Prabodhanm Weekly

Pages

Search

2018 ഫെബ്രുവരി 16

3039

1439 ജമാദുല്‍ അവ്വല്‍ 29

ജാതിഭ്രാന്തിലേക്ക് തിരിച്ചുനടക്കുന്ന കേരളം

ഫസല്‍ കാതിക്കോട്

കേരളത്തില്‍ ജാതിവ്യവസ്ഥ നിലനില്‍ക്കുന്നുണ്ടോ? ഉത്തരേന്ത്യയിലൊക്കെ കാണപ്പെടുന്നതു പോലെ ഒറ്റനോട്ടത്തില്‍ ദൃശ്യമായ ജാതിവ്യവസ്ഥ കേരളത്തില്‍ ഇല്ല എന്നൊക്കെ ഉത്തരം പറഞ്ഞ് സന്തോഷിച്ചിരുന്നവര്‍ക്ക് ഇനി ലോകത്തിനു മുന്നില്‍ തല താഴ്ത്തി നില്‍ക്കാം.  ഒരു നാട് പിന്നോട്ടു നടക്കുന്നതിന്റെ അടയാളമായി വടയമ്പാടി എന്ന സ്ഥലനാമം ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുകയാണ്.

മനുഷ്യന്‍ തന്നെപ്പോലുള്ളവനെ മനുഷ്യനായി കാണാതെ അതിനു താഴെയുള്ള എന്തോ ഒന്നായി കാണുന്ന ഏര്‍പ്പാടാണല്ലോ ജാതിവ്യവസ്ഥ. ലോകത്തെങ്ങുമുള്ള സാമൂഹിക ശാസ്ത്രജ്ഞരുടെ സവിശേഷപഠനത്തിന് വിധേയമായതാണ് ഇന്ത്യന്‍ ജാതി വ്യവസ്ഥ. അടിമത്തം, വര്‍ണവിവേചനം, ലിംഗ അധീശത്വങ്ങള്‍ തുടങ്ങി ഇസ്‌ലാമോഫോബിയ വരെയുള്ള മനുഷ്യന്‍ മനുഷ്യനെ നീചനായി പരിഗണിക്കുന്ന സാമൂഹികാവസ്ഥകളെല്ലാം ഇല്ലാതാക്കാന്‍ സാധിക്കും. എന്നാല്‍ ഇന്ത്യയിലെ ജാതിവ്യവസ്ഥ മതപരമായും സാംസ്‌കാരികമായും ചരിത്രപരമായും വേരുകളുള്ളതാണ്. അത് പൂര്‍വജന്മ, മോക്ഷ വിശ്വാസങ്ങളിലും മറ്റുമായി ഉറച്ചുകിടക്കുകയാണ്. അതിനെ സമ്പൂര്‍ണമായും പറിച്ചെറിയുക അസാധ്യമാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ധിഷണാശാലികളിലൊരാളായിരുന്ന ഭരണഘടനാ ശില്‍പി ഡോ: അംബേദ്കര്‍ ഇക്കാര്യം എടുത്തു പറഞ്ഞിട്ടുണ്ട്. ആ ബോധ്യത്തിന്റെ  അടിസ്ഥാനത്തില്‍ തന്നെയാണ് അദ്ദേഹം അനുയായികളോടൊപ്പം ബുദ്ധമതം സ്വീകരിച്ചത്.  സവര്‍ണ വൈദിക പാരമ്പര്യങ്ങളും സംസ്‌കാരവും സംഘ് പരിവാറിന്റെ നേതൃത്വത്തില്‍ തിരിച്ചുവരുമ്പോള്‍ അതിന്റെ കൂടെ സ്വാഭാവികമായി ശക്തിപ്രാപിക്കുന്ന ഒന്നാണ് ജാതിവ്യവസ്ഥ.  എല്ലാ ഐക്യ മുദ്രാവാക്യങ്ങളും അട്ടത്തു വെച്ച് ജാതിക്കോമരങ്ങള്‍ക്കു വേണ്ടി വടയമ്പാടിയില്‍ ചാവേറുകളാവാന്‍  തയാറായ ഏക സംഘടന സംഘ് പരിവാര്‍ തന്നെയായത് യാദൃഛികമല്ല. 

 

കേരളത്തിലെ ദലിതവസ്ഥകള്‍

എല്ലാ ആനുകൂല്യങ്ങളും ദലിതന്. വീടു പണിയാന്‍ കാശ്, കോളനിയിലേക്ക് റോഡ്, പഠിക്കാന്‍ പണം, ഇത് കൂടാതെ സര്‍ക്കാര്‍ ജോലിക്ക് സംവരണം... ഇത്തരം രോഷപ്രകടനങ്ങള്‍ കേരളത്തില്‍ സര്‍വസാധാരണമാണ്. കൈ നിറയെ ആനുകൂല്യങ്ങള്‍ നേടിയെടുത്ത്  സര്‍വ സൗകര്യങ്ങളും ആസ്വദിച്ച് ആര്‍ഭാട ജീവിതം നയിക്കുന്നവരാണ് കേരളത്തിലെ ദലിതരെന്ന് ധ്വനിപ്പിക്കുന്നു ഇത്തരം അഭിപ്രായപ്രകടനങ്ങള്‍. എന്നാല്‍ വാസ്തവമെന്താണ്? ഏഴു പതിറ്റാണ്ടുകാലത്തെ കൊട്ടിഘോഷിക്കപ്പെടുന്ന ആനുകൂല്യ വിതരണങ്ങള്‍ക്കു ശേഷവും എല്ലാ സാമൂഹിക സാമ്പത്തിക വികസന സൂചികകളിലും ദലിതര്‍ പിന്നില്‍ തന്നെയാണ്. കേരളത്തിലെ ഇരുപതിനായിരത്തോളം കോളനികളിലാണ് അവരില്‍ ഭൂരിഭാഗവും ജീവിക്കുന്നത്. കേരളത്തിലെ ഭൂരിഭാഗം വരുന്ന ഇതര ജനങ്ങള്‍ക്ക് ലഭിക്കുന്ന ജീവിത സൗകര്യങ്ങള്‍ കോളനികളില്‍ ലഭ്യമല്ല. ഒറ്റമുറി വീടുകള്‍ പലതരം സര്‍ക്കാര്‍ വീട് നിര്‍മാണ പദ്ധതികളിലൂടെ അല്‍പം കൂടി മെച്ചപ്പെട്ടുവരുന്നേയുള്ളൂ.  അപ്പോഴേക്കും കേരളത്തിലെ ഇതര ജന വിഭാഗങ്ങള്‍  ഇരുനില വീടുകളിലേക്ക് ചേക്കേറിക്കഴിഞ്ഞിരുന്നു.   ജോലി, വരുമാനം, വിദ്യാഭ്യാസം തുടങ്ങി എല്ലാ ജീവിത സൂചികകളിലും അവര്‍ കേരളീയ സമൂഹത്തില്‍ ഏറ്റവും താഴേ പടിയില്‍ തന്നെ നില്‍ക്കുന്നു.

സംസ്ഥാനത്തെ രണ്ടര ലക്ഷത്തോളം എയിഡഡ് സ്‌കൂള്‍ അധ്യാപകരില്‍ കേവലം നൂറ്റിയമ്പത് പേരാണ് പട്ടികജാതി-പട്ടിക വിഭാഗങ്ങളില്‍നിന്നുള്ളത്. മുപ്പതിനായിരത്തോളം തസ്തികകള്‍ അവര്‍ക്ക് ജനസംഖ്യാനുപാതികമായി അര്‍ഹതയുള്ളതാണ്. ഉന്നത വ്യാപാരി-വ്യവസായികളില്‍ ഒരാള്‍പോലും ദലിതനില്ല. ഐ.ടി-ടൂറിസം, സ്വകാര്യ ബാങ്കിംഗ്, കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍, സ്വകാര്യ ആശുപത്രികള്‍, സാങ്കേതികവിദ്യാലയങ്ങള്‍ ഇവയിലൊന്നും ദലിത് പങ്കാളിത്തമില്ല.

സാമ്പത്തികമായി വളര്‍ന്ന പ്രവാസി മലയാളികള്‍, നാണ്യവിളകള്‍ കൃഷിചെയ്യുന്ന കര്‍ഷകര്‍, ചെറുകിട വ്യവസായം, ഐ.ടി-ടൂറിസം ശൃംഖല, മാധ്യമരംഗം വിശേഷിച്ച് ദൃശ്യമാധ്യമങ്ങള്‍, റിയല്‍ എസ്റ്റേറ്റ്, സ്വകാര്യ ബാങ്കിംഗ്, കോര്‍പ്പറേറ്റ് സ്ഥാപനങ്ങളിലെ തൊഴിലവസരം, മറ്റു സര്‍വീസ് മേഖല തുടങ്ങി കേരളത്തില്‍ വികസനമുണ്ടായിട്ടുള്ള ഒരു മേഖലയിലും ദലിത്, ആദിവാസി അവശ പിന്നാക്കവിഭാഗങ്ങള്‍ക്ക് നിസ്സാരമായ പങ്കാളിത്തം പോലും ഇല്ല എന്നതാണ് വാസ്തവം.

രാഷ്ട്രീയരംഗത്തും ദലിതര്‍ പിറകില്‍ തന്നെ.  സംവരണ സീറ്റിനപ്പുറം പൊതുവിഭാഗത്തില്‍ ദലിതനെ പരിഗണിക്കാറില്ല.  1957 മുതല്‍ പട്ടികജാതി വകുപ്പ് മാത്രമാണ് ദലിതന് നല്‍കാറുള്ളത്. പാര്‍ട്ടികളുടെ ഉന്നത നയരൂപീകരണ വേദികളില്‍ ദലിതന് സ്ഥാനമില്ല. സി.പി.എമ്മിന്റെ പോളിറ്റ് ബ്യൂറോയിലേക്ക് ദലിതനോ ആദിവാസിയോ ഇതുവരെ തെരഞ്ഞെടുക്കപ്പെട്ടിട്ടില്ല.

കേരളത്തിലെ പട്ടികജാതി-പട്ടികവിഭാഗങ്ങള്‍ സാക്ഷരത നേടിയവരാണ്. എന്നാല്‍ ഉന്നത വിദ്യാഭ്യാസം അവര്‍ക്ക് അന്യമാണ്. ബഹുഭൂരിപക്ഷത്തിനും സ്‌കൂള്‍ വിദ്യാഭ്യാസം മാത്രം. ന്യൂജനറേഷന്‍ കോഴ്‌സുകളിലോ സ്വാശ്രയ സാങ്കേതിക വിദ്യാഭ്യാസ മേഖലകളിലോ ദലിത്-ആദിവാസികള്‍ക്ക് കടന്നുചെല്ലാന്‍ കഴിയുന്നില്ല. സാംസ്‌കാരികമായി ഈ വിഭാഗങ്ങളെ ഉയര്‍ത്തുന്നതിന് കര്‍മ പദ്ധതികള്‍ ഇല്ല.  മദ്യപാനവും മയക്കുമരുന്ന് ഉപയോഗവും അവര്‍ക്കിടയില്‍ വ്യാപകമായിക്കൊിരിക്കുന്നു. അട്ടപ്പാടിയിലെയും മറ്റ് ആദിവാസി ഊരുകളിലെയും ജീവിതനിലവാരം ദയനീയമാണ്.

അവരോടുള്ള പൊതുസമൂഹത്തിന്റെ സമീപനമാണ് അവര്‍ ഇങ്ങനെ ഒതുക്കപ്പെടാന്‍ ഇടയാക്കിയത്. ഭൂപരിഷ്‌കരണത്തില്‍ ബാക്കിവന്ന ചില്ലറത്തുട്ടുകള്‍ കൊണ്ട് അവര്‍ തൃപ്തിപ്പെടേണ്ടിവന്നത് ഇതിനാല്‍ തന്നെയാണ്. ഭൂവുടമസ്ഥത കര്‍ഷകരിലേക്ക് കൈമാറിയപ്പോള്‍, പണിയെടുപ്പിച്ചിരുന്ന ഇതര വിഭാഗങ്ങള്‍ക്ക് ഏക്കര്‍ കണക്കിന്  കൃഷിഭൂമി കിട്ടിയപ്പോള്‍ പണിയെടുത്തിരുന്ന ദലിതന് കിട്ടിയത് കുടികിടപ്പവകാശം മാത്രം. പുര വെക്കാനായി പരമാവധി പത്ത് സെന്റ്. എന്തുകൊണ്ടാണ് ചേറില്‍ പണിയെടുത്തിരുന്നവര്‍ തുല്യ പങ്കാളിത്തത്തിന്  അവകാശമുള്ളവരാണ് എന്ന് അധികാരികള്‍ക്ക്  അന്ന് തോന്നാതിരുന്നത്? അത് കാഴ്ചപ്പാടിന്റെ വ്യത്യാസമായിരുന്നു. രണ്ടു വിഭാഗം മനുഷ്യരെ രണ്ട് കാഴ്ചപ്പാടിലൂടെ കണ്ടതിന്റേതായിരുന്നു ആ വ്യത്യാസം. ഈ പത്ത് സെന്റ് കുടികിടപ്പ് വിതരണത്തിനു ശേഷവും ലക്ഷക്കണക്കിനാളുകള്‍ ഭൂരഹിതരായി തുടര്‍ന്നു. കുടികിടപ്പ് പോലും ഇല്ലാത്തവരായിരുന്നു അവര്‍. അവരില്‍ മഹാഭൂരിഭാഗവും  ദലിതരായിരുന്നു. ഇതര വിഭാഗക്കാര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രം. അവര്‍ക്കു വേണ്ടിയാണ് ലക്ഷം വീട് കോളനികള്‍ അടക്കമുള്ള വിവിധ ഭവനപദ്ധതികള്‍ പ്രഖ്യാപിച്ചത്. ഒരു ചുമരിന് അപ്പുറവും ഇപ്പുറവുമായി രണ്ട് വീടുകള്‍. മക്കള്‍ വിവാഹിതരായതോടെ ഓരോ വീട്ടിലും ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ അനേകം കുടുംബങ്ങള്‍ രൂപപ്പെട്ടുവന്നു. സ്വാഭാവികമായും അവര്‍ക്ക് പുതിയ വീടുകള്‍  ആവശ്യമായി. അപ്പോഴേക്കും കുതിച്ചുയര്‍ന്നുകഴിഞ്ഞിരുന്ന ഭൂമിവില അവരുടെ സ്വപ്‌നങ്ങള്‍ അസാധ്യമാക്കി. ഭൂരഹിതരുടെ വലിയൊരു തലമുറ തന്നെ പിറന്നു. ചികിത്സക്കും വിദ്യാഭ്യാസത്തിനും മറ്റു അടിയന്തരാവശ്യങ്ങള്‍ക്കുമായി പലര്‍ക്കും ഭൂമിയും വീടും വില്‍ക്കേണ്ടിവന്നു. അവരും ഭൂരഹിതരുടെയും ഭവനരഹിതരുടെയും പട്ടികയില്‍ ഇടം പിടിച്ചു. കോളനികള്‍ ഭവന-ഭൂരഹിതര്‍ ഉല്‍പാദിപ്പിക്കുന്ന നഴ്‌സറികളായി. ഭൂരഹിതരായും ഭവനരഹിതരായും അലയുന്നവരില്‍ ഭൂരിഭാഗവും ദലിതര്‍ തന്നെയാണിന്നും.  മുത്തങ്ങയും ചെങ്ങറയും അരിപ്പയുമടക്കമുള്ള ഭൂ സമരഭൂമികളില്‍ അവര്‍ തന്നെയാണ് അടി കൊണ്ടു വീഴുന്നത്. അവരെക്കുറിച്ചാണ് നമ്മള്‍ സ്ഥിരമായി ആനുകൂല്യങ്ങള്‍ പറ്റാനായി ജനിച്ചവര്‍ എന്നു പരിഹസിക്കുന്നത്.

 

ജാതിവെറിയുടെ കടന്നാക്രമണങ്ങള്‍

സമീപകാല കേരളം ജാതിവെറിയുടെ നിരവധി കടന്നാക്രമണങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയുണ്ടായി. ക്ഷേത്രങ്ങളിലും ജനന-മരണ ചടങ്ങുകളിലും  മാത്രമല്ല, വിവിധ ജാതിക്കാര്‍ ഒത്തുകൂടുന്ന പൊതുയിടങ്ങളിലും തലയുയര്‍ത്തി നില്‍ക്കുന്നുണ്ടാവും ജാതിയുടെ വിഷസര്‍പ്പം. ദലിത് ഉദ്യോഗസ്ഥനിരുന്ന കസേരയില്‍ ചാണകവെള്ളം തളിക്കുന്നതും ജാതിപ്പേരിന്റെയും ജാതിത്തൊഴിലിന്റെയും പേരില്‍ ആക്ഷേപിക്കുന്നതും കേരളത്തില്‍ സാധാരണമാണ്.

കേരളത്തിന്റെ  കിഴക്കന്‍ അതിര്‍ത്തി ഗ്രാമമായ ഗോവിന്ദാപുരത്ത് അംബേദ്കര്‍ കോളനിയിലെ ചക്ലിയ സമുദായക്കാര്‍ വേദകാല ജാതിപീഡനങ്ങള്‍ക്കിരയാവുകയാണ് എന്ന വാര്‍ത്ത പുറത്തുവന്നത് ഏതാനും മാസങ്ങള്‍ക്കു മുമ്പാണ്. കൊട്ടാരക്കര റെയില്‍വേ സ്റ്റേഷനു മുന്നില്‍ റെയില്‍വേ അവഗണനക്കെതിരായി 24 മണിക്കൂര്‍ ഉപവാസ സമരം നടത്തിയ കൊടിക്കുന്നില്‍ സുരേഷിന്റെ  സമരവേദിയില്‍ ബി.ജെ.പിക്കാര്‍ നടത്തിയ വ്യത്യസ്തമായ പ്രതിഷേധം അനേകം മാനങ്ങളുള്ളതായിരുന്നു. ദലിത് വിഭാഗക്കാരനായ എം.പി.യുടെ സമരവേദിയില്‍ ചാണകവെള്ളം തളിക്കുകയാണവര്‍ ചെയ്തത്. അശുദ്ധം മാറാന്‍ ഉപയോഗിക്കുന്ന ചാണകവെള്ളം തളിച്ചതിലൂടെ ദലിതന്‍ അശുദ്ധനാണെന്ന ജാതി തീര്‍പ്പിന് അടിവരയിടുകയായിരുന്നു സംഘ് പരിവാര്‍. സവര്‍ണാധികാരികള്‍ ചുക്കാന്‍ പിടിക്കുന്ന എല്ലാ ഉയര്‍ന്ന തൊഴില്‍ മേഖലകളിലും താഴ്ന്ന ജാതിക്കാരന്‍ കടന്നുവരാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ എടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് ആരും പറഞ്ഞുകൊടുക്കേണ്ടതില്ല. ദേവ കലകളായറിയപ്പെടുന്നവയുടെ ഉന്നത വേദികളില്‍നിന്ന് താഴ്ന്ന ജാതിക്കാരെ ഒഴിവാക്കാന്‍ മനഃപൂര്‍വം ശ്രമങ്ങള്‍ നടക്കുന്നുവെന്ന് രാജ്യസഭാ എം.പിയും സി.പി.എം നേതാവുമായ കെ. സോമപ്രസാദ് പറയുന്നു. കേരള കലാമണ്ഡലത്തിലും തുപ്പുണിത്തുറ ആര്‍.എല്‍.വി കോളേജിലും അത്തരം ശ്രമങ്ങള്‍ നടന്നത് അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്. ആര്‍.എല്‍.വി കോളേജിലെ ഹേമലത, സാബു എന്നീ പിന്നാക്ക ജാതിക്കാര്‍ക്കെതിരെ ജാതി പീഡനമാണ് നടന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ താഴ്ന്ന ജാതിക്കാരുടെ പി.എച്ച്.ഡി തീസീസുകള്‍ക്ക് അംഗീകാരം നല്‍കുന്നതിന് കാലതാമസം വരുത്തി കഴിയാവുന്നത്ര ദ്രോഹിക്കുന്നു. തമിഴ്നാട് കാര്‍ഷിക സര്‍വകലാശാലയില്‍നിന്ന് സ്വര്‍ണ മെഡലോടെ കൃഷിശാസ്ത്രത്തില്‍ എം.എസ്.സി പാസ്സായ രാജേഷിന് മണ്ണുത്തി കാര്‍ഷിക സര്‍വകലാശാല പി.എച്ച്.ഡി നിഷേധിച്ചത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയത് ഈയിടെയാണ്.

'ഈശ്വരനോട് പ്രാര്‍ഥിക്കാന്‍ പിന്തുണ നല്‍കുന്ന പൂജാരിയും കണ്‍കണ്ട ദൈവമാണ്. ചോരയും മാംസവുമുള്ള ഈശ്വരന്മാരാണ് പൂണൂല്‍ ഇടുന്നവര്‍. മരിച്ച് മണ്ണടിഞ്ഞ് ചാരമായി, വളമായി അതില്‍നിന്നും ഒരു ബീജം ഉത്ഭവിച്ച് അടുത്ത ജന്മത്തിലെങ്കിലും പൂണൂല്‍ ഇടുന്ന വര്‍ഗത്തില്‍പെട്ട് ജനിക്കണമെന്നും ശബരിമലയിലെ തന്ത്രിമുഖ്യനാവണമെന്നും' പ്രസംഗിച്ചത് ബി.ജെ.പി എം.പി സുരേഷ് ഗോപി. എത്രയധികം മനുഷ്യവിരുദ്ധ പരാമര്‍ശങ്ങളടങ്ങിയിരിക്കുന്നു ഈ വാക്കുകളില്‍!

ക്ഷേത്രങ്ങളില്‍ പൂജാരിമാരായി ഏതു ജാതിക്കാരെയും നിശ്ചയിക്കാമെന്ന ദേവസ്വം ബോര്‍ഡ് തീരുമാനം ഈ സാഹചര്യത്തില്‍ ഒരു രജതരേഖ തന്നെയാണ്.  വളരെ വൈകിപ്പോയെങ്കിലും ജാതി വ്യവസ്ഥക്കേറ്റ പ്രഹരമാണ് ഈ തീരുമാനം.

ഒരു സാമൂഹിക വിഭാഗമെന്ന നിലയില്‍ ദലിതര്‍ എത്രമാത്രം പ്രാന്തവത്കരിക്കപ്പെട്ടിരിക്കുന്നു എന്നതിന്റെ നേര്‍ചിത്രമാണിത്. പൊതു സമൂഹത്തില്‍ പണ്ടെന്ന പോലെ ഇന്നും അവര്‍ അദൃശ്യജനതയായി തുടരുകയാണ്. ദൃശ്യരാവുന്ന ഇടങ്ങളില്‍നിന്നെല്ലാം  അവരെ ആട്ടിയോടിക്കാനുള്ള നിയമപരവും ഔദ്യോഗികവുമായ തന്ത്രങ്ങള്‍ പ്രയോഗിക്കപ്പെടുകയാണ്. വടയമ്പാടിയിലെ ജാതിമതില്‍ നിര്‍മാണത്തിലും ആര്‍ട്ടിസ്റ്റ് അശാന്തന്റെ മൃതദേഹത്തെ അനാദരിച്ചതിലും ജാതി പത്തിവിടര്‍ത്തിയാടുന്നതാണ് നാം കത്. മനുഷ്യസമൂഹങ്ങളെ സഹസ്രാബ്ദങ്ങളോളം അടിമകളാക്കി മാറ്റാനും സവര്‍ണകുലജാതരായ ഒരു വിഭാഗത്തിന് സകല ജീവിതസുഖാസ്വാദനങ്ങളും എക്കാലത്തേക്കും സംവരണം ചെയ്യപ്പെട്ടതാക്കി നിലനിര്‍ത്താനും കാരണമായ ജാതിവ്യവസ്ഥ  കേരളീയ സമൂഹത്തിലും പ്രഛന്നമായ പുത്തന്‍ രൂപഭാവങ്ങളോടെ ശക്തിയാര്‍ജിക്കുകയാണ്  എന്നതിന്റെ വ്യക്തമായ തെളിവുകളാണിത്.

 

ശക്തിയാര്‍ജിക്കുന്ന ജാത്യാവബോധങ്ങള്‍

ഒരു കാലത്ത് വലിച്ചെറിഞ്ഞുകളഞ്ഞു എന്ന് കേരളീയന്‍ അഭിമാനിച്ച പലതും നമ്മുടെ സമൂഹത്തിന്റെ ഇരുണ്ട ഉള്ളകങ്ങളില്‍ പറ്റിപ്പിടിച്ചു കിടപ്പുണ്ടായിരുന്നു എന്ന് നാം തിരിച്ചറിയുന്ന കാലമാണിത്. ഉന്നതജാതി വാലുകള്‍ അപമാനമായി കരുതി അത് വെട്ടിക്കളഞ്ഞവരുടെ ഒരിടവേള കേരളത്തില്‍ കഴിഞ്ഞുപോയിട്ടു്. എന്റെ ജാതിവാല്‍ അടക്കമുള്ള വ്യക്തിത്വമാണ് ഞാന്‍ എന്ന സ്വത്വവാദത്തിലേക്ക് സവര്‍ണ ജാതി പുതുതലമുറ ഉണരുന്നതിന്  ഈ സാമൂഹിക മാധ്യമ പതിറ്റാണ്ട് സാക്ഷ്യം വഹിക്കുകയാണ്. പ്രീത ജി. നായര്‍ എന്നൊരു മിടുക്കിപെണ്‍കുട്ടി ഫേസ്ബുക്കിലെ തന്റെ ജാതിപ്പേര് നേരത്തേ പ്രഖ്യാപിച്ച് മുറിച്ചുമാറ്റി പ്രീത ജി.പി മാത്രമാക്കിയപ്പോള്‍ അതിനെതിരെ ആയിരക്കണക്കിനു പേര്‍ രംഗത്തുവന്നത് കേരളം എവിടെ നില്‍ക്കുന്നു എന്നതിന്റെ സൂചനയാണ്. ഫേസ്ബുക്കില്‍ ജാതിവാല്‍ അനുവദിക്കരുതെന്ന് സുക്കര്‍ബര്‍ഗിന് കത്തെഴുതിയാണ്  പ്രീതി ഇതിനെതിരെ പ്രതികരിച്ചത്. ചരിത്രത്തെ പിന്നോട്ടുരുട്ടുന്ന ഈ ജാതി പുനരുത്ഥാനത്തിനു പിന്നില്‍ അനേകം കാരണങ്ങളുണ്ട്.

ഹിന്ദു മതാവബോധങ്ങളെയും വികാരങ്ങളെയും ഉപയോഗപ്പെടുത്തി സംഘ് പരിവാര്‍ രൂപപ്പെടുത്തിക്കൊണ്ടുവരുന്നത്  വ്യക്തമായും സവര്‍ണാധിപത്യം തന്നെയാണ് എന്ന ഉന്നത ജാതിക്കാരുടെ ബോധ്യവും അത് നല്‍കുന്ന പുത്തന്‍ അഭിമാനബോധവും  തന്നെയാണ് അതിലൊന്ന്.  ജാതിയെന്നാല്‍ മഹിതമായ ഭാരതീയ പാരമ്പര്യത്തിന്റെ ഭാഗമാണെന്നും ശാസ്ത്രീയമായ തൊഴില്‍ വിഭജനമാണെന്നുമൊക്കെയുള്ള വിചിത്രവും വൃത്തികെട്ടതുമായ ന്യായവാദങ്ങളുമായി സംഘ് പരിവാറിന്റെ പുത്തന്‍ തലമുറ സോഷ്യല്‍ മീഡിയയിലും പുറത്തും പവിത്രീകരണങ്ങള്‍ നടത്തുന്നത് സാധാരണ കാഴ്ചയായിരിക്കുന്നു.

ആദര്‍ശങ്ങളെയും തത്ത്വശാസ്ത്രങ്ങളെയുമെല്ലാം കാല്‍ക്കീഴിലിട്ടു ചവിട്ടിയരക്കുന്നതിന് യാതൊരു മടിയും കാണിക്കാതിരുന്ന  രാഷ്ട്രീയ നേതൃത്വങ്ങളുടെ  മാതൃക ജനങ്ങള്‍ ആന്തരവല്‍ക്കരിച്ചിരിക്കുന്നു എന്നതും അതിന്റെ ഭാഗമായി വലിച്ചെറിയപ്പെട്ട ആദര്‍ശങ്ങള്‍ക്ക് പകരംവെക്കാന്‍ ജീര്‍ണിച്ച ജാതി- മത ഘടകങ്ങളെ വാരിപ്പുണരുന്നു എന്നതുമാണ് പുത്തന്‍ ജാത്യാവബോധങ്ങളെ സൃഷ്ടിച്ച മറ്റൊരു സാമൂഹികഘടകം. അതിവേഗം മധ്യവര്‍ഗ ജനതയായി മാറിക്കൊണ്ടിരിക്കുകയാണ് കേരളീയ സമൂഹം. പ്രാഥമിക ജീവിതോപാധികളില്‍ സ്വയംപര്യാപ്തരായ മധ്യവര്‍ഗത്തിന്  നേടാനുള്ള അടുത്ത ആവശ്യമാണ് സാമൂഹികാംഗീകാരം എന്നത്. സാമൂഹികാംഗീകാരത്തിന്റെയും  പൊങ്ങച്ചത്തിന്റെയും മാര്‍ഗം കൂടിയായി മാറാന്‍  ജാതിക്കും ജീര്‍ണ മതത്തിനും വ്യാജ ആത്മീയതക്കും സാധിച്ചിരിക്കുന്നു എന്നതാണ് കേരളത്തിലെ ജാതിപ്പുളപ്പിന്റെ മറ്റൊരു കാരണം.

അശാന്തന്‍ എന്ന പ്രശസ്തനായ ചിത്രകാരന്റെ മൃതദേഹം അമ്പലത്തിന്റെ വിശുദ്ധിക്ക് ഭംഗം വരുമെന്ന പേരില്‍ അപമാനിച്ച് മാറ്റിക്കിടത്താന്‍ അക്രമങ്ങള്‍ അഴിച്ചുവിട്ട ഏതാനും പേര്‍ക്ക് അവിടെയുള്ള  സാംസ്‌കാരിക പ്രവര്‍ത്തകരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമടക്കമുള്ളവര്‍ പിന്തുണ നല്‍കുകയായിരുന്നു എന്ന റിപ്പോര്‍ട്ടില്‍നിന്ന് എന്താണ് നാം മനസ്സിലാക്കേത്? വടയമ്പാടി ജാതിമതില്‍വിരുദ്ധ സമരത്തോടുള്ള സമീപനത്തിലും ഈ നവജാതി പുനരുത്ഥാനത്തിന്റെ തെളിവുകള്‍ കാണാം. തികച്ചും അന്യായമായി പതിച്ചുനല്‍കിയ പട്ടയത്തെ മുഖവിലക്കെടുത്ത് ദലിതുകളുടെ പൊതു ഇടത്തെ പരിമിതപ്പെടുത്തുന്നതിന് എല്ലാ അധികാര ശക്തികളും ഒന്നിച്ചുനില്‍ക്കുന്ന കാഴ്ചയാണവിടെ കാണാന്‍ കഴിഞ്ഞത്. ജാതീയതയെ തകര്‍ക്കുന്നതിന് പഴുതുകള്‍ തേടുന്നതിനു പകരം ജാതി മതിലിന് സംരക്ഷണം നല്‍കുന്നതിനാണ് ഓരോ വിഭാഗവും ഉത്സാഹിച്ചത്.  ദലിത്‌സമൂഹത്തിന്റെ എത്രയോ കാലമായുള്ള പൊതു ഇടമായി നിലകൊണ്ട ഒരു മൈതാനത്തെ ഒരു വിഭാഗത്തിന് മാത്രമായി പതിച്ചുനല്‍കിയ പട്ടയത്തിന്റെ ബലത്തില്‍ ഉത്തരവു നല്‍കിയ കോടതിവിധിയില്‍ നിന്ന് അത് തുടങ്ങുന്നുണ്ട്. ഇതെല്ലാമറിയുന്ന പോലീസ് ദലിത് സമരക്കാര്‍ക്കെതിരെയാണ് അക്രമം അഴിച്ചുവിടുന്നത്. സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയവരെ മാവോവാദികളെന്ന് മുദ്രകുത്തി ഭീകരവാദികളാക്കിയത്   പോലീസുകാര്‍ എത്ര വലിയ ജാതിവെറിയന്മാരാണെന്ന് ബോധ്യപ്പെടുത്തുന്നു. അധഃസ്ഥിത ജനതക്കൊപ്പം സമത്വത്തിനു വേണ്ടിയുള്ള പോരാട്ടങ്ങളില്‍ ഒപ്പം നില്‍ക്കുമെന്ന്  പ്രതീക്ഷിക്കപ്പെട്ട ഇടതുപക്ഷം ജാതിവെറിയന്മാര്‍ക്കു വേണ്ടി നിയമത്തിന്റെ പഴുതുകള്‍ തേടുന്ന കാഴ്ച എത്ര ക്രൂരമാണ്. അവര്‍ക്ക് പട്ടയമുണ്ടായിരുന്നു, കോടതി വിധിയുണ്ടായിരുന്നു, പ്രകടനം നടത്താന്‍ അനുമതി കൊടുത്തിരുന്നില്ല തുടങ്ങിയ ന്യായങ്ങളുന്നയിച്ച് ദലിതരെ കുറ്റവാളികളാക്കാന്‍ ശ്രമിക്കുന്നവര്‍ സഹായിക്കുന്നത് ആരെയാണ്?

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (89-93)
എ.വൈ.ആര്‍

ഹദീസ്‌

തഖ്‌വയും സല്‍സ്വഭാവവും
സുബൈര്‍ കുന്ദമംഗലം