Prabodhanm Weekly

Pages

Search

2018 ജനുവരി 05

3033

1439 റബീഉല്‍ ആഖിര്‍ 17

കലിഗ്രഫി സൗന്ദര്യവും രാഷ്ട്രീയവും

കരീം ഗ്രാഫി കക്കോവ്

അക്ഷര സൗന്ദര്യത്തിന്റെ മനോഹരമായ കലാവിഷ്‌കാരമാണ് കലിഗ്രഫി. മനുഷ്യചരിത്രത്തോളം പഴക്കമുള്ള  കൈയെഴുത്ത് കലയെ ചിത്രകലയോട് സമന്വയിപ്പിച്ചപ്പോള്‍ രൂപപ്പെട്ടു വന്ന സവിശേഷമായ ഈ കലാരൂപം ഇസ്‌ലാമിക നാഗരികതയുടെ സുവര്‍ണ ശോഭയെ അടയാളപ്പെടുത്തുന്നു. മനുഷ്യ ഹൃദയങ്ങളെ  ആകര്‍ഷിക്കുന്നതിലും  അവന്റെ ആത്മാവിനോട്  സംവദിക്കുന്നതിലും മറ്റു പല കലാരൂപങ്ങള്‍ക്കുമൊപ്പം നില്‍ക്കുന്ന  ഈ സവിശേഷ കലാവിഷ്‌കാരം,  സമീപകാലത്ത് സാമൂഹിക, രാഷ്ട്രീയ വിഷയങ്ങളിലെ മൂര്‍ച്ചയുള്ള പ്രതികരണ മാധ്യമമായും ജനമനസ്സുകളില്‍ ഇടം നേടിയിട്ടുണ്ട്.

 

ചരിത്രം 

കലിഗ്രഫിയുടെ ചരിത്രം തേടിപ്പോയാല്‍ ചെന്നെത്തുന്നത് അറബികളിലും വിശുദ്ധ ഖുര്‍ആനിലുമായിരിക്കും. വിശുദ്ധ ഖുര്‍ആന്റെ  സമ്മാനമാണ് അറബിക് കലിഗ്രഫി എന്ന് ന്യായമായും പറയാം. വരമൊഴിയേക്കാള്‍ വാമൊഴിക്കും എഴുതി സൂക്ഷിക്കുന്നതിനേക്കാള്‍ ഓര്‍മയില്‍ സംരക്ഷിക്കുന്നതിനുമായിരുന്നു അറബികള്‍ പ്രാധാന്യം നല്‍കിയിരുന്നത്. ഖുര്‍ആന്‍ മനഃപാഠമുള്ളവരില്‍ കൂടുതല്‍ പേര്‍ രക്തസാക്ഷികളായതോടെ ഖുര്‍ആന്‍ എഴുതി സൂക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. എഴുത്ത് വ്യാപകമാകുന്നതിന് പില്‍ക്കാലത്ത്് ഇതൊരു കാരണമാവുകയുണ്ടായി. അറബി അക്ഷരങ്ങളില്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ തന്നെ പിന്നീട് സംഭവിച്ചുകൊണ്ടിരുന്നു. അക്ഷരങ്ങള്‍ ഒറ്റയൊറ്റയായി എഴുതുന്നതില്‍നിന്നും ചേര്‍ത്തെഴുതുന്ന രീതി വളര്‍ന്നു. എളുപ്പത്തില്‍ വായിക്കാനായി ചിഹ്നങ്ങളും അടയാളങ്ങളും നല്‍കപ്പെട്ടു. നബ്തീ എഴുത്തു മാതൃകയില്‍നിന്ന്  ജസ്മ് ലേഖനകല വികസിച്ചു. അന്‍സ്വാരീ, ഹീരി, മക്കീ, മദനീ... എഴുത്ത് രീതികള്‍ വിവിധ പ്രദേശങ്ങളില്‍ രൂപപ്പെട്ടു വന്നു. വട്ടെഴുത്ത്, കോണെഴുത്ത്, കോണ്‍വട്ടെഴുത്ത് എന്നിങ്ങനെ മൂന്ന് എഴുത്ത് രീതികള്‍ നിലനിന്നിരുന്നതായി ചരിത്രകാരന്മാര്‍ പറയുന്നു. ചരിഞ്ഞത് (മാഇല്‍), മശ്ഖ് (നീണ്ടത്), നസ്ഖ് (കൊത്തു രീതി) എന്നിങ്ങനെയുള്ള ശൈലികളുമുണ്ട്. അത്ഭുതകരമാണ് ഈ വികാസ ചരിത്രം. അറബി ലിപിയില്‍ കലിഗ്രഫി കല രൂപപ്പെടുന്നതില്‍ ഇതെല്ലാം വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഈ രംഗത്ത് കൂഫീ എഴുത്ത് രീതിയുടെ സംഭാവനകളും പ്രധാനമാണ്.

അറബി അക്ഷരങ്ങളില്‍ ഖുര്‍ആന്‍ രേഖപ്പെടുത്തുന്നത് വ്യാപകമായപ്പോള്‍  കേവല കൈയെഴുത്തിനപ്പുറം, കലാപരമായ ആവിഷ്‌കാരങ്ങള്‍ ഇതില്‍ സാധ്യമല്ലേ എന്നായി എഴുത്തുകാരുടെ അന്വേഷണം. ഇങ്ങനെ ഖുര്‍ആന്‍ കലാപരമായി എഴുതാനുള്ള ശ്രമമാണ് കലിഗ്രാഫിയുടെ പിറവിക്ക് നിമിത്തമായത്. ഖുര്‍ആന്‍ വചനങ്ങളാണ് ആദ്യഘട്ടത്തിലും പിന്നീടും കലിഗ്രഫിക്കായി കൂടുതല്‍ ഉപയോഗിക്കപ്പെട്ടത്. ഖുര്‍ആന്‍ എഴുത്തില്‍ അക്ഷരാലങ്കാര വേലകള്‍ ഒമ്പതാം നൂറ്റാണ്ടു മുതല്‍ ഇടം നേടിയിട്ടുണ്ട്. അലങ്കാര കൂഫീ എഴുത്തുകള്‍ ഇതിനായി ധാരാളം ഉപയോഗിക്കപ്പെട്ടു. പുഷ്പാലംകൃത കൂഫീ രീതി സിറിയ മുതല്‍ ഇറാന്‍ വരയുള്ള ദേശങ്ങളില്‍  പ്രചാരം നേടി. ആയത്തുകള്‍ മരത്തടിയിലും മാര്‍ബിളിലും പള്ളിയുടെയും മറ്റും ചുവരുകളിലും മിഹ്‌റാബിലുമൊക്കെ സുന്ദരമായി കൊത്തി വെക്കുന്ന രീതി ഇസ്‌ലാമിക നാഗരികതയില്‍ പ്രചാരം നേടി. പുഷ്പാലംകൃത കൂഫീ ചിത്രാലങ്കാരങ്ങള്‍ ക്രി. 14-ാം നൂറ്റാണ്ടില്‍ ഈജിപ്തില്‍ മംലൂക് രാജവംശം സ്ഥാപിച്ച പള്ളികളില്‍ ഉപയോഗിച്ചിരുന്നു. കൂഫി കലിഗ്രഫി വന്‍ വളര്‍ച്ച നേടിയത് ഫാത്വിമി, സല്‍ജൂഖി, ഗസ്‌നവി ഭരണകാലങ്ങളിലാണ്.

സ്വാഭാവിക കൈ ചലനങ്ങള്‍ക്കനുസൃതമായി വടിവൊത്ത അക്ഷരങ്ങളാണ് നസ്ഖ് എഴുത്തിന്റെ സവിശേഷത. കൂഫീ ലിപിയല്‍നിന്ന് വ്യത്യസ്തമാണിത്. ലാളിത്യവും വ്യക്തതയും ഇതിന്റെ പ്രത്യേകതയാണ്. ഇബ്‌നു മുഖ്‌ല, ഇബ്‌നുല്‍ ബവ്വാബ് എന്നിവരാണ് ഈ രംഗത്ത് മികച്ച സംഭാവനകളര്‍പ്പിച്ച പൗരാണിക പ്രമുഖര്‍. ബഗ്ദാദ് കൊട്ടാരത്തില്‍ ഇതാരംഭിച്ചത് ഇബ്‌നു മുഖ്ലയാണ്. ഇബ്‌നുല്‍ ബവ്വാബിന്റെ നസ്ഖ് ലിപിയിലെ പഴക്കം ചെന്ന ഖുര്‍ആന്‍ കൈയെഴുത്ത്പ്രതി അയര്‍ലണ്ടിലെ ഡബ്‌ളിന്‍ സര്‍വകലാശാലയുടെ ചെസ്റ്റര്‍ ബീറ്റി ലൈബ്രറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. മുസ്‌ലിം ലോകത്ത് വന്‍ പ്രചാരം നേടിയ ലിപിയാണിത്.

ഇതിനു പുറമെ, ഒരു അക്ഷരത്തിന്റെ മൂന്നിലൊന്ന് ചെരിച്ചെഴുതുന്ന ഥുലുഥ്, പകുതി ചെരിച്ചെഴുതുന്ന നിസ്ഫ്, മുന്നില്‍ രണ്ട് ഭാഗം ചെരിച്ചെഴുതുന്ന ഥുലുഥൈന്‍, മുഹഖഖ്, റയ്ഹാനി, റുഖ്അ, തൗഖി, ജലീല്‍, തുമാര്‍, മുസല്‍സല്‍, ഗുബാര്‍ തുടങ്ങിയ നിരവധി ലിപി രീതികളുമുണ്ട്. ആറ് എഴുത്ത് രീതികള്‍ ആവിഷ്‌കരിച്ച കലാകാരനാണ് അബൂദുര്‍റ് യാ ഖൂതുല്‍ മുസ്ത അസ്വിമ്മി. ജഅ്ഫരി ബായ്‌സുന്‍ ഖുരി, അബ്ദുല്ല തബ്‌ലാക്കി ഹറാവി, അലാഉദ്ദീന്‍ തിബ്‌രീസി തുടങ്ങി ഒട്ടേറെ കലാകാരന്മാര്‍ ഈ രംഗത്ത് സംഭാവനകളര്‍പ്പിച്ചവരാണ്.

പേര്‍ഷ്യന്‍ കൈയെഴുത്ത് ഗ്രന്ഥങ്ങളില്‍ അക്ഷരങ്ങളുടെ ചിത്രപണികള്‍ ബഹുവര്‍ണങ്ങളില്‍ ആവിഷ്‌കരിക്കപ്പെട്ടതു കാണാം. അക്ഷരങ്ങള്‍ കൊണ്ടുള്ള മൃഗചിത്രങ്ങളും മനുഷ്യ ചിത്രങ്ങളും കലിഗ്രഫിക്ക് സംഭാവന ചെയ്തത് പേര്‍ഷ്യയാണ്. വിഗ്രഹനിര്‍മാണവും അതിന്റെ  ചിത്രങ്ങളും തയാറാക്കുന്നതിന് വിലക്ക് കല്‍പിക്കപ്പെട്ടപ്പോള്‍ കലാകാരന്മാര്‍ നടത്തിയ ചുവടുമാറ്റമാണ് അറബ് ലോകത്ത് കലിഗ്രഫി ഇത്രയും അഭൂതപൂര്‍വമായ വളര്‍ച്ച നേടാന്‍ കാരണമായ ഘടകങ്ങളിലൊന്ന്. ഇസ്ലാമിക സൗന്ദര്യ ശാസ്ത്ര ശാഖക്ക് ഇത് നല്‍കുന്ന അനന്യമായ സംഭാവനകള്‍ കൊണ്ടാണ് ഏറക്കാലത്തെ  ചരിത്ര പിന്‍ബലമുള്ള ഈ കലാരൂപം ഇന്ന് പുതിയ മേഖലകളിലേക്ക് വികസിച്ചുകൊിരിക്കുന്നത്.

അറബി ഭാഷയിലായിരുന്നു കലിഗ്രഫിയുടെ തുടക്കമെങ്കിലും പിന്നീട് മറ്റു മതസ്ഥരും ചിത്രകാരന്മാരും ചിന്തകന്മാരും കലിഗ്രഫിയുടെ പ്രചാരകരായിട്ടുണ്ട്. അറബി ഭാഷയിലും ഖുര്‍ആനിന്റെ അക്ഷര ക്രമീകരണ സൗന്ദര്യത്തിലും ആകൃഷ്ടരായി പലരും ഇസ്ലാം സ്വീകരിക്കുകയുണ്ടായി. അമേരിക്കയില്‍നിന്നുള്ള മുഹമ്മദ് സക്കറിയ സമകാലീനരില്‍ പ്രമുഖനാണ്. ഇസ്ലാമിനെയും  പ്രവാചകനെയും കുറിച്ച് ഒട്ടേറെ ഗ്രന്ഥങ്ങളെഴുതിയ മാര്‍ട്ടിന്‍ ലിംഗ്സ് ഖുര്‍ആനിക സൗന്ദര്യത്തെയും അറബിക് കലിഗ്രഫിയുടെ  അനന്തമായ സാധ്യതകളെയും കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ലോകപ്രശസ്ത ചിത്രകാരന്‍ പാബ്ലോ പിക്കാസോ അറബിക് കലിഗ്രഫിയെ അത്ഭുത കലയെന്ന് വിശേഷിപ്പിച്ചപ്പോള്‍,  അുുഹല സ്ഥാപകന്‍ സ്റ്റീവ് ജോബ്സ് ആപ്പിള്‍ പ്രൊഡക്റ്റുകളുടെ രൂപീകരണത്തില്‍ കലിഗ്രഫിയില്‍നിന്ന് താന്‍ പ്രചോദനമുള്‍ക്കൊണ്ടതായി സൂചിപ്പിക്കുന്നുണ്ട്.

 

സൗന്ദര്യം

ഖുര്‍ആന്റ ആദ്യകാല കൈയെഴുത്ത് പ്രതികളില്‍ കാണുന്ന കലാവൈഭവം മാസ്മരികമാണ്. ഏറ്റവും സുന്ദരമായ ഖുര്‍ആന്‍ പ്രതി തയാറാക്കുന്നതില്‍ അതത് കാലത്തെ ഭരണാധികാരികള്‍ പ്രത്യേക താല്‍പര്യം കാണിച്ചു. കൈയെഴുത്ത് കലാകാരന്മാര്‍ ഓരോ ഭരണാധികാരിയുടെയും വിലമതിക്കാനാവാത്ത സമ്പത്തായിരുന്നു. ഏറ്റവും മികച്ച കലാകാരനെ സ്വന്തമാക്കുന്നതിലും അവര്‍ മത്സരിച്ചു. ലോഹം, ഗ്ലാസ്്, ദന്തം, തുണി, മരം, കല്ല്, മണ്‍പാത്രങ്ങള്‍ എന്നിവയിലെ അലങ്കാരവേലകള്‍ക്കെല്ലാം ഖുര്‍ആന്‍ വാക്യങ്ങള്‍ ഉപയോഗിച്ചതുമൂലം കൈയെഴുത്ത് കലയിലുള്ള താല്‍പര്യം വ്യാപകമായി. അലങ്കരിക്കാന്‍ പറ്റിയ വസ്തുക്കളെല്ലാം എഴുത്ത് കലയുടെ വിവിധ ചിത്രാലങ്കാരങ്ങള്‍ കൊണ്ട് അലങ്കരിച്ച നാടകളും മെഡല്‍ രൂപങ്ങളും മറ്റു അലങ്കാര വസ്തുക്കളും വെച്ച് മോടിപിടിപ്പിച്ചു. ഇതെല്ലാം ഈ കലയെ ജനകീയമാക്കി.

അറബി കലിഗ്രഫിയില്‍ അലങ്കാര എഴുത്തുകള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. കൂഫി ലിപിയില്‍ അക്ഷരങ്ങളുടെ ലംബ വരകളില്‍ ഇലകളും പൂക്കളും വരക്കുന്ന പുഷ്പാലംകൃത രീതി, അന്യോന്യം പിണഞ്ഞു കിടക്കുന്ന മെടയല്‍ രീതി, അക്ഷരങ്ങള്‍ കൊണ്ട് മൃഗങ്ങളെയും മനുഷ്യരെയും വരക്കുന്ന രീതി.... ഇങ്ങനെ ഒരേ ലിപിയില്‍ തന്നെ അനേകം വ്യത്യസ്ത ശൈലികള്‍ സ്വീകരിക്കാറുണ്ട് കലിഗ്രഫി കലാകാരന്മാര്‍. ഓരോന്നും സവിശേഷ എഴുത്ത് രീതികളായി വളരുകയും  സുലുസ്, കൂഫി, നസ്ഖ്, ഫാര്‍സി, ദീവാനി, റുഖ്അ, റൈഹാനി, മുഹഖഖ്, മഗ്രിബി, തഖ്വീ  തുടങ്ങി  വ്യത്യസ്ത പേരുകളില്‍ അറിയപ്പെടുകയും ചെയ്തു. അക്ഷരങ്ങളുടെ കെട്ടുകള്‍, അക്ഷരാന്ത്യങ്ങളുടെ രീതി, അക്ഷരങ്ങളുടെ വടിവും ആകാരവും, തിരശ്ചീന-ലംബ രേഖകളുടെ ദൈര്‍ഘ്യം, മൂല വളവുകളുടെ സ്വഭാവം മുതലായവയെ അടിസ്ഥാനമാക്കിയാണ് വ്യത്യസ്ത രീതികള്‍ രൂപപ്പെട്ടത്. മുസ്‌ലിം ലോകത്തിന്റെ മിക്കവാറും എല്ലാ ഭാഗങ്ങളിലും ഉപയോഗത്തിലിരിക്കുന്ന, അറബികള്‍ക്ക് ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന എഴുത്ത് രീതിയാണ് സുലുസ്. വാസ്തു ശില്‍പങ്ങളിലും ചെറിയ കലാരൂപങ്ങളിലും അലങ്കാര വേലകള്‍ക്കുപയോഗിച്ചിരുന്ന ലിപിയാണിത്.  

 

ആത്മീയത

മനുഷ്യ ജീവിതവുമായി ഏറെ ബന്ധമുണ്ട് കലിഗ്രഫിക്ക്. ചിലപ്പോള്‍ ജീവിതവുമായി ബന്ധപ്പെട്ട യാഥാര്‍ഥ്യങ്ങളോ ആത്മാവിനെ സ്ഫുടീകരിക്കുന്ന പ്രക്രിയയോ ആയിരിക്കും കലിഗ്രഫിയായി ചിത്രീകരിക്കപ്പെടുക. ജീവിതത്തിലുടനീളം ജാഗ്രത പുലര്‍ത്തുകയെന്ന സന്ദേശമാണ് ഇത് കൈമാറുന്നത്. എഴുതുന്തോറും അക്ഷരങ്ങളുടെ കാണാപ്പുറങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനും ആന്തരിക രഹസ്യങ്ങള്‍ ഉല്ലേഖനം  ചെയ്ത് ബാഹ്യമായി പ്രദര്‍ശിപ്പിക്കാനും അത് നമ്മെ പ്രേരിപ്പിച്ചുകൊണ്ടേയിരിക്കും. ഒട്ടേറെ അര്‍ഥതലങ്ങളുള്ള വാക്കുകള്‍ വളരെ കുറഞ്ഞ വരികളിലൂടെ കൂടുതല്‍ മനോഹരമാക്കിയെഴുതുമ്പോള്‍    കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുന്നു. 'കൈയെഴുത്തിലെ മാസ്മരികത നിന്നിലും പ്രതിഫലിക്കും. കാരണം, മനുഷ്യന്റെ ജൈവസന്ധാരത്തിന് അവര്‍ജ്യമാണിത്' എന്ന മുഹമ്മദ് നബിയുടെ വചനവും, 'ആഖ്യാനചാതുരി ഹസ്തജിഹ്വയും ധൈഷണിക പ്രകാശനവുമാണെന്ന' നാലാം ഖലീഫ അലി(റ)യുടെ വചനവും ഓരോ കലാകാരനും ഹൃദയത്തോട് ചേര്‍ത്തു വായിക്കേണ്ടതാണ്.

ഒഴിഞ്ഞ പ്രതലത്തില്‍ നിറഞ്ഞ മനസ്സോടെ കൈയും മനസ്സും ഒരേപോലെ നിയന്ത്രണ വിധേയമാവുമ്പോഴാണ് ആവിഷ്‌കാരങ്ങള്‍ അതിന്റെ ഉത്തുംഗതയിലെത്തുന്നത്. അശ്രദ്ധയോടെയുള്ള ചെറിയ അനക്കങ്ങള്‍ പോലും അക്ഷരങ്ങള്‍ക്ക് ജീവന്‍ നഷ്ടപ്പെടാന്‍ കാരണമാവുന്നു. പൂര്‍ണ ശ്രദ്ധയോടെ കലാകാരന്‍ ഒരു വരിയെഴുതുമ്പോള്‍ വളഞ്ഞും പുളഞ്ഞും അന്യോന്യം പിണഞ്ഞുകിടക്കുന്ന അക്ഷരങ്ങളില്‍  ജീവനുണ്ടാവുന്നു. അതില്‍ കാണുന്ന  ഓരോ അക്ഷരങ്ങള്‍ക്കും ഓരോ വ്യക്തിത്വം കാണാനും അവയുമായി നമുക്ക്  ആത്മസംഭാഷണം നടത്താനും സാധിക്കും. അക്ഷരങ്ങളുമായി എഴുത്തുകാരന്‍/ ചിത്രകാരന്‍ നടത്തുന്ന സംഭാഷണങ്ങളാണ് കലിഗ്രഫി എന്ന കലയുടെ ആത്മാവ്.

എഴുതുമ്പോള്‍ അക്ഷരങ്ങളില്‍ ഒളിഞ്ഞു കിടക്കുന്ന ആന്തരിക സൗന്ദര്യം നല്‍കുന്ന ആത്മീയ നിര്‍വൃതി ഒരു സംഗീതം പോലെ നമ്മെ കുളിരണിയിക്കും. മനസ്സ് സന്തോഷം കൊള്ളുമ്പോള്‍ അക്ഷരങ്ങള്‍ ആകര്‍ഷമാകുന്നതും സങ്കീര്‍ണമാവുമ്പോള്‍ അക്ഷരങ്ങള്‍ക്ക് ഉദ്ദേശിച്ച അഴക് നഷ്ടപ്പെടുന്നതും  അത് മനസ്സിനെ എത്രത്തോളം സ്വാധീനിക്കുന്നു എന്നുള്ളതിനുള്ള തെളിവാണ്. അതുകൊണ്ട് തന്നെ മാനസികോല്ലാസത്തിനുതകുന്ന ഒരു നല്ല മെഡിറ്റേഷന്‍ കൂടിയായി ചൈന, ജപ്പാന്‍, കൊറിയ  പോലുള്ള രാജ്യങ്ങള്‍ ഇന്ന് കലിഗ്രഫിയെ കാണുന്നുണ്ട് 

കലാകാരന്റെ  സൂക്ഷ്മ നിരീക്ഷണത്തില്‍  പ്രപഞ്ചത്തിലെ ഓരോ രൂപങ്ങളും വ്യത്യസ്ത ഭാവനകളായി അവനോട് സംവദിക്കും. അവ പിന്നീട് മനോമുകുരങ്ങളില്‍ കവിത വിരിയിക്കുകയും മനോഹരങ്ങളായ കലിഗ്രഫി ചിത്രങ്ങളായി രൂപം പ്രാപിക്കുകയും ചെയ്യും. 'ഒറ്റ വൈക്കോല്‍ വിപ്ലവ'ത്തില്‍ ഫുക്കുവോക്കാ കൃഷിയെ കവിതാരചന കൊണ്ട്  വിശേഷിപ്പിച്ചപോലെ കലിഗ്രഫിയും കവിതാരചന പോലെ ഒരു ആത്മാവിഷ്‌കാരമാണ്. എഴുത്തും വരയുമെല്ലാം വികാരങ്ങളും വിചാരങ്ങളുമാണ്. എഴുതിക്കഴിയുന്നത് വരെ മാത്രമേ അത് കലാകാരന്റേതാവുന്നുള്ളൂ. പിന്നീടത്  നാഥനില്ലാത്ത ഒരു കുഞ്ഞായി മാറും. ആസ്വാദകരാണ് പിന്നെ അതിനെ ദത്തെടുക്കുന്നതും താലോലിക്കുന്നതും വളര്‍ത്തുന്നതുമൊക്കെ. അതുകൊണ്ട് തന്നെ വായിക്കുന്നവര്‍ എന്തു വിചാരിക്കും എന്ന തോന്നലുായാല്‍ ഒരു സൃഷ്ടി പോലും പിറക്കുകയില്ല.  

 

സാമൂഹികത  

മനസ്സിനെ സ്പര്‍ശിക്കുന്ന സമകാലിക സംഭവങ്ങള്‍ ഭാവനകള്‍ ചേര്‍ത്ത് സാമൂഹിക പരിവര്‍ത്തനത്തിന് സഹായമാകുംവിധം ആവിഷ്‌കരിക്കുന്ന രീതിയും കലിഗ്രഫി കലാകാരന്മാര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. അസന്തുലിതമായ ജീവിത രീതികളെ ചോദ്യം ചെയ്യുന്നതിലൂടെയാണ് അവ ചരിത്രത്തിന്റെ ഗതിമാറ്റാനുള്ള നാന്ദി കുറിക്കുന്നത്. യാഥാര്‍ഥ്യമാവേണ്ട ജീവിതാവസ്ഥകളിലേക്ക് മനുഷ്യനെ നയിക്കാന്‍ വഴി കണ്ടെത്തുന്നവരാണ് നവോത്ഥാന ദാഹികളായ കൈയെഴുത്ത് കലാകാരന്മാര്‍. പുതിയ ചരിത്രത്തിന്റെ നിര്‍മിതിക്ക് വേണ്ടിയാണവര്‍ വിരലുകള്‍ ചലിപ്പിക്കുക.

ഓരോ സംഭവത്തെയും അതുമായി ബന്ധപ്പെട്ട വ്യക്തികളുടെ മാനസിക ഘടന, അത് മറ്റുള്ളവരില്‍ ചെലുത്തുന്ന സ്വാധീനം, സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവര്‍ അതിനെ എങ്ങനെ വീക്ഷിക്കുന്നു തുടങ്ങിയവയെയും സ്വന്തം അനുഭവങ്ങളുടെയും സംവേദനത്തിന്റെയും തലങ്ങളില്‍നിന്നുകൊണ്ട് അപഗ്രഥിച്ചാണ് സൃഷ്ടിപ്രക്രിയയിലേര്‍പ്പെടുന്നത്. അപ്പോള്‍ അക്ഷരങ്ങള്‍ കലിഗ്രഫി കലാകാരന് ഒരു പോരാട്ട ആയുധമാണ്. ജനാധിപത്യ ധ്വംസനവും ഫാഷിസ്റ്റ്് വാഴ്ചയും മറ്റും അരങ്ങ് വാഴുന്ന കാലത്ത്  കലിഗ്രഫിയും അതിനെതിരായ ഒരു സമര മാധ്യമമാണ്. അത്തരം ചില പരീക്ഷണങ്ങള്‍ കലിഗ്രഫിയില്‍ നടത്താനായത്, ഈ കല കൂടുതല്‍ ജനകീയമാകാന്‍ സഹായകമായിട്ടുണ്ട്. സാമൂഹിക തിന്മക്കെതിരെ അക്ഷരങ്ങള്‍കൊണ്ട് കൈയെഴുത്ത് കലാകാരന്മാര്‍ നടത്തുന്ന പോരാട്ടങ്ങള്‍ പ്രത്യേകം ജനശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ഇതിന്റെ അടയാളമാണ്. 

 

വര്‍ത്തമാനം

ആരാധനാലയങ്ങളുടെ ചുമരുകളിലും വിശുദ്ധ ഗ്രന്ഥങ്ങളിലും കൗതുകത്തോടെ  വീക്ഷിച്ചുകൊണ്ടിരുന്ന കലിഗ്രഫി എന്ന കൈയെഴുത്ത് കല, വിവര സാങ്കേതിക വിദ്യയുടെ പുതിയ കാലത്ത് ആശയ സംവേദനത്തിന്റെ ഏറ്റവും ആകര്‍ഷകവും സൗന്ദര്യാത്മകവുമായ രീതി കൈവരിച്ചു കൊണ്ടിരിക്കുകയാണെന്നാണ് ഈ സ്വീകാര്യതയില്‍നിന്ന് മനസ്സിലാകുന്നത്. ആധുനിക ചിത്രകലയിലെ മിക്ക സങ്കേതങ്ങളും കലിഗ്രഫിയിലൂടെ പ്രകടമാക്കാന്‍ സാധിക്കുന്ന തലത്തിലേക്ക് കലിഗ്രഫി ജനകീയമായി വളര്‍ന്നുകഴിഞ്ഞു. ഏറ്റവും ആകര്‍ഷകമായ രൂപത്തില്‍ അക്ഷരങ്ങള്‍ വിന്യസിക്കുന്നതിന്റെ പ്രാധാന്യം അനുദിനം അതിവേഗതയില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഈ സാങ്കേതിക വിദ്യയുടെ കാലത്ത് പറഞ്ഞറിയിക്കേണ്ടതില്ല.

ആധുനിക കലാകാരന്മാര്‍ വികസിപ്പിച്ചെടുത്ത മോഡേണ്‍ കലിഗ്രഫി, ഈ രംഗത്ത് പുതിയ വാതായനം തന്നെയാണ് തുറന്നിട്ടിരിക്കുന്നത്. വര്‍ത്തമാനകാലത്തെ കലിഗ്രഫി പ്രവണതയെ അഞ്ച് ഗണങ്ങളില്‍ വിഭജിക്കാന്‍ സാധിക്കും. സാമ്പ്രദായികം (Traditional), അനാട്ടമി (Figural),  അഭിവ്യഞ്ജകം (Expressionist) പ്രതീകാത്മകം (Symbolic) ശുദ്ധ അമൂര്‍ത്തം (Pure Abstractionist).  

സമകാലിക മുസ്‌ലിം ലോകത്ത് ഇസ്ലാമിക നവജാഗരണവും സ്വത്വാന്വേഷണങ്ങളും ഗതിവേഗം കൈവരിക്കുന്നതിനാല്‍ കൈയെഴുത്ത് കലാകാരന്മാര്‍ തങ്ങളുടെ കലയില്‍ വീണ്ടും പരീക്ഷണങ്ങളും പര്യവേക്ഷണങ്ങളും നടത്തിക്കൊണ്ടിരിക്കുകയാണ്. മുസ്‌ലിം ലോകത്തെങ്ങും ഇന്ന് കൈയെഴുത്ത് കലയില്‍ വര്‍ധിച്ച താല്‍പര്യം പ്രകടമാണ്. 

മുസ്‌ലിം ലോകത്തെ സമകാലിക കലിഗ്രഫിയുടെ ചില മാതൃകകള്‍ ഇസ്ലാമിക പരമ്പര്യത്തേക്കാള്‍ പടിഞ്ഞാറന്‍ സംസ്‌കൃതിയുമായി ചേര്‍ന്നു നില്‍ക്കുന്നതാണെന്നും നിരീക്ഷണങ്ങളു്. ഇതര സംസ്‌കാരങ്ങളില്‍ വ്യാപകമായി ഉപയോഗപ്പെടുത്തി വരുന്നതും അടുത്ത കാലത്ത് മുസ്‌ലിം ശില്‍പികളും ചിത്രകാരന്മാരും പ്രയോഗിച്ചു വരുന്നതുമായ രൂപചിത്രപരമായ പ്രമേയങ്ങള്‍ കടംകൊള്ളുന്നതിന് പകരം ഒട്ടേറെ മുസ്‌ലിം കൈയെഴുത്ത് കലാകാരന്മാര്‍ പാരമ്പര്യത്തോട് ഒട്ടിനിന്ന് അമൂര്‍ത്ത കലാവസ്തുക്കള്‍ തെരഞ്ഞെടുക്കുന്നുണ്ട്. ഖുതൈബ ശൈഖ് നൂരി, തുനീഷ്യന്‍ കലാകാരനായ നജാ മഹ്ദാവി തുടങ്ങിയവരുടെ കലിഗ്രഫി ആവിഷ്‌കാരങ്ങള്‍  സുവിദിതമാണ്.

സാമ്പ്രദായിക രീതിയില്‍ രചന നടത്തുന്ന കലിഗ്രാഫര്‍മാരുടെ സൃഷ്ടികള്‍ സമകാലിക മുസ്‌ലിം ലോകത്ത് ഇസ്ലാമിക കലയുടെ ശക്തമായ സാന്നിധ്യമുണ്ടെന്നതിന് തെളിവാണ്. ഇതിനു പുറമെ പാരമ്പര്യേതരമായ സമകാലിക കലിഗ്രഫിയും പലപ്പോഴും ഇസ്ലാമിക കലയുടെ അടിസ്ഥാന സവിശേഷതകള്‍ പ്രകടിപ്പിക്കുന്നതായി കാണാം. ഖുര്‍ആന്‍ എഴുത്തില്‍ നിന്നാരംഭിച്ച് പല നാടുകളിലും ഇന്ന് ഒരു അക്കാദമിക് വിഷയമായി കലിഗ്രഫി മാറിക്കഴിഞ്ഞു.

 

ആധുനിക പരീക്ഷണങ്ങള്‍

സമകാലീന കലിഗ്രാഫര്‍മാരില്‍ ലൈറ്റ് കലിഗ്രഫിയില്‍ പ്രത്യേക ശ്രദ്ധ നേടിയ ആളാണ് ഫ്രഞ്ച് സ്വദേശിയായ ജൂലിയന്‍ ബ്രെട്ടണ്‍. അറബിക്, ഇംഗ്ലീഷ്, ഫ്രഞ്ച് ഭാഷയില്‍ ഗള്‍ഫ് രാജ്യങ്ങളിലുള്‍പ്പെടെ ലോകത്തിന്റെ പല ഭാഗങ്ങളിലും മ്യൂസിക് ലൈറ്റനിംഗ് കള്‍ച്ചറല്‍ ഷോ നടത്തി കലിഗ്രഫി രംഗത്ത് പുതിയൊരു ശാഖ തന്നെ പരിചയപ്പെടുത്തുകയാണദ്ദേഹം.

ഈ രംഗത്തെ മറ്റൊരു രീതിയാണ് വാട്ടര്‍ കലിഗ്രഫി. ചൈനയിലും ജപ്പാനിലുമാണ് ഇതിനു തുടക്കം കുറിച്ചത്. കല്ലിലും മണ്ണിലും സെറാമിക്കുകളിലും വെള്ളത്തുള്ളി ഉപയോഗിച്ചാണ് ഇത് ചെയ്ത് വരുന്നത്. ചിത്രത്തിന്റെ രൂപത്തില്‍ ഔട്ട് ലൈന്‍ തയാറാക്കി അതിനകത്ത് അക്ഷരങ്ങള്‍ സമര്‍ഥമായി സന്നിവേശിപ്പിച്ച് എഴുതുന്ന അനാട്ടമിക് കലിഗ്രഫിയും ഇന്ന്  വളരെ വേഗത്തിലാണ് ജനകീയമായിക്കൊണ്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ഇത്തരം പരീക്ഷണങ്ങള്‍ക്ക് വലിയ പിന്തുണയും പ്രോത്സാഹനവുമാണ് കലാകാരന്മാര്‍ക്ക് ലഭിക്കുന്നത്. അതുകൊണ്ട് തന്നെ ഈ രംഗത്ത് വ്യത്യസ്തങ്ങളായ പുതിയ പരീക്ഷണങ്ങളാണ് കണ്ടുകൊണ്ടിരിക്കുന്നത്.

 

യാത്ര

യാത്രകള്‍ ഏതൊരു കലാകാരന്റെയും ഉള്ളിലുള്ള ഭാവനകകളെ പുറത്ത് കൊണ്ടുവരും. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നീ വന്‍കരകളിലെ 43-ഓളം രാജ്യങ്ങളില്‍ പാസ്‌പോര്‍ട്ടോ വിസയോ ഇല്ലാതെ സഞ്ചാരം നടത്തിയ മലയാളിയായ കിഴിശ്ശേരി മൊയ്തു എന്ന സഞ്ചാരിയെ കലിഗ്രഫി കലാകാരനാക്കിയത് അതിസാഹസികമായ യാത്രകളാണ്. നാലാം ക്ലാസ് വരെ മാത്രം പഠിച്ച മൊയ്തുക്ക അതിസാഹസികമായ യാത്രകളിലൂടെ പഠിച്ചെടുത്തത് 20-ഓളം ഭാഷകളാണ്. തുര്‍ക്കിയില്‍നിന്നാണ് അറബി ഭാഷയോട് അടുപ്പം കൂടുന്നതും കലിഗ്രഫി ചെയ്തു തുടങ്ങിയതും. അറബി കലിഗ്രഫിയോടുള്ള ഇഷ്ടം പിന്നീട് എത്തുന്നിടങ്ങളില്‍നിന്നെല്ലാം അപൂര്‍വങ്ങളായ കലിഗ്രഫികള്‍ ശേഖരിക്കാനും കാരണമായി. അനേകം രാജ്യങ്ങളില്‍നിന്നും ശേഖരിച്ച നൂറ്റാണ്ടുകള്‍ പഴക്കമുള്ള സാമഗ്രികളുടെ കൂടെ കിഴിശ്ശേരി കുഴിമണ്ണ റോസ് വില്ലയിലെ ചെറിയ വീട്ടിലെ കോലായിലും മുറിക്കുള്ളിലെ ചുമരുകളിലുമായി മനോഹരങ്ങളായ കലിഗ്രഫികളും തൂങ്ങിക്കിടക്കുന്നുണ്ട്.   

 

അനാട്ടമി

ചിത്രത്തിന്റെ രൂപത്തില്‍ ഔട്ട് ലൈന്‍ തയാറാക്കി അതിനകത്ത് അക്ഷരങ്ങള്‍ സമര്‍ഥമായി സന്നിവേശിപ്പിക്കുന്ന രീതിയാണ് അനാട്ടമിക് കലിഗ്രഫി. എഴുത്തും രൂപവും ഒരുമിച്ചാസ്വദിക്കാന്‍ കഴിയുന്നത് കൊണ്ട് തന്നെ വളരെ വേഗത്തിലാണ് ഈ മേഖല ജനകീയമായിക്കൊണ്ടിരിക്കുന്നത്. അറബിക് അനാട്ടമിക് കലിഗ്രഫിയില്‍ കഴിവ് തെളിയിച്ച മലയാളി കലാകാരനാണ് കാസര്‍കോട്ടുകാരനായ ഖലീലുല്ലാഹ് ചെംനാട്.  അറബി അക്ഷരങ്ങള്‍ കൊണ്ട് പ്രശസ്തരുടെ അനാട്ടമിക് കലിഗ്രഫിക് ചിത്രങ്ങള്‍ തയാറാക്കി ലിംക വേള്‍ഡ് റെക്കോര്‍ഡ് ബുക്കില്‍ ഇടം നേടിയിട്ടുണ്ട് അദ്ദേഹം.

 

ഇന്ത്യയില്‍

ഇന്ത്യയില്‍ വ്യത്യസ്തങ്ങളായ കലിഗ്രഫി ആവിഷ്‌കാരങ്ങള്‍ ഉണ്ടായിട്ടുണ്ട്. ലിഖിതങ്ങളായും ചുവരിലെ ചിത്രരചനകളായും അവ കണ്ടെടുക്കപ്പെടുകയുണ്ടായി. മുസ്‌ലിം ഭരണകാലത്ത് കലിഗ്രഫിക്ക് നല്ല പ്രോത്സാഹനം ലഭിച്ചുവെന്ന് മനസ്സിലാക്കാം. മുഗള്‍ഭരണകാലത്ത് നസ്തഅലീഖ് ലിപി ഇവിടെ പ്രചാരം നേടി. ബാബറിന്റെയും മറ്റും കാലത്ത് പള്ളികള്‍ ഉള്‍പ്പെടെയുള്ള കെട്ടിടങ്ങളില്‍ അറബി കലിഗ്രഫി ആവിഷ്‌കരിക്കപ്പെട്ടു. ഷേര്‍ഷാ സൂരി ദല്‍ഹിയിലെ പഴയ കോട്ടയില്‍ പണിത പള്ളിയുടെ മുഖ്യ കവാടത്തില്‍ ഖുര്‍ആനിലെ യാസീന്‍ അധ്യായം ഥുലുഥ് ലിപിയിലാണ് എഴുതിയിട്ടുള്ളത്. ഇന്ത്യയിലെ കൈയെഴുത്ത് കലാകാരന്മാരെ കൂടുതല്‍ സ്വാധീനിച്ചത് പേര്‍ഷ്യന്‍ കലാകാരന്മാരാണ്. 

കേരളത്തിലെ പൗരാണിക പള്ളികളിലും അറബ് ലിപിയുള്ള കലാവിഷ്‌കാരങ്ങള്‍ കാണാം. പൊന്നാനി അറബി ലിപി ഈ രംഗത്ത് കേരളത്തിന്റെ സംഭാവനയാണ്. മലയാളം അക്ഷരങ്ങളും കലിഗ്രഫിക്ക് വഴങ്ങുമെന്ന് തെളിയിച്ച കലിഗ്രാഫര്‍മാരില്‍ പ്രശസ്തനാണ് ശ്രീ നാരായണ ഭട്ടതിരി. ലോകത്ത് ആദ്യം അച്ചടിച്ച പുസ്തകമായ ജിഗ്ജിയുടെ സ്മരണാര്‍ഥം ദക്ഷിണ കൊറിയ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ജിഗ്ജി അന്താരാഷ്ട്ര പുരസ്‌ക്കാരം ഈയടുത്ത് അദ്ദേഹത്തിന് ലഭിച്ചിരുന്നു. എം.ടിയുടെ രണ്ടാമൂഴം, വാനപ്രസ്ഥം തുടങ്ങി ഇതിഹാസ രചനകളുള്‍പ്പടെ നൂറ്റമ്പതോളം തലക്കെട്ടുകള്‍ക്ക് പിന്നില്‍ കൈകള്‍ ചലിപ്പിച്ചത് നാരായണ ഭട്ടതിരിയാണ്.

മലയാളഗ്രഫി എന്ന 'മഗ്ര', അക്ഷരങ്ങളെ സ്‌നേഹിക്കുന്നവരെ ആകര്‍ഷിക്കാനായി സോഷ്യല്‍ മീഡിയയിലൂടെ പുതുമയാര്‍ന്ന കാമ്പയിനുകള്‍ സംഘടിപ്പിക്കാറുണ്ട്. മലയാളം ലിപിയുടെ സൗന്ദര്യവും ഡിസൈനിംഗ് സാധ്യതകള്‍ കണ്ടെത്തുന്നതിനു വേണ്ടി കേരള ഡിസൈനിംഗ് കൊളാബറേറ്റിവ് സംഘടിപ്പിച്ച  30 Days of Malayalam Letters  എന്ന കാമ്പയിന് സോഷ്യല്‍ മീഡിയയില്‍ ലഭിച്ച സ്വീകാര്യത ആളുകള്‍ക്ക് മലയാളം ടൈപ്പോഗ്രാഫിക് കലിഗ്രഫിയിലുള്ള താല്‍പര്യമാണ് വിളിച്ചോതുന്നത്.  

അക്ഷരങ്ങള്‍ കൊണ്ടുള്ള പുതിയ പരീക്ഷണങ്ങള്‍ക്ക് വലിയ പിന്തുണയും പ്രോത്സാഹനവുമാണ് മലയാളീ ആസ്വാദകരില്‍നിന്നും  കലാകാരന്മാര്‍ക്ക് ലഭിക്കുന്നത്. അതുകൊണ്ട് തന്നെ ഒട്ടനവധി പുതിയ കലാകാരന്മാരാണ് ഈ രംഗത്തേക്ക് കടന്നുവരുന്നത്.

 

അറബിമലയാളത്തില്‍

അറബിക് കലിഗ്രഫിയുടെ മലയാളം വേരുകളന്വേഷിച്ച് നടന്നപ്പോള്‍ എത്തിപ്പെട്ടത് കക്കാട് അബ്ദുല്ല മൗലവിയുടെ  വീട്ടിലായിരുന്നു. പണ്ട് കാലത്ത് അനേകം മദ്‌റസാ ബുക്കുകള്‍ക്ക് വേണ്ടി കൈകള്‍ ചലിപ്പിച്ച കലാകാരന്‍. അറബി കലിഗ്രഫിയെക്കുറിച്ച് ലഭ്യമായതില്‍ ഏറ്റവും മികച്ച ഒരു   ഗ്രന്ഥം 'അറബി എഴുത്ത് സമഗ്ര പഠനം' എന്ന പേരില്‍  പ്രസിദ്ധീകരിച്ചിട്ടുണ്ട് അദ്ദേഹം. അറബി കലിഗ്രഫിയുടെ ഉത്ഭവം തൊട്ട് അറബി മലയാളത്തിന്റെ ചരിത്രവും വര്‍ത്തമാനവും വളരെ വിശദമായി പ്രതിപാദിക്കുന്നുണ്ടതില്‍.

അറബികള്‍ കച്ചവടാവശ്യാര്‍ഥം  ഇങ്ങോട്ടും കേരള മുസ്‌ലിംകള്‍ അങ്ങോട്ടും ഹജ്ജിനു വേണ്ടി യാത്ര ചെയ്തു കൊണ്ടിരുന്ന ആ കാലത്ത്  ഫറാഹീദിയുടെ ലിപി പരിഷ്‌കരണമാണ് ഹിജ്റ രണ്ടാം നൂറ്റാണ്ടില്‍ അറബി മലയാളത്തിന് നിദാനമായതെന്ന് കരുതുന്നു. കേരളത്തില്‍നിന്നും അറബി കലിഗ്രഫിക്കുള്ള മഹത്തായ സംഭാവനയാണ് 'ഖത്ത് ഫുന്നാനി' (പൊന്നാനി എഴുത്ത്). കേരളീയന്റെ ലാളിത്യവും മിതത്വവും ദൃഢതയും സൗന്ദര്യബോധവും സ്ഫുരിച്ച് നില്‍ക്കുന്ന ലിപിയാണ് പൊന്നാനി എഴുത്ത്. മക്കത്തുല്‍ മലൈബാര്‍ (മലബാറിലെ മക്ക) എന്ന വിശേഷിപ്പിക്കപ്പെടുന്ന പൊന്നാനിയില്‍ വെച്ച് രൂപ സൗകുമാര്യം നേടിയത് കൊണ്ടാണ് ഈ ലിപിക്ക് ഖത്ത് ഫുന്നാനി എന്ന പേരു ലഭിച്ചത്.

ഉപജീവന മാര്‍ഗത്തിനപ്പുറം ആധുനിക അച്ചടി രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ നടക്കുമ്പോഴും അക്ഷരമെഴുത്തിന്റെ തനതായ ശൈലിയും  കാഴ്ചപ്പാടും സമൂഹത്തില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്ന മറ്റൊരു വ്യക്തിത്വമാണ് വയനാട് മുട്ടില്‍ മാണ്ടാട് സ്വദേശി കളത്തിപറമ്പന്‍ മുഹമ്മദ് കാതിബി. പതിനാറ് കൃതികള്‍ അദ്ദേഹത്തിന്റേതായിട്ടു്.

പക്ഷേ ഇത്തരം കൃതികള്‍ക്ക് ആധുനികതയുടെ കെട്ടും മട്ടുമില്ലാത്തത് കാരണം സമൂഹത്തില്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടുന്നില്ല. ഇവരെപ്പോലെ  പാരമ്പര്യ കലിഗ്രഫിയില്‍ സേവനമനുഷ്ഠിച്ചിരുന്ന അനേകം പേരുണ്ട് കേരളത്തില്‍.  അവര്‍ക്ക് വേണ്ട പ്രോത്സാഹനം കൊടുക്കാന്‍ സ്ഥാപനങ്ങളും പ്രസ്ഥാനങ്ങളും രംഗത്തിറങ്ങിയില്ലെങ്കില്‍ മഹത്തായ ഒരു പാരമ്പര്യത്തിന്റെ മഷിയാണ് ഉണങ്ങിപ്പോവുക. 

 

 

കുറിപ്പുകള്‍

1. കലിഗ്രഫി ; ഇസ്‌ലാമിക വിജ്ഞാന കോശം, ഐ.പി.എച്ച്

2. ഇസ്ലാം: കല, സംഗീതം- ഇസ്മാഈല്‍ റജി ഫാറൂഖി, ലൂയിസ് ലാംയാഅ ഫാറൂഖി, വിവര്‍ത്തനം: എ.കെ അബ്ദുല്‍ മജീദ്.

3. അറബി എഴുത്ത് സമഗ്ര പഠനം -  കക്കാട് പി. അബ്ദുല്ല മൗലവി.

4. സൗന്ദര്യ ശാസ്ത്രവും വിശ്വാസവും -  ശിഹാബുദ്ദീന്‍ ആരാമ്പ്രം.


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (62-64)
എ.വൈ.ആര്‍

ഹദീസ്‌

വിസ്മരിക്കരുത് ഉത്തരവാദിത്തങ്ങള്‍
കെ.സി ജലീല്‍ പുളിക്കല്‍