Prabodhanm Weekly

Pages

Search

2018 ഫെബ്രുവരി 16

3039

1439 ജമാദുല്‍ അവ്വല്‍ 29

കെ.എല്‍ ഖാലിദ്

സി.കെ.എ ജബ്ബാര്‍

കണ്ണൂര്‍ ജില്ലാ ജമാഅത്തെ ഇസ്‌ലാമിയുടെ ദീര്‍ഘകാല സെക്രട്ടറിയായും ജില്ലയിലെ വിവിധ ഇസ്‌ലാമിക സംരംഭങ്ങളുടെ ശില്‍പിയായും പ്രവര്‍ത്തിച്ച മാതൃകാ വ്യക്തിത്വമായിരുന്നു കെ.എല്‍ ഖാലിദ് സാഹിബ്. അസുഖബാധിതനായി ആറു മാസത്തോളം ചികിത്സയിലായിരുന്നു അദ്ദേഹം. രോഗാതുരനാവുന്നതുവരെയും അദ്ദേഹം കണ്ണൂരിലെ നിറ സാന്നിധ്യമായിരുന്നു. കിട്ടുന്ന സമയമെല്ലാം ഇസ്‌ലാമിക പ്രസ്ഥാനത്തിനും അതിന്റെ സംരംഭങ്ങള്‍ക്കും വേണ്ടി വിയര്‍പ്പൊഴുക്കിയ കര്‍മയോഗി.  

അദ്ദേഹം പ്രസംഗകനായിരുന്നില്ല. പക്ഷേ, കര്‍മങ്ങള്‍ കൊണ്ട് പ്രഭാഷണങ്ങളേക്കാള്‍ വാചാലനായി, വ്യാപകമായ പ്രതിഫലനം സഷ്ടിച്ചു. കണ്ണൂരിലെ ആധാരമെഴുത്ത് മേഖലയില്‍ കുലപതിയായിരുന്നു ഖാലിദ് സാഹിബ്. പ്രദേശത്ത് അദ്ദേഹത്തിന് അറിയാത്ത സര്‍വേ നമ്പറുകളും ആധാരഭാഷയും തറവാട്ടു പേരുകളുമില്ല. ഏതൊരു നിയമവിദഗ്ധനെയും വെല്ലുന്ന അറിവു കൊണ്ട് അദ്ദേഹം ആ മേഖലയില്‍ ഉയര്‍ന്നുനിന്നു. സ്വത്തു തര്‍ക്കങ്ങളിലും കുടുംബവഴക്കുകളിലും മധ്യസ്ഥനായി. അങ്ങനെ കണ്ണൂരിലെ അറിയപ്പെടുന്ന വ്യക്തിത്വമായി നിലകൊള്ളാന്‍ അദ്ദേഹത്തിന് സാധിച്ചു. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ സഹോദരന്മാരുടെയും കുടുംബത്തിന്റെയും ഉയര്‍ച്ചയുടെ ചുക്കാന്‍ പിടിച്ച അദ്ദേഹം ഏഴു സഹോദരീസഹോദരന്മാരെയും കുടുംബത്തെയും മുഴുവന്‍ പ്രസ്ഥാനവുമായി അടുപ്പിച്ചു. 

സമരമുഖത്തും അദ്ദേഹം എക്കാലവും നിറഞ്ഞുനിന്നു. ഈ ലേഖകന്‍ എസ്.ഐ.ഒവിന്റെ ജില്ലാ സാരഥിയായിരുന്ന കാലത്ത് അദ്ദേഹത്തെക്കുറിച്ച ഓര്‍മ ആവേശകരമാണ്. 1991-ല്‍ അബ്കാരി ലേലത്തിനെതിരെ മാര്‍ച്ച് നടത്തിയ എസ്.ഐ.ഒ പ്രവര്‍ത്തകരെ സി.ഐ.ടി.യുക്കാര്‍ തല്ലിച്ചതച്ചപ്പോള്‍ ചേമ്പര്‍ ഹാള്‍ പരിസരത്തെ ആധാരമെഴുത്ത് ഓഫീസില്‍നിന്ന് അദ്ദേഹം ഓടിയെത്തി. പൊലീസ് ലാത്തിച്ചാര്‍ജിനിടയില്‍ ഖാലിദ് സാഹിബ് അകപ്പെട്ടു. പക്ഷേ അദ്ദേഹം പിന്തിരിഞ്ഞില്ല. അടിയേറ്റു വീണ ഞങ്ങളോടൊപ്പം അദ്ദേഹവും ഉണ്ടായിരുന്നു. കണ്ണൂര്‍ സിറ്റിയില്‍  ചൂതാട്ടത്തിനും കാബറെക്കുമെതിരായ സമരങ്ങളില്‍ ഒരു യുവാവിന്റെ പ്രസരിപ്പോടെ അണിനിരന്ന ജമാഅത്ത് പ്രവര്‍ത്തകരില്‍ അദ്ദേഹവുമുണ്ടായിരുന്നു. കണ്ണൂര്‍ സിറ്റിയിലെ രാഷ്ട്രീയ ഗുണ്ടകളുടെ മര്‍ദനമേറ്റ്  അവശ നിലയില്‍ ആശുപത്രിയില്‍ കിടക്കവെ സംഘര്‍ഷം മുറ്റിനില്‍ക്കുന്ന സിറ്റിയില്‍ പ്രതിഷേധ പ്രകടനം നടത്താന്‍ ആളുകള്‍ കുറയുമെന്ന് ഭയപ്പെട്ടു. പക്ഷേ, പ്രകടനത്തിന്റെ മുന്‍ നിരയില്‍ ഖാലിദ് സാഹിബിന്റെ നേതൃത്വത്തില്‍ ജമാഅത്ത് പ്രവര്‍ത്തകരുണ്ടായിരുന്നു. 

നിര്‍ധനാവസ്ഥയില്‍നിന്ന് കഠിനാധ്വാനം കൊണ്ട് സാമ്പത്തികമായി ഉയര്‍ന്ന അദ്ദേഹം പാവപ്പെട്ടവര്‍ക്കു വേണ്ടി നിശ്ശബ്ദമായി കാരുണ്യഹസ്തം നീട്ടുമായിരുന്നു. സ്വന്തം കുടുംബത്തില്‍ ഒരു  സഹായ ഫണ്ട് രൂപീകരിച്ച്  മാതൃകയായി. തന്റെ അരികില്‍ സഹായം തേടിയെത്തുന്ന ആരെയും തിരിച്ചയച്ചില്ല. ഖുര്‍ആന്‍ സ്റ്റഡി സെന്ററില്‍ തുടക്കം മുതല്‍ പഠിതാവായ അദ്ദേഹം മരിക്കും വരെ 17 വര്‍ഷമാണ് അതില്‍ തുടര്‍ന്നത്. പരിചയപ്പെടുന്നവരെയെല്ലാം ഖുര്‍ആന്‍ സെന്ററില്‍ ചേര്‍ത്തു. തന്റെ ഓഫീസിലെത്തുന്ന ആര്‍ക്കും ഒരു പുസ്തകമോ ലഘുലേഖയോ നല്‍കാതെ തിരിച്ചയക്കുമായിരുന്നില്ല.

പദവികള്‍ സ്വീകരിക്കാന്‍ മടിച്ച ഖാലിദ് സാഹിബ് അതിനേക്കാള്‍ നിര്‍ണായകമായ സാന്നിധ്യമാണ് പ്രസ്ഥാനത്തിന് നല്‍കിയത്. കണ്ണൂര്‍ യൂനിറ്റി സെന്റര്‍ പണിയാന്‍ സ്ഥലം കണ്ടെത്താന്‍ ജില്ലാ സമിതി നിയോഗിച്ച മൂന്നംഗ സമിതിയുടെ ചുക്കാന്‍ പിടിച്ച ഖാലിദ് സാഹിബ്, സെന്റര്‍ സ്ഥാപിക്കുന്നതു വരെയും അതിന്റെ നെടുംതൂണ്‍ ആയിരുന്നു. യൂനിറ്റി സെന്ററിനു പുറമെ, കൗസര്‍ കോംപ്ലക്‌സ്, കൗസര്‍ സ്‌കൂള്‍, കൗസര്‍ മസ്ജിദ്, കണ്ണൂര്‍ ഐ.സി.എം. തുടങ്ങിയ സംരംഭങ്ങളിലും ഖാലിദ് സാഹിബ് വലിയ പങ്കാണ് വഹിച്ചത്. തുടക്കം മുതല്‍ ഇരിക്കൂര്‍ ഇന്‍സാഫ് ട്രസ്റ്റിന്റെ സെക്രട്ടറിയായിരുന്നു. ജില്ലയിലെ ട്രസ്റ്റുകളുടെ നിയമ സാങ്കേതിക പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ ജമാഅത്ത് ആശ്രയിച്ചിരുന്നത് ഖാലിദ് സാഹിബിനെയായിരുന്നു.

പ്രസ്ഥാനം ഏല്‍പിക്കുന്ന ഏതു ജോലിയും കൃത്യനിഷ്ഠയോടെ നിര്‍വഹിക്കുമായിരുന്നു. ഒരു പ്രബോധകന്‍ എത്രത്തോളം വിപുലമായ ബന്ധങ്ങളുടെ ഉടമയാവണമെന്നതിന് അദ്ദേഹം മാതൃകയാണ്. ഇസ്‌ലാമിക സമൂഹത്തിലും പൗരപ്രമുഖര്‍ക്കിടയിലും ആഴത്തിലുള്ള സൗഹൃദമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. പ്രശസ്തമായ കണ്ണൂര്‍ ഇഫ്ത്വാര്‍ സംരംഭത്തില്‍ പ്രമുഖ വ്യക്തിത്വങ്ങളുടെ വിപുല സാന്നിധ്യം ഉറപ്പുവരുത്തുന്നതില്‍ അദ്ദേഹത്തിന്റെ ബന്ധം നിര്‍ണായക പങ്ക് വഹിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ രൂപവല്‍ക്കരണത്തിനു മുമ്പ് തന്നെ ജനകീയ മുന്നണിയുടെ ബാനറില്‍ കണ്ണൂര്‍ മുനിസിപ്പാലിറ്റിയില്‍ ജനവിധി തേടാന്‍ അദ്ദേഹം ധൈര്യം കാണിച്ചു. പിന്നീട് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ടിക്കറ്റിലും കണ്ണൂര്‍ കോര്‍പറേഷനില്‍ ജനവിധി തേടി. ആധാരമെഴുത്തുകാരുടെ സംഘടനയുടെ സാരഥ്യം വഹിച്ച അദ്ദേഹം കണ്ണുരിലെ മദ്യവിരുദ്ധ സമരങ്ങളിലും കൂട്ടായ്മകളിലും സജീവമായിരുന്നു. ഒരു ഇസ്‌ലാമിക പ്രവര്‍ത്തകനായാല്‍ തന്റെ ആരോഗ്യവും സമയവും ധനവും അതിനു വേണ്ടി എത്രത്തോളം ചിലവഴിക്കണമെന്നതിന് ഖാലിദ് സാഹിബ് മികച്ച ഉദാഹരണമാണ്. സാമ്പത്തിക ഇടപാടുകളില്‍ എല്ലാവര്‍ക്കും അദ്ദേഹം മാതൃകയും ആശ്വാസവും കൂടിയായിരുന്നു. താനുമായി ബന്ധമുള്ള എല്ലാ ഇടപാടുകളും സുതാര്യമാക്കാന്‍ അവസാന നിമിഷവും അദ്ദേഹം കണിശത കാട്ടി.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (89-93)
എ.വൈ.ആര്‍

ഹദീസ്‌

തഖ്‌വയും സല്‍സ്വഭാവവും
സുബൈര്‍ കുന്ദമംഗലം