ഒറ്റമൂലി
മൂര്‍ധാവ് കത്തുന്നു
വിലങ്ങുകള്‍
മുടിയഴിച്ചിട്ട ഭ്രാന്തിയെപ്പോലെ
തലതല്ലിച്ചിരിക്കുന്നു
കൂടിനില്‍ക്കുന്നവരൊക്കെയും
വെറും പൂതലുകള്‍
ഒച്ചയില്ലാത്ത
അനക്കമില്ലാത്ത
തൊട്ടാല്‍ വീഴുന്ന പൂതലുകള്‍
ഭൂതകാല സ്വര്‍ഗങ്ങളാണിപ്പോള്‍
അഭിരമിക്കുന്നത്
ചത്ത കുതിരകള്‍
പട്ടമഴിച്ചിട്ട ആനകള്‍
കുതിരപ്പന്തയങ്ങളിലെ
ആള്‍ക്കൂട്ടക്കൂവലുകള്‍
ഉശിര് പെറ്റ പൈക്കളെപ്പോലെ
നില്‍ക്കക്കള്ളിയില്ലാതെ
തുള്ളുന്നു
തലങ്ങും വിലങ്ങും
കുരുക്കുകള്‍
അഴിച്ചാലുമഴിച്ചാലും
അഴിയാത്ത
തീരാക്കുരുക്കുകള്‍
മൂലക്കഴുക്കോല് മാറ്റാന്‍
ഒരു നേര്‍ത്ത
കയറാണാദ്യം വാങ്ങിയത്
പിന്നെയതിന്റെ
പിരി കൂടിക്കൂടി വന്നു
അഴിക്കുംതോറും
കൂടിക്കൊണ്ടിരിക്കുന്ന കുരുക്കുകള്‍
തുറിച്ചുനോക്കുന്ന കണ്ണുകള്‍
തെറിച്ചു വരുന്ന കല്ലുകള്‍
അട്ടഹാസം മുഴക്കുന്ന
കരിംഭൂതങ്ങള്‍
നിറം മാറിമാറിക്കളിക്കുന്ന
ഓന്തുകള്‍
പരിണാമങ്ങള്‍ക്കൊട്ടും
കാലവിളംബം വന്നിട്ടില്ല
പച്ചിലകള്‍ ചവച്ചരച്ച
പല്ലിടകളില്‍
തടിച്ചുകൂടിയ
മാംസത്തുണ്ടിന്
പുഛ ഭാവം
ആദ്യമൊന്ന് നിവരണം
നിവരണമെങ്കില്‍
എഴുന്നേല്‍ക്കണം
എഴുന്നേല്‍ക്കണമെങ്കില്‍
കൈ പൊങ്ങണം
കൈകളിലാണ്
കുരുക്കുകള്‍
കണക്കുകൂട്ടലുകള്‍ തെറ്റിയിട്ടില്ല
ഇതൊരു കൊലപാതകമാണ്
പ്രതികളില്ലാത്ത
കൊലപാതകം
ആത്മഹത്യയുടെ മണമുള്ള
പട്ടാപ്പകല്‍ കൊലപാതകം
കടം കേറി ആത്മഹത്യ
ചരമക്കോളം കണ്ട്
പിന്നാമ്പുറത്തിരുന്ന്
കുടിച്ച് മുള്ളുന്ന
വില്ലന്‍ ചിരിക്കുന്നുണ്ട്
രാക്ഷസന്റെ കൊലച്ചിരി
മൂക്കു കയറിടേണ്ട
തലച്ചോറുകള്‍
ചിതലരിക്കുകയോ
തണുത്തുറഞ്ഞുപോവുകയോ
ചെയ്തിട്ടുണ്ട്
അതുകൊണ്ടവരാണാദ്യം
കടപ്പെട്ടത്
അതുകൊണ്ടു തന്നെയാണവര്‍
രാവും പകലും തുറക്കുന്ന
കൊലക്കയര്‍ വിതരണശാലക്ക് മുന്നില്‍
ജനക്കൂട്ടത്തെ ക്യൂ നിര്‍ത്തി
വിപ്ലവത്തെ കുറിച്ച്
തീപ്പൊരി പറത്തുന്നത്
വിപ്ലവം തെരുവില്‍
മൂത്രമൊഴിച്ചു നടന്ന കാലത്ത്
കേമത്തം കാട്ടി
പച്ചപ്പരിഷ്‌കാരിയെന്ന
പേരു കിട്ടാന്‍
കുറ്റിക്കാട്ടില്‍ വലിച്ചെറിഞ്ഞ
ആ സഞ്ചിയുടെ കെട്ടഴിച്ച്
ജീവിതത്താളം പറയുന്ന
പുസ്തകമൊന്ന് തുറക്കണം
അതിലുണ്ട് പരിഹാരം
അല്ല
അതിലുള്ളതു മാത്രമാണ്
കാലങ്ങളായകപ്പെട്ട
ജീവിതക്കുരുക്കഴിക്കാനുള്ള
പച്ച മരുുന്നും ഒറ്റമൂലിയും
Comments