Prabodhanm Weekly

Pages

Search

2018 ഫെബ്രുവരി 16

3039

1439 ജമാദുല്‍ അവ്വല്‍ 29

സമകാലിക സാമൂഹികാവസ്ഥകള്‍, പരിഹാര നിര്‍ദേശങ്ങള്‍

ജലാലുദ്ദീന്‍ അന്‍സര്‍ ഉമരി

നമ്മുടെ രാജ്യം ഗുരുതരമായ പ്രതിസന്ധികളെ അഭിമുഖീകരിക്കുകയാണ്. സാമൂഹികാന്തരീക്ഷം അത്യന്തം കലുഷിതമായിരിക്കുന്നു. ഭരണഘടന പൗരസമൂഹത്തിന് നല്‍കിയ മൗലികാവകാശങ്ങള്‍ ധ്വംസിക്കപ്പെടുന്നു. സര്‍വ രംഗങ്ങളിലും നിഷ്ഠുരതകള്‍ ദൃശ്യമാണ്. സഹജീവികളുടെ രക്തം വിലമതിക്കപ്പെടാത്ത ദയനീയാവസ്ഥ. കൊടും കുറ്റവാളികള്‍ സ്വാതന്ത്ര്യവും നിരപരാധികള്‍ തടങ്കല്‍പാളയങ്ങളും അനുഭവിക്കുന്നു. ഈ സാഹചര്യങ്ങളെ പറ്റി നമുക്ക് നല്ല ബോധ്യമുണ്ട്. പക്ഷേ, ഈ സന്ദര്‍ഭത്തില്‍ നാം എന്താണ് ചെയ്യേണ്ടത്?

സാമൂഹികാവസ്ഥകളുടെ ഉള്ളറകള്‍ യഥാവിധി ഗ്രഹിക്കുകയാണ് നമ്മുടെ പ്രഥമ ധര്‍മം. പ്രാദേശിക ജീവിത പരിസരം മാത്രമല്ല ദേശീയ, അന്തര്‍ദേശീയ സാഹചര്യങ്ങള്‍ തിരിച്ചറിയുകയും പ്രായോഗിക തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുകയും വേണം. സമകാലിക സംഭവ വികാസങ്ങളില്‍നിന്ന് പുറംതിരിഞ്ഞു നില്‍ക്കരുത്. സ്ഥിതിഗതികള്‍ ഗ്രഹിക്കുകയും പ്രതിസന്ധി ഘട്ടങ്ങളില്‍ സ്വന്തം പ്രവര്‍ത്തന പാത വെട്ടിത്തെളിക്കുകയും ചെയ്യുന്നവരാണ് ഒരു ജീവസ്സുറ്റ സമൂഹം. യുദ്ധാന്തരീക്ഷത്തില്‍ വരെ കര്‍മങ്ങള്‍ കരുത്താര്‍ജിക്കണമെന്നും ജാഗ്രതാ ബോധത്തോടെ നിലകൊള്ളണമെന്നും ഖുര്‍ആന്‍ കല്‍പിക്കുന്നുണ്ട്: 'സത്യവിശ്വാസികളേ, ശത്രുക്കളെപ്പറ്റി ജാഗ്രത കൈക്കൊള്ളുവിന്‍' (അന്നിസാഅ് 71). ഈ മാര്‍ഗദര്‍ശനം പ്രതിസന്ധി ഘട്ടങ്ങളില്‍ വളരെ പ്രസക്തമാണ്. കര്‍മാവേശവും മനോദാര്‍ഢ്യവും നിലനിര്‍ത്തണം. ഭയവും ആശങ്കകളും നമ്മുടെ മനോബലം കെടുത്തിക്കളയും.

പ്രതിസന്ധി ഘട്ടങ്ങളില്‍ നിശ്ചയദാര്‍ഢ്യത്തോടെ നിലകൊണ്ടവരാണ് പ്രവാചകന്മാര്‍. ഈ വസ്തുതയുടെ നേര്‍സാക്ഷ്യമാണ് പ്രവാചകന്മാരുടെ ജീവിതം. പ്രവാചകന്‍ മൂസായും ഇസ്രാഈല്‍ ജനതതിയും  ഫറവോന്നെതിരെ വിമോചന പോരാട്ടം നയിച്ച സന്ദര്‍ഭത്തില്‍ ഇസ്രാഈല്‍ സമൂഹത്തെ കൊടും ഭീതി ഗ്രസിച്ചിരുന്നു. ഈ സന്ദര്‍ഭത്തില്‍ മൂസാ നബി പറഞ്ഞു: 'എന്നോടൊപ്പം എന്റെ റബ്ബുണ്ട്. അവന്‍ തീര്‍ച്ചയായും എനിക്ക് വഴി കാണിച്ചുതരും.' അങ്ങനെ ചെങ്കടല്‍ പിളരുകയും മൂസാ നബിയും ഇസ്രാഈല്‍ സമൂഹവും അത് മുറിച്ചു കടക്കുകയും ചെയ്തു. ഫറോവയും സൈന്യവും ചെങ്കടലില്‍ മുങ്ങി നശിച്ചു. ഈ പ്രതിസന്ധി ഘട്ടത്തില്‍ ദൈവിക വിശ്വാസമായിരുന്നു മൂസാ നബിയുടെ കരുത്ത്. ദൈവിക മാര്‍ഗത്തില്‍ യാത്ര തിരിച്ച ഒരു സമൂഹത്തിന് അല്ലാഹു രക്ഷയുടെ വഴിയൊരുക്കും എന്നതാണ് യാഥാര്‍ഥ്യം. ഹിജ്‌റയുടെ നാളുകളില്‍ സൗര്‍ ഗുഹാമുഖത്ത് ഖുറൈശികള്‍ പ്രത്യക്ഷപ്പെട്ട സന്ദര്‍ഭത്തില്‍ പ്രവാചകന്റെ ഉത്തമ സഹചാരി അബൂബക്‌റിന് നല്ല ഭയമുായിരുന്നു. ഈ സന്ദര്‍ഭത്തില്‍ ഭയപ്പെടരുത്, അല്ലാഹു കൂടെയുണ്ട് എന്നായിരുന്നു പ്രവാചകന്റെ സാന്ത്വനമൊഴി.

ചുരുക്കത്തില്‍ ശത്രുക്കളുടെ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കപ്പെടുകയില്ല. അല്ലാഹു അവരെ വിജയിപ്പിക്കുകയുമില്ല. ഈ മനോദാര്‍ഢ്യവും കര്‍മാവേശവും മുസ്‌ലിം സമൂഹം ആര്‍ജിക്കണം. ദീനിന്റെ മാര്‍ഗത്തില്‍ കര്‍മനിരതനായാല്‍ ദൈവിക സഹായം ലഭിക്കുക തന്നെ ചെയ്യും.

പ്രതിസന്ധി ഘട്ടങ്ങളില്‍ നിരാശപ്പെടാന്‍ പാടില്ല. വ്യക്തികള്‍ക്കും സമൂഹത്തിനും നാശം വിതക്കുന്ന കൊടിയ വിഷമാണ് നിരാശ. അതിജീവന ശേഷി അത് തകര്‍ത്തുകളയും. കേവല ഭൗതിക സാഹചര്യങ്ങളുടെയും മാനദണ്ഡങ്ങളുടെയും സംവിധാനങ്ങളുടെയും അടിസ്ഥാനത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതാണ് നൈരാശ്യത്തിന്റെ കാരണം. സര്‍വ ലോക സ്രഷ്ടാവ് എന്തിനും കഴിവുള്ളവനാണെന്ന സത്യം നാം വിസ്മരിക്കരുത്. ഭീതിത സാഹചര്യങ്ങള്‍ക്ക് പകരം സമാധാനാന്തരീക്ഷം നാം ആഗ്രഹിക്കണം. ഒരു വിശ്വാസിക്ക് ദൈവിക കാരുണ്യത്തിലാണ് പ്രതീക്ഷ. ഖുര്‍ആന്‍ പറഞ്ഞു: ''വഴിതെറ്റിയവരല്ലാതെ ആരാണ് റബ്ബിന്റെ കാരുണ്യത്തില്‍ നിരാശരാവുക?'' (ഹിജ്ര്‍ 56). ''അല്ലാഹുവിന്റെ കാരുണ്യത്തില്‍ നിരാശയരുത്. സത്യനിഷേധികള്‍ മാത്രമേ ദൈവ കാരുണ്യത്തില്‍ നിരാശരാവൂ'' (യൂസുഫ് 87).

മഴയുടെ സൂചനകള്‍ ദൃശ്യമാവാത്ത കൊടിയ വരള്‍ച്ചാ കാലത്ത് ചില മഹാത്ഭുതങ്ങള്‍ കാണാന്‍ പറ്റും. കാലാവസ്ഥാ വിദഗ്ധര്‍ വരെ നിരാശരാവുന്ന ഘട്ടത്തില്‍ കാണാം, ആകാശം മേഘപൂരിതമാവുന്നതും മഴ വര്‍ഷിക്കുന്നതും. അല്ലാഹു അരുളി: ''ആളുകള്‍ നിരാശരായ ശേഷം മഴ പെയ്യിപ്പിക്കുന്നതും തന്റെ കാരുണ്യം പരത്തിക്കൊടുക്കുന്നതും അവനാകുന്നു. അവന്‍ മാത്രമാണല്ലോ സ്തുത്യര്‍ഹനായ രക്ഷകന്‍'' (ശൂറ 28). ഏത് സാഹചര്യവും മാറാമെന്നും ദൈവിക കാരുണ്യത്തിന്റെ പ്രതിഫലനങ്ങള്‍ ദൃശ്യമാവാമെന്നുമാണ് ഈ സൂക്തത്തിന്റെ സൂചന.

സഹനശേഷിയും നേര്‍ പാതയില്‍ നിലകൊള്ളാനുള്ള സന്നദ്ധതയും ആര്‍ജിക്കുകയാണ് മറ്റൊരു വഴി. ശരിയായ ഇസ്‌ലാമിക നിലപാടുകള്‍ സ്വീകരിക്കുകയും വേണം. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സര്‍വ സാഹചര്യങ്ങളിലും കര്‍മനിരതനായിരിക്കണം. ഭീതിയെയും വ്യതിചലനങ്ങളെയും സൂക്ഷിക്കണം. സഹനവും സ്ഥൈര്യവുമാണ് വിജയത്തിന്റെ വഴി. ഈ രണ്ട് സദ്ഗുണങ്ങള്‍ വഴി അല്ലാഹുവിന്റെ സഹായം ലഭിക്കുകയും ചുറ്റുപാടുകള്‍ മാറുകയും ചെയ്യും. അല്ലാഹു പറഞ്ഞു: ''വിശ്വസിച്ചവരേ, ക്ഷമയോടെ പ്രവര്‍ത്തിക്കുക. അസത്യത്തിന്റെ വാഹകര്‍ക്കെതിരില്‍ സ്ഥൈര്യമുള്ളവരായിരിക്കുക. സത്യസേവനത്തിന് പൂര്‍ണ സന്നദ്ധരാവുക. അല്ലാഹുവിനോട് ഭക്തിയുള്ളവരായിരിക്കുക. വിജയം പ്രതീക്ഷിക്കാം'' (ആലുഇംറാന്‍ 200).

ഒരുവേള പ്രബോധിതരായ സമൂഹം ശത്രുതാ മനോഭാവമുള്ളവരാകാം, സ്വന്തം നിലപാടുകളില്‍ വിട്ടുവീഴ്ച ചെയ്യാത്തവരുമാകാം. ഈ സന്ദര്‍ഭത്തില്‍ സധീരം പ്രവര്‍ത്തിക്കുകയും ദൃഢചിത്തതയോടെ നിലകൊള്ളുകയും വേണം. അധര്‍മത്തിന്റെ വക്താക്കള്‍ സംഘടിക്കുമ്പോള്‍ സത്യപ്രസ്ഥാനത്തിന്റെ കൊടിവാഹകര്‍ക്ക് എന്തുകൊണ്ട് സംഘടിച്ചുകൂടാ? സത്യത്തിന്റെ സാക്ഷാത്കാരമാണ് നമ്മുടെ ലക്ഷ്യം. അന്ത്യനിമിഷങ്ങള്‍ വരെ സത്യപ്രസ്ഥാനത്തിന്റെ മാര്‍ഗത്തില്‍ കരുത്തോടെ നിലകൊള്ളാന്‍ സാധിക്കണം.

വികാരവിക്ഷോഭങ്ങളും പ്രതികരണങ്ങളും വര്‍ജിക്കുകയാണ് ക്ഷമയുടെ കാതല്‍. കോപത്തിന്റെയും വൈകാരികതയുടെയും വിഭിന്ന രീതികള്‍ നമ്മെ സ്വാധീനിച്ചിരിക്കുന്നു. ഈ ദുര്‍വികാരങ്ങള്‍ ഒരു വ്യക്തിയെ എടുത്തുചാട്ടത്തിലേക്ക് നയിക്കും. ഇത് വ്യക്തികള്‍ക്കും സമൂഹത്തിനും കനത്ത നഷ്ടമുാക്കും. ശത്രുക്കള്‍ വൈകാരികാന്തരീക്ഷം സൃഷ്ടിക്കുമ്പോള്‍ പ്രകോപനപരമായ നീക്കങ്ങള്‍ക്ക് ശ്രമിക്കരുത്. വൈകാരിക പ്രതികരണങ്ങളും കലഹങ്ങളും സൃഷ്ടിക്കുകയാണ് പ്രതിയോഗികളുടെ ലക്ഷ്യം. ഈ യാഥാര്‍ഥ്യം തിരിച്ചറിയണമെന്ന്  ഖുര്‍ആന്‍: ''ജനത്തിന്റെ ജല്‍പനങ്ങള്‍ ക്ഷമിക്കുക, അവരില്‍നിന്ന് മാന്യമായി അകന്നു നില്‍ക്കുക'' (അല്‍ മുസ്സമ്മില്‍ 10). നമ്മുടെ അഭിസംബോധിതരുടെ വാക്ശരങ്ങളും അധിക്ഷേപങ്ങളും പ്രകോപനശൈലികളും സഹനപൂര്‍വം അതിജയിക്കണം. ഒരു മാന്യ വ്യക്തി ദുഃസ്വഭാവ ശീലങ്ങളും വിവേക ശൂന്യതയുമുള്ള വ്യക്തികളെ ചികിത്സിക്കുന്ന പോലെ നമുക്ക് സമീപിക്കാന്‍ സാധിക്കണം. ഈ ഘട്ടത്തില്‍ ശത്രുക്കളുടെ എല്ലാ ലക്ഷ്യങ്ങളും നിഷ്ഫലമാവുകയും വിശ്വാസികളുടെ ധാര്‍മിക ഔന്നത്യം ഉയര്‍ന്നുനില്‍ക്കുകയും ചെയ്യും.

പരസ്പരം ഐക്യപ്പെടുകയും അഭിപ്രായ ഭിന്നതകളുടെ കാഠിന്യം കുറക്കുകയുമാണ് മറ്റൊരു പ്രധാന ഉത്തരവാദിത്തം. ഇന്ത്യന്‍ മുസ്‌ലിംകളുടെ അംഗസംഖ്യ 20 കോടിയാണ്. മൊത്തം അറബ് രാജ്യങ്ങളുടെ ജനസംഖ്യ ഇതിനേക്കാള്‍ കുറവാണ്. പക്ഷേ, ഇന്ത്യന്‍ മുസ്‌ലിംകള്‍ അനേകം വിഭാഗങ്ങളാണ്. ഖുര്‍ആനിക വീക്ഷണ പ്രകാരം ഐക്യമാണ് അവരുടെ ആന്തരിക ബലം. ഐക്യത്തിന്റെ അഭാവത്തില്‍ മുസ്‌ലിം സമൂഹം നിര്‍ജീവമാകും. മുസ്‌ലിം സമൂഹം പരസ്പരം നടത്തുന്ന പോര്‍ വിളികള്‍ക്കും തര്‍ക്കവിതര്‍ക്കങ്ങള്‍ക്കും ഒരു ഭൗതിക പുരോഗതിയും കൊുവരാന്‍ കഴിയില്ല. ഈ തര്‍ക്കങ്ങള്‍ക്ക് ദീനില്‍ ഒരു പ്രാധാന്യവുമില്ല.

ഇസ്‌ലാമിന്റെ മൗലിക അനുഷ്ഠാന കര്‍മമാണ് നമസ്‌കാരം. ഈ കര്‍മത്തിന്റെ വിശദാംശങ്ങളിലും അനുഷ്ഠാന രീതികളിലും വിയോജിപ്പുകളില്ല. അപ്രധാനമായ വിഷയങ്ങളിലും പ്രശ്‌നങ്ങളിലുമാണ് പോര്‍വിളി. അല്ലാഹുവിന്റെ നിര്‍ദേശങ്ങളും പ്രവാചക ചര്യയും അനുധാവനം ചെയ്യുക വഴി ഐക്യത്തിന്റെ അസ്തിവാരമിടാം. അല്ലാഹു പറഞ്ഞു: ''അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുക. പരസ്പരം കലഹിക്കാതിരിക്കുക. അല്ലാത്ത പക്ഷം നിങ്ങള്‍ ദുര്‍ബലരായിത്തീരുകയും നിങ്ങളുടെ വീര്യം നശിച്ചുപോവുകയും ചെയ്യും'' (അല്‍ അന്‍ഫാല്‍ 46). മുസ്‌ലിം ലോകത്തിന് ഗണ്യമായ മനുഷ്യ വിഭവവും നിരവധി രാഷ്ട്ര സമുച്ചയങ്ങളും സംവിധാനങ്ങളുമുണ്ട്. പക്ഷേ ആഗോള പ്രശ്‌നങ്ങളുടെ പരിഹാരങ്ങള്‍ക്ക് മുസ്‌ലിം സമൂഹം ഒരു പങ്കാളിത്തവും വഹിക്കുന്നില്ല. കേവലം ആജ്ഞാനുവര്‍ത്തികള്‍ മാത്രമാണ് മുസ്‌ലിംകള്‍. ദൈവിക നിര്‍ദേശങ്ങളിലേക്കും പ്രവാചക ചര്യയിലേക്കും മടങ്ങുകയാണ് ഐക്യത്തിന്റെ വഴി.

ഇസ്‌ലാമികാധ്യാപനങ്ങളുടെ വ്യാപനമാണ് മറ്റൊരു പ്രധാന ദൗത്യം. ഇന്നത്തെ സമൂഹത്തിന് ഇസ്‌ലാമിക ദര്‍ശനം യഥാവിധം ഗ്രഹിക്കാന്‍ സാധിച്ചിട്ടില്ല. ഇസ്‌ലാം ഇപ്പോഴും അപരിചിതമായി തുടരുന്നു എന്നതാണ് നമ്മുടെ രാഷ്ട്രത്തിന്റെയും ലോകത്തിന്റെയും നിരവധി പ്രതിസന്ധികളുടെ അടിസ്ഥാന നിദാനം. തങ്ങളുടെ ശത്രുക്കളുടെയും പ്രതിയോഗികളുടെയും വിശ്വാസ സംഹിതയാണ് ഇസ്‌ലാം എന്നതാണ് സമൂഹത്തിന്റെ ധാരണ. യഥാവിധം ഇസ്‌ലാമിക സന്ദേശം ഗ്രഹിക്കാനും പരിചയപ്പെടുത്താനും ഇരു വിഭാഗങ്ങള്‍ക്കും സാധിച്ചിട്ടില്ല.  വ്യക്തികളുടെ നന്മയും മോക്ഷവുമാണ് ഇസ്‌ലാമികാധ്യാപനങ്ങളുടെ ലക്ഷ്യം എന്ന സന്ദേശം പ്രചരിപ്പിക്കണം. ഈ സന്ദേശത്തിന്റെ വ്യാപനം വഴി ഒരു ഭൗതിക നേട്ടവും നാം ആഗ്രഹിക്കുന്നില്ല. അതായിരുന്നു പ്രവാചകന്മാരുടെ ശൈലി. ഖുര്‍ആന്‍ പറഞ്ഞു: ''ഞാന്‍ ഈ ദൗത്യത്തിന് നിങ്ങളോട് യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല. എനിക്കുള്ള പ്രതിഫലം സര്‍വ ലോക രക്ഷിതാവിന്റെ ഉത്തരവാദിത്തത്തിലാകുന്നു'' (അശ്ശുഅറാഅ് 109). ഇസ്‌ലാം ഒരു സവിശേഷ വിഭാഗത്തിന്റെതോ വര്‍ഗത്തിന്റെതോ അല്ല. പ്രത്യുത മനുഷ്യരാശിയുടെ പൊതു സ്വത്താണ്. വ്യക്തിയുടെ മോക്ഷമാണ് ഇസ്‌ലാമിന്റെ ലക്ഷ്യം എന്ന ആശയം പ്രചരിപ്പിക്കണം. അതുവഴി പലരും ശത്രുതാപരമായ സമീപനങ്ങള്‍ തിരുത്തുകയും അനുരഞ്ജനത്തിന്റെ വഴി സ്വീകരിക്കുകയും ചെയ്യും. ഹൃദയങ്ങളില്‍ പരിവര്‍ത്തനങ്ങളുണ്ടാകും. ചുരുക്കത്തില്‍ ഇസ്‌ലാമികാദര്‍ശം ജനമനസ്സുകള്‍ക്ക് പരിചയപ്പെടുത്താന്‍ ശ്രമിച്ചാല്‍ ശത്രുതക്ക് ഒരു പരിധി വരെ അന്ത്യം കുറിക്കാനാകും.

സുദൃഢമായ ദൈവ സാമീപ്യം വിശ്വാസിയുടെ സുപ്രധാന ആയുധമാണ്. അല്ലാഹുവിനോടുള്ള ബന്ധവും ആശ്രയവുമാണ് കരുത്ത്. അല്ലാഹു അരുളി: ''നിന്റെ നാഥനെ സ്തുതിച്ചുകൊണ്ട് പ്രകീര്‍ത്തനം ചെയ്യുക. സൂര്യോദയത്തിനു മുമ്പും അസ്തമയത്തിനു മുമ്പും. രാത്രി സമയങ്ങളില്‍ അവനെ പ്രകീര്‍ത്തിക്കുക. പകലിന്റെ അറ്റങ്ങളിലും. നീ സംതൃപ്തനായേക്കാം'' (ത്വാഹാ 130).

നമസ്‌കാരങ്ങള്‍ വഴിയും ദിനരാത്രങ്ങളിലെ ദിക്‌റുകളും തസ്ബീഹുകളും വഴിയും സല്‍ഫലങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കും. ഖുര്‍ആന്‍ പറയുന്നു: '' ആര്‍ അല്ലാഹുവിന്റെ പാശം മുറുകെ പിടിക്കുന്നുവോ നിശ്ചയം അവര്‍ നേരായ മാര്‍ഗത്തിലേക്ക് നയിക്കപ്പെട്ടിരിക്കുന്നു'' (ആലുഇംറാന്‍ 101). 

സംഗ്രഹ വിവര്‍ത്തനം: എം.കെ അബ്ദുസ്സമദ് ശിവപുരം

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (89-93)
എ.വൈ.ആര്‍

ഹദീസ്‌

തഖ്‌വയും സല്‍സ്വഭാവവും
സുബൈര്‍ കുന്ദമംഗലം