Prabodhanm Weekly

Pages

Search

2018 ജനുവരി 05

3033

1439 റബീഉല്‍ ആഖിര്‍ 17

വാസ്തുശില്‍പ വിസ്മയങ്ങള്‍ ഇസ്‌ലാമിക നാഗരികതയുടെ മാഹാത്മ്യമാണ്

എ.കെ അബ്ദുല്‍ മജീദ്

ഇസ്‌ലാമിക കലയുടെ ഏറ്റവും ഉജ്ജ്വലമായ ആവിഷ്‌കാരമാണ് മുസ്‌ലിം ലോകത്തുടനീളവും മുസ്‌ലിം ഭരണം അല്‍പകാലമെങ്കിലും നിലനിന്ന ഇതര നാടുകളിലും തലയുയര്‍ത്തി നില്‍ക്കുന്ന വാസ്തുശില്‍പ വിസ്മയങ്ങള്‍. വിജ്ഞാനം, കല, സാഹിത്യം, സംസ്‌കാരം എന്നിവയിലെല്ലാം ഇസ്‌ലാമിക നാഗരികത കൈവരിച്ച ഔന്നത്യത്തിന്റെ കുലീന ഭാവങ്ങളെ പ്രതീകാത്മകമായി പ്രകാശിപ്പിക്കുന്നവയാണ് വാസ്തുവിദ്യയിലെ മുസ്‌ലിം സംഭാവനകള്‍. മുസ്‌ലിം പ്രതാപത്തിന്റെ പെരുമയും ഗരിമയും അവ വിളിച്ചോതുന്നു. ഇസ്‌ലാം കൈവരിച്ച ദിഗ്വിജയങ്ങളുടെ കൊടിയടയാളങ്ങള്‍ കൂടിയാണവ. നാഗരിക മാഹാത്മ്യത്തിന്റെ സാക്ഷ്യപത്രങ്ങള്‍.

ഇസ്‌ലാമിക നാഗരികതയില്‍ ഉരുവം പ്രാപിച്ചു എന്നതിനാല്‍ ഒരു കലാരൂപത്തെയോ നിര്‍മാണ രീതിയെയോ 'ഇസ്‌ലാമികം' എന്നു വിശേഷിപ്പിക്കാമോ എന്ന തര്‍ക്കം ഉന്നയിക്കപ്പെട്ടിട്ടുണ്ട്. മതസമൂഹത്തിനകത്തു നിന്നും പുറത്തുനിന്നും ഈ തര്‍ക്കം ഉയരുന്നുണ്ട്. ലൗകിക വ്യവഹാരങ്ങളുമായി മതത്തിനു ബന്ധമില്ലെന്നും ആത്മീയ കാര്യങ്ങള്‍ മാത്രമാണ് മതം ശ്രദ്ധിക്കുന്നത് എന്നും വിശ്വസിക്കുന്നവര്‍ ലൗകികമായ എന്തിനോടെങ്കിലും മതത്തെ ചേര്‍ത്തു പറയുന്നതിനെ വിമര്‍ശിക്കുന്നു. സംസ്‌കാരങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ മതം വഹിക്കുന്ന പങ്കിനെക്കുറിച്ചുള്ള അജ്ഞതയില്‍നിന്നാണ് ഈ വിമര്‍ശനം ഉടലെടുക്കുന്നത്. മതം മനുഷ്യസമൂഹത്തിനു കാര്യമായൊന്നും സംഭാവന ചെയ്തിട്ടില്ല എന്നു വാദിക്കുന്ന മതേതരവാദികള്‍ എല്ലാ നാഗരികതകളും ചരിത്രത്തിന്റെ സവിശേഷ ഘട്ടങ്ങളില്‍ സ്വയമേവ രൂപപ്പെട്ടവയാണെന്നും സ്വാഭാവികമായ പുരോഗതിയുടെ മൈല്‍ക്കുറ്റികളായേ അവയെ കാണേണ്ടതുള്ളൂ എന്നും വാദിക്കുന്നു. ഇരു വാദങ്ങളും പൊതുവായി വിസ്മരിക്കുന്ന വസ്തുത ഓരോ മതസമൂഹവും ലോകത്തു സൃഷ്ടിച്ച കെട്ടിട സമുച്ചയങ്ങള്‍ക്ക് അതത് സമൂഹങ്ങളുടെ ആചാരാനുഷ്ഠാനങ്ങളുമായും പ്രപഞ്ച വീക്ഷണവുമായും ബന്ധപ്പെട്ട പ്രത്യേകമായ ആകാരവും സൗകര്യങ്ങളും സൗന്ദര്യവും ഉണ്ട് എന്നുള്ളതാണ്. ചെറുതും വലുതുമായ ഹിന്ദു-ബൗദ്ധ-ജൈന ക്ഷേത്രങ്ങള്‍, ചര്‍ച്ചുകള്‍, മസ്ജിദുകള്‍, സിനഗോഗുകള്‍, ഗുരുദ്വാരകള്‍ എന്നിവയുടെ രൂപഘടന, ആന്തരിക സംവിധാനങ്ങള്‍, അലങ്കാരവേലകള്‍ എന്നിവ ശ്രദ്ധിച്ചാല്‍ ഈ വ്യത്യാസം ബോധ്യപ്പെടും. ക്ഷേത്രങ്ങളിലേതുപോലെയുള്ള ശില്‍പങ്ങള്‍ മസ്ജിദുകളിലോ മുസ്‌ലിം ശവകുടീരങ്ങളിലോ കോട്ടകളിലോ കൊട്ടാരങ്ങളിലോ കാണുകയില്ല. പ്രതിമാ നിര്‍മാണം ഇസ്‌ലാം വിലക്കിയിട്ടുണ്ട് എന്നതുതന്നെയാണ് ഇതിനു കാരണം. ആദ്യകാലത്തെ ചില മുസ്‌ലിം മന്ദിരങ്ങളില്‍ മൃഗങ്ങളുടെ രൂപങ്ങള്‍ ആലേഖനം ചെയ്തിരുന്നുവെങ്കിലും പിന്നീടവ മതപരമായ കാരണങ്ങളാല്‍ ഉപേക്ഷിക്കപ്പെടുകയാണുണ്ടായത്. മുസ്‌ലിം വാസ്തുവിദ്യയില്‍ ഇസ്‌ലാമികമായ ഉള്ളടക്കം സൂക്ഷ്മമായി ഉള്‍ച്ചേര്‍ക്കപ്പെട്ടിട്ടു് എന്ന് നിരീക്ഷണത്തില്‍ തിരിച്ചറിയാന്‍ സാധിക്കും. സംസ്‌കാരങ്ങളുടെ ചരിത്രപരമായ കൂടിച്ചേരല്‍ മൂലം സംഭവിച്ചിട്ടുള്ളതും സംഭവിക്കുന്നതുമായ കൊടുക്കല്‍വാങ്ങലുകള്‍ ഉള്ളതോടൊപ്പം തന്നെ ഓരോ നാഗരികതയുടെയും നിര്‍മിതി മാതൃകകള്‍ക്ക് തനതായ ചില മുഖപ്പുകളും എടുപ്പുകളും മിഴിവുകളും വന്നുചേരുന്നത് അതത് നാഗരികതകളെ സാധ്യമാക്കുന്ന സവിശേഷ സൗന്ദര്യബോധവും പ്രപഞ്ച വീക്ഷണവുമാണ്. ഒന്നു മറ്റൊന്നില്‍നിന്ന് കടമെടുക്കുമ്പോള്‍ പോലും ആന്തരികമായ ഒരു കരുതല്‍ കാവല്‍ നില്‍ക്കുന്നതായി കാണാം. ഇസ്‌ലാമിക വാസ്തുവിദ്യയുടേതു മാത്രമായ സവിശേഷതകള്‍ കലാ നിരീക്ഷകള്‍ക്ക് അടയാളപ്പെടുത്താന്‍ സാധിക്കുന്നത് അതുകൊണ്ടാണ്.

ഇസ്‌ലാമിക നാഗരികതയിലെ വാസ്തുവിദ്യയെ സൂചിപ്പിക്കാന്‍ ആദ്യകാല ഓറിയന്റലിസ്റ്റുകള്‍ സാമാന്യമായി സ്വീകരിച്ചുകാണുന്ന പേരുകള്‍ മുഹമ്മദന്‍, സാരസന്‍ എന്നിവയാണ്. കുരിശു പടയാളികള്‍ മുസ്‌ലിംകളെ ഈ പേരുകളിലാണ് വിളിച്ചിരുന്നത്. സ്‌പെയിനിലെ മുസ്‌ലിം വാസ്തുവിദ്യയെക്കുറിച്ച് പറയുമ്പോള്‍ 'മൂറിഷ് ആര്‍ക്കിടെക്ചര്‍' എന്നും പ്രയോഗിക്കാറുണ്ട്. 'ഇസ്‌ലാമിക വാസ്തുവിദ്യ' എന്ന പ്രയോഗത്തോടു കലഹിക്കുന്നവര്‍ പക്ഷേ 'മുസ്‌ലിം വാസ്തുവിദ്യ'യോടു വിയോജിപ്പ് കാണിക്കുന്നില്ല. ഒരു കലാ, സാംസ്‌കാരിക പൈതൃകത്തെ ഏതു പേരില്‍ വിളിച്ചാലും അത് പ്രതിനിധാനം ചെയ്യുന്നത് അതിനു കളമൊരുക്കിയ ചരിത്ര, സാമൂഹിക, ദാര്‍ശനിക സന്ദര്‍ഭത്തെ തന്നെയായിരിക്കും. അതിനാല്‍ നാമകരണത്തെക്കുറിച്ചുള്ള തര്‍ക്കങ്ങള്‍ ബഹിര്‍ഭാഗസ്ഥം മാത്രമാണ്. 

ഇസ്‌ലാമിക നാഗരികതയിലെ സൗധ വിസ്മയങ്ങള്‍ ബൈസാന്റിയന്‍, സിറിയന്‍ വാസ്തുവിദ്യയുടെ തനിപ്പകര്‍പ്പുകളാണെന്നും മുസ്‌ലിംകള്‍ക്ക് സ്വന്തമായി ഒന്നും അവകാശപ്പെടാനില്ല എന്നും വാദിക്കുന്നവരുണ്ട്. അഞ്ചു നൂറ്റാണ്ട് കാലത്തെ മുസ്‌ലിം ചരിത്രത്തെ അപ്പാടെ തമസ്‌കരിക്കുകയാണ് അവര്‍ ചെയ്യുന്നത്. ഉദാഹരണമായി ഫ്രഡറിക് മൂര്‍ സിംപ്‌സണിന്റെ 'എ ഹിസ്റ്ററി ഓഫ് ആര്‍ക്കിടെക്ചറല്‍ ഡെവലപ്‌മെന്റ്' (1905) എന്ന ബഹു വാള്യങ്ങളുള്ള വാസ്തുവിദ്യാ ചരിത്ര ഗ്രന്ഥത്തില്‍ പൗരാണിക വാസ്തുവിദ്യയുടെയും സാസാനിയന്‍, ക്രിസ്ത്യന്‍, ബൈസാന്റിയന്‍ വാസ്തുവിദ്യയുടെയും ചരിത്രം വിശദമായി പ്രതിപാദിച്ചതിനു ശേഷം ഇസ്‌ലാമിക നാഗരികതയെക്കുറിച്ച് ഒന്നും ഉരിയാടാതെ നേരെ മധ്യകാല യൂറോപ്പിലേക്ക് പ്രവേശിക്കുന്നു. ഇടക്കുള്ള അഞ്ചു നൂറ്റാ് ഈ ചരിത്ര കൃതിയില്‍ ഇല്ല! (ചരിത്രത്തില്‍നിന്ന് ബോധപൂര്‍വം കാണാതായിപ്പോയ ഈ ഏടുകളെക്കുറിച്ചാണ് മൈക്കേല്‍ ഹാമില്‍ട്ടന്‍ മോര്‍ഗന്റെ 2007-ല്‍ പ്രസിദ്ധീകൃതമായ 'ലോസ്റ്റ് ഹിസ്റ്ററി: ദി എന്‍ഡ്യൂറിംഗ് ലെഗസി ഓഫ് മുസ്‌ലിം സയന്റിസ്റ്റ്‌സ്' എന്ന് സാന്ദര്‍ഭികമായി ഓര്‍ക്കുന്നു). തോമസ് ഹോപ്പി(1835)ന്റെ 'എ ഹിസ്റ്റോറിക്കല്‍ എസ്സേ ഓണ്‍ ആര്‍ക്കിടെക്ചര്‍' എന്ന ബൃഹദ് ഗ്രന്ഥത്തില്‍ ഇസ്‌ലാമിക നാഗരികതയിലെ വാസ്തുവിദ്യയെ സംബന്ധിക്കുന്ന അധ്യായത്തിനു നല്‍കിയ ശീര്‍ഷകം ഇങ്ങനെയാണ്: 'ഡിറൈവേഷന്‍ ഓഫ് ദ പേര്‍ഷ്യന്‍, മുഹമ്മദന്‍ ആന്റ് മൂറിഷ് ആര്‍ക്കിടെക്ചര്‍ ഫ്രം ദാറ്റ് ഓഫ് ബൈസാന്റിയം' ബൈസാന്റിയത്തില്‍നിന്ന് കടം കൊണ്ടതാണ് മുസ്‌ലിം വാസ്തുവിദ്യ എന്ന് ശീര്‍ഷകം കൊണ്ടുതന്നെ ഉറപ്പിക്കുന്നു. കാലിഫോര്‍ണിയ സര്‍വകലാശാലയിലെ പ്രഫസറും പ്രമുഖ വാസ്തുവിദ്യാ ചരിത്രകാരനുമായിരുന്ന സ്പിറോ കോണ്‍സ്റ്റന്റൈന്‍ കോസ്‌റ്റോഫ് (1936-1991) രചിച്ച 'എ ഹിസ്റ്ററി ഓഫ് ആര്‍ക്കിടെക്ചര്‍: സെറ്റിംഗ്‌സ് ആന്റ് റിച്വല്‍സ്' (പ്രസാധനം ഓക്‌സ്ഫഡ് യൂനിവേഴ്‌സിറ്റി പ്രസ്, യു.എസ്.എ, 1994) വാസ്തുവിദ്യാ ചരിത്രം പ്രതിപാദിക്കുന്ന ഏറെ ശ്രദ്ധേയമായ പുസ്തകമാണ്. ആദിമ മനുഷ്യരുടെ കുടിലുകള്‍ മുതല്‍ കോസ്‌റ്റോഫ് ചരിത്രകഥനം ആരംഭിക്കുന്നുണ്ട്. കെട്ടിടങ്ങളുടെ വിവരണത്തോടൊപ്പം അവ രൂപപ്പെട്ട ചരിത്ര, സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക പരിസരം കൂടി കോസ്‌റ്റോഫ് അവലോകനം ചെയ്യുന്നുണ്ട്. എന്നാല്‍, ഇസ്‌ലാമിക വാസ്തുവിദ്യയെക്കുറിച്ച് കോസ്‌റ്റോഫിന് ആകെ പറയാനുള്ളത് എട്ട് പേജുകള്‍ മാത്രമാണ്. ആയിരത്തോളം ചിത്രങ്ങളുള്ള പുസ്തകത്തില്‍ ഇസ്‌ലാമിക നാഗരികതയില്‍നിന്ന് ഉള്‍പ്പെടുത്തിയ ചിത്രങ്ങളുടെ എണ്ണം അഞ്ച്! ഇസ്‌ലാമിക വാസ്തുവിദ്യയെ സംബന്ധിച്ച് അനവധി പഠനഗ്രന്ഥങ്ങള്‍ ലഭ്യമായ കാലത്താണ് ഈ തമസ്‌കരണങ്ങള്‍ എന്നത് അവിശ്വസനീയമായി തോന്നാം. ഇസ്‌ലാമിക നാഗരികതയിലെ വാസ്തുവിദ്യയെക്കുറിച്ച് പൊതുവായും വിവിധ നാടുകളിലെ ഇസ്‌ലാമിക വാസ്തുവിദ്യയെക്കുറിച്ച് സവിശേഷമായും ചര്‍ച്ച ചെയ്യുന്ന എത്രയോ ഗ്രന്ഥങ്ങള്‍ യൂറോപ്പിലും യു.എസ്.എയിലും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. റോബര്‍ട്ട് ഹിലന്‍ ബ്രാന്റിന്റെ 'ഇസ്‌ലാമിക് ആര്‍ട്ട് ആന്റ് ആര്‍ക്കിടെക്ചര്‍: ഫോം, ഫന്‍ക്ഷന്‍ ആന്റ് മീനിംഗ്', 'സ്റ്റഡീസ് ഇന്‍ മെഡീവല്‍ ഇസ്‌ലാമിക് ആര്‍ക്കിടെക്ചര്‍', ആന്‍ഡ്രു പീറ്റര്‍സന്റെ 'ഡിക്ഷ്‌നറി ഓഫ് ഇസ്‌ലാമിക് ആര്‍ക്കിടെക്ചര്‍', റിച്ചാര്‍ഡ് എറ്റിംഗ് ഹോസന്റെ 'ഇസ്‌ലാമിക് ആര്‍ട്ട് ആന്റ് ആര്‍കിടെക്ചര്‍', ഏണസ്റ്റ് ജെ. ഗ്രൂബിന്റെ 'ആര്‍ക്കിടെക്ചര്‍ ഓഫ് ദി ഇസ്‌ലാമിക് വേള്‍ഡ്: ഇറ്റ്‌സ് ഹിസ്റ്ററി ആന്റ് സോഷ്യല്‍ മീനിംഗ്', ജോര്‍ജ് മിച്ചെലിന്റെ 'ആര്‍ക്കിടെക്ചര്‍ ഓഫ് ദി ഇസ്‌ലാമിക് വേള്‍ഡ് - ഇറ്റ്‌സ് ഹിസ്റ്ററി ആന്റ് സോഷ്യല്‍ മീനിംഗ്', റോബര്‍ട്ട് ഇര്‍വിന്റെ  'ഇസ്‌ലാമിക് ആര്‍ട്ട്' എന്നിവ ഉദാഹരണം.

 

ചരിത്ര പശ്ചാത്തലം

ഈശ്വരാരാധനക്കായി ഭൂമിയില്‍ ആദ്യമായി നിര്‍മിക്കപ്പെട്ടതെന്ന് ഖുര്‍ആന്‍ പരിചയപ്പെടുത്തുന്ന കഅ്ബ എന്ന ഘനചതുര നിര്‍മിതിയില്‍നിന്നാവാം ഇസ്‌ലാമിക വാസ്തുവിദ്യയുടെ ആരംഭം. മക്കയില്‍നിന്ന് മദീനയിലേക്ക് പലായനം ചെയ്തതിനു (ക്രി. 622) ശേഷം പ്രവാചകന്റെ നേതൃത്വത്തില്‍ ഖുബായിലും മദീനയിലും പണിത മസ്ജിദുകളാണ് ഇസ്‌ലാമിക നാഗരികതയിലെ പ്രഥമ ആരാധനാലയങ്ങള്‍. മദീനയിലെ പള്ളിയോടു ചേര്‍ന്ന് പ്രവാചക പത്‌നിമാര്‍ക്കുള്ള മുറി(വസതി)കളും നിര്‍മിക്കപ്പെട്ടു. ഈത്തപ്പനയുടെ ഓലയും തടിയും പിന്നെ മണ്ണും കല്ലും ഉപയോഗിച്ചായിരുന്നു ഈ നിര്‍മിതികള്‍. സംഘ പ്രാര്‍ഥനക്ക് ഇടമൊരുക്കുക എന്ന പ്രായോഗിക ലക്ഷ്യമാണ് മസ്ജിദ് നിര്‍മാണത്തിനുണ്ടായിരുന്നത്. വിശാലമായ അകം ഉണ്ടായിരിക്കുക എന്നതായിരുന്നു അതില്‍ പ്രധാനം. വിശ്രമിക്കാനും പ്രാര്‍ഥിക്കാനും പൊതു കാര്യങ്ങള്‍ തീരുമാനിക്കാനും മസ്ജിദുകള്‍ ഉപയോഗിക്കപ്പെട്ടു. മേല്‍ക്കൂരയും അകവും നടുമുറ്റവും മാത്രമേ അതിനാവശ്യമുണ്ടായിരുന്നുള്ളൂ. ലാളിത്യമായിരുന്നു പ്രവാചകന്റെ പള്ളിയുടെ മുഖമുദ്ര. മുസ്‌ലിം പ്രബോധക സംഘങ്ങള്‍ ചെന്നെത്തിയ ദേശങ്ങളിലെല്ലാം മദീനാ മാതൃകയിലുള്ള ആരാധനാലയങ്ങള്‍ സ്ഥാപിക്കപ്പെട്ടു. മുസ്‌ലിം നഗരങ്ങളുടെ സിരാകേന്ദ്രം ഇങ്ങനെ നിര്‍മിക്കപ്പെട്ട പള്ളികളായിരുന്നു. മസ്ജിദുകള്‍ക്ക് പ്രത്യേകമായ വാസ്തുവിദ്യ പ്രവാചകന്‍ നിര്‍ദേശിച്ചിരുന്നില്ല. ഖിബ്‌ലക്ക് അഭിമുഖമായിരിക്കുക, പ്രാര്‍ഥനക്ക് നേതൃത്വം നല്‍കുന്ന ആള്‍(ഇമാം)ക്ക് മുന്നില്‍ ഒരിടം (മിഹ്‌റാബ്) ഉണ്ടായിരിക്കുക, പ്രഭാഷണത്തിന് ഒരു പീഠമുണ്ടാവുക, പ്രാര്‍ഥനക്ക് എത്തിച്ചേരുന്നവരെ ഉള്‍ക്കൊള്ളാന്‍ മാത്രം വിശാലതയുണ്ടാവുക, അംഗശുദ്ധിക്ക് സൗകര്യമുണ്ടാവുക എന്നിവയില്‍ കവിഞ്ഞതൊന്നും മസ്ജിദിന് ആവശ്യമുണ്ടായിരുന്നില്ല. ആര്‍ഭാടവും ആഡംബരവും ഇസ്‌ലാമിന്റെ രീതിയല്ല എന്നതിനാല്‍ പ്രതാപം പ്രകടിപ്പിക്കുന്നതിന് സ്തംഭങ്ങളും സൗധങ്ങളും ആവശ്യമാണെന്ന് ഇസ്‌ലാമിന്റെ ആദ്യകാല പ്രബോധകര്‍ കരുതിയതുമില്ല. പ്രവാചകന്റെ വിയോഗശേഷം ഒരു നൂറ്റാണ്ട് പിന്നിടുന്നതിനു മുമ്പുതന്നെ മുസ്‌ലിം ഭരണാധികാരികളുടെ ചിന്തകളിലും മുന്‍ഗണനകളിലും മാറ്റങ്ങള്‍ സംഭവിക്കുകയുണ്ടായി. ലാളിത്യത്തില്‍ ഊന്നുമ്പോഴും ഇസ്‌ലാം ലൗകിക വിരക്തിയെ പ്രോത്സാഹിപ്പിക്കുന്നില്ല എന്ന ഒഴികഴിവ് പുതിയ മുന്‍ഗണനകള്‍ക്ക് ന്യായീകരണമായി. ജനതയുടെ അന്തസ്സ് അവര്‍ ഉയര്‍ത്തിപ്പിടിക്കുന്ന ആദര്‍ശത്തിന്റെ വിശുദ്ധിയിലല്ല, പണിയുന്ന കെട്ടിടങ്ങളിലാണ് എന്നു വന്നു. ആ കെട്ടിടങ്ങളെ എത്രത്തോളം അവ ആര്‍ക്കുവേണ്ടി നിര്‍മിക്കപ്പെടുന്നുവോ അവരുടെ വിശ്വാസാദര്‍ശങ്ങളോട് എതിരിടാത്തവയാക്കാം എന്നേ പിന്നീട് ചിന്തിക്കാനുണ്ടായിരുന്നുള്ളൂ. അതിജീവനത്തിനായുള്ള സഹനത്തിന്റെയും സമരത്തിന്റെയും പരീക്ഷണ ഘട്ടങ്ങള്‍ അതിജീവിച്ചവരുടെ പിന്‍തലമുറ തങ്ങളുടെ സമൃദ്ധിയുടെ നാളുകളിലും പൂര്‍വസൂരികളുടെ ത്യാഗകഥകള്‍ അയവിറക്കി നിന്നേടത്തു നില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നതില്‍ അര്‍ഥവുമില്ല. പുതിയ സാഹചര്യങ്ങളില്‍ എങ്ങനെ സ്വയം ആവിഷ്‌കരിക്കാം എന്ന ചിന്ത മാത്രമേ അവരെ മഥിച്ചിരിക്കാനിടയുള്ളൂ. പ്രബോധന ദൗത്യം ഏതാണ്ട് പൂര്‍ത്തിയാവുകയും നിലനില്‍പിനു നേരെയുള്ള ഭീഷണികള്‍ മിക്കവാറും ഒഴിഞ്ഞുപോവുകയും ആരെയും വെല്ലുവിളിക്കാന്‍ പ്രാപ്തിയുള്ള ശക്തിയായി സ്വയം തിരിച്ചറിയുകയും ചെയ്ത ചരിത്ര സന്ദര്‍ഭത്തിലാണ് മുസ്‌ലിംകള്‍ ഇതര കലകളില്‍ എന്ന പോലെ വാസ്തുവിദ്യയിലും തങ്ങളുടേതായ സാധ്യതകള്‍ ആരാഞ്ഞു തുടങ്ങുന്നത്. അതിനു വേണ്ട വിഭവങ്ങളും തൊഴില്‍ നൈപുണിയും സമയവും ഹ്രസ്വകാലം കൊണ്ട് അവര്‍ സ്വന്തമാക്കിക്കഴിഞ്ഞിരുന്നു. സിറിയയിലേതു പോലെ പകിട്ടുള്ള ക്രൈസ്തവ ദേവാലയങ്ങള്‍ വിലയ്ക്കു വാങ്ങാനുള്ള ശേഷിയും മുസ്‌ലിംകള്‍ കൈവരിക്കുകയുണ്ടായി.

 

സ്വാധീനങ്ങളും വികാസ വഴികളും

അബൂബക്ര്‍, ഉമര്‍, ഉസ്മാന്‍, അലി എന്നീ നാലു സച്ചരിതരായ ഉത്തരാധികാരികള്‍ക്കു (ക്രി.വ 632 മുതല്‍ 660 വരെയാണ് ഇവരുടെ ഭരണകാലം) ശേഷം അധികാരത്തില്‍ വന്ന ഉമവീ (ക്രി.വ 661-750), അബ്ബാസീ (751-1258) ഭരണവംശങ്ങളുടെ കാലത്താണ് വാസ്തുവിദ്യാ രംഗത്ത് മുസ്‌ലിം മുന്‍കൈകള്‍ ഉണ്ടാവുന്നത്. തുടര്‍ന്ന് മധ്യേഷ്യ വിട്ട് ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലേക്കും സ്‌പെയിന്‍, തുര്‍ക്കി, ഇന്ത്യ തുടങ്ങിയ ദേശങ്ങളിലേക്കും മുസ്‌ലിം ശക്തിയോടൊപ്പം കലയും വാസ്തുവിദ്യയും പ്രചരിച്ചു. ഇസ്‌ലാം ഓരോ ദേശത്തെത്തുമ്പോഴും അവിടെ നേരത്തേയുള്ള വാസ്തുമാതൃകകളെ പരമാവധി ഉള്‍ക്കൊള്ളുകയും വികസിപ്പിക്കുകയുമാണ് ചെയ്തത്. പില്‍ക്കാല പാശ്ചാത്യ അധിനിവേശശക്തികള്‍ തദ്ദേശീയ പാരമ്പര്യങ്ങളെ തകര്‍ക്കാനാണ് ശ്രമിച്ചത്. എന്നാല്‍, മുസ്‌ലിംകള്‍ തദ്ദേശീയ പാരമ്പര്യങ്ങളെ സംരക്ഷിക്കാനും മെച്ചപ്പെടുത്താനുമാണ് ശ്രമിച്ചത് എന്നത് ശ്രദ്ധേയമായ വ്യത്യാസമാണ്. ഓരോ ദേശത്തും ദേശീയ തനിമയുള്ള വാസ്തുമാതൃകകള്‍ സൃഷ്ടിക്കാന്‍ മുസ്‌ലിംകളെ പ്രാപ്തരാക്കിയത് തദ്ദേശീയ വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളാന്‍ കാണിച്ച വിശാലമനസ്‌കതയാണ്. നിര്‍മാണകലയില്‍ മാത്രമല്ല സംഗീത, വസ്ത്ര, ഭക്ഷണ ശീലങ്ങളിലെല്ലാം ഈ മാതൃക മുസ്‌ലിംകള്‍ പിന്തുടര്‍ന്നിട്ടുണ്ട്.

മസ്ജിദുകള്‍, ശവകുടീരങ്ങള്‍, കൊട്ടാരങ്ങള്‍, കോട്ടകള്‍, നഗരങ്ങള്‍, ഉദ്യാനങ്ങള്‍, സ്‌നാന ഗൃഹങ്ങള്‍, ആതുരാലയങ്ങള്‍, ഗ്രന്ഥാലയങ്ങള്‍ എന്നിവയാണ് മുസ്‌ലിം വാസ്തുവിദ്യ ഉപയോഗിച്ചുള്ള പ്രധാന നിര്‍മിതികള്‍. എല്ലാ മുസ്‌ലിം പട്ടണങ്ങളിലും ഇത്തരം നിര്‍മിതികള്‍ ധാരാളമായി ഉണ്ടായി. ഉമവീ ഖലീഫ അബ്ദുല്‍ മലിക് (ക്രി.വ 685-705) 691-ല്‍ ജറൂസലമില്‍ പണികഴിപ്പിച്ച ഖുബ്ബതുസ്സഖ്‌റ (ഡോം ഓഫ് ദ റോക്ക്) ഇസ്‌ലാമിക നാഗരികതയിലെ  എടുത്തു പറയാവുന്ന പ്രഥമ വാസ്തുശില്‍പം. ഇസ്‌ലാമിക വാസ്തുവിദ്യയിലെ ഏറ്റവും പ്രധാനപ്പെട്ട നിര്‍മിതികളില്‍ ഒന്നുമാണിത്. ഉമവീ, അബ്ബാസീ, ഉസ്മാനീ (ഒട്ടോമന്‍) വാസ്തു മാതൃകകള്‍ക്ക് തുടക്കം കുറിച്ച നിര്‍മിതിയാണ് ഖുബ്ബതുസ്സഖ്‌റ. ബൈസാന്റിയന്‍ ചര്‍ച്ചുകളുടെയും കൊട്ടാരങ്ങളുടെയും രൂപഘടനയിലാണിതിന്റെ നിര്‍മാണം. എന്നാല്‍ കാലാന്തരത്തില്‍ ഇതിന്റെ ബാഹ്യഘടനയില്‍ പല മാറ്റങ്ങളും നടന്നു. പ്രവാചകന്റെ ആകാശാരോഹണം (മിഅ്‌റാജ്) സംഭവിച്ച സ്ഥലം എന്നതാണ് മുസ്‌ലിംകളെ സംബന്ധിച്ചേടത്തോളം ഇതിന്റെ ചരിത്രപ്രാധാന്യം. സുലൈാന്‍ നബിയുടെ ആരാധനാലയം (ഹൈകല്‍ സുലൈമാന്‍) ആയിരുന്നു ആദ്യകാലത്ത് ഇവിടെ ഉണ്ടായിരുന്നത് എന്നും റോമക്കാര്‍ അതു തകര്‍ത്ത് ജൂപിറ്റര്‍ ദേവന്റെ പേരില്‍ ക്ഷേത്രം പണിതെന്നും പറയപ്പെടുന്നു. പിന്നീട് കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി ക്രി. വ 320-ല്‍ ഇവിടെ ഒരു ക്രിസ്ത്യന്‍ ദേവാലയം പണിതു. ഉമവീ ഖലീഫ അബ്ദുല്‍ മലികും അദ്ദേഹത്തിന്റെ മകന്‍ വലീദുമാണ് ഇത് വിപുലീകരിച്ച് ഡോം ഓഫ് ദ റോക്ക് ആക്കിയത്. റജാ ഇബ്‌നു ഹൈവ, യസീദ് ഇബ്‌നു സലാം എന്നീ നിര്‍മാണ വിദഗ്ധരാണ് നിര്‍മാണ പ്രവൃത്തികള്‍ക്ക് മേല്‍നോട്ടം വഹിച്ചത്. അഷ്ടകോണാകൃതിയിലാണ് ഖുബ്ബ(കുംഭഗോപുരം)യുടെ നിര്‍മിതി. ജറൂസലമില്‍ ഇസ്‌ലാമിന്റെ സാന്നിധ്യം ഈ മന്ദിരം വിളിച്ചറിയിച്ചു. ബൈസാന്റിയന്‍, സിറിയന്‍ വാസ്തുരൂപങ്ങളില്‍നിന്നു ഭിന്നമായി അറബസ്‌ക്കും കലിഗ്രഫിയുമാണ് അലങ്കാരത്തിനുപയോഗിച്ചത്. 1099-ല്‍ കുരിശുപട ഇത് സ്വന്തമാക്കിയതും 1187-ല്‍ സ്വലാഹുദ്ദീന്‍ അയ്യൂബി തിരിച്ചുപിടിച്ചതും ചരിത്രം.

അബ്ദുല്‍ മലികിന്റെ മകന്‍ അല്‍ വലീദ് ദമസ്‌കസില്‍ പണികഴിപ്പിച്ച 'ജാമിഉ ബനീ ഉമയ്യഃ അല്‍ കബീര്‍' (ഉമവികളുടെ വലിയ പള്ളി) ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന വലിയ മസ്ജിദുകളില്‍ ഒന്നാണ്. ഖലീഫ അല്‍ വലീദ് നേരിട്ടാണ് പള്ളിനിര്‍മാണത്തിന് നേതൃത്വം നല്‍കിയത്. ക്രി.വ 706-ല്‍ നിര്‍മാണം ആരംഭിച്ചു. 715-ല്‍ അല്‍ വലീദ് നിര്യാതനായതിനു ശേഷമാണ് പണി പൂര്‍ത്തിയായത്. ഈജിപ്ത്, മൊറോക്കോ, ഗ്രീസ്, ഇന്ത്യ, പേര്‍ഷ്യ എന്നീ രാജ്യങ്ങളില്‍നിന്നുള്ള പന്ത്രണ്ടായിരം തൊഴിലാളികള്‍ ഇതിന്റെ നിര്‍മാണത്തില്‍ പങ്കുവഹിച്ചു എന്നാണ് കണക്ക്. ചെലവായ തുകയാവട്ടെ അക്കാലത്തെ പത്തു ലക്ഷത്തോളം ദീനാറും. മൊസൈക്ക് നിര്‍മാണത്തില്‍ ബൈസാന്റിയന്‍ വിദഗ്ധര്‍ പങ്കുവഹിച്ചിരുന്നു. നേരത്തേയുണ്ടായിരുന്ന ചര്‍ച്ച് നവീകരിച്ചാണ് ഇത് നിര്‍മിച്ചത്. ഇസ്‌ലാമിക വിജയത്തിന്റെ ചിഹ്നമായാണ് മസ്ജിദ് ഉമവീ കണക്കാക്കപ്പെട്ടിരുന്നത്. അബ്ബാസികള്‍ ആദ്യകാലത്ത് ഈ പള്ളിയെ അവഗണിച്ചുവെങ്കിലും പിന്നീട് പ്രത്യേക ശ്രദ്ധ നല്‍കുകയും ഇതിനോട് 'ഘടികാരകുംഭം' (ഡോം ഓഫ് ദ ക്ലോക്ക്) കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. പില്‍ക്കാല ഭരണവംശങ്ങളും ഈ നിര്‍മിതിയെ കലാപരമായി നവീകരിച്ചു. മാര്‍ബിള്‍, മൊസൈക്ക്, ഗ്ലാസ്, വര്‍ണച്ചില്ലുകള്‍ ഇവ കൊണ്ടാണ് മസ്ജിദ് മോടി പിടിപ്പിച്ചത്. ചുമരുകളില്‍ ഖുര്‍ആന്‍ വാക്യങ്ങള്‍ മനോഹരമായി ആലേഖനം ചെയ്തു. സ്വര്‍ഗീയാരാമത്തെ ഓര്‍മിപ്പിക്കാനെന്ന വിധം വൃക്ഷച്ചോലയില്‍ ഒഴുകുന്ന അരുവി ചിത്രാലങ്കാരത്തില്‍ ഉള്‍പ്പെടുത്തി.

കാലം ബാക്കിവെച്ചിട്ടില്ലാത്ത നിരവധി കോട്ടകളും കൊട്ടാരങ്ങളും ഉമവികളുടേതായി ഉണ്ടായിരുന്നു. ഖസ്വ്‌റുല്‍ ഖൈര്‍, ഖുസൈ്വറു അംറ, ബിര്‍ബതുല്‍ മഫ്ജര്‍, മശാത്വാ ഇവ ഉദാഹരണം. ഖലീഫമാരുടെ വസതികള്‍, സൈനിക കേന്ദ്രങ്ങള്‍, ദര്‍ബാര്‍, ഭരണകാര്യാലയം, സ്‌നാന ഗൃഹങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന സൗധ സമുച്ചയങ്ങളായിരുന്നു ഇവ. രാജകീയ പ്രൗഢിയോടെ ഇവ അലങ്കരിക്കപ്പെട്ടിരുന്നു. ഈ നിര്‍മിതികളിലും പില്‍ക്കാല മുസ്‌ലിം വാസ്തുവിദ്യയിലും വ്യാപകമായി ഉപയോഗിച്ചുകാണുന്ന കുതിര ലാടാകൃതിയിലുള്ള കമാനങ്ങള്‍ (Horse Shoe Arch) സ്‌പെയിനിലെ വിസിഗോതുകളില്‍നിന്നാണ് മുസ്‌ലിംകള്‍ സ്വീകരിച്ചത്. ബൈസാന്റിയക്കാരും ഈ നിര്‍മാണ രീതി അവലംബിച്ചിരുന്നു. മൂറിഷ് കമാനം, താക്കോല്‍ദ്വാര കമാനം എന്നീ പേരുകളിലും ഇതറിയപ്പെടുന്നുണ്ട്. ഉമവീ മസ്ജിദില്‍ ഇതുപയോഗപ്പെടുത്തിയ മുസ്‌ലിം ശില്‍പികള്‍ വിവിധ വര്‍ണങ്ങള്‍ നല്‍കി ഈ രൂപത്തിനു കൂടുതല്‍ ഭംഗി വരുത്തുകയുണ്ടായി. കൊര്‍ദോവയിലെ പള്ളിയില്‍ ഇത് സമൃദ്ധമായി ഉപയോഗിച്ചിട്ടുണ്ട്. 

ഉമവികള്‍ തുടങ്ങിവെച്ച വാസ്തുവിദ്യയെ വളര്‍ത്തിയതും കൂടുതല്‍ വ്യാപകമാക്കിയതും അവരെ തുടര്‍ന്ന് അധികാരത്തില്‍ വന്ന അബ്ബാസികളാണ്. ദമസ്‌കസില്‍നിന്ന് അവര്‍ മുസ്‌ലിം ലോകത്തിന്റെ തലസ്ഥാനം ആദ്യം ബഗ്ദാദിലേക്കും പിന്നീട് സമര്‍റയിലേക്കും മാറ്റി. സമര്‍റയില്‍ അബ്ബാസികള്‍ പണിത പള്ളിക്ക് ദമസ്‌കസിലെ ഉമവീ മസ്ജിദിന്റെ രണ്ടരയിരട്ടി വലിപ്പമുണ്ടായിരുന്നു. ക്രി.വ 848-ല്‍ ആരംഭിച്ച് 851-ലാണ് സമര്‍റയിലെ മസ്ജിദിന്റെ നിര്‍മാണം പൂര്‍ത്തിയായത്. ഖലീഫ അല്‍ മുതവക്കിലിന്റെ കാലത്തായിരുന്നു (847-861) നിര്‍മാണം. 171 അടി ഉയരത്തില്‍ സര്‍പിളാകൃതിയിലുള്ള (ടുശൃമഹ) ഇതിന്റെ മിനാരം (മല്‍വിയ മിനാരം) ആരുടെയും ശ്രദ്ധയാകര്‍ഷിക്കുന്നതാണ്. മുകളിലേക്ക് കയറാന്‍ 108 അടി വീതിയുള്ള ചെരിവു പാത ഒരുക്കി. മിനാരത്തില്‍നിന്ന് വേര്‍പ്പെട്ടായിരുന്നു പള്ളി. ഹലാഗു ഖാന്റെ ആക്രമണത്തില്‍ (ക്രി.വ 1278) പള്ളി തകര്‍ക്കപ്പെട്ടു. നിര്‍മാണത്തിനു ശേഷം നൂറ്റാണ്ടുകളോളം ലോകത്തിലെ ഏറ്റവും വലിയ മസ്ജിദായിരുന്നു ഇത്. പുറംഭിത്തിയും മിനാരവും മാത്രമേ അവശേഷിക്കുന്നുള്ളൂ. ഒരു പാലം വഴിയാണ് പള്ളിയെയും മിനാരത്തെയും ബന്ധിപ്പിച്ചിരുന്നത്. 2005-ല്‍ ബോംബാക്രമണത്തില്‍ മല്‍വിയാ മിനാരത്തിന്റെ മുകള്‍ ഭാഗം തകര്‍ക്കപ്പെട്ടു.

സമര്‍റയില്‍ അബ്ബാസികള്‍ സ്ഥാപിച്ച മറ്റൊരു വാസ്തുശില്‍പ വിസ്മയമായിരുന്നു അബൂദുലഫ് മസ്ജിദ്. ഈജിപ്തിലെ കയ്‌റോയില്‍ അബ്ബാസീ ഗവര്‍ണര്‍ അഹ്മദ് ഇബ്‌നു തുലൂന്‍ (868-884) പണികഴിപ്പിച്ച 'മസ്ജിദ് ഇബ്‌നു തുലൂന്‍' അബ്ബാസീ വാസ്തുവിദ്യയുടെ ശേഷിക്കുന്ന മികച്ച ഉദാഹരണമാണ്. 'ജബല്‍ യശ്കുര്‍' എന്നു പേരുള്ള ഒരു കുന്നിന് മുകളിലാണ് പള്ളി പണിതത്. ഇബ്‌നു തുലൂന് കൊട്ടാരത്തില്‍നിന്ന് മിഹ്‌റാബ് വഴി പള്ളിയിലേക്ക് നേരിട്ട് പ്രവേശിക്കാവുന്ന വിധത്തിലായിരുന്നു നിര്‍മാണം. സമര്‍റയിലെ അബ്ബാസീ മസ്ജിദുകളുടെ അതേ മാതൃകയില്‍ തന്നെയാണ് ഈ പള്ളിയും നിര്‍മിച്ചത്. ആറു മിഹ്‌റാബുകളുണ്ട് പള്ളിക്ക്.

തുനീഷ്യയിലെ ഖൈറുവാന്‍ മസ്ജിദാണ് ഉത്തരാഫ്രിക്കയിലെ ഏറ്റവും പഴക്കമുള്ള പ്രധാന പള്ളി. കാര്‍തേജില്‍നിന്ന് കൊണ്ടുവന്ന മാര്‍ബിള്‍ തൂണുകളാണ് നിര്‍മാണത്തിനുപയോഗിച്ചിരുന്നത്. ക്രി.വ 670-ല്‍ നിര്‍മിച്ച ഈ മസ്ജിദ് 836-ല്‍ തകര്‍ന്നുപോയി. പിന്നീട് അഗ്‌ലബികള്‍ ഇത് പുതുക്കിപ്പണിതു. ചതുരാകൃതിയിലുള്ള ഭീമന്‍ മിനാരം, വലിയ തൂണുകളുടെ നിരകളുള്ള പ്രാര്‍ഥനാ ഗേഹം, വിശാലമായ നടുമുറ്റം ഇവ ഈ മസ്ജിദിന്റെ പ്രത്യേകതകളാണ്. 

(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (62-64)
എ.വൈ.ആര്‍

ഹദീസ്‌

വിസ്മരിക്കരുത് ഉത്തരവാദിത്തങ്ങള്‍
കെ.സി ജലീല്‍ പുളിക്കല്‍