പേര്‍ഷ്യന്‍ കോളനികളുമായുള്ള ബന്ധങ്ങള്‍
മുഹമ്മദുന്‍ റസൂലുല്ലാഹ്-44
പേര്‍ഷ്യന്‍ കോളനികളിലൊന്നായിരുന്നു അല്‍ ഹസാഅ് എന്നും അല്‍ അഹ്‌സാഅ് എന്നും ഇന്നറിയപ്പെടുന്ന ബഹ്‌റൈന്‍ (ഇന്നത്തെ ബഹ്‌റൈന്‍ എന്ന ദ്വീപ് രാഷ്ട്രം അന്ന് ഉവാല്‍ എന്നാണ് അറിയപ്പെട്ടിരുന്നത്). അതിന്റെ അതിപ്രാചീന ചരിത്രത്തിലേക്കൊന്നും നമ്മള്‍ പോകുന്നില്ല. ഷാപൂര്‍ രണ്ടാമന്റെ (ക്രി. 310-379) കാലം മുതല്‍ക്കേ ബഹ്‌റൈന്‍ ഇറാനിയന്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. ഒരു അറബ് ഗോത്രത്തലവനായിരുന്നു അതിന്റെ ഗവര്‍ണര്‍. അയാളെ നിയമിച്ചിരുന്നത് ഹീറാ രാജാവായിരുന്നു. പക്ഷേ, സാസാനികളുടെ അവസാന കാലമായപ്പോഴേക്കും ഒരു പേര്‍ഷ്യന്‍ പ്രമുഖനും അവിടെ നിയമിതനായിരുന്നു. സ്വാഭാവികമായും അയാള്‍ക്കു കീഴിലായി അറബിഗോത്രത്തലവന്‍.1 ഹീറായിലെ ലഖ്മികള്‍ പേര്‍ഷ്യന്‍ സാമ്രാജ്യത്തിന്റെ സഹായമില്ലാതെ ബഹ്‌റൈന്‍ പിടിച്ചെടുത്തതാകുമോ? അങ്ങനെയൊരു സാധ്യതയുമുണ്ട്. അതുകൊണ്ടാവുമോ ബഹ്‌റൈന്‍ ഭരണത്തില്‍ ലഖ്മികള്‍ക്ക് ഇത്രയധികം സ്വാധീനം?
രണ്ട് പ്രധാന സ്ഥലനാമങ്ങള്‍ ഇവിടെ കടന്നു വരുന്നുണ്ട്; മുശഖറും ഹജറും. അറബി സ്രോതസ്സുകളനുസരിച്ച്, പേര്‍ഷ്യന്‍ വൈസ്രോയിയുടെ ആസ്ഥാനം ഹജറിലായിരുന്നു. വളരെ പ്രശസ്തമായ വാര്‍ഷികച്ചന്ത നടന്നിരുന്നത് മുശഖറില്‍.2 ഹജര്‍ എന്നാല്‍ ഭാഷാപരമായി തികവുറ്റ നഗരം എന്ന അര്‍ഥമുണ്ട്. മുശഖര്‍ എന്നാല്‍ ചുവപ്പായത്, ചുവപ്പു രാശി പടര്‍ന്നത് എന്നൊക്കെയാണ് അര്‍ഥം. ഹജറിലായിരിക്കാം കോട്ടയും കൊട്ടാരവും ഉണ്ടായിരുന്നത്. മുശഖറിന്റെ പ്രാന്തങ്ങള്‍ വഴിയാവാം കച്ചവടസംഘങ്ങള്‍ പോയിരുന്നത്. ഇപ്പോഴത്തെ ഹുഫൂഫ് ആണ് മുശഖര്‍.
തമീം, അബ്ദുല്‍ ഖൈസ് ഗോത്രങ്ങളാണ് ഇവിടെ നിവസിച്ചിരുന്നത്. ഇബ്‌നു ഹബീബ് റിപ്പോര്‍ട്ട് ചെയ്യുന്നത്,3 മുശഖര്‍ നഗരത്തില്‍ അബുല്‍ ഖൈസ് ഗോത്രത്തിന് ദൂല്ലബാ എന്നൊരു ബിംബവും പ്രതിഷ്ഠയും ഉണ്ടായിരുന്നു എന്നാണ്. പരമ്പരാഗതമായി ഇവിടത്തെ മതചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിച്ചിരുന്നത് ബനൂ ആമിര്‍ ഗോത്രക്കാരനായ പുരോഹിതനായിരുന്നു. ദൂല്ലബാ തീര്‍ഥാടകര്‍ നടത്തിയിരുന്ന ഒരു പ്രാര്‍ഥന ഗ്രന്ഥകാരന്‍ എടുത്തു ചേര്‍ത്തിരിക്കുന്നത് ഇങ്ങനെ: 'ദൈവമേ, ഞങ്ങളിതാ ഇവിടെ നിന്റെ സന്നിധിയില്‍; നിന്റെ ചാരത്ത്. ദൈവമേ, മുളരികളെ ഞങ്ങളില്‍നിന്ന് അകറ്റേണമേ, ഞങ്ങളുടെ യാത്ര സുരക്ഷിതമാക്കേണമേ, ഞങ്ങളെ ഹജര്‍ അധികാരികളില്‍നിന്ന് സംരക്ഷിക്കേണമേ.' ഇതില്‍നിന്ന്, അവര്‍ ഹജറിലെ ഗവര്‍ണര്‍മാരെ (ഇറാനികള്‍?) ഭയന്നിരുന്നു എന്ന് മനസ്സിലാക്കാം.
ഇസ്‌ലാമിന്റെ ആഗമനകാലത്ത് ഈ പ്രദേശത്തെ ഭരണ സംവിധാനം എന്തായിരുന്നു എന്ന് വ്യക്തമല്ല. ഇബ്‌നു ഹബീബ്4 രേഖപ്പെടുത്തുന്നത്, ഇറാനിയന്‍ ചക്രവര്‍ത്തിമാര്‍ ബഹ്‌റൈനിലേക്കുള്ള ഗവര്‍ണര്‍മാരെ തെരഞ്ഞെടുത്തിരുന്നത് അബ്ദുല്ലാഹിബ്‌നു സൈദ് കുടുംബത്തില്‍ (അവരിലൊരാളാണ് മുന്‍ദിറു ബ്‌നു സാവാ) നിന്നായിരുന്നു എന്നാണ്. തമീം ഗോത്രത്തിന്റെ ശാഖയാണിത്. 'ഉസൈബുക്ത്, ബഹ്‌റൈനിലെ മുഖ്യ ഭരണനിര്‍വാഹകന്‍'5 എന്നൊരു പേര്‍ഷ്യക്കാരന് പ്രവാചകന്‍ എഴുതിയ കത്ത് നമ്മുടെ കൈവശമുണ്ട്; 'ബഹ്‌റൈന്‍ അധികാരി അല്‍ഹിലാലി'ന്6 എഴുതിയ മറ്റൊരു കത്തും. സ്ഥാനപ്പേര് വെക്കാതെ ഫുര്‍മാസാന്‍7 എന്നൊരു പേര്‍ഷ്യക്കാരന് പ്രവാചകന്‍ എഴുതിയ കത്തിലെ ഉള്ളടക്കം നാമിവിടെ ചര്‍ച്ചക്കെടുക്കുന്നില്ല. ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. പ്രവാചകന്‍, മുന്‍ദിറു ബ്‌നു സാവാക്ക് എഴുതിയ കത്തില്‍ അ
േദ്ദഹം എന്തെങ്കിലും കാര്യങ്ങള്‍ ചെയ്യണമെന്ന് നിര്‍ദേശിക്കുന്നില്ല. തോന്നുംപടി കാര്യങ്ങള്‍ നീക്കുന്ന പേര്‍ഷ്യന്‍ ചക്രവര്‍ത്തി അപ്പോഴേക്കും മുന്‍ദിറിനെ സ്ഥാനത്തു നിന്ന് ഒഴിവാക്കി പെന്‍ഷന്‍ വാങ്ങുന്നവരുടെ പട്ടികയില്‍ അദ്ദേഹത്തെയും ഉള്‍പ്പെടുത്തിയിട്ടുണ്ടായിരിക്കുമോ?
എന്തായാലും മുന്‍ദിറുമായുള്ള ഇസ്‌ലാമിക രാഷ്ട്രത്തിന്റെ നയതന്ത്രങ്ങള്‍ വളരെ പഴക്കമുള്ളതാണ്. ഇബ്‌നു ഹമ്പല്‍8 പറയുന്നത്, പ്രവാചകന്‍ തന്റെ യൗവനകാലത്ത് ഈ പ്രദേശം സന്ദര്‍ശിച്ചിരുന്നുവെന്നും ആ മേഖലയെക്കുറിച്ച് അദ്ദേഹത്തിന് നന്നായി അറിയാമായിരുന്നു എന്നുമാണ്. ബലാദുരി9യുടെ അഭിപ്രായത്തില്‍, ഹിജ്‌റ വര്‍ഷം ആറില്‍ തന്നെ പ്രവാചകന്‍ മുന്‍ദിറിന് കത്തെഴുതുന്നുണ്ട്. എന്നാല്‍ ആ കത്തിന്റെ ഉള്ളടക്കം അദ്ദേഹം വ്യക്തമാക്കുന്നില്ല. ഹി. ഏഴാം വര്‍ഷം വിവിധ രാജാക്കന്മാര്‍ക്ക് പ്രവാചകന്‍ അയച്ച ആറ് കത്തുകള്‍ക്ക് മുമ്പായിരിക്കുമോ അത്? മുന്‍ദിറിന് പ്രവാചകന്‍ വ്യക്തിപരമായി അയച്ച എട്ടു കത്തുകള്‍ നമുക്ക് ലഭിച്ചിട്ടുണ്ട്. തമീം, അബ്ദുല്‍ ഖൈസ് ഗോത്രങ്ങളിലെ മറ്റു പ്രമുഖര്‍ക്ക് അയച്ച കത്തുകള്‍ വേറെയും. ഉള്ളടക്കം വെച്ചാണ് നമുക്കവ വേര്‍തിരിക്കാനാവുക. കാരണം മറ്റു വിവരങ്ങളൊന്നും ലഭ്യമല്ല. ഒന്നാമത്തെ കത്ത് ഇങ്ങനെ:
'ദൈവപ്രവാചകന്‍ മുഹമ്മദില്‍നിന്ന് അല്‍മുന്‍ദിറു ബ്‌നു സാവാക്ക് -
ആര്‍ സത്യപാതയില്‍ സഞ്ചരിക്കുന്നുവോ അവര്‍ക്ക് സമാധാനമുണ്ടാവട്ടെ. ഞാന്‍ താങ്കളെ ഇസ്‌ലാമിലേക്ക് ക്ഷണിക്കുകയാണ്. താങ്കള്‍ ദൈവത്തിന് വിധേയപ്പെടുന്ന പക്ഷം താങ്കള്‍ക്ക് മുക്തി ലഭിക്കും. താങ്കളുടെ കൈയിലുള്ളത് ദൈവം താങ്കള്‍ക്ക് വിധേയപ്പെടുത്തിത്തരും. അറിഞ്ഞിരിക്കുക, ഈ ദീന്‍ (മതം, അധികാരം) ഒട്ടകക്കുളമ്പുകളും കുതിരക്കാലടികളും ചെന്നെത്തുന്നേടത്തെല്ലാം എത്തിച്ചേരുന്ന കാലം വരാനിരിക്കുന്നു.'
(സീല്‍ - മുഹമ്മദ് റസൂലുല്ലാഹ്)
ഈ കത്തുമായി മുന്‍ദിറിനെ കാണാന്‍ പോയത് മക്കയില്‍11 സ്ഥിരതാമസമാക്കിയ അല്‍ അലാഉ ബ്‌നു ഹദ്‌റമി. മുന്‍ദിര്‍ ഇസ്‌ലാം സ്വീകരിക്കുന്ന പക്ഷം ബഹ്‌റൈനില്‍ കുറച്ചുകാലം തങ്ങാനും ഹദ്‌റമിയോട് നിര്‍ദേശിച്ചിട്ടുണ്ടായിരുന്നു; അവിടത്തെ മുസ്‌ലിംകളുടെ ഭരണത്തിന്റെ കാര്യങ്ങള്‍ നോക്കാനും ധനികരില്‍നിന്ന് പിരിക്കുന്ന നികുതികള്‍ പാവപ്പെട്ടവരെ സഹായിക്കാനായി ഉപയോഗിക്കാനും.12 ലക്ഷ്യസ്ഥാനത്ത് എത്തിയപ്പോള്‍ ഈ അംബാസഡര്‍ ഇങ്ങനെ പറഞ്ഞു: 'അല്ലയോ മുന്‍ദിര്‍, ലോകകാര്യങ്ങളെക്കുറിച്ച് നല്ല വിവരമുള്ള ആളാണല്ലോ താങ്കള്‍. പരലോകത്തെക്കുറിച്ചും താങ്കള്‍ക്ക് നല്ല ധാരണ കാണും. ഈ മാഗിയനിസം എന്നു പറയുന്നത് ഏറ്റവും മോശപ്പെട്ട മതമാണ്. അതിന്റെ ആളുകള്‍ മാന്യത പുലര്‍ത്തുന്നില്ല. വേദക്കാരെ (ജൂതന്മാര്‍, ക്രിസ്ത്യാനികള്‍)ക്കുറിച്ച് അവര്‍ക്ക് വിവരവുമില്ല. വളരെ അടുത്ത ബന്ധുക്കള്‍ തമ്മിലുള്ള വിവാഹത്തിന് -എന്തൊരു നാണക്കേടാണിത്- അത് അനുവാദം നല്‍കുന്നു. പുനരുത്ഥാന നാളില്‍ അവരെ കരിക്കാനിരിക്കുന്ന തീയെ ആണ് അവര്‍ ആരാധിക്കുന്നത്. ധിഷണയും പക്വതയും വിവേകവും വേണ്ടുവോളമുണ്ട് താങ്കള്‍ക്ക്. താങ്കള്‍ തന്നെ പറയൂ, ജീവിതത്തില്‍ ഒരിക്കലും കളവ് പറഞ്ഞിട്ടില്ലാത്ത ഒരാളെ നമുക്കെങ്ങനെയാണ് നിഷേധിക്കാനാവുക? ഒരിക്കലും ചതിക്കാത്തയാളെ നമുക്ക് അവിശ്വസിക്കാനാവുമോ? തോറ്റിട്ടില്ലാത്ത ഒരാളെ നാം വിശ്വസിക്കാതിരിക്കുന്നതെങ്ങനെ? ഞാന്‍ പറയുന്നത് വാസ്തവമാണെങ്കില്‍, അദ്ദേഹം ഉമ്മിയായ (ഇസ്രായേല്‍ക്കാരനല്ലാത്ത) പ്രവാചകനല്ലാതെ മറ്റാരുമല്ല. അദ്ദേഹം ചെയ്യണമെന്ന് പറയുന്ന കാര്യങ്ങള്‍ ഒരാളും ചെയ്യരുതെന്ന് പറയില്ല; ചെയ്യരുതെന്ന് പറയുന്ന കാര്യങ്ങള്‍ നിയമമാക്കണമെന്നും ആരും പറയില്ല. അദ്ദേഹം ശിക്ഷ വിധിക്കുമ്പോള്‍ ദാക്ഷിണ്യമാകാമായിരുന്നു എന്നോ, മാപ്പുകൊടുക്കുമ്പോള്‍ കര്‍ശനമാക്കാമായിരുന്നു എന്നോ വിവേകികളായ ഒരാളും പറയില്ല.'
മുന്‍ദിറിന്റെ മറുപടി ഇങ്ങനെ: 'നിങ്ങളുടെ മതത്തില്‍ എന്നെ ഏറ്റവുമധികം ആകര്‍ഷിച്ചത്, അത് ഈ ലോകത്തേക്കോ പരലോകത്തേക്കോ മാത്രമായി പരിമിതപ്പെട്ടുനില്‍ക്കുന്നില്ല എന്നതാണ്. ഇരുലോകങ്ങളിലെയും ക്ഷേമത്തെ അത് ഒന്നിപ്പിക്കുകയാണ്. ഞാനെന്തിന് ആ മതം ആശ്ലേഷിക്കാതിരിക്കണം?'13
മുന്‍ദിര്‍ പ്രവാചകന് എന്താണ് മറുപടി നല്‍കിയതെന്ന് എവിടെയും രേഖപ്പെടുത്തിയിട്ടില്ല. അതേതായാലും വെറുപ്പും വിദ്വേഷവും നിറഞ്ഞതായിരിക്കാന്‍ ഇടയില്ല. തനിക്കും തന്റെ നാട്ടിലുള്ള 'മുസ്‌ലിം താമസക്കാരനും' ഇടയിലുള്ള അധികാര പങ്കാളിത്തം എങ്ങനെ എന്ന് മുന്‍ദിര്‍ നബിയോട് അന്വേഷിച്ചിട്ടുണ്ടാവാം. അതിന്റെ മറുപടിയായിരിക്കാം താഴെ ചേര്‍ക്കുന്ന ഈ കത്ത്:
കാരുണ്യവാനും കരുണാനിധിയുമായ ദൈവനാമത്തില്‍-
ദൈവപ്രവാചകന്‍ മുഹമ്മദില്‍നിന്ന് അല്‍മുന്‍ദിറു ബ്‌നു സാവാക്ക് -
താങ്കള്‍ക്ക് സമാധാനമുണ്ടാവട്ടെ. ദൈവകീര്‍ത്തനങ്ങളാല്‍ ഞാന്‍ താങ്കളെ അഭിസംബോധന ചെയ്യട്ടെ. ദൈവം ഏകനാണ്; ഞാന്‍ അവന്റെ ദൂതനും. ആ സര്‍വശക്തനെക്കുറിച്ച് ഞാന്‍ താങ്കളെ ഓര്‍മിപ്പിക്കുകയും ചെയ്യുന്നു. ഒരാള്‍ നല്ല ഉപദേശം സ്വീകരിക്കുന്നുണ്ടെങ്കില്‍ അത് അയാളുടെ തന്നെ നന്മക്ക് വേണ്ടിയാണ്. എന്റെ സന്ദേശവാഹകരെ ആര്‍ അനുസരിക്കുന്നുവോ അവര്‍ എന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കുകയാണ് ചെയ്യുന്നത്. അവരോട് നന്നായി പെരുമാറുന്നവര്‍ എന്നോടും നന്നായി പെരുമാറുകയാണ്. എന്റെ സന്ദേശ വാഹകര്‍ താങ്കളെ പ്രശംസിച്ചിരിക്കുന്നു. ജനങ്ങളുടെ കാര്യത്തില്‍ താങ്കള്‍ നടത്തിയ ഇടപെടലുകളെ ഞാന്‍ അംഗീകരിക്കുന്നു. ഇസ്‌ലാം സ്വീകരിച്ച സമയത്ത് എന്താണോ മുസ്‌ലിംകളുടെ കൈയിലുണ്ടായിരുന്നത് അത് അവരെത്തന്നെ ഏല്‍പ്പിക്കുക. തെറ്റ് ചെയ്തവരുണ്ടെങ്കില്‍ ഞാനവര്‍ക്ക് മാപ്പ് കൊടുക്കാം. അതിനാല്‍ താങ്കള്‍ സ്വീകരിക്കുക (അവരുടെ ഖേദപ്രകടനങ്ങളെ?). താങ്കള്‍ നന്നായി നമ്മോട് പെരുമാറുന്നതുകൊണ്ട് താങ്കളുടെ പ്രവൃത്തികളുമായി മുന്നോട്ടു പോകുന്നതില്‍നിന്ന് തടസ്സപ്പെടുത്തുകയില്ല. ജൂതായിസത്തിലോ മാഗിയനിസത്തിലോ ഉറച്ചു നില്‍ക്കുന്നവര്‍ക്ക് ജിസ്‌യ നല്‍കാം.
(സീല്‍ : മുഹമ്മദ് റസൂലുല്ലാഹ്14)
ഈ കത്തിന്റെ ഒറിജിനല്‍ കണ്ടെത്തിയിട്ടുണ്ട്. ഈ കത്തിലെ അഭിവാദ്യ രീതികളും മറ്റും പരിശോധിച്ചാല്‍, മുന്‍ദിര്‍ നേരത്തേ തന്നെ ഇസ്‌ലാം സ്വീകരിച്ചിരുന്നു എന്നതിന്റെ സൂചനകള്‍ ലഭിക്കും. അമുസ്‌ലിം ഭരണാധികാരികളെ അഭിസംബോധന ചെയ്യുമ്പോള്‍ 'സത്യപാത സ്വീകരിക്കുന്നവര്‍ക്ക് സമാധാനം' എന്നാണ് എഴുതാറുള്ളത്. 'എന്റെ സന്ദേശ വാഹകരെ ആര്‍ അനുസരിക്കുന്നുവോ', 'താങ്കളുടെ പ്രവൃത്തികള്‍ നാം തടസ്സപ്പെടുത്തുകയില്ല' പോലുള്ള പ്രയോഗങ്ങള്‍ ബഹ്‌റൈന്‍ പ്രവിശ്യയില്‍ ചില അധികാര വിഭജനങ്ങള്‍ നടന്നിരുന്നു എന്നതിലേക്കുള്ള സൂചനയാകാം. അതായത് മുസ്‌ലിം താമസക്കാരന്നും (ങൗഹെശാ ഞലശെറലി)േ ബഹ്‌റൈനിലെ പ്രാദേശിക നേതാവിനുമിടയില്‍ അധികാരം പങ്കു വെക്കല്‍. ഇസ്‌ലാമിലേക്ക് വന്ന പുതുവിശ്വാസികളുടെ കാര്യം ശ്രദ്ധിക്കുക, ഇസ്‌ലാം മതവിശ്വാസികളില്‍നിന്ന് നികുതികള്‍ ശേഖരിക്കുക, ഇസ്‌ലാം പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക തുടങ്ങിയ ചുമതലകളെല്ലാം ഈ 'മുസ്‌ലിം റസിഡന്റി'നാണ്. മുസ്‌ലിംകളല്ലാത്ത പ്രജകളുടെ കാര്യങ്ങള്‍ മുന്‍ദിറും ശ്രദ്ധിക്കും. അബൂയഅ്‌ലയുടെ ഒരു വിവരണത്തില്‍ (ഇബ്‌നു ഹജര്‍ മത്വാലിബില്‍ ഉദ്ധരിച്ചത്, ചീ: 3867) ഇങ്ങനെ വന്നിട്ടുണ്ട്: 'ബഹ്‌റൈന്‍ (ഇന്നത്തെ അഹ്‌സാഅ്) നേതാവ് പ്രവാചകന് ആഭരണങ്ങളടങ്ങിയ ഒരു സമ്മാനപ്പൊതി കൊടുത്തയച്ചു (കണ്ഠാഭരണങ്ങള്‍ക്കുള്ള മുത്തുകളോ ചിപ്പികളോ ആകാം അതില്‍). അതില്‍നിന്ന് കുറച്ചെടുത്ത് പ്രവാചകന്‍ മുആവിദിന്റെ മകള്‍ റുബായിഇന്ന് സമ്മാനിച്ചു. അവളുടെ രണ്ടു കൈയും നിറയെ ഉണ്ടായിരുന്നു ആ ആഭരണങ്ങള്‍. ഈ യുവതി ഇസ്‌ലാമിക പടയോട്ടങ്ങളില്‍ ശുശ്രൂഷകയായി വലിയ സേവനങ്ങള്‍ നല്‍കിയതിനുളള അംഗീകാരമാവാം ഇത്' (ബുഖാരി 56/67, ഇബ്‌നു ഹജര്‍ - ഇസ്വാബ, സ്ത്രീകള്‍ ചീ: 415). ബഹ്‌റൈനില്‍ അധികാര വിഭജനമുണ്ടായിരുന്നു എന്നതിന് മറ്റൊരു രേഖയും15 തെളിവാണ്. ഹി. 9 എന്ന് തീയതി കുറിക്കപ്പെട്ട ആ രേഖ തയാറാക്കിയത് തബൂക്ക് പടയോട്ടക്കാലത്താണ്. അതിലിങ്ങനെ കാണാം:
'അലാഉ ബ്‌നുല്‍ ഹദ്‌റമിക്ക് ഞാന്‍ മുന്‍ദിര്‍ ബ്‌നു സ്വവാഇന്റെ അടുത്തേക്ക് ആളെ അയച്ചിട്ടുണ്ട്, ശേഖരിച്ച ജിസ്‌യകള്‍ കൈപ്പറ്റാന്‍. ഇക്കാര്യം അദ്ദേഹത്തെ തെര്യപ്പെടുത്തുക. അതേസമയം തന്നെ താങ്കള്‍ ശേഖരിച്ച സ്വദഖകള്‍ (കന്നുകാലികളിലും സമ്പാദ്യങ്ങളിലുമുള്ള സകാത്തുകള്‍?), പത്തിലൊന്ന് വിഹിതം (കാര്‍ഷിക വിളകള്‍ക്ക്?) എന്നിവയും എത്തിക്കുക.'
അഭിവാദ്യങ്ങളോടെ, ഉബയ്യ്.
നമ്മുടെ സ്രോതസ്സുകളില്‍ കാണുന്ന, മദീനയിലേക്ക് എണ്‍പതിനായിരം ദിര്‍ഹം അയച്ച സംഭവം നടന്നത് ഈ കാലയളവിലായിരിക്കണം.
ഈ മേഖലയില്‍ ഇസ്‌ലാമിന്റെ പ്രചാരണവും പ്രബോധനവുമായിരിക്കണം 'മുസ്‌ലിം റസിഡന്റി'ന്റെ പ്രധാന ചുമതല. ഇറാനിയന്‍ സ്വാധീനം ഇവിടെ അറബികള്‍ക്കിടയില്‍ മാഗിയനിസത്തിന് പ്രചാരം നേടിക്കൊടുത്തിട്ടുണ്ടായിരുന്നു. പിന്നെയുള്ളത് ജൂതന്മാരും ബിംബാരാധകരുമാണ്. പക്ഷേ, ഒരു രേഖയിലും മേഖലയില്‍ ക്രിസ്ത്യാനികള്‍ ഉണ്ടായിരുന്നതായി പരാമര്‍ശിക്കുന്നില്ല. ബിംബാരാധകരില്‍ കുതിരകളെ ആരാധിക്കുന്നവരും ഉണ്ടായിരുന്നു. അസ്ബദ് എന്നാണ് അവരെ വിളിച്ചിരുന്നത് (ആസ്പ് എന്നാല്‍ പേര്‍ഷ്യന്‍ ഭാഷയില്‍ കുതിര എന്നാണ് അര്‍ഥം. ഈ സമൂഹം പേര്‍ഷ്യക്കാര്‍ തന്നെയായിരുന്നോ?). ഇവരെ സംബന്ധിച്ച് ഒരു പ്രധാന പ്രഖ്യാപനം നമുക്ക് ലഭിച്ചിട്ടുണ്ട്. മില്ലുകള്‍, നികുതികള്‍, ഇസ്‌ലാം സ്വീകരിച്ച ശേഷം ഒരു സമൂഹത്തിന്റെ സ്വത്ത് സംബന്ധമായ കാര്യങ്ങള്‍ എന്നിവയൊക്കെ അതില്‍ പരാമര്‍ശിക്കുന്നു. ഇതാണ് ആ രേഖ:
'ദൈവപ്രവാചകന്‍ മുഹമ്മദില്‍നിന്ന് ദൈവദാസന്മാരായ അസ്ബദുകള്‍ക്ക്, ഉമാനിലെ രാജകുമാരന്മാര്‍ക്ക്, ഉമാനിലെ അസ്ബദുകള്‍ക്ക്, ബഹ്‌റൈനില്‍ ഇവരില്‍ പെട്ടവരായ ആളുകള്‍ക്ക്.
അവര്‍ വിശ്വസിക്കുകയും നമസ്‌കാരം നിലനിര്‍ത്തുകയും സകാത്ത് നല്‍കുകയും ദൈവപ്രവാചകനെ അനുസരിക്കുകയും പ്രവാചകന് നല്‍കാനുള്ളത് നല്‍കുകയും മുസ്‌ലിംകളുടെ പാത പിന്തുടരുകയും ചെയ്യുന്നവരാണെങ്കില്‍ അവര്‍ക്കു പൂര്‍ണ സുരക്ഷ ഉറപ്പു നല്‍കുന്നു. തങ്ങള്‍ ഇസ്‌ലാം സ്വീകരിച്ചപ്പോള്‍ അവര്‍ക്ക് എന്തൊക്കെ ഉണ്ടായിരുന്നോ അതെല്ലാം അവര്‍ക്ക് തന്നെ ഉള്ളതാണ്. അഗ്‌നി ദേവാലയത്തിലെ സമ്പത്ത് ഒഴിച്ച്. അത് അല്ലാഹുവിനും അവന്റെ ദൂതനും അവകാശപ്പെട്ടതാണ്. കാരക്കയുടെ പത്തിലൊന്നും ധാന്യങ്ങളുടെ ഇരുപതിലൊന്നും സകാത്ത് /സ്വദഖയായി നല്‍കണം. മുസ്‌ലിംകളെ സഹായിക്കേണ്ട ബാധ്യതയും അവര്‍ക്കുണ്ട്. മുസ്‌ലിംകള്‍ക്ക് തിരിച്ചും അവരോട് കടപ്പാടുകളുണ്ട്. അവരുടെ മില്ലുകള്‍ അവരുടേത് തന്നെയായിരിക്കും. തങ്ങള്‍ ഉദ്ദേശിക്കുന്നവിധം അവര്‍ക്ക് അവ ഉപയോഗിച്ച് ധാന്യങ്ങള്‍ പൊടിക്കാം.'17
അഗ്നിയാരാധകര്‍ ഇസ്‌ലാം സ്വീകരിച്ചുകഴിഞ്ഞ സ്ഥിതിക്ക് പഴയ അഗ്നി ദേവാലയത്തിന് പിന്നെ പ്രസക്തിയില്ല. അത് മറ്റു ആവശ്യങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കപ്പെടും. അതില്‍ കാണിക്കയായും മറ്റും നിക്ഷേപിക്കപ്പെട്ട സ്വത്ത് പൊതുഖജനാവിന് കൈമാറും. അറേബ്യന്‍ ധാന്യപ്പുരയും മില്ലുകളും എന്ന വിഷയം വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണെങ്കിലും അതു സംബന്ധമായ കൂടുതല്‍ വിവരണങ്ങളൊന്നും ലഭ്യമല്ല.
മുസ്‌ലിം ഭരണത്തിനെതിരെ ഇവിടെ കലാപശ്രമമൊന്നും ഉണ്ടായിരുന്നില്ലെന്ന് ചരിത്ര കൃതികള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ടെങ്കിലും, താഴെ ചേര്‍ക്കുന്ന പൊതുവിളംബരം വരികള്‍ക്കിടയില്‍ വായിച്ചാല്‍ അങ്ങനെയല്ല തോന്നുക. ആ വിളംബരം ഇങ്ങനെ:
'ദൈവപ്രവാചകന്‍ മുഹമ്മദില്‍നിന്ന് ഹജര്‍ നിവാസികള്‍ക്ക് -
നിങ്ങള്‍ക്ക് സമാധാനമുണ്ടാവട്ടെ. ദൈവത്തിന് സ്തുതികള്‍ അര്‍പ്പിക്കുന്നു. അവനല്ലാതെ മറ്റൊരു ദൈവവും ഇല്ല. ദൈവത്തിന്റെയും നിങ്ങളുടെ ആത്മാവിന്റെയും പേരില്‍ ഞാന്‍ പറയുന്നു, വഴി കാണിക്കപ്പെട്ട ശേഷം വഴി തെറ്റരുത്. സന്മാര്‍ഗത്തിലായ ശേഷം ദുര്‍മാര്‍ഗത്തിലേക്ക് തിരിയരുത്. നിങ്ങളുടെ പ്രതിനിധി സംഘം എന്റെ അടുത്ത് വന്നിരുന്നു. അവരെ അതൃപ്തിപ്പെടുത്തുന്ന ഒന്നും എന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ഞാന്‍ എന്റെ അധികാരം പ്രയോഗിച്ചിരുന്നെങ്കില്‍ നിങ്ങള്‍ ഹജറില്‍നിന്ന് പുറത്താക്കപ്പെടുമായിരുന്നു. അവിടെ ഇല്ലാതിരുന്നവരുടെ കാര്യത്തില്‍ എനിക്ക് പരിഭവമൊന്നുമില്ല; ഉള്ളവരുടെ കാര്യത്തില്‍ ഉദാരപൂര്‍വം പെരുമാറുകയുമാണ്. അതിനാല്‍ ദൈവാനുഗ്രഹത്തിന് നിങ്ങള്‍ നന്ദി രേഖപ്പെടുത്തുക. നിങ്ങള്‍ ചെയ്തതിനെക്കുറിച്ച് എനിക്ക് വിവരം ലഭിച്ചിട്ടുണ്ട്. പക്ഷേ, കുറ്റവാളികളുടെ അബദ്ധങ്ങളുടെ പേരില്‍ നിങ്ങളില്‍ നല്ല നിലയില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് പ്രയാസമുണ്ടാകാന്‍ പാടില്ല. അതിനാല്‍ എന്റെ ഗവര്‍ണര്‍മാര്‍ നിങ്ങളെ സമീപിക്കുമ്പോള്‍ അവരെ അനുസരിക്കുകയും ദൈവമാര്‍ഗത്തില്‍ സഹായങ്ങള്‍ നല്‍കുകയും ചെയ്യുക. നിങ്ങളില്‍ സദ്പ്രവൃത്തികള്‍ ചെയ്യുന്നവര്‍ ദൈവത്തിന്റെ മുന്നിലും എന്റെ മുമ്പിലും നഷ്ടകാരികള്‍ ആവുകയില്ല.'18
ഒരുപക്ഷേ, ഈയാളുകള്‍ നികുതി കൊടുക്കില്ലെന്ന് പറഞ്ഞിട്ടുണ്ടാകാം; അല്ലെങ്കില്‍ മദീനയില്‍നിന്ന് നേതാവായി അയക്കുന്നയാളെ അംഗീകരിക്കില്ലെന്ന് പറഞ്ഞിട്ടുണ്ടാവാം. ഇതിനേക്കാളൊക്കെ കൂടുതല്‍ സാധ്യത മുന്‍ദിറിനെ വെല്ലുവിളിച്ചുകൊണ്ട് മറ്റൊരു പ്രമുഖന്‍ രംഗത്തു വന്നിട്ടുണ്ടാവാം എന്നതിനാണ്. ഇബ്‌നു സഅ്ദിന്റെ ഭാഷ്യമനുസരിച്ച് ഈ കത്തില്‍ ഈ വാക്യങ്ങള്‍ കൂടിയുണ്ട്:
'അല്‍മുന്‍ദിറു ബ്‌നു സാവാക്ക്: എന്റെ സന്ദേശവാഹകര്‍ താങ്കളെ പ്രശംസിച്ചിരിക്കുന്നു. നിങ്ങള്‍ മാന്യമായി പെരുമാറുന്ന പക്ഷം ഞാനും അതുപോലെ പെരുമാറുകയും താങ്കള്‍ക്ക് പാരിതോഷികങ്ങള്‍ നല്‍കുകയും ചെയ്യും. ദൈവത്തോട്, അവന്റെ ദൂതനോട് ആത്മാര്‍ഥതയുള്ളവനാവുക. സമാധാനമുണ്ടാവട്ടെ.'19
ഇതിനുള്ള മറുപടി എന്ന് തോന്നുമാറ് മുന്‍ദിറിന്റെ ഒരു കത്തും നമ്മുടെ കൈവശമുണ്ട്. അതിങ്ങനെയാണ്:
'ദൈവദൂതരേ, താങ്കള്‍ ബഹ്‌റൈന്‍ നിവാസികള്‍ക്കയച്ച കുറിപ്പ് ഞാന്‍ കണ്ടു. അവരില്‍ ഇസ്‌ലാമിനെ ഇഷ്ടപ്പെടുന്നവരുണ്ട്; അവര്‍ അതിന്റെ അനുയായികളുമാണ്. ചിലര്‍ക്ക് ഇസ്‌ലാമിനോട് പ്രതിപത്തിയില്ല. പിന്നെ ജൂതന്മാരും മാഗിയന്മാരും എന്റെ ഭരണ മേഖലയിലുണ്ട്; അവരോടുള്ള നിലപാട് എന്താണെന്ന് എന്നെ അറിയിച്ചാലും.'20
ഇതിന് പ്രവാചകന്‍ അയച്ച മറുപടിയും മുന്‍ദിറിനുള്ള പ്രവാചകന്റെ വേറെയും എഴുത്തുകളും ചരിത്രം നമുക്കായി സൂക്ഷിച്ചുവെച്ചിട്ടുണ്ട്. ആ എഴുത്തുകുത്തുകളെല്ലാം ഇവിടെ ഉദ്ധരിക്കേണ്ട കാര്യമില്ല. ഇസ്‌ലാമിന്റെ അടിസ്ഥാനങ്ങള്‍, ജൂതന്മാരോടും മാഗിയന്മാരോടും സ്വീകരിക്കേണ്ട നിലപാടുകള്‍ തുടങ്ങിയവയെല്ലാം ആ കത്തുകളില്‍ വിശദീകരിക്കുന്നുണ്ട്; അതുപോലെ അവര്‍ നല്‍കേണ്ട തലവരി നികുതി (Capitation Tax) യെക്കുറിച്ച വിശദാംശങ്ങളും. ഇത് സൈനിക സേവനം ചെയ്യാത്തവര്‍ക്ക് പേര്‍ഷ്യക്കാര്‍ ഏര്‍പ്പെടുത്തിയിരുന്ന ഒരു നികുതിയാണ്. ഇസ്‌ലാമില്‍ മുസ്‌ലിംകളും മുസ്‌ലിംകളല്ലാത്തവരും നല്‍കുന്ന നികുതികള്‍ തമ്മില്‍ സാങ്കേതിക വ്യത്യാസം മാത്രമാണുള്ളത്. മുസ്‌ലിംകള്‍ അവരുടെ സമ്പത്തിന് സകാത്ത് നല്‍കുന്നു. അമുസ്‌ലിംകള്‍ ഈ ബാധ്യതയില്‍നിന്ന് പൂര്‍ണമായി ഒഴിവാണ്. മുസ്‌ലിംകള്‍ തങ്ങളുടെ ധാന്യവിളകളുടെ പത്തിലൊന്ന് സകാത്തായി നല്‍കണം. എന്നാല്‍ അമുസ്‌ലിംകള്‍ക്ക് ഖറാജ് എന്ന പേരില്‍ നിശ്ചിത സംഖ്യമാത്രം അടച്ചാല്‍ മതിയാകും. രണ്ടും രണ്ട് തരത്തിലുള്ള നികുതി സമ്പ്രദായമാണ്. ഇതില്‍ ഏതാണ് ഭാരിച്ചത് എന്നൊന്നും കൃത്യമായി പറയാനൊക്കില്ല. അമുസ്‌ലിം പ്രജകള്‍ക്ക് സൈനിക സേവനത്തില്‍നിന്ന് വിടുതല്‍ നല്‍കിയിരുന്നു എന്ന കാര്യവും ഓര്‍ക്കണം. സൈനിക സേവനത്തിന് തയാറായാല്‍ അവര്‍ക്ക് തലവരി നികുതി കൊടുക്കേണ്ടതുമില്ല. മുന്‍ദിറിന് പ്രവാചകന്‍ നല്‍കിയ നിര്‍ദേശങ്ങളിലൊന്ന്, സ്വന്തമായി ഭൂമി ഇല്ലാതിരിക്കുകയും കച്ചവടം, വ്യവസായം തുടങ്ങിയ മാര്‍ഗങ്ങളിലൂടെ ഉപജീവനം കണ്ടെത്തുകയും ചെയ്യുന്നവര്‍ ഓരോ വര്‍ഷവും നാല് ദിര്‍ഹമും ഒരു വസ്ത്രവും (അബായഃ) നല്‍കണം എന്നായിരുന്നു.21
മാഗിയന്മാരെ പരാമര്‍ശിച്ചുകൊണ്ട് പ്രവാചകന്‍, മുന്‍ദിറിന് അയച്ച ഒരു കത്തും ഇവിടെ ഉദ്ധരിക്കുകയാണ്:
'അവര്‍ ഇസ്‌ലാമിന് കീഴൊതുങ്ങുന്ന പക്ഷം നമുക്കുള്ള എല്ലാ അവകാശങ്ങളും അവര്‍ക്കുമുണ്ടാവും; നമുക്കുള്ള ബാധ്യതകളും അവര്‍ക്കുണ്ടാവും. വിസമ്മതിക്കുന്നവരോട് തലവരി നികുതി വാങ്ങുക. അവര്‍ അറുത്തത് ഭക്ഷിക്കാതിരിക്കുക, അവരുടെ സ്ത്രീകളെ വിവാഹം ചെയ്യാതിരിക്കുക.'22
ജൂതന്മാരും ക്രിസ്ത്യാനികളും അറുത്തത് ഭക്ഷിക്കാമെന്ന് ഖുര്‍ആന്‍ അനുവാദം നല്‍കുന്നുണ്ട്.23 അറുത്തത് സൊരാഷ്ട്രിയന്മാരാണെങ്കില്‍ ആ ഭക്ഷണം പാടില്ലെന്നാണ് ഇവിടെ പറയുന്നത്. വളരെ വൃത്തിഹീനമായ വിധത്തില്‍ അവര്‍ അറുക്കുന്നതു കൊണ്ടുമാവാം ഇത്. സൊരാഷ്ട്രിയന്‍ സ്ത്രീകളെ വിവാഹം ചെയ്യുന്നതും വിലക്കിയിരിക്കുന്നു. എന്നാല്‍ വേദക്കാരായ സ്ത്രീകളെ (ജൂത, ക്രൈസ്തവര്‍ എന്നാണ് ഇത് പൊതുവെ വ്യാഖ്യാനിക്കപ്പെടാറുള്ളത്) വേള്‍ക്കാന്‍ ഖുര്‍ആന്‍ അനുവാദം നല്‍കുന്നുമുണ്ട്. ബഹുദൈവാരാധകരായ സ്ത്രീകളെ വിവാഹം കഴിക്കരുതെന്ന് കര്‍ശനമായി വിലക്കുകയും ചെയ്യുന്നു. നമ്മുടെ അഭിപ്രായത്തില്‍, ഈ വിലക്കിന് മറ്റൊരു കാരണം കൂടിയുണ്ടാവാം. പൈതൃക വിശുദ്ധി(Purity of Blood) ക്ക് വലിയ പ്രാധാന്യം കൊടുക്കുന്ന മതമാണ് ഇസ്‌ലാം. ഖുവേദ് വഗ്ഡാസ് (Khuvedhvagdas) എന്ന മാഗിയന്‍ ആചാരപ്രകാരം ഒരാള്‍ക്ക് അയാളുടെ ഏത് അടുത്ത ബന്ധുവിനെയും, മകളെയും സഹോദരിയെയും വരെ വിവാഹം ചെയ്യാം. പൈതൃക വിശുദ്ധി അപ്പാടെ തകരാറിലാക്കുന്ന സമ്പ്രദായമാണല്ലോ ഇത്.
(തുടരും)
കുറിപ്പുകള്‍
1. റോഥ്‌സ്റ്റെയ്ന്‍ പേ, 131
2. മുഹബ്ബര്‍, പേ: 265
3. അതേ പുസ്തകം പേ: 317, 314
4. അതേ പുസ്തകം പേ: 265
5. വസാഇഖ്, No: 65
6. അതേ പുസ്തകം No: 67
7. അതേ പുസ്തകം No: 54
8. ഇബ്‌നു ഹമ്പല്‍ - മുസ്‌നദ് IV, 2067
9. ബലാദുരി - ഫുതൂഹ് പേ: 79, കാമിലു ബ്‌നു അസീര്‍ II, 175
10. വസാഇഖ് No: 56
11. മുഹബ്ബര്‍ പേ: 77
12. വസാഇഖ് - 56
13. സുഹൈലി II, 356
14. വസാഇഖ് No: 57
15. അതേ പുസ്തകം No: 64
16. യാഖൂത്തി - ബുല്‍ദാന്‍ (ബഹ്‌റൈന്‍), ബലാദുരി - ഫുതൂഹ് പേ: 81
17. വസാഇഖ് No: 66
18. ibid No: 60
19. ibid No: 60
20. ibid No: 58
21. ibid No: 62
22. ibid No: 61
23. ഖുര്‍ആന്‍ 5: 5
24. ഖുര്‍ആന്‍ 2: 21
Comments