വികാസക്ഷമതയുടെ ഉപാധികള്‍ ഇസ്‌ലാം പൂര്‍ത്തീകരിച്ചതെങ്ങനെ?
ഒരു പ്രവാചക നിയോഗത്തോടെയാണ് ഭൂമിയില്‍ മനുഷ്യജീവിതത്തിന് സമാരംഭം കുറിക്കപ്പെട്ടതെന്നാണ് വിശുദ്ധ ഖുര്‍ആന്‍ വിശദീകരിക്കുന്നത്. ആദിമ മനുഷ്യനും, ആദ്യ ദൈവദൂതനുമായ ആദം നബിക്ക് നിര്‍വഹിക്കാനുള്ള ഉത്തരവാദിത്തം ഇതര ദൂതന്മാര്‍ക്കുണ്ടായിരുന്നതില്‍നിന്ന് വ്യത്യസ്തമായിരുന്നു. സ്വന്തം സമൂഹത്തിന് ദിശാബോധം നല്‍കുകയെന്ന പ്രവാചകത്വത്തിന്റെ പ്രഥമവും പ്രഖ്യാപിതവുമായ ലക്ഷ്യം ആദം നബിയുടെ അജണ്ടകളില്‍ മുന്‍ഗണനാക്രമത്തില്‍ ആദ്യത്തേതായിരിക്കില്ല. അദ്ദേഹത്തിന് മുന്നില്‍ അഭിസംബോധിതരായി ഒരു സമൂഹം ഇല്ലായിരുന്നുവെന്നതു തന്നെയാണ് ആ അജണ്ട ആദ്യത്തേതായിരിക്കില്ല എന്ന് നിരൂപിക്കാന്‍ കാരണം. ഒരു വലിയ ജനവിഭാഗത്തിന്റെ പ്രത്യുല്‍പാദനപരവും വികാസപരവുമായ സാധ്യതകള്‍ക്ക് ആരംഭം കുറിക്കുകയെന്ന ഒരു മഹാ ദൗത്യമായിരുന്നു അദ്ദേഹത്തിന് നിര്‍വഹിക്കാനുണ്ടായിരുന്ന പ്രധാന അജണ്ട. അതിലൂടെ രൂപപ്പെടുന്ന മനുഷ്യകുലമെന്ന കണ്ണിയുടെ ഇങ്ങേയറ്റത്ത് ജനിക്കാനിരിക്കുന്ന വ്യക്തികളുടെയും, അവര്‍ ജീവിക്കേണ്ട സമൂഹത്തിന്റെയും നിര്‍മാണാത്മകതക്ക് പോലും സംഭാവനകളര്‍പ്പിച്ചുവെന്നതാണ് അദ്ദേഹത്തിന്റെ സവിശേഷത. പിന്നീട് വന്ന പ്രവാചകന്മാരെപ്പോലെ പ്രതിയോഗികളെ നേരിടേണ്ടതോ, ആദര്‍ശ പ്രചാരണത്തിനായി പ്രതിബന്ധങ്ങളെ അഭിസംബോധന ചെയ്യേണ്ടതോ ആയ സന്ദര്‍ഭങ്ങളൊന്നും അദ്ദേഹത്തിനുണ്ടായിട്ടുണ്ടാകാന്‍ തരമില്ല. പ്രവാചക ദൗത്യങ്ങളായി പൊതുവെ പരിഗണിക്കപ്പെടുന്ന പൊതു തത്ത്വങ്ങളില്‍നിന്ന് വ്യത്യസ്തമായ ചില ഉത്തരവാദിത്ത്വങ്ങളാണ് യഥാര്‍ഥത്തില്‍ അദ്ദേഹം നിര്‍വഹിച്ചത് എന്ന് സാരം. ലോകത്ത് നടന്നിട്ടുള്ള പ്രവാചകത്വ സംരംഭങ്ങളുടെയൊക്കെ അടിസ്ഥാന ലക്ഷ്യങ്ങള്‍ ഒന്നായിരിക്കെ തന്നെ അവയുടെ അജണ്ടകളുടെ മുന്‍ഗണനാക്രമങ്ങളില്‍ കാലികമായ വൈജാത്യങ്ങള്‍ പ്രകടമായിട്ടുണ്ടായിരുന്നു എന്നാണ് ഇത് ബോധ്യപ്പെടുത്തുന്നത്.
ഭൂമിയില്‍ ഇതിനു മുമ്പ് കഴിഞ്ഞുപോയിട്ടുള്ള ഒരു ജീവിവര്‍ഗത്തെക്കുറിച്ച ചില സൂചനകള്‍ നല്‍കിക്കൊണ്ടാണ് വിശുദ്ധ ഖുര്‍ആന്‍ മനുഷ്യ കുലത്തിന്റെ ചരിത്രകഥനം ആരംഭിക്കുന്നത്. സ്വതന്ത്ര ചിന്തയും ആലോചനാശേഷിയുമുള്ള ഒരു ജീവിവര്‍ഗം എത്രത്തോളം മോശമായിട്ടാകും ഭൂമിയില്‍ പെരുമാറാന്‍ സാധ്യതയുള്ളത് എന്ന മലക്കുകളുടെ നിരീക്ഷണങ്ങളെ അസ്ഥിരപ്പെടുത്തിക്കൊണ്ടാണ് മനുഷ്യരെ സംബന്ധിച്ചുള്ള വിവരം ദൈവികമായി അറിയിക്കപ്പെടുന്നത്. സ്വതന്ത്ര ചിന്തയും ബുദ്ധിയും ആലോചനാശേഷിയും ഉപയോഗപ്പെടുത്തുന്നത് മതത്തില്‍ അപകടങ്ങള്‍ വിതച്ചേക്കുമെന്ന ആശങ്ക ഇന്നുമുണ്ട് പലര്‍ക്കും. മലക്കുകള്‍ അന്ന് ഉന്നയിച്ച അതേ ന്യായങ്ങളുടെ പശ്ചാത്തലത്തില്‍നിന്നുതന്നെയാണ് ഇന്നും ഇത്തരം വാദങ്ങള്‍ ഉന്നയിക്കപ്പെടുന്നത്. മതത്തിന്റെ വികാസക്ഷമതയ്ക്കുമേല്‍ സംഭവിക്കുന്ന ഏറ്റവും വലിയ ആഘാതം ഇത്തരം ചിന്തകളും നിലപാടുകളും തന്നെയാണ്. ഈയൊരു നിലപാടിന് അന്ന് മലക്കുകള്‍ക്ക് ദൈവികമായി നല്‍കപ്പെട്ട ഉത്തരങ്ങളിലൂടെ തന്നെയാണ് ഇസ്ലാമിനെയും അതിന്റെ വികാസക്ഷമതയെയും സംബന്ധിച്ചുള്ള അന്വേഷണങ്ങളെ പുഷ്ടിപ്പെടുത്തേണ്ടതും വിമര്‍ശങ്ങളെ നേരിടേണ്ടതും. ബുദ്ധിയും ചിന്തയും ആലോചനാശേഷിയും നല്‍കപ്പെട്ട മനുഷ്യന് കല്‍പിച്ച്‌കൊടുത്തിരിക്കുന്നത് ഭൂമിയിലെ നായക പദവിയാണ്. പദാര്‍ഥപരമായ മുഴുവന്‍ പോരായ്മകളെയും ബൗദ്ധികമായി അതിജയിക്കാനുള്ള കഴിവാണ് മനുഷ്യനെ നായകനാക്കുന്നത്. സകലതിനും മീതെ അധീശത്വം നടത്താന്‍ കഴിയുന്ന ഈ നായകഭാവം പൂര്‍ണമാകുന്നത് മനുഷ്യന്റെ ചിന്താപരമായ വികാസം വഴിയാണ്. ആ വികാസങ്ങളിലേക്കുള്ള സഞ്ചാരം മനുഷ്യനു മേല്‍ ദൈവികമായി നല്‍കപ്പെട്ട ഉത്തരവാദിത്തങ്ങളുടെ പൂര്‍ത്തീകരണത്തിന് അനിവാര്യവുമാണ്. അതിനായി മനുഷ്യരാശിക്ക് ഒരു ദാര്‍ശനിക പിന്‍ബലം അത്യാവശ്യമാണ്. മനുഷ്യന് അവന്റെ ജീവിതത്തിന്റെ വികാസപരമായ ലക്ഷ്യങ്ങളിലേക്കുള്ള ദാര്‍ശനിക പിന്‍ബലം നല്‍കാനും മുന്നോട്ടുള്ള വളര്‍ച്ചയുടെ ദിശ നിര്‍ണയിച്ചുകൊടുക്കാനുമായി ദൈവികമായി നല്‍കപ്പെട്ട അനുഗ്രഹമാണ് ഇസ്ലാം. മനുഷ്യന് നല്‍കപ്പെട്ട ശേഷികള്‍ക്കൊക്കെ സുവ്യക്തമായ ചില ലക്ഷ്യങ്ങളുണ്ടെന്നും ആ ലക്ഷ്യങ്ങള്‍ അതിന്റെ ശരിയായ വഴികളിലൂടെ പ്രാപിക്കാന്‍ സാധിക്കുമ്പോഴാണ് ഭൂമിയിലെ പദാര്‍ഥപരമായ ജീവിതത്തിന്റെ അന്തസ്സാരങ്ങളെ കണ്ടെത്താനും അവ അനുഭവിക്കാനും മനുഷ്യര്‍ക്ക് സാധിക്കുകയെന്നുമാണ് ഖുര്‍ആനിലെ വിവിധ പരാമര്‍ശങ്ങളില്‍നിന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നത്. ഓരോ കാലത്തും മനുഷ്യന് നിര്‍വഹിക്കാനുള്ളത് വ്യത്യസ്ത ദൗത്യങ്ങളാണ്. ആ ദൗത്യങ്ങളുടെ മുഖ്യമായ സവിശേഷത വിശുദ്ധ വഴികളും അവയുടെ വികാസ ക്ഷമതയുമാണ്. മനുഷ്യ കുലത്തിന്റെ ആദിമ സന്ദര്‍ഭം മുതല്‍ ഇന്നോളമുള്ള അതിന്റെ ചരിത്രം വികാസത്തിന്റേതാണ്. ചില ചരിത്ര സന്ധികളില്‍ ആ വികാസം നിശ്ചലമായിട്ടുണ്ടെങ്കിലും പ്രവാചക ദൗത്യങ്ങള്‍ അവയെ വീണ്ടും പൂര്‍വോപരി ശക്തിപ്പെടുത്തിയിട്ടുണ്ട്. ദൈവികമായ ഒരു പരിചരണം ആവശ്യമുള്ള കാലത്തോളം മനുഷ്യ കുലത്തിന്റെ ജ്ഞാനാര്‍ജനത്തിന്റെയും വികാസപരതയുടെയും വഴികളെ പ്രവാചകത്വ സംരംഭങ്ങളിലൂടെ ജ്വലിപ്പിച്ചുനിര്‍ത്തിയതിനു ശേഷം, പ്രവാചകത്വ പരിസമാപ്തിയിലൂടെ, തുടര്‍ വികാസങ്ങള്‍ക്കായി അതിനെ മനുഷ്യര്‍ക്കായി വിട്ടുകൊടുക്കുകയായിരുന്നുവെന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്.
ഭൂമിയില്‍ നടന്നിട്ടുള്ള പ്രവാചകത്വ സംരംഭങ്ങളെ സൂക്ഷ്മമായി പരിശോധിച്ചാല്‍ അവയുടെ ഉള്ളടക്കങ്ങളെ രണ്ടായി ഭാഗിക്കാന്‍ സാധിക്കും. ഒന്നാമത്തേത് മനുഷ്യന്റെ ജീവിത യാഥാര്‍ഥ്യങ്ങള്‍ കണ്ടെത്താനും ദൈവികതയെന്ന ശാശ്വത സത്യത്തിലേക്ക് സഞ്ചരിച്ചെത്താനും മനുഷ്യരെ പ്രാപ്തരാക്കുക, നിരര്‍ഥകങ്ങളായ ആത്മീയ ഇടപാടുകള്‍ വര്‍ജിക്കുക, മനുഷ്യജീവിതമെന്ന മഹാ സഞ്ചാരത്തിന്റെ അടുത്ത ഘട്ടത്തിലേക്കുള്ള വിജയകരമായ പ്രവേശനത്തിന് യോഗ്യത നേടുക എന്നിവയൊക്കെ അടങ്ങുന്ന ആധ്യാത്മികതലമാണ്. ഇതിനെ അവഗണിച്ചോ നഷ്ടപ്പെടുത്തിയോ ഉള്ള ഏതൊരു തരം പുരോഗമനവും ആത്യന്തികമായി വികലമായതാണ്. ചുരുക്കത്തില്‍ ചിന്ത, വിജ്ഞാനം, സമര്‍പ്പണം, ആത്മജ്ഞാനം തുടങ്ങിയ ഉപാധികളിലൂടെ മനുഷ്യ ജീവിതത്തിന്റെ മറുകര കാണാനും അതുവഴി ജീവിതത്തിന്റെ പാവനതയും പാകതയും ആര്‍ജിക്കാനുമാണ് മുഴുവന്‍ പ്രവാചക ദൗത്യങ്ങളും മനുഷ്യരെ ഉദ്‌ബോധിപ്പിച്ചുകൊണ്ടിരുന്നത്. രണ്ടാമത്തേത്, മനുഷ്യരില്‍ അര്‍പ്പിതമായിരിക്കുന്ന നായക പദവിയുടെ സാക്ഷാത്കാരത്തിനായുള്ള യത്‌നങ്ങളാണ്. ആദ്യം പറഞ്ഞ ആത്മീയമായ ലക്ഷ്യങ്ങളെ ശാക്തീകരിക്കുക, ലോകത്തിന്റെ തുടര്‍വികാസങ്ങള്‍ക്കനുസരിച്ച് സാമൂഹികമായ പ്രതിനിധാനങ്ങള്‍ക്ക് യോഗ്യരാകുക തുടങ്ങിയ ലക്ഷ്യങ്ങളാണ് അവക്കുള്ളത്. വിവിധങ്ങളായ സാമൂഹിക ഇടപെടലുകളിലൂടെ വിവിധ പ്രവാചകന്മാര്‍ സാധ്യമാക്കിയ വിപ്ലവങ്ങള്‍ വിവരിച്ചുനല്‍കുക വഴി വിശുദ്ധ ഖുര്‍ആനും മനുഷ്യചിന്തയെ തെളിക്കുന്നത് ഈ ലക്ഷ്യങ്ങളിലേക്കു തന്നെയാണ്. കാലത്തിന്റെ വികാസവും വളര്‍ച്ചയും മാനദണ്ഡമാക്കിയും ജീവിത മൂല്യങ്ങളെക്കുറിച്ചുള്ള ദൈവിക നിര്‍ദേശങ്ങളെ അടിസ്ഥാനമാക്കിയുമുള്ള സാമൂഹിക പുരോഗതിയും വികാസവുമാണ് അത് വിഭാവനം ചെയ്യുന്നത്. ലോകാവസാനം വരെയുള്ള മനുഷ്യര്‍ ജീവിക്കേണ്ടത് ഒരേ സ്ഥലകാല സാധ്യതകളിലാവില്ല. പ്രവചിക്കാന്‍ പോലും സാധ്യമാകാത്തത്ര വേഗതയില്‍ കൂലംകുത്തിയൊഴുകുന്ന കാലചക്രത്തിനു മുന്നില്‍ നിശ്ചലമായിപ്പോകാതെ മനുഷ്യജീവിതത്തിന്റെ വികാസ സാധ്യതകള്‍ നിരന്തരമായി കണ്ടെത്താനുള്ള ആഹ്വാനമാണ് നുബുവ്വത്തിന്റെ ഓരോ ഇടപെടലും ഉയര്‍ത്തുന്നത്. പ്രവാചകന്മാര്‍ നിര്‍വഹിച്ച ദൗത്യങ്ങളുടെ തുടര്‍ച്ചയെയും അവയുടെ വികാസ ക്ഷമതയെയും വര്‍ത്തമാന കാലത്ത്, അവയുടെ അന്തസ്സത്തകള്‍ക്ക് ഇടിവുകള്‍ സംഭവിക്കാതെ എങ്ങനെയൊക്കെ പ്രതിനിധാനം ചെയ്യാന്‍ സാധിക്കുമെന്നതാണ് ഇസ്ലാമിന്റെ വികാസക്ഷമതയുമായി ബന്ധപ്പെട്ടുള്ള അന്വേഷണങ്ങളില്‍ ആദ്യമായി കടന്നുവരേണ്ടത്.
ഇസ്ലാം ഉയര്‍ത്തുന്ന വികാസക്ഷമതയുടെ രണ്ട് ലക്ഷ്യങ്ങളാണ് മുകളില്‍ സൂചിപ്പിച്ചത്. ഒന്ന് ഒന്നിനോട് പൂരകമാകുന്ന നിലയിലാണ് ഇവയെ ഓരോന്നിനെയും ദീന്‍ നിര്‍വചിച്ചിട്ടുള്ളത്. ഇവ രണ്ടിനെയും സാക്ഷാത്കരിച്ചുകൊണ്ടുള്ള മനുഷ്യരാശിയുടെ ക്രമാനുഗതമായ വികാസമാണ് ഇസ്ലാമിന്റെ ലക്ഷ്യം. വ്യാഖ്യാനഭേദങ്ങളും ചിന്താപരമായ ആഴങ്ങളും കൊണ്ട് സമന്വയിക്കപ്പെട്ടിട്ടുള്ള വികാസക്ഷമതയുടെ ഉപാധികള്‍ എന്തൊക്കെയായിരുക്കുമെന്ന അന്വേഷണങ്ങള്‍ക്ക് എല്ലാ കാലത്തും വലിയ പ്രാധാന്യമുണ്ട്. ഈ അന്വേഷണങ്ങളുയര്‍ത്തിക്കൊണ്ട് വരാന്‍ കഴിയുന്ന ഒരു സമൂഹത്തിന് മാത്രമേ ഇസ്ലാമിന്റെ ആത്മീയവും സാമൂഹികവുമായ സൗന്ദര്യബോധങ്ങളെ അതിന്റെ യഥാര്‍ഥമായ ഗരിമകളോടെ ഉള്‍ക്കൊള്ളാന്‍ സാധിക്കുകയുള്ളൂ. മതമെന്നാല്‍ എന്താണ്, ഏതേത് പശ്ചാത്തലങ്ങളില്‍ നിന്നായിരിക്കണം മതവുമായി ബന്ധപ്പെട്ട അന്വേഷണങ്ങളും മനസ്സിലാക്കലുകളും നടക്കേണ്ടത് തുടങ്ങിയ വിഷയങ്ങളിലുള്ള വ്യക്തതയാണ് മതത്തിന്റെ പ്രതിനിധാനങ്ങളെ സംബന്ധിച്ചുയരുന്ന ആദ്യ ചോദ്യം. മതം പൊതുവെ മനസ്സിലാക്കപ്പെടുന്നത് ചരിത്രപരമായി മാത്രമാണ്. എന്നു പറഞ്ഞാല്‍, ചരിത്രത്തിന്റെ സ്വാധീനത്തില്‍നിന്ന് മതദര്‍ശനങ്ങളെ മോചിപ്പിച്ച് വര്‍ത്തമാന കാലത്ത് അതിന്റെ അന്തസ്സാരങ്ങളിലൂന്നിയുള്ള മൗലികമായ സ്ഥാപിക്കലുകള്‍ക്കായുള്ള ശ്രമങ്ങള്‍ വേണ്ടത്ര ഉണ്ടാകുന്നില്ല. ഇസ്ലാമിനെ സംബന്ധിച്ചേടത്തോളം അത് ഓരോ കാലഘട്ടത്തിലും പ്രകടിപ്പിക്കേണ്ട വികാസക്ഷമതയെ തങ്ങളുടെ ചിന്താപരമായ വൈകല്യങ്ങള്‍ കൊണ്ടും ശേഷിക്കുറവുകള്‍ കൊണ്ടും തടഞ്ഞുവെക്കുകയും മതത്തിന്റെ വിശുദ്ധിയെ സംബന്ധിച്ച് ഏറ്റവും വികലമായ വീക്ഷണങ്ങള്‍ വെച്ചുപുലര്‍ത്തുകയും ചെയ്യുന്നവരാണ് മിക്കപ്പോഴും മതത്തിന്റെ ആധികാരിക ഭാവങ്ങളെ കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്നത്. ഇസ്ലാം കടന്നുപോന്നിട്ടുള്ള വിവിധ ചരിത്ര സന്ദര്‍ഭങ്ങളെയും അത് അക്കാലങ്ങളില്‍ അഭിസംബോധന ചെയ്തിട്ടുള്ള വിജ്ഞാന ത്വരകളെയും മാത്രം വിശുദ്ധമാക്കുകയും വര്‍ത്തമാന കാലത്ത് മതവുമായി ബന്ധപ്പെട്ട് ഉയരുന്ന അന്വേഷണങ്ങള്‍ക്ക് നേരെ കണ്ണടക്കുകയും ചെയ്യുന്ന പ്രവണതകള്‍ പൊതുവെ കാണപ്പെടുന്നുണ്ട്. ഇസ്ലാമുമായി ബന്ധപ്പെട്ട ചരിത്രങ്ങളില്‍ ഇത്തരം അനുഭവങ്ങള്‍ എമ്പാടും കാണാന്‍ സാധിക്കും.
ചരിത്രത്തിന്റെ ഏതൊക്കെയോ ഘട്ടങ്ങളില്‍, അക്കാലത്തെ മതത്തിന്റെ പ്രതിനിധാനങ്ങളുടെ ഭാഗമായി എഴുതപ്പെട്ട ഗ്രന്ഥങ്ങളെ അപ്പടി വര്‍ത്തമാനത്തിലേക്ക് മാറ്റിസ്ഥാപിക്കുന്നതു വഴി മതത്തിന്റെ സാമൂഹിക മുഖത്തിന് സംഭവിക്കുന്ന ഗുരുതരമായ പരിക്കുകളെ സംബന്ധിച്ച് ആധികാരിക മത നേതൃത്വങ്ങള്‍ പലപ്പോഴും അജ്ഞരാണ്. ഇസ്ലാമിക വിജ്ഞാനീയങ്ങളെയും സാമൂഹിക പരിഷ്‌കരണങ്ങളെയും സംബന്ധിച്ച് ഒരു കാലത്ത് എഴുതപ്പെട്ട ഗ്രന്ഥം, കാലം അതിന്റെ സാധ്യതകളെ റദ്ദ് ചെയ്തുകളയുന്ന മറ്റൊരു കാലത്ത് മാത്രമേ ആധികാരികവും വിശുദ്ധവുമായി അംഗീകരിക്കപ്പെടൂ എന്ന് വരുന്നത് സങ്കടകരമാണ്. മതത്തെ വര്‍ത്തമാനത്തില്‍ സ്ഥാപിക്കാനുള്ള ശ്രമങ്ങളെയും അത്തരം ശ്രമങ്ങള്‍ക്കായുള്ള സഞ്ചാരങ്ങളെയും മതരൂപങ്ങളിലെ അധികാര ഘടനകള്‍ തീരെ അനുവദിച്ചു കൊടുക്കാറില്ല. ഇസ്ലാമിന്റെ വികാസക്ഷമത തേടുന്ന ഒരാളെ സംബന്ധിച്ചേടത്തോളം ഈ പരിമിതികളില്‍നിന്ന് പുറത്തുകടക്കുക അല്പം സാഹസം തന്നെയാണ്. എന്നാല്‍ ഇത്തരം സാഹസങ്ങള്‍ക്കായുള്ള അഹ്വാനങ്ങളാണ് ഇസ്ലാമിക നവോത്ഥാനങ്ങള്‍ക്ക് എക്കാലത്തും നിദാനമായിട്ടുള്ളത്. വിദൂരമായ ഒരു ഭൂതകാലത്തില്‍ മതം നിര്‍വഹിച്ച അതിന്റെ സാധ്യതകളെ ചരിത്രപരമായി സമീപിക്കുകയെന്നത് പഠനങ്ങള്‍ക്കും നിലപാടുകള്‍ക്കും അത്യാവശ്യം തന്നെയാണ്. എന്നാല്‍ തലമുറകളായി ഒരു ദര്‍ശനത്തിന് അതിന്റെ ചരിത്രപരതകളില്‍നിന്ന് മോചനം ലഭിക്കാതെ പോകുന്നുവെങ്കില്‍, പൂര്‍ണമായും ചരിത്രത്തില്‍ തന്നെ സദാ സമയവും കഴിച്ചുകൂട്ടേണ്ടിവരുന്നുെണ്ടങ്കില്‍, അത് ആ ദര്‍ശനത്തിന്റെ ദുര്‍ഗതിയാണ്. വിശുദ്ധവും ദൈവികവുമായ ഒരു ദര്‍ശനം അത് ഒട്ടും അര്‍ഹിക്കാത്ത ചില വഴികളിലുടെ മാത്രം മനസ്സിലാക്കപ്പെടേണ്ടിവരുന്ന ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടാവുന്നുവെന്നത് ഇസ്ലാമിനെ സംബന്ധിച്ചേടത്തോളം കേവലമായൊരു ദുര്‍ഗതി മാത്രമല്ല. മനുഷ്യന്റെ സാമൂഹികവും ആത്മീയവുമായ വളര്‍ച്ചയുടെ സാധ്യതകള്‍ക്ക് കുറുകെ സ്ഥാപിക്കുന്ന വലിയ തോതിലുള്ള തടസ്സങ്ങള്‍ കൂടിയാണത്.
മതമെന്നത് സാമൂഹികശാസ്ത്രപരമായ ഒരു അനിവാര്യതയാണ്. ഓരോ കാലത്തിന്റെയും സാമൂഹികാവശ്യങ്ങളോട് മതമൂല്യങ്ങള്‍ നടത്തിയ സംവാദങ്ങളുടെ ഉല്‍പ്പന്നങ്ങളാണ് മതത്തിന്റെ സാമൂഹികമായ ആവിഷ്‌കാരങ്ങള്‍. വ്യത്യസ്തങ്ങളായ പ്രവാചകത്വ സംരംഭങ്ങളിലൂടെ മതത്തിന്റെ സാമൂഹിക മാനങ്ങള്‍ നിരന്തരമായി നവീകരിക്കപ്പെട്ടുകൊണ്ടിരുന്നത് എങ്ങനെയായിരുന്നെന്ന് ഉദാഹരണങ്ങള്‍ നിരത്തി വിശുദ്ധ ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്. ആ ആവിഷ്‌കാരങ്ങള്‍ യഥാര്‍ഥത്തില്‍ മനസ്സിലാക്കപ്പെടേണ്ടത് സാമൂഹികശാസ്ത്രപരമായാണ്. മതവുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലും അന്വേഷണങ്ങളിലും പശ്ചത്തലങ്ങളായി മാത്രം പരിഗണിക്കേണ്ടിയിരുന്ന ചരിത്രം, മതത്തിന്റെ സമകാലിക പ്രതിനിധാനങ്ങളെ നിര്‍ണയിക്കുന്ന ഇടങ്ങളില്‍ അനാവശ്യമായി കടന്നുവരുന്നതുകൊണ്ടാണ് മതത്തിന്റെ സാമൂഹികശാസ്ത്രപരമായ വ്യാഖ്യാനങ്ങളും അന്വേഷണങ്ങളും പുതുതായി ഉണ്ടാകാതെ പോകുന്നത്. കാലം അതിന്റെ സഞ്ചാരത്തില്‍ ബാക്കിയാക്കുന്ന ഒരു ഉല്‍പ്പന്നമാണ് ചരിത്രം. യഥാര്‍ഥത്തില്‍ ഓരോ കാലത്തുമാണ് ഇസ്ലാമികമായ നവീനതകള്‍ പ്രവാചകത്വ ഇടപെടലുകളിലൂടെ നടന്നിട്ടുള്ളത്. കാലം മുന്നോട്ടുപോകുമ്പോള്‍ അത് ചരിത്രമായി മാറുന്നു. ആ കാലത്തിനൊപ്പം മുന്നോട്ട് സഞ്ചരിച്ച് ഇസ്ലാമിന്റെ വികാസസാധ്യതകളെ പോഷിപ്പിക്കേണ്ടതുണ്ടോ, അതല്ല ആ ചരിത്രങ്ങളില്‍ തന്നെ തളച്ചിടേണ്ടതാണോ മതം എന്നതാണ് പ്രശ്നവല്‍ക്കരിക്കേണ്ടത്.
ഇസ്ലാമിന്റെ വികാസക്ഷമതയെത്തേടുമ്പോള്‍ വിജ്ഞാനവും അതുമായി ബന്ധപ്പെട്ട കാഴ്ചപ്പാടുകളും വളരെ പ്രധാനമാണ്. നിരവധി വിജ്ഞാനങ്ങളുടെ സങ്കലിതരൂപമാണ് ഇസ്ലാം. നിരന്തരമായ വികാസത്തിനായി ആഹ്വാനമുയര്‍ത്തുന്നവയാണ് ഇസ്ലാമിന്റെ ജ്ഞാനബോധങ്ങളെല്ലാം. കാലവും ലോകവും അതിന്റെ ആഭ്യന്തര ഘടനക്കും അന്തസ്സാരങ്ങള്‍ക്കും ഒരു തരത്തിലുമുള്ള ശോഷണങ്ങള്‍ വരുത്താത്തതും, മനുഷ്യന്റെ ഭൗതികമായ അന്വേഷണങ്ങളിലൂടെ കണ്ടെത്താന്‍ സാധിക്കാത്തതുമായ വൈജ്ഞാനിക ഉള്ളടക്കങ്ങളും, മനുഷ്യചിന്തയുടെയും അവന്റെ അനുഭവങ്ങളുടെയും അന്വേഷണങ്ങളുടെയും പിന്‍ബലത്തില്‍ കണ്ടെത്തേണ്ടതും വികസിപ്പിക്കേണ്ടതുമായ വിജ്ഞാനങ്ങളും ഇസ്ലാമിലുണ്ട്. ഇവയെ വ്യവഛേദിച്ച് മനസ്സിലാക്കാന്‍ കേവലമായ ചരിത്രാന്വേഷണങ്ങളിലൂടെയും വിവിധ ചരിത്രഘട്ടങ്ങളില്‍ രചിക്കപ്പെട്ട ഗ്രന്ഥങ്ങളെ മാത്രം ആധാരമാക്കിയുള്ള പഠനങ്ങള്‍ വഴിയും സാധിച്ചുകൊള്ളണമെന്നില്ല. ഓരോ കാലത്തിനും അതിന്റേതായ ശബ്ദങ്ങളുണ്ട്. ആ ശബ്ദങ്ങള്‍ക്ക് കാതു കൊടുക്കാനുള്ള കേള്‍വിശക്തിയും ലോകത്തെയും വേദത്തെയും കാലികമായി വായിച്ചെടുക്കാനുള്ള സാക്ഷരതയും ആര്‍ജിച്ചെടുക്കലാണ് ജ്ഞാന സമ്പാദനത്തിനുള്ള മാര്‍ഗങ്ങള്‍. വേദഗ്രന്ഥങ്ങളുടെ അവതരണം പൂര്‍ത്തിയായതോടെ വിജ്ഞാനങ്ങളുടെ ദൈവികമായ കൈമാറ്റം അവസാനിച്ചുവെന്നും ഇനി പുതുതായി ഒന്നും ലഭിക്കാനില്ല എന്നും കരുതുന്നവര്‍ക്ക് ഇസ്ലാമിന്റെ വികാസക്ഷമതക്ക് പ്രത്യേകിച്ച് സംഭാവനകളൊന്നും നല്‍കാന്‍ കഴിയില്ല. സ്വന്തം ആത്മദാഹങ്ങള്‍ അവരുടേതായ ഇസ്ലാം വഴി ഒരു പരിധിവരെയൊക്കെ അവര്‍ പരിഹരിച്ചേക്കാമെങ്കിലും ഖിലാഫത്ത് അഥവാ ഇസ്ലാമിന്റെ പ്രതിനിധാനമെന്ന ഒരു വലിയ ലക്ഷ്യത്തില്‍ അവര്‍ അമ്പേ പരാജയപ്പെട്ടുപോകും.
പുതിയ വിജ്ഞാനങ്ങള്‍ക്കായുള്ള ശ്രമങ്ങളും കാലത്തോട് ചേര്‍ത്തുവെച്ചുകൊണ്ടുള്ള വേദഗ്രന്ഥത്തിന്റെ പുനര്‍വായനകളും മതാതിര്‍ത്തികള്‍ ലംഘിക്കുന്ന ഭീകര പ്രവര്‍ത്തനങ്ങളാണെന്ന് വിശ്വസിക്കുന്നവര്‍ ഇസ്ലാമിന്റെ സംഘടിത രൂപങ്ങളെ നിയന്ത്രിക്കുന്നത് അത് സാധ്യമാക്കേണ്ട സകല വികാസങ്ങളുടെയും വഴികളെ അടച്ചുകൊണ്ടായിരിക്കും. വിജ്ഞാനത്തെ തേടിക്കൊണ്ടേയിരിക്കാന്‍ ആഹ്വാനമുയര്‍ത്തുന്ന ഒരു ദര്‍ശനത്തിന് ആ വിജ്ഞാനം ആര്‍ജിച്ചാല്‍ സ്വീകരിക്കേണ്ട നിലപാടുകളെ സംബന്ധിച്ചും തീര്‍ച്ചയായും അഭിപ്രായങ്ങളുണ്ടാകണമല്ലോ. ഓരോ ദിവസവും പുതിയ അറിവുകള്‍ ആര്‍ജിച്ചുകൊണ്ടാണ് മനുഷ്യര്‍ ജീവിക്കുന്നത്. ജീവിതത്തിന്റെ ആപാദചൂഢം സ്പര്‍ശിച്ചു നില്‍ക്കുന്ന ഒരു വിശ്വാസവും നിലപാടും ദര്‍ശനവുമായി മതത്തെ മനസ്സിലാക്കുന്നവരെ സംബന്ധിച്ചേടത്തോളം, സ്വജീവിതം കൊണ്ട് ആര്‍ജിക്കുന്ന വിജ്ഞാനങ്ങളോട് കൂറ് പുലര്‍ത്താതിരിക്കാന്‍ സാധിക്കില്ല. ഇസ്ലാമിന്റെ മൂല്യബോധങ്ങള്‍ക്ക് പരിക്ക് പറ്റാതെയുള്ളതും, അതിനെ കൂടുതല്‍ ശോഭയോടെ പ്രകാശിപ്പിക്കുന്നതും, ഇസ്ലാമിനെത്തന്നെ ആവര്‍ത്തിച്ച് തേടിക്കൊണ്ടുള്ളതുമായ പുതിയ നിലപാടുകളും സമീപനങ്ങളും അവര്‍ക്ക് പ്രകടിപ്പിക്കേണ്ടിവരും. ഇതൊന്നും മതത്തിന്റെ ജ്ഞാനാഹ്വാനങ്ങളോട് ഒരിക്കലും എതിര്‍വാദങ്ങളുന്നയിക്കുന്നതല്ല.
സാമൂഹികമായ സാഹചര്യങ്ങളെ സൃഷ്ടിക്കുന്നിടങ്ങളിലും അവക്ക് മീതെയുള്ള നിയന്ത്രണങ്ങളിലും ഇസ്ലാമിന് വ്യക്തമായ കാഴ്ചപ്പാടുകളുണ്ട്. സമൂഹസൃഷ്ടിയില്‍ സംഭാവനകളര്‍പ്പിച്ചുകൊണ്ട് മുന്നോട്ടു വരാനുള്ള ഒട്ടനവധി ആഹ്വാനങ്ങള്‍ ഇസ്ലാം ഉയര്‍ത്തുന്നുണ്ട്. നിങ്ങളാണ് ഉത്തമ സമുദായക്കാരെന്നും നന്മയുടെ പ്രചാരണവും തിന്മകളുടെ വിപാടനവും നിങ്ങളുടെ ബാധ്യതയാണെന്നുമുള്ള ഖുര്‍ആനിക ആഹ്വാനം സാമുദായികവാദത്തിനുള്ള തെളിവല്ല. മറിച്ച് സാമൂഹികക്രമങ്ങളുടെ കൈകാര്യകര്‍തൃത്വങ്ങളില്‍ ദാര്‍ശനികമായ പിന്‍ബലം നല്‍കാനുള്ള ഇസ്ലാമിന്റെ വികാസക്ഷമതയുടെ അടയാളങ്ങളെയാണ് ഇതേ ആശയത്തിലുള്ള അനേകം ഖുര്‍ആനിക സൂക്തങ്ങള്‍ രേഖപ്പെടുത്തുന്നത്. നീതിന്യായ വ്യവസ്ഥകളുടെയും ഭരണകൂടങ്ങളുടെയും സൃഷ്ടിപ്പും ഇസ്ലാമിന്റെ ലക്ഷ്യങ്ങളാണ്. നീതിയെക്കുറിച്ച് വാചാലമാകുന്ന ഇസ്ലാമിന് അങ്ങനെയാകാതിരിക്കാന്‍ കഴിയില്ല. എന്നാല്‍ ഇതും സാമുദായികതയുടെ ചെറിയ സുഷിരങ്ങളിലൂടെ മാത്രം വീക്ഷിക്കപ്പെടുന്നതാണ് പ്രശ്നം. ഇസ്ലാം മുന്നോട്ടു വെക്കുന്ന വിശാലമായ മാനവികതയെന്ന കാഴ്ചപ്പാടിനോട് കൂറ് പുലര്‍ത്തുന്ന ഒരു സൃഷ്ടിപരതയെ മാത്രമേ ദാര്‍ശനികമായി അത് പിന്താങ്ങുന്നുള്ളൂ.
മനുഷ്യന്റെ എക്കാലത്തെയും വികാസപരതയെ നിര്‍ണയിച്ചു നല്‍കുന്ന സുപ്രധാനമായ രണ്ട് ഘടകങ്ങളാണ് ഭാവനയും സര്‍ഗപരതയും. ഇത് രണ്ടിനോടുമുള്ള ഇസ്ലാമിന്റെ സമീപനങ്ങളും കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വിധേയമാകേണ്ടതുണ്ട്. മനുഷ്യര്‍ക്ക് മാത്രം നല്‍കപ്പെട്ടിട്ടുള്ളതെന്ന് കരുതപ്പെടുന്ന ഒരു ഗുണമാണ് ഭാവന. ചിന്തയുടെ സൗന്ദര്യരൂപമാണ് ഭാവന. അനുഭവങ്ങളുടെ സര്‍ഗപരമായ സ്മൃതികളില്‍നിന്നോ ധ്യാനമനനങ്ങളില്‍നിന്നോ ഉളവാകുന്ന ആവിഷ്‌കാരങ്ങളാണ് ഭാവനയെ സൃഷ്ടിക്കുന്നത്. ലോകത്തെ സാമൂഹികമായ വിവിധ മുന്നേറ്റങ്ങളെ പ്രചോദിപ്പിക്കുന്നതിലും ശക്തിപ്പെടുത്തുന്നതിലും ഈ രണ്ട് ഭാവങ്ങളും വലിയ സംഭാവനകള്‍ അര്‍പ്പിച്ചിരിക്കുന്നുവെന്നതിന് ചരിത്രം മതിയായ തെളിവുകള്‍ നല്‍കുന്നുണ്ട്. ഇവയെ മതവിരുദ്ധമാക്കി അവഗണിച്ചതുവഴി ഇസ്ലാമിന്റെ വികാസക്ഷമതക്ക് പല കാലങ്ങളിലും ഗൗരവമായ പരിക്കുകള്‍ പറ്റിയിട്ടുണ്ട്.
വികാസക്ഷമതയുടെ വാതിലുകള്‍ മനുഷ്യര്‍ക്കായി വിശാലമായി തുറന്നുതന്നിട്ടാണ് വിശുദ്ധ ഖുര്‍ആന്‍ അതിന്റെ അവസാന സൂക്തവും പൂര്‍ത്തിയാക്കിയിട്ടുള്ളത്. ഒരു വ്യവസ്ഥയുടെയും നാല് ചുവരുകള്‍ക്കുള്ളില്‍ ഇസ്ലാമിനെ തളയ്ക്കാതെ തനിക്കു ശേഷം ജനങ്ങള്‍ക്ക് സ്വതന്ത്രമായി ഇസ്ലാമിനെത്തേടാനുള്ള മുഴുവന്‍ സാധ്യതകളെയും അവശേഷിപ്പിച്ചാണ് അന്ത്യപ്രവാചകന്‍ മുഹമ്മദ് (സ) ഇഹലോകവാസം വെടിഞ്ഞത്. നൂറ്റാണ്ടുകള്‍ താണ്ടിയുള്ള ഇസ്ലാമിന്റെ സഞ്ചാരമാര്‍ഗങ്ങളില്‍ എവിടെയൊക്കെയോ വെച്ച്, പ്രതിലോമപരമായ എന്തൊക്കെയോ കാരണങ്ങള്‍ കൊണ്ട് അടഞ്ഞുപോകുന്ന ആ വാതിലുകളെ ബലമായിത്തന്നെ തുറന്നുപിടിക്കാനും അതിലുടെ ലോകത്തെയും കാലത്തെയും കാണാനുമുള്ള ശ്രമങ്ങളാണ് ഓരോ കാലത്തും നടക്കേണ്ടത്. പഠനവും അന്വേഷണങ്ങളും മനനവും കൊണ്ട് അതിനായി നമുക്ക് എത്രത്തോളം സാധിക്കുന്നുണ്ടെന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളായിരിക്കും നമ്മുടെ ഓരോരുത്തരുടെയും ഇസ്ലാം.
Comments