ദാമ്പത്യ ബന്ധം നന്നാക്കാന്‍ ഏഴു ചുവടുവെപ്പുകള്‍
ദാമ്പത്യ പ്രശ്‌നങ്ങള്‍ ഗുരുതരവും അപരിഹാര്യവുമായി തോന്നാമെങ്കിലും ശരിയായ പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്തിയാല്‍ ലളിതമായി തീര്‍ക്കാവുന്നതേയുള്ളൂ പലതുമെന്ന് ഇത്തരം കേസുകള്‍ ദീര്‍ഘകാലമായി കൈകാര്യം ചെയ്തുപോരുന്ന എനിക്ക് ബോധ്യമായിട്ടുണ്ട്. എന്നെ സമീപിക്കുന്ന ദമ്പതികളോട് ആദ്യമേ ഞാനിത് പറയും. അവര്‍ അത്ഭുതപ്പെടും. അവര്‍ കരുതുക ഇത്രയും ഗുരുതരമായ പ്രശ്‌നം എങ്ങനെ പരിഹരിക്കാനാവുമെന്നാണ്. പല പരിഹാര ശ്രമങ്ങളും നടത്തിനോക്കിയിട്ടും 'വഞ്ചി തിരുനക്കര തന്നെ' എന്നതായിരിക്കും അവരുടെ അനുഭവം. തങ്ങള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ ആത്മാര്‍ഥമായി അഭിലഷിക്കുന്ന ദമ്പതികള്‍ക്ക് മുന്നില്‍ ഏഴ് ചുവടുവെപ്പുകള്‍ ഞാന്‍ നിര്‍ദേശിക്കാം. അവ നടപ്പാക്കാന്‍ ഇരുവരും ഉള്ളുതുറന്ന് ആഗ്രഹിച്ചാല്‍ വലിയ വ്യത്യാസം അനുഭവപ്പെടുമെന്നാണ് എന്റെ വിശ്വാസം. ചികിത്സാകാലം നീളുന്നുവെങ്കില്‍ അതിന്റെ അര്‍ഥം, പ്രശ്‌നങ്ങള്‍ ദീര്‍ഘകാലമായി അവര്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ടെന്നും അവഗണിക്കുകയോ പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുകയോ ചെയ്യാതെ അവ തങ്ങളുടെ ജീവിതത്തിന്റെ പുരാതന ശേഖരത്തില്‍ അങ്ങനെ ചാരം മൂടിയ കനലായി കിടക്കുന്നു എന്നുമാണ്.
ഒന്ന്, എന്താണ് പ്രശ്‌നമെന്ന് കൃത്യമായി നിര്‍ണയിക്കുകയും കണ്ടെത്തുകയും വേണം. പല സന്ദര്‍ഭങ്ങളിലും ദമ്പതികളുടെ പരാതികള്‍ കേള്‍ക്കുമ്പോള്‍ മനസ്സിലാവും അവരുടെ പ്രശ്‌നവിശകലനം തെറ്റാണെന്ന്. പ്രശ്‌നങ്ങള്‍ അവര്‍ അവതരിപ്പിക്കുന്നത് ദാമ്പത്യ വഞ്ചന എന്നു പേരിട്ടാവും. രണ്ടാം വിവാഹമായിരിക്കും യഥാര്‍ഥ പ്രശ്‌നം. ധിക്കാരമെന്നാവും ചിലപ്പോള്‍ പറയുക. പിന്നീട് മനസ്സിലാവും ധിക്കാരമല്ല കാരണമെന്ന്. ആദരവില്ല എന്നായിരിക്കും പരാതി. പരാതിക്കാരനോ പരാതിക്കാരിയോ ആദരവിനെക്കുറിച്ച് തെറ്റായ ധാരണകള്‍ പുലര്‍ത്തുന്നവരാണെന്ന് പിന്നീട് മനസ്സിലാവും. ശരിയായ പ്രശ്‌ന നിര്‍ണയം സാധ്യമായാല്‍ പകുതി പരിഹാരമായി എന്നാശ്വസിക്കാം.
രണ്ട്, ഒരാഴ്ചക്കിടയില്‍ ഒരു ചെറിയ മാറ്റം. മറുകക്ഷി ഒരാഴ്ചക്കിടയില്‍ സ്വഭാവത്തിലും പെരുമാറ്റത്തിലും ഒരു ചെറിയ മാറ്റം വരുത്തിയിട്ടുണ്ടെന്ന് ബോധ്യമാവുക. ഉദാഹരണമായി, ശബ്ദം താഴ്ത്തി സംസാരിക്കുക, കാണുമ്പോള്‍ പുഞ്ചിരിക്കുക, അല്‍പനേരമെങ്കിലും വര്‍ത്തമാനം പറയുക തുടങ്ങിയ കൊച്ചു കൊച്ചു മാറ്റങ്ങള്‍. ഈ മാറ്റം പ്രശ്‌നപരിഹാരത്തിലേക്കാണ് നീങ്ങുന്നതെന്ന ശുഭപ്രതീക്ഷ മറുകക്ഷിയില്‍ വളര്‍ത്തും. അതോടെ ഇരുവരും പരിഹാര പാതയിലേക്ക് അറിയാതെ പ്രവേശിച്ചുതുടങ്ങും.
മൂന്ന്, ഉപദേഷ്ടാവ് വിശ്വാസ്യത പുലര്‍ത്തണം. പലപ്പോഴും ദാമ്പത്യ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കുന്നത് ഉപദേശിവൃന്ദമാണ്. ദമ്പതികളിലൊരാള്‍ തങ്ങളുടെ പ്രശ്‌നങ്ങള്‍ ബന്ധുക്കളോടോ കുടുംബാംഗങ്ങളോടോ മാതാപിതാക്കളോടോ സുഹൃത്തുക്കളോടോ പങ്കിടും; ഉപദേശം തേടും. പലപ്പോഴും ശരിയായ വ്യക്തികളെയാവില്ല അവര്‍ തെരഞ്ഞെടുത്തിട്ടുണ്ടാവുക. ഉപദേശിയോ കൗണ്‍സലറോ തകര്‍ന്ന ദാമ്പത്യാനുഭവങ്ങളിലൂടെ കടന്നുപോന്നവരാകും. അയാളുടെ ഉപദേശങ്ങളില്‍ ഈ അനുഭവങ്ങള്‍ പ്രതിഫലിച്ചെന്നിരിക്കും. നിസ്സാരമായ ഒരു ദാമ്പത്യ പ്രശ്‌നം എന്റെ മുന്നില്‍ വന്നു. ദമ്പതികള്‍ക്കിടയില്‍ ഈ നിസ്സാര പ്രശ്‌നം എങ്ങനെ സങ്കീര്‍ണ സ്വഭാവം കൈവരിച്ചു എന്ന് ഞാന്‍ അത്ഭുതപ്പെട്ടു. കാരണം തിരക്കിയപ്പോള്‍ കിട്ടിയ മറുപടി: ''ഞങ്ങള്‍ ചെയ്തതൊക്കെയും ഞങ്ങളുടെ കുടുംബത്തിലെ ഒരാളുടെ ഉപദേശം കേട്ടാണ്. അയാള്‍ വിവാഹമോചനം ചെയ്ത ആളാണ്. ഭാര്യയോട് പകയും പ്രതികാരബുദ്ധിയും പേറി നടക്കുന്ന ആളാണ്.'' തന്റെ പ്രതികാരബുദ്ധി തന്നെ ഉപദേശത്തിനായി സമീപിച്ചവരിലേക്കും അയാള്‍ പകര്‍ന്നതാണ് എന്ന് മനസ്സിലായി.
നാല്, ദാമ്പത്യ ബന്ധം പൂര്‍വ സ്ഥിതിയിലാവാനും ശക്തിപ്പെടാനും കടക്കണ്‍കടാക്ഷം ഏറെ പ്രധാനമാണ്. നോട്ടത്തിനും കാഴ്ചക്കും അസാധാരണമായ വികാര വിനിമയ ശേഷിയുണ്ട്. സത്യം എന്തെന്നാല്‍, പിണക്കമോ അസ്വാരസ്യമോ കലഹമോ ഉണ്ടാവുന്ന വേളയില്‍ ഓരോരുത്തരും മറുകക്ഷിയില്‍നിന്ന് അകലുകയും കാണാതെ കഴിക്കുകയും ചെയ്യും. 'ദൂരം വിട്ടാല്‍ ഖേദം വിട്ടു' എന്ന് പറഞ്ഞപോലെ, കാഴ്ചയുടെ സന്ദര്‍ഭം കുറയുന്തോറും അകല്‍ച്ച കൂടും. ഓര്‍മകളെയും ചിന്തകളെയും വികാരങ്ങളെയും മെരുക്കി ദമ്പതികള്‍ ആദ്യത്തെ ഒരാഴ്ച പരസ്പരം കാണണമെന്ന നിര്‍ബന്ധത്തില്‍ നില്‍ക്കുകയും അതിനുള്ള ശ്രമങ്ങള്‍ തുടങ്ങുകയും ചെയ്താല്‍ അവര്‍ക്കിടയിലെ മഞ്ഞുമല ഉരുകിത്തുടങ്ങും. പിന്നെ ക്രമത്തില്‍ ദിവസത്തില്‍ പത്തു മിനിറ്റെങ്കിലും പരസ്പരം കാണണമെന്ന നിര്‍ബന്ധത്തില്‍ നില്‍ക്കുകയും ദര്‍ശന വിനിമയത്തിലൂടെ സംസാരത്തിലേക്ക് പ്രവേശിക്കുകയും ചെയ്താല്‍ ദുഃഖവും വ്യഥയും പരാതിയും പരിഭവവും ഇല്ലാതാവുകയും ബന്ധം പൂര്‍വ സ്ഥിതി പ്രാപിക്കുകയും ചെയ്യും.
അഞ്ച്, ഗുണാത്മക വശങ്ങള്‍ക്ക് മുന്‍ഗണന. പ്രശ്‌നപരിഹാരശ്രമത്തിന്റെ ആദ്യവാരത്തില്‍ മറുകക്ഷിയുടെ നന്മ നിറഞ്ഞ ക്രിയാത്മക വശങ്ങള്‍ ഓര്‍ത്തുകൊണ്ടിരിക്കുക. കുറ്റങ്ങളും കുറവുകളുമല്ല ഓര്‍ക്കേണ്ടത്. ഗുണങ്ങളാവണം, ദോഷങ്ങളാവരുത്. തങ്ങളുടെ ജീവിതത്തില്‍ ഓരോരുത്തര്‍ക്കുമുള്ള പ്രാധാന്യം തുറന്നു പറയുക. തേനീച്ചയുടെ കണ്ണാവണം, ഈച്ചയുടെ കണ്ണാവരുത് എന്ന് സാരം. പൂക്കള്‍ തേടിപ്പോകുന്ന തേനീച്ച തേനാണ് കൊണ്ടുവരിക. ചപ്പുചവറുകള്‍ തേടിപ്പോകുന്ന ഈച്ച മാലിന്യമേ കൊണ്ടുവരൂ.
ആറ്, ദാമ്പത്യ ജീവിതത്തിലെ മനോഹര സന്ദര്‍ഭങ്ങള്‍ ഓര്‍ത്തെടുക്കുക. വിവാഹത്തിന്റെ ആദ്യനാളുകള്‍, ഒന്നിച്ച് യാത്ര ചെയ്തത്, വിരുന്നിന് പോയത്, വിനോദ സഞ്ചാരം നടത്തിയത്... അങ്ങനെ പലതും. വിവാഹത്തിന്റെ ഫോട്ടോ ആല്‍ബമോ വീഡിയോ ചിത്രീകരണമോ ഉണ്ടെങ്കില്‍ ഒന്നിച്ചിരുന്ന് കാണുകയും പഴയകാലത്തിലേക്ക് ഒരു സഞ്ചാരം നടത്തുകയും ചെയ്യുക. മക്കളുടെ കുഞ്ഞുനാളിലെ ഫോട്ടോകള്‍, അവരെക്കുറിച്ച ഓര്‍മകള്‍, അവര്‍ ജനിച്ച വേളയിലെ സന്തോഷാനുഭവങ്ങള്‍ അങ്ങനെ പലതുമുണ്ടാവുമല്ലോ ഓര്‍മയുടെ ചെപ്പില്‍നിന്ന് പുറത്തെടുത്തോമനിക്കാന്‍.
ഏഴ്, നന്മ നിറഞ്ഞ ദമ്പതികളുടെ ശക്തമായ ആയുധം പ്രാര്‍ഥനയാണ്. ഏതൊരു പ്രശ്‌നത്തിനും പ്രാര്‍ഥനയിലൂടെ പരിഹാരമുണ്ടാവും. പ്രാര്‍ഥന തന്റെ ദാസന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍നിന്നാവുമ്പോള്‍ അല്ലാഹു അത് സ്വീകരിക്കാതിരിക്കില്ല. അവന്റെ പേരിലാണല്ലോ അവര്‍ ദമ്പതികളായിത്തീര്‍ന്നത്.
വിവ: പി.കെ ജമാല്‍
Comments