Prabodhanm Weekly

Pages

Search

2018 ജനുവരി 05

3033

1439 റബീഉല്‍ ആഖിര്‍ 17

മനസ്സാക്ഷിയോട് ചോദിക്കൂ

കെ.പി ഇസ്മാഈല്‍

മാനുഷികമൂല്യങ്ങളുടെ വര്‍ണരാജിയുമായി വന്ന ഇസ്‌ലാമിനെ അതിന്റെ നിറങ്ങള്‍ കീറിയെറിഞ്ഞ് അനുയായികള്‍ ആചാരങ്ങളുടെ പഴന്തുണികള്‍ പുതപ്പിച്ചു. മതം കേവലം ചടങ്ങുകളായി. മൂല്യങ്ങള്‍ കാണാതായി. വിപ്ലവാശയങ്ങള്‍ മറഞ്ഞു. ജീര്‍ണിച്ച പഴഞ്ചന്‍ ആചാരമാണ് ഇസ്‌ലാമെന്ന് ആളുകളുടെ ജീവിതം കണ്ട് ജനം വിലയിരുത്തി. ഇസ്‌ലാമിന്റെ രേഖകള്‍ പഠിക്കാന്‍ അവര്‍ മെനക്കെട്ടില്ല. അങ്ങനെ പുരോഹിതന്മാര്‍ കെട്ടിയിട്ട മുടന്തന്‍ കുതിരയായി മതം.

ദൈവവിശ്വാസം മനുഷ്യന് നല്‍കുന്നത് നന്മകളുടെ സുവര്‍ണനിധിയാണ്. എങ്ങനെ ജീവിക്കണം എന്നു പറഞ്ഞുകൊണ്ടാണ് മതം ജീവിതത്തില്‍ ഇടപെടുന്നത്. വിശ്വാസത്തെ, ബന്ധങ്ങളെ മിനുക്കിയെടുക്കുകയാണ് ഇസ്‌ലാം ചെയ്യുന്നത്. നബിയുടെ സ്വഭാവം ഖുര്‍ആനാണെന്നു പറഞ്ഞാല്‍ അതിനര്‍ഥം ഖുര്‍ആന്റെ ശാസന അനുസരിച്ചാണ് നബി ജീവിച്ചത് എന്നാണ്. ഏറ്റവും മാതൃകാപരമായ ജീവിതം.

ജീവിതം ദൈവിക സമ്മാനമാണ്. അതനുഭവിക്കാന്‍ മാത്രമല്ല അവക്ക് നന്ദി പ്രകടിപ്പിക്കാനും മനുഷ്യന്‍ ബാധ്യസ്ഥനാണ്. എല്ലാറ്റിനും കണക്കു പറയേണ്ടിവരുന്ന ഒരു കാലം വരും എന്നത് ജീവിതത്തിന്റെ ധാര്‍മികമായ തേട്ടമാണ്. അല്ലെങ്കില്‍ നന്മ, തിന്മ എന്നൊക്കെ വേര്‍തിരിക്കുന്നതിന് അര്‍ഥമില്ലാതാകും.

ചിന്തിക്കുന്നവര്‍ക്ക് പ്രപഞ്ചസൃഷ്ടിയില്‍ പാഠങ്ങളുണ്ടെന്ന് ഖുര്‍ആന്‍ പറയുന്നു. ഓരോ സൃഷ്ടിയും ദൈവികദൃഷ്ടാന്തങ്ങള്‍ നിശ്ശബ്ദം പറഞ്ഞുകൊണ്ടിരിക്കുന്നു. വാര്‍ധക്യം മുന്നിലെത്തുമ്പോള്‍ തങ്ങളും വാടിയ ഇലയാണെന്ന് നിഷേധികള്‍ക്കും ബോധ്യം വരാറു്. തങ്ങള്‍ കൊഴിഞ്ഞുപോകേണ്ട ഇലകളാണെന്ന ബോധ്യം അസ്വാരസ്യമുണ്ടാക്കുന്ന കാര്യമാണ്. ജീവിതത്തിന്റെ അര്‍ഥത്തെക്കുറിച്ച് ചിന്തിക്കുക ഈ സന്ധ്യാവേളയിലാണ്. എല്ലാ വെല്ലുവിളികളും തളരുന്ന അത്യപൂര്‍വ നിമിഷമാണ് ജീവിതത്തിന്റെ ഒടുക്കം. 'മൂസായുടെ ദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നു' എന്നായിരുന്നു ദൈവത്തെ പരിഹസിച്ചുനടന്ന ഫറോവയുടെ അന്ത്യവിലാപം.

വിശ്വാസത്തിന്റെ കരുത്തും പ്രതീക്ഷയുടെ വെളിച്ചവും മതി വിശ്വാസിക്ക് യാത്ര തിരിക്കാന്‍. ഏറ്റവും നല്ല പാഥേയം തോളില്‍ ചുമക്കുന്ന ഭാണ്ഡമല്ല, ഹൃദയത്തില്‍ നിറയുന്ന ദൈവിക ചിന്തയാണ് എന്ന് ഖുര്‍ആന്‍ പറഞ്ഞിട്ടുണ്ട്. എല്ലാ സമ്പാദ്യങ്ങളും ദൈവത്തെ ഓര്‍ത്തുകൊണ്ടായിരിക്കണം. ചുറ്റുപാടുകളെ അവഗണിച്ചുകൊണ്ട് ജീവിക്കാന്‍ പറ്റില്ല. ദരിദ്രരും രോഗികളും കഷ്ടപ്പെടുമ്പോള്‍ ലക്ഷങ്ങളുടെ മതിലുകളും കോടികളുടെ വീടുകളും നിര്‍മിക്കുന്നവന്റെ ഉള്ളില്‍ മനുഷ്യത്വം ബാക്കിയുണ്ടെന്ന് വിശ്വസിക്കാനാവുകയില്ല. ധൂര്‍ത്തന്മാരെ വഴികാണിക്കുന്നത് അറിവല്ല, അഹങ്കാരമാണ്. വിനയമാണ് വിശ്വാസത്തിന്റെ പാദുകം. പ്രവാചകന്മാരെല്ലാം വിനയാന്വിതരായിരുന്നു. വിനയത്തിലൂടെ വിശ്വാസത്തിലേക്കും വിശ്വാസത്തിലൂടെ വിജയത്തിലേക്കും സഞ്ചരിക്കേണ്ടതുണ്ട്.

ജീവിതം ധന്യമാകുന്നത് രൂപം സുന്ദരമാണോ എന്ന് നോക്കിയല്ല. ഉത്തരവാദിത്തം നിര്‍വഹിച്ചോ എന്നു നോക്കിയാണ്. ശൈശവത്തിന്റെ അഴക് ക്രമേണ കുറഞ്ഞുവന്ന് വാര്‍ധക്യത്തില്‍ ജര ബാധിച്ച ചര്‍മമാകും. അതാണ് സൗന്ദര്യത്തിന്റെ ആയുസ്സ്. കാലം ഏല്‍പിച്ച കര്‍മങ്ങള്‍ ചെയ്യുമ്പോഴാണ് മനുഷ്യന്‍ ജീവിക്കുന്നത്. എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന് ഗാന്ധിജി പറഞ്ഞു. മറ്റുള്ളവര്‍ക്കു വേണ്ടി ജീവിക്കുന്നവര്‍ക്കേ അങ്ങനെ പറയാന്‍ കഴിയൂ. രൂപത്തിലേക്കല്ല, ഹൃദയത്തിലേക്കാണ് അല്ലാഹു നോക്കുന്നത് എന്ന് ഖുര്‍ആന്‍ പറഞ്ഞിട്ടുണ്ട്.

'മതം ഒരു മനുഷ്യനെയും പീഡിപ്പിച്ചിട്ടില്ല. മതം ഒരു മന്ത്രവാദിയെയും ചുട്ടുകരിച്ചിട്ടില്ല' എന്ന് സ്വാമി വിവേകാനന്ദന്‍ പറയുകയുണ്ടായി. പുരോഹിതന്മാരാണ് മതത്തെ വെട്ടിയും തിരുത്തിയും കോലം മാറ്റിയത്. ദൈവികമതം ലളിതവും സുന്ദരവുമാണെങ്കില്‍ പുരോഹിത രീതി കുടുസ്സും കര്‍ക്കശവും ബഹളമയവും അബദ്ധവിശ്വാസപൂരിതവുമാണ്. ഇസ്‌ലാമില്‍ പൗരോഹിത്യമില്ല എന്ന് ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും അത് കേട്ട ഭാവമില്ല പുരോഹിതന്മാര്‍ക്ക്. സത്യവും സമത്വവും നീതിയുമാണ് ഇസ്‌ലാമിന്റെ അതുല്യ മുദ്രകള്‍. 'വര്‍ഗത്തെയും വര്‍ണത്തെയും പരിഗണിക്കാതെ ശരിയായ സമത്വം പാലിക്കുന്നതില്‍ മുഹമ്മദീയര്‍ക്ക് മറ്റു മാര്‍ഗങ്ങളേക്കാള്‍ കൂടുതല്‍ മഹത്വമുണ്ട്' എന്ന് സ്വാമി വിവേകാനന്ദന്‍.

പ്രശ്‌നങ്ങള്‍ക്കിടയിലൂടെയുള്ള യാത്രയില്‍ പ്രയാസങ്ങള്‍ മുന്നില്‍ വന്നു വീഴും. ചിലത് വഴിമുടക്കും. അപ്പോള്‍ നിരാശയില്‍ തളര്‍ന്നു വീഴാത്തവര്‍ക്കുള്ളതാണ് ജീവിതം. നബിയുടെ ജീവിതം നല്‍കുന്ന പാഠം അന്വേഷണത്തിന്റെ പുതുമകളാണ്. പ്രവാചകത്വം ലഭിച്ചതുമുതല്‍ പ്രശ്‌നങ്ങള്‍ തുടങ്ങി. എല്ലാം ഇട്ടെറിഞ്ഞ് ഓടാന്‍ പ്രേരിപ്പിക്കുന്നവ. പച്ചില തിന്നും ജീവിക്കേണ്ടിവന്നു. നബി തളര്‍ന്നില്ല, തോറ്റില്ല. ഇരുപത്തിമൂന്ന് വര്‍ഷത്തെ അവിശ്വസനീയമായ യാത്ര അവസാനിച്ചത് വിജയവസന്തത്തിന് മുന്നിലാണ്. നിരന്തരമായ പരിശ്രമമാണ് ജീവിതവിജയത്തിന്റെ പൊരുള്‍. എന്തു നേടി എന്നതല്ല പരിശ്രമിച്ചുവോ എന്നതാണ് ഉയരേണ്ട ചോദ്യം.

മനസ്സാക്ഷി എന്നൊരു ആത്മനിര്‍ദേശകനുണ്ട് ഓരോ മനുഷ്യനിലും. തെറ്റിലേക്ക് ചുവടു താഴ്ത്തുമ്പോഴെല്ലാം മനസ്സാക്ഷി പറയും: 'അത് വേണ്ട.' അത് അവഗണിക്കുമ്പോഴാണ് തെറ്റിലേക്ക് വഴുതുന്നത്. ചെയ്ത കുറ്റം കുറ്റവാളികള്‍ ന്യായീകരിക്കാറില്ല. കുറ്റം നിഷേധിക്കുകയാണ് ചെയ്യുക. മതവിശ്വാസമില്ലെങ്കിലും മനസ്സാക്ഷിയെ വഞ്ചിക്കാനാവില്ല. അതാണ് ഓരോ മനുഷ്യനെതിരെയും സാക്ഷിയായി ആ മനുഷ്യന്‍ തന്നെ മതിയെന്ന് ഖുര്‍ആന്‍ പറയുന്നത് (75:2,14). ശരിയേത്, തെറ്റേത് എന്ന് മനസ്സാക്ഷിയോട് ചോദിക്കൂ എന്ന് പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (62-64)
എ.വൈ.ആര്‍

ഹദീസ്‌

വിസ്മരിക്കരുത് ഉത്തരവാദിത്തങ്ങള്‍
കെ.സി ജലീല്‍ പുളിക്കല്‍