ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഘടനാ മാറ്റവും കര്‍തൃത്വ പരിണാമങ്ങളും മുസ്‌ലിംകളുടെ ധര്‍മ സങ്കടങ്ങള്‍ -2
ബാബരിയാനന്തര ഇന്ത്യന്‍ മുസ്‌ലിംകള്‍ അതിജീവനവും ശാക്തീകരണവും
ജനാധിപത്യം എന്ന ആധിപത്യ വ്യവസ്ഥ നിര്‍വചിക്കപ്പെടുന്നത് Sovereign State, Sovereign People, അഥവാ, പരമാധികാരമുള്ള രാഷ്ട്രം, ജനങ്ങള്‍ എന്നൊക്കെയുള്ള വിശേഷണങ്ങള്‍ ചേര്‍ത്താണെങ്കിലും വര്‍ഗങ്ങളും ഗ്രൂപ്പുകളും ലോബികളും വ്യക്തികളും ഭൂരിപക്ഷവും ന്യൂനപക്ഷവും എല്ലാം ഇതില്‍ പരസ്പര സംഘര്‍ഷങ്ങളുടെയും സന്ധികളുടെയും ഒരു പ്രക്രിയയിലൂടെയാണ് നിലനിന്നു പോരുന്നത്. വ്യത്യസ്ത പക്ഷങ്ങളും അധികാരസ്ഥാപനങ്ങളും തമ്മിലുള്ള രാഷ്ട്രീയ വ്യവഹാരത്തിന്റെ ഏജന്‍സിയാണ് പാര്‍ട്ടികള്‍. അതുകൊണ്ടുതന്നെ, പാര്‍ട്ടിക്കുള്ളിലെ അധികാര ബന്ധങ്ങള്‍, ജനാധിപത്യത്തിന്റെ പ്രവര്‍ത്തന ക്ഷമതയില്‍ നിര്‍ണായക ഘടകമാണ്. ജനങ്ങള്‍ പ്രതിനിധാനം ചെയ്യുന്നത് മനുഷ്യ കര്‍തൃത്വത്തെയാണ്. അതാണ് ജനാധിപത്യ രാഷ്ട്രീയത്തിന്റെ അടിത്തറ. രാഷ്ട്രീയ കര്‍തൃത്വമാവാത്ത മനുഷ്യന്‍ ജനാധിപത്യത്തില്‍ അശക്തനും അപൂര്‍ണനുമാണ്. ജനങ്ങളുടെ രാഷ്ട്രീയ ഇഛാശക്തി (ജീഹശശേരമഹ ണശഹഹ) നിശ്ചേതനമാവുന്നിടത്ത് സമഗ്രാധികാര പ്രവണതകള്‍ തലപൊക്കുമെന്ന് മാത്രമല്ല, ജനാധിപത്യം വിഭാവനം ചെയ്യുന്ന ജനങ്ങള്‍ക്കും ഭരണകൂടത്തിനുമിടയിലെ നിരന്തര സംവാദങ്ങള്‍ക്ക് പകരം ഭരണവര്‍ഗങ്ങള്‍ക്കിടയിലെ അധികാര കിടമത്സരങ്ങള്‍ മേല്‍ക്കോയ്മ സ്ഥാപിക്കുകയും ചെയ്യും. അത്തരം സാഹചര്യങ്ങളില്‍, ജനാധിത്യ തത്ത്വങ്ങള്‍ക്ക് പകരം ഭരണവര്‍ഗങ്ങളുടെ തത്ത്വങ്ങള്‍ രാഷ്ട്രീയത്തില്‍ മേധാശക്തിയായി മാറുകയും ചെയ്യും. അടിയന്തരാവസ്ഥ എന്ന രാഷ്ട്രീയ സാഹചര്യം ഇത്തരത്തിലുള്ള പലതരം പ്രവണതകളെയും പ്രതിനിധാനം ചെയ്തിരുന്നുവെന്നത് വിസ്മരിക്കാവതല്ല.
ഭരണകൂടത്തെയും മാര്‍ക്കറ്റ് ഫണ്ടമെന്റലിസത്തെയും കൈകോര്‍ത്തു നിര്‍ത്തിയും അതിന്റെ രാഷ്ട്രീയ പരിപ്രേക്ഷ്യം പാര്‍ട്ടിയിലും പുറത്തും അടിച്ചേല്‍പിച്ചും ജനാധിപത്യ രാഷ്ട്രീയ ഘടനയില്‍ സമൂല പരിവര്‍ത്തനം കൊണ്ടുവന്നുവെന്ന ചരിത്രദൗത്യമാണ് നരസിംഹറാവു ഏറ്റെടുത്തത്. ഈ പ്രക്രിയയിലൂടെയാണ് സമകാലിക ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും കര്‍തൃത്വ പരിണാമത്തിന്റെ രാഷ്ട്രീയ പശ്ചാത്തലം സമൂര്‍ത്തമായി നിലവില്‍വന്നത്.
ബാബരി ധ്വംസനത്തെ ഇന്ത്യന്‍ മുസ്‌ലിംകള്‍ ഇപ്പോഴും ചര്‍ച്ച ചെയ്യുന്നത് മതങ്ങള്‍ക്കിടയിലെ സംഘര്‍ഷത്തിന്റെ രാഷ്ട്രീയ ഭൂമികയുടെ തലത്തിലാണ്. നവലിബറല്‍ മൂലധന ശക്തികളുടെ നയപ്രഖ്യാപനം എന്ന നിലക്ക് അതിനെ വീക്ഷിക്കാനോ വിശകലനം ചെയ്യാനോ മുസ്‌ലിംകള്‍ക്കിതുവരെ സാധിച്ചിട്ടില്ല എന്നാണ് കരുതേണ്ടത്.
ഇന്ത്യന്‍ ജനാധിപത്യം പൂര്‍വ സ്ഥിതിയിലാവും എന്ന അബദ്ധ ധാരണ കാല്‍നൂറ്റാണ്ട് പഴക്കമുള്ള ഒരു അന്ധവിശ്വാസമായി മാറിക്കഴിഞ്ഞിട്ടുണ്ട് എന്നാണ് തോന്നുന്നത്. ബാബരി മസ്ജിദ് യഥാസ്ഥാനത്ത് പുനര്‍നിര്‍മിക്കണമെന്ന് സുപ്രീം കോടതി വിധികല്‍പിച്ചാല്‍ പോലും രാഷ്ട്രീയ ഘടനയില്‍ ഇക്കാലയളവിലുണ്ടായിട്ടുള്ള പരിണാമങ്ങളെ അമ്പതുകളിലെയും അറുപതുകളിലെയും താരതമ്യേന മെച്ചപ്പെട്ടത് എന്ന് കരുതുന്ന 'ഭാസുരകാലത്തേക്ക്' തിരിച്ചുനടത്തിക്കുകയെന്നത് അസാധ്യമാണ്. സത്യത്തില്‍, ഇന്ത്യന്‍ ജനാധിപത്യത്തെ സംബന്ധിച്ചേടത്തോളം മുസ്‌ലിംകളിപ്പോഴും അങ്ങനെയൊരു ജൃീലേരശേീിശേെ സങ്കല്‍പത്തിന്റെ തടവറയിലാണ്. അതുകൊണ്ടാണ് വന്‍തോതിലുള്ള അതിക്രമങ്ങള്‍ക്ക് ബാബരി അനന്തരകാലത്ത് മുസ്‌ലിംകള്‍ വിധേയരായിട്ടും കാര്യമാത്രപ്രസക്തമായ ചെറുത്തുനില്‍പുകളൊന്നും ഉയര്‍ന്നു വരാതിരുന്നത്. ഇത് ഒരുതരം നൊസ്റ്റാള്‍ജിയയാണ്. ഒരേസമയം മതപരവും രാഷ്ട്രീയപരവുമാണ് ഈ നൊസ്റ്റാള്‍ജിയയുടെ ബോധപരിസരം നിര്‍മിക്കുന്നത്. സിയാവുദ്ദീന്‍ സര്‍ദാര്‍ പറയുന്നതുപോലെ, മുസ്‌ലിംകളില്‍ ഇപ്പോഴും ഭാസുരമായ ഭൂതകാലത്തെക്കുറിച്ചുള്ള ഒരു നൊസ്റ്റാള്‍ജിയ കുടിപാര്‍ക്കുന്നുണ്ട്. അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങളില്‍ ഇത്തരം നൊസ്റ്റാള്‍ജിയ ഒരു സാംസ്‌കാരിക പ്രതിഭാസമാണ് എന്ന വസ്തുതയും വിസ്മരിച്ചുകൂടാ. ഭരണവര്‍ഗങ്ങള്‍ക്കിടയിലെ അധികാര കിടമത്സരങ്ങളിലും മണ്‍മറഞ്ഞ ഭൂതകാലത്തെ ഒപ്പം കൂട്ടാറുണ്ട്. ഇത്തരം സാംസ്‌കാരിക ഘടകങ്ങളെ ഭരണവര്‍ഗങ്ങളുടെ കുടില താല്‍പര്യങ്ങള്‍ക്ക് ഉപയുക്തമാക്കുന്നതെങ്ങനെയെന്ന് ഫാഷിസത്തിന്റെ ഭൂതകാല പുനരുജ്ജീവന വിദ്യകളില്‍ ദൃശ്യമാണ്. നമുക്ക് ഭൂതകാലത്തില്‍ ജീവിക്കാനാവില്ലെങ്കിലും ഭൂതകാലത്തിന് നമുക്കുള്ളില്‍ ജീവിക്കാനാവും. മനുഷ്യന്‍ ഒരു സാംസ്‌കാരിക ജീവിയാണ് എന്ന ജൈവപരമായ സവിശേഷതകൊണ്ടു കൂടിയാണിത് സാധ്യമാവുന്നത്. അതേസമയം, വര്‍ത്തമാനകാലത്തെ വിഴുങ്ങുന്ന ഒരു ദുര്‍ഭൂതമായി ഭൂതകാലം വ്യക്തിയില്‍ കുടിപാര്‍ക്കുമ്പോള്‍ വ്യക്തി സാംസ്‌കാരിക ജീവിയെന്നതില്‍നിന്ന് 'ജഢ'മായി മാറും. സംസ്‌കാരം എന്നത് സമൂഹവുമായുള്ള നിരന്തര ബന്ധത്തിലൂടെയും വ്യവഹാരത്തിലൂടെയും അനുദിനം നിര്‍മിക്കപ്പെടുന്ന ഒന്നാണ്. ആദാനപ്രദാനങ്ങളുടെ ഒരു സര്‍ഗാത്മകമണ്ഡലത്തിലൂടെ വ്യക്തിയും സമൂഹവും പരസ്പരം ആശയവിനിമയം നടത്തുന്ന ഒരു മേഖല കൂടിയാണത്. അതുകൊണ്ടുതന്നെ വര്‍ത്തമാനകാലത്തിന്റെ ജീവിത സന്ദര്‍ഭങ്ങളില്‍നിന്നും സംഘര്‍ഷങ്ങളില്‍നിന്നും അതിന് ഒഴിഞ്ഞുമാറാനാവില്ല. വര്‍ത്തമാനകാലത്തിന്റെ സന്ദിഗ്ധതകളില്‍നിന്ന് ഒഴിഞ്ഞുമാറ്റം പഠിപ്പിക്കുന്ന ഒരു വിദ്യയായി മതവും വിശ്വാസവും പരിണമിച്ചതിന്റെ സുദീര്‍ഘമായ ഒരു കാലഘട്ടത്തിലൂടെ കടന്നുപോയവരാണ് സ്വതന്ത്ര ഇന്ത്യയിലെ മുസ്‌ലിം സമൂഹം. ഈ ഒഴിഞ്ഞുമാറ്റവും ജനാധിപത്യവും പരസ്പരപൂരകമല്ല. ജനാധിപത്യത്തില്‍ വാസ്തവത്തില്‍, സംരക്ഷണവാദത്തിന് സ്ഥാനമോ സാധ്യതയോ ഇല്ല. സംരക്ഷണം ഭരണവര്‍ഗങ്ങള്‍ക്ക് മാത്രമേ സുനിശ്ചിതമാക്കപ്പെട്ടിട്ടുള്ളൂ. അതേസമയം, ജനാധിപത്യവ്യവസ്ഥക്കുള്ളില്‍ അധികാര വിഭവങ്ങളുടെ വിതരണത്തില്‍ പങ്കാളിത്തമവകാശപ്പെടുന്നവരോട് അഥവാ, രാഷ്ട്രീയ സമുദായമായി സ്വയം ശാക്തീകരിക്കപ്പെടുന്നവരോട് സംവദിക്കാതെ ഭരണകൂടത്തിന് മുന്നോട്ടു പോകാനാവില്ല. 1946-ലെ ഭരണഘടനാ നിര്‍മാണ ചര്‍ച്ചകളില്‍, മുസ്‌ലിം പക്ഷത്തുനിന്ന് രാഷ്ട്രീയാവകാശങ്ങള്‍ക്ക് വേണ്ടിയുള്ള ശക്തമായ വാദഗതികളൊന്നും ഉയര്‍ന്നുവന്നില്ല എന്ന ഒരു വിമര്‍ശനമുണ്ട്. സാംസ്‌കാരികാവശകാശങ്ങളിലാണ് മുസ്‌ലിം പ്രതിനിധികള്‍ ഊന്നല്‍ നല്‍കിയത്. ഭരണഘടനാ നിര്‍മാണ സഭയിലെ പ്രതിനിധികള്‍ തെരഞ്ഞെടുക്കപ്പെട്ടു വന്നവരായിരുന്നില്ല എന്ന് സമാധാനിക്കാം. എന്നാല്‍, പില്‍ക്കാലത്തും ജനാധിപത്യ രാഷ്ട്രീയത്തോടും ഭരണകൂടത്തോടും കൃത്യമായും ശക്തമായും സംവദിക്കേണ്ടതെങ്ങനെയെന്നതിന്റെ ഒരു രൂപരേഖയും മുസ്‌ലിംകള്‍ക്കിടയില്‍ നിന്നുണ്ടായിവന്നില്ല എന്നത് വസ്തുതയാണ്. എന്തായിരിക്കാം കാരണം എന്നാലോചിച്ചാല്‍, പ്രധാനമായും മൂന്ന് സംഗതികള്‍ ചൂണ്ടിക്കാണിക്കാനാവും. ഒന്ന്, ജനാധിപത്യ രാഷ്ട്രീയത്തിന്റെ ഘടനയെയും പ്രവര്‍ത്തനത്തെയും സംബന്ധിച്ചും അതിന്റെ ചരിത്രപരമായ ആവിര്‍ഭാവത്തെയും വളര്‍ച്ചയെയും സംബന്ധിച്ചും മുസ്‌ലിംകള്‍ വെച്ചുപുലര്‍ത്തിയിരുന്ന ധാരണപ്പിശകുകള്‍. അതായത്, ഭരണഘടനാ തത്ത്വങ്ങള്‍ നടപ്പില്‍ വരുത്താന്‍ ഭരണാധികാരികളും ഭരണനിര്‍വഹണഘടകങ്ങളും മാത്രമാണ് ബാധ്യസ്ഥര്‍ എന്ന മുന്‍വിധികള്‍. രണ്ടാമതായി, ഇസ്‌ലാമിക ഭരണ സാഹചര്യത്തിലല്ലാതെ, മുസ്‌ലിംകള്‍ക്ക് തുല്യതയും നീതിയും ലഭ്യമല്ലെന്നും ജനാധിപത്യത്തില്‍ മുസ്‌ലിംകള്‍ക്ക് ക്രിയാത്മകമായ പങ്കാളിത്തമൊന്നും വഹിക്കാനില്ലെന്നുമുള്ള ചിന്താഗതി. മൂന്നാമതായി, സമ്പദ്‌വ്യവസ്ഥയുടെ ചലന നിയമങ്ങളെയും ജനാധിപത്യ രാഷ്ട്രീയത്തിന്റെ ഗതിവിഗതികളെ അത് എപ്രകാരം സ്വാധീനിക്കുന്നുവെന്നതിനെയും കുറിച്ച് കൃത്യമായ ധാരണയില്ലായ്മ.
ജനാധിപത്യ രാഷ്ട്രീയത്തില്‍ മുസ്‌ലിംകളുടെ കര്‍തൃത്വശേഷിയെ സാരമായി ബാധിച്ചതില്‍ ചില പ്രധാന ഘടകങ്ങള്‍ ഇവയൊക്കെയാണ്. ഇതിന്റെയെല്ലാം പരിണിതഫലമായി ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതിവിഗതികളെ മനസ്സിലാക്കാനുള്ള ആശയ സാമഗ്രികള്‍ വികസിപ്പിച്ചെടുക്കാന്‍ ഒരു സമൂഹമെന്ന നിലയില്‍ മുസ്‌ലിംകള്‍ക്ക് സാധിക്കാതെ പോയി. ബാബരിയാനന്തര കാലവും മോദി ഭരണകാലവും ഈയവസ്ഥയില്‍നിന്ന് കുതറിമാറാന്‍ മുസ്‌ലിംകളില്‍ സമ്മര്‍ദം ചെലുത്തുന്നുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. ഒരേസമയം, കൊടിയ അതിക്രമങ്ങള്‍ക്ക് വിധേയരാവുകയും അതിനെതിരെ ചെറുത്തുനില്‍ക്കാനുള്ള ധൈഷണികോര്‍ജം സ്വരൂപിക്കാന്‍ കഴിയാതിരിക്കുകയും ചെയ്യുന്ന മുസ്‌ലിം കര്‍തൃത്വങ്ങളുടെ ധര്‍മസങ്കടം ഒരുപക്ഷേ ഇതര സമൂഹങ്ങളില്‍നിന്നും മുസ്‌ലിംകളെ ഏറെ വിഭിന്നരാക്കുന്നുണ്ട്. ഒന്നിനു പിറകെ ഒന്നായി മുസ്‌ലിംകള്‍ വേട്ടയാടപ്പെടുമ്പോഴും എന്തു ചെയ്യണമെന്നറിയാത്ത ഒരു തരം ഇതികര്‍ത്തവ്യതാമൂഢത ഇന്ത്യന്‍ മുസ്‌ലിംകളുടെ മുഖമുദ്രയായി ഇതിനകം മാറിക്കഴിഞ്ഞിട്ടുണ്ട്.
എങ്ങനെയാണ് ഈ അവസ്ഥയെ മറികടക്കേണ്ടത് എന്നത് ഏറെ ഗൗരവമര്‍ഹിക്കുന്ന പ്രശ്‌നം തന്നെയാണ്. അതിന് മുസ്‌ലിം സംഘടനകള്‍ എന്തു ചെയ്യണമെന്ന ചോദ്യം ഇന്ന് വ്യാപകമായി സംഘടനകള്‍ക്കുള്ളില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. അതു ശുഭോദര്‍ക്കമായ കാര്യം തന്നെയാണ്. പക്ഷേ, സംഘടനകള്‍ എന്താണ് ഇത്രയും കാലം ചെയ്തുകൊണ്ടിരുന്നത് എന്നതിനെ സംബന്ധിച്ചുള്ള സ്വയംവിമര്‍ശനാത്മകമായ ഒരു സമീപനത്തെ ആധാരമാക്കിയാല്‍ മാത്രമേ ചര്‍ച്ചകള്‍ ഫലം കാണുകയുള്ളൂ. ഒരു കാര്യം സുവ്യക്തമാണ്; രാഷ്ട്രീയ സമുദായമായി സ്വയം പരിണമിക്കാനോ രാഷ്ട്രീയ കര്‍തൃത്വ ശേഷിയാര്‍ജിക്കാനോ ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല.
ഏറ്റവും വിനീതമായ ഭാഷയില്‍ എന്റെ വിമര്‍ശം ഇപ്രകാരം ചുരുക്കിപ്പറയട്ടെ. എല്ലാ ഭരണകൂടങ്ങളെയും പോലെ വ്യക്തിയെ അച്ചടക്കം പഠിപ്പിക്കലും നേര്‍വഴിക്ക് നടത്തലുമായിരുന്നു മുസ്‌ലിം സംഘടനകള്‍ ഇതുവരെ ചെയ്തുകൊണ്ടിരുന്നത്. അതുകൊണ്ടുകൂടിയാണ് സംഘടനകള്‍ സൃഷ്ടിക്കുന്ന മുസ്‌ലിം വ്യക്തി, മതത്തിന്റെ പാവയെപ്പോലെയോ യന്ത്രമനുഷ്യനെപോലെയോ മുന്‍കൂട്ടി ഹൃദിസ്ഥമാക്കിയ ആജ്ഞകള്‍ക്കനുസരിച്ച് മാത്രം ചലിക്കുന്നത്. അവര്‍ക്ക് മുന്‍കൂട്ടി പഠിച്ചതല്ലാത്ത ഒന്നും പറയാനോ ആജ്ഞാനുസരണമല്ലാതെ ഒരടി ചലിക്കാനോ സാധ്യമല്ല. ഈ ബന്ധനത്തില്‍നിന്നവരെ മുക്തരാക്കണം. ചോദ്യങ്ങളും ഉത്തരങ്ങളും എഴുതിക്കൊടുക്കുന്ന മതബോധന രീതിയിലൂടെ നിഷ്‌ക്രിയമാക്കപ്പെട്ട ധിഷണയുടെ മുരടിപ്പ് മാറണമെങ്കില്‍ അവര്‍ സ്വയം ചോദ്യം ചോദിക്കാനും ഉത്തരം കാണാനും പരിശീലിക്കേണ്ടതുണ്ട്. ചോദ്യങ്ങള്‍ ഉല്‍പാദിപ്പിക്കാന്‍ കെല്‍പുള്ള ധൈഷണിക ശക്തികളായി അവര്‍ക്ക് സ്വയം പരിണമിക്കാനാവണം. ഇക്കാര്യത്തില്‍ സംഘടനകള്‍ക്ക് എന്തു സംഭാവനയര്‍പ്പിക്കാനാവുമെന്നതിനെ കുറിച്ചാണ് ചിന്തിച്ചു തുടങ്ങേണ്ടത്.
ബാബരിയാനന്തര കാലഘട്ടത്തെ നവലിബറല്‍ കാലഘട്ടമെന്ന് വിശേഷിപ്പിക്കുന്നതാവും കൂടുതല്‍ ഉചിതം. അപ്പോള്‍ മാത്രമേ വര്‍ത്തമാനകാലത്തിന്റെ രാഷ്ട്രീയ സവിശേഷതകളെ അതിന് വ്യക്തതയോടെ ദ്യോതിപ്പിക്കാന്‍ സാധിക്കുകയുള്ളൂ. നവലിബറലിസം, ഭരണകൂടത്തെയും രാഷ്ട്രീയത്തെയും ഭരണവര്‍ഗങ്ങളുടെ, വിശിഷ്യാ ധനമൂലധനശക്തികളുടെ ഏജന്‍സിയാക്കി പരിവര്‍ത്തിപ്പിക്കുന്നുവെന്നു മാത്രമല്ല, വ്യക്തിയുടെ രാഷ്ട്രീയ കര്‍തൃത്വത്തെ നാശോന്മുഖമാക്കുകയും ചെയ്യുന്നു. വ്യക്തിയെ അരാഷ്ട്രീയവല്‍ക്കരിച്ചുകൊണ്ട് കീഴ്‌പ്പെടുത്തുകയെന്നത് ക്ലാസിക്കല്‍ മുതലാളിത്തത്തില്‍നിന്നും ഈ കാലഘട്ടത്തെ മൗലികമായി വ്യത്യസ്തമാക്കുന്നുണ്ട്. അടിച്ചമര്‍ത്തപ്പെടുന്ന വിഭാഗങ്ങളില്‍നിന്ന് ഉയര്‍ന്നു വരുന്ന പ്രതിരോധാത്മക സ്വത്വബോധത്തെയും അരാഷ്ട്രീയവല്‍ക്കരിക്കാന്‍ നവലിബറല്‍ രാഷ്ട്രീയത്തിന് സാധ്യമാവുന്നുണ്ട്. മണ്ഡല്‍ കാലത്ത് സടകുടഞ്ഞെഴുന്നേറ്റ പിന്നാക്ക രാഷ്ട്രീയത്തിന്റെ മുന്നേറ്റത്തെ ശിഥിലമാക്കാനും അരാഷ്ട്രീയവല്‍ക്കരിക്കാനും ലക്ഷ്യം വച്ചുകൊണ്ടായിരുന്നു ബാബരിധ്വംസനം നടന്നത്. അതോടെ, അതുവരെ ദേശീയ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയിരുന്ന അവര്‍ണ രാഷ്ട്രീയം വര്‍ഗീയതയുടെ തള്ളിച്ചയില്‍ നിഷ്പ്രഭമാക്കപ്പെടുന്നത് നാം കണ്ടതാണ്. മുസ്‌ലിംകള്‍ക്കിടയില്‍ പ്രതിരോധ സ്വത്വബോധത്തിന്റെ മതാടിസ്ഥാനത്തിലുള്ള സംഘശക്തിയേക്കാള്‍, മുസ്‌ലിം വ്യക്തിയുടെ രാഷ്ട്രീയ കര്‍തൃത്വ രൂപീകരണവും അതിന്റെ ശാക്തീകരണവുമാണ് ഏറെ പ്രാധാന്യമര്‍ഹിക്കുന്നത്. എന്തുകൊണ്ടെന്നാല്‍ മത-ജാതി സംഘബോധത്തിന്റെ അരാഷ്ട്രീയവല്‍ക്കരണ പ്രവണതകള്‍ക്കെതിരെ കാവല്‍ശക്തിപോലെ പ്രവര്‍ത്തിക്കാന്‍ കെല്‍പുള്ള രാഷ്ട്രീയ കര്‍തൃത്വങ്ങള്‍ക്ക് മാത്രമേ നവലിബറല്‍ അജണ്ടകളെ ചെറുത്തുതോല്‍പിക്കാന്‍ സാധിക്കുകയുള്ളൂ. മതേതര രാഷ്ട്രീയത്തിന്റെ മുക്കിലും മൂലയിലുമെല്ലാം ഇത്തരം രാഷ്ട്രീയ കര്‍തൃത്വങ്ങള്‍ ഇടംപിടിക്കേണ്ടതുണ്ട്.
(അവസാനിച്ചു)
Comments