Prabodhanm Weekly

Pages

Search

2018 ജനുവരി 05

3033

1439 റബീഉല്‍ ആഖിര്‍ 17

ചിത്രകലയെ ഇസ്‌ലാമില്‍ വായിക്കുമ്പോള്‍

പി.ടി കുഞ്ഞാലി

ചിത്രകലയോടും ചിത്രബോധങ്ങളോടുമായി എന്നും മുസ്‌ലിം  ജ്ഞാനമണ്ഡലം പരാങ്മുഖമായാണ് പെരുമാറിയിട്ടുള്ളത്. ജീവരൂപങ്ങള്‍ വരക്കുന്നതും വീടകങ്ങളില്‍ ദൃശ്യപ്പെടുത്തുന്നതും ഉത്തമവിശ്വാസികള്‍ക്ക് അഹിതകരമാണെന്ന് നിനക്കാവുന്ന ചില പ്രവാചക വചനങ്ങളും ഇതിനായവര്‍ പ്രചുരമാക്കുന്നു. പ്രമാണങ്ങളെ കാലബോധത്തില്‍ പാരായണം ചെയ്യേണ്ടതിനു പകരം പുരോഹിത പ്രമാണിമാര്‍ ജീവരൂപത്തെ മാത്രമല്ല  വര്‍ണങ്ങളുടെ മഹത്തായ വിമല വിസ്മയമണ്ഡലത്തെയപ്പാടെ വിശ്വാസത്തിന്റെ സര്‍ഗാത്മക സാധ്യതയില്‍നിന്നും തുരത്തിയോടിച്ചു. അതോടെ ദൃശ്യങ്ങളുടെ സാന്ദ്രസ്ഥലികളും വര്‍ണങ്ങളുടെ അപാര വിനിമയ സാധ്യതകളും  സ്വന്തപ്പെടാത്ത, ലാവണ്യരഹിതമായ ഒരു അബോധ സമൂഹമായി  ലോകത്തെവിടെയുംപോലെ കേരളീയ മുസ്‌ലിം സമാജവും കൂനിനില്‍ക്കുന്നു.  നമ്മുടെ ചിത്രകലാ സങ്കല്‍പ്പം കാലിഗ്രഫിയില്‍നിന്ന് ഇനിയും വിമോചിതമായിട്ടില്ല. കാലിഗ്രഫിയില്‍ പക്ഷേ മുസ്‌ലിം സമൂഹം ശ്രദ്ധാ ജാഗ്രതയുള്ളവരുമാണ്. അതുകൊണ്ടാണ് ഭൂകമ്പനം ചടുലനാശം വരുത്തുന്ന  നഗരപ്രാന്തത്തില്‍നിന്ന്  ജീവനും പേറി പലായനധൃതി കാട്ടുന്ന ജനങ്ങളുടെ നിരവേഗത്തില്‍ ഉള്‍പ്പെടാതെ തന്റെ കാലിഗ്രഫിയുടെ അവസാന മിനുക്കില്‍  പരിസരം മറന്ന് ഏകാഗ്രനാവുന്ന ഖാന്‍ഖാഹിലെ വൃദ്ധ ദര്‍വീശിനെ നാം കണ്ടെടുക്കുന്നത്. രൂപങ്ങളും വര്‍ണങ്ങളും അവ യോഗപ്പെടുമ്പോള്‍ ഇതള്‍ വിരിയുന്ന അക്ഷര നിര്‍മിതിയും സ്വന്തത്തേക്കാള്‍ അയാള്‍ക്കും പ്രധാനമാകുന്നു.  അപ്പോഴും പക്ഷേ ഇത് സാന്ദ്രവിസ്തൃതവും കലമ്പുന്നതുമായ ആശയപ്രകാശനത്തിലേക്കു വികസിക്കുന്ന സമ്പൂര്‍ണ ചിത്രങ്ങളാവുന്നില്ല. പ്രമാണങ്ങളുടെ പ്രതിലോമപാരായണം അയാള്‍ക്കു മുന്നില്‍ തീര്‍ക്കുന്ന വിഘ്‌നങ്ങള്‍ തന്നെയാണ് ഇതിന് നിമിത്തമാകുന്നത്.

വിശുദ്ധ വേദത്തില്‍ ചിത്രകലയെ പ്രതി നിഷേധ വാചകങ്ങളൊന്നുമില്ല. മാത്രമല്ല, ലാവണ്യാന്വേഷണങ്ങളില്‍ ഏതാണ്ട് പ്രഥമമായ സംഗീത സാന്ദ്രിമയെപ്പോലും വേദം ഗാഢമായി പുണര്‍ന്നു നില്‍ക്കുന്നതു കാണാം. ലോകത്തിലെ ഏത് സംഗീതരൂപത്തെയും മൂസാ പ്രവാചകന്റെ കൈവടി പോലെ, അത്ഭുതപ്പെടുത്തുന്നതാണ് വിശുദ്ധ പാരായണത്തിലെ ഗാനാത്മകതയുടെ പല്ലവിയും ചരണവും.  അതന്ന് തോല്‍പ്പിച്ചത് ജാഹിലിയ്യാ അറേബ്യന്‍  കാവ്യവഴിയിലെ അര്‍ഥധ്വനികളെയും  രൂപകങ്ങളെയും മാത്രമായിരുന്നില്ല; ആസ്വാദനത്തിലെ ശുദ്ധസംഗീത സാഹിത്യത്തെത്തന്നെയായിരുന്നു.

എങ്കില്‍ കാലാതിവര്‍ത്തിയായ വിശുദ്ധ പുസ്തകം ചിത്രസംസ്‌കൃതിയെ ഒരിക്കലും നിഷ്‌കാസിതമാക്കുകയില്ല.  എന്നല്ല വിശുദ്ധ പുസ്തകത്തിലൂടെ അനുസഞ്ചാരം ചെയ്യുമ്പോള്‍  നാം അറിയുക ചിത്രവിസ്മയങ്ങളുടെ  മഹാ പ്രകാരനിരകളെയാണ്. അതില്‍ ശുദ്ധ പ്രകൃതിദൃശ്യങ്ങളുണ്ട്, തകര്‍ന്നടിഞ്ഞ നാഗരിക സ്വരൂപങ്ങളുടെ നിസ്സഹായ ദര്‍ശനങ്ങളുണ്ട്, മനുഷ്യാഹങ്കാരത്തിന്റെ ഇടിവെട്ട് പ്രദര്‍ശനങ്ങളുണ്ട്. എന്തിനേറെ യൂസുഫ് പ്രവാചകന്‍ കടന്നുപോകുന്ന ജീവിതാവസ്ഥകളെ വര്‍ണഭംഗിയോടെ പ്രക്ഷേപിക്കുമ്പോള്‍  ചിത്രകലയുടെ സൂക്ഷ്മസാധ്യതകള്‍  എത്ര തന്മയീഭാവത്തോടെയാണ് അതില്‍ ആവിഷ്‌കരിച്ചിരിക്കുന്നതെന്നുകണ്ട് നാം അമ്പരക്കും.  കവിതയിലും  ചിത്രങ്ങളിലും  വസ്തുതകളെ നേര്‍തെളിച്ചത്തില്‍  അവതരിപ്പിക്കുന്നതല്ല കാമ്യം. പകരം അത് ആസ്വാദകനു മുന്നില്‍ നിരവധി  പാരായണ സാധ്യതകള്‍ തുറന്നിടുന്ന ധ്വനിവൈവിധ്യങ്ങളിലൂടെയാവും. ഇത്തരത്തില്‍ പരശ്ശതം വാങ്മയങ്ങള്‍ ഖുര്‍ആനില്‍ നൃത്തം ചെയ്യുന്നത് നമുക്ക് കാണാം. സമ്പന്നനും അഹങ്കാരിയുമായ നാട്ടുമൂപ്പനും ദരിദ്രനായ കൃഷീവലനും അന്യോന്യമാകുന്ന മനോഹരമായ ഒരു വാങ്മയം 'ഗുഹാവാസികളില്‍' നാം കാണുന്നു. സ്വന്തം കൊട്ടാര അങ്കണത്തിലെ ഇന്ദ്രജാല മത്സരത്തില്‍ മൂസാ പ്രവാചകനോട് തോറ്റമ്പി വിഷണ്ണനും കോപാന്ധനുമായി നില്‍ക്കുന്ന ഫറവോന്റെ വാങ്മയം  ഏതൊരു ചിത്രകാരന്റെ കൃതഹസ്തതയെയും മറിച്ചിട്ടാണ് ഖുര്‍ആന്‍ ദൃശ്യമോഹനമാക്കുന്നത്. ഫലസ്ത്വീനില്‍നിന്നും ഭാര്യാസമേതനായി  ഇരുളിന്റെ ഗഹനതയില്‍ മിസ്വ്‌റിലേക്കു പോകുന്ന  മൂസ വെട്ടം തേടി സീനാമലയിലെ ശിഖരം കയറുന്ന ദീപ്തരംഗം. തുടര്‍ന്ന് അടിമയും ഉടമയും തമ്മില്‍  വിനിമയമാകുന്ന മഹാപൊരുളുകള്‍.  ഇത് നാം അറിയുന്നത്  മനോജ്ഞമായ വാങ്മയഭംഗിയില്‍ കൂടിത്തന്നെയാണ്. വിശ്വാസബോധ്യത്തിന്റെ മൂലാധാരം തേടി ഇബ്‌റാഹീം  പ്രവാചകന്‍ പ്രപഞ്ചസ്രഷ്ടാവുമായി  നടത്തുന്ന ഒരു സല്ലാപമുണ്ട് ഖുര്‍ആനില്‍. ശുദ്ധചിത്രകലയുടെ സാധ്യതകള്‍ തന്നെയാണ് ഈ പാഠാവതരണത്തിന് ഖുര്‍ആന്‍ ഉപയോഗിച്ചത്. എങ്ങനെയാണ് ആശയാവതരണത്തിന് ചിത്രവിനിമയത്തിന്റെ സാധ്യതകള്‍ ഖുര്‍ആന്‍ ഉപയോഗിച്ചതെന്നതിന്  ഖുര്‍ആന്‍ തന്നെ സാക്ഷ്യം പറയുന്നു.  അപ്പോഴും പക്ഷേ പ്രവാചകകാലം ചിത്രകലയെ അടിപടലോടെയാണ് തള്ളിക്കളഞ്ഞതെന്ന പ്രതിചിന്ത പൊതുവെ നമ്മെ നയിക്കുന്നു.  ഇതിനു നാം പാഠത്തെ (Text) മാത്രമല്ല ഉപദാനിക്കേണ്ടത്; പാഠാവതരണ കാലത്തെ (Conext) കൂടിയാണ്. 

കുലം മുടിയുന്ന രണഭേരികളും ദീര്‍ഘിച്ചുപോകുന്ന വര്‍ത്തക സഞ്ചാരങ്ങളും സാമൂഹിക ജീവിതങ്ങളെ നിര്‍മിച്ചിരുന്ന തമോകാലങ്ങളില്‍ ഗോത്രജീവിതങ്ങളെ സര്‍ഗാത്മകമാക്കിയിരുന്നത് കവിതകളും പ്രതിമാ നിര്‍മാണവും പിന്നെ അവയുടെ ആചാരപരമായ പ്രതിഷ്ഠകളുമായിരുന്നു. പ്രതിമകള്‍ ആത്മീയപ്രധാനവും കവിത ആസ്വാദനപ്രധാനവുമായിരുന്നു ഏറക്കുറെ. അതുകൊണ്ടുതന്നെ ഇസ്‌ലാമിന് ഈ രണ്ടു വ്യവഹാരങ്ങളിലും സ്വാഭാവികമായും ഇടപെടല്‍ അനിവാര്യമായി. അറബികളുടെ ദൈവങ്ങള്‍ മിക്കതും ജീവരൂപ മാതൃകകളില്‍ തന്നെയായിരുന്നു. ഏകദൈവ സങ്കല്‍പ്പം തീര്‍ത്തും അരൂപവും  അനാകാരവുമായിരിക്കുക യുക്തിപ്രധാനമാണ്. സ്രഷ്ടാവിനെ സൃഷ്ടിപ്രധാന രൂപ രൂപകങ്ങളില്‍ വ്യവഹരിക്കാവതല്ല. അത്തരം സങ്കല്‍പനങ്ങളുടെ ആനവാതിലുകള്‍ എന്നേക്കുമായി  സാക്ഷയിടേണ്ടതുണ്ട്. തൗഹീദ് അത്രക്ക് മൂര്‍ത്തവും വിമലവുമാണ്. ഈ വിശുദ്ധി സാധിതമാക്കാനാകാം  ഈദൃശത്തില്‍ പ്രവാചകന്‍ ഇത്രയും കരുതലെടുത്തത്.  ഇസ്‌ലാം കവിതയില്‍ കൈവെച്ചു. അത് പക്ഷേ വളരെ ലളിതം. വിശ്വാസത്തിന്റെ നൈര്‍മല്യം കൊണ്ട് കവനകൗതുകത്തെ വിമലീകരിക്കുക. കവിത നിരോധിച്ചില്ല. കാരണമത് മാനവികതയുടെ സഞ്ചിത സമൃദ്ധിയാണ്. അതുകൊണ്ടാണ് സാബിത്തിന്റെ മകന്‍ ഹസ്സാനും സുഹൈറിന്റെ പുത്രന്‍ കഅ്ബും ലാവണ്യഭാവുകത്വം തുളുമ്പിയ കവിതൊലികള്‍ കൊണ്ട് യസ്‌രിബിലെ അപരാഹ്നങ്ങളെ സാന്ദ്രമാക്കിയത്. 

ഈയൊരു പ്രേക്ഷത്തില്‍നിന്നുതന്നെയാണ് നാം ചിത്രകലയെ കാണേണ്ടത്. അറേബ്യന്‍ ഗോത്രജീവിതത്തില്‍ ചിത്രകല തീര്‍ത്തും അവികസിതം തന്നെയായിരുന്നു. അന്നവിടെ നിലനിന്നത് ദിവ്യശക്തി ആരോപിക്കപ്പെടുന്ന രൂപനിര്‍മിതി മാത്രമായിരുന്നു.  ഇതാണ് ഖുര്‍ആന്‍ പറയുന്ന  സ്വനമും, തിംസാലും.  ഇതാകട്ടെ പൊതുവെ മനുഷ്യരൂപികളുമായിരുന്നു. വദ്ദും സുവാഉം യഊഖും നസറും ഈ ശ്രേണിയില്‍ ഉള്‍പ്പെടുന്നു. ഈ സാന്നിധ്യങ്ങള്‍ ഒക്കെയും എളുപ്പത്തില്‍ ഏകദൈവ വിശ്വാസത്തിലേക്ക് തുളകള്‍ വീഴ്ത്തി അതിന്റെ വിമലതയിലേക്ക് ചേക്കേറാന്‍  പാര്‍ത്തിരിക്കുകയായിരുന്നു. അങ്ങനെയൊരു സാധ്യത തീര്‍ച്ചയായും കരുതലാവശ്യപ്പെടുന്നു. ഇതുകൊണ്ടാകാം ജീവരൂപങ്ങളുടെ വരവിനെ പ്രവാചകന്‍ ഉത്സാഹപ്പെടുത്താതിരുന്നത്. ഉമ്മുഹബീബയും ഉമ്മുസലമയും  നജ്ജാശിയുടെ കനീസയില്‍ കണ്ട രൂപങ്ങളെപ്രതി പ്രവാചകന്‍ നടത്തിയ നിരീക്ഷണം ഈ പ്രതലത്തില്‍നിന്നുകൊണ്ടാണ് നാം നിരീക്ഷിക്കേണ്ടത്. ചിറകടിച്ചോടുന്ന കുതിരയുടെ രൂപം കൊത്തിയ  മൂടുപടം ധരിച്ച ആഇശയോട് പ്രവാചകന്‍ പ്രകടിപ്പിച്ച നീരസവും ഇതേ പ്രതലത്തില്‍നിന്നുതന്നെയാണ് നാം നോക്കേണ്ടത്. അല്ലെങ്കിലന്ന്  ഇസ്‌ലാമിന്റെ തൗഹീദ് അട്ടിമറിയും. അതാണ് ഖുറൈശികള്‍ക്കു വേണ്ടത്. കാരണം തൗഹീദ് നീതിയാണ്. സമൂഹത്തിന്റെ സമൃദ്ധിയും നിര്‍ഭയത്വവുമാണ്. അത് ഭൂമിയില്‍ പുലരേണ്ടതാണ്; ചക്രവാളത്തിലെ സ്വപ്‌നങ്ങളല്ല. തൗഹീദ് അട്ടിമറിക്കുക ഖുറൈശി നാടുവാഴിത്തങ്ങള്‍ക്ക് പ്രിയമാണ്. അതവര്‍ സാധിതമാക്കുക അവരുടെ സ്വകാര്യ ദൈവങ്ങളുടെ സ്ഥാപിതത്വത്തിലൂടെയാവും. ഇത് പ്രവാചകനറിയാം. ആ ഉരുത്തിരിയല്‍ പ്രധാനമാണ്. അതുകൊണ്ടാകാം രൂപങ്ങളെ അന്ന് അകലങ്ങളില്‍ നിര്‍ത്താന്‍ നോക്കിയത്. അതു പക്ഷേ സര്‍വകാല വിസ്തൃതമല്ല. അതുവെച്ച് ചിത്രകലയെ മൊത്തമായി അപരമാക്കാവതല്ല.  

ഏത് കലാരൂപങ്ങളും സൗന്ദര്യാന്വേഷണമാണ്. പ്രപഞ്ചം സുന്ദരമാണ്, ഭൂമി സുന്ദരമാണ്. പ്രകൃതിയും സൃഷ്ടിജാലികാ സ്വരൂപം മൊത്തമായും സൗന്ദര്യമാണ്. കാരണം ഇതിന്റെ ഏകനായ സ്രഷ്ടാവ് സൗന്ദര്യമാണ്. അവന്‍ സൗന്ദര്യത്തെ എന്നും പ്രണയിക്കുന്നവന്‍. ആശയസംവേദനത്തിനു മാത്രമുള്ള  ഒരു വ്യവഹാര മണ്ഡലമായി പ്രഭാഷണവും കവിതയും വികസിച്ചതുപോലെ  ചിത്രമെഴുത്ത് ഗോത്രജീവിതത്തില്‍ വികസിച്ചിട്ടുണ്ടായിരുന്നില്ല. എന്നാല്‍ ഇന്നങ്ങനെയല്ല. ഈ കാലബോധത്തില്‍നിന്നുകൊണ്ട് ഒരു സര്‍ഗാത്മക മണ്ഡലമെന്ന നിലയില്‍ ഇന്നു ചിത്രകലയെയും ചിത്രഭാഷയെയും മുസ്‌ലിം ലോകം സ്വീകരിക്കേണ്ടതുണ്ട്. യാഥാസ്ഥിതികമെന്നു കരുതപ്പെടുന്ന വിഭാഗങ്ങള്‍ പോലും അവരുടെ പ്രസിദ്ധീകരണങ്ങളില്‍ ചിത്രകലയുടെ സാധ്യതകള്‍ ഉപയോഗിച്ചുതുടങ്ങിയെങ്കിലും ശുദ്ധ ചിത്രകലയും അതിന്റെ ആസ്വാദനമണ്ഡലവും എത്രയോ അകലെ തന്നെയാണ് ഇന്നും മുസ്‌ലിം സാമൂഹികതയില്‍. ഉരുത്തിരിയല്‍ കാലത്തിന്റെ സൂക്ഷ്മബോധത്തില്‍ നിന്നല്ല ഇതിനെ നാം സമീപിക്കേണ്ടത്.  

പ്രബന്ധങ്ങളില്‍നിന്ന് കവിത എങ്ങനെ സ്ഫുടീകൃതമാകുന്നുവോ അതിനേക്കാള്‍ ശീഘ്രത്തില്‍ അനുവാചകലോകത്തോട് സംവേദിതമാകുന്നതാണ് ചിത്രങ്ങള്‍. അതിന് അനുശീലനത്തിന്റെ സാധകം വേണമെന്നു മാത്രം.  അതാകട്ടെ ഏത് ലാവണ്യ അന്വേഷണങ്ങള്‍ക്കും ബാധകമാണ്. ചൈനീസ് അക്ഷരമാല അറിയാത്ത ഒരാള്‍ ചൈനീസ് ഭാഷക്ക് സാഹിത്യമില്ലെന്നു പറയുന്നതുപോലുള്ള ഒരസംബന്ധ യുക്തി.  ആശയത്തിന്റെ വാഹനമാണ് ഭാഷ. ഭാഷയുടെ സഞ്ചാരപാത അക്ഷരങ്ങളും. അക്ഷരങ്ങള്‍ക്ക് ലഗാനം തെറ്റുമ്പോള്‍ ആശയം അവ്യക്തതയുടെ  നിരുന്മേഷത്തിലേക്ക് വഴുതും. ഭാവന ചോര്‍ന്നുപോയ കവിത പോലെ. ചിത്രഭാഷക്കുമുണ്ട് സ്വകീയമായ അക്ഷരമാലയും വ്യാകരണ സംഹിതയും കാലബോധങ്ങളും. നിറങ്ങളും ചിഹ്നങ്ങളും കൃത്യജ്യാമിതിയും  (Geometry) ആന്തരഘടനയുമാണ് (Anatomy) ചിത്രഭാഷയുടെ സഞ്ചാരവാഹനം. ഇതില്‍ വികടവിദ്വാന്‍ ചടഞ്ഞിരിക്കുമ്പോള്‍ ചിത്രരചനയും പാരായണവും അപായപ്പെടും.  അപ്പോള്‍ വിരസമാകുന്ന ഒരു വിരുദ്ധോക്തിയിലേക്ക് ചിത്രകലാസ്വാദനം നമ്മെ ഉന്തിയിടും. 

ക്യാമറയുടെ വരവോടെ ശുദ്ധചിത്രകലയും ഛായാഗ്രഹണവും (Photography) വഴിപിരിഞ്ഞിട്ടുണ്ട്. ഛായാഗ്രഹണം അത് പകര്‍ത്തുന്ന നിമിഷത്തിലാ വസ്തുയാഥാര്‍ഥ്യത്തെ ചിത്രീകരിക്കുന്ന സ്ഥൂലപ്രവൃത്തിയാണ്. തഥാഗഥമായ വസ്തുയാഥാര്‍ഥ്യത്തെ മാത്രമേ അത്  പ്രക്ഷേപിക്കുന്നുള്ളു.  ചിത്രകല പക്ഷേ അങ്ങനെയല്ല.  അതില്‍ മനോധര്‍മത്തിനും ഭാവനക്കും ഇടമുണ്ട്. പൂര്‍ണതയില്‍ അപൂര്‍ണമാവുകയും അപൂര്‍ണതയില്‍ പൂര്‍ണമാവുകയും അങ്ങനെ പൂര്‍ണത തേടിയുള്ള മഹാ പ്രവാചക സഞ്ചാരങ്ങള്‍ ഉള്ളടങ്ങുകയും ചെയ്യുന്ന സൗന്ദര്യാന്വേഷണം കൂടിയാണ് സത്യത്തില്‍ ചിത്രകല. ലാവണ്യാന്വേഷണം സത്യാന്വേഷണമാണ്. പ്രപഞ്ച സ്രഷ്ടാവിനെ അന്വേഷിക്കുന്നത് തന്നെയാണത്. ഏകദൈവത്തിന്റെ പരമസത്തയിലേക്കുള്ള ആവാഹനം. ഇതാണ് ചിത്രകലയിലെ വിശ്വാസിയുടെ ആധാരദര്‍ശനം. 

പിക്കാസോവിന്റെ വിശ്രുതമായ ചിത്രവിസ്മയമാണ് ഗൂര്‍ണിക്ക. സ്പാനിഷ് നഗരങ്ങളിലും ഉപപ്രാന്തങ്ങളിലും ഫാഷിസ്റ്റുകള്‍ നടത്തിയ നരമേധത്തിന്റെ ദൈന്യ പരിണതിയാണ് പിക്കാസോ  ഈ ചിത്രത്തില്‍ ആവിഷ്‌കരിച്ചത്. കൊഴുത്ത പോരുകാളകളും അവരോട് മല്‍പ്പിടിത്തം ചെയ്യുന്ന പോരാളികളും സ്പാനിഷ് ദേശീയതയുടെ തുടുത്ത സാന്നിധ്യമായിരുന്നു. യുദ്ധം കുഴച്ചുമറിച്ച സ്പാനിഷ് ദീനഭാവത്തെ ദൃശ്യപ്പെടുത്താന്‍ പിക്കാസോ തന്റെ വിശ്രുത രചനയില്‍ ഉപയോഗിച്ചത് മെലിഞ്ഞുണങ്ങിയ കാളക്കോലങ്ങളെയും ദൈന്യമുഖഭാവങ്ങളെയുമാണ്. എത്രായിരം താളുകള്‍ നിറയുന്ന ഗമണ്ടന്‍ വസ്തുവിവരണ യജ്ഞങ്ങള്‍ ഉണ്ടാക്കുന്ന ക്ഷോഭത്തേക്കാള്‍ ഇരമ്പുന്ന ദേശീയ പ്രക്ഷോഭമായി സ്‌പെയിനിനെ മാറ്റാന്‍ ഈയൊരു ചിത്രത്തിനായി. എങ്ങനെയാണ് ചിത്രകല സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്നത് എന്നറിയാന്‍ ഈ ഒരു ഗൂര്‍ണിക്കാ പഠനം മാത്രം മതി. വിശുദ്ധ ഖുര്‍ആനില്‍ യൂസുഫ് പ്രവാചകന്‍ തടവറക്കാലത്ത് വ്യാഖ്യാനിച്ചു നല്‍കിയ രണ്ട് സ്വപ്‌നങ്ങളുണ്ട്. മെലിഞ്ഞ പശുക്കള്‍ തടിച്ചിപ്പശുക്കളെ തിന്നുതീര്‍ക്കുന്നതും പച്ച കതിര്‍ക്കുലകള്‍ ഉണങ്ങിയ കറ്റമണികളില്‍ ചേരുന്നതും. പിക്കാസോ രൂപകങ്ങളില്‍  ഈ കനവുകളെ  ദൃശ്യവത്കരിച്ചാല്‍  പലപ്പോഴും ഗൂര്‍ണിക്ക തോറ്റുപോവും. ചിത്രകല ഒരു രാഷ്ട്രീയ പ്രവര്‍ത്തനം തന്നെയാണ്. രാഷ്ട്രീയ പ്രവര്‍ത്തനം ആത്മീയ പ്രവര്‍ത്തനവും. ഇസ്‌ലാമിലെ ഏകദൈവസങ്കല്‍പ്പം സ്വാതന്ത്ര്യത്തിന്റെയും നിര്‍ഭയത്വത്തിന്റെയും നക്ഷത്രക്കറ്റകളെ കൊയ്യുന്ന  ആകാശ തുറസ്സാണ്. ഏകനായ പരാശക്തിയിലൂടെ മനുഷ്യന്‍  ധന്യതയുടെ  മഴവില്ല് ചൂടുന്ന തുറന്ന ആകാശം. 

കവിതയിലെപ്പോലെ ചിത്രകലയിലും ബിംബകല്‍പ്പനകള്‍ പ്രധാനം തന്നെയാണ്. സമുദായത്തിന്റെ ചിത്രസംസ്‌കാരം ഇപ്പോഴും അരുതുകളുടെ പ്രമാണവേലിക്കകത്ത് തടവിലാണ്. സ്വൂറത്തും തിംസാലും പിന്നെ സ്വനമും തമ്മിലുള്ള മുത്ത്വലാഖ് ചര്‍ച്ചയില്‍ തന്നെയാണ് സമുദായ നേതൃത്വം. അതുകൊണ്ടുതന്നെയാണ് കേരളത്തിലെ ഏറ്റവും വലിയ വായനാ സമൂഹവും പ്രസാധക സമൂഹവുമായിട്ടുകൂടി നമ്മുടെ ചിത്രകലാസ്വാദന മേഖല ഇങ്ങനെ കൂമ്പിനില്‍ക്കുന്നത്. അതുകൊണ്ടാണ് ചിത്രകലയുടെ പുഞ്ചപ്പാടത്ത് ഭാവുകത്വത്തിന്റെ നിലാവ് കൊയ്യാനാവാതെ തുരുമ്പ് തിന്ന അരിവാളുമായി മുസ്‌ലിംകളിലെ സര്‍ഗാത്മക സമൂഹം പോലും അന്തിച്ചുനില്‍ക്കുന്നത്. വിശുദ്ധ ഖുര്‍ആനിലൂടെ ഒറ്റത്തവണ അന്വേഷണ സഞ്ചാരം ചെയ്താല്‍ മതി, അത് ദൃശ്യവല്‍ക്കരിക്കുന്ന അനുഭൂതികളുടെ വിശാലശ്രവന്തിയില്‍ ഒന്നു മുങ്ങാംകുഴിയിട്ടാല്‍ മതി, ചിത്രകലാ ലാവണ്യ വിസ്മയങ്ങളുടെ നിറമാലനിര കണ്ട് നാം അമ്പരക്കും. ഖുര്‍ആന്‍ മുന്നോട്ടു വെക്കുന്ന മാനവികവും ആത്മീയവുമായ സൗന്ദര്യധാരകളത്രയും കിണറിലെറിഞ്ഞ് കേവലാനുഷ്ഠനത്തിന്റെ കല്‍തൊട്ടിയുമായി തിരികെ പോയാല്‍ ഒരു സമൂഹമെന്ന നിലയില്‍ ഇനിയും നാം നിരക്ഷരരായി തുടരേണ്ടിവരും. ചിത്രകലാ ലോകത്തെപ്രതി നമുക്ക് മൗലിക ധാരണകളുണ്ടാവണം. ഖുര്‍ആനിക പ്രപഞ്ചവീക്ഷണത്തില്‍നിന്നുകൊണ്ടുള്ള മൗലികമായ പഠനം.

അതൊരിക്കലും പ്രാചീന ഫിഖ്ഹിന്റെ രുദ്രാക്ഷശുഷ്‌കതയാകാവതല്ല.  ശബ്ദവും അര്‍ഥധ്വനികളും തമ്മിലുള്ള ആത്മബന്ധം പോലെ ദൃശ്യപ്പെരുമകളും  അര്‍ഥങ്ങളും തമ്മിലുള്ള നാഭീബന്ധങ്ങളും നമ്മുടെ മുമ്പില്‍ വിരിഞ്ഞുവരും. അങ്ങനെ ദൃശ്യങ്ങളെ സ്രഷ്ടാവിന്റെ ആദിപ്രഭവ ബിന്ദുവോളം പിന്തുടര്‍ന്ന് വര്‍ണങ്ങളില്‍ ആവിഷ്‌കരിക്കാനുള്ള സിദ്ധിയും സാധകവും നാം ആര്‍ജിച്ചെടുക്കും. അപ്പോള്‍ ദൃശ്യങ്ങളെ താക്കോലാക്കി ആശയത്തിന്റെ ഘടനയെയും അന്തസ്സത്തയെയും പൊലിപ്പിച്ചെടുക്കാനുള്ള ഒരു ബലതന്ത്രം നമുക്ക് സാധിതമാകും.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (62-64)
എ.വൈ.ആര്‍

ഹദീസ്‌

വിസ്മരിക്കരുത് ഉത്തരവാദിത്തങ്ങള്‍
കെ.സി ജലീല്‍ പുളിക്കല്‍