Prabodhanm Weekly

Pages

Search

2018 ഫെബ്രുവരി 16

3039

1439 ജമാദുല്‍ അവ്വല്‍ 29

നമസ്‌കാരത്തെക്കുറിച്ച സംശയങ്ങള്‍

ഇല്‍യാസ് മൗലവി

ജമാഅത്തായി നമസ്‌കരിച്ചുകൊണ്ടിരിക്കെ ഒരാള്‍ കുഴഞ്ഞുവീണു. അത്തരം  അടിയന്തര സാഹചര്യങ്ങളില്‍  അദ്ദേഹത്തിന് വേണ്ട കാര്യങ്ങള്‍ ചെയ്തുകൊടുക്കാനായി നമസ്‌കാരം മുറിക്കാന്‍ പറ്റുമോ? അങ്ങനെ മുറിക്കേണ്ടി വന്നാല്‍ നമസ്‌കാരം ബാത്വിലാവുമോ? 

ഇത്തരം സാഹചര്യങ്ങളില്‍ കൈയിളക്കുക, അയാളെ പിടിച്ച് കിടത്തുക പോലെ ചെറിയ രൂപത്തിലുള്ള  ചലനങ്ങളേ ആവശ്യമായി വരുന്നുള്ളൂവെങ്കില്‍, നമസ്‌കാരം ബാത്വിലാവാത്ത വിധം തന്നെ അതൊക്കെ ചെയ്യാവുന്നതാണ്. എന്നാല്‍ കാര്യമായ ശ്രദ്ധയും പരിചരണവും ആവശ്യമുള്ളതും പെട്ടെന്ന് ഡോക്ടറുടെ അടുത്ത് എത്തിക്കേണ്ടതുമുെങ്കില്‍ ഉടന്‍ നമസ്‌കാരം മുറിച്ച് അയാള്‍ക്ക് അടിയന്തര സേവനം ചെയ്യണം. ആ നമസ്‌കാരം ബാത്വിലായതായി കണക്കാക്കി പിന്നീട് മടക്കി നമസ്‌കരിക്കേണ്ടതാണ്.

ഇമാം നവവി പറയുന്നു: അന്ധന്‍ കിണറ്റില്‍ വീഴാന്‍ പോവുക, എട്ടും പൊട്ടും തിരിയാത്ത കുട്ടി തീയില്‍ വീഴാന്‍ പോവുക, ഉറങ്ങുന്നവനോ അശ്രദ്ധനോ ആയ ഒരാളുടെ നേരെ വല്ല ഹിംസ്രജന്തുക്കളോ പാമ്പോ വരിക, വല്ല അക്രമിയും കൊല്ലാന്‍ വരിക തുടങ്ങിയ സാഹചര്യങ്ങളില്‍ നമസ്‌കരിക്കുന്നവന്‍ സംസാരിക്കല്‍ നിര്‍ബന്ധമാണെന്ന (വാജിബ്) കാര്യത്തില്‍ അഭിപ്രായ വ്യത്യാസമില്ല. എന്നാല്‍ അവന്റെ നമസ്‌കാരം ബാത്വിലാകുമോ? ഈ വിഷയത്തില്‍ രണ്ടഭിപ്രായമുണ്ട്.... (ശറഹുല്‍ മുഹദ്ദബ്: 4/82).

നമസ്‌കാരം ബാത്വിലാവുമോ എന്നതിനെപ്പറ്റി ഇമാം നവവി തന്നെ റൗദയില്‍ പറയുന്നത് കാണുക: ഒരാള്‍ അപകടത്തിന്റെ വക്കിലെത്തുകയും, അയാള്‍ക്ക് മുന്നറിയിപ്പ് നല്‍കാനും അയാളെ ഉണര്‍ത്താനും സംസാരിക്കേണ്ടത് നിര്‍ബന്ധമാവുകയും ചെയ്യുന്ന പക്ഷം, സംസാരം വാജിബാകുന്നതാണ്. ശാഫിഈ മദ്ഹബിലെ ഏറ്റവും പ്രബലമായ അഭിപ്രായമനുസരിച്ച് അദ്ദേഹത്തിന്റെ നമസ്‌കാരം ബാത്വിലാകുന്നതുമാണ് (റൗദത്തുത്ത്വാലിബീന്‍ 1/291).

ഇവിടെ ഒരാളുടെ ജീവന്‍ രക്ഷിക്കുക എന്നതിനാണ് മുന്‍ഗണന കല്‍പ്പിക്കേണ്ടത് എന്നാണ് ഇസ്ലാമിക ശരീഅത്ത് പഠിപ്പിക്കുന്നത്. ഇമാം ഇസ്സുബ്‌നു അബ്ദിസ്സലാം പറയുന്നു: മുങ്ങി മരിച്ചുകൊണ്ടിരിക്കുന്നവരുടെ പവിത്രമായ ജീവന്‍ രക്ഷിക്കുക എന്നത് നമസ്‌കാരം നിര്‍വഹിക്കുന്നതിനേക്കാള്‍ മുന്‍ഗണനയര്‍ഹിക്കുന്നതാണ്. കാരണം മുങ്ങിമരിക്കുന്നവരുടെ ജീവന്‍ രക്ഷിക്കുക എന്നതാണ് അല്ലാഹുവിങ്കല്‍ നമസ്‌കാരം നിര്‍വഹിക്കുന്നതിനേക്കാള്‍ ശ്രേഷ്ഠം. മുങ്ങി മരിക്കുന്നവനെ രക്ഷിക്കുകയും എന്നിട്ട് നമസ്‌കരിക്കുകയും ചെയ്യുക എന്ന രണ്ട് നന്മകളും ഒരുമിച്ച് ചെയ്യാന്‍ സാധിക്കുമല്ലോ. അതുപോലെ  നമസ്

കാരം നിര്‍വഹിക്കുന്നത് തടസ്സപ്പെടുന്നതിലൂടെയുണ്ടാവുന്ന നഷ്ടത്തെ, ഒരു ജീവന്‍ രക്ഷിക്കുക എന്നതുമായി താരതമ്യം ചെയ്യാനേ കഴിയില്ല (ഖവാഇദുല്‍ അഹ്കാം ഫീ മസ്വാലിഹില്‍ അനാം).

 

സാധാരണ മൊബൈല്‍ ഓഫാക്കിയാണ് നമസ്‌കരിക്കാറുള്ളത്. ഒരിക്കല്‍ ഓഫാക്കാന്‍ മറന്നു പോയി; നമസ്‌കരിച്ചുകൊണ്ടിരിക്കെ മൊബൈല്‍ ശബ്ദിക്കാന്‍ തുടങ്ങി. അപ്പോഴത് ഓഫാക്കുന്നത് നമസ്‌കാരം ബാത്വിലാക്കുമോ എന്ന ഭയം കാരണം നമസ്‌കാരത്തിന് ശല്യമായിക്കൊ് മൊബൈല്‍ ശബ്ദിച്ചുകൊണ്ടേയിരുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ എന്താണ് ചെയ്യേണ്ടത്?

നമസ്‌കാരത്തില്‍ എന്തെല്ലാം അനുവദനീയമാണെന്ന കാര്യം പ്രബല ഹദീസുകളുടെ അടിസ്ഥാനത്തില്‍ പണ്ഡിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഉദാഹരണമായി രണ്ട് ഹദീസുകള്‍ ഉദ്ധരിക്കാം:

അബൂഹുറയ്‌റ (റ) പറയുന്നു: ഞങ്ങള്‍ റസൂലിനോടൊപ്പം ഇശാഅ് നമസ്‌കരിച്ചുകൊണ്ടിരിക്കുകയായിരുന്നു. പ്രവാചകന്‍ സുജൂദിലായിരിക്കെ ഹസനും ഹുസൈനും അദ്ദേഹത്തിന്റെ മുതുകില്‍ കയറി. അദ്ദേഹം തലയുയര്‍ത്തിയപ്പോള്‍ ഇരുവരെയും വളരെ പതുക്കെ പിടിച്ച് താഴെ വെച്ചു, അദ്ദേഹം വീണ്ടും സുജൂദ് ചെയ്തപ്പോള്‍ ഇരുവരും വീണ്ടും അദ്ദേഹത്തിന്റെ മുതുകില്‍ കയറി. നമസ്‌കാരം നിര്‍വഹിച്ചുകഴിഞ്ഞപ്പോള്‍ രണ്ടു പേരെയും പിടിച്ച് തന്റെ മടിയിലിരുത്തി. അബൂഹുറയ്‌റ പറയുന്നു: ഞാന്‍ എഴുന്നേറ്റു ചെന്ന് പ്രവാചകനോട് ചോദിച്ചു, ഇരുവരെയും ഞാന്‍ വീട്ടിലാക്കണമോ? അപ്പോള്‍ ആകാശത്ത് ഒരു മിന്നല്‍പിണറുണ്ടായി, പ്രവാചകന്‍ ഹസനോടും ഹുസൈനോടും പറഞ്ഞു; 'നിങ്ങള്‍ ഉമ്മയുടെ അടുത്തേക്ക് പോയ്‌ക്കൊള്ളൂ' (അഹ്മദ്: 10659).

അബൂ ഖതാദഃ പറഞ്ഞു: അബുല്‍ ആസ്വിന്റെ മകളായ ഉമാമയെ ചുമലില്‍ വഹിച്ച് റസൂല്‍ (സ) ജനങ്ങള്‍ക്ക് ഇമാമായി നിന്ന് നമസ്‌കരിക്കുന്നത് ഞാന്‍ കാണുകയുണ്ടായി. റുകൂഇലേക്ക് പോവുമ്പോള്‍ അവളെ താഴെ വെക്കും. സുജൂദില്‍നിന്നുയരുമ്പോള്‍ അവളെ വീണ്ടും എടുക്കുകയും ചെയ്യും (നസാഈ: 827).

സമാനമായ മറ്റൊരു നിവേദനം ഉദ്ധരിച്ച ശേഷം ഇമാം നവവി ഇങ്ങനെ രേഖപ്പെടുത്തുന്നു: ''കുറഞ്ഞ രൂപത്തിലുള്ളതോ, വേറിട്ടതോ ആയ വിധത്തിലാണെങ്കില്‍ അത്തരം പ്രവൃത്തികള്‍ നമസ്‌കാരത്തെ ബാത്വിലാക്കുകയില്ല. നബി (സ) ഇങ്ങനെ ചെയ്തത് അനുവദനീയമാണെന്ന് വ്യക്തമാക്കാനാണ്..... ഇതില്‍നിന്ന് പലതും മനസ്സിലാക്കാനുണ്ട്. അതില്‍പെട്ടതാണ്, ലഘുവായ ചെയ്തികള്‍ നമസ്‌കാരത്തില്‍ അനുവദനീയമാണ്, അതുപോലെ രണ്ടടി വെച്ചത് കൊണ്ട് നമസ്‌കാരം ബാത്വിലാവുകയില്ല തുടങ്ങിയ കാര്യങ്ങള്‍. എന്നാല്‍ എന്തെങ്കിലും ആവശ്യം വന്നെങ്കിലാണിത്; യാതൊരാവശ്യവും ഇല്ലായെങ്കില്‍ അതനുവദനീയമാവില്ല. വല്ല ആവശ്യവുമുണ്ടായിട്ടാണെങ്കില്‍ യാതൊരു കുഴപ്പവുമില്ല....'' (ശറഹു മുസ്‌ലിം: 845).

ഇമാം റംലി പറയുന്നു: ''തേള്‍ മുതലായവയെ  കൊല്ലുക പോലുള്ളതിന്  ചെറിയ ചലനങ്ങള്‍ അഭികാമ്യമാണ്. അല്ലാത്തതിന് വേണ്ടിയുള്ള ചലനം അഭികാമ്യമല്ല'' (നിഹായതുല്‍ മുഹ്താജ്: 5/88).

ഇമാം മുഹമ്മദുശ്ശര്‍ബീനി പറയുന്നു: ''ഒരു പുസ്തകം നിവര്‍ത്തുകയും എന്നിട്ടതില്‍ പറഞ്ഞത് മനസ്സിലാക്കുകയോ അല്ലെങ്കില്‍ മുസ്വ്ഹഫ് നോക്കി ഓതുകയോ ചെയ്താല്‍, അത് ഇടക്കൊക്കെ പേജുകള്‍ മറിച്ചുകൊണ്ടായാല്‍ പോലും നമസ്‌കാരം ബാത്വിലാവുകയില്ല. കാരണം അതൊക്കെ ലഘുവാണ്, തുടര്‍ച്ചയായ ചലനമൊട്ടല്ലതാനും. നമസ്‌കാരത്തോട് വിമുഖത പ്രകടിപ്പിക്കുകയാണെന്ന് തോന്നുകയുമില്ല'' (മുഗിനി അല്‍ മുഹ്താജ്: 3/31).

ഇതിന്റെയൊക്കെ വെളിച്ചത്തില്‍ ഒരാള്‍ നമസ്‌കരിച്ചുകൊണ്ടിരിക്കെ, തന്റെ കൈവശമിരിക്കുന്ന മൊബൈല്‍ ശബ്ദിച്ചാല്‍ അത് കൈയിലെടുത്ത് ഓഫാക്കുന്നതിന് യാതൊരു കുഴപ്പവുമില്ല; വിശിഷ്യാ ജമാഅത്ത് നമസ്‌കാരത്തില്‍. കാരണം ബാക്കിയുള്ളവരുടെ നമസ്‌കാരം അലങ്കോലപ്പെടാനും നമസ്‌കാരത്തില്‍ ശ്രദ്ധ നഷ്ടപ്പെടാനും ശല്യപ്പെടുത്തിയതിന് വെറുപ്പ് തോന്നാനുമൊക്കെ അത് ഇടവരുത്തും.

അതിനാല്‍ തല്‍ക്ഷണം അത് എടുത്ത് ഓഫാക്കുകയാണ് വേണ്ടത്. നമസ്‌കാരം ബാത്വിലാകുന്ന പ്രശ്‌നം തന്നെ ഉദിക്കുന്നില്ല. എന്നാല്‍ താന്‍ നമസ്‌കാരത്തിലാണെന്ന ബോധം ഉണ്ടായിരിക്കേണ്ടതാണ്. യാതൊരു ശ്രദ്ധയുമില്ലാതെ അലംഭാവത്തോടെയാകരുത് ഇതെല്ലാം ചെയ്യുന്നത്.

 

ഞാന്‍ ളുഹ്ര്‍ നമസ്‌കരിച്ചുകഴിഞ്ഞ ശേഷമാണ് യാത്ര പുറപ്പെട്ടത്. യാത്രയുടെ കാര്യം നേരത്തെ അറിഞ്ഞിട്ടില്ലാത്തതിനാല്‍ ജംഅ് ആക്കാനും പറ്റിയിയിരുന്നില്ല. യാത്രക്കിടയില്‍ അസ്വ്ര്‍ നമസ്‌കരിക്കാന്‍ യാതൊരു വഴിയുമില്ല. മഗ്‌രിബ് കഴിഞ്ഞല്ലാതെ ലക്ഷ്യസ്ഥാനത്ത് എത്തുകയില്ല എന്ന് ഉറപ്പാവുകയും ചെയ്തു. ഇത്തരം സാഹചര്യങ്ങളില്‍ നമസ്‌കാരം ഖദാ വീട്ടിയാല്‍ മതിയോ? പോരാ എന്നാണുത്തരമെങ്കില്‍ ഇത്തരം സാഹചര്യങ്ങളില്‍ ബസ്സിലും ട്രെയ്‌നിലുമെല്ലാം യാത്ര ചെയ്യുന്നവര്‍ എങ്ങനെ നമസ്‌കരിക്കും?

സമയബന്ധിതമായി നിര്‍വഹിക്കേണ്ടതും നിര്‍വഹിക്കാത്തപക്ഷം ഫലശൂന്യമാകുന്നതുമായ ആരാധനാ കര്‍മമാണ് നമസ്‌കാരം. അല്ലാഹു പറയുന്നു: ''നിശ്ചയം നമസ്‌കാരം വിശ്വാസികള്‍ക്ക് സമയബന്ധിതമായി നിര്‍ബന്ധമാക്കിയ കര്‍മമാകുന്നു'' (അന്നിസാഅ് 103).

ഈ സൂക്തം, യുദ്ധത്തിനിടയില്‍ നമസ്‌കരിക്കുന്നതിന്റെ രൂപം വിശദീകരിക്കുന്നതിന്റെ അവസാനമാണ് വന്നിരിക്കുന്നത്. മുസ്ലിം സൈന്യം സദാ ജാഗരൂകരായില്ലെങ്കില്‍ ഇസ്‌ലാം തന്നെ തുടച്ചുനീക്കപ്പെടാവുന്ന യുദ്ധസന്ദര്‍ഭത്തില്‍ പോലും ഒരു ഒഴികഴിവും ഇല്ലെന്നാണ് അല്ലാഹു വ്യക്തമാക്കുന്നത്. അത്തരം പ്രതിസന്ധികള്‍ക്കിടയിലും നമസ്‌കാരം മാറ്റിവെക്കുകയല്ല, മറിച്ച് യുദ്ധാന്തരീക്ഷം പരിഗണിച്ച് നമസ്‌കാര രൂപത്തില്‍ ചില നീക്കുപോക്കുകള്‍ ആകാമെന്ന് വ്യക്തമാക്കിയ ശേഷം, അതിന്റെ രൂപം വിശദീകരിച്ചുകൊണ്ടുള്ള സൂക്തം അവസാനിപ്പിച്ചുകൊണ്ട് അല്ലാഹു പറഞ്ഞതാണ് ഈ സൂക്തം.

വിശ്വാസിയില്‍ ദൈവസ്മരണ നിലനിര്‍ത്താനുതകുന്ന ഏറ്റവും മഹത്തായ കര്‍മമത്രെ നമസ്‌കാരം. 'എന്നെ സ്മരിക്കുന്നതിനായി നീ നമസ്‌കാരം നിലനിര്‍ത്തുക' (ത്വാഹാ 14) എന്ന് അല്ലാഹു പറഞ്ഞതും ഓര്‍ക്കുക. നമസ്‌കാരം അതിന്റെ സമയത്ത് നിര്‍വഹിക്കാതെ വൈകി നമസ്‌കരിക്കുന്നവരെക്കുറിച്ചാണ് ഈ സൂക്തമെന്ന് ചില ഹദീസുകളില്‍ കാണാം. നമസ്‌കാരം അതിന്റെ ആദ്യസമയത്ത് നിര്‍വഹിക്കുന്നതാണ് ഉത്തമം. വൈകിക്കുന്നത് പലപ്പോഴും നമസ്‌കാരത്തിന്റെ ശ്രേഷ്ഠതയും പ്രതിഫലവും നഷ്ടപ്പെടുന്നതിലേക്ക് എത്തിച്ചേക്കാം. 

അല്ലാഹു പറയുന്നത് കാണുക: ''പിന്നീട് അവര്‍ക്കു  പിറകെ പിഴച്ച ഒരു തലമുറ രംഗത്തുവന്നു. അവര്‍ നമസ്‌കാരം പാഴാക്കി. തന്നിഷ്ടങ്ങള്‍ക്കൊത്ത് ജീവിച്ചു. തങ്ങളുടെ ദുര്‍വൃത്തികളുടെ ദുരന്തഫലം അവരെ വൈകാതെ ബാധിക്കും''(മര്‍യം 59).

ഈ ആയത്തിന്റെ വിശദീകരണത്തില്‍ മൗലാനാ മൗദൂദി എഴുതുന്നു: ''നമസ്‌കാരം ഉപേക്ഷിച്ചു എന്നര്‍ഥം. അല്ലെങ്കില്‍ നമസ്‌കാരത്തോട് അശ്രദ്ധയും അലംഭാവവും കാണിക്കാന്‍ തുടങ്ങി. ഏതു സമുദായത്തിന്റെയും അധഃപതനത്തിന്റെ ആദ്യത്തെ ചുവടാണിത്. വിശ്വാസിയുടെ ജീവിതത്തെയും കര്‍മത്തെയും രാപ്പകല്‍ അല്ലാഹുവുമായി ബന്ധിപ്പിച്ചുനിര്‍ത്തുകയും അവനെ ദൈവഭക്തിയുടെ കേന്ദ്രത്തില്‍നിന്ന് അകന്നുപോകാതെ നോക്കുകയും ചെയ്യുന്ന പ്രഥമ പാശമാണത്. ഈ പാശം പൊട്ടിപ്പോകുന്നതോടുകൂടി മനുഷ്യന്‍ ദൈവത്തില്‍നിന്ന് ബഹുദൂരം തെറിച്ചുപോകുന്നു. എത്രത്തോളമെന്നാല്‍ കര്‍മപരമായ ബന്ധവും കടന്ന് അവനില്‍ ദൈവവുമായി വിചാരപരമായ ബന്ധംപോലും അവശേഷിക്കാതാവുന്നു. അതിനാല്‍, അല്ലാഹു ഇവിടെ ഇക്കാര്യം ഒരു പൊതുതത്ത്വമായി അരുളിയിരിക്കുകയാണ്. എന്തെന്നാല്‍, മുമ്പ് കഴിഞ്ഞുപോയ പ്രവാചകന്മാരുടെ സമുദായങ്ങളുടെയെല്ലാം മാര്‍ഗഭ്രംശത്തിന്റെ നാന്ദി നമസ്‌കാരം പാഴാക്കലില്‍നിന്നായിരുന്നു'' (തഫ്ഹീമുല്‍ ഖുര്‍ആന്‍:  സൂറത്തു മര്‍യം വ്യാഖ്യാനം).

അബ്ദുല്ലാഹിബ്നു മസ്ഊദ് (റ) പറഞ്ഞു: ''ഇവിടെ നമസ്‌കാരം പാഴാക്കി എന്നതിന്റെ അര്‍ഥം പൂര്‍ണമായി ഒഴിവാക്കി എന്നതല്ല. പ്രത്യുത നമസ്‌കാരസമയം തെറ്റിച്ചു എന്നും വൈകിപ്പിച്ചു എന്നുമാണ്.'' കാരണം ധിക്കാരപൂര്‍വം ഉപേക്ഷിക്കല്‍ കുഫ്‌റാണ്. മഹാനായ ഉമറുബ്‌നു അബ്ദില്‍ അസീസും ഈ സൂക്തം ഓതിക്കൊണ്ട് പറഞ്ഞതും ഇതു തന്നെയാണ്'' (ഇബ്‌നു കസീര്‍: സൂറത്തു മര്‍യം: 51/243).

ഇമാം സഈദുബ്നുല്‍ മുസ്വയ്യബ് പറഞ്ഞു: ''ളുഹ്ര്‍ അസ്വ്‌റിന്റെ സമയത്തും അസ്വ്ര്‍ മഗ്രിബിന്റെ സമയത്തും മഗ്രിബ് ഇശാഇന്റെ സമയത്തും ഇശാഅ് സ്വുബ്ഹിന്റെ സമയത്തും വൈകിപ്പിച്ചു നമസ്‌കരിക്കുന്നു എന്നാണ് പ്രസ്തുത ആയത്തിന്റെ ഉദ്ദേശ്യം.'' ഇങ്ങനെ ബോധപൂര്‍വം സ്ഥിരമായി ചെയ്യുന്നവര്‍ പശ്ചാത്തപിച്ചു മടങ്ങിയില്ലെങ്കില്‍ അവരുടെ സങ്കേതം 'ഗയ്യ്' ആയിരിക്കുമെന്ന് അല്ലാഹു താക്കീതു ചെയ്തിരിക്കുന്നു. 'അത്യുഷ്ണവും അഗാധഗര്‍ത്തവും ഉള്ള നരകത്തിലെ താഴ്വര' എന്നാണ് ഗയ്യിനെ പരിചയപ്പെടുത്തിയിരിക്കുന്നത്. ചലവും ചോരയും അളിഞ്ഞൊഴുകുന്ന നരകഗര്‍ത്തങ്ങള്‍ എന്നും കാണാം (ഇബ്‌നു കസീര്‍: സൂറത്തു മര്‍യം).

സഅ്ദുബ്നു അബീവഖാസി(റ)ന്റെ പുത്രന്‍ മുസ്അബ് പറയുന്നു: 'അവര്‍ നമസ്‌കാരത്തില്‍ അശ്രദ്ധ കാണിക്കുന്നവരാകുന്നു' എന്ന ആയത്തിനെ സംബന്ധിച്ച് ഞാന്‍ പിതാവിനോട് ചോദിക്കുകയുണ്ടായി. 'പ്രിയ പിതാവേ, നമ്മിലാര്‍ക്കാണ് ശ്രദ്ധക്കുറവ് സംഭവിക്കാത്തത്? പല വിചാരങ്ങളും മനസ്സിലേക്ക് വരാത്ത ആരാണുള്ളത്?' അപ്പോഴദ്ദേഹം പറഞ്ഞു: 'അതിന്റെ ഉദ്ദേശ്യം സമയബോധമില്ലായ്മ എന്നതാകുന്നു. വെറുതെ സമയം വൈകിപ്പിച്ച് നമസ്‌കാരം നേരത്ത് നിര്‍വഹിക്കാതിരിക്കുന്നവരെപ്പറ്റിയാണ് ആ പറഞ്ഞത്' (ഇമാം ബൈഹഖി: 3286 സുനനില്‍ ഉദ്ധരിച്ചത്).

അതിനാല്‍ നമസ്‌കാരത്തിന്റെ എല്ലാ ചിട്ടവട്ടങ്ങളും പാലിച്ചുകൊണ്ട് നിര്‍വഹിക്കാന്‍ കഴിയില്ലെങ്കില്‍, സാധ്യമാവുന്നത്ര മര്യാദകള്‍ പാലിച്ചുകൊണ്ട് സമയം തെറ്റാതെ നമസ്‌കരിക്കുകയാണ് വേണ്ടത്.

യഅ്ല ബിന്‍ മുര്‍റനയില്‍നിന്ന് നിവേദനം: നബി(സ)യും അനുയായികളും ഒരു മലയിടുക്കില്‍ എത്തിപ്പെട്ടു. മഴ ചാറുന്നുണ്ടായിരുന്നു. നിലമാകട്ടെ നനഞ്ഞു കുതിര്‍ന്നിട്ടുമുണ്ട്. അങ്ങനെ നമസ്‌കാര സമയമായപ്പോള്‍ നബി(സ) ബാങ്ക് കൊടുക്കാന്‍ കല്‍പിച്ചു. ബാങ്കും ഇഖാമത്തും കൊടുത്തു. അനന്തരം നബി(സ) തന്റെ വാഹനപ്പുറത്തിരുന്നുകൊണ്ടു തന്നെ അവരെയും കൂട്ടി നമസ്‌കരിച്ചു. റുകൂഇനേക്കാള്‍ അല്‍പം കൂടി കുനിഞ്ഞ് സുജൂദ് ചെയ്യുന്ന ആംഗ്യരൂപത്തിലായിരുന്നു ആ നമസ്‌കാരം (തിര്‍മിദി: 413). ഇതിന്റെ പരമ്പര കുഴപ്പമില്ല എന്ന് ഇമാം നവവി ശറഹുല്‍ മുഹദ്ദബില്‍ രേഖപ്പെടുത്തിയിട്ടുണ്ട് (ബാങ്കിന്റെ അധ്യായം).

വാഹനപ്പുറത്തിരുന്ന് ഫര്‍ദ്  നമസ്‌കാരം നിര്‍വഹിക്കാമെന്ന് ഈ ഹദീസ് സൂചിപ്പിക്കുന്നു. നിര്‍ബന്ധമായും ചില നിബന്ധനകള്‍ പാലിച്ചിരിക്കേണ്ടതാണെന്ന് കുറിക്കുന്ന തെളിവുകളെ ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ പരിഗണിക്കേണ്ടതില്ലെന്നും ഈ ഹദീസ് വ്യക്തമാക്കുന്നു. 

കപ്പലില്‍ വെച്ചുള്ള നമസ്‌കാരം സാധുവാകുമെന്ന കാര്യത്തില്‍ അഭിപ്രായ ഐക്യം ഉള്ളതുപോലെ, ഫര്‍ദ് നമസ്‌കാരം വാഹനത്തില്‍ വെച്ച് സാധുവാകുമെന്ന ചിലരുടെ വീക്ഷണത്തിന് ഈ ഹദീസ് തെളിവാകുന്നു എന്ന് ഈ ഹദീസുദ്ധരിച്ച് ഇമാം ശൗകാനി അഭിപ്രായപ്പെടുന്നു (നൈലുല്‍ ഔത്വാര്‍: 2/148).

എന്നാല്‍ ശാഫിഈ മദ്ഹബനുസരിച്ച്, ഒരു നിവൃത്തിയുമില്ലെങ്കില്‍ ഇങ്ങനെ നമസ്‌കരിക്കാമെന്നും, ആ നമസ്‌കാരങ്ങള്‍ പിന്നീട് വീണ്ടും  നിര്‍വഹിക്കേണ്ടതാണെന്നും കാണാം. പക്ഷേ ഇതിന് എന്തെങ്കിലും തെളിവ് അവര്‍ സമര്‍പ്പിച്ചതായി കണ്ടിട്ടില്ല.  ആയതിനാല്‍ ഇമാം ശൗകാനിയുടെ അഭിപ്രായമാണ് പ്രബലമായി തോന്നുന്നത് (അല്ലാഹു അഅ്‌ലം).

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (89-93)
എ.വൈ.ആര്‍

ഹദീസ്‌

തഖ്‌വയും സല്‍സ്വഭാവവും
സുബൈര്‍ കുന്ദമംഗലം