനീതി'യാണവരുടെ ജീവിതം തകര്‍ത്തത്.
ആദിവാസികളുടെ ജീവിതപരിസരങ്ങളില്‍ വിശപ്പിന്റെയും ലഹരിയുടെയും ഇരുട്ട് നിറച്ചതാരാണെന്ന് നമ്മള്‍ അന്വേഷിക്കാറില്ല. മലയാളിയുടെ പുരോഗമന ജീവിതത്തിന് പുറത്തുള്ളവരെല്ലാം നമുക്ക് അപരരായി മാറിക്കൊണ്ടിരിക്കുകയാണ്. അവരോടെല്ലാം നമുക്ക് പുഛവും വെറുപ്പുമാണ്. നമ്മുടെ ജീവിത പരിസരങ്ങളില്‍ തന്നെയുള്ള ആദിവാസികളോടും തെരുവ് ജീവിതങ്ങളോടും ഇതര സംസ്ഥാന തൊഴിലാളികളോടുമുള്ള സമീപനങ്ങളില്‍ ഇത് തെളിഞ്ഞുകാണാം. ഒരു വിഭാഗത്തോട് വെറുപ്പ് മനസ്സില്‍ രൂപപ്പെട്ടാല്‍ തങ്ങളുടെ സൈ്വരജീവിതത്തിന് അവര്‍ തടസ്സം സൃഷ്ടിക്കുമോ എന്ന സാമൂഹിക ഭീതിയായി അത് വളരും. കള്ളനെന്ന് സംശയിച്ച് ഇതര സംസ്ഥാന തൊഴിലാളികളും, കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ വന്നവനെന്നാരോപിച്ച് തെരുവു ജീവിതം നയിക്കുന്ന വയോവൃദ്ധനും ആള്‍ക്കൂട്ട വിചാരണക്ക് വിധേയമായത് ഈ പേടി കാരണമാണ്. മലയാളികള്‍ക്ക് മാനസിക നില തെറ്റിത്തുടങ്ങിയതിന്റെ സമീപകാല ഉദാഹരണങ്ങളാണിത്. അതിന്റെ ഏറ്റവും ക്രൂരമായ മുഖമാണ് അട്ടപ്പാടിയിലേത്.
ഓരോ മലയാളിയുടെയും അകം പേറുന്ന വംശവെറിയുടെ ഇരയാണ് മധുവെന്ന ആദിവാസി യുവാവ്. മധുവിനെ കാട്ടിനകത്തുള്ള ഗുഹയില്‍നിന്ന് നാട്ടിലെ ആള്‍ക്കൂട്ട വിചാരണക്ക് വലിച്ചിഴച്ചു കൊണ്ടുവന്നത് നമ്മുടെ ഓരോരുത്തരുടെയും പ്രതിനിധികള്‍ തന്നെയാണ്. ഈ വംശവെറി കേരളീയ പൊതുബോധത്തിന്റെ ഭാഗമായതുകൊണ്ടാണ് മധുവിന്റെ നെഞ്ചിന്‍കൂട് തകര്‍ക്കാന്‍ നേതൃത്വം നല്‍കിയവരില്‍ അസാധാരണമാംവിധം സാമുദായിക സന്തുലിതത്വമുണ്ടായത്. സോഷ്യല്‍ മീഡിയയില്‍ മധുവിന്റെ പേരില്‍ സഹതപിച്ചതുകൊണ്ട് മലയാളിയുടെ പുരോഗമന വസ്ത്രത്തില്‍ പതിഞ്ഞ ഈ പാപക്കറ മാഞ്ഞുപോവില്ല. നമ്മുടെയെല്ലാം ഉള്ളിലുള്ള ഇതരരോടുള്ള വെറുപ്പും വിദ്വേഷവും മുന്‍വിധികളുമെല്ലാം കുടഞ്ഞെറിയാതെയുള്ള ഏതു നാട്യവും കാപട്യം മാത്രമായിരിക്കും. യഥാര്‍ഥത്തില്‍ പ്രശ്‌നക്കാരന്‍ അപരരല്ല; നമ്മള്‍ തന്നെയാണ്. ചികിത്സ വേണ്ടത് മുന്‍വിധികള്‍ നിറഞ്ഞ നമ്മുടെ മനസ്സുകള്‍ക്കാണ്. അത് എത്രയും വേഗം തിരിച്ചറിഞ്ഞാല്‍ മലയാളികള്‍ക്ക് തങ്ങളുടെ മാനസികാരോഗ്യം വീണ്ടെടുക്കാം. അല്ലായെങ്കില്‍ സാമൂഹിക ഭീതി വളരുകയും പുതിയ പുതിയ ശത്രുക്കളെ മെനഞ്ഞുണ്ടാക്കുകയും അതുവഴി സൈ്വരജീവിതം നഷ്ടപ്പെടുകയും ചെയ്യുന്ന ഒരു വിഭാഗമായി മലയാളികളും മാറും.
Comments