മുന്നില്‍ നടക്കാനുള്ള യോഗ്യതകള്‍ ആര്‍ജിക്കണം
അമേരിക്കയിലെ ഒരു സ്‌കൂളില്‍ ബുദ്ധിമാന്ദ്യമുള്ള ഒരു കുട്ടി 'അല്ലാഹു' എന്ന് ഉച്ചരിച്ചപ്പോള്‍ പരിഭ്രാന്തയായ ടീച്ചര്‍ ഭീകര വിരുദ്ധ സെല്ലിനെ അറിയിക്കുകയും കുതിച്ചെത്തിയ സംഘം കൂട്ടിയെയും രക്ഷിതാക്കളെയും ചോദ്യം ചെയ്യുകയുമുണ്ടായി. അല്ലാഹു എന്ന് ചേര്‍ത്ത് പറയാന്‍ പോലും കഴിയാത്ത വിധം ബുദ്ധിപ്രശ്‌നമുള്ളവനാണ് കുട്ടിയെന്ന് ടെലിവിഷന്‍ ചാനലുകളില്‍ രക്ഷിതാക്കള്‍ വിശദീകരിച്ചു.
സംഭവം വായിച്ചറിഞ്ഞപ്പോള്‍ വല്ലാത്ത അസ്വസ്ഥത തോന്നി. ഈ രീതിയില്‍ ഒരു മതത്തെ ലോകം പേടിക്കുന്നതെന്തുകൊണ്ടാണ്? അല്ലാഹു, അസ്സലാമു അലൈകും, ബിസ്മില്ല തുടങ്ങിയ അറബി പ്രയോഗങ്ങള്‍ ഉച്ചരിക്കാന്‍ പോലും ഇനി മുസ്‌ലിംകള്‍ക്ക് കഴിയില്ലേ? ഒരു ഭാഗത്ത് ഇസ്‌ലാമോഫോബിയയാണ് ഇതിന്റെ കാരണമെങ്കില്‍ മറുഭാഗത്ത് മുസ്‌ലിം സമൂഹം ഇസ്‌ലാമിനെ മനസ്സിലാക്കുന്നതിലും പരിചയപ്പെടുത്തുന്നതിലും സംഭവിച്ച പിഴവുകളും ഇതിന് നിമിത്തമാണ്.
എല്ലാ വിശ്വാസങ്ങള്‍ക്കും മതങ്ങള്‍ക്കും ഒരു ഘടനയും രീതിയും തുടക്കവും ഒടുക്കവും ഒക്കെ ഉണ്ടാകും. മനസ്സ്, ചിന്ത, ആന്തരിക അവയവങ്ങള്‍, ശരീരം, വസ്ത്രം ഇവ പോലെ. മിക്കവരും വസ്ത്രത്തിന്റെ നിറത്തിലും പൊലിമയിലും കേടുപാടുകളിലും മാത്രം കടിച്ചുതൂങ്ങുകയാണ്. വിദ്യാഭ്യാസത്തിന്റെയും വിവേകത്തിന്റെയും ഉയര്‍ന്ന ചിന്തയുടെയും കുറവ്, ഒരു കാര്യത്തെ യഥാവിധി മനസ്സിലാക്കാതെ എടുത്തുചാടാന്‍ നിമിത്തമാകും.
ഖുര്‍ആനും ഹദീസും എന്നേക്കുമുള്ളതാണ്. അവയിലെ വരികളില്‍നിന്നും വരികള്‍ക്കിടയിലെ വായനയില്‍നിന്നും രൂപപ്പെടുന്ന പുതിയ ആശയങ്ങളും വീക്ഷണങ്ങളും ഇന്നത്തെ തലമുറക്ക് താക്കീതായും ഉപദേശമായും സ്‌നേഹമായും പകര്‍ന്നു നല്‍കാന്‍ സാധിക്കണം. പാരമ്പര്യമൂല്യങ്ങള്‍ക്കും ആശയങ്ങള്‍ക്കും കോട്ടം തട്ടാതെ ഖുര്‍ആനിലും ഹദീസിലും ഗവേഷണം നടത്തി മാറുന്ന സാഹചര്യങ്ങള്‍ക്കനുസൃതമായി പ്രമാണങ്ങളെ ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുന്നവരെ തടസ്സപ്പെടുത്തി, പുതുതായി ഒന്നും ചെയ്യാന്‍ അനുവദിക്കാത്ത ഒരു വലിയ വിഭാഗം മുസ്‌ലിംകള്‍ക്കിടയില്‍ തന്നെയുണ്ട്. മുസ്‌ലിം സംഘടനകള്‍ക്കിടയിലെ തമ്മിലടിയും സുന്നി-ശീഈ വിഭാഗീയതയും ഖുര്‍ആനും ഹദീസും പഠിപ്പിച്ചതാണോ? സദുദ്ദേശ്യത്തോടെയാണോ പലരും മുത്ത്വലാഖ് ചൊല്ലാറുള്ളത്? കൃത്യമായി പ്രവാചകന്‍ പഠിപ്പിച്ച രീതിയില്‍ ബഹുഭാര്യത്വം സ്വീകരിച്ചവര്‍ എത്ര പേരുണ്ടാകും?
നബിദിന റാലിയില്‍ ആളെ കൂട്ടാന്‍ ഉത്സാഹിക്കുന്നവര്‍ക്ക് കേരളത്തിലെയും വടക്കേ ഇന്ത്യയിലെയും ദരിദ്ര-പിന്നാക്ക മുസ്‌ലിംകള്‍ക്ക് വിദ്യാഭ്യാസം കൊടുക്കാനും സാംസ്‌കാരികമായി അവരെ വളര്‍ത്തിക്കൊണ്ടുവരാനും ശ്രമിച്ചുകൂടേ?
ഇങ്ങനെ ചോദ്യങ്ങളുന്നയിക്കാന്‍ തുടങ്ങിയാല്‍, മുസ്‌ലിം സമൂഹം തിരുത്തേണ്ട പലതുമുണ്ടെന്ന് ബോധ്യപ്പെടും. വിദ്യാഭ്യാസപരമായ മുന്നേറ്റവും സാംസ്‌കാരിക വളര്‍ച്ചയുമാണ് മുസ്‌ലിം സമൂഹത്തിന്റെ ഔന്നത്യത്തിനുള്ള പ്രധാന മാര്‍ഗങ്ങള്‍. മുസ്‌ലിം സമൂഹത്തില്‍നിന്ന് നാനാതുറകളിലേക്കും വിദ്യാസമ്പന്നര്‍ പ്രവഹിക്കട്ടെ. കാവല്‍ഭടന്മാരായും, സാമൂഹിക പ്രവര്‍ത്തകരായും വൈദ്യശാസ്ത്രരംഗത്തും മുസ്‌ലിംകള്‍ കടന്നു വരട്ടെ. പി.എസ്.സി ലിസ്റ്റുകളും മറ്റും അന്വേഷണ വിധേയമാക്കുക, ദൗര്‍ബല്യങ്ങള്‍ മനസ്സിലാക്കി തിരുത്തുക. സംഘര്‍ഷങ്ങളല്ല, സംവാദങ്ങളും ക്രിയാത്മക പ്രവര്‍ത്തനങ്ങളും നല്ല രാഷ്ട്രീയ നേതൃത്വവും മുസ്‌ലിംകള്‍ക്കിടയില്‍ നിന്നു ഉയര്‍ന്നുവരട്ടെ.
കൊല്ലുന്ന രാഷ്ട്രീയത്തിനെതിരെ
സ്വാമി അഗ്‌നിവേശിന്റെ ലേഖനം 'മനുഷ്യനെ കൊല്ലുന്ന രാഷ്ട്രീയത്തിനെതിരെ ഇനിയും നിശ്ശബ്ദത പാലിക്കുന്നത് കുറ്റകരമാണ്' വായിച്ചു. കൊലവിളി മുഴക്കി, ജനങ്ങളുടെ സൈ്വര്യം തകര്‍ത്ത് തീവ്രദേശീയത നടപ്പിലാക്കാന്‍ശ്രമിച്ചുകൊണ്ടിരിക്കുന്ന സംഘ്പരിവാറിനെ തുറന്നുകാണിക്കുന്ന ലേഖനം ആശയസമ്പുഷ്ടമായിരുന്നു.
രാഷ്ട്രീയപാര്‍ട്ടികള്‍ അധികാരത്തില്‍ അള്ളിപ്പിടിച്ചിരിക്കാന്‍ വാഗ്ദാനങ്ങളുടെ മോഹവലയങ്ങള്‍ തീര്‍ത്ത് ജനങ്ങളെ വഞ്ചിക്കുകയാണ് പതിവ്. അഛാദിന്‍, സ്വഛ്ഭാരത്, തൊഴിലില്ലായ്മ നിര്‍മാര്‍ജനം,ഡിജിറ്റല്‍ ഇന്ത്യ, ഭവനനിര്‍മാണം തുടങ്ങിയ ആകര്‍ഷക വാഗ്ദാനങ്ങള്‍ നല്‍കി അധികാരക്കസേരയിലെത്തിയ ബി.ജെ.പിയുടെ ജനവിരുദ്ധനിലപാടുകള്‍ക്കെതിരെ രാഷട്രീയമായി പ്രതികരിക്കാന്‍ പൊതുജനം ഐക്യപ്പെടേണ്ടത് അനിവാര്യമാണ്. വോട്ടവകാശ വിനിയോഗം കൂടുതല്‍ ഗൗരവത്തിലെടുക്കുകയാണ് ഇതില്‍ പ്രധാനം. നമ്മുടെ രാജ്യത്തു നിലനില്‍ക്കുന്ന ഭീതിനിറഞ്ഞ ഈ രാഷ്ട്രീയ സാഹചര്യത്തില്‍, നീതിബോധമുള്ളവരും സഹിഷ്ണുക്കളുമായ ബഹുഭൂരിപക്ഷം ജനങ്ങളും ഭരണമാറ്റത്തിന് അക്ഷമയോടെ കാത്തിരിക്കുകയാണ്. മാനവികതയെ തകര്‍ക്കുന്നവര്‍ മനുഷ്യരുടെ ശത്രുക്കളാണ്. മതജാതിഭേദമന്യേ ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയതുപോലെ മത ജാതി പാര്‍ട്ടി ഭേദമന്യേ സംഘ്പരിവാര്‍ ഫാഷിസത്തിനെതിരെ ശക്തമായ പോരാട്ടം തെരുവില്‍ സജീവമാകണം. അതോടൊപ്പം, വോട്ടവകാശ വിനിയോഗത്തെക്കുറിച്ച് ജനങ്ങളെ സാക്ഷരരാക്കുകയും വേണം.
അബ്ദുല്‍ അഹദ് കോഡൂര്‍
നല്ല ജീവിതങ്ങള്‍ പാഠപുസ്തകങ്ങളില്‍ വരട്ടെ
കൊച്ചി നഗര മധ്യത്തിലെ ബഹുനില കെട്ടിട്ടത്തിന്റെ നാലാം നിലയില്‍ നിന്നു വീണ് ജീവനു വേണ്ടി പിടഞ്ഞ വ്യക്തിയുടെ മുമ്പില്‍ അതീവ നിസ്സംഗരായി നിന്ന, സാക്ഷര പ്രബുദ്ധ കേരളത്തിലെ 'ഉദ്ബുദ്ധ' ജനങ്ങള്‍ നമ്മെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്. മാനസിക പ്രശ്‌നങ്ങളുള്ള വീട്ടമ്മയെ അയല്‍വാസികള്‍ ചേര്‍ന്ന് തല്ലിച്ചതച്ച സംഭവവും അതിനോട് സമൂഹം സ്വീകരിച്ച മനോഭാവവും ചേര്‍ത്തു വായിക്കണം.
ഇത്രയേറെ 'പുരോഗമിച്ചിട്ടും' എവിടെയാണ് നമുക്ക് തെറ്റു പറ്റിയത്? മരവിച്ച മനസ്സുമായി ഇത്തരം കാഴ്ചകള്‍ നോക്കി നില്‍ക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്ന ചേതോവികാരമെന്താണ്? ഇടപെട്ടാല്‍ തങ്ങള്‍ക്കത് അഴിയാക്കുരക്കാകുമെന്ന തെറ്റിദ്ധാരണയാണോ? അതോ നാം നേടിയ വിദ്യഭ്യാസത്തില്‍നിന്ന് മുല്യങ്ങള്‍ ചോര്‍ന്നുപോയോ?
ലോകത്തിന്റെ നിലനില്‍പ്പിന് ആധാരമായ ഉദാത്ത മൂല്യങ്ങളാണ് സ്‌നേഹവും കാരുണ്യവും മറ്റും. പലപ്പോഴും ഈ മൂല്യങ്ങള്‍ ഉചിത സമയത്ത് കൊള്ളാനും കൊടുക്കാനും നമുക്ക് സാധിക്കുന്നില്ല എന്നാണ് ഇത്തരം സംഭവങ്ങള്‍ തെളിയിക്കുന്നത്. പരുക്കേറ്റ്, നിസ്സഹായനായി ഒരു കൈത്താങ്ങിന് വേണ്ടി കേഴുന്ന മനുഷ്യനെ കാത്ത് അകലത്തോ, അയലത്തോ ഒരു മാതാവോ പിതാവോ അരുമ മക്കളോ ഇണകളോ നില്‍ക്കുന്നുണ്ടാകുമെന്ന ബോധം പലര്‍ക്കും നഷ്ടമാകുന്നു. ഇത്തരമൊരു സ്‌നേഹധാരയുടെ അഭാവം നമ്മുടെ ജീവിതാവസ്ഥകളെ കൂടുതല്‍ ഊഷരമാക്കുമെന്നതില്‍ സംശയമില്ല. വ്യക്തികള്‍ തമ്മിലും വ്യക്തികളും കുടുംബവും, കുടുംബവും സമൂഹവും തമ്മിലുമുള്ള സ്‌നേഹത്തിലും കാരുണ്യത്തിലുമധിഷ്ഠിതമായ പാരസ്പര്യം നാം വീണ്ടെടുക്കേണ്ടതുണ്ട്. മുമ്പ് കോഴിക്കോട് നഗരത്തില്‍ രണ്ടു പേരുടെ ജീവന്‍ രക്ഷിക്കാന്‍ സ്വജീവന്‍ ബലിയര്‍പ്പിച്ച നൗഷാദ് എന്ന ഓട്ടോറിക്ഷ ഡ്രൈവറുടെയും മറ്റും നന്മകളും ജീവത്യാഗങ്ങളും തലമുറകള്‍ക്ക് പ്രചോദനമാകുമാറ് അതിന്റെ സൗന്ദര്യത്തോടും പ്രാധാന്യത്തോടും പാഠപുസ്തകങ്ങളിലും മറ്റും ഉള്‍പ്പെടുത്താന്‍ ഭരണാധികാരികള്‍ ശ്രദ്ധിക്കേണ്ടതാണ്.
വി. ഹശ്ഹാശ്, കണ്ണൂര്‍ സിറ്റി
ഐ.എസിന്റെ ഉള്ളറകള്‍
സ്റ്റേറ്റില്ലാതെ ഇസ്‌ലാമിക് സ്റ്റേറ്റ് (ലക്കം 32, 12 ജനുവരി 2018) വിജ്ഞാനപ്രദമായി. ഐ.എസിന്റെ ഉദ്ദേശ്യ ലക്ഷ്യം, ആരുടെ സൃഷ്ടി, സാമ്പത്തിക സ്രോതസ്സ്, ഇസ്‌ലാമിക രാഷ്ട്രങ്ങളെ ഉന്നംവെക്കല്‍, ഫാഷിസം മുഖമുദ്രയായ ഇസ്രയേലിനെ അതിന്റെ ലക്ഷ്യത്തില്‍നിന്നും ഒഴിവാക്കിയത് തുടങ്ങിയ വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയിരുന്നുവെങ്കില്‍ നന്നായിരുന്നു.
എഞ്ചി. ഉബൈദുല്ല ശരീഫ്, ഉദുമ
ഇസ്‌ലാമിന്റെ ഇടം
'സംവാദങ്ങള്‍ വഴി തെറ്റാതിരിക്കട്ടെ' എന്ന കെ. കൃഷ്ണന്‍കുട്ടിയുടെ കത്ത് (19 ജനുവരി 2018) വായിച്ചു. ഇസ്‌ലാം രാഷ്ട്രീയ സാമൂഹിക കാര്യങ്ങളിലും ഇടപെടുന്ന ദര്‍ശനമാണ്. ഏഴാം നൂറ്റാണ്ടില്‍ പ്രവാചകന്‍ ഒരു സമൂഹത്തെ സമൂലമായി മാറ്റിപ്പണിതതും ഇത്തരം ഇടപെടലിലൂടെയാണ്. അത് ഇപ്പോഴും തുടരാന്‍ ഇസ്‌ലാമിന് കരുത്തുണ്ട്. ഇസ്‌ലാം ഇവ്വിധം മുന്നോട്ടു പോകുമ്പോള്‍, ഇത്തരം ഇടപെടലുകള്‍ക്ക് കരുത്തില്ലാത്ത പ്രത്യയശാസ്ത്രത്തിന്റെ വക്താക്കള്‍ പ്രയാസപ്പെടുക സ്വാഭാവികമാണ്.
പി.വി മുഹമ്മദ് ഈസ്റ്റ് മലയമ്മ
പ്രസംഗം അപ്പടി പകര്‍ത്തുന്നതാണോ ലേഖനം?
റെക്കോഡ് ചെയ്ത പ്രസംഗം ആവര്‍ത്തനങ്ങള്‍ പോലും ഒഴിവാക്കാതെ അപ്പടി പകര്‍ത്തിയതായി 'ഫാഷിസത്തിനെതിരായ ഐക്യമാണ് കാലം തേടുന്ന രാഷ്ട്രീയം' എന്ന ലേഖനം (2018 ജനുവരി 26). എഡിറ്റര്‍മാര്‍ ശ്രമിച്ചിരുന്നെങ്കില്‍ അതിന്റെ അളവ് മൂന്നിലൊന്നായി കുറക്കാമായിരുന്നു.
പ്രസംഗങ്ങളില്‍ പല കാരണങ്ങളാല്‍ വാചകങ്ങള്‍ ആവര്‍ത്തിക്കേണ്ടിവരും. എന്നാല്‍, പ്രസംഗം ലേഖനമാക്കുമ്പോള്‍ ഈ ആവര്‍ത്തനം അനുചിതവും വിരസവുമായിരിക്കും.
ശിഹാബ് കരുനാഗപ്പള്ളി, ആദിനാട്
Comments