Prabodhanm Weekly

Pages

Search

2018 ഫെബ്രുവരി 16

3039

1439 ജമാദുല്‍ അവ്വല്‍ 29

സന്താന പരിപാലനത്തിന്റെ ഉത്തരവാദിത്തം

ജെ.എ ഉമരി

ഇസ്‌ലാമിക നിയമത്തിന്റെ അടിസ്ഥാനത്തില്‍ മക്കള്‍ പിതാവിലേക്കു ചേര്‍ത്താണ് അറിയപ്പെടുന്നത്. പിതാവാണ് മക്കളുടെ രക്ഷാകര്‍ത്താവ്. അവരുടെ സംരക്ഷണ ചുമതലയും പിതാവിനു തന്നെ. അതിനര്‍ഥം മക്കള്‍ക്ക് മാതാവുമായി ബന്ധമില്ലെന്നല്ല. നിയമം അതാണെന്നു മാത്രം. എന്നാല്‍ മക്കള്‍ മാതാവിലേക്കുകൂടി ബന്ധം ചേര്‍ക്കപ്പെട്ടവരാണ്. ഇവന്‍/ഇവള്‍ ഇന്ന സ്ത്രീയുടെ കുട്ടിയാണ് എന്ന് പറയുകയാണെങ്കില്‍ അതൊരു തെറ്റല്ല. മക്കളെ മാതാപിതാക്കളിലേക്ക് ചേര്‍ത്താണ് വിശുദ്ധ ഖുര്‍ആന്‍ പരാമര്‍ശിച്ചിട്ടുള്ളത്: 

''മാതാക്കള്‍ തങ്ങളുടെ സന്താനങ്ങള്‍ക്ക് പൂര്‍ണമായ രണ്ടു കൊല്ലം മുലകൊടുക്കേണ്ടതാണ്. (കുട്ടിയുടെ) മുലകുടി പൂര്‍ണമാക്കണം എന്നുദ്ദേശിക്കുന്നവര്‍ക്കത്രെ ഇത്. അവര്‍ക്ക് (മാതാക്കള്‍ക്ക്) മര്യാദയനുസരിച്ച് ഭക്ഷണവും വസ്ത്രവും നല്‍കേണ്ടത് കുട്ടിയുടെ പിതാവിന്റെ ബാധ്യതയത്രെ. എന്നാല്‍ ഒരാളോടും അയാളുടെ കഴിവിലുപരി നല്‍കാന്‍ നിര്‍ബന്ധിക്കരുത്. ഒരു മാതാവും തന്റെ കുട്ടിയുടെ പേരില്‍ ദ്രോഹിക്കപ്പെടാന്‍ ഇടയാകരുത്. അതുപോലെ തന്നെ സ്വന്തം കുട്ടിയുടെ പേരില്‍ ഒരു പിതാവിനും ദ്രോഹം നേരിടരുത്'' (അല്‍ബഖറ 233).

ഈ സൂക്തത്തില്‍ മക്കളെ മാതാക്കളുമായും പിതാക്കളുമായും ബന്ധപ്പെടുത്തി പറഞ്ഞിരിക്കുന്നു. നിയമപരമായി കുട്ടികളുടെ ചെലവ് വഹിക്കേണ്ടത് പിതാവാണെന്നു മാത്രം. ഖുര്‍ആന്‍ ഇംറാന്റെ ഭാര്യയുടെ, അഥവാ മര്‍യമിന്റെ മാതാവിന്റെ നേര്‍ച്ചയെ കുറിച്ച് പറയുന്നുണ്ട്:

''ഇംറാന്റെ ഭാര്യ പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധിക്കുക). എന്റെ രക്ഷിതാവേ എന്റെ വയറ്റിലുള്ള കുഞ്ഞിനെ നിനക്കായി ഉഴിഞ്ഞുവെക്കാന്‍ ഞാന്‍ നേര്‍ച്ച നേര്‍ന്നിരിക്കുന്നു. ആകയാല്‍ നീ എന്നില്‍നിന്ന് അത് സ്വീകരിക്കേണമേ, തീര്‍ച്ചയായും നീ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമല്ലോ. എന്നിട്ട് പ്രസവിച്ചപ്പോള്‍ അവള്‍ പറഞ്ഞു: എന്റെ രക്ഷിതാവേ, ഞാന്‍ പ്രസവിച്ച കുട്ടി പെണ്ണാണല്ലോ? എന്നാല്‍ അല്ലാഹു അവള്‍ പ്രസവിച്ചതിനെപ്പറ്റി കൂടുതല്‍ അറിയുന്നവനത്രെ, ആണ് പെണ്ണിനെ പോലെയല്ല. ആ കുട്ടിക്ക് ഞാന്‍ മര്‍യം എന്ന് പേരിട്ടിരിക്കുന്നു.''

ഈ സൂക്തത്തില്‍ വലിയൊരു തത്ത്വം ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് പ്രശസ്ത ഹനഫീ പണ്ഡിതന്‍ അല്ലാമാ അബൂബക്കര്‍ ജസ്സാസ് റാസി (റ) പറയുന്നു:

'ഇതില്‍നിന്ന് മനസ്സിലാകുന്നത് കുട്ടികളുടെ വിദ്യാഭ്യാസവും സംസ്‌കരണവും ദീനീചിട്ടയില്‍ അവരെ പരിപാലിക്കലുമെല്ലാം മാതാവിന്റെ ചുമതലയാണെന്നാണ്. അതേ, അതിന്റെ അധികാര സ്ഥാനത്ത് ഉമ്മ തന്നെ. അതല്ലെങ്കില്‍ അവര്‍ (ഇംറാന്റെ ഭാര്യ) ഇങ്ങനെയൊരു നേര്‍ച്ച നേരില്ല. അതേപോലെ പിതാവ് കുട്ടിക്ക് പേരിട്ടിട്ടില്ലെങ്കില്‍ പേരിടാനുള്ള അവകാശവും മാതാവിനുണ്ടെന്ന് മനസ്സിലാക്കാം. ഇത് ശരിയായ നാമമായിരിക്കണമെന്നു മാത്രം' (അബൂബക്കര്‍ ജസ്സാസ്, അഹ്കാമുല്‍ ഖുര്‍ആന്‍ 2/41).

മക്കളുടെ നിത്യച്ചെലവുകള്‍ വഹിക്കേണ്ടതും അവരുടെ കാര്യത്തില്‍ ത്യാഗപരിശ്രമങ്ങള്‍ നടത്തേണ്ടതും പിതാവിന്റെ ഉത്തരവാദിത്തം തന്നെ. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു:

''അവര്‍ക്ക് (മുലകൊടുക്കുന്ന മാതാക്കള്‍ക്ക്) മര്യാദയനുസരിച്ച് ഭക്ഷണവും വസ്ത്രവും നല്‍കേണ്ടത് കുട്ടിയുടെ പിതാവിന്റെ ബാധ്യതയാകുന്നു'' (അല്‍ബഖറ 233).

അപ്രകാരം മക്കളുടെ ശരിയായ വിദ്യാഭ്യാസവും സംസ്‌കരണവും ഉറപ്പാക്കേണ്ടത് മാതാപിതാക്കളുടെ ബാധ്യതയാണ്. മാതാപിതാക്കള്‍ ഇതിന്റെ പ്രാവര്‍ത്തിക മാതൃകയാവണം. മക്കളെ നരകത്തില്‍നിന്ന് രക്ഷപ്പെടുത്തുന്നതിനെ കുറിച്ച് മാതാപിതാക്കള്‍ ചിന്തിക്കണം. സ്വയം അതില്‍നിന്ന് രക്ഷപ്പെടുകയും വേണം.

വിശുദ്ധ ഖുര്‍ആന്‍ പറയുന്നു:

''വിശ്വസിച്ചവരേ, നിങ്ങള്‍ നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും നരകത്തില്‍നിന്ന് കാത്തു സൂക്ഷിക്കുക'' (അത്തഹ്‌രീം 6).

ഈ സൂക്തത്തിന്റെ വെളിച്ചത്തില്‍ ആദ്യ ഉത്തരവാദിത്തം സ്വന്തത്തെ നരകത്തില്‍നിന്ന് രക്ഷപ്പെടുത്തലാണ്. രണ്ടാമതായി, കുടുംബത്തെയും കുട്ടികളെയും അതില്‍നിന്ന് രക്ഷപ്പെടുത്തണം. മറ്റുള്ളവരെ സംസ്‌കരിക്കുംമുമ്പ് സ്വന്തത്തെ മാറ്റിപ്പണിയണമെന്ന് മനസ്സിലാക്കേണ്ടതുണ്ട്. അഥവാ സ്വന്തം വീട് മാതൃകയല്ലെങ്കില്‍ സംസ്‌കരണം ക്ലിഷ്ടമാകും. പ്രവാചക പത്‌നിമാരെ കുറിച്ച് പറഞ്ഞിടത്ത് ഈ വസ്തുത ഖുര്‍ആന്‍ എടുത്തുകാട്ടുന്നു:

''നിങ്ങളുടെ വീടുകളില്‍ വെച്ച് ഓതിക്കേള്‍പ്പിക്കപ്പെടുന്ന അല്ലാഹുവിന്റെ വചനങ്ങളും തത്ത്വജ്ഞാനവും നിങ്ങള്‍ ഓര്‍മിക്കുകയും ചെയ്യുക'' (അല്‍അന്‍ആം 151).

നമ്മുടെ വീടുകള്‍ ദഅ്‌വത്തിന്റെയും തബ്‌ലീഗിന്റെയും കേന്ദ്രമായിരിക്കണമെന്ന് ഈ സൂക്തത്തില്‍നിന്ന് മനസ്സിലാക്കാം.

 

ശിശുഹത്യ

ഓരോ മനുഷ്യനും ജനിക്കുന്നത് ജീവിക്കാനുള്ള സ്വാതന്ത്ര്യത്തോടെയാണ്. ഈ അവകാശം ആര്‍ക്കും എടുത്തുകളയാവതല്ല. മാതാപിതാക്കളും കുട്ടികളുടെ ജീവിക്കാനുള്ള അവകാശത്തെ ഹനിക്കരുത്. നിയമലംഘനമായിരിക്കുമത്. ഇക്കാര്യം വിശുദ്ധ ഖുര്‍ആന്‍ വിശദമായി വിവരിച്ചിട്ടുണ്ട്. ദാരിദ്ര്യം കൊണ്ടും മറ്റും അറബികള്‍ കുട്ടികളെ വധിച്ചിരുന്നു.

ചിലപ്പോള്‍ ദാരിദ്ര്യത്തേക്കാള്‍ ദാരിദ്ര്യം വന്നുഭവിച്ചേക്കുമോ എന്ന ഭയം കാരണം മക്കളെ വധിക്കുന്നവരുണ്ട്. വിശുദ്ധ വേദം അതിനെയും ചോദ്യം ചെയ്തു:

''ദാരിദ്ര്യഭയത്താല്‍ നിങ്ങള്‍ നിങ്ങളുടെ കുഞ്ഞുങ്ങളെ വധിക്കരുത്. നാമാണ് അവര്‍ക്കും നിങ്ങള്‍ക്കും ഉപജീവനം നല്‍കുന്നത്. അവരെ വധിക്കുന്നത് തീര്‍ച്ചയായും മഹാപാപമാകുന്നു'' (അല്‍ഇസ്‌റാഅ് 31).

സന്താനവധം ഒരു തരത്തിലും അംഗീകരിക്കാവതല്ല. അതെല്ലാം അജ്ഞതയും അന്ധകാരവുമായാണ് ഇസ്‌ലാം വിലയിരുത്തുന്നത്. വ്യക്തിയുടെയും സമൂഹത്തിന്റെയും നാശവുമായിരിക്കുമത്.

''ഭോഷത്വം കാരണമായി ഒരു വിവരവുമില്ലാതെ സ്വന്തം സന്താനങ്ങളെ കൊല്ലുന്നവര്‍ തീര്‍ച്ചയായും നഷ്ടത്തില്‍പെട്ടിരിക്കുന്നു'' (അല്‍അന്‍ആം 140).

മനുഷ്യര്‍ തങ്ങളുടെ മക്കളെ വധിക്കുക എന്നത് അങ്ങേയറ്റം ബുദ്ധിശൂന്യവും ഹൃദയഭേദകവുമാണ്. അവിവേകം കാരണം ആരെങ്കിലും ഈ തെറ്റ് ചെയ്താല്‍ അവര്‍ അങ്ങേയറ്റത്തെ ഖേദത്തിലകപ്പെടുമെന്ന് വിശുദ്ധ ഖുര്‍ആന്‍ പ്രസ്താവിച്ചത് നാം കണ്ടു. വളരുന്ന തലമുറയെ നശിപ്പിക്കലും വംശനാശവുമാണ് അതിലൂടെ സംഭവിക്കുക. ചിന്തിക്കുക, ഇതിലേറെ വലിയൊരു പാതകമുണ്ടോ! 

വിവ: സഈദ് മുത്തന്നൂര്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (89-93)
എ.വൈ.ആര്‍

ഹദീസ്‌

തഖ്‌വയും സല്‍സ്വഭാവവും
സുബൈര്‍ കുന്ദമംഗലം