ഹഫ്സ്വത്ത് മാല
ഏതാണ്ട് 84 വര്‍ഷം മുമ്പ് ദക്ഷിണ കേരളത്തില്‍ രചിക്കപ്പെട്ട ഖിസ്സപ്പാട്ടാണ് ഹഫ്സ്വത്ത് മാല. ആലപ്പുഴയിലെ ഒരു പ്രണയ വിവാഹമാണ് ഇതിവൃത്തം. അറബി മലയാളത്തില്‍ മാപ്പിളപ്പാട്ടിന്റെ ശീലു(ഇശലു)കളില്‍ തെക്കന്‍ മുസ്ലിം മലയാളത്തിലാണ് രചന.
ആലപ്പുഴയിലെ പ്രശസ്തമായ ഒരു നായര്‍ തറവാട്ടിലെ അഭ്യസ്തവിദ്യയായ ഒരു പെണ്‍കുട്ടി യൂസുഫ് എന്ന ചെറുപ്പക്കാരനെ പ്രണയിച്ച്, ഇസ്ലാം ആശ്ലേഷിക്കുകയും യൂസുഫിന്റെ ഭാര്യയാവുകയും ചെയ്ത സംഭവം തിരുവിതാംകൂറില്‍ വലിയ കോളിളക്കം സൃഷ്ടിക്കുകയുായി. അവരെ പിന്തിരിപ്പിക്കാന് കുടുംബക്കാരും നാട്ടുപ്രമാണിമാരും സര്‍വതന്ത്രങ്ങളും പയറ്റിയിട്ടും വഴങ്ങാത്ത ഹഫ്സ്വയുടെ ചെറുത്തുനില്പ് വിജയിച്ചു. അത്തരുണത്തില്‍ എന്‍.എസ്.എസ് സ്ഥാപകന്‍ സാക്ഷാല്‍ മന്നത്ത് പത്മനാഭ പിള്ളതന്നെ ആ തറവാട്ടിലെത്തി, തറവാട്ടിന്റെ അഭിമാനം വീണ്ടെടുക്കാന്‍ ഹഫ്സ്വയെ അനുനയിപ്പിച്ച് സമുദായത്തിലേക്ക് തിരിച്ചുകൊണ്ടുപോകാന്‍ ആവുന്നത്ര ഉപദേശിച്ചും ചതുരുപായങ്ങളില്‍ ദണ്ഡമൊഴികെയുള്ളവ പ്രയോഗിച്ചും ഫലം കാണാതെ തിരിച്ചുപോയി.
ഇത്രയും പഠിപ്പുള്ള, പ്രശസ്തമായ തറവാട്ടിലെ പെണ്ണ് ഒരു മേത്തന്റെ പിന്നാലെ ഇറങ്ങിത്തിരിച്ച് കുപ്പായമിട്ടതിന്റെ കാരണം ഭ്രാന്താണെന്ന് തറവാട്ടുകാരും കരക്കാരും വിധിയെഴുതി. ഭ്രാന്തിന് ചികിത്സക്കാനായി മാവേലിക്കര ഭ്രാന്താശുപത്രിയിലേക്ക് കൊണ്ടുപോയത്, ഡി.എസ്.പി മുതല്‍ താഴോട്ടുള്ള എട്ടു പോലീസുകാരുടെ കാവലിലായിരുന്നു. ഈ ഭ്രാന്ത് ചികിത്സിച്ചു മാറ്റാന്‍ ഡോക്ടര്‍മാരെ കിട്ടാഞ്ഞ് ഹഫ്സ്വയെ ജോനകച്ചെറുക്കന്റെ കൂടെ പറഞ്ഞയക്കാന്‍ തറവാട്ടുകാര് നിര്‍ബന്ധിതരായി.
മാലയിലെ ചില വരികള്‍ കാണുക:
'മേത്തന്റെ ചേര്ച്ചയിലിത്രക്കു മാത്രം
മേത്തരമെന്തെടീ പൊട്ടച്ചൂലേ?'
(ഹഫ്സ്വയുടെ മാതാവിന്റെ ചോദ്യം)
'താരാട്ടുപാടി ഉറക്കാത്ത ദൈവം
തണ്ടേലെടുത്തു നടത്താത്ത ദൈവം'
(ഉപദേശിക്കാന്‍ വന്നവരോട് ഹഫ്സ്വയുടെ തൗഹീദ് വര്‍ണന)
'ഡി.എസ്പി തമ്പുരാന് തന്തിരുമേനിയും താഴത്തെ ജീവനക്കാരായ
എട്ടുപേര്‍ ചട്ടമനുസരിച്ച് വന്നു നിരന്നാനെ'
(ഭ്രാന്താശുപത്രിയിലേക്കുള്ള യാത്രയുടെ വിവരണം)
ഹഫ്സ്വത്ത് മാല പോലെ രചിക്കപ്പെട്ട മറ്റൊരു പാട്ടാണ് ഹഫ്സ്വ സംഗീതം.
പഠനങ്ങള്‍ നിഷ്പക്ഷമാവണം
പ്രബോധനം വാരികയുടെ 3028-ാം ലക്കത്തില്‍ പ്രസിദ്ധീകരിച്ച 'പ്രവാചക ചര്യയും അറേബ്യന്‍ ആചാരങ്ങളും' എന്ന സദ്റുദ്ദീന്‍ വാഴക്കാടിന്റെ പഠനം സോദ്ദേശ്യപരമായിരുന്നോ എന്നത് പഠിക്കപ്പെടേണ്ടതാണ്. ഇസ്ലാമില്‍ നമസ്കാര സമയത്തോ അല്ലാത്തപ്പോഴോ തലമറക്കല്‍ ഒരു പുണ്യമേ അല്ല എന്ന നിഷേധാത്മകതയെ ഊന്നിപ്പറയാന്‍ വേണ്ടി എഴുതിയ ലേഖനത്തിന് അബൂജഹ്ലിനെക്കൂടി മറുവാദമായി കൊണ്ടുവരേണ്ടിവന്നു എന്നത് ഖേദകരമായി.
മുസ്ലിമെന്നോ മുസ്ലിം പണ്ഡിതന് എന്നോ പറയപ്പെടുമ്പോള്‍ സമൂഹമനസ്സിന് മുന്നില്‍ പ്രത്യക്ഷപ്പെടുന്ന ഒരു രൂപമുണ്ട്. തൊപ്പിയോ തലപ്പാവോ അണിഞ്ഞ, താടിയും മീശയും മനോഹരമായി ഒതുക്കിവെച്ച, പാദത്തിന് മീതെ വസ്ത്രം ധരിച്ച ശുഭ്രവസ്ത്രധാരിയായ മനുഷ്യന്റെ രൂപം തന്നെയാണത്. പ്രസ്തുത രൂപം മുസല്‍മാന്റെ പ്രതീകമായി പ്രതിഷ്ഠിക്കപ്പെട്ടത് ഇസ്ലാമികബാഹ്യമായ ആചാരങ്ങളുടെ പിന്‍ബലത്തിലാണെന്ന് സമര്‍ഥിക്കാന്‍ ശ്രമിക്കുന്നത് സത്യസന്ധമായ വിലയിരുത്തലല്ല തന്നെ.
നാട്ടാചാരങ്ങളെ ഇസ്ലാമിന്റെ ഭാഗമായി തെറ്റിദ്ധരിച്ചവര്‍ മാത്രമാണോ തലമറച്ചിരുന്നത് എന്ന വസ്തുത കൂടി പഠനത്തില്‍ ഉള്ച്ചേര്ക്കേണ്ടതായിരുന്നു. അങ്ങനെയായിരുന്നുവെങ്കില്‍ അറേബ്യന്‍ നാട്ടാചാരവുമായി യാതൊരു ബന്ധവുമില്ലാത്തിടങ്ങളില് ജനിച്ച സയ്യിദ് അബുല്‍ അഅ്ലാ മൗദൂദി മുതല്‍ ഹാജി സാഹിബ് വരെയുള്ള ഇസ്ലാമിക പ്രസ്ഥാനത്തിന്റെ പടനായകന്മാരെപ്പോലും കേവല ആചാരങ്ങളുടെ തടവറകളില്‍ ജീവിച്ചവര്‍ എന്ന് പറയുന്നിടത്ത് പുതിയ പഠനങ്ങള്‍ എത്തിച്ചേര്‍ന്നിരിക്കുന്നു എന്ന് മനസ്സിലാക്കേണ്ടിവരും. മാത്രമല്ല, നമസ്കാരത്തിലും ഖുത്വ്ബകളിലും സുന്നത്തുകള്‍ക്കു പുറമെ ആദത്തുകള്‍ കൂടി കൂട്ടിച്ചേര്‍ക്കുന്നത് പ്രസ്ഥാന പണ്ഡിതന്മാരുടെ ശൈലിയാണെന്നും സമ്മതിക്കേണ്ടിവരും. കാരണം, സാധാരണ തലമറക്കാറില്ലാത്ത ഇസ്ലാമിക പ്രസ്ഥാന പണ്ഡിതന്മാരില് പലരും നമസ്കാരത്തിന് നേതൃത്വം നല്കുമ്പോഴും ജുമുഅ ഖുത്വ്ബ നിര്‍വഹിക്കുമ്പോഴും തലമറക്കുന്ന കാഴ്ച കേരളക്കരയില്‍ വ്യാപകമാണിന്നും. അപ്പോള്‍ ഈ പഠനത്തിന്റെ അനുബന്ധമായി വായനക്കാരന് മനസ്സിലാക്കാന്‍ കഴിയുന്ന വസ്തുത ഇതത്രെ: ഇസ്ലാം വിധിച്ച സുന്നത്തുകള്ക്കപ്പുറം കേവലമായ ചില ആചാരങ്ങളുടെ കെട്ടുപാടുകളില്‍നിന്നും ഇസ്ലാമിക പ്രസ്ഥാനത്തിന്റെ പണ്ഡിതന്മാര് പോലും മുക്തരായിട്ടില്ല!
തലമറക്കല്‍ നബി(സ) പ്രോത്സാഹിപ്പിച്ചിട്ടില്ലെന്നും അതില്‍ പ്രവാചക മാതൃകയില്ലെന്നും വാദിക്കുമ്പോള്‍ 'ഞാന്‍ നമസ്കരിക്കുന്നത് കണ്ടതുപോലെ നിങ്ങളും നമസ്കരിക്കുക' എന്ന വിശ്രുത ഹദീസിന് മുസ്ലിം സമൂഹം ഇത്രയും കാലം മനസ്സിലാക്കിയ അര്‍ഥം തെറ്റായിരുന്നുവെങ്കില്‍ എന്താണതിന്റെ ശരിയായ വിവക്ഷ എന്ന് വിശദീകരിക്കേണ്ടിയിരുന്നു. മാത്രമല്ല, ഇഹ്റാമിന്റെ വസ്ത്രത്തില്‍ തലമറക്കല്‍ ഇല്ലാത്തത് നമസ്കാരത്തില്‍ തലമറക്കേണ്ടതില്ലെന്നതിന് തെളിവാണെന്നൊക്കെയുള്ള വാദം ദുര്‍ബലമാണെന്നും ഇഹ്റാമിന്റെ ആത്മീയ തലങ്ങളിലേക്കിറങ്ങിച്ചെല്ലാന് കൂട്ടാക്കാത്ത ഉപരിപ്ലവമായ നിഗമനങ്ങളാണെന്നുമാണ് മനസ്സിലാക്കാന്‍ കഴിയുക.
മുസ്ലിമിന്റെ ജീവിതത്തിലെ ഓരോ നിമിഷത്തിനും പ്രവാചക ജീവിതത്തില്‍ ഉത്തമ മാതൃകയുണ്ടെന്ന് അവകാശപ്പെടുന്നവരാണ് ഇസ്ലാമിലെ എല്ലാ വിഭാഗങ്ങളും. വിശിഷ്യാ നമസ്കാരത്തിന്റെ പൂര്‍ണതയുടെ രൂപങ്ങളെക്കുറിച്ച് ആയിരക്കണക്കിന് ഹദീസുകളും ആധികാരിക ഗ്രന്ഥങ്ങളും നിലനില്‍ക്കെ നമസ്കാരത്തില്‍ തലമറക്കുന്നതിനെക്കുറിച്ച് മാത്രം ആധികാരികമായി ഒന്നും എവിടെയുമില്ല എന്ന് വാദിക്കുന്നത് സത്യസന്ധമാണെന്ന് അവകാശപ്പെടാനാവില്ല.
ഇബ്നു ഉമറി(റ)നെപ്പോലുള്ള മഹാരഥന്മാര് പ്രവാചക മാതൃകകള്‍ പിന്‍പറ്റിയ രീതി രോമാഞ്ചജനകമായ അനുഭവങ്ങളായി ഇന്നും രേഖപ്പെട്ടു കിടക്കുന്നുണ്ട്. പ്രവാചകന് നടന്നുപോകുമ്പോള്‍ താണുകിടന്ന മരക്കൊമ്പില്‍ തട്ടാതിരിക്കാന്‍ തലകുനിച്ചിരുന്ന ഒരു സ്ഥലത്ത് കൂടെ വര്‍ഷങ്ങള്‍ക്കു ശേഷം ഇബ്നു ഉമര്‍ നടന്നുപോയപ്പോള്‍ മരക്കൊമ്പ് അവിടെ ഇല്ലാതിരുന്നിട്ടും തല കുനിച്ചു നടന്ന സംഭവം പ്രവാചക സനേഹികളെ രോമാഞ്ചമണിയിക്കുന്നതാണ്. എന്നാല്‍ അവയുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇത്തരം പഠനങ്ങള്‍ എന്ത് സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നത് എന്നാലോചിക്കുന്നത് കൗതുകകരമായിരിക്കും.
പ്രബോധനം പ്രസിദ്ധീകരിക്കുന്ന പഠനങ്ങളില്‍ നിഷ്പക്ഷതയുടെയും സത്യസന്ധതയുടെയും പെരുമ നിഴലിച്ചുകാണട്ടെ എന്നാശംസിക്കുന്നു.
അസീസ് ചൊക്ലി
സഹായ വിതരണം ഇങ്ങനെയാണോ വേണ്ടത്?
മതങ്ങളും ധര്‍മങ്ങളും പൊതുവെ ദാനം ചെയ്യാന്‍ അനുശാസിക്കുന്നുണ്ട്. പരിഷ്കൃത സമൂഹങ്ങളും രാഷ്ട്രീയ കക്ഷികളും വിവക്ഷിക്കുന്ന സാമൂഹിക സമത്വവും സുരക്ഷയും കൈവരിക്കാനുള്ള മാര്‍ഗമാണ് ദാനധര്‍മങ്ങള്‍. ലോകത്ത് ഭൂരിപക്ഷം മതവിശ്വാസികളായിട്ടും ഇന്നും സാമ്പത്തിക സമത്വവും സാമൂഹിക നീതിയും സ്വപ്നമായി നില്ക്കുന്നു.
സര്‍ക്കാര്‍ തലത്തിലും സന്നദ്ധ സേവന സംഘടനകള്‍ വഴിയും മറ്റും പല സാമൂഹിക സുരക്ഷാ പദ്ധതികളും നടപ്പാക്കപ്പെടുന്നുണ്ടെങ്കിലും കൊടും ദാരിദ്ര്യം കൊടികുത്തി വാഴുന്നുവെന്നതാണ് സത്യം. നമ്മുടെ സമ്പദ്വ്യവസ്ഥ ഇത്രയും വളര്‍ന്നിട്ടും അത്യാവശ്യ ജീവിത സൗകര്യം ലഭിക്കാത്ത അനേകം പേര് ഇന്നും നമ്മുടെ ചുറ്റും ജീവിക്കുന്നു. ഇതെങ്ങനെ സംഭവിക്കുന്നു?
മുസ്ലിംകളില് പലരും ദാനധര്‍മ ബാധ്യത നിര്‍വഹിച്ചുവെന്ന് സായൂജ്യമടയുന്നത് റമദാന് മാസത്തില്‍ വീട്ടില്‍ വരുന്നവര്‍ക്ക് ചില്ലറ നല്‍കിയും ചില സഹായങ്ങള്‍ വിതരണം ചെയ്തുമൊക്കെയാണ്. ഇതുകൊണ്ട് സകാത്ത് എന്ന നിര്‍ബന്ധ ബാധ്യത തീരുന്നില്ല എന്നത് ഭൂരിപക്ഷവും മനസ്സിലാക്കുന്നില്ല. റമദാനില്‍ വീടുകളില്‍ വരുന്നവര്‍ക്ക് ദാനം കൊടുക്കുന്നത് കൊണ്ട് മാത്രം സകാത്തിന് യഥാര്‍ഥത്തില്‍ അര്‍ഹരായവര്‍ക്ക് സകാത്ത് ലഭിക്കുമോ? ഇസ്ലാം നിരോധിച്ച യാചനയെ പ്രോത്സാഹിപ്പിക്കുന്ന വിധമാണ് ഇന്ന് പലയിടത്തുമുള്ള ദാനധര്‍മങ്ങളും സഹായ വിതരണങ്ങളും. ഇത് മാറ്റി അര്‍ഹിക്കുന്ന വിഭാഗങ്ങള്‍ക്ക് സകാത്ത് കിട്ടുന്നു എന്ന് ഉറപ്പാക്കാന്‍ സാമൂഹിക പ്രതിബദ്ധതയുള്ള എല്ലാവര്ക്കും ബാധ്യതയുണ്ട്. ജാതിമതഭേദമന്യേ എല്ലാവര്ക്കും അത് ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്താനും സാധിക്കണം.
എല്ലാ സ്വയംഭരണ സ്ഥാപനങ്ങളിലും മുഖ്യമന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും ദുരിതാശ്വാസ നിധിപോലെ സാമൂഹിക സുരക്ഷാ നിധി ഉാക്കണം. അതിലേക്ക് പൊതു ജനത്തിന്റെ സംഭാവനകളും സര്‍ക്കാര്‍ സഹായധനവും ചേര്‍ത്ത് സുതാര്യമായ നിലയില്‍ ശരിയായ അവകാശികള്‍ക്ക് കിട്ടുന്നു എന്നുറപ്പാക്കുകയും വേണം.
പി.എം മുഹമ്മദാലി
നബിചര്യ കാലവും ദൗത്യവും
അറേബ്യയില്‍ സാധാരണക്കാരനായി ജനിച്ച് വളര്‍ന്ന മുഹമ്മദ് എന്ന വ്യക്തി സത്യസന്ധമായ ജീവിതത്തിലൂടെ അല്‍ അമീന് (വിശ്വസ്തന്) എന്ന പേര് സമ്പാദിച്ച് എല്ലാവരുടെയും ആദരവിന് പാത്രമായി.
40-ാം വയസ്സില്‍ ദിവ്യദര്‍ശനം ലഭിച്ച മുഹമ്മദിന്റെ ജീവിതം സംഭവബഹുലമായിരുന്നു. 23 വര്‍ഷത്തെ പ്രവാചക ജീവിതം ലോകജനതക്ക് സമ്മാനിച്ചത് മറ്റൊരു പ്രവാചകനും സാധ്യമാകാതിരുന്ന ജീവിതചര്യ. ലളിതമായ ജീവിതശൈലിയിലൂടെയുള്ള പ്രവാചകന്റെ ഉദ്ബോധനങ്ങള്‍ അറേബ്യയിലെ വഴിപിഴച്ച ജീവിതം നയിച്ചിരുന്നവരുടെ മനസ്സില്‍ സമാധാനത്തിന്റെയും സ്നേഹത്തിന്റെയും തേന്മഴ പെയ്യിച്ചു. രക്തച്ചൊരിച്ചിലില്ലാതെ ഒരു സാമ്രാജ്യം സ്ഥാപിച്ചു. മുഹമ്മദ് നബി ജനങ്ങള്‍ക്ക് പിതാവായിരുന്നു, സഹോദരനായിരുന്നു. സ്നേഹനിധിയായ ഭരണാധികാരിയായിരുന്നു. നബിയുടെ അധ്യാപനങ്ങള്‍ ഇന്നും എന്നും നിലനില്ക്കും. അത് കാലാതിവര്‍ത്തിയാണ്. മുഹമ്മദ് നബിയുടെ അധ്യാപനങ്ങള്‍ ഇസ്ലാമിന് മാത്രമല്ല സകലമാന ലോകര്‍ക്കും ആശയും ആവേശവുമാണ്. അത് ജനങ്ങളിലെത്തിക്കാനായി സംഘടിപ്പിച്ച സുഹൃദ് സംഗമത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചു. ജമാഅത്തെ ഇസ്ലാമി സംഘടിപ്പിക്കുന്ന ഇത്തരം സുഹൃദ് സംഗമങ്ങള്‍ കാലഘട്ടത്തിന്റെ ആവശ്യമാണ്. ജമാഅത്തെ ഇസ്ലാമിയുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണ്.
കെ. കൃഷ്ണന് കുട്ടി, കാര്യവട്ടം
Comments