Prabodhanm Weekly

Pages

Search

2018 ഫെബ്രുവരി 16

3039

1439 ജമാദുല്‍ അവ്വല്‍ 29

ഏഷണിയുടെ സാമൂഹിക പ്രത്യാഘാതങ്ങള്‍

ഡോ. സയ്യിദ് മുഹമ്മദ് നൂഹ്

വ്യക്തിയെയും സമൂഹത്തെയും നാശത്തിലാഴ്ത്തുന്ന മാരക വിപത്താണ് ഏഷണി. പരസ്പര ബന്ധങ്ങള്‍ തകര്‍ക്കാന്‍ വാര്‍ത്തകള്‍ വിനിമയം ചെയ്യുന്ന രീതിയാണ് അതിലൊന്ന്. വ്യക്തികളുടെ സ്വകാര്യതകളും മറ്റുള്ളവര്‍ അറിയരുതെന്ന് ആഗ്രഹിക്കുന്ന വിവരങ്ങളും വര്‍ത്തമാനങ്ങളും പരസ്യമാക്കുകയാണ് ഏഷണിയുടെ രണ്ടാമത്തെ രൂപം. മനുഷ്യ ബന്ധങ്ങള്‍ തകര്‍ക്കുന്ന ഏഷണി കൊടിയ പാപമായാണ് ഇസ്‌ലാം ഗണിച്ചിട്ടുള്ളത്. അത് നരകപ്രവേശത്തിനിടയാക്കും.

'അധികമായി സത്യം ചെയ്യുന്നവനും നീചനും കുത്തുവാക്ക് പറയുന്നവനും ഏഷണിയുമായി നടക്കുന്ന യാതൊരാളെയും നീ അനുസരിക്കരുത്' (ഖലം: 10,11).

'ഏതൊരാളുടെ ഉപദ്രവം ഭയന്നാണോ ജനങ്ങള്‍ അയാളോട് ഭയപ്പാടോടെ പെരുമാറുന്നത്, അയാളാണ് ഏറ്റവും ദുഷിച്ചവന്‍' (ബുഖാരി).

'ബന്ധങ്ങള്‍ വിഛേദിച്ചവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല.' 'ബന്ധങ്ങള്‍ വിഛേദിക്കുന്നവന്‍ എന്നുവെച്ചാല്‍?' 'ഏഷണിയുമായി നടന്ന് പരസ്പരബന്ധം തകര്‍ക്കുന്നവന്‍' (ബുഖാരി, മുസ്‌ലിം).

ഖബ്‌റില്‍ ശിക്ഷയേറ്റുവാങ്ങുന്ന രണ്ടു പേരില്‍ ഒരാള്‍ ഏഷണിയുമായി നടക്കുന്നവനാണെന്ന് നബി(സ) പറഞ്ഞു (ബുഖാരി).

'ഈ ലോകത്ത് ദ്വിമുഖ സ്വഭാവമുള്ളവന് അന്ത്യനാളില്‍ തീകൊണ്ടുള്ള രണ്ട് നാവുകള്‍ അല്ലാഹു നല്‍കും' (ബുഖാരി).

'രണ്ടു മുഖമുള്ളവരാണ് ഏറെ ദുഷിച്ചവര്‍' (ബുഖാരി).

* ജനിച്ചു വളര്‍ന്ന ചുറ്റുപാടുകളില്‍നിന്നാവും ചിലര്‍ ഈ ദുര്‍ഗുണം ശീലിക്കുക. അസൂയയാവും ചില സന്ദര്‍ഭങ്ങളില്‍ പ്രേരകം. പരസ്പര ബന്ധങ്ങള്‍ തകര്‍ന്നു കാണുന്നതില്‍ ആനന്ദമനുഭവിക്കുന്നവരുമുണ്ടാകും. ഇമാം ഗസാലിയുടെ ഇഹ്‌യാ ഉലൂമിദ്ദീനില്‍ ഹമ്മാദുബ്‌നു സലമയെ ഉദ്ധരിച്ച് രേഖപ്പെടുത്തിയ ഒരു സംഭവം: ഒരാള്‍ ഒരടിമയെ വിറ്റു. വാങ്ങിയവനോട് അയാള്‍: 'അടിമക്കൊരു കുറവേയുള്ളൂ. ഏഷണിക്കാരനാണ്.' വാങ്ങിയ വ്യക്തി: 'കുഴപ്പമില്ല, അത് ഞാന്‍ നോക്കിക്കൊള്ളാം.' വാങ്ങി കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ അടിമ യജമാനന്റെ ഭാര്യയോട്: 'എന്റെ യജമാനന്‍ നിങ്ങളെ ഇഷ്ടപ്പെടുന്നില്ല. അദ്ദേഹം നിങ്ങളെ ഒഴിവാക്കാനാണ് നോക്കുന്നത്. അതിനാല്‍ നിങ്ങള്‍ രാത്രിയില്‍ ഭര്‍ത്താവ് ഉറങ്ങുമ്പോള്‍ കത്തിയെടുത്ത് പിരടിയില്‍നിന്ന് കുറച്ചു മുടിയിഴകള്‍ മുറിച്ച് എനിക്ക് നല്‍കിയാല്‍ ഞാന്‍ ആഭിചാരക്രിയ നടത്തി അദ്ദേഹത്തിന്റെ മനംമാറ്റിയെടുത്ത് നിങ്ങളില്‍ ആകര്‍ഷണമുളവാക്കാം. അങ്ങനെ അയാള്‍ നിങ്ങളെ സ്‌നേഹിച്ചു തുടങ്ങും.' പിന്നെ ഭര്‍ത്താവിന്റെ അടുത്ത് ചെന്ന് അടിമ ഇങ്ങനെ പറഞ്ഞു: 'നിങ്ങളുടെ ഭാര്യക്ക് ഒരു രഹസ്യ കാമുകനുണ്ട്. അവള്‍ നിങ്ങളെ കൊല്ലാന്‍ പ്ലാനിടുകയാണ്. നിങ്ങള്‍ രാത്രി ഉറക്കം അഭിനയിച്ചുകിടക്കുക. അവളുടെ കുതന്ത്രം അപ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലാവും.' കുറേ കഴിഞ്ഞപ്പോള്‍ അടിമയുടെ ഉപദേശപ്രകാരം ഭാര്യ കത്തിയുമായി ഭര്‍ത്താവിന്റെ അടുത്തെത്തി. ഭര്‍ത്താവ് കരുതിയത് അവള്‍ തന്നെ കൊല്ലാന്‍ വരികയാണെന്നാണ്. അയാള്‍ തട്ടിപ്പിടഞ്ഞെഴുന്നേറ്റു അവളെ കൊന്നു. സ്ത്രീയുടെ കുടുംബക്കാര്‍ ക്ഷുഭിതരായി ഭര്‍ത്താവിനെയും കൊന്നു. അത് രണ്ടു ഗോത്രങ്ങള്‍ക്കിടയില്‍ തീരാപ്പകക്ക് കാരണമായി (ഇഹ്‌യാ 3/154). ഏഷണി കൂട്ടിയ അടിമ വരുത്തിവെച്ച വിന.

* അധികാര കേന്ദ്രങ്ങള്‍ അടക്കിവാഴുന്നവരെ പ്രീതിപ്പെടുത്താനും അവരില്‍നിന്ന് സമ്മാനങ്ങളും പാരിതോഷികങ്ങളും നേടിയെടുക്കാനുമായിരിക്കും ചിലര്‍ ഏഷണിയുമായി ഇറങ്ങിത്തിരിക്കുക.

* ചിലര്‍ക്ക് ആത്മനിര്‍വൃതി നല്‍കുന്ന വിനോദമായിരിക്കും ഏഷണി.

* ഏഷണിക്കാര്‍ക്ക് സമൂഹത്തില്‍നിന്ന് കിട്ടുന്ന പ്രോത്സാഹനം വളവും വെള്ളവുമായിത്തീരും. ഒടുവില്‍ അവര്‍ക്ക് അത് കൈയൊഴിക്കാന്‍ കഴിയാത്ത ശീലമാവും. ഇവിടെ സമൂഹമാണ് പ്രതിസ്ഥാനത്ത്. അമീറുല്‍ മുഅ്മിനീന്‍ ഉമറുബ്‌നു അബ്ദില്‍ അസീസുമായി ബന്ധപ്പെട്ട ഒരു സംഭവം: ഒരാള്‍ വന്ന് മറ്റൊരാളെക്കുറിച്ച് ചില കാര്യങ്ങള്‍ ഉമറുബ്‌നു അബ്ദില്‍ അസീസിനോട് പറഞ്ഞു. എല്ലാം കേട്ടുകഴിഞ്ഞപ്പോള്‍ ഉമറുബ്‌നു അബ്ദില്‍ അസീസ്: നാം പരിശോധിക്കട്ടെ. നിങ്ങള്‍ പറഞ്ഞത് കള്ളമാണെങ്കില്‍ നമ്മുടെ തീര്‍പ്പ് ഇതായിരിക്കും: 'ഒരു അധര്‍മി ഒരു വര്‍ത്തമാനവുമായി നിങ്ങളെ സമീപിച്ചാല്‍ നിങ്ങള്‍ അന്വേഷണം നടത്തി അതിന്റെ സത്യാവസ്ഥ ഉറപ്പുവരുത്തണം.' ഇതാണ് അല്ലാഹുവിന്റെ നിര്‍ദേശം. ഇനി നിങ്ങള്‍ പറഞ്ഞ കാര്യം നേരാണെന്നിരിക്കട്ടെ, നിങ്ങളെ കുറിച്ച എന്റെ കാഴ്ചപ്പാട് അല്ലാഹു പറഞ്ഞതാണ്: 'ജനങ്ങളെ കുത്തിനോവിക്കുന്നവനും ഏഷണിയുമായി നടക്കുന്നവനും.' വേണമെങ്കില്‍ ഞാന്‍ വിട്ടുവീഴ്ച ചെയ്ത് മാപ്പു തരാം. അയാള്‍: 'വിട്ടുതന്നാലും അമീറുല്‍ മുഅ്മിനീന്‍! ഇനി ഞാന്‍ ഈ പണി ആവര്‍ത്തിക്കില്ല' (ഇഹ്‌യാ ഉലൂമിദ്ദീന്‍ 3/153).

സുലൈമാനുബ്‌നു അബ്ദില്‍ മലികിന്റെ അടുത്ത് ഒരാള്‍ വന്നു. ഇമാം മുഹമ്മദുബ്‌നു മുസ്‌ലിം അസ്സുഹ്‌രിയും അരികത്തിരിപ്പുണ്ട്.

ആഗതനോട് സുലൈമാന്‍: 'നിങ്ങള്‍ എന്നെക്കുറിച്ച് ചിലതെല്ലാം പറഞ്ഞുനടക്കുന്നതായി എനിക്ക് വിവരം കിട്ടിയിട്ടുണ്ട്.'

ആഗതന്‍: 'ഞാനൊന്നും പറഞ്ഞില്ല, എനിക്കൊന്നും അറിയുകയുമില്ല.'

സുലൈമാന്‍: 'എന്നോട് നിങ്ങളെക്കുറിച്ച് പറഞ്ഞത് സത്യസന്ധനായ ഒരാളാണ്.'

ഇമാം സുഹ്‌രി ഇടപെട്ട് പറഞ്ഞു: 'ഏഷണി പറയുന്നവന്‍ സത്യസന്ധനാവില്ല.'

സുലൈമാന്‍: 'ശരിയാണ് അങ്ങ് പറഞ്ഞത്.'

ആഗതനോട്: 'നിങ്ങള്‍ സമാധാനമായി പോയ്‌ക്കൊള്ളൂ.'

* പ്രസ്ഥാനത്തെ തകര്‍ക്കാന്‍ കോപ്പുകൂട്ടുന്നവര്‍ക്ക് ഏഷണിക്കാരുടെ സഹായം വേണ്ടിവരും. ജനങ്ങള്‍ക്കിടയില്‍ കള്ളവാര്‍ത്തകള്‍ പ്രചരിപ്പിച്ചും വ്യാജവാര്‍ത്തകള്‍ പടച്ചും ഏഷണിക്കാര്‍ തങ്ങളുടെ ദൗത്യം നിറവേറ്റും. സമൂഹത്തില്‍ വിഷവിത്തുകളായ ചില രോഗാതുര മനസ്സുകള്‍ എന്നുമുണ്ടാവും. ഉപജാപകരുടെ താളത്തിനു തുള്ളുന്ന ഏഷണിപ്പരിശകള്‍ ബന്ധങ്ങളില്‍ വിള്ളലുകള്‍ വീഴ്ത്താന്‍ വൈദഗ്ധ്യമുള്ളവരാവും. മുസ്‌ലിംകളിലും ഇസ്‌ലാമിക കൂട്ടായ്മകളിലും ഇന്ന് കാണപ്പെടുന്ന ഛിദ്രതയും പരസ്പര പഴിചാരലും ഏഷണിയുടെ കൂടി സൃഷ്ടിയാണ്.

* ഏഷണി മറ്റ് ദുര്‍ഗുണങ്ങളെയും കുറ്റങ്ങളെയും പോലെ ഹൃദയത്തെ കല്ലാക്കി മാറ്റും, മലിനമാക്കും. മരിക്കുന്നതുവരെ ചിലര്‍ക്ക് ഈ ദുഃസ്വഭാവം മാറ്റാന്‍ ഒക്കില്ല.

* ജനഹൃദയങ്ങളില്‍ ഏഷണി പറയുന്നവനെക്കുറിച്ച് മതിപ്പ് ഇടിയും. വിശ്വാസ്യത നഷ്ടപ്പെടും. തന്നെക്കുറിച്ച വിശ്വാസ്യത നഷ്ടപ്പെട്ട് സമൂഹത്തില്‍ ജീവിക്കുകയെന്നത് മരണതുല്യമാണ്.

* ഏഷണിയും പരദൂഷണവുമായി നടക്കുന്നവന്‍ പരലോകത്ത് പാപ്പരായിത്തീരും. നബി(സ) ചോദിച്ചു: 'നിങ്ങള്‍ക്കറിയുമോ ആരാണ് പാപ്പരായവന്‍?' സ്വഹാബിമാര്‍: 'ഞങ്ങളുടെ കണ്ണില്‍ പാപ്പരെന്നാല്‍ പണവും സമ്പാദ്യവുമില്ലാത്തവനാണ്.'

റസൂല്‍: 'എന്റെ സമുദായത്തിലെ പാപ്പര്‍ ആരെന്ന് ഞാന്‍ പറയാം. ഖിയാമത്ത് നാളില്‍ നമസ്‌കാരവും നോമ്പും സകാത്തുമൊക്കെയായി ഒരാള്‍ വരും. കണക്ക് നോക്കുമ്പോള്‍ കാണുക, അയാള്‍ ഒരാളെ ശകാരിച്ചിരിക്കുന്നു, ഒരാളെക്കുറിച്ച് അപവാദം പ്രചരിപ്പിച്ചിരിക്കുന്നു, മറ്റൊരു വ്യക്തിയുടെ മുതല്‍ അന്യായമായി ആഹരിച്ചിരിക്കുന്നു, വേറൊരാളുടെ രക്തം ചിന്തിയിരിക്കുന്നു, ഇനിയും ഒരാളെ അടിച്ചിരിക്കുന്നു. ഇങ്ങനെ കുറേ കുറ്റങ്ങളുടെ പട്ടിക. സല്‍ക്കര്‍മങ്ങളുമായി വന്നവന്റെ പ്രവര്‍ത്തനങ്ങളെല്ലാം ഇയാളുടെ ഇരക്ക് എടുത്തുകൊടുക്കും. ന്യായവിധിക്കു മുമ്പ് സല്‍ക്കര്‍മങ്ങളെല്ലാം തീര്‍ന്നെന്നിരിക്കട്ടെ, ഇരയുടെ പാപങ്ങളെല്ലാം ഇയാളില്‍ ചുമത്തും. അതും പേറി അയാള്‍ നരകത്തില്‍ പതിക്കേണ്ടിവരും.'

* നബി(സ)യുടെ കാലത്തുണ്ടായ സംഭവം: ഔസ്-ഖസ്‌റജ് ഗോത്രങ്ങള്‍ക്കിടയില്‍ സംജാതമായ സൗഭാത്രത്തിന്റെയും സാഹോദര്യത്തിന്റെയും സന്തോഷകരമായ അവസ്ഥയില്‍ അസൂയ മൂത്ത ജൂതന്‍ തന്റെ ഒരു ശിങ്കിടിയെ അവര്‍ക്കിടയില്‍ ഭിന്നിപ്പും സ്പര്‍ധയുമുണ്ടാക്കാന്‍ നിയോഗിക്കുന്നു. ഔസിന്റെയും ഖസ്‌റജിന്റെയും സദസ്സുകളില്‍ മാറിമാറിച്ചെന്ന് കഴിഞ്ഞ കാലത്തെ പോരിന്റെയും പകയുടെയും യുദ്ധത്തിന്റെയും കഥകള്‍ മാന്തി പുറത്തിട്ട് ഇരു ഗോത്രങ്ങളെയും പ്രകോപിപ്പിക്കുന്നു. അത് ഫലം കണ്ടു എന്നു പറഞ്ഞാല്‍ മതിയല്ലോ. അവര്‍ പ്രകോപിതരായി. ആയുധമെടുത്ത്, ഏറ്റുമുട്ടാന്‍ തുനിഞ്ഞു. വിവരമറിഞ്ഞ റസൂല്‍ ഇടപെട്ടു: 'ഞാന്‍ നിങ്ങള്‍ക്ക് മധ്യെ ഉയിരോടും ഉടലോടും കൂടി ജീവിച്ചിരിക്കുമ്പോള്‍ പഴയ ജാഹിലിയ്യാ വാദങ്ങള്‍ ഉയര്‍ത്തുകയാണോ? 'അല്ലാഹുവിന്റെ പാശം നിങ്ങള്‍ ഒന്നായി നിന്ന് മുറുകെ പിടിക്കണം. നിങ്ങള്‍ ഭിന്നിക്കരുത്. നിങ്ങള്‍ക്ക് അല്ലാഹു ചെയ്ത അനുഗ്രഹം ഓര്‍ക്കണം. ശത്രുക്കളായിരുന്നു നിങ്ങള്‍. നിങ്ങളുടെ ഹൃദയങ്ങള്‍ക്കിടയില്‍ അവന്‍ അനുരഞ്ജനമുണ്ടാക്കി. അവന്റെ അനുഗ്രഹം നിമിത്തം നിങ്ങള്‍ സഹോദരങ്ങളായി. അഗ്നികുണ്ഠത്തിന്റെ വക്കിലായിരുന്നു നിങ്ങള്‍, അതില്‍നിന്ന് അവന്‍ നിങ്ങളെ രക്ഷപ്പെടുത്തി' (ആലുഇംറാന്‍ 104). 

സംഗ്രഹം: പി.കെ.ജെ


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (89-93)
എ.വൈ.ആര്‍

ഹദീസ്‌

തഖ്‌വയും സല്‍സ്വഭാവവും
സുബൈര്‍ കുന്ദമംഗലം