Prabodhanm Weekly

Pages

Search

2018 ഫെബ്രുവരി 16

3039

1439 ജമാദുല്‍ അവ്വല്‍ 29

കാസ്ഗഞ്ച് കലാപം ഒരു മുന്നറിയിപ്പ്

2013-ല്‍ യു.പിയിലെ മുസഫര്‍ നഗറില്‍ ആസൂത്രണം ചെയ്യപ്പെട്ട വര്‍ഗീയ കലാപം പിറ്റേ വര്‍ഷം നടക്കാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുമ്പില്‍ കണ്ടുകൊണ്ടുള്ളതായിരുന്നു. വര്‍ഗീയ ധ്രുവീകരണമായിരുന്നു ഫാഷിസ്റ്റ് ശക്തികള്‍ ലക്ഷ്യമിട്ടത്. അതുവഴി തങ്ങള്‍ക്കനുകൂലമായി വോട്ടുകള്‍ സമാഹരിക്കാമെന്നും അവര്‍ കണക്കുകൂട്ടി. ആ കണക്കുകൂട്ടലിനെ ശരിവെക്കുംവിധം പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ യു.പിയിലെ എണ്‍പതില്‍ എഴുപത്തിയൊന്ന് സീറ്റുകളും ബി.ജെ.പി പിടിച്ചെടുത്തു. വര്‍ഗീയ സംഘര്‍ഷങ്ങളുടെ ടെംപോ പിന്നെയും നിലനിര്‍ത്താനായതുകൊണ്ട് യു.പി നിയമസഭാ തെരഞ്ഞെടുപ്പിലും ബി.ജെ.പിക്ക് തന്നെയായിരുന്നു ജയം. ആദിത്യനാഥ് മുഖ്യമന്ത്രിയായതോടെ വര്‍ഗീയ ഫാഷിസ്റ്റ് ശക്തികള്‍ക്ക് അഴിഞ്ഞാടാനുള്ള അവസരം തുറന്നുകിട്ടി. ക്രമസമാധാനനില പറ്റേ തകര്‍ന്ന നിലയിലാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജനങ്ങളുള്ള ഈ സംസ്ഥാനം ഇപ്പോള്‍. അഴിഞ്ഞാടുന്നവര്‍ മുഖ്യമന്ത്രിയുടെ സ്വന്തം ആളുകളായതുകൊണ്ട് കേസ് ചുമത്തലോ എഫ്.ഐ.ആറോ ഒന്നും പ്രതീക്ഷിക്കേണ്ടതില്ല. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ കേളികെട്ട് ഉയര്‍ന്നുകഴിഞ്ഞതിനാല്‍ മുസഫര്‍ നഗര്‍ മോഡല്‍ ഇനിയും പരീക്ഷിക്കുമെന്നുതന്നെ കരുതണം. ജനങ്ങള്‍ക്ക് ദുരിതം മാത്രം സമ്മാനിച്ച ഈ കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ വിഭാഗീയതയും വര്‍ഗീയതയും ഊതിക്കത്തിക്കുകയല്ലാതെ മറ്റു മാര്‍ഗമുണ്ടാവില്ല.

അതിന്റെയൊരു ടെസ്റ്റ് ഡോസ് ആയി വേണം യു.പിയിലെ കാസ്ഗഞ്ച് ജില്ലയിലെ വര്‍ഗീയ സംഘര്‍ഷങ്ങളെ കാണാന്‍. അതിനുവേണ്ടി ഫാഷിസ്റ്റ് ശക്തികള്‍ തെരഞ്ഞെടുത്തത് റിപ്പബ്ലിക് ദിനത്തെയായിരുന്നു എന്നത് പ്രശ്‌നത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. ജനുവരി 26-ന് കാസ്ഗഞ്ച് ജില്ലയിലെ ബദ്ദു നഗറില്‍ (മുസ്‌ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടമാണിത്) റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ നടക്കുകയാണ്. പെട്ടെന്നാണ് അതുവഴി ദേശീയപതാകയും കാവിപ്പതാകയും പറപ്പിച്ച് ഒരു സംഘം ബൈക്കിലെത്തി ചടങ്ങ് അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചത്. വന്ദേമാതരം ഉച്ചത്തില്‍ ചൊല്ലാനും ഈ സംഘം ആജ്ഞാപിച്ചുവത്രെ. മുസ്‌ലിംകളുടെ ദേശക്കൂറ് ചോദ്യം ചെയ്യുന്ന വിധത്തില്‍ റൗഡിസംഘം പ്രകോപനപരമായി പെരുമാറി. ബറേലി ജില്ലാ മജിസ്‌ട്രേറ്റ് രാഘവേന്ദ്ര വിക്രം സിംഗ് തന്റെ ഫേസ് ബുക് പേജില്‍ ഇതേക്കുറിച്ച് എഴുതി: 'ഒരു പുതിയ പ്രവണതക്ക് തുടക്കം കുറിച്ചിട്ടുണ്ട്. മുസ്‌ലിം ഭൂരിപക്ഷ മേഖലകളില്‍ ചെന്ന് പാക്‌വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കുക. എന്തിനാണിത്? അവര്‍ (മുസ്‌ലിംകള്‍) പാകിസ്താനികളാണോ?'

സംഘര്‍ഷമുണ്ടായപ്പോള്‍ ചന്ദന്‍ ഗുപ്ത എന്നയാള്‍ കൊല്ലപ്പെട്ടു. ഇദ്ദേഹം എങ്ങനെ കൊല്ലപ്പെട്ടു എന്നതിനെക്കുറിച്ച് ഒട്ടേറെ സംശയങ്ങളും ദുരൂഹതകളും ബാക്കിയാണ്. അവസരം മുതലെടുത്ത് ഫാഷിസ്റ്റ് ശക്തികള്‍ ഒരു ധീര ദേശാഭിമാനിയുടെ പാവനസ്മരണകള്‍ ഉറങ്ങുന്ന അബ്ദുല്‍ ഹമീദ് അവന്യൂവില്‍ അഴിഞ്ഞാടുകയായിരുന്നു. മുസ്‌ലിംകളുടെ കടകള്‍ തെരഞ്ഞുപിടിച്ച് തീയിട്ടു. പോലീസും ക്രമസമാധാനത്തിന്റെ ചുമതലയുള്ള മറ്റുള്ളവരും പതിവുപോലെ നിസ്സംഗരായി. അക്രമികളെ പിടികൂടാനും പോലീസ് തയാറാവുന്നില്ല. പിടികൂടിയവര്‍ക്കെതിരെ ചുമത്തുന്നതാകട്ടെ എളുപ്പത്തില്‍ ജാമ്യത്തിലിറങ്ങാവുന്ന പെറ്റി കേസുകളും. ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ അധ്യക്ഷന്‍ സയ്യിദ് ജലാലുദ്ദീന്‍ അന്‍സര്‍ ഉമരി പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയതുപോലെ, ഇരകളായ നിരവധി  മുസ്‌ലിം ചെറുപ്പക്കാരെയാണ് പോലീസ് പിടികൂടിയിട്ടുള്ളത്. ജാമ്യം കിട്ടാന്‍ പ്രയാസമുള്ള കടുത്ത കുറ്റങ്ങള്‍ അവര്‍ക്കുമേല്‍ ചുമത്തുകയും ചെയ്തിരിക്കുന്നു. സംസ്ഥാന ഭരണകൂടത്തിന്റേത് തനി വര്‍ഗീയ പക്ഷപാതിത്വമാണെന്ന് ചൂണ്ടിക്കാണിക്കാതിരിക്കാന്‍ നിര്‍വാഹമില്ല. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (89-93)
എ.വൈ.ആര്‍

ഹദീസ്‌

തഖ്‌വയും സല്‍സ്വഭാവവും
സുബൈര്‍ കുന്ദമംഗലം