Prabodhanm Weekly

Pages

Search

2018 ജനുവരി 05

3033

1439 റബീഉല്‍ ആഖിര്‍ 17

എ. അബ്ദുര്‍റഹ്മാന്‍ ഹാജി

ഡോ. ടി.വി മുഹമ്മദലി

എല്ലാ ഇസ്‌ലാമിക സംരംഭങ്ങള്‍ക്കും, വിശിഷ്യാ ഇസ്‌ലാമിക പ്രസ്ഥാനത്തിനും സാമ്പത്തിക പിന്‍ബലം നല്‍കുന്ന ചാവക്കാട് രാജാ വ്യവസായ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ എ. അബ്ദുര്‍റഹ്മാന്‍ ഹാജി ഡിസംബര്‍ മൂന്നിന് അല്ലാഹുവിങ്കലേക്ക് യാത്രയായി. ഉദാരതയും വിനയവും കൊണ്ട് സര്‍വരുടെയും ആദരവിന് അര്‍ഹനായിരുന്നു അദ്ദേഹം.

ദക്ഷിണേന്ത്യയില്‍ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന തങ്ങളുടെ വ്യവസായ-വ്യാപാര ശൃംഖലയുടെ പുരോഗതിയിലും വിശ്വാസ്യതയിലും അബ്ദുര്‍റഹ്മാന്‍ സാഹിബിന്റെ നേതൃത്വത്തില്‍ രാജാ ഗ്രൂപ്പ് ബദ്ധശ്രദ്ധമാണ്. ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ ഇവരുടെ ഔത്സുക്യവും സുവിദിതമാണ്. സകാത്തിനും സ്വദഖക്കും പുറമെ, നിരാലംബരുടെയും അശരണരുടെയും നീറുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരത്തിനായി ഈ ഗ്രൂപ്പിന്റെ കൈകള്‍ സദാ ഉദാരമാണ്. ഗുണഭോക്താക്കളുടെ അഭിമാനത്തിന് മുറിവേല്‍പ്പിക്കാതെ രഹസ്യമായിട്ടായിരിക്കും എല്ലാം. ഗ്രൂപ്പ് ചെയര്‍മാനോ മറ്റു ഭാരവാഹികളായ അദ്ദേഹത്തിന്റെ സഹോദരങ്ങളോ ആരും തന്നെ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ പേരില്‍ പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുകയോ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ക്കും ഫോട്ടോകള്‍ക്കും അവസരം നല്‍കുകയോ ചെയ്യാറില്ല. ആതുരശുശ്രൂഷാ രംഗത്തു തന്നെ പതിനായിരത്തോളം പേര്‍ ചികിത്സാ സൗജന്യം ലഭിക്കുന്നവരുണ്ട്. രാജാ ചാരിറ്റി ആശുപത്രിയില്‍ 5000 പേര്‍ക്ക് പൂര്‍ണ ചികിത്സാ സൗജന്യ കാര്‍ഡുണ്ട്. ഏതാണ്ട് അത്രത്തോളം പേര്‍ക്ക് ചികിത്സാ ചെലവിന്റെ പകുതി ഇളവ് ലഭിക്കുന്ന കാര്‍ഡുമുണ്ട്.

രാജാ ഗ്രൂപ്പിന്റെ സ്ഥാപകന്‍ മര്‍ഹൂം രാജാ എ. അബ്ദുല്‍ഖാദിര്‍ ഹാജിയാണ്. വ്യവസായ മുന്നേറ്റവും അല്ലാഹുവിന്റെ മാര്‍ഗത്തിലെ ധനവിനിയോഗതല്‍പരതയും ഒരുപോലെ മുന്നോട്ടുകൊണ്ടുപോകുന്ന മാതൃക അദ്ദേഹത്തില്‍നിന്നാണ് മകന്‍ അബ്ദുര്‍റഹ്മാന്‍ ഹാജിയും സഹോദരങ്ങളും പിന്തുടര്‍ന്നത്. സിലോണ്‍ പ്രവാസിയായിരുന്ന അബ്ദുല്‍ ഖാദിര്‍ ഹാജി സമ്പാദ്യം പ്രത്യുല്‍പന്ന മാര്‍ഗത്തില്‍ ഉപയോഗിക്കുകയായിരുന്നു. 1935-ല്‍ നാട്ടില്‍ ആയിരങ്ങള്‍ക്ക് തൊഴില്‍ നല്‍കുന്ന ബീഡി, ഓട്, ടിംബര്‍ തുടങ്ങിയ ഫാക്ടറികള്‍ തുടങ്ങുകയായിരുന്നു. ഇപ്പോള്‍ വ്യവസായ-വ്യാപാര ശൃംഖല കൂടുതല്‍ വിപുലമായി. കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലായി നേരിട്ടും അല്ലാതെയുമായി 35000 പേര്‍ ജോലിചെയ്യുന്നു രാജാ ഗ്രൂപ്പിനു കീഴില്‍.

ഫാറൂഖ് കോളേജ്, ശാന്തപുരം ഇസ്‌ലാമിയാ കോളേജ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വലിയ സാമ്പത്തിക സഹായമാണ് ആദ്യകാലങ്ങളില്‍ രാജാ സാഹിബില്‍നിന്ന് ലഭിച്ചത്. പള്ളികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സാമ്പത്തിക സഹായം തുടര്‍ന്നുപോരുന്നു. സ്വന്തം സ്‌കൂള്‍ സ്ഥാപിച്ച്-രാജാ ഇംഗ്ലീഷ് സ്‌കൂള്‍- വിദ്യാഭ്യാസ രംഗത്തും സാന്നിധ്യം കുറിച്ചിരിക്കുകയാണിപ്പോള്‍. ലളിതമായ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച് തപാല്‍ വഴി വിതരണം ചെയ്ത് ഇസ്‌ലാമിക പ്രബോധനവും രാജാ ഗ്രൂപ്പ് നിര്‍വഹിക്കുന്നുണ്ട്. 

ദീര്‍ഘകാലം മുതുവട്ടൂര്‍ മഹല്ല് കമ്മിറ്റി പ്രസിഡന്റായിരുന്നു അബ്ദുര്‍റഹ്മാന്‍ ഹാജി. വഖ്ഫ് സ്വത്ത് കൈകാര്യം ചെയ്യുന്നതിലെ അദ്ദേഹത്തിന്റെ സൂക്ഷ്മത, സൗമ്യഭാവം, അവധാനത എന്നിവയെല്ലാം മറ്റുള്ളവര്‍ക്ക് മാതൃകയാണ്.

 

 

കൊച്ചു മുഹമ്മദ്

ആദ്യകാല ഇസ്‌ലാമിക പ്രവര്‍ത്തകനാണ് ചെറുവട്ടൂര്‍ കുഴുപ്പിള്ളിയില്‍ കൊച്ചു മുഹമ്മദ് സാഹിബ്. എണ്‍പതുകളുടെ ആദ്യത്തില്‍ ചെറുവട്ടൂരിലും പരിസര പ്രദേശത്തും പ്രസ്ഥാന ശബ്ദം എത്തിക്കുന്നതില്‍ വലിയ പങ്കുവഹിച്ചിരുന്ന അദ്ദേഹം കുറച്ചുകാലമായി കിടപ്പിലായിരുന്നു. പ്രസ്ഥാനത്തെ നെഞ്ചോട് ചേര്‍ത്ത കൊച്ചു മുഹമ്മദ് സാഹിബ് വിപുലമായ വ്യക്തിബന്ധം കാത്തുസൂക്ഷിച്ചിരുന്നു. പരിചയപ്പെടുന്നവര്‍ക്കെല്ലാം പ്രസ്ഥാനത്തെയും പ്രബോധനത്തെയും പരിചയപ്പെടുത്തുകയും ഒരു പഴയ കോപ്പി പ്രബോധനമെങ്കിലും നല്‍കുകയും ചെയ്യുമായിരുന്നു.

സൗമ്യനും സദാ പുഞ്ചിരി തൂകുന്ന മുഖത്തിനുടമയുമായിരുന്ന അദ്ദേഹം ഒരിക്കലും പ്രകോപിതനാവാറില്ലായിരുന്നു. മൂവാറ്റുപുഴ എം.ഐ.ഇ.ടി, ചെറുവട്ടൂര്‍ ഇസ്‌ലാമിക് സെന്റര്‍ എന്നീ സ്ഥാപനങ്ങളുടെ സ്ഥാപകാംഗമാണ്. രണ്ട് ആണ്‍മക്കളും ഏഴ് പെണ്‍മക്കളുമുണ്ട്. ഫാത്വിമയാണ് ഭാര്യ.

ഹസൈനാര്‍, ചെറുവട്ടൂര്‍

 

 

**** അല്ലാഹുവേ, പരേതരെ മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കേണമേ-ആമീന്‍ ***

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (62-64)
എ.വൈ.ആര്‍

ഹദീസ്‌

വിസ്മരിക്കരുത് ഉത്തരവാദിത്തങ്ങള്‍
കെ.സി ജലീല്‍ പുളിക്കല്‍