താഴേക്കുള്ള വഴി
ഹിറയിലേക്കുള്ള കയറ്റത്തേക്കാള്‍
ദുര്‍ഘടമാണ് അവിടെ നിന്നും താഴേക്കുള്ള വഴി.
അനുശീലനങ്ങളില്‍നിന്ന്
അനന്യമായതിലേക്കും
അഭിലാഷങ്ങളില്‍നിന്ന്
അഭിലഷണീയമായതിലേക്കും
കുത്തനെയിറങ്ങണം
മനസ്സിലുറച്ച ശിലകളെ
നിഗ്രഹിക്കണം
ചുട്ടുരാകിയ മൂര്‍ച്ചയുള്ള
വാക്കുകളുപേക്ഷിക്കണം.
മുള്‍പടര്‍പ്പുകള്‍
അവധാനതയോടെ
ചാടിക്കടക്കണം.
വഴിയില്‍
കാപട്യം നിറഞ്ഞ
പാറയിടുക്കുകള്‍
ഖുറൈശിപ്പടയുടെ ഭീഷണി
റോമിന്റെ പടഹധ്വനി
പേര്‍ഷ്യയുടെ കൊലവിളി -
രണാങ്കണവും
മരണാങ്കവും
വറ്റിയ വയറും
വിറക്കുന്ന കൈകാലുകളും
തീക്ഷ്ണമായ വെയിലിലേക്കിറ്റിയ
ദാഹവും
നീണ്ട കാല്‍വെപ്പുകളോടെ
താഴെയിറങ്ങണം.
കൈയിലെ
വചനസൗരഭം ചോര്‍ന്നുപോകരുത്.
ഹിറയില്‍നിന്നിറങ്ങണം.
എളുപ്പമല്ല;
ചെങ്കുത്തായ
ഒരു വഴിയാണത്.
*******************************************************
കലണ്ടറിലെ കറുപ്പും വെളുപ്പും
-സി.കെ മുനവ്വിര്‍ ഇരിക്കൂര്‍-
ആദ്യത്തെ
ഒരു നര
കണ്ടപ്പോള്‍ മാത്രമാണയാള്‍
ആശങ്കപ്പെട്ടത്
പിന്നീടയാള്‍
ചിന്തിച്ചത് മുഴുവന്‍
നരകള്‍ക്കിടയില്‍
അങ്ങിങ്ങായിക്കാണുന്ന
ഒറ്റയും തെറ്റയുമായ
കറുപ്പിനെ കുറിച്ച്
മാത്രമായിരുന്നു
രണ്ട്
കത്തിനില്‍ക്കെ
കെട്ടുപോകുന്നത്
നോക്കിനില്‍ക്കെ തീര്‍ന്നു പോകുന്നത്
കണ്ടിരിക്കെ മറഞ്ഞുപോകുന്നത്
പറഞ്ഞിരിക്കെ മുറിഞ്ഞുപോകുന്നത്
ചേര്‍ന്നിരിക്കെ അടര്‍ന്നുപോകുന്നത്
ജീവിതത്തിന്റെ
നിര്‍വചനം തന്നെയാണ്
അയാളിപ്പോഴും
തിരഞ്ഞുകൊണ്ടിരിക്കുന്നത്.
Comments