പുതിയ രാഷ്ട്രീയത്തിന്റെ ജീവചരിത്രം
ചരിത്രം എന്നാല്‍ അസംഖ്യം ജീവചരിത്രങ്ങളുടെ സമാഹാരമാണ് എന്നു പറഞ്ഞത് കാര്‍ലൈനാണ്. ഇവിടെ ചരിത്രം രചിച്ചുകൊണ്ട് ജീവിക്കുന്ന ഒരു മനുഷ്യന്റെ ജീവിതം മലയാളത്തില്‍ എഴുതിയിരിക്കുന്നു. റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ എന്ന അശ്‌റഫ് കീഴുപറമ്പിന്റെ പുസ്തകം നോവലിനോട് അടുത്തുനില്‍ക്കുന്ന മലയാളത്തിലെ മികച്ച ഒരു ജീവചരിത്ര ഗ്രന്ഥമാണ്. വായനയുടെ ഒഴുക്ക് ഉറപ്പുവരുത്തിയ പുസ്തകം.
ഉര്‍ദുഗാന്‍ പല നിലക്കും ഒരു പാഠപുസ്തകമാണ്. മതേതരാനന്തര രാഷ്ട്രീയത്തിന്റെ പാഠപുസ്തകം. പോസ്റ്റ് ഇസ്‌ലാമിസ്റ്റ് രാഷ്ട്രീയത്തിന്റെ ആള്‍രൂപം. ഇടതോ വലതോ അല്ലാത്ത വിമോചനാത്മകവും ക്ഷേമരാഷ്ട്രപരവുമായ ഒരു മധ്യ നിലപാടിന്റെ ജ്വലിക്കുന്ന ഉദാഹരണം. കാലം ചില സമയങ്ങളില്‍ ചിലരിലേക്ക് ഉറ്റുനോക്കുന്നത് അവര്‍ വഴികാണിക്കും എന്ന സാധ്യത കൊണ്ടാണ്. അങ്ങനെ ചരിത്രം ഉറ്റുനോക്കുന്ന സമകാലിക രാഷ്ട്രീയ വ്യക്തിത്വമാണ് ഉര്‍ദുഗാന്‍.
അവതാരികയില്‍ ഡോ. അബ്ദുസ്സലാം അഹ്മദ് ചൂണ്ടിക്കാട്ടുന്ന പോലെ ചരിത്രനിരപേക്ഷമായി ഒരു നല്ല ലീഡര്‍ എന്ന നിലക്ക് ഉര്‍ദുഗാനെ പഠിക്കാനാവും. മാനേജ്‌മെന്റ് ശാസ്ത്രത്തിനും ഉര്‍ദുഗാന്‍ മികച്ച പാഠഭാഗമാണ്. ഫുട്‌ബോളും പ്രവാചകനുമാണ് അദ്ദേഹത്തിന്റെ നേതൃപാടവത്തിന്റെ റഫറന്‍സുകള്‍. ഒരു നല്ല കാല്‍പന്തുകളിക്കാരന്‍ എപ്പോഴും നല്ല നേതാവായിരിക്കും. കാരണം ഞാന്‍ ഗോളടിക്കുമെന്ന് ടീമിലോരോരുത്തരും തീരുമാനിച്ചാല്‍ ആ ടീം പരാജയപ്പെടാന്‍ വേറെ കാരണങ്ങള്‍ ആവശ്യമുണ്ടാവില്ല. ടീം വര്‍ക്കാണ് ഗോള്‍ സൃഷ്ടിക്കുന്നത്. ടീം ലീഡര്‍ എന്നതാണ് നേതാവ് എന്ന നിലക്കുള്ള ഉര്‍ദുഗാന്റെ വിജയം.
ഇന്നു കാണുന്ന നാഗരികക്രമം പിറവിയെടുക്കുന്നതില്‍ ഭൗമരാഷ്ട്രീയമായ വലിയ പങ്കുള്ള രാജ്യമാണ് തുര്‍ക്കി. 1924-ല്‍ തുര്‍ക്കിയില്‍ ഇസ്‌ലാമിക ഖിലാഫത്തിന് അന്ത്യം കുറിക്കപ്പെട്ടതോടെയാണ് ആയിരത്തിലധികം വര്‍ഷം നീണ്ടുനിന്ന ഇസ്‌ലാമിക നാഗരികതയുടെ പതനം പൂര്‍ത്തിയാവുന്നതും പടിഞ്ഞാറന്‍ ക്രൈസ്തവ ഭൗതിക നാഗരികതയുടെ ലോകാധിപത്യം പാകത പ്രാപിക്കുന്നതും. തുര്‍ക്കി ഖിലാഫത്തിന്റെ തകര്‍ച്ചയിലൂടെ ലോകത്ത് നിലനിന്നിരുന്ന ഇസ്‌ലാമികാധികാരം ഇല്ലാതാവുക മാത്രമല്ല ചെയ്തത്. ഖിലാഫത്തിന്റെ ആ കളിത്തൊട്ടില്‍ ഇസ്‌ലാമിന് അന്യമാവുക/ അന്യമാക്കുക കൂടി ചെയ്തു. ഖിലാഫത്തിന്റെ ആസ്ഥാനമായിരുന്ന തുര്‍ക്കിയില്‍ രാഷ്ട്രീയ ഉള്ളടക്കമുള്ള ഇസ്‌ലാമിനെ മാത്രമല്ല മത ഇസ്‌ലാമിനെപ്പോലും അധികാരമുപയോഗിച്ച് ആറടി മണ്ണില്‍ കുഴിച്ചുമൂടാനുള്ള ഭീകരമായ ശ്രമങ്ങള്‍ നടന്നു. ഉപരിതലത്തില്‍ അത് വന്‍ വിജയമായിത്തീരുകയും ചെയ്തു. ഇവിടെ ഖിലാഫത്ത് സമരകാലത്ത് തുര്‍ക്കിക്കാര്‍ക്ക് വേണ്ടാത്ത ഖിലാഫത്തിനുവേണ്ടി നിങ്ങളെന്തിനാണ് ബഹളം വെക്കുന്നത് എന്നു ചോദിക്കാന്‍ കഴിയുമാറ് ആഘാതമുള്ളതായിരുന്നു ഇസ്‌ലാമിക തുര്‍ക്കിയുടെ തകര്‍ച്ച. തകര്‍ച്ചയുടെ ഒരു നൂറ്റാണ്ട് പൂര്‍ത്തിയാകുമ്പോള്‍ ഖിലാഫത്ത് പുനഃസ്ഥാപിക്കപ്പെട്ടില്ല എന്നത് ശരിയാണ്. പക്ഷേ തുര്‍ക്കിയുടെ മണ്ണില്‍ വീണ്ടും ഇസ്‌ലാം കിളിര്‍ത്തിരിക്കുന്നു. എവിടെയാണോ ഇസ്‌ലാമിക രാഷ്ട്രീയം ഏറ്റവും ഭീകരമായ ജനാധിപത്യനിഷേധങ്ങള്‍ക്കും അടിച്ചമര്‍ത്തലിനും നിരന്തരം വിധേയമായത് അവിടെത്തന്നെയാണ് അത് അതിന്റെ ഒന്നാമത്തെ തിരിച്ചുവരവ് നടത്തിയിരിക്കുന്നത്. ഈ തിരിച്ചുവരവിന്റെ നാള്‍വഴിക്കുറിപ്പാണ് ഉര്‍ദുഗാന്റെ ജീവചരിത്രം. ആധുനിക തുര്‍ക്കിയുടെ ചരിത്രത്തോട് ചേര്‍ത്തുകൊണ്ടല്ലാതെ ഉര്‍ദുഗാന്റെ ജീവചരിത്രം എഴുതാനും വായിക്കാനും കഴിയില്ല. ഓരോ കര്‍ബലക്കു ശേഷവും ഇസ്‌ലാം അതിജീവിക്കുമെന്ന ചരിത്ര സത്യത്തിന്റെ പുതിയ അധ്യായമാണ് ഉര്‍ദുഗാനില്‍ എത്തിനില്‍ക്കുന്ന തുര്‍ക്കി. കര്‍ബലകളില്‍ തീര്‍ന്നുപോവാത്ത ഇസ്‌ലാമിന്റെ ഈ അധ്യായത്തെ മനോഹരമായി മലയാളത്തില്‍ എഴുതുകയാണ് അശ്‌റഫ് കീഴുപറമ്പിന്റെ ഈ പുസ്തകം ചെയ്യുന്നത്.
128 പേജുകളില്‍ പതിനാറ് അധ്യായങ്ങളിലായി രചിച്ച, ഒറ്റയിരിപ്പില്‍ വായിക്കാവുന്ന ചെറിയ പുസ്തകമാണിത്. സാധ്യതയുടെ കലയാണ് രാഷ്ട്രീയം എന്നു പറയാറുണ്ട്. ''നജ്മുദ്ദീന്‍ അര്‍ബകാന്‍ നേതൃത്വം നല്‍കിയ, ഉര്‍ദുഗാന്‍ ഉള്‍പ്പെട്ട ഫദീല പാര്‍ട്ടി 2001-ല്‍ നിരോധിക്കപ്പെട്ടപ്പോള്‍ അര്‍ബകാന്‍ പുതിയ സആദ പാര്‍ട്ടി രൂപീകരണയോഗം വിളിച്ചുചേര്‍ത്തു. പക്ഷേ ഉര്‍ദുഗാനും അബ്ദുല്ല ഗുലും നേതൃത്വം നല്‍കുന്ന പാര്‍ട്ടിയിലെ പരിഷ്‌കരണവാദികള്‍ ഈ പുതിയ രൂപീകരണ സമ്മേളനത്തില്‍ ഉണ്ടായിരുന്നില്ല. പകരം അവര്‍ ആഗസ്റ്റ് 14-ന് മറ്റൊരു പാര്‍ട്ടിക്ക് രൂപം നല്‍കി. അതാണ് ജസ്റ്റിസ് ആന്റ് ഡെവലപ്‌മെന്റ് പാര്‍ട്ടി. തുര്‍ക്കി രാഷ്ട്രീയത്തില്‍ അത് എ.കെ.പി (Adaletve Kalkinma Partisi) എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്നു'' (പേജ് 87).
അര്‍ബകാന്റെ പ്രവര്‍ത്തന ശൈലി തന്നെ സാമ്പ്രദായിക ഇസ്‌ലാമിക പ്രസ്ഥാനങ്ങളില്‍നിന്നും കുറച്ചുകൂടി വ്യത്യസ്തമായിരുന്നു. അവിടെ നിന്നും കുറച്ചുകൂടി വ്യത്യസ്തമായ രാഷ്ട്രീയ ശൈലിയാണ് അക് പാര്‍ട്ടി പിന്തുടര്‍ന്നത്. മതനിയമത്തിനു മുമ്പ് ജനക്ഷേമം ഉറപ്പുവരുത്തുക എന്നതാണത്. ക്രമേണ ജനാധിപത്യ മൂല്യങ്ങളുടെ അടിത്തറയില്‍ ഇസ്‌ലാമിനും സ്വാതന്ത്ര്യമുള്ള തുര്‍ക്കിയെ സൃഷ്ടിക്കുക എന്നതാണ് ആ നയത്തിന്റെ രണ്ടാമത്തെ സവിശേഷത.
ഇത് ഇസ്‌ലാമിക രാഷ്ട്രീയത്തിന്റെ കേവല പ്രായോഗിക പരീക്ഷണമായിരുന്നില്ല, സൈദ്ധാന്തിക വികാസമായിരുന്നു. ഈ സൈദ്ധാന്തിക വികാസത്തിന് തുര്‍ക്കിക്കകത്തും പുറത്തും വേരുകളുണ്ട്. തുര്‍ക്കിയില്‍ ദാവൂദ് ഒഗ്‌ലുവിനെപ്പോലുള്ളവരാണ് ഇതിനെ മുന്നോട്ടു കൊണ്ടുപോകാന്‍ ശ്രമിച്ചതെങ്കില്‍ പുറത്തുനിന്ന് റാശിദുല്‍ ഗന്നൂശിയുടെ ചിന്തകള്‍ അക് പാര്‍ട്ടിയെ ഏറെ സ്വാധീനിച്ചിരുന്നു. ''ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ ഉള്‍പ്പെടെയുള്ള ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ തുടക്കം മുതലേ അര്‍ബകാനോടൊപ്പമായിരുന്നു. പ്രായോഗിക രാഷ്ട്രീയത്തില്‍ ഉര്‍ദുഗാന്‍ നടത്തുന്ന വിട്ടുവീഴ്ചകളെ അവ ശക്തമായി വിമര്‍ശിക്കുകയും ചെയ്തു. ഉര്‍ദുഗാനോടൊപ്പം നില്‍ക്കാന്‍ റാശിദുല്‍ ഗന്നൂശിയെപ്പോലെ ചുരുക്കം ചിലരേ ഉണ്ടായിരുന്നുള്ളൂ. അക് പാര്‍ട്ടി പരീക്ഷിക്കുന്നത് ഗന്നൂശിയന്‍ ആശയമാണെന്നു പോലും പറയാവുന്നതാണ്'' (പേജ് 88).
ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ പുതിയ ഘടനയെയാണ്, മറ്റൊര്‍ഥത്തില്‍ വലിയ ഷിഫ്റ്റിനെയാണ് ഗന്നൂശിയും ഉര്‍ദുഗാനും പ്രതിനിധീകരിക്കുന്നത്. ഇത് പോസ്റ്റ് ഇസ്‌ലാമിസമാണെന്ന് അഭിപ്രായപ്പെട്ട പഠിതാക്കള്‍ വരെയുണ്ട്.
ഇടതോ വലതോ അല്ലാത്ത ഒരു ക്ഷേമരാഷ്ട്രീയമാണ് അക് പാര്‍ട്ടി മുന്നോട്ടുവെച്ചത്. നവ ലിബറല്‍ നയങ്ങളില്‍നിന്നുകൊണ്ടുതന്നെ അതെങ്ങനെ പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും അനുകൂലമായി രൂപകല്‍പന ചെയ്യാം എന്ന മാതൃകയാണത്. കോര്‍പറേറ്റ് സൗഹൃദപരമായ സാമ്പത്തിക സമീപനത്തിനു പകരം കോര്‍പറേറ്റ് ശക്തികളെ രാഷ്ട്രീയ ഇഛാശക്തി കൊണ്ട് എങ്ങനെ ജനസൗഹൃദപരമാക്കി മാറ്റാന്‍ കഴിയും എന്നതിന്റെ ലോകത്തിലെ തന്നെ ശ്രദ്ധേയമായ ഉദാഹരണം. അതിനെ നരേന്ദ്ര മോദിയുടെ കോര്‍പറേറ്റ് ദാസ്യത്തോട് സമാനമായി ഗണിക്കുന്നത് ഉപരിപ്ലവ വിശകലനത്തിന്റെ ഉദാഹരണമായി പോലും പരിഗണിക്കാനാവില്ല. പ്രവാചകന്റെ വികസന മാതൃകയെ സമകാലിക ലോകത്ത് പുനരാവിഷ്‌കരിക്കാനാണ് ഉര്‍ദുഗാന്‍ ശ്രമിക്കുന്നത്. ഒരു ലീഡര്‍ എന്ന നിലക്കും വികസന നായകന്‍ എന്ന നിലക്കും പ്രവാചകന്‍ മുഹമ്മദ് (സ) ആണ് ഉര്‍ദുഗാന്റെ മാതൃക. ''വികസനത്തിന്റെ പ്രവാചക മാതൃകയെക്കുറിച്ചാണ് ഉര്‍ദുഗാന്‍ സംസാരിക്കുന്നത്. എപ്പോഴും ദുരിതമനുഭവിക്കുന്ന സാധാരണക്കാര്‍ക്കൊപ്പം നില്‍ക്കുക എന്നതാണത്'' (പേജ് 76).
പുതിയ ഇസ്‌ലാമിക ചിന്തകളും പ്രസ്ഥാനങ്ങളുടെ പ്രായോഗികാനുഭവങ്ങളും സ്ത്രീ പങ്കാളിത്തത്തിന് വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. ഇതുണ്ടാവുന്നത് ഒരേസമയം സൈദ്ധാന്തികവും പ്രായോഗികവുമായ വികാസങ്ങളിലൂടെയുമാണ്. ഇക്കാര്യത്തിലെ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പ്രായോഗിക വികാസത്തിന്റെ രസകരമായ ഒരനുഭവം ഈ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്: ''അക്കാലത്ത് പാര്‍ട്ടിയിലെ ഒരു മേഖലയിലും പേരിനു പോലും സ്ത്രീസാന്നിധ്യമുണ്ടായിരുന്നില്ല. ഒരു വനിതക്ക് ആദ്യമായി പാര്‍ട്ടി അംഗത്വം കൊടുക്കുന്നതു പോലും 1987-ല്‍, അതും യാദൃഛികമായി. സംഭവം ഇങ്ങനെ: പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒരു അനുഭാവിയുടെ വീട്ടില്‍ കയറി ചെല്ലുന്നു. പാര്‍ട്ടിയില്‍ അംഗത്വമെടുക്കണമെന്ന് അപേക്ഷിക്കുന്നു. അയാള്‍ പല ഒഴികഴിവുകള്‍ പറഞ്ഞ് പിന്മാറുന്നു. അപ്പോഴാണ് അടുക്കളയില്‍നിന്നൊരു ശബ്ദം. എങ്കില്‍ എന്റെ പേര് ചേര്‍ത്തുകൊള്ളൂ. ആ വീട്ടമ്മയുടെ പേര് അക്‌റ അവദം. അവരാണ് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ (അര്‍ബകാന്‍ നേതൃത്വം നല്‍കിയ പാര്‍ട്ടി) ആദ്യ വനിതാ അംഗം. പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി വനിതാ അംഗത്വത്തെപ്പറ്റി ഒരു തീരുമാനമെടുത്തിട്ടില്ല. അതിനാല്‍ പിന്നെയും വളരെ കഴിഞ്ഞാണ് അവര്‍ അംഗത്വ ലിസ്റ്റില്‍ ഉള്‍പ്പെടുന്നത്'' (പേജ് 71).
പാരമ്പര്യ ഇസ്‌ലാമിസ്റ്റുകളുടെ രാഷ്ട്രീയ നിഷ്‌കളങ്കതയെക്കുറിക്കുന്ന രസകരമായ ചില സംഭവങ്ങള്‍ പുസ്തകത്തിലുണ്ട്. അതിനെ മറികടക്കാന്‍ കഴിഞ്ഞു എന്നതാണ് ഉര്‍ദുഗാന്റെ വിജയത്തിന്റെ ഒരു കാരണം.
വൈവിധ്യങ്ങളോടുള്ള സഹവര്‍ത്തിത്വത്തെക്കുറിക്കുന്ന ബഹുസ്വരത ഇസ്‌ലാമിന്റെയും ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെയും അടവുനയമല്ല, അടിസ്ഥാന സമീപനമാണെന്നതിന്റെ നിദര്‍ശനം ഉര്‍ദുഗാന്റെ ചരിത്രത്തില്‍ നമുക്ക് കാണാന്‍ കഴിയും. തുര്‍ക്കിയിലെ വംശീയ ന്യൂനപക്ഷ ഉപദേശീയ വിഭാഗമാണ് കുര്‍ദുകള്‍. തുര്‍ക്കി ദേശീയത മറ്റു ആധുനിക ദേശീയതകളെപ്പോലെ തന്നെ കുര്‍ദ് ഭാഷയെയും സംസ്‌കാരത്തെയും കുര്‍ദുകളെയും അപരവത്കരിച്ചുപോരുകയാണ് ചെയ്യുന്നത്. ഇതിനത്രയും നേതൃത്വം നല്‍കുകയാണ് തുര്‍ക്കി തീവ്ര മതേതരവാദികള്‍ ചെയ്തുപോന്നത്. എന്നാല്‍ ഉര്‍ദുഗാന്‍ അധികാരത്തില്‍ വന്നതോടെ കുര്‍ദുകള്‍ക്ക് അവരുടെ ഭാഷയില്‍ പാഠപുസ്തകങ്ങള്‍ തയാറാക്കാന്‍ അനുമതി നല്‍കി. ഔദ്യോഗിക റേഡിയോ, ടി.വി ചാനലുകളില്‍ കുര്‍ദ് പരിപാടികള്‍ ധാരാളമായി സംപ്രേഷണം ചെയ്തു (പേജ് 101).
അര്‍ബകാന്‍ തന്നെ ആരംഭിച്ച ഇസ്‌ലാമിക സംരംഭമായിരുന്നു ചെറുകിട -ഇടത്തരം വ്യവസായികളുടെ കൂട്ടായ്മയായ MUSAD. ഇത് മതവിരുദ്ധരുടെ സാമ്പത്തിക കൂട്ടായ്മക്ക് ബദലായാണ് അര്‍ബകാന്‍ എന്ന എഞ്ചിനീയര്‍ ഉണ്ടാക്കിയെടുത്തത്. ഇത് ഉര്‍ദുഗാന്റെ ഭരണകാലത്ത് തുര്‍ക്കിയുടെ അസാധാരണമായ സാമ്പത്തിക വളര്‍ച്ചയില്‍ വലിയ പങ്കുവഹിക്കുന്നുണ്ട് (പേജ് 101). ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്ക് സാമൂഹിക-രാഷ്ട്രീയ രംഗത്ത് വിജയിക്കാന്‍ മത- സേവന-വിദ്യാഭ്യാസ-മാധ്യമ-രാഷ്ട്രീയ അജണ്ടകള്‍ മാത്രം പോരാ, ശക്തമായ സാമ്പത്തിക അജണ്ടകളും ഉണ്ടാവേണ്ടതുണ്ട് എന്നതിന്റെ ദൃഷ്ടാന്തമാണത്. സാമ്പത്തിക അജണ്ട എന്നതുകൊണ്ട് അര്‍ഥമാക്കുന്നത് സേവന അജണ്ടയല്ല, ജനകീയ സാമ്പത്തിക വളര്‍ച്ചാ പദ്ധതികളാണ്.
ഇന്ത്യയില്‍നിന്ന് ഉര്‍ദുഗാനെ വായിക്കുമ്പോള്‍ ഗ്രന്ഥകര്‍ത്താവ് പറയുന്നതുപോലെ വികസന സമീപനത്തിന്റെ കാര്യത്തില്‍ ചിലപ്പോള്‍ അദ്ദേഹം നെഹ്‌റുവിനെ ഓര്‍മിപ്പിക്കും, വരുന്ന ഓരോ കത്തിനും മറുപടി എഴുതുന്ന ആ നേതാവിനെ കാണുമ്പോള്‍ നാം ഗാന്ധിയെ ഓര്‍ക്കും.
ഇസ്‌ലാമിക ഗ്രന്ഥ പ്രസിദ്ധീകരണ ശാഖയില്‍ ലോക ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ എന്നത് പ്രധാനമായ ഒരു ഗ്രന്ഥശാഖ തന്നെയാണ്. അബ്ദുസ്സലാം വാണിയമ്പലത്തിന്റെ അല്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍, പി.കെ നിയാസിന്റെ ഹമാസ് എന്നിവക്കു ശേഷം ജീവചരിത്ര രൂപത്തില്‍ ഈ ശാഖയില്‍ മലയാളത്തിന് ലഭിക്കുന്ന മികച്ച ഗ്രന്ഥമാണിത്. ചരിത്രമാണ് ഗ്രന്ഥത്തിന്റെ പ്രധാന ഉള്ളടക്കമെങ്കിലും കാലാനുക്രമമായ (Chronological) പ്രതിപാദന രീതിയല്ല പുസ്തകം സ്വീകരിച്ചിരിക്കുന്നത്. ജീവചരിത്രം പറയാന്‍ ചരിത്രത്തിലെ പല സമയങ്ങളിലെ സംഭവങ്ങളെ ഭംഗിയായി മുറിച്ചൊട്ടിക്കുകയാണ് പുസ്തകം ചെയ്തിരിക്കുന്നത്. കാലം ഈ പുസ്തകത്തിലൂടെ കയറിയും ഇറങ്ങിയും സഞ്ചരിക്കും.
Comments