Prabodhanm Weekly

Pages

Search

2018 ഫെബ്രുവരി 16

3039

1439 ജമാദുല്‍ അവ്വല്‍ 29

ബഹുസ്വര സമൂഹത്തില്‍ ഇസ്‌ലാമിനെ പ്രതിനിധാനം ചെയ്യേണ്ടത്

സയ്യിദ് സആദത്തുല്ല ഹുസൈനി

ഇന്ത്യയില്‍ ഇസ്‌ലാമിനെ എങ്ങനെയാണ് പ്രതിനിധാനം ചെയ്യേണ്ടത് എന്ന് ചിന്തിക്കുമ്പോള്‍ ഇസ്‌ലാമിക പ്രബോധനത്തിന്റെ പ്രകൃതവും സ്വഭാവവും ആദ്യമായി മനസ്സിലാക്കിയിരിക്കണം. നിര്‍ഭാഗ്യവശാല്‍, ചരിത്രപരമായ കാരണങ്ങളാലും മറ്റു ചില സ്വാധീനങ്ങളാലും, പ്രസംഗവും ഉദ്‌ബോധനവും (Preaching) നടത്തിയാല്‍തന്നെ ഇസ്‌ലാമിക പ്രബോധനമായി എന്ന് ചിന്തിക്കുന്നവരാണ് മുസ്‌ലിം സമൂഹത്തിലെ അധികപേരും. യഥാര്‍ഥത്തില്‍, സര്‍വതലസ്പര്‍ശിയായ ഒരു പ്രവര്‍ത്തനശൈലിയാണ് പ്രബോധനം (ദഅ്‌വത്ത്) എന്നത്. ജീവിതത്തെ മുഴുവന്‍ ചൂഴ്ന്നുനില്‍ക്കുന്ന ഒന്ന്. ഇസ്‌ലാമിക പ്രസ്ഥാനം അതിന്റെ രൂപവത്കരണ നാള്‍ തൊട്ട് പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യമാണിത്. അഥവാ, വാക്കാലും കര്‍മത്താലുമുള്ള ജീവിത സാക്ഷ്യമാണ് ഇസ്‌ലാമിക പ്രബോധനം. സംഭാഷണം, പ്രസംഗം, എഴുത്ത്, വൈജ്ഞാനിക പഠനങ്ങള്‍ ഇവയെല്ലാം വാക്കാലുള്ള പ്രബോധനത്തിന്റെ രൂപങ്ങളാണ്. ആശയക്കൈമാറ്റത്തിന് എഴുത്തും സംസാരവും കൂടാതെ കഴിയില്ലല്ലോ. അതേസമയം ഈ പ്രബോധകന്റെ വ്യക്തിപരവും സാമൂഹികവുമായ ജീവിതം താന്‍ പ്രബോധനം ചെയ്യുന്ന ആശയങ്ങളുടെ ജീവിക്കുന്ന മാതൃകയായിത്തീരേണ്ടതുണ്ട്. ഇതിനെയാണ് ഇസ്‌ലാമിക പ്രസ്ഥാന നായകന്‍ സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി കര്‍മസാക്ഷ്യം (അമലി ശഹാദത്ത്) എന്ന് വിശേഷിപ്പിച്ചത്. നിങ്ങള്‍ ജനങ്ങള്‍ക്ക് സാക്ഷികളാവാന്‍ വേണ്ടി, പ്രവാചകന്‍ നിങ്ങള്‍ക്ക് സാക്ഷിയാകാന്‍ വേണ്ടി, നിങ്ങള്‍ നീതിക്കു വേണ്ടി നിലകൊള്ളുന്നവരാവുക-അല്ലാഹുവിന് സാക്ഷികളായിക്കൊണ്ട്... തുടങ്ങിയ ഖുര്‍ആനിക പരാമര്‍ശങ്ങളിലൂടെ രൂപപ്പെട്ടുവരുന്ന ആശയമാണിത്. നീതിക്കു വേണ്ടി നിലകൊള്ളുന്നതും ദൈവിക സന്ദേശത്തിന്റെ ജീവിതസാക്ഷ്യ നിര്‍വഹണവും തമ്മില്‍ ആഴത്തിലുള്ള ബന്ധമുണ്ടെന്ന് അര്‍ഥം.

പ്രമുഖ ചിന്തകനും പ്രബോധകനുമായിരുന്ന ഇസ്മാഈല്‍ റാജി ഫാറൂഖി ഇതിനെ വിളിക്കുന്നത് 'ജീവിത ശൈലി പ്രബോധനം' (Life style Evangelism) എന്നാണ്. അതായത് നിങ്ങള്‍ എപ്പോഴും സമൂഹത്തോടൊപ്പമുണ്ടായിരിക്കണം. നിങ്ങള്‍ ഭക്ഷിക്കുന്നതും കുടിക്കുന്നതുമൊക്കെ അവരുമൊന്നിച്ച്. എല്ലാ കാര്യങ്ങളിലും നിങ്ങള്‍ അവരുമായി ഇടപഴകുന്നുണ്ട്, ഇടപെടുന്നുണ്ട്. അങ്ങനെ ജനങ്ങള്‍ക്ക് നിങ്ങളുടെ ജീവിതം അടുത്തറിയാനും അനുഭവിക്കാനും അവസരമുണ്ടാകുന്നു. നിങ്ങളുടെ ജീവിതത്തിലൂടെ അവര്‍ ഇസ്‌ലാമിനെ അറിയുന്നു. ഇവിടെ പ്രബോധകന്‍ നിങ്ങളുടെ നാവല്ല, നിങ്ങളുടെ ജീവിതം തന്നെയാണ്. 'പ്രബോധനം സാമൂഹിക ഇടപെടലിലൂടെ' (Evangelism Through Social Engagement)  എന്നൊരു പ്രയോഗവുമുണ്ട്. സക്രിയമായ ജീവിതം നയിക്കുക എന്നതാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്. സാമൂഹിക പ്രശ്‌നങ്ങളില്‍ ക്രിയാത്മകമായി ഇടപെട്ടുകൊണ്ടുള്ള ജീവിതം. സ്വാഭാവികമായും പ്രബോധകന്റെ ഈ സാമൂഹിക ഇടപെടല്‍ അതിന്റേതായ ഫലങ്ങളും സ്വാധീനങ്ങളും സൃഷ്ടിക്കാതിരിക്കില്ല.

ഇസ്‌ലാമിക പ്രബോധനത്തിന്റെ ചരിത്രം പരിശോധിച്ചാല്‍, ജീവിത ശൈലി പ്രബോധനവും സാമൂഹിക ഇടപെടലിലൂടെയുള്ള പ്രബോധനവും നമ്മുടെ നാട്ടില്‍ മാത്രമല്ല മറ്റെല്ലാ നാടുകളിലും ഇസ്‌ലാമിന്റെ വ്യാപനത്തില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് കാണാം. പ്രവാചകാനുയായികളുടെ ജീവിതശൈലി, മുസ്‌ലിം ഭരണാധികാരികളുടെ നീതിബോധവും സമത്വ ചിന്തയും, അധഃസ്ഥിതരെയും ദരിദ്രരെയും ചേര്‍ത്തുപിടിച്ചുള്ള സൂഫികളുടെ ജീവിതം, തീരപ്രദേശങ്ങളില്‍ മുസ്‌ലിം കച്ചവടക്കാരുടെ വിശ്വസ്തതയും സ്വഭാവ വൈശിഷ്ട്യവും... ഇത്തരം ഘടകങ്ങള്‍ ഇസ്‌ലാമിന്റെ പ്രചാരണത്തിന് വലിയ മുതല്‍ക്കൂട്ടായിട്ടുണ്ട്. ഇതെല്ലാം ജീവിതശൈലിയുമായും സാമൂഹിക ഇടപെടലുമായും ബന്ധപ്പെട്ടതാണല്ലോ. ഇതിനര്‍ഥം വാക്കാലുള്ള പ്രബോധനം നിര്‍ത്തിവെക്കണമെന്നല്ല. വാക്കാലുള്ള പ്രബോധനത്തിനും അതിന്റേതായ പങ്ക് നിര്‍വഹിക്കാനുണ്ട്; വളരെ പ്രധാനപ്പെട്ടതും മൗലികവുമായ ഒരു പങ്കുതന്നെ. പ്രബോധനം/ദഅ്‌വത്ത് എന്ന് കേള്‍ക്കുമ്പോഴേക്ക് പുസ്തകം, ലഘുലേഖ, ഫോള്‍ഡര്‍, സെമിനാര്‍, സിമ്പോസിയം എന്നിവ മാത്രം മനസ്സിലേക്ക് വരുന്നത് ശരിയല്ല എന്നേ പറഞ്ഞുള്ളൂ. ദഅ്‌വത്ത് നമ്മുടെ ജീവിതത്തെയൊന്നാകെ സ്പര്‍ശിച്ചുപോകുന്ന ഒന്നാവണം. എല്ലാ വഴികളെയും സന്തുലിതമായി പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയണം. അല്ലാത്തപക്ഷം പ്രബോധനത്തെക്കുറിച്ച നമ്മുടെ കാഴ്ചപ്പാട് വളരെയേറെ ചുരുങ്ങിപ്പോകും.

പ്രബോധന പ്രവര്‍ത്തനങ്ങളെക്കുറിച്ച ഈ വിശാല കാഴ്ചപ്പാട് ഉള്‍ക്കൊള്ളുന്നതോടൊപ്പം, നമ്മുടെ നാട് അതിവേഗം മാറിക്കൊണ്ടിരിക്കുകയാണെന്ന യാഥാര്‍ഥ്യവും നമ്മുടെ മുന്നിലുണ്ടാവണം. എന്തൊക്കെയാണ് ആ മാറ്റങ്ങള്‍? ചിലത് ഇവിടെ വിശദീകരിക്കാം.

നമ്മുടെ നാട് അതിവേഗം ആഗോളവത്കരിക്കപ്പെട്ട ഗ്രാമ (Globalized Village) ത്തിന്റെ ഭാഗമായി മാറിക്കൊണ്ടിരിക്കുന്നു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട മാറ്റങ്ങളിലൊന്ന്. ഇത് നമ്മുടെ രാജ്യത്ത് മൊത്തം, പ്രത്യേകിച്ച് നഗരവാസികളിലും മധ്യവര്‍ഗങ്ങളിലും വലിയ മാറ്റങ്ങളാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. സമ്പത്തില്‍ വന്‍ വര്‍ധനവ് ഉണ്ടായിരിക്കുന്നു. വാണിജ്യ, വ്യവസായ, തൊഴില്‍ അവസരങ്ങള്‍ ധാരാളം. ജീവിത ശൈലിയിലും വലിയ മാറ്റങ്ങള്‍. സദാചാരത്തെക്കുറിച്ചും ധാര്‍മികതയെക്കുറിച്ചുമുള്ള സങ്കല്‍പങ്ങളും ധാരണകളും മാറുകയാണ്. ലോകത്തിന്റെ ഏതു ഭാഗത്ത് എത്തിച്ചേരുന്നതും ഇന്നൊരു ക്ലേശകരമായ സംഗതിയല്ല. സൈബര്‍ സ്‌പേസ് പുതിയൊരു സമൂഹത്തെയും സംസ്‌കാരത്തെയും നാഗരികതയെയും വളര്‍ത്തിക്കൊണ്ടു വരികയാണ്. ഈ മാറ്റങ്ങള്‍ സമൂഹഘടനയിലുണ്ടാക്കുന്ന സംഘര്‍ഷങ്ങള്‍ (Fractions)  ചില്ലറയല്ല. നമ്മുടെ നാട്ടില്‍ ഇത്തരം സംഘര്‍ഷങ്ങള്‍ സര്‍വ മേഖലകളിലും കാണാനുണ്ട്. യുവതലമുറയും വൃദ്ധ തലമുറയും തമ്മില്‍, പണക്കാരനും പാവപ്പെട്ടവനും തമ്മില്‍, ഉയര്‍ന്ന ജാതിക്കാരനും താഴ്ന്ന ജാതിക്കാരനും തമ്മില്‍, പരമ്പരാഗത വാദികളും ലിബറലുകളും തമ്മില്‍... മഹാരാഷ്ട്ര, ബംഗാള്‍ പോലുള്ള സംസ്ഥാനങ്ങളില്‍ ജാതി സംഘര്‍ഷങ്ങള്‍ വളരെ രൂക്ഷമാണ്. പാരമ്പര്യവും ആധുനികതയും തമ്മിലുള്ള ഏറ്റുമുട്ടല്‍ വലിയ നഗരങ്ങളില്‍ നിത്യകാഴ്ചയാണ്. പത്രങ്ങളിലെയും ടെലിവിഷന്‍ ചാനലുകളിലെയും ചര്‍ച്ചകള്‍ അത് സാക്ഷ്യപ്പെടുത്തുന്നു.

ഒരു ജനാധിപത്യ സമൂഹമെന്ന നിലക്ക് എല്ലാ വിഭാഗങ്ങളെയും ഒരു പരിധിവരെയെങ്കിലും തൃപ്തിപ്പെടുത്തുന്ന നയസമീപനങ്ങള്‍ സ്വീകരിക്കാന്‍ ഭരണാധികാരികള്‍ നിര്‍ബന്ധിതരാണ്. അതുകൊണ്ടാണ് ആഗോളവത്കരണം ഇത്രയേറെ പിടിമുറുക്കിയിട്ടും നമ്മുടെ രാഷ്ട്രം മറ്റു ചില രാഷ്ട്രങ്ങളെപ്പോലെ അമേരിക്കയുടെ ഒരു ഉപഗ്രഹ രാഷ്ട്രമായി മാറാത്തത്. ഒരുവശത്ത് ആഗോളവത്കരണം, അതിന്റെ സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ താല്‍പര്യങ്ങള്‍. മറുവശത്ത്, പിന്നാക്കക്കാരും അരികുവത്കരിക്കപ്പെട്ടവരുമായ വലിയൊരു വിഭാഗം ജനങ്ങളുടെ പരാതികള്‍, ആശങ്കകള്‍, അവ സൃഷ്ടിച്ചുവിടുന്ന പുതിയൊരു തരം രാഷ്ട്രീയം. ഇത് രണ്ടും തമ്മിലുള്ള ഏറ്റുമുട്ടല്‍ പുതിയ ആശയങ്ങള്‍ക്ക് ജന്മം നല്‍കുന്നു. പുതിയ ആശയങ്ങള്‍ പിറവിയെടുക്കുക മാത്രമല്ല, അവക്ക് ജനസ്വീകാര്യതയും ലഭിക്കുന്നു. ഏതൊരു ആദര്‍ശ പ്രസ്ഥാനത്തിനും ഇത്തരം ചലനങ്ങളെ വിശകലനം ചെയ്യാതെ മുന്നോട്ടുപോകാനാവില്ല. ആഗോളവത്കരണം അതിന്റെ പേര് സൂചിപ്പിക്കുന്ന പോലെ പരമ്പരാഗതമായ വിഭാഗീയതകളുടെ മതില്‍ക്കെട്ട് തകര്‍ക്കാന്‍ പ്രയോജനപ്പെടേണ്ടതായിരുന്നു. പക്ഷേ അങ്ങനെയല്ല കാണുന്നത്. ഗ്ലോബലൈസേഷന്‍ എന്ന വലിയ മാറ്റത്തോടൊപ്പം വര്‍ഗീയതയും തിടംവെക്കുകയാണ്. ഹിന്ദു-മുസ്‌ലിം സംഘര്‍ഷങ്ങള്‍ ഇരു സമുദായങ്ങള്‍ക്കുമിടയില്‍ പലതരം അകല്‍ച്ചകള്‍ക്ക് കാരണമാകുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട നയനിലപാടുകള്‍ക്ക് ഒരു ചരിത്ര പശ്ചാത്തലമുണ്ടെന്നും നമുക്കറിയാം. പക്ഷേ, ആ വീക്ഷണ വ്യത്യാസങ്ങള്‍ ഇപ്പോള്‍ ഇരുധ്രുവങ്ങളിലായി നിലയുറപ്പിക്കുന്ന രണ്ട് ആത്യന്തികവിഭാഗങ്ങളെ സൃഷ്ടിച്ചിരിക്കുകയാണ്.

സാമൂഹിക ശാസ്ത്രത്തില്‍ ഇതിന് പറയുക 'നിലപാടിലെ ധ്രുവീകരണം' (Attitude Polarisation) എന്നാണ്. ഓരോ വിഭാഗവും തങ്ങളുടെ ഭിന്ന വിരുദ്ധമായ വീക്ഷണങ്ങളില്‍ ഉറച്ചുനില്‍ക്കുകയും യാതൊരു വിട്ടുവീഴ്ചക്കും തയാറാകാതിരിക്കുകയും അതിനനുസരിച്ച് എല്ലാ സംഭവങ്ങളെയും സിദ്ധാന്തവത്കരിക്കുകയും ചെയ്യുന്ന പ്രവണതയാണിത്. ഇത്തരം ഗ്രൂപ്പുകള്‍ക്കിടയില്‍ യാതൊരു സംവാദവും സാധ്യമല്ല. ഉദാഹരണത്തിന്, മുസ്‌ലിംകളല്ലാത്ത ഒരു വിഭാഗമാളുകള്‍ ഇങ്ങനെ വിശ്വസിക്കുന്നു -'എല്ലാ മുസ്‌ലിംകളും ഭീകരവാദികളല്ല, പക്ഷേ, ഓരോ ഭീകരവാദിയും മുസ്‌ലിമാണ്'. ഇതിന് നേരെ അപ്പുറത്ത് നില്‍ക്കുന്ന മുസ്‌ലിംകളിലെ ഒരു വിഭാഗം, മുസ്‌ലിംകള്‍ക്ക് യാതൊരു കുഴപ്പവുമില്ല, എല്ലാം ഭരണകൂടം കെട്ടിച്ചമക്കുന്ന കള്ളങ്ങളാണ് എന്ന് ഉറച്ചു വിശ്വസിക്കുന്നു. രണ്ട് കടുത്ത ആത്യന്തികതകള്‍. ഇതാണ് ആറ്റിറ്റിയൂഡ് പോളറൈസേഷന്‍. ഈ രണ്ട് ആത്യന്തിക നിലപാടുകളും പരസ്പരം ശക്തിപ്പെടുത്തുകയാണ് ചെയ്യുക. ഇവിടെ ബലികൊടുക്കപ്പെടുക സത്യമായിരിക്കും. നമ്മുടെ നാട് ഈയൊരവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്.

സ്വാതന്ത്ര്യാനന്തരം ഈ ധൈഷണിക ഗെറ്റോവത്കരണം (Intellectual Ghettoization) ശക്തിപ്പെടുകയും രാജ്യം അതിന്റെ ഇരയായിത്തീരുകയുമായിരുന്നു. അങ്ങനെയാണ് 'നമ്മുടെ പ്രശ്‌നങ്ങളും', 'അവരുടെ പ്രശ്‌നങ്ങളും' സര്‍വ സാധാരണമായത്. മുസ്‌ലിം സംഘടനകളെക്കുറിച്ചും അവയുടെ നേതാക്കളെക്കുറിച്ചും ചില കാര്യങ്ങള്‍ ഇവിടെ പറയേണ്ടതായിട്ടുണ്ട്. പരസ്യമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അവയുടെ / അവരുടെ കാര്യപരിപാടികള്‍ മുസ്‌ലിം പ്രശ്‌നങ്ങളില്‍ പരിമിതമാണ്. രാജ്യത്തെ മൊത്തം ബാധിക്കുന്ന പ്രശ്‌നങ്ങൡ അവര്‍ വേണ്ടത്ര താല്‍പര്യമെടുക്കാറില്ല. അപവാദങ്ങള്‍ ഇല്ലെന്ന് പറയുന്നില്ല. മുസ്‌ലിംകളല്ലാത്തവരുമായി ദൈനംദിന ജീവിതത്തില്‍ പല ഇടപാടുകളും നടത്തുന്നുണ്ടെങ്കിലും തര്‍ക്കവിഷയങ്ങളില്‍ തീര്‍ത്തും വിഭാഗീയമുക്തമായി ചിന്തിക്കാന്‍ തങ്ങള്‍ക്ക് കഴിയുന്നുണ്ടോ എന്ന് മുസ്‌ലിം സമൂഹം ആത്മപരിശോധന നടത്തണം. അവരുടെ പൊതു മനസ്സിനെയും വികാരത്തെയും അത് ബാധിക്കുന്നുണ്ട്. ഇത്തരമൊരു ചിന്താഗതിയിലേക്ക് വീണുപോകരുതെന്ന് മൗലാനാ മൗദൂദി ശക്തമായി താക്കീത് ചെയ്തിട്ടുണ്ടായിരുന്നു. മദ്രാസ് പ്രഭാഷണത്തിലും 'മുസ്‌ലിംകളും നിലവിലെ രാഷ്ട്രീയ വടംവലിയും' എന്ന പുസ്തകത്തിലും അത് ഊന്നിപ്പറഞ്ഞിട്ടുണ്ട്. പക്ഷേ, സ്വാതന്ത്ര്യത്തിനു ശേഷം സ്വന്തം ചേരിയിലേക്കൊതുങ്ങുന്ന ഈ മനോഭാവം (Ghetto Mentality)ശക്തിപ്പെടുകയാണുണ്ടായത്. ദീനീബോധമുള്ള മുസ്‌ലിംകള്‍ക്ക് മുഖ്യധാരയില്‍ കാര്യമായൊന്നും സംഭാവന ചെയ്യാന്‍ സാധിക്കാതിരുന്നത് ഇത് കാരണമായിരിക്കുമോ? അതേസമയം കലയിലും സാഹിത്യത്തിലും ശാസ്ത്രത്തിലും രാഷ്ട്രീയത്തിലും വാണിജ്യത്തിലുമൊക്കെ വലിയ സംഭാവനകള്‍ നല്‍കിയ മുസ്‌ലിംകളെ നാം കാണുന്നുമുണ്ട്. പക്ഷേ, അവരിലധികവും അള്‍ട്രാ സെക്യുലരിസ്റ്റുകളോ ഇസ്‌ലാംവിരുദ്ധരോ ആണ്. മുസ്‌ലിമല്ലാത്ത ഒരാള്‍ ഈ പ്രവണത കണ്ട്, ഇസ്‌ലാമിക വിശ്വാസമാണ് ഇവരെ അന്തര്‍മുഖരാക്കുന്നത് എന്ന തീര്‍പ്പിലെത്തിയാല്‍ അയാളെ കുറ്റപ്പെടുത്താന്‍ പറ്റുമോ? മുസ്‌ലിംകളല്ലാത്തവര്‍ക്ക് അവര്‍ പ്രയോജനപ്പെടില്ല എന്നും ചിന്തിച്ചേക്കാം. നാസിസം പോലെ ഒരു പ്രത്യേക വര്‍ഗത്തിന് (മുസ്‌ലിംകള്‍ക്ക്) വേണ്ടിയാണ് ഇസ്‌ലാം നിലകൊള്ളുന്നതെന്ന് അവര്‍ തെറ്റിദ്ധരിക്കുകയും ചെയ്യും.  കാരണം ഇന്നത്തെ മുസ്‌ലിംകളുടെ പൊതുവായ അവസ്ഥ അത്തരമൊരു കര്‍മസാക്ഷ്യമാണ് നല്‍കിക്കൊണ്ടിരിക്കുന്നത്. ഇസ്‌ലാമിക തത്ത്വങ്ങളെക്കുറിച്ച് പ്രഭാഷണങ്ങള്‍ നടത്തിയതുകൊണ്ട് ഇത്തരം തെറ്റിദ്ധാരണകള്‍ നീങ്ങുകയില്ല; ആ തത്ത്വങ്ങളുടെ കര്‍മസാക്ഷ്യം അവരുടെ ജീവിതത്തില്‍ ഇല്ലാത്തേടത്തോളം കാലം.

മേല്‍പ്പറഞ്ഞ വസ്തുതകളുടെ അടിസ്ഥാനത്തില്‍ ചില വിഷയങ്ങളിലേക്ക് നിങ്ങളുടെ ശ്രദ്ധ ആവശ്യപ്പെടുകയാണ്:

ഒന്ന് - മുമ്പ് സൂചിപ്പിച്ചതുപോലെ, രാജ്യത്ത് പുതിയ പഠനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. നവീനങ്ങളായ പല ആശയങ്ങളും ഉരുത്തിരിഞ്ഞുവരുന്നു. വളരെ ആത്മവിശ്വാസത്തോടെ ഈ ഗവേഷണ-പഠന മേഖലകളില്‍ നാമും പങ്കാളികളാവണം. നമുക്കും പുതിയ ആശയങ്ങള്‍ സമര്‍പ്പിക്കാനാവണം. ഇസ്‌ലാമിന്റേത് സന്തുലിതത്വത്തിന്റെ പാതയാണല്ലോ. ഇത് നീതിയുടെയും ന്യായത്തിന്റെയും പാതയാണ്. എല്ലാ വിഭാഗം പൗരന്മാരുടെയും താല്‍പര്യങ്ങളെ ഉള്‍ക്കൊള്ളാന്‍ മാത്രം വിശാലമാണ് അതു മുന്നോട്ടുവെക്കുന്ന പരിപ്രേക്ഷ്യം. ഇസ്‌ലാമിക ശരീഅത്തിന്റെ അന്തസ്സത്ത ഉള്‍ക്കൊണ്ടും ആ നിയമസംവിധാനത്തിന്റെ സമുന്നത ലക്ഷ്യങ്ങള്‍ മുമ്പില്‍ വെച്ചും പഠനം നടത്തുന്ന പക്ഷം ക്രിയാത്മകമായ ഒട്ടേറെ പുതിയ ചിന്തകള്‍ നമുക്ക് പൊതു സമൂഹത്തിനു വേണ്ടി സംഭാവന ചെയ്യാന്‍ കഴിയും. വികസന നയം, സാമ്പത്തിക നയം, പരിസ്ഥിതി പ്രശ്‌നങ്ങള്‍, വിദ്യാഭ്യാസം തുടങ്ങി സുപ്രധാന മേഖലകളിലെല്ലാം ഇസ്‌ലാമിന്റെ വക്താക്കള്‍ ആശയങ്ങള്‍ നിര്‍മിച്ചുകൊണ്ടേയിരിക്കണം. ഇസ്‌ലാമിന്റെ ലേബലിലും അല്ലാതെയും ഈ ആശയങ്ങള്‍ സമര്‍പ്പിക്കാവുന്നതാണ്. ഒരു ധൈഷണിക കേന്ദ്ര (Think Tank)ത്തിന് രൂപകല്‍പ്പന ചെയ്യണം. വൈജ്ഞാനിക ഒത്തുചേരലുകള്‍, സെമിനാറുകള്‍, പോളിസി ചര്‍ച്ചകള്‍, പത്രങ്ങളിലെയും ടി.വി ചാനലുകളിലെയും സംവാദങ്ങള്‍ തുടങ്ങി എല്ലാ മേഖലകളിലും സാന്നിധ്യമറിയിക്കാനാവണം. രാഷ്ട്രീയ, വൈജ്ഞാനിക മേഖലകളില്‍ പുതിയൊരു നേതൃനിരയെ വളര്‍ത്തിക്കൊണ്ടുവരണം. എല്ലാതരം വിഭാഗീയതകള്‍ക്കുമതീതമായി പൊതു സാമൂഹിക ക്ഷേമത്തെക്കുറിച്ച് ചിന്തിക്കാന്‍ പ്രാപ്തിയുള്ളവരായിരിക്കും അവര്‍.

രണ്ട് - ഇസ്‌ലാമിന്റെ കര്‍മസാക്ഷ്യം നിര്‍വഹിക്കണമെങ്കില്‍ മനോഘടനയില്‍ വലിയ മാറ്റങ്ങള്‍ ആവശ്യമാണ്. ആദ്യമായി, 'നാം', 'അവര്‍' എന്ന ചേരിതിരിക്കല്‍ പൂര്‍ണമായി കൈയൊഴിക്കണം. പൊതു സമൂഹത്തിന്റെ ഭാഗമായി അവരോടൊപ്പം ചേര്‍ന്നു നില്‍ക്കാനുള്ള ആഗ്രഹവും സന്നദ്ധതയും വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കും സംഘടനകള്‍ക്കും ഉണ്ടായേ മതിയാവൂ. മുഴുവന്‍ രാജ്യനിവാസികള്‍ക്കും നന്മ വരണമെന്ന ആഗ്രഹത്തോടൊപ്പം, അവരുടെ പ്രശ്‌നങ്ങളില്‍ ഇടപെടാനും അവക്ക് പരിഹാരം കാണാനും ശ്രമങ്ങളുണ്ടാവണം. ഇസ്‌ലാമിക പ്രവര്‍ത്തകര്‍ ഈ വിശാല കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിച്ച് മുസ്‌ലിം ജനസാമാന്യത്തിന് മാതൃക കാണിക്കണം. ഇതൊരു അടവുനയമല്ല. നമ്മുടെ ചിന്തകളിലും വികാരങ്ങളിലും ഇടപെടലുകളിലും പ്രതിഫലിക്കേണ്ട ഒന്നാണ്.

മൂന്ന് - വിശാലവും സമഗ്രവുമായ ഈ കാഴ്ചപ്പാട് പൊതുസമൂഹത്തിന് അനുഭവവേദ്യമാക്കി കൊടുക്കാന്‍ കഴിയണം; വ്യക്തിതലത്തിലും സാമൂഹിക തലത്തിലും. അത്തരം സംരംഭങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ടേ അത് സാധ്യമാവൂ. ഉദാഹരണത്തിന്, വിപ്രോയെപ്പോലുള്ള ഒന്നോ രണ്ടോ വലിയ കമ്പനികള്‍ രൂപകല്‍പ്പന ചെയ്യുകയും ഇസ്‌ലാമിക സംരംഭകത്വത്തിന്റെയും ക്രയവിക്രയത്തിന്റെയും മോഡലായി അവയെ വളര്‍ത്തിക്കൊണ്ടുവരികയും ചെയ്യുകയാണെങ്കില്‍, മൂല്യാധിഷ്ഠിതമായ ആ പ്രവര്‍ത്തന രീതി ചര്‍ച്ച ചെയ്യപ്പെടുമെന്നുറപ്പാണ്. ആയിരം പുസ്തകങ്ങളേക്കാളും പ്രഭാഷണങ്ങളേക്കാളും അത് ഗുണം ചെയ്യും. 

ദരിദ്രര്‍, ആദിവാസി വിഭാഗങ്ങള്‍, മര്‍ദിതര്‍ തുടങ്ങി സമൂഹത്തിലെ അവശ വിഭാഗങ്ങള്‍ക്കു വേണ്ടി നാം എന്‍.ജി.ഒകള്‍ രൂപവത്കരിച്ച് പ്രവര്‍ത്തിക്കാന്‍ തയാറായാല്‍ സെക്യുലര്‍ വൃത്തങ്ങളില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമായ ഒരു പ്രവര്‍ത്തന മാതൃക കാഴ്ചവെക്കാന്‍ നമുക്കാവും. വിവിധ സാമ്പത്തിക വ്യവഹാരങ്ങള്‍ (ബാങ്ക്, ഇന്‍ഷ്വറന്‍സ്, മൈക്രോ ഫിനാന്‍സ് പോലുള്ളവ), വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പഠന ഗവേഷണ കേന്ദ്രങ്ങള്‍, ജനക്ഷേമം ലക്ഷ്യം വെക്കുന്ന കൂട്ടായ്മകള്‍, ആതുര ശുശ്രൂഷാ സംവിധാനങ്ങള്‍, വിദ്യാര്‍ഥി-യുവജന സംഘടനകള്‍, എം.പി.ജെയെപ്പോലുള്ള പോരാട്ട സംഘങ്ങള്‍ ഇവയെ എല്ലാം തന്നെ കര്‍മസാക്ഷ്യത്തിനുള്ള ഉപകരണങ്ങളാക്കി മാറ്റാന്‍ കഴിയണം. രാഷ്ട്രീയ പ്രവര്‍ത്തനത്തിനും ഇത് ബാധകമാണ്. ഇസ്‌ലാമിക പ്രസ്ഥാനവും കൂട്ടായ്മകളും ലക്ഷ്യം വെക്കുന്നത് മുഴുവന്‍ മനുഷ്യരുടെയും ക്ഷേമമാണെന്ന് അനുഭവത്തിലൂടെ പൊതുസമൂഹത്തിന് ബോധ്യമാകുന്ന പക്ഷം ദൈവത്തിന്റെ പരമാധികാരം പോലുള്ള ആശയങ്ങള്‍ ചര്‍ച്ച ചെയ്യാനും അംഗീകരിക്കാനും അവര്‍ തയാറാകും.

ഇതൊക്കെ നാം ചെയ്യുന്നുണ്ടല്ലോ എന്ന് ചിലര്‍ക്ക് തോന്നിയേക്കാം. ഇസ്‌ലാമിന്റെ കര്‍മസാക്ഷ്യം എന്ന് പറയുമ്പോള്‍ ഇവിടെ ഉദ്ദേശിക്കുന്നത് ഏതെങ്കിലും ചില ജനസേവന പ്രവര്‍ത്തനങ്ങളല്ല എന്ന് അവരെ ഓര്‍മിപ്പിക്കുകയാണ്. സമഗ്രമായ കര്‍മസാക്ഷ്യത്തെ സാധൂകരിക്കുംവിധം നിലവാരമുള്ള (Quality), വൈപുല്യമുള്ള (Magnitude), ഗാംഭീര്യമുള്ള (Gravity) ഒരു പ്രവര്‍ത്തന പരിപാടിയായിരിക്കണം അത്.

നാല്- ഇസ്‌ലാമിക പ്രബോധന മേഖലയില്‍ വലിയ തടസ്സങ്ങള്‍ സൃഷ്ടിക്കാറുണ്ട് സ്വത്വ സംഘര്‍ഷങ്ങള്‍ (Identity Conflicts). ഇന്ത്യന്‍ മുസ്‌ലിം സ്വത്വത്തിന് ആദര്‍ശപരം എന്ന വിശേഷണമല്ല കൂടുതല്‍ ചേരുക. അത് ഏറക്കുറെ വംശീയവും (Ethnic) സാംസ്‌കാരികവും (Cultural) ആയ സ്വത്വമാണ്. ഏത് ചിന്താഗതിയും സ്വീകരിക്കാന്‍ ഒരാള്‍ക്ക് അത്ര പ്രയാസമുണ്ടാവുകയില്ല; പക്ഷേ, സ്വത്വം കൈവിടുക എന്നത് അയാള്‍ക്ക് അചിന്ത്യമായിരിക്കും. മുസ്‌ലിംകള്‍ക്ക് ഒരൊറ്റ സ്വത്വം (Single Identity)  മാത്രമേയുള്ളൂ എന്ന് വാശിപിടിക്കേണ്ടതുണ്ടോ എന്നതാണ് ഇവിടെ ഉയരുന്ന ചോദ്യം. ഒന്നിലധികം സ്വത്വങ്ങള്‍ (Multiple Identities) അംഗീകരിച്ചാല്‍ പ്രശ്‌നമുണ്ടോ? 'നിങ്ങളെ നാം സമൂഹങ്ങളും ഗോത്രങ്ങളുമാക്കി, പരസ്പരം തിരിച്ചറിയാന്‍' എന്ന ഖുര്‍ആനിക പരാമര്‍ശം ബഹുസ്വത്വങ്ങളെ അംഗീകരിക്കുന്നതിന്റെ തെളിവല്ലേ? പ്രവാചകന്റെ കാലത്ത് ഇസ്‌ലാം സ്വീകരിച്ച വ്യക്തികള്‍ അവരുടെ ഗോത്രപരമായ ഐഡന്റിറ്റി കൈയൊഴിഞ്ഞിരുന്നില്ല എന്ന് നമുക്കറിയാം. ഔസി, ഖസ്‌റജി, ഖുറൈശി തുടങ്ങിയ വിശേഷണങ്ങളോടെ അവര്‍ പിന്നെയും അറിയപ്പെട്ടു. ഇസ്‌ലാമിക സ്വത്വത്തിനാണ് പരമപ്രധാനമായ സ്ഥാനം എന്ന കാര്യത്തില്‍ തര്‍ക്കമൊന്നുമില്ല. അതേസമയം ഗോത്രപരവും കുടുംബപരവുമായ ഐഡന്റിറ്റികള്‍ റദ്ദാക്കപ്പെടുന്നുമില്ല. ഇസ്‌ലാം വളരെ വേഗം പ്രചാരം നേടിയ നാടുകളിലെല്ലാം ഇതു തന്നെയായിരുന്നു സ്ഥിതി. അവിടങ്ങളിലെ തദ്ദേശവാസികള്‍ ഇസ്‌ലാമിനെ ആദര്‍ശമായി സ്വീകരിക്കുകയും അനുവദനീയമായ അളവില്‍ തങ്ങളുടെ തദ്ദേശീയ സ്വത്വങ്ങളെ നിലനിര്‍ത്തുകയുമാണ് ചെയ്തത്. പേര്, ഭാഷ, സാങ്കേതിക സംജ്ഞകള്‍, ദേശീയമായ സവിശേഷതകള്‍ ഇങ്ങനെ പലതും അവര്‍ നിലനിര്‍ത്തി. തീര്‍ത്തും മതപരമായ കാര്യങ്ങളില്‍ വരെ - ഉര്‍ദുഭാഷയില്‍- ഖുദാ (ദൈവം), പേഗമ്പര്‍ (പ്രവാചകന്‍), നമാസ് (നമസ്‌കാരം), റോസ (നോമ്പ്) എന്നീ തദ്ദേശീയ പ്രയോഗങ്ങള്‍ കടമെടുക്കുകയാണ് ചെയ്തിട്ടുള്ളത്. പക്ഷേ, ഇന്നൊരാള്‍ ഇസ്‌ലാം സ്വീകരിക്കാന്‍ തയാറായാല്‍ അയാളുടെ സകല മുന്‍ ഐഡന്റിറ്റികളും മായ്ച്ചുകളയണമെന്നാണ് നമ്മില്‍ ചിലര്‍ ആവശ്യപ്പെടുന്നത്. ഇന്ത്യന്‍ സമൂഹത്തിന്റെ സവിശേഷത, അവരുടെ ആദര്‍ശവും വിശ്വാസവും ദുര്‍ബലമാണെങ്കിലും, ദേശീയവും മതപരവുമായ സ്വത്വങ്ങള്‍ വളരെ ശക്തമാണ് എന്നതാണ് (മതപരം എന്നതുകൊണ്ട് ഞാനുദ്ദേശിക്കുന്നത് അവരുടെ ജീവിത ശൈലിയും ഭക്ഷണ-വസ്ത്രധാരണ രീതികളുമൊക്കെയാണ്. അത്തരം കാര്യങ്ങളില്‍ നിഷ്പക്ഷ നിലപാടാണ് ഇസ്‌ലാമിനുള്ളത്). ഇത്തരം വിഷയങ്ങളില്‍ കടുംപിടിത്തം ഒഴിവാക്കാനായാല്‍ ഇസ്‌ലാമിലേക്ക് കടന്നുവരുന്നവരുടെ പാത കുറേക്കൂടി സുഗമമായിത്തീരും. ഇത് എളുപ്പമല്ലെന്നു അറിയാം. നമ്മുടെ പരമ്പരാഗത ധാരണകളില്‍ ഒരു പൊളിച്ചെഴുത്തു തന്നെ വേണ്ടിവരും.

അഞ്ച് - സ്വത്വത്തെ കുപ്പായക്കൈയില്‍ തുന്നിവെച്ച് പ്രദര്‍ശിപ്പിച്ച് നടക്കുക (Wearing the Identity on one's own Sleeves)എന്ന് പറയാറുണ്ട്. ഇസ്‌ലാം എന്ന ആശയത്തില്‍ പരിപൂര്‍ണ ബോധ്യം ഉള്ളതോടൊപ്പം തന്നെ, അതിന്റെ കര്‍മസാക്ഷ്യ ആവിഷ്‌കാരങ്ങള്‍ സഹോദര സമുദായങ്ങളെ അകറ്റുന്ന രീതിയിലായിരിക്കാനും പാടില്ല. വേണ്ടത്ര ആത്മവിശ്വാസമില്ലാത്ത സമൂഹങ്ങള്‍ സ്ഥാനത്തും അസ്ഥാനത്തുമൊക്കെ സ്വന്തം സ്വത്വം പുറത്തു കാണിക്കാന്‍ വ്യഗ്രതപ്പെടാറുണ്ട്. ചിലര്‍ തങ്ങളുടെ സ്ഥാപനത്തിന് ഇസ്‌ലാമിക് സ്‌കൂള്‍ എന്ന് പേരിടുന്നു. സമുന്നതമായ ഇസ്‌ലാമിക മൂല്യങ്ങള്‍ക്കനുസൃതമായി നടത്തപ്പെടുന്ന സ്‌കൂള്‍ എന്ന് ഈ ബോര്‍ഡ് വായിക്കുന്ന സഹോദരസമുദായങ്ങളിലെ ഒരാളും മനസ്സിലാക്കാന്‍ ഇടയില്ല. മുസ്‌ലിം സമുദായത്തിന്റെ സ്‌കൂള്‍ എന്നേ അവര്‍ മനസ്സിലാക്കുകയുള്ളൂ. അവര്‍ ആ സ്ഥാപനത്തെ സമീപിക്കാനുള്ള സാധ്യതയും വളരെക്കുറവാണ്. ഇത്തരം കുറിയടയാളങ്ങള്‍ (Tags) ആണ് പലപ്പോഴും അന്യത്വവും അകല്‍ച്ചയും ഉണ്ടാക്കുന്നത്. സാമുദായികതക്കപ്പുറം അത്തരം കുറിയടയാളങ്ങളെ ആദര്‍ശപരമായി മനസ്സിലാക്കുന്നവര്‍ വളരെ ചുരുങ്ങും. ടാഗുകളുടെയും ഐഡന്റിറ്റികളുടെയും കാര്യത്തില്‍ അനാവശ്യമായി, സന്തുലിത നിലപാടില്‍നിന്ന് തെന്നിമാറി ശാഠ്യം പിടിക്കുന്നതുകൊണ്ടാണ് നമ്മുടെ പല നല്ല ശ്രമങ്ങളും സംരംഭങ്ങളും മുസ്‌ലിംകളില്‍ മാത്രമായി ഒതുങ്ങിപ്പോയത്.

ആറ് - ധൈഷണികവും ചിന്താപരവുമായ മേഖലകളില്‍ ഇസ്‌ലാമിന്റെ പ്രതിനിധാനം രണ്ട് മുഖ്യ വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്നുണ്ട്. മൗലാനാ മൗദൂദി ചൂണ്ടിക്കാട്ടിയ പോലെ, മതത്തെക്കുറിച്ച സെക്യുലര്‍ ചിന്താഗതിയാണ് അതിലൊന്ന്. ഇന്ത്യയില്‍ ചിന്തകരായും എഴുത്തുകാരായും പേരെടുത്തവരൊന്നും തന്നെ, മതത്തിന് സാമൂഹിക ജീവിതത്തില്‍ എന്തെങ്കിലും ഇടമുണ്ടെന്ന് കരുതുന്നില്ല. മതം സാമൂഹിക ജീവിതത്തില്‍ ഇടപെടുന്നത് വലിയ ഭീഷണിയായി അവര്‍ കാണുകയും ചെയ്യുന്നു. ഈ ധൈഷണിക മതില്‍ക്കെട്ട് തകര്‍ക്കുകയെന്നത് നമ്മുടെ മുഖ്യ മുന്‍ഗണനകളില്‍ ഇടംപിടിക്കേണ്ട ഒന്നാണ്. അത്തരം ചര്‍ച്ചകളില്‍ തുടക്കത്തില്‍ ദൈവിക ഭരണം പോലുള്ള സംജ്ഞകള്‍ കടന്നുവരാതിരിക്കലാണ് ഉചിതം. അത് വിപരീത ഫലം ഉളവാക്കിയേക്കും. മലേഷ്യയിലെ ചന്ദ്ര മുസഫര്‍ ചൂണ്ടിക്കാട്ടിയ പോലെ, മതകീയ ജ്ഞാനം (Religious Wisdom) പോലുള്ള പ്രയോഗങ്ങളാണ് തുടക്കത്തില്‍ നല്ലത്. മതമല്ല, മതത്തിന്റെ ദുരുപയോഗമാണ് പ്രശ്‌നങ്ങള്‍ക്ക് നിദാനമെന്നും മതമൂല്യങ്ങള്‍ സന്നിവേശിപ്പിച്ചാല്‍ ഒട്ടേറെ സാമൂഹിക തിന്മകള്‍ക്ക് അറുതിവരുത്താനാവുമെന്നും തെളിവുകളുടെ പിന്‍ബലത്തില്‍ യുക്തിസഹമായി സമര്‍ഥിക്കാനും നമുക്ക് കഴിയണം.

രണ്ടാമത്തെ വെല്ലുവിളി സര്‍വമത സത്യവാദമാണ്. മുമ്പ് കാലങ്ങളില്‍ തന്നെ മതചരിത്രത്തില്‍ ഇതിന്റെ വേരുകള്‍ പതിഞ്ഞു കിടക്കുന്നുണ്ട്. പുതിയ സെക്യുലര്‍ പ്രസ്ഥാനങ്ങളുടെ ആവിര്‍ഭാവം ഈ ചിന്തയെ ശക്തിപ്പെടുത്തിയിട്ടുമുണ്ട്. എല്ലാ മതങ്ങളും സത്യമാണെന്ന വാദം തുറന്നുകാണിക്കപ്പെടണം. തെളിവുകളും ഉദാഹരണങ്ങളും സഹിതം അത് സമര്‍ഥിക്കാനും കഴിയും. ഊര്‍ജതന്ത്രം, ജീവശാസ്ത്രം, മെഡിക്കല്‍ സയന്‍സ്, മനശ്ശാസ്ത്രം, ചരിത്രം, സാമൂഹിക ശാസ്ത്രം തുടങ്ങി ഏത് വിജ്ഞാന ശാഖയെടുത്ത് പരിശോധിച്ചാലും അതത് ശാഖകളില്‍ വ്യുല്‍പത്തി നേടിയ ഗവേഷകര്‍ക്കും ശാസ്ത്രജ്ഞര്‍ക്കുമിടയില്‍ മൗലികമായ എത്രയോ അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നില്ലേ? ഈ ഭിന്നവിരുദ്ധ അഭിപ്രായങ്ങളെല്ലാം ഒരുപോലെ ശരിയാണെന്ന് ആരെങ്കിലും വാദിക്കുന്നുണ്ടോ? മൗലിക ഭിന്നതകള്‍ ഉള്ളതോടൊപ്പം തന്നെയല്ലേ ഈ ശാസ്ത്രജ്ഞരും ഗവേഷകരും ഒന്നിച്ചിരിക്കുന്നതും ശാസ്ത്ര കേന്ദ്രങ്ങളും മറ്റും പടുത്തുയര്‍ത്തുന്നതും? ഭിന്നാഭിപ്രായങ്ങള്‍ ഒരു അയോഗ്യതയായി ഇവിടെ ആരും കാണുന്നില്ല. മതത്തിലേക്ക് വന്നാലോ, ആശയപരമായി ഭിന്നധ്രുവങ്ങളില്‍ നില്‍ക്കുന്ന മതങ്ങള്‍ പോലും ഒരുപോലെ സത്യമാണെന്ന് അംഗീകരിക്കണം! ശാസ്ത്ര-വൈജ്ഞാനിക മേഖലകളില്‍ ഒരു മാനദണ്ഡവും, മതകാര്യങ്ങളില്‍ മറ്റൊരു മാനദണ്ഡവും!

ഇന്ത്യയില്‍ ഇസ്‌ലാമിന്റെ പ്രതിനിധാനം എങ്ങനെയാവണം എന്നതിനെ സംബന്ധിച്ച ചില വശങ്ങള്‍ സൂചിപ്പിക്കുക മാത്രമാണ് ചെയ്തത്. ഭിന്നാഭിപ്രായങ്ങള്‍ ഉള്ളവരുണ്ടാവാം. സ്വീകരിച്ചുവരുന്ന പല നിലപാടുകളും പാരമ്പര്യത്തില്‍നിന്നാണ് ലഭിച്ചിട്ടുള്ളത്. അവയുടെ ശരിതെറ്റുകള്‍ വിശകലനം ചെയ്യപ്പെടണം. നാം മനസ്സും ചിന്തയും തുറന്നിടുക എന്നതാണ് പ്രധാനം. പ്രമാണങ്ങള്‍ക്ക് / നസ്സ്വുകള്‍ക്ക് മാത്രമേ അപ്രമാദിത്വമുള്ളൂ എന്നും ഓര്‍ക്കണം. അവയല്ലാത്തതൊക്കെയും മാറ്റുകയോ തിരുത്തുകയോ ചെയ്യാം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (89-93)
എ.വൈ.ആര്‍

ഹദീസ്‌

തഖ്‌വയും സല്‍സ്വഭാവവും
സുബൈര്‍ കുന്ദമംഗലം