ഇസ്‌ലാമിക പ്രസ്ഥാനത്തെ നെഞ്ചേറ്റി വ്യക്തികളില്‍നിന്ന് വ്യക്തികളിലേക്ക്
ഇപ്പോള്‍ പ്രായം 82. ബാല്യ-കൗമാര ഓര്‍മകളില്‍ നിറഞ്ഞുനില്‍ക്കുന്നത് ചുവപ്പുനിറമാണ്. ചരിത്രപ്രസിദ്ധമായ പുന്നപ്ര-വയലാര്‍ സമരം നടക്കുന്ന കാലം. പുന്നപ്രയുടെ അടുത്ത പ്രദേശമാണ് നീര്‍ക്കുന്നം. ഞാന്‍ ജനിച്ചു വളര്‍ന്ന നാട്. സര്‍ സി.പി രാമസ്വാമി ദിവാനായ രാജഭരണകാലമായിരുന്നു അത്. കമ്യൂണിസ്റ്റ് സമരം നടക്കുമ്പോള്‍ പുന്നപ്രയില്‍നിന്നും പലപ്പോഴും വെടിയൊച്ചകള്‍ കേട്ടിട്ടുണ്ട്. പരിക്കേറ്റ സമരക്കാരെ പട്ടാളം ലോറിയില്‍ കയറ്റി ചുടുകാട്ടില്‍ കൊണ്ടുപോകും. പെട്രോള്‍ ഒഴിച്ച് ജീവനോടെ ചുട്ടുകൊല്ലും. സാറേ, ഞാന്‍ ചത്തിട്ടില്ല എന്നു പറഞ്ഞ് ചിലര്‍ കരഞ്ഞ് നിലവിളിക്കും. അവിടെ കിടന്ന് ചത്തോടാ എന്ന് പറഞ്ഞായിരിക്കും ചുടുക. തിരിച്ച് സഖാക്കള്‍ എസ്.ഐ ഉള്‍െപ്പടെ പലരെയും വാരിക്കുന്തം കൊണ്ട് കുത്തിക്കൊന്നിട്ടുണ്ട്. നാട് സംഘര്‍ഷഭരിതമായ സാഹചര്യം. എങ്ങും പരിഭ്രാന്തി. ജനങ്ങള്‍ നാനാ വഴിക്കും നെട്ടോട്ടം തന്നെ. സമരക്കാരില്‍ 95 ശതമാനവും ഈഴവരായിരുന്നു. അവരില്‍ പലരും തലമൊട്ടയടിച്ച് മുസ്‌ലിംകള്‍ ധരിക്കുന്ന വെള്ളത്തൊപ്പി അണിഞ്ഞാണ് നടന്നിരുന്നത്. ആളെ തിരിച്ചറിയാതിരിക്കാന്‍ വേണ്ടിയായിരുന്നു അത്.
പൊന്നാനി താലൂക്കിലെ പുന്നയൂര്‍ക്കുളം പെരുമ്പടപ്പ് അഹ്മദ് കുട്ടി ഹാജിയുടെയും അമ്പലപ്പുഴ താലൂക്കിലെ നീര്‍ക്കുന്നം ഉമ്മുകുല്‍സൂം ബീവിയുടെയും ഏഴ് മക്കളില്‍ ഒന്നാമനായാണ് ഞാന്‍ ജനിച്ചത്. മുസ്‌ലിയാര്‍ കുടുംബമായിരുന്നു. പിതാവ് നിരവധി പള്ളികളില്‍ ഖത്വീബും മുദര്‍രിസുമായി സേവനമനുഷ്ഠിച്ചിരുന്നു. മൈക്കില്ലാത്ത അക്കാലത്ത് തുടര്‍ച്ചയായി നാല്‍പതു ദിവസം വാപ്പ വഅ്‌ള് പറഞ്ഞിട്ടുണ്ട്. വാപ്പയുടെ വാപ്പ പെരുമ്പടപ്പ് പുത്തന്‍പള്ളി എന്ന പ്രദേശത്തെ കുട്ട്യാമു മുസ്‌ലിയാര്‍. ആലുവയിലെ മാറമ്പള്ളി മഹല്ലില്‍ ദര്‍സ് നടത്തിക്കൊണ്ടിരിക്കെ രോഗം ബാധിച്ച് അദ്ദേഹം നാട്ടിലേക്ക് തിരിച്ചു. ഏറെ വൈകാതെ അല്ലാഹുവിങ്കലേക്ക് യാത്രയായി. അന്ന് വല്യുമ്മ വാപ്പയെ ഏഴു മാസം ഗര്‍ഭം ധരിച്ചിരിക്കുകയായിരുന്നു. വാപ്പയുടെ ഉമ്മയുടെ സഹോദരന്‍(മാമ) വലിയ പണ്ഡിതനായിരുന്നു. പല സ്ഥലത്തും ദര്‍സ് നടത്തിയ കൂട്ടത്തില്‍ അദ്ദേഹം നീര്‍ക്കുന്നത്തും എത്തി. അവിടെ നിന്ന് വിവാഹം കഴിച്ച് അവിടെ തന്നെ സ്ഥിരതാമസമാക്കി. വടക്കന്‍ മുസ്‌ലിയാര്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. അന്ന് വാപ്പ പുന്നയൂര്‍ക്കുളത്തിനടുത്ത് മുഴുപ്പക്കാട് എന്ന പ്രദേശത്ത് ദര്‍സ് നടത്തിക്കൊണ്ടിരിക്കുകയാണ്. ഒരിക്കല്‍ മാമ വാപ്പയെ നീര്‍ക്കുന്നത്തേക്ക് വിളിച്ച് വരുത്തി പറഞ്ഞു: 'ഈ നാടുമായി നമ്മുടെ കുടുംബത്തിന് എന്നും ബന്ധം നിലനില്‍ക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അതുകൊണ്ട് നീ ഇവിടെ നിന്ന് വിവാഹം കഴിക്കണം.' അങ്ങനെ അദ്ദേഹത്തിന്റെ ഭാര്യയുടെ മരുമകളെ വാപ്പ വിവാഹം കഴിച്ചു. ശേഷം വാപ്പയും നീര്‍ക്കുന്നത്ത് സ്ഥിരതാമസമാക്കി.
ഉപ്പ വലിയ മുസ്‌ലിം ലീഗുകാരനും ഭാരത ചന്ദ്രികയുടെയും ചന്ദ്രികയുടെയും ഏജന്റുമായിരുന്നു. കടുത്ത കമ്യൂണിസ്റ്റ് വിരോധി. എന്റെ സ്‌കൂള്‍ പഠനം നാലാം ക്ലാസു വരെ മാത്രം. ശേഷം ദര്‍സുകളില്‍നിന്ന് ദര്‍സുകളിലേക്കുള്ള യാത്ര. മുസ്‌ലിയാര്‍ കുടുംബത്തില്‍ ജനിച്ച ഒരു കുട്ടിയെ സംബന്ധിച്ചേടത്തോളം അക്കാലത്ത് അത് സ്വാഭാവികം. ആറാട്ടുപുഴ, പുന്നപ്ര, നീര്‍ക്കുന്നം, പുന്നയൂര്‍ക്കുളം, കീരിക്കാട്, ക്ലാപ്പന, പന്താവൂര്, ചന്തിരൂര്‍..... ഓതിയ പള്ളി ദര്‍സുകള്‍ ഇങ്ങനെ കുറേയുണ്ട്. കൂട്ടുകാരുമായി കമ്പനികൂടാന്‍ പണ്ടേ വലിയ കമ്പമായിരുന്നു. അന്നൊക്കെ നാട്ടില്‍, തറാവീഹും മൗലിദും കഴിഞ്ഞ് വീട്ടിലേക്ക് തിരിക്കുമ്പോള്‍ എല്ലാവര്‍ക്കും കുറച്ചു പഴം ലഭിക്കും. ഒരിക്കല്‍ ഞങ്ങളില്‍ ചിലര്‍ക്ക് തിയേറ്ററില്‍ പോയി സിനിമ കാണാന്‍ പൂതി. അക്കൂട്ടത്തില്‍ ഞാനുമുണ്ട്. ഞങ്ങള്‍ കുറച്ച് കാശ് സംഘടിപ്പിച്ചു. ഒരു ദിവസം പള്ളിയിലേക്ക് എന്നു പറഞ്ഞ് വീട്ടില്‍നിന്നിറങ്ങിയത് നേരെ തിയേറ്ററിലേക്ക്. പള്ളിയില്‍ പോയെന്ന് ഉറപ്പു വരുത്താന്‍ ഒരു പൊതി പഴം വാങ്ങി വീട്ടില്‍ കൊടുക്കുകയും ചെയ്തു.
ചൂടേറിയ രാഷ്ട്രീയ ചര്‍ച്ചകളാല്‍ നാട് സജീവമായിരുന്ന കാലം. എത്രയെത്ര ഗംഭീര പ്രഭാഷണങ്ങള്‍ക്കാണ് നീര്‍ക്കുന്നം സാക്ഷിയായത്! ആ സന്ദര്‍ഭത്തില്‍ കമ്യൂണിസത്തോട് എനിക്ക് കടുത്ത വെറുപ്പായിരുന്നു. കുട്ടിയാണല്ലോ, മനസ്സില്‍ ആളിക്കത്തുന്ന അമര്‍ഷം തീര്‍ക്കാന്‍ പ്രത്യേകിച്ച് വഴികളൊന്നുമില്ല. കരിക്കട്ടകൊണ്ട് ആരും കാണാതെ റോഡിലും ചുമരുകളിലും 'കമ്യൂണിസം നശിക്കട്ടെ', (നേതാക്കളായ) 'ടി.വി തോമസിന്റെയും ആര്‍. സുഗതന്റെയും തലക്ക് ഇടി വെട്ടട്ടെ' എന്നൊക്കെ എഴുതിവെച്ച് സ്വയം ആശ്വസിച്ചു.
ക്രമേണ വെറുപ്പിന്റെ വീര്യം കുറഞ്ഞുവന്നു. ചിന്താഗതിക്ക് പതുക്കെ മാറ്റം വന്നുതുടങ്ങി. ഭരണകൂടത്തിന്റെയും മുതലാളിമാരുടെയും അക്രമങ്ങള്‍, പാവങ്ങള്‍ക്കു നേരെയുള്ള പീഡനങ്ങള്‍; ഈ കാഴ്ചകള്‍ മനസ്സിനെ അസ്വസ്ഥമാക്കിക്കൊണ്ടിരുന്നു. കഷ്ടപ്പെടുന്നവരുടെ കണ്ണീരൊപ്പാന്‍ പാര്‍ട്ടി നടത്തുന്ന ശ്രമങ്ങളും നേതാക്കളുടെ ലാളിത്യവും എന്നെ കമ്യൂണിസത്തിലേക്ക് ആകര്‍ഷിച്ചു. ആര്‍. സുഗതന്റെ ജീവിതം എന്നെ ഏറെ സ്വാധീനിച്ചു. ഉള്ളതു മുഴുവന്‍ വിറ്റ് അദ്ദേഹം പാര്‍ട്ടിക്ക് സംഭാവന ചെയ്തിരുന്നു. വിവാഹം പോലും കഴിക്കാതെ രാവും പകലും പാര്‍ട്ടിക്ക് വേണ്ടി പണിയെടുത്തു. രാത്രിയായാല്‍ ആലപ്പുഴ ബോട്ട് ജെട്ടിയിലുള്ള കയര്‍ തൊഴിലാളി ഓഫീസിന്റെ വാതില്‍ക്കല്‍ ഒരു പായ വിരിച്ച് കിടന്നുറങ്ങും. തലക്കും ഭാഗത്ത് ഒരു തീപ്പെട്ടിയും കുറച്ചു ബീഡിയും. ഇതാണ് ആര്‍. സുഗതന്‍.
ഈ ഘട്ടത്തിലാണ് നീര്‍ക്കുന്നം അസീസ് സാഹിബ്, പുന്നപ്ര ഹസന്‍ ബാവ (പില്‍ക്കാലത്ത് രണ്ടു പേരും ജമാഅത്തിന്റെ നേതാക്കളായി) തുടങ്ങിയവര്‍ സജീവ കമ്യൂണിസ്റ്റുകാരായി രംഗത്തുവരുന്നത്. എന്റെ സഹോദരി നബീസയെ വിവാഹം കഴിച്ച സി.ജെ മുഹമ്മദ് കോയയും (ദമ്മാമിലുള്ള കെ.എം ബശീറിന്റെയും അല്‍ജാമിഅ ശരീഅ കോളേജ് പ്രിന്‍സിപ്പല്‍ കെ.എം അശ്‌റഫിന്റെയും പിതാവ്) പാര്‍ട്ടി മെമ്പറായി.
ഹസനിയ്യ അറബിക് കോളേജിലെ വാദപ്രതിവാദങ്ങള്‍
പള്ളി ദര്‍സുകളിലെ പഠനശേഷം കായംകുളം ഹസനിയ്യ അറബിക് കോളേജില്‍ വാപ്പ എന്നെ ചേര്‍ത്തു. കായംകുളം ഹാജി ഹസന്‍ യഅ്ഖൂബ് സേഠ് എന്ന വലിയ മനുഷ്യന്റെ വിശാലമനസ്സില്‍നിന്നാണ് ഹസനിയ്യ കോളേജ് പിറവിയെടുത്തത്. സേഠ് സാഹിബിന്റെ പ്രകൃതം അത്യന്തം ആകര്‍ഷണീയമായിരുന്നു. ബാഗില്‍ പൈസയുമായി അദ്ദേഹത്തിന്റെ പിന്നാലെ എപ്പോഴും ഒരു പരിചാരകനുണ്ടാകും. ചോദിച്ച് വരുന്നവര്‍ക്ക് അതില്‍നിന്ന് പണമെടുത്ത് കൊടുത്ത് സഹായിക്കും. മരണം വരെയും ഇതായിരുന്നു സ്വഭാവം. കിട്ടിയത് പോര എന്നു പറഞ്ഞ് ചിലര്‍ ഒച്ചയുണ്ടാക്കും. സാധാരണ ഗതിയില്‍ ഒരാള്‍ക്ക് ശുണ്ഠി പിടിക്കാന്‍ ഇതുമതി. പക്ഷേ, അവിടെയും സേഠ് സാഹിബ് അത്ഭുതപ്പെടുത്തും. ഒച്ചയുണ്ടാക്കുമ്പോള്‍ അവരുടെ കൈപിടിച്ച് തന്നിലേക്ക് ചേര്‍ത്ത് 'പൊരുത്തപ്പെട് വാപ്പാ....' എന്ന് പറഞ്ഞ് ആശ്വസിപ്പിക്കും. ഒരു വലിയ അറബിക് കോളേജിന് വേണ്ടതെല്ലാം സേഠ് സാഹിബ് ഒരുക്കിത്തന്നു. നൂറ് വിദ്യാര്‍ഥികള്‍ക്ക് താമസം, ഭക്ഷണം, ഉസ്താദുമാരുടെ ശമ്പളം, ജുമുഅത്ത് പള്ളിയുടെ നടത്തിപ്പ്... എല്ലാം സേഠ് സാഹിബിന്റെ വക. അതിനു വേണ്ടി തെങ്ങിന്‍തോപ്പ്, കൃഷിപ്പാടം, വാടകക്ക് കൊടുക്കുന്ന കെട്ടിടങ്ങള്‍ തുടങ്ങിയവ കോളേജിന് വഖ്ഫ് ചെയ്തു. അങ്ങനെ ഹസനിയ്യ അറബിക് കോളേജ് യാഥാര്‍ഥ്യമായി.
മലബാര്‍ സമരത്തില്‍ മുന്‍പന്തിയിലുണ്ടായിരുന്ന പട്ടിക്കാട് ഇബ്‌റാഹീം മുസ്‌ലിയാരാണ് അന്ന് കോളേജ് പ്രിന്‍സിപ്പല്‍. രായിന്‍ മുസ്‌ലിയാര്‍ എന്നാണ് അദ്ദേഹത്തിന്റെ വിളിപ്പേര്. മഹാ പണ്ഡിതന്‍, ഭാഷയില്‍ അഗ്രഗണ്യന്‍. പ്രശസ്ത അറബി നിഘണ്ടുവായ മുന്‍ജിദില്‍ മൂന്ന് തെറ്റുകളുണ്ടെന്ന് അദ്ദേഹം രേഖപ്പെടുത്തിവെച്ചിട്ടുണ്ട്. രായിന്‍ മുസ്‌ലിയാരുടെ സാന്നിധ്യം കാരണം പല പണ്ഡിതരും കോളേജില്‍ അധ്യാപകരായി വന്നു. നൂഹ് മൗലവി, തഴവ മുഹമ്മദ് കുഞ്ഞ് മൗലവി, കായംകുളം ഉമര്‍ കുട്ടി മൗലവി, ചേനപ്പാടി അബ്ദുല്‍ ഹയ്യ് മൗലവി, പുലിപ്പാറ അബ്ദുല്‍ ഖാദര്‍ മൗലവി, ശാന്തപുരം കെ.ടി അബ്ദുല്ല മൗലവി, ഇബ്‌റാഹീം മൗലവി......
ഞാന്‍ ഹസനിയ്യയില്‍ പഠനം തുടങ്ങുമ്പോഴേക്കും കമ്യൂണിസം തലക്ക് പിടിച്ചു കഴിഞ്ഞിരുന്നു. മറ്റു വിദ്യാര്‍ഥികള്‍ ലീഗ്, കോണ്‍ഗ്രസ്, പി.എസ്.പി മുതലായ പാര്‍ട്ടികള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തും. ഞാന്‍ മാത്രം കമ്യൂണിസത്തിനായി മല്ലിട്ടു നിന്നു. വിദ്യാര്‍ഥികളുമായും ഉസ്താദുമാരുമായും നിരന്തരം ചര്‍ച്ചയും വാദപ്രതിവാദങ്ങളും. ജനയുഗം പത്രം എവിടെനിന്നെങ്കിലും സംഘടിപ്പിച്ച് വായിക്കുന്നത് പതിവാക്കി. പാര്‍ട്ടി സമ്മേളനങ്ങളിലും കലാപരിപാടികളിലും ഏത് വിധേനയും എത്തിപ്പെടും. പരിപാടികള്‍ അധികവും രാത്രിയായിരിക്കും. മതില്‍ ചാടുകയല്ലാതെ നിവൃത്തിയില്ല.
മുറിയില്‍ വിദ്യാര്‍ഥികള്‍ മുഴുവന്‍ ഉണ്ടെന്ന് ഉറപ്പുവരുത്താന്‍ രാത്രിയില്‍ നാളിര്‍ (വാര്‍ഡന്‍) വരും. ജനലുകളിലൂടെ സൂക്ഷ്മമായി കണ്ണെറിയും. കിടക്കയില്‍ ഞാനുണ്ടെന്ന് ധരിപ്പിക്കാന്‍ പല തന്ത്രങ്ങളും പ്രയോഗിച്ചിട്ടുണ്ട്. പഴയ പാന്റെടുത്ത് അതിന്റെ രണ്ട് കാലിലും തുണി കുത്തിനിറക്കും. ഷര്‍ട്ടിനകത്തും തുണി നിറക്കും. രണ്ടുംകൂടി ചേര്‍ത്തുവെച്ച് കിടക്കപ്പായയില്‍ വെക്കും. പുതപ്പുകൊണ്ട് മൂടും. പതുക്കെ വാതില്‍ തുറന്ന് പാര്‍ട്ടി പരിപാടിയിലേക്ക് ആവേശത്തോടെ കുതിക്കും. പക്ഷേ, ഒരിക്കല്‍ പദ്ധതി പാളി. നാളിര്‍ വന്ന് നോക്കിയ നേരത്ത് പുതപ്പിച്ച തുണി അല്‍പം നീങ്ങിയിരുന്നു. സംശയം തോന്നിയപ്പോള്‍ അദ്ദേഹം ഒരു കമ്പ് കൊണ്ട് കുത്തിനോക്കി. കള്ളി പൊളിഞ്ഞു. അടുത്ത ദിവസം സ്വുബ്ഹിന് എന്നെ പിടികൂടി. നീണ്ട വിചാരണ. ഒരാഴ്ചത്തെ ഭക്ഷണം കട്ട് ചെയ്യലായിരുന്നു ശിക്ഷ.
പാര്‍ട്ടി താല്‍പര്യം മുന്‍നിര്‍ത്തി വലിയൊരു നന്ദികേട് ഞാന്‍ കാണിച്ചിട്ടുണ്ട്. ദീര്‍ഘകാലമായി ഹസന്‍ സേഠ് സാഹിബാണ് കായംകുളം മുനിസിപ്പാലിറ്റിയുടെ ചെയര്‍മാന്‍. മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ സേഠ് നിശ്ചയിക്കുന്ന സ്ഥാനാര്‍ഥികളാകും മിക്കവാറും വിജയിക്കുക. ഒരിക്കല്‍ മദ്‌റസാ വാര്‍ഡില്‍ സേഠ് നിര്‍ത്തിയ സ്ഥാനാര്‍ഥിക്കെതിരെ മത്സരിച്ചത് സഖാവ് സലാഹുദ്ദീന്‍. സലാഹുദ്ദീനെ വിജയിപ്പിക്കുന്നതിന് എന്നാല്‍ കഴിയുന്ന സകല തന്ത്രങ്ങളും ഞാന്‍ പയറ്റി. ഹസനിയ്യയിലെ വോട്ടര്‍മാരായ സഹപാഠികളെ പണം കൊടുത്ത് വശീകരിച്ചു. സലാഹുദ്ദീന് വോട്ട് ചെയ്യിപ്പിച്ചു. അപ്രതീക്ഷിതമായി സലാഹുദ്ദീന്‍ വിജയിക്കുകയും ചെയ്തു. സേഠ് സാഹിബിനോട് കാണിച്ച ആ നന്ദികേടിനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ഇന്നും കുറ്റബോധം തോന്നാറുണ്ട്.
കായംകുളം പാര്‍ട്ടി ഓഫീസ് ഇടക്കിടെ സന്ദര്‍ശിക്കുമായിരുന്നു. എം.എന്‍ ഗോവിന്ദന്‍ നായര്‍, തോപ്പില്‍ ഭാസി, കെ.കെ കോയിക്കല്‍, അഡ്വ. കെ.എ റസാഖ്, അഡ്വ. ആഇശാ ബായ് തുടങ്ങിയവരെ ഓഫീസില്‍ വെച്ച് കാണുകയും അവരുമായി സുദീര്‍ഘമായ ചര്‍ച്ചകളില്‍ ഏര്‍പ്പെടുകയും ചെയ്തു. ഒരു ദിവസം ഓഫീസില്‍ എത്തിയപ്പോള്‍ പൊന്നാനിയിലെ സഖാവ് ഇമ്പിച്ചിബാവയെ കണ്ടു. പരിചയപ്പെട്ടു. കഴിയുന്നത്ര വിദ്യാര്‍ഥികളെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കാന്‍ പരമാവധി പരിശ്രമിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കമ്യൂണിസം മതവിരുദ്ധവും നിരീശ്വരവാദവും ആണെന്ന പ്രചാരണം അക്കാലത്ത് എന്റെ മനസ്സിനെ വല്ലാതെ അലട്ടിയിരുന്നു. ഇമ്പിച്ചിബാവയുമായി ഞാന്‍ അത് പങ്കുവെച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ''അടിസ്ഥാനരഹിതമായ ആരോപണമാണത്. അടുത്ത വരവില്‍ ഞാന്‍ തെളിവ് കൊണ്ടുവരാം.'' ഒരു മാസം കഴിഞ്ഞപ്പോള്‍ പാര്‍ട്ടി ഓഫീസില്‍ ഞങ്ങള്‍ വീണ്ടും സന്ധിച്ചു. 'അല്‍ മുസ്‌ലിമൂന ഫിസ്സ്വീന്‍' (മുസ്‌ലിംകള്‍ ചൈനയില്‍) എന്ന അറബി മാഗസിന്റെ മൂന്ന് കോപ്പിയും എ.കെ.ജി രചിച്ച 'സോവിയറ്റ് യൂനിയനിലെ മുസ്‌ലിംകള്‍' എന്ന പുസ്തകത്തിന്റെ രണ്ട് കോപ്പിയും അദ്ദേഹം എനിക്ക് തന്നു. അറബി പുസ്തകം കിട്ടിയതോടെ ഞാന്‍ വലിയ ആവേശത്തിലായി. കുറച്ച് പള്ളികള്‍, അഞ്ചാറ് താടിക്കാരും തൊപ്പിക്കാരും, ആടിനെ ബലിയറുക്കുന്ന ചിത്രം തുടങ്ങിയവയാണ് അതിലുണ്ടായിരുന്നത്. കമ്യൂണിസം ഇസ്‌ലാം വിരുദ്ധമല്ല എന്നതിന് തെളിവ് കിട്ടിയ സന്തോഷത്തിലായിരുന്നു ഞാന്‍. പുസ്തകം പിടിച്ച് സഹപാഠികള്‍ക്കിടയില്‍ വിലസി നടന്നു. എല്ലാവര്‍ക്കും പുസ്തകം വായിക്കാന്‍ നല്‍കി.
ഹസനിയ്യയിലുണ്ടായിരുന്ന ഉസ്താദുമാരില്‍ മൗലവി സാദിഖ് ഫിഖ്‌രി സ്വതന്ത്ര ചിന്താഗതിക്കാരനായിരുന്നു. അദ്ദേഹവുമായി എന്തും ചര്‍ച്ച ചെയ്യാം. അറബി, ഉര്‍ദു, പാര്‍സി, ഹിന്ദി, തമിഴ്, ഇംഗ്ലീഷ്, സംസ്‌കൃതം എന്നീ ഭാഷകള്‍ വശമുള്ള പണ്ഡിതന്‍. സംസ്‌കൃതത്തില്‍ അല്‍പം പിറകിലാണെന്ന് തോന്നിയപ്പോള്‍ അടുത്തുള്ള ഒരു ബ്രാഹ്മണന്റെ വീട്ടില്‍ നാളുകളോളം നാലു മണിക്ക് ശേഷം പഠിക്കാന്‍ പോയിരുന്നു. മദ്രാസ് ജമാലിയ കോളേജില്‍ അദ്ദേഹം അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഒരിക്കല്‍, ജമാലിയയിലെ വായനാനുഭവങ്ങള്‍ ഞങ്ങളുമായി പങ്കുവെക്കുന്നതിനിടെ അദ്ദേഹം പറഞ്ഞു: 'ഏതെങ്കിലും ഒരു പ്രത്യേക വിഷയം പഠിക്കാന്‍ ഞങ്ങള്‍ ലൈബ്രറിയില്‍ പോകും. വിഷയവുമായി ബന്ധപ്പെട്ട് കിട്ടുന്ന നല്ല പുസ്തകങ്ങളില്‍ അധികവും മൗലാനാ മൗദൂദി എന്ന പണ്ഡിതന്റേതായിരിക്കും.' അന്ന് മൗദൂദിയെ കുറിച്ച് എനിക്ക് ഒന്നും അറിയില്ലായിരുന്നു.
കായംകുളത്തിനടുത്തുള്ള പ്രസിദ്ധമായ ഓച്ചിറ ക്ഷേത്രം. അക്കാലത്ത് വര്‍ഷംതോറും മുടങ്ങാതെ ക്ഷേത്ര കമ്മിറ്റി സര്‍വമത സമ്മേളനം നടത്തിയിരുന്നു. ഒരിക്കല്‍ സമ്മേളനത്തില്‍ പ്രസംഗിക്കാന്‍ സി.എന്‍ അഹ്മദ് മൗലവി ക്ഷണിക്കപ്പെട്ടു. കോഴിക്കോട്ടു നിന്ന് ഓച്ചിറയിലേക്ക് വരുന്ന വഴി അദ്ദേഹം ഹസനിയ്യയില്‍ ഇറങ്ങി. സി.എന്നും സാദിഖ് മൗലവിയും വലിയ അടുപ്പത്തിലാണ്. ഓച്ചിറ സമ്മേളനത്തില്‍ അവതരിപ്പിക്കാനുള്ള പ്രബന്ധം തയാറാക്കാനായി സി.എന്‍ ഒരു ദിവസം ഹസനിയ്യയില്‍ തങ്ങി. ഉച്ചഭക്ഷണം കഴിഞ്ഞ് രണ്ടു പേരും മുറിയില്‍ വിശ്രമിക്കുകയാണ്. ഞാന്‍ അവിടെ കടന്നുചെന്നു. എന്നെ കണ്ടതും സാദിഖ് മൗലവി സി.എന്നിനോട് പറഞ്ഞു: 'സി.എന്‍, ഈ ടി.എ മുഹമ്മദ് കമ്യൂണിസ്റ്റുകാരനാണ്.' 'ഇന്നാ ലില്ലാഹ്' ഇതായിരുന്നു സി.എന്നിന്റെ ആദ്യ പ്രതികരണം. 'എന്താണ് ഈ കേള്‍ക്കുന്നത്? നീ എന്തൊക്കെയാണ് ഓതുന്നത്?' അദ്ദേഹം എന്നോട് ചോദിച്ചു. ബൈളാവി, ബുഖാരി, ജംഉല്‍ ജവാമിഅ്, മഹല്ലി, ഇഹ്‌യാ ഉലൂമിദ്ദീന്‍.... ഓതുന്ന ഗ്രന്ഥങ്ങളുടെ പേരുകള്‍ ഞാന്‍ ഒറ്റശ്വാസത്തില്‍ പറഞ്ഞുതീര്‍ത്തു. ഇത് കേട്ടതും സി.എന്‍ വീണ്ടും: 'ഇന്നാ ലില്ലാഹ്'. ഈ ഗ്രന്ഥങ്ങള്‍ പഠിച്ചിട്ടും എനിക്കെങ്ങനെ കമ്യൂണിസ്റ്റുകാരനാകാന്‍ കഴിയുന്നു എന്നതാണ് അദ്ദേഹത്തെ ആശ്ചര്യപ്പെടുത്തിയത്. 'മോനേ, ഒരു മുസ്‌ലിമിന് കമ്യൂണിസ്റ്റുകാരനാകാന്‍ കഴിയില്ല'- സി.എന്‍ നിലപാട് വ്യക്തമാക്കി. ഉടനെ ഞാന്‍ എന്റെ മുറിയിലേക്ക് ഓടി. 'അല്‍ മുസ്‌ലിമൂന ഫിസ്സ്വീന്‍' എടുത്തുകൊണ്ടുവന്ന് സി.എന്നിന് കൊടുത്തു. അദ്ദേഹം അത് മുഴുവന്‍ മറിച്ചുനോക്കി. ശേഷം നന്നായി ചിരിച്ചു. അപ്പോള്‍ ഞാന്‍ സി.എന്നിനോട് പറഞ്ഞു: 'നിങ്ങളൊക്കെ ചിരിക്കും. എനിക്കറിയാം...' (അന്ന് സി.എന്നിനെ കുറിച്ച് കാര്യമായ ധാരണ എനിക്കുണ്ടായിരുന്നില്ല).
സി.എന്‍, സാദിഖ് മൗലവിയോട്: 'ഞാന്‍ ഇവന് ഒരു സാധനം അയച്ചുകൊടുക്കാം. അത് വായിച്ചാല്‍ ഇവന്‍ ശരിയാകും.' 'ഓഹോ... അതിനെന്താ... വായിക്കാമല്ലോ' എന്ന് ഞാനും. പത്തു പതിനഞ്ച് ദിവസം കഴിഞ്ഞു. എടയൂരില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന പ്രബോധനം അന്നാണ് ആദ്യമായി കോളേജില്‍ എത്തുന്നത്. ഉടനെ സാദിഖ് മൗലവി എന്നെ വിളിച്ചു: 'ഇതാ, സി.എന്‍ പറഞ്ഞ സാധനം. വായിച്ചുനോക്കൂ.' പേജുകള്‍ മറിച്ചുനോക്കി. ആദ്യം ശ്രദ്ധയില്‍പെട്ടത് 'ഒരു മനുഷ്യന് ഒരു വ്യവസ്ഥ' എന്ന ലേഖനം. എഴുതിയത് പി. ഉസ്മാന്‍ കറാച്ചി. ലേഖനം വായിച്ചുതീര്‍ന്നപ്പോള്‍ മനസ്സ് കലുഷമായി. പിന്നീടങ്ങോട്ട് കുറച്ച് ദിവസം ചിന്തയില്‍ തന്നെയായിരുന്നു. തുടര്‍ ലക്കങ്ങളില്‍ വന്ന ലേഖനത്തിന്റെ ബാക്കി ഭാഗങ്ങള്‍ താല്‍പര്യത്തോടെ വായിച്ചു. തലയില്‍ പുതിയൊരു വെളിച്ചം കയറുന്നതുപോലെ അനുഭവപ്പെട്ടു. ഇസ്‌ലാമിന്റെ സമ്പൂര്‍ണത, പ്രായോഗികത, സാര്‍വലൗകികത, സര്‍വ പ്രശ്‌നങ്ങള്‍ക്കും പരിഹാരം നല്‍കാനുള്ള ശേഷി തുടങ്ങിയ അടിസ്ഥാന കാര്യങ്ങള്‍ അപ്പോള്‍ മാത്രമാണ് മനസ്സിലായത്. കനപ്പെട്ട കിതാബുകള്‍ ഓതിയിട്ടും എനിക്കത് എന്തുകൊണ്ട് നേരത്തേ ബോധ്യപ്പെട്ടില്ല! ഇസ്‌ലാമിനെ സമഗ്ര സ്വഭാവത്തില്‍ അവതരിപ്പിക്കുന്ന പ്രൗഢമായ ഗ്രന്ഥങ്ങളായിരുന്നല്ലോ അവയെല്ലാം. കിതാബുകള്‍ പഠിപ്പിക്കേണ്ട വിധം പഠിപ്പിക്കപ്പെട്ടില്ല എന്നു സാരം. ഞാന്‍ പ്രബോധനത്തിന്റെ സ്ഥിരം വായനക്കാരനായി. ഇസ്‌ലാം മനോഹരമായ ഒരു സാമൂഹിക, രാഷ്ട്രീയ വ്യവസ്ഥ മുന്നോട്ടുവെക്കുന്നുണ്ട് എന്ന് ബോധ്യപ്പെട്ടു. അതുകൊണ്ടുതന്നെ മനുഷ്യനിര്‍മിത ഭൗതിക പ്രസ്ഥാനങ്ങളുടെ രാഷ്ട്രീയ സിദ്ധാന്തങ്ങള്‍ അംഗീകരിക്കാന്‍ ഒരു മുസ്‌ലിമിന് വകുപ്പില്ല എന്ന് മനസ്സിലായി. എന്റെ ജീവിതത്തിലെ അപ്രതീക്ഷിത വഴികാട്ടിയായി സി.എന്‍ മാറുകയായിരുന്നു.
ഹസനിയ്യയില്‍ പഠിക്കുന്ന സമയത്ത് എന്നാണ് ഓര്‍മ. ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ പിറവിയെടുത്ത സന്ദര്‍ഭം. ശിഹാബുദ്ദീന്‍ മൗലവിയും ഉമര്‍ കുട്ടി മൗലവിയും സഹയാത്രികരും ചേര്‍ന്ന് കായംകുളത്ത് വെച്ചാണ് സംഘടന രൂപീകരിച്ചത്. രൂപീകരണ യോഗത്തില്‍ ഞാനും പങ്കെടുത്തിരുന്നു. അംഗത്വം എടുക്കുകയും ചെയ്തു. കോളേജ് പഠനം അവസാനത്തോടടുത്തിട്ടുണ്ട്. അപ്പോഴേക്കും പ്രസംഗിക്കാനുള്ള ആത്മവിശ്വാസവും ശേഷിയും വളര്‍ന്നുകഴിഞ്ഞിരുന്നു. സാഹിത്യ സമാജങ്ങളിലും മറ്റും സജീവമായി പങ്കെടുത്തതിന്റെ ഫലം എന്നു പറയാം.
കോളേജ് പഠനം പൂര്‍ത്തിയായി. മൗലവി അല്‍ ഹസനി ബിരുദവും നേടി. തുടര്‍ പഠനത്തിന് ദയൂബന്ദിലേക്ക് പോകണം എന്ന് ചില ഉസ്താദുമാര്‍ നിര്‍ദേശിച്ചു. എനിക്കും അതായിരുന്നു ആഗ്രഹം. എന്നാല്‍ ചില മഹല്ല് കമ്മിറ്റികളില്‍നിന്നുണ്ടായ പരുക്കന്‍ പെരുമാറ്റവും ചോദ്യം ചെയ്യലും തന്നെ വേദനിപ്പിച്ചതായി വാപ്പ ഇടക്കിടെ പറയാറുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ആരെയും ആശ്രയിക്കാതെ സ്വതന്ത്രമായി എന്തെങ്കിലും ചെയ്ത് ജീവിക്കണം എന്ന തോന്നലും മനസ്സിലുദിച്ചു. അതിനു വേണ്ട സാഹചര്യം ഒരുക്കിത്തരാന്‍ പടച്ചവനോട് നിരന്തരം പ്രാര്‍ഥിച്ചു. പ്രാര്‍ഥന അല്ലാഹു സ്വീകരിച്ചു.
(തുടരും)
Comments