Prabodhanm Weekly

Pages

Search

2018 ജനുവരി 05

3033

1439 റബീഉല്‍ ആഖിര്‍ 17

തെറ്റായ ധാരണകള്‍

ഡോ. സയ്യിദ് മുഹമ്മദ് നൂഹ്

ഇസ്‌ലാമിക പ്രവര്‍ത്തകരെ ബാധിക്കുന്ന വിനാശകരമായ വിപത്താണ് തെറ്റിദ്ധാരണ. തെറ്റായ വിചാരങ്ങള്‍, സംശയങ്ങള്‍, ദുഷ്ചിന്ത, ധാരണ എന്നൊക്കെ അര്‍ഥങ്ങളുള്ള 'ളന്ന്' എന്ന പദം പ്രയോഗിച്ചാണ് ഈ വിപത്തിനു നേരെ ഖുര്‍ആന്‍ വിരല്‍ ചൂണ്ടുന്നത്. മനുഷ്യമനസ്സില്‍ ഉടലെടുക്കുന്ന ചില നിഗമനങ്ങളും ഊഹങ്ങളും അനുമാനങ്ങളുമാണ് തുടക്കം. അതിന് തക്ക സാഹചര്യങ്ങളും ഉണ്ടാവും. ലക്ഷണങ്ങളും സാഹചര്യങ്ങളും നിഷേധിക്കാനാവാത്തവിധം ശക്തമാവുമ്പോള്‍ ഖണ്ഡിതമായ സത്യമായോ അറിവായോ അവ രൂപപ്പെടും. സാഹചര്യത്തെളിവുകളും അടയാളങ്ങളും ദുര്‍ബലമാവുമ്പോള്‍ അവ കേവലം ഊഹങ്ങളായോ തോന്നലുകളായോ മനസ്സില്‍ അടിഞ്ഞുകിടക്കും. തെളിവോ ന്യായമോ ഇല്ലാതെ മറ്റുള്ളവരെക്കുറിച്ച് പുലര്‍ത്തുന്ന തെറ്റായ ധാരണകളും വിചാരങ്ങളുമാണ് നാം ഇവിടെ പ്രതിപാദിക്കുന്നത്.

തെറ്റായ ധാരണകളും വിചാരങ്ങളും മനുഷ്യനില്‍ വരുത്തിവെക്കുന്ന വിപത്കരമായ മാറ്റങ്ങളെക്കുറിച്ച് പറയാം. 

* ഇസ്‌ലാമിനു വേണ്ടി പ്രവര്‍ത്തിക്കുന്നതിലും നിലകൊള്ളുന്നതിലും വിമുഖത. 'നാം അല്ലാഹുവിന്റെ ആളുകള്‍- എത്ര കാലമായി ഈ മാര്‍ഗത്തില്‍ പ്രവര്‍ത്തിക്കുന്നു. എന്തെല്ലാം ത്യാഗങ്ങള്‍ സഹിച്ചു, ത്യജിച്ചു. എന്നിട്ടെന്തുണ്ടായി? വല്ല വിജയവും ഉണ്ടായോ? കഠിന പരീക്ഷണങ്ങളും പീഡനങ്ങളും നാള്‍ക്കുനാള്‍ ഏറിവന്നു എന്നല്ലാതെ എന്ത് നേട്ടമാണ് ഉണ്ടായത്?' ഇത്തരം ഒരു ചിന്തയിലേക്ക് വഴുതിവീഴുന്നത് ശരിയും കുറ്റമറ്റതുമായ അവബോധത്തിന്റെ അഭാവത്തിലാണ്. ഈ മനോഭാവം ഖുര്‍ആന്‍ വിലയിരുത്തുന്നതിങ്ങനെ: ''മറ്റൊരു വിഭാഗമാവട്ടെ അവര്‍ക്ക് തങ്ങള്‍ തന്നെയായിരുന്നു സര്‍വ പ്രധാനം. അവര്‍ അല്ലാഹുവിനെക്കുറിച്ച് സത്യവിരുദ്ധമായ പലതരം മൂഢധാരണകള്‍ വെച്ചുപുലര്‍ത്തി. ഇപ്പോള്‍ അവര്‍ ചോദിക്കുന്നു, ഈ കാര്യം നടത്തുന്നതില്‍ ഞങ്ങള്‍ക്ക് വല്ല പങ്കുമുണ്ടോ? അവരോട് പറയുക: അതിന്റെ സര്‍വാധികാരങ്ങളും അല്ലാഹുവിന്റെ കൈകളിലാകുന്നു. വാസ്തവത്തില്‍ അവര്‍ തങ്ങളുടെ ഹൃദയങ്ങളില്‍ ഒളിച്ചുവെക്കുന്നതിനെ താങ്കളോട് വെളിവാക്കുന്നില്ല. അവരുടെ മനസ്സിലിരിപ്പ് ഇതാകുന്നു. അധികാരത്തില്‍ ഞങ്ങള്‍ക്ക് വല്ല പങ്കും ഉണ്ടായിരുന്നെങ്കില്‍ ഞങ്ങള്‍ ഇവിടെ വധിക്കപ്പെടുമായിരുന്നില്ല'' (ആലുഇംറാന്‍ 154).

* അല്ലാഹു കാണുകയോ അറിയുകയോ ചെയ്യുന്നില്ലെന്ന മൂഢ വിചാരത്താല്‍ കുറ്റങ്ങളില്‍ മുഴുകുക: ''അതാകുന്നു നിങ്ങളുടെ രക്ഷിതാവിനെക്കുറിച്ച് നിങ്ങള്‍ ധരിച്ചുവെച്ച ധാരണ. അത് നിങ്ങള്‍ക്ക് നാശം വരുത്തി. അങ്ങനെ നിങ്ങള്‍ നഷ്ടം പിണഞ്ഞവരില്‍ പെട്ടവരായിത്തീര്‍ന്നു'' (ഫുസ്സ്വിലത്ത് 22).

* ഇരമ്പിയാര്‍ത്തുവരുന്ന ശത്രുപ്പടയുടെ മലവെള്ളപ്പാച്ചിലില്‍ വിശ്വാസിക്ക് പിടിച്ചുനില്‍ക്കാനാവില്ലെന്ന ചിന്തയാല്‍ പരാജയം പ്രവചിക്കുക. ''റസൂലും സത്യവിശ്വാസികളും ഒരിക്കലും അവരുടെ കുടുംബങ്ങളിലേക്ക് തിരിച്ചെത്തുകയേ ഇല്ല എന്ന് നിങ്ങള്‍ വിചാരിച്ചു. നിങ്ങളുടെ ഹൃദയങ്ങളില്‍ അത് മനോഹരമായി തോന്നുകയും ചെയ്തു. ദുര്‍വിചാരമാണ് നിങ്ങള്‍ വിചാരിച്ചത്, നിങ്ങള്‍ നശിച്ച ഒരു ജനവിഭാഗമാകുന്നു'' (അല്‍ഫത്ഹ് 12).

* പടച്ചവനെ കൈവിട്ട് പടപ്പുകളെ പേടിക്കുന്ന അവസ്ഥ. തങ്ങള്‍ക്ക് ഉപകാരങ്ങള്‍ ചെയ്യാനും ഉപദ്രവങ്ങള്‍ ഏല്‍പിക്കാനും മറ്റുള്ളവര്‍ക്കാവുമെന്ന തെറ്റായ ധാരണയില്‍നിന്നാണ് ഇതിന്റെ ഉത്ഭവം.

* മനുഷ്യ സേവന-ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തു നിന്നുള്ള പിന്മാറ്റവും അവയോടുള്ള വിമുഖതയും

* മറ്റുള്ളവരുടെ സേവന പ്രവര്‍ത്തനങ്ങളെ ഇകഴ്ത്തിക്കാട്ടാനും അവ പ്രകടനവാഞ്ഛയാണെന്ന് വരുത്തിത്തീര്‍ക്കാനുമുള്ള ശ്രമം. കപട വിശ്വാസികള്‍ക്കായിരുന്നു ഈ രോഗം. ''സത്യവിശ്വാസികളില്‍നിന്ന് ദാനധര്‍മങ്ങള്‍ ചെയ്യാന്‍ സ്വയം സന്നദ്ധരായി വരുന്നവരെയും സ്വന്തം അധ്വാനമല്ലാതെ മറ്റൊന്നും ദാനം ചെയ്യാന്‍ കണ്ടെത്താന്‍ ആവാത്തവരെയും അധിക്ഷേപിക്കുന്നവരാകുന്നു അവര്‍. അങ്ങനെ ആ വിശ്വാസികളെ അവര്‍ പരിഹസിക്കുന്നു. അല്ലാഹു അവരെയും പരിഹസിച്ചിരിക്കുകയാണ്'' (തൗബ 79).

* ജീവസന്ധാരണത്തിന് വേണ്ടി അധ്വാനങ്ങളും പരിശ്രമങ്ങളും നടത്തുന്നവരെ ഭൗതികപൂജകരും സുഖലോലുപരുമായി മുദ്രകുത്തുക.

* വിശ്വാസ പ്രതിബദ്ധതയോടെ ആരാധനകളും അനുഷ്ഠാനങ്ങളും നിര്‍വഹിക്കുന്നവരും ജീവിതത്തില്‍ സൂക്ഷ്മത പുലര്‍ത്തുന്നവരും അവരുടെ കണ്ണില്‍ സന്യാസികളും പരിവ്രാജകരുമാണ്.

* ജീവിതം അഭികാമ്യമാവുന്ന രംഗങ്ങളില്‍ ജീവിതത്തെ സ്‌നേഹിക്കാനും മരണം ഹിതകരമാവുന്ന സന്ദര്‍ഭങ്ങളില്‍ മരണം വരിക്കാനും തയാറാവുന്ന വിശ്വാസി സമൂഹത്തെ സാഹസികരോ ഭീരുക്കളോ ആയി ചിത്രീകരിക്കാന്‍ തെറ്റായ ധാരണകള്‍ പുലര്‍ത്തുന്നവര്‍ ഒരുമ്പെട്ടെന്നുവരും.

അല്ലാഹുവിനെയും ദൂതനെയും കുറിച്ച് തെറ്റായ ധാരണകള്‍ പുലര്‍ത്തുക, ആദര്‍ശ പ്രതിബദ്ധതയോടെ ജീവിക്കുന്ന വിശ്വാസികളെക്കുറിച്ച് തെറ്റിദ്ധാരണകള്‍ വെച്ചുപുലര്‍ത്തുകയും അവരുടെ ഉദ്ദേശ്യശുദ്ധിയെ സംശയിക്കുകയും അവരെക്കുറിച്ച് വ്യാജ പ്രചാരവേലകള്‍ അഴിച്ചുവിടുകയും ചെയ്യുക. ഇതെല്ലാം ഗുരുതര കുറ്റമായാണ് ഇസ്‌ലാം വിലയിരുത്തുന്നത്. ''ഊഹത്തെ മാത്രമാണ് അവര്‍ പിന്തുടരുന്നത്. അനുമാനിക്കുക മാത്രമാണ് അവര്‍ ചെയ്യുന്നത്'' (അല്‍അന്‍ആം 116). ''അവരില്‍ അധികപേരും ഊഹത്തെ മാത്രമാണ് പിന്തുടരുന്നത്. തീര്‍ച്ചയായും സത്യത്തിന്റെ സ്ഥാനത്ത് ഊഹം ഒട്ടും പര്യാപ്തമാവുകയില്ല'' (യൂനുസ് 36).

''സത്യവിശ്വാസികളേ, ഊഹത്തില്‍നിന്ന് മിക്കതും നിങ്ങള്‍ വെടിയുക. തീര്‍ച്ചയായും ഊഹത്തില്‍ ചിലത് കുറ്റമാകുന്നു'' (ഹുജുറാത്ത് 12). നബി(സ) പറഞ്ഞു: ''ഊഹം നിങ്ങള്‍ സൂക്ഷിക്കണം. കാരണം വാര്‍ത്തകളില്‍ ഏറ്റവും വ്യാജം ഊഹമാണ്'' (ബുഖാരി).

മഴുത്തായയായി വര്‍ത്തിക്കുന്നവരെ തിരിച്ചറിയാനുള്ള വകതിരിവും വേണം. ശത്രുപക്ഷവും ഭരണകൂടവും മുസ്‌ലിം സമൂഹത്തില്‍നിന്നുതന്നെ ചാരന്മാരെ വിലയ്‌ക്കെടുക്കാറുണ്ട്. സമൂഹത്തിലെ ചലനങ്ങള്‍ ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ എത്തിക്കുകയാണ് അവരുടെ ദൗത്യം. മുസ്‌ലിം സമൂഹത്തില്‍ നിലകൊണ്ടുതന്നെ ശത്രുക്കള്‍ക്ക് വിടുവേല ചെയ്യുന്ന ഇത്തരക്കാരെക്കുറിച്ച് ജാഗ്രതയും കരുതലും ആവശ്യമാണ്. ആ ധാരണകള്‍ തെറ്റായ ഗണത്തില്‍പെടില്ല. 

സംഗ്രഹം: പി.കെ.ജെ

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (62-64)
എ.വൈ.ആര്‍

ഹദീസ്‌

വിസ്മരിക്കരുത് ഉത്തരവാദിത്തങ്ങള്‍
കെ.സി ജലീല്‍ പുളിക്കല്‍