ബാങ്കുകളുടെ താക്കോലുകള്‍ ആരുടെ കൈയിലാണ്?
'നീരവ് മോദി 11328 കോടി തട്ടിക്കൊണ്ടുപോയ പഞ്ചാബ് നാഷ്‌നല്‍ ബാങ്കിന്റെ ബ്രാഞ്ചില്‍ 5 രൂപയുടെ പേന കട്ടുകൊണ്ടു പോകാതിരിക്കാന്‍ നൂലില്‍ കെട്ടിയിരിക്കുന്നു.' കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ കണ്ട ഗൗരവപ്പെട്ട ഒരു തമാശയാണിത്. നിലവില്‍ ഇന്ത്യന്‍ ബാങ്കുകളുടെ നേര്‍ചിത്രം കൂടിയാണ് ആ വാചകം. കടുക് ചോരുന്നതറിയുന്നു; ആന ചോരുന്നതറിയുന്നില്ല അവര്‍.
വജ്ര വ്യാപാരി നീരവ് മോദി കേസിലൂടെ ഇന്ത്യന്‍ ബാങ്കിംഗ് ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പിനാണ് നമ്മള്‍ സാക്ഷികളായത്. വിന്‍സം-ഫോര്‍ എവര്‍ പ്രീഷ്യസ് ഗ്രൂപ്പിന്റെ മുതലാളി ജിതിന്‍ മെഹ്തയുടെ കേസുമായി ധാരാളം സാമ്യതകള്‍ ഈ കേസിന് കാണാം. ജിതിന്‍ മെഹ്തയും നീരവ് മോദിയും ഗുജറാത്ത് സ്വദേശികളായ വജ്ര വ്യാപാരികളാണ്. രണ്ടു പേരും ലെറ്റര്‍ ഓഫ് ക്രഡിറ്റ് സംവിധാനം ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയതും. പൊതുമേഖലാ സ്ഥാപനമായ പഞ്ചാബ് നാഷ്‌നല്‍ ബാങ്ക് തന്നെയാണ് രണ്ട് കേസിലെയും ബാങ്ക്. 2016-ല്‍ തന്നെ ജിതിന്‍ മെഹ്തയുടെ തട്ടിപ്പ് പുറത്തുവന്നിരുന്നു. മനഃപൂര്‍വം കടം തിരിച്ചടക്കാതിരിക്കുന്നവരെക്കുറിച്ച് CIBIL പ്രസിദ്ധീകരിച്ച ലിസ്റ്റില്‍ ഒന്നാമതായി ഉണ്ടായിരുന്നത് ജിതിന്‍ മെഹ്തയുടെ വിന്‍സം-ഫോര്‍ എവര്‍ പ്രീഷ്യസ് ഗ്രൂപ്പാണ്. അന്നത്തെ കണക്കു പ്രകാരം 2015 ഡിസംബര്‍ വരെ 6819 പേരില്‍നിന്നായി 74699 കോടി രൂപ കിട്ടാക്കടമായി ഉണ്ട്. അതില്‍ തന്നെ ബഹുഭൂരിഭാഗവും പൊതുമേഖലാ ബാങ്കുകളില്‍നിന്നെടുത്ത കടങ്ങളുമാണ്. കടം തിരിച്ചടക്കാത്ത ആദ്യ 15 കമ്പനികളുടെ ലിസ്റ്റ് താഴെ ചേര്‍ക്കുന്നു.
1. Winsom-Forever Precious group Rs 3,969 Crore
2. Zoom Developers Rs 1,911 Crore
3. S Kumars -Reid & Taylor Rs 1,789 Crore
4. Pearl- Pixion Group Companies Rs 1,226 Crore
5. Kingfisher Airlines Rs 1798 Crore
6. Deccan Chronicle Rs 991 Crore
7. XL Energy Rs 652 Crore
8. Beta Naphthal Rs 951 Crore
9. Zylog Systems Rs 440 Crore
10. Teledata Group Companies Rs 577 Crore
11. Vindhyavasini Steel Group Cos Rs 455 Crore
12. REI Agro Rs 313 Crore
13. Panther Fincap (Ketak Karekh) Rs 223 Crore
14. JB Diamonds Rs 465 Crore
15. Indian Techomac Rs 303 Crore
Data cibill
2011 മുതലാണ് നീരവ് മോദിയുടെ കമ്പനികള്‍ക്ക് പി.എന്‍.ബി നിയമവിരുദ്ധമായി ജാമ്യപത്രം നല്‍കിത്തുടങ്ങിയത്. 2018 വരെ ഇത്രയും വലിയ തട്ടിപ്പ്, അതും 2016-ല്‍ കണ്ടെത്തിയ ജിതിന്‍ മെഹ്തയുടെ തട്ടിപ്പിന് സമാനമായ രീതിയില്‍ നടന്നിട്ടും ഓഡിറ്റര്‍മാരോ ബാങ്ക് ഹെഡ് ഓഫീസോ സര്‍ക്കാരോ ഏഴു വര്‍ഷക്കാലം അറിയാതെ പോയി എന്നത് വിശ്വസിക്കാന്‍ പ്രയാസമുണ്ട്. പ്രത്യേകിച്ച് എല്ലാ ബാങ്ക് ഇടപാടുകളും നെറ്റ്‌വര്‍ക്ക് വഴി കേന്ദ്രീകരിച്ച ഈ കാലത്ത്. അഥവാ ബ്രാഞ്ച് മാനേജറും നീരവ് മോദിയും ചേര്‍ന്ന് നടത്തിയ ഒരു കൊച്ചു തട്ടിപ്പല്ല ഇത്. മറിച്ച്, രാഷ്ട്രീയ സ്വാധീനമുള്ള നീരവ് മോദി പലരുടെയും സഹായത്താല്‍ നടത്തിയ പകല്‍ കൊള്ളയായേ മനസ്സിലാക്കാന്‍ സാധിക്കൂ. ഭരണകൂടങ്ങള്‍ ആരെയാണ് വിഡ്ഢികളാക്കുന്നത്? ഓരോ പൗരന്റെയും ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ആധാറുമായി ബന്ധിപ്പിച്ചോ, പാന്‍ കാര്‍ഡുമായി ബന്ധിപ്പിച്ചോ സര്‍ക്കാറിന്റെ കൈയിലുണ്ട്. അപ്പോള്‍ പിന്നെ 11328 കോടി രൂപയുടെ തട്ടിപ്പ് നടന്നിട്ട് എങ്ങനെ കാണാതെ പോയി?
പൊതുമേഖലാ ബാങ്കുകളില്‍ നടക്കുന്ന ഇത്തരം തട്ടിപ്പുകളിലൂടെ ഓരോ പൗരന്റെയും പണമാണ് നഷ്ടമാകുന്നത്. ഓരോ പൗരന്റെയും അക്കൗണ്ടിലേക്ക് അഞ്ച് ലക്ഷം വീതം വന്നില്ലെങ്കിലും പൗരന്മാരുടെ പണം കോര്‍പ്പറേറ്റുകള്‍ക്ക് പുട്ടടിക്കാന്‍ വാരിക്കൊടുക്കാതിരുന്നാല്‍ മതിയായിരുന്നു. കാര്‍ഷിക ലോണ്‍ തിരിച്ചടക്കാന്‍ പറ്റാതെ പലിശയും കൂട്ടുപലിശയുമായി കടക്കെണിയില്‍പെട്ട് കിടപ്പാടം ജപ്തി ചെയ്യാന്‍ ബാങ്കുകാര്‍ വരുന്നത് കാത്തുനില്‍ക്കാതെ കുടുംബം ഒന്നിച്ച് ആത്മഹത്യ ചെയ്യുന്ന രാജ്യത്ത് വിജയ് മല്യയും കേതന്‍ പരേഖും നീരവ് മോദിയും ഒക്കെ കോടികള്‍ കടമെടുത്ത് വിദേശത്ത് സുഖവാസത്തിലാണ്. വിജയ് മല്യയുടെ കിംഗ് ഫിഷര്‍ എയര്‍ ലൈന്‍സ് നഷ്ടത്തിലായപ്പോള്‍ നികുതിപ്പണം കൊണ്ട് സഹായം നല്‍കാന്‍ തീരുമാനിച്ച സ്വന്തം രാഷ്ട്രത്തെ വഞ്ചിച്ചാണ് ആ 'രാജ്യസ്‌നേഹി' നാടു വിട്ടത് എന്നോര്‍ക്കണം.
രാജ്യത്ത് കിട്ടാക്കടങ്ങള്‍ പെരുകിവരികയാണ്. വന്‍കിട കോര്‍പ്പറേറ്റുകളാണ് കടം വാങ്ങി തിരിച്ചടവ് മുടക്കുന്നതില്‍ വലിയ പങ്കും. അതില്‍ പലതും മനഃപൂര്‍വം കടം തിരിച്ചടക്കാതിരിക്കുന്നവരാണ് (Wilful Defaulters). കിട്ടാക്കടങ്ങള്‍ വര്‍ധിച്ചുവരുന്നത് ബാങ്കുകളുടെ തകര്‍ച്ചയിലേക്ക് നയിക്കുന്ന പ്രധാന ഘടകമാണ്. കാര്‍ഷിക ലോണുകളും വിദ്യാഭ്യാസ ലോണുകളുമൊക്കെ തിരിച്ചുപിടിക്കാന്‍ ബാങ്കുകള്‍ കാണിക്കുന്ന ആവേശമൊന്നും കോര്‍പ്പറേറ്റുകളുടെ കാര്യത്തില്‍ കാണിക്കുന്നില്ല. കാരണം അവരാണല്ലോ ഇവിടത്തെ രാഷ്ട്രീയ പാര്‍ട്ടികളുടെ മുഖ്യ ആശ്രയം. അപ്പോള്‍ പിന്നെ ബാങ്കുകള്‍ സഹകരിച്ചില്ലെങ്കില്‍ അവരെക്കൊണ്ട് സഹകരിപ്പിക്കാനും ആളുണ്ടാകുമല്ലോ.
പൊതു മേഖലാ ബാങ്കുകള്‍ കഴിഞ്ഞ പത്തു വര്‍ഷം എഴുതിത്തള്ളിയ കിട്ടാക്കടങ്ങളുടെ കണക്ക് പരിശോധിച്ചാലറിയാം ക്രമാതീതമായ എഴുതിത്തള്ളലാണ് അവസാന മൂന്ന് വര്‍ഷം നടന്നത്. 2016-17 വര്‍ഷം എഴുതിത്തള്ളിയത് 77123 കോടി രൂപയാണ്. 2017-18-ല്‍ ആറു മാസം കൊണ്ട് തന്നെ 55356 കോടി എഴുതിത്തള്ളിയിരിക്കുന്നു. മിക്കവാറും മാര്‍ച്ച് അവസാനം കണക്ക് വരുമ്പോള്‍ ഒരു ലക്ഷം കോടി തികക്കുമെന്ന് പ്രതീക്ഷിക്കാം.
വിശ്വാസ്യതാ പ്രതിസന്ധിയിലാണ് (Credibility Crisis) ഇന്ത്യയിലെ ബാങ്കുകള്‍ പെട്ടിരിക്കുന്നത്. ബാങ്കുകളുടെ നിലനില്‍പ് തന്നെ വിശ്വാസ്യതയിലാണ് നിലകൊള്ളുന്നത്. പ്രത്യേകിച്ച് ഊഹങ്ങള്‍ക്ക് വലിയ സ്വാധീനം ചെലുത്താന്‍ സാധിക്കുന്ന സോഷ്യല്‍ മീഡിയ കാലത്ത്.
ആളുകള്‍ നിക്ഷേപിക്കുന്ന മുഴുവന്‍ തുകയും ബാങ്ക് കൈവശം വെക്കുകയല്ല ചെയ്യുന്നത്. പകരം മൊത്തം തുകയുടെ ചെറിയ ഒരു ശതമാനം ബാങ്കില്‍ സൂക്ഷിക്കുകയും ബാക്കി തുക കടം കൊടുക്കുകയുമാണ് ചെയ്യുക. അതുകൊണ്ടുതന്നെ ഇടപാടുകാര്‍ക്ക് ബാങ്ക് തകരുമെന്ന് ആശങ്ക വന്നാല്‍ ഉടന്‍ ബാങ്കില്‍നിന്ന് തുക പിന്‍വലിക്കും. വരുന്ന എല്ലാവര്‍ക്കും കൊടുക്കാന്‍ തുക തികയാതെ വരുമ്പോള്‍ ബാങ്ക് പൂട്ടേണ്ടിവരികയും ചെയ്യും. ഇത്തരത്തില്‍ തകര്‍ന്ന ബാങ്കുകളുടെ ഉദാഹരണങ്ങള്‍ ചരിത്രത്തില്‍ ധാരാളമായി കാണാന്‍ സാധിക്കും.
1969-ലാണ് ഇന്ത്യയില്‍ ബാങ്കുകളുടെ നാഷ്‌നലൈസേഷന് തുടക്കം കുറിച്ചത്. ജനങ്ങള്‍ ബാങ്കുകളെ വിശ്വാസത്തിലെടുക്കുന്നതിന് നാഷ്‌നലൈസേഷന് വലിയ പങ്കുണ്ട്. ആര്‍.ബി.ഐയുടെ കീഴില്‍ വ്യവസ്ഥാപിതമായി സംവിധാനിച്ച ബാങ്കിംഗ് സംവിധാനത്തില്‍ ജനങ്ങള്‍ വിശ്വാസമര്‍പ്പിച്ചിരുന്നു. 2008-ല്‍ അമേരിക്കയില്‍ ബാങ്കുകള്‍ തകരുകയും സാമ്പത്തിക മാന്ദ്യം ലോകത്താകമാനം ഭീതി പരത്തുകയും ചെയ്ത സന്ദര്‍ഭത്തിലും കാര്യമായ പ്രതിസന്ധി ബാധിക്കാതെ ഇന്ത്യന്‍ എക്കണോമിയെ പിടിച്ചുനിര്‍ത്തിയതില്‍ ബാങ്കിംഗ് സംവിധാനങ്ങള്‍ക്ക് വലിയ പങ്കുണ്ട്. എന്നാല്‍ കോര്‍പ്പറേറ്റുകളും ഭരണകൂടവും ചേര്‍ന്ന് നടത്തുന്ന തട്ടിപ്പുകള്‍ കൊണ്ട് തകരുക നമ്മുടെ ബാങ്കുകള്‍ മാത്രമല്ല, സമ്പദ്ഘടന മുഴുവനുമാണ്.
Comments