നീതിക്കുവേണ്ടിയുള്ള പോരാട്ടം പൊതുബോധത്താല്‍ ദുര്‍ബലമാവാതിരിക്കാന്‍
ഈ കുറിപ്പെഴുതുമ്പോഴും തികഞ്ഞ അനിശ്ചിതത്വമാണ് എം.എം അക്ബറിന്റെ അറസ്റ്റിനെയും പോലീസ് കസ്റ്റഡിയെയും കുറിച്ച് നിലനില്‍ക്കുന്നത്. നീതിനിഷേധത്തിനിരയായി അനന്തമായ ജയില്‍ പീഡനങ്ങള്‍ അദ്ദേഹം ഇരയാവാതിരിക്കട്ടെ എന്ന പ്രാര്‍ഥനയും അതിനുവേണ്ടിയുള്ള രാഷ്ട്രീയ-സാമൂഹിക കരുതലും ജാഗ്രതയുമാണ് ഉയര്‍ന്ന് വരേണ്ടത്. തീവ്രവാദ കേസുകളുടെ മുന്‍ അനുഭവങ്ങള്‍ വെച്ച് നോക്കുമ്പോള്‍ എം.എം അക്ബറിനെതിരെ ചുമത്തിയ 153(എ) വകുപ്പ് ഒഴിച്ച് നിര്‍ത്തിയാല്‍ എന്‍.ഐ.എ പോലുള്ള അന്വേഷണ ഏജന്‍സികളല്ല കേസ് ഏറ്റെടുത്തിരിക്കുന്നത് എന്നത് ആശ്വാസജനകമാണ്. എന്നാല്‍ ഈ ആശ്വാസം എത്ര നാളത്തേക്കെന്നത് പ്രവചനാതീതമാണ്. എങ്കിലും, ഭീകരവാദ കേസുകളുടെ ചരിത്രം പരതുമ്പോള്‍ അതിലെല്ലാം പതിയിരിക്കുന്ന അപകടങ്ങളുടെ സാധ്യത ഈ കേസിലും തള്ളിക്കളയാനോ നിസ്സാരമായി കാണാനോ കഴിയില്ല. കാരണം നിരപരാധികളായ അനേകം പേര്‍ ഭീകരവാദികളായി മുദ്രചാര്‍ത്തപ്പെട്ട് ഇന്ത്യന്‍ തടവറകളില്‍ വര്‍ഷങ്ങളായി പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്. വ്യാജ കുറ്റപത്രങ്ങള്‍ തയാറാക്കാനും അതിന് സാക്ഷികളെ പടച്ചെടുക്കാനും പ്രതിഭ തെളിയിച്ചവരാണ് അന്വേഷണ ഏജന്‍സികളിലും പോലീസ് ഉദ്യോഗസ്ഥരിലും പലരും.
തികച്ചും ഇസ്‌ലാമോഫോബിക് ആയ മുസ്‌ലിം വിരുദ്ധ പൊതുബോധം സൃഷ്ടിച്ചെടുത്ത സാമൂഹിക മനോഘടന നേരത്തേ തന്നെ ഇവിടെ നിര്‍മിച്ചെടുത്തിട്ടുണ്ട്. ആ പൊതുബോധത്തില്‍ എം.എം അക്ബര്‍ മുസ്‌ലിം ഭീകരതയുടെ പ്രതീകമായി മാറിയിട്ടുണ്ടെന്ന വിലയിരുത്തല്‍ പരിഗണിക്കപ്പെടേണ്ടതുതന്നെയാണ്. അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ അറസ്റ്റും പോലീസ് കസ്റ്റഡിയും സ്വാഭാവിക നിയമനടപടിയാണെന്ന വിലയിരുത്തലിലേക്ക് മുസ്‌ലിം പൊതുസാമാന്യം പോലും പരുവപ്പെട്ടു. മുസ്‌ലിം വിരുദ്ധ പൊതുബോധം സൃഷ്ടിച്ച സാമൂഹിക വിശകലന രീതി മുസ്‌ലിം ബോധനിര്‍മിതിയെ വരെ എത്ര ആഴത്തിലാണ് സ്വാധീനിച്ചത് എന്ന് എം.എം അക്ബര്‍ സംഭവം സാക്ഷ്യപ്പെടുത്തുന്നു. സമുദായം അനുഭവിക്കുന്ന സന്ദിഗ്ധതയുടെ ആഴവും വ്യാപ്തിയും എത്ര വലുതാണെന്ന് ഇത് സൂചിപ്പിക്കുന്നു. കൂടുതല്‍ വിശകലനം ചെയ്യേണ്ട പ്രശ്‌നമാണിത്. ഭയം ഭരിക്കുന്ന കാലത്ത് അതിനെ ശബ്ദം കൊണ്ട് ഭേദിക്കാനാവുന്നില്ലെങ്കില്‍ അക്രമത്തിനും അനീതിക്കും മുന്നില്‍ മൗനം പാലിക്കുക എന്ന പാപം ചെയ്യുകയല്ലാതെ നിവൃത്തിയുണ്ടാവില്ല.
മതസ്പര്‍ധയും വിദ്വേഷവും പ്രചരിപ്പിക്കുന്ന പാഠഭാഗം ഉള്‍ക്കൊള്ളുന്ന പുസ്തകം താന്‍ മാനേജിംഗ് എഡിറ്ററായ പീസ് ഇന്റര്‍നാഷ്‌നല്‍ സ്‌കൂളില്‍ പഠിപ്പിച്ചു എന്നതിനാലാണല്ലോ എം.എം അകബറിനെതിരെ 153(എ) വകുപ്പു ചുമത്തി കേരള പോലീസ് കേസെടുത്തത്. 2016 ഒക്‌ടോബറിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മെല്‍ബണില്‍നിന്ന് ദോഹയിലേക്കുള്ള യാത്രാമധ്യേ ഹൈദരാബാദ് എയര്‍പോര്‍ട്ടില്‍ എമിഗ്രേഷന്‍ വിഭാഗം എം.എം അക്ബറിനെ തടഞ്ഞുവെക്കുന്നു. 2018 ഫെബ്രുവരി 25-ന് പുലര്‍ച്ചെയാണിത്. തുടര്‍ന്ന് അദ്ദേഹത്തെ കേരള പോലീസ് കസ്റ്റഡിയിലെടുക്കുന്നു. ഒരുനാള്‍ മുഴുവന്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുന്നു. കോടതി അദ്ദേഹത്തെ അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിടുന്നു. അത്യന്തം ദുരൂഹതകളും അവ്യക്തതകളും നിറഞ്ഞുനില്‍ക്കുന്ന അറസ്റ്റും നിയമനടപടികളുമാണ് എം.എം അക്ബര്‍ വിഷയത്തില്‍ ഇതുവരെ നടന്നത്. ഇതേ കേസില്‍ 2016 ഡിസംബറില്‍ അറസ്റ്റിലായ മുംബൈയിലെ ബുറൈജ് റിയലൈസേഷന്‍ മേധാവിയും കണ്ടന്റ് എഡിറ്ററും ഡിസൈനറുമെല്ലാം ഒരു മാസത്തെ ജയില്‍ വാസത്തിന് ശേഷം ജാമ്യം നേടിയവരാണ്. അവരെയൊന്നും പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നില്ല. പ്രസ്തുത കേസിലെ ആറാം പ്രതിയായ എം.എം അക്ബറിനെ പോലീസ് കസ്റ്റഡിയില്‍ വിടുന്നതിനെ സംബന്ധിച്ച ആശങ്കകള്‍ക്ക് ന്യായമുണ്ട്. കോടതിയില്‍ ഹാജരാക്കിയ അക്ബറിനെ കസ്റ്റഡിയില്‍ ലഭിക്കുന്നതിനായി പോലീസ് നിരത്തിയ ന്യായങ്ങളില്‍ ഒന്ന്, ഇദ്ദേഹത്തിന് നിരോധിത സംഘടനകളുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കണമെന്നതായിരുന്നു. ഇത് ആശങ്കക്ക് അടിവരയിടുന്നു.
പാഠപുസ്തകത്തിലെ വിവാദ പാഠഭാഗം അനുചിതമാണെന്ന് കണ്ട് സ്‌കൂള്‍ പാഠ്യപദ്ധതിയില്‍നിന്ന് ഒഴിവാക്കിയതാണെന്ന് അക്ബര്‍ വിശദീകരിച്ചിട്ടുണ്ട്. എന്നിട്ടും ഇതിന്റെ പിന്നാലെ കൂടുന്ന സംഘ്പരിവാര്‍ അജണ്ട തിരിച്ചറിയപ്പെടാതെ പോകരുത്. പാഠപുസ്തകമോ സ്‌കൂളോ അല്ല അവരുടെ വിഷയം. എം.എം അക്ബര്‍ എന്ന മതപ്രബോധകനും അദ്ദേഹത്തിന്റെ പ്രസ്ഥാനമായ നിച്ച് ഓഫ് ട്രൂത്തും തന്നെയാണ് ഉന്നം. അദ്ദേഹത്തെ നിശബ്ദമാക്കുകയാണ് സംഘ് പരിവാറിന്റെ ലക്ഷ്യം. അതിനുവേണ്ടി അണിയറയില്‍ തയാറാക്കുന്ന തിരക്കഥകള്‍ അങ്ങാടിപ്പാട്ടാണ്. തന്റെ സ്‌കൂളില്‍ ജീവനക്കാരായിരുന്ന ചിലരും താന്‍വഴി ഇസ്‌ലാം സ്വീകരിച്ച ഏതാനും പേരും ഐ.എസ് എന്ന ആഗോള ഭീകരപ്രസ്ഥാനത്തില്‍ ചേര്‍ന്നിരിക്കുന്നു എന്നാണ് ആരോപിക്കുന്നത്. ഇതിലേക്ക് എം.എം അക്ബറിനെ കണ്ണിചേര്‍ത്ത് വേട്ടയാടാനാണോ ഭരണകൂടം തീരുമാനിച്ചിരിക്കുന്നത് എന്ന് സംശയിക്കേണ്ടതുണ്ട്. ഈ വശം നിസ്സാരമായി കാണാന്‍ പാടില്ല.
മുസ്‌ലിം സമുദായം ഈ സന്ദര്‍ഭത്തില്‍ ചകിതരാകാന്‍ പാടില്ല. കൂടുതല്‍ കരുതലും ജാഗ്രതയും പുലര്‍ത്തണം. നീതിനിഷേധത്തിന്റെയും ഭരണകൂട ഭീകരതയുടെയും ഏറ്റവും വലിയ ഇരയും ടാര്‍ഗറ്റും ആണ് ഇന്ന് സമുദായം. ഇത്തരം കേസുകളുടെ നാളിതുവരെയുള്ള അനുഭവങ്ങളില്‍നിന്ന് പാഠമുള്‍ക്കൊള്ളാന്‍ ഇനിയും വൈകിക്കൂടാ. സാമ്പ്രദായികമായ മതശാസ്ത്ര ചര്‍ച്ചയുടെ രീതിക്കപ്പുറം തന്ത്രപരവും രാഷ്ട്രീയവുമായ പ്രതിരോധ മാര്‍ഗങ്ങള്‍ രൂപപ്പെടുത്തിയെടുക്കണം. അതിനുവേണ്ട ചടുലവും പക്വവുമായ നയസമീപനങ്ങളും പ്രായോഗിക പരിഹാര മാര്‍ഗങ്ങളും സമുദായ നേതൃത്വം അവലംബിക്കണം. ഇനി ഒരു എം.എം അകബര്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള പൗരജാഗ്രത ഉണര്‍ത്തിക്കൊണ്ടുവരാന്‍ ബദ്ധശ്രദ്ധരാകണം. എല്ലാ ഭാഗത്തുനിന്നും അതിനായുള്ള കൂട്ടായ നീക്കവും ശ്രമവുമാണ് ഉണ്ടാവേണ്ടത്.
Comments