മുസ്‌ലിംകള്‍ അബ്‌സീനിയയില്‍
(മുഹമ്മദുന്‍ റസൂലുല്ലാഹ്-38)
മക്കയും ആഫ്രിക്കയും തമ്മിലുള്ള ബന്ധങ്ങള്‍ പ്രവാചകന്റെ ആഗമനത്തിനു മുമ്പും നിലനിന്നിരുന്നു. ഖുര്‍ആനില്‍ കാണുന്ന അബ്‌സീനിയന്‍ വാക്കുകള്‍ അതിന്റെ തെളിവായി ചൂണ്ടിക്കാട്ടാവുന്നതാണ്.1 ബൈസാന്റിയന്‍ ചക്രവര്‍ത്തി ലിയോണ്‍ ഒന്നാമന്‍ ഏതാണ്ട് സി.ഇ 467-ല്‍ പ്രവാചകന്റെ പ്രപിതാമഹനായ ഹാശിമിന് ഒരു അവകാശപത്രിക നല്‍കിയിരുന്നു. മക്കയിലെ കച്ചവട സംഘങ്ങള്‍ക്ക് സിറിയയില്‍ പോകാനുള്ള അനുമതിപത്രമായിരുന്നു അത്. അബ്‌സീനിയയിലെ നേഗസിന് കൊടുക്കാനായി ഒരു ശിപാര്‍ശക്കത്തും ചക്രവര്‍ത്തി നല്‍കി.2 മക്കക്കും അബ്‌സീനിയക്കുമിടയില്‍ കച്ചവട യാത്രകള്‍ക്ക് അനുമതി നല്‍കണം എന്ന ശിപാര്‍ശയായിരുന്നു അതിലുണ്ടായിരുന്നത്. ഹാശിം പിന്നീട് തന്റെ സഹോദരന്‍ അബ്ദുശ്ശംസിനോട് നേഗസിനെ പോയി കാണാന്‍ ആവശ്യപ്പെടുന്നുണ്ട്. ആ അനുമതിപത്രം അങ്ങനെ സ്വന്തമാക്കുകയും ചെയ്തു. പിന്നീടങ്ങോട്ട് അബ്‌സീനിയയും മക്കയും തമ്മിലുള്ള ബന്ധങ്ങള്‍ വളരെയേറെ മെച്ചപ്പെടുന്നതാണ് നാം കാണുന്നത്. പില്‍ക്കാലത്ത് അംറുബ്‌നുല്‍ ആസ്വ് മക്കയിലെ മികച്ച തുകല്‍ ഉല്‍പ്പനങ്ങള്‍ നേഗസിന് സമ്മാനമായി നല്‍കാന്‍ അബ്‌സീനിയയിലേക്ക് പുറപ്പെടുന്നുണ്ട്. ഹാശിം തന്റെ കാലത്ത് ഇത്തരം തുകല്‍ ഉല്‍പ്പന്നങ്ങളും കയറ്റിയയച്ചിട്ടുണ്ടാവണം.
ബലാദുരി3 ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഒരിക്കല്‍ ഹാശിമിന്റെ മകന്‍ അബ്ദുല്‍ മുത്ത്വലിബ്, അബ്ദുശ്ശംസിന്റെ (അബ്‌സീനിയയില്‍നിന്ന് കച്ചവടയാത്രക്കുള്ള അനുമതി നേടിയെടുത്ത അതേ വ്യക്തി തന്നെ) പൗത്രനായ ഹര്‍ബുമായി ഒരു തര്‍ക്കത്തിലേര്‍പ്പെട്ടു. ആര്‍ക്കാണ് കൂടുതല്‍ യോഗ്യത എന്നതായിരുന്നു തര്‍ക്കവിഷയം! തര്‍ക്കത്തില്‍ നേഗസ് വിധി പറയട്ടെ എന്നും അവര്‍ തീരുമാനിച്ചു. കുടുംബക്കാര്‍ തമ്മിലുള്ള ഈ പ്രശ്‌നത്തില്‍ താന്‍ ഇടപെടില്ല എന്നായിരുന്നു നേഗസിന്റെ മറുപടി (തര്‍ക്കപരിഹാരത്തിനായി പിന്നെ മറ്റൊരാളെ സമീപിക്കുകയായിരുന്നു).
സുഹൈലി4 പറയുന്നത്, അബ്‌സീനിയയില്‍ ആഭ്യന്തരയുദ്ധം നടന്നുകൊണ്ടിരിക്കെ അവിടെയുള്ള ഒരു രാജകുമാരനെ 600 ദിര്‍ഹമിന് മക്കയിലുള്ള ഒരു കച്ചവടക്കാരന് വിറ്റിരുന്നു എന്നാണ്. രാജകുമാരനെ നാട്ടില്‍നിന്ന് അകറ്റിനിര്‍ത്തുകയായിരുന്നു ഉദ്ദേശ്യം. ഈ രാജകുമാരന്‍ (ഇദ്ദേഹമാണ് പിന്നീട് നേഗസ് അസ്വ്ഹമ എന്ന പേരില്‍ അറിയപ്പെട്ടത്) ബദ്ര്‍ താഴ്‌വരയില്‍ ഒരു ളംറ ഗോത്രക്കാരന്റെ ആട്ടിടയനായിരുന്നു. അബ്‌സീനിയയിലെ മുസ്‌ലിം അഭയാര്‍ഥികളെ തിരിച്ചയക്കണമെന്ന് ആവശ്യപ്പെട്ട് മക്കക്കാര്‍ രാഷ്ട്രീയ നീക്കങ്ങള്‍ ശക്തമാക്കിയപ്പോള്‍ അതിന് തടയിടാനായി അന്നത്തെ അബ്‌സീനിയന്‍ ചക്രവര്‍ത്തി നേഗസ് അസ്വ്ഹമയുടെ അടുത്തേക്ക് പ്രവാചകന്‍ നിയോഗിച്ച ദൂതനും (അംറുബ്‌നു ഉമയ്യ) ഒരു ളംരി ഗോത്രജനായിരുന്നുവെന്ന കാര്യവും ഇവിടെ ഓര്‍ക്കാം.
പ്രവാചകന്‍ എപ്പോഴെങ്കിലും അബ്‌സീനിയയില്‍ പോയിരുന്നുവോ? ഇതുസംബന്ധിച്ച് നമ്മുടെ ചരിത്ര കൃതികള്‍ യാതൊന്നും പറയുന്നില്ല. പക്ഷേ, ചില ചരിത്ര വസ്തുതകള്‍ അദ്ദേഹം അവിടെ പോയിരുന്നുവെന്നതിന്റെ പരോക്ഷ സൂചനകളായി മാറുന്നുമുണ്ട്. പ്രവാചകന്‍ നേഗസിന് അയച്ച കത്ത് - അതിനെപ്പറ്റി കൂടുതല്‍ പിന്നീട് വരുന്നുണ്ട്- വളരെ അടുപ്പമുള്ളവര്‍ തമ്മില്‍ എഴുതുന്നതുപോലെയുണ്ട്. അതിലെ ചില വരികള്‍ നോക്കൂ: 'ഞാന്‍ താങ്കളുടെ അടുത്തേക്ക് അയക്കുന്നത് എന്റെ പിതൃസഹോദര പുത്രന്‍ ജഅ്ഫറിനെയും ഒരു ചെറിയ സംഘം മുസ്‌ലിംകളെയുമാണ്. അവര്‍ കൊട്ടാരത്തിലെത്തുമ്പോള്‍ അവരെ താങ്കള്‍ ഹൃദ്യമായി സ്വീകരിക്കുമല്ലോ.'5 മക്കയിലെ മുസ്‌ലിംകള്‍ക്ക് അബ്‌സീനിയയില്‍ അഭയം തേടാന്‍ പ്രവാചകന്‍ അനുമതി കൊടുക്കുമ്പോള്‍, ഇബ്‌നു ഹിശാമിന്റെ6 വിവരണ പ്രകാരം അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേര്‍ക്കുന്നുമുണ്ട്: 'അവിടെ ഒരു രാജാവുണ്ട്. അദ്ദേഹത്തിന്റെ രാജ്യത്ത് ആരും പീഡിപ്പിക്കപ്പെടുകയില്ല. അത് സത്യത്തിന്റെ ഭൂപ്രദേശമാണ്; ഇന്നത്തെ അവസ്ഥയില്‍ നിങ്ങളെ രക്ഷപ്പെടുത്താനുള്ള വഴി ദൈവം നിങ്ങള്‍ക്ക് തുറന്നുതരാതിരിക്കില്ല.' കേവലം ഊഹിച്ചു പറയുകയല്ല നാം ചെയ്യുന്നത്. അബ്‌സീനിയക്കാരോടോ, അല്ലെങ്കില്‍ ആ ഭാഷ സംസാരിക്കുന്നവരോടോ വര്‍ത്തമാനം പറയുമ്പോള്‍ നബി അബ്‌സീനിയന്‍ വാക്കുകള്‍ പ്രയോഗിക്കുന്നത് നാം കാണുന്നു.7 ഒറ്റക്കൊറ്റക്കെടുത്താല്‍ ഈ സംഭവങ്ങള്‍ക്ക് പ്രത്യേകിച്ച് യാതൊരു പ്രാധാന്യവുമില്ല. പക്ഷേ, ചേര്‍ത്തുവെക്കുമ്പോള്‍ അവ പലതും ദ്യോതിപ്പിക്കുന്നതായി കാണാം.
മാത്രവുമല്ല, പ്രവാചകത്വ ലബ്ധിക്കു മുമ്പ് ഒട്ടേറെ യാത്രകള്‍ നടത്തിയിട്ടുണ്ട് നബി(സ). ബഹ്‌റൈനി (ഇന്നത്തെ ഒമാന്‍)ലേക്കും യമനിലേക്കും സിറിയയിലേക്കും വരെ. ഇവയൊക്കെയും ജന്മനാട്ടില്‍നിന്ന് വളരെ വിദൂരത്താണല്ലോ. മക്കന്‍ കച്ചവടക്കാര്‍ക്ക് ഇടക്കിടെ അബ്‌സീനിയയില്‍ പോകുന്ന പതിവുമുണ്ട്. കടലില്‍നിന്ന് ഒരു ആക്രമണമുണ്ടായപ്പോള്‍ യമന്‍ അധിനിവേശപ്പെടുത്തിയിട്ടുണ്ട് അബ്‌സീനിയ. മുസ്‌ലിംകള്‍ അബ്‌സീനിയയിലേക്ക് പോയതും കടല്‍ വഴിയായിരുന്നു. യമന്‍കാരനായ അബൂമൂസല്‍ അശ്അരി മദീനയിലേക്ക് പോകാനായി ഒരു ബോട്ടില്‍ കയറിയെന്നും കൊടുങ്കാറ്റില്‍പെട്ട് അത് അബ്‌സീനിയന്‍ തീരത്തണഞ്ഞെന്നും ചില വിവരണങ്ങളിലുണ്ട്.8 ബാര്‍ത്തോള്‍ഡ്9 പറയുന്നത്, കടല്‍യാത്രകളെക്കുറിച്ച് ഖുര്‍ആനില്‍ വിശദമായ വിവരണങ്ങള്‍ വന്നിട്ടുണ്ട് എന്നതില്‍നിന്ന് പ്രവാചകന് കടല്‍സഞ്ചാരത്തെക്കുറിച്ച് നല്ല ധാരണ ഉണ്ടായിരുന്നുവെന്നും അത്തരം സൂക്തങ്ങളിലെ സൂചനകളൊക്കെ അദ്ദേഹത്തിന് നന്നായി മനസ്സിലായിരുന്നു എന്നുമാണ്.
ഒരു ക്രൈസ്തവ ആഖ്യാനം, ഹെറാക്ലിയസ് ചക്രവര്‍ത്തിയുടെ കാലത്ത് പ്രവാചകന്‍ അബ്‌സീനിയയിലേക്ക് പോയെന്നും അദ്ദേഹം ഒരു എത്യോപ്യന്‍ വംശജനായിരുന്നു എന്നുംവരെ പറഞ്ഞുവെക്കുന്നുണ്ട്! അതിനുള്ള തെളിവാകട്ടെ, പില്‍ക്കാലത്ത് രചിക്കപ്പെട്ട, രചയിതാവ് ആരെന്നു പോലും വ്യക്തമല്ലാത്ത ഒരു പ്രവാചക ജീവചരിത്രകൃതിയും!10 ഇതില്‍നിന്നൊക്കെ പുറത്തുചാടുന്നത് യൂറോപ്യന്മാരുടെ തനി വര്‍ണവെറിയോ, അതോ വാസ്തവങ്ങളെ വികൃതമാക്കാനുള്ള അവരുടെ വൈഭവമോ?
അജ്ഞാന (ജാഹിലിയ്യ) കാലത്തെ ഒരു വിവരണത്തില്‍,11 മക്കയിലേക്ക് സാധനസാമഗ്രികള്‍ എത്തിയിരുന്നത് ജിദ്ദയില്‍നിന്നായിരുന്നുവെന്നും അവിടേക്ക് എത്തിയത് കടല്‍ വഴിയായിരുന്നുവെന്നും പറയുന്നുണ്ട്. 'അബ്‌സീനിയക്കാരായിരുന്നു അവ കൊണ്ടുവന്നിരുന്നത്. സാധനങ്ങള്‍ കൊണ്ടുവരാന്‍ മക്കക്കാര്‍ ജിദ്ദയിലേക്ക് ഒട്ടകങ്ങളെയും കഴുതകളെയും അയക്കുമായിരുന്നു.' ഇതിന്റെ ഫലമായാവാം താഴെപ്പറയുന്ന സംഭവം നടന്നിട്ടുണ്ടാവുക. അബ്ദരി കുടുംബക്കാരനായ ഹാരിസു ബ്‌നു അല്‍ഖമ എന്ന ഖുറൈശി ഗോത്രക്കാരനെ യക്‌സൂം വംശത്തിലെ അബ്‌സീനിയന്‍ ചക്രവര്‍ത്തി തടവുകാരനായി പിടിക്കുന്നു. കാരണമുണ്ട്: അബ്‌സീനിയന്‍ കച്ചവടക്കാരുടെ ഒരു സംഘം മക്കയിലെത്തുന്നു. മക്കയിലപ്പോള്‍ കടുത്ത വറുതിയുടെയും പട്ടിണിയുടെയും കാലമാണ്. ചില ഖുറൈശി ചെറുപ്പക്കാര്‍ സംഘം ചേര്‍ന്ന് ഈ കച്ചവടസംഘത്തെ ആക്രമിക്കുകയും കച്ചവടച്ചരക്കുകള്‍ കൊള്ളയടിക്കുകയും ചെയ്തു. അത് സ്വാഭാവികമായും അബ്‌സീനിയയുമായി സംഘര്‍ഷത്തിനിടയാക്കി. മക്കക്കാര്‍ അബ്‌സീനിയയുമായി ഒരു അനുരഞ്ജനത്തിലെത്തുകയായിരുന്നു പിന്നീട്. അനുരഞ്ജന ചര്‍ച്ചകള്‍ക്കായി മക്കയില്‍നിന്നുള്ള പ്രമുഖരുടെ സംഘം അബ്‌സീനിയന്‍ ചക്രവര്‍ത്തിയെ കാണുകയും മാപ്പപേക്ഷിക്കുകയും മക്കയിലേക്കു വരുന്ന അബ്‌സീനിയന്‍ കച്ചവടക്കാരെ തടയരുതെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു. സംഘത്തിലുണ്ടായിരുന്ന അല്‍ഹാരിസിനെപ്പോലുള്ള പല പ്രമുഖരും രാജാവിനു വേണ്ടി ബന്ദികളായി നിന്നുകൊടുത്തു. രാജാവ് അവരോട് വളരെ ഉദാരമായി പെരുമാറി. ചരക്കുകള്‍ സ്വന്തം നിലക്കു തന്നെ അവര്‍ മക്കയിലേക്ക് കയറ്റിയയച്ചിരുന്നു.12
ഇസ്‌ലാമിക കാലഘട്ടം
മുഹമ്മദ് നബിക്ക് ആദ്യമായി വഹ്‌യ് ലഭിക്കുന്നത് സി.ഇ 609-ല്‍ ആണെന്ന് നാം നേരത്തേ സൂചിപ്പിച്ചിട്ടുണ്ട്. അതു കഴിഞ്ഞ് അഞ്ചു വര്‍ഷമായപ്പോഴേക്കും വിശ്വാസികള്‍ക്കെതിരെയുള്ള മക്കക്കാരുടെ മര്‍ദന പീഡനങ്ങള്‍ സകല സീമകളും ലംഘിച്ചിരുന്നു. മക്കയില്‍ നില്‍ക്കാനാവില്ല എന്ന അവസ്ഥ. അപ്പോള്‍ പ്രവാചകനാണ് അവരോട് അബ്‌സീനിയയില്‍ അഭയം തേടാന്‍ നിര്‍ദേശിക്കുന്നത്. പ്രവാചകന്‍ വളരെ വിദൂരത്തുള്ള ഈ നാട് തെരഞ്ഞെടുക്കാന്‍ പല കാരണങ്ങളുമുണ്ട്. ഒന്നാമതായി, അറബ് ആചാരമനുസരിച്ച് അന്യര്‍ക്ക് അഭയം കൊടുക്കണമെങ്കില്‍ അഭയം നല്‍കുന്ന ഗോത്രത്തിലെ ഒരു അംഗം അതിന് അംഗീകാരം നല്‍കിയിരിക്കണം. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍, അഭയം ലഭിക്കുക എന്നത് അഭയാര്‍ഥിയുടെ അവകാശമല്ല എന്നര്‍ഥം. ഭാഗ്യം പോലിരിക്കും കാര്യങ്ങള്‍. 'എല്ലാവരും എല്ലാവര്‍ക്കുമെതിരെയും യുദ്ധം ചെയ്യുന്ന' ഒരു നാട്ടില്‍ അഭയാര്‍ഥികളെ സ്വീകരിക്കാന്‍ സന്മനസ്സ് മാത്രം പോരാ; വേണ്ടത്ര ഭൗതിക സന്നാഹങ്ങളും ഒരുക്കണം. അഭയാര്‍ഥികള്‍ പുരുഷന്മാര്‍ മാത്രമല്ലല്ലോ. അവരില്‍ സ്ത്രീകളും കുട്ടികളുമൊക്കെയുണ്ട്. പ്രാദേശിക സമ്പദ് ഘടനയിലേക്ക് ഇത്രയുമധികം അഭയാര്‍ഥികളെ സ്വാംശീകരിക്കുക എന്നത് ഒട്ടും എളുപ്പമല്ല. അറബികളുടെ ഉദാരതയെപ്പറ്റി നാം ഏറെ വാചാലരാകുന്നുണ്ടെങ്കിലും ഒരു അഭയാര്‍ഥി സമൂഹത്തെ സ്വീകരിക്കാനുള്ള കെല്‍പ്പ് അറേബ്യയിലെ മിക്ക ജനവിഭാഗങ്ങള്‍ക്കും ഉണ്ടായിരുന്നില്ല. മാത്രവുമല്ല, അക്കാലത്ത് മക്കക്കാര്‍ ഒരു പാന്‍-അറബ് വ്യാപാര ശൃംഖല (ചിലപ്പോഴതിനെ അന്തര്‍ദേശീയം എന്നുപോലും വിശേഷിപ്പിക്കാനാവും) തന്നെ വികസിപ്പിച്ചെടുത്തിരുന്നു. അവരുടെ കറുത്ത പട്ടികയില്‍ പെട്ടവര്‍ക്ക് അഭയം കൊടുക്കുക എന്നത് പലതരം തിരിച്ചടികള്‍ക്ക് കാരണമാകുമെന്നതിനാല്‍ അറബ് ഗോത്രങ്ങള്‍ പൊതുവെ അത്തരമൊരു തീരുമാനത്തിന് മുതിരുമായിരുന്നില്ല. ഇനി ഇതിന്റെ പേരില്‍ ഖുറൈശികളുടെ അധിനിവേശമുണ്ടാവുകയാണെങ്കില്‍, എപ്പോഴും നല്ലത് ഒരു ഗോത്രത്തേക്കാള്‍ ഒരു ശക്തമായ രാഷ്ട്രത്തെ തെരഞ്ഞെടുക്കുകയാണല്ലോ. അയല്‍പക്ക രാഷ്ട്രങ്ങളില്‍ ഒന്നാണ് ഇറാന്‍. ഹീറയിലെ ഒരു അറബ് ഭരണകൂടത്തെ ഇറാന്‍ തൊട്ടുമുമ്പ് നിഷ്‌കാസനം ചെയ്തിട്ടേയുള്ളൂ. അതിനാല്‍ അറബിയായ ഓരോ വ്യക്തിയെയും ഇറാന്‍ സംശയിക്കുന്ന സാഹചര്യമാണ്. പിന്നെയുള്ളത് ബൈസാന്റിയന്‍ സാമ്രാജ്യമാണ്. ഇറാനെതിരെയുള്ള യുദ്ധത്തില്‍ ബൈസാന്റിയക്കാര്‍ വലിയ പരാജയം ഏറ്റുവാങ്ങിയ സമയമായിരുന്നു അത്. ദമസ്‌കസും ജറൂസലമും മാത്രമല്ല അലക്‌സാണ്ട്രിയ വരെ അവര്‍ക്ക് നഷ്ടമായി (613-17). ഹെറാക്ലിയസ് (610-641) സ്വീകരിച്ച കടുത്ത സാമ്പത്തിക നടപടികളാവട്ടെ പൊതുവെ അറബികള്‍ക്ക്13 എതിരുമായിരുന്നു. അതിനാല്‍ മക്കന്‍ മുസ്‌ലിംകളെ അക്കാലത്ത് ബൈസാന്റിയക്കാരുടെ സിറിയ ആകര്‍ഷിച്ചിരിക്കാനിടയില്ല. ഈ അന്താരാഷ്ട്ര സായുധപ്പോരുകളില്‍നിന്ന് മാറി നില്‍ക്കുന്നത് അബ്‌സീനിയ മാത്രമായിരുന്നു. നേഗസാകട്ടെ അറബികളുമായി നല്ല ബന്ധത്തിലുമാണ്.
നാടു വിടാനൊരുങ്ങുന്ന തന്റെ അനുയായികള്‍ക്ക് അവരെ പരിചയപ്പെടുത്തുന്ന ഒരു കത്ത് പ്രവാചകന്‍ നല്‍കുക എന്നത് തീര്‍ത്തും യുക്തിസഹമാണ്. വരുന്നവര്‍ക്ക് ആതിഥ്യമരുളണം എന്നും മറ്റുമുള്ള പരാമര്‍ശങ്ങളെക്കുറിച്ച് നാം നേരത്തേ സൂചിപ്പിച്ചിട്ടുണ്ട്. കത്തിന്റെ പൂര്‍ണരൂപം ഇങ്ങനെ (ഇതുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങള്‍ വഴിയെ സൂചിപ്പിക്കാം):
'അബ്‌സീനിയന്‍ രാജാവായ നജ്ജാശിക്ക് ദൈവദൂതനായ മുഹമ്മദ് എഴുതുന്നത്-
ദൈവത്തിന് സ്തുതി. അവനല്ലാതെ ഒരു ദൈവവുമില്ല. അവനാണ് പരമാധികാരി, രക്ഷകന്‍, പരിപാലകന്‍. ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു, മര്‍യമിന്റെ പുത്രന്‍ യേശു ദൈവത്തില്‍നിന്നുള്ള ചൈതന്യവും അവന്റെ വചനവുമാകുന്നു. ചാരിത്ര്യവതിയും വിശുദ്ധയുമായ മര്‍യം, ദിവ്യചേതനയാല്‍ യേശുവിനെ ഗര്‍ഭം ധരിച്ചു. ദൈവം തന്റെ കരങ്ങള്‍കൊണ്ട് ആദമിനെ സൃഷ്ടിച്ച പോലെ തന്നെ....
ഏകനായ ദൈവത്തിലേക്ക് ഞാന്‍ താങ്കളെ ക്ഷണിക്കുന്നു. അവന് യാതൊരു തരത്തിലുള്ള പങ്കുകാരുമില്ല. എനിക്ക് വന്നെത്തിയതില്‍ താങ്കള്‍ വിശ്വസിക്കുമെന്നു കരുതട്ടെ. കാരണം ഞാന്‍ ദൈവത്താല്‍ നിയോഗിതനായ ദൂതനാണ്. താങ്കളെയും പരിവാരങ്ങളെയും ഞാന്‍ സര്‍വശക്തനായ പ്രപഞ്ചനാഥനിലേക്ക് ക്ഷണിക്കട്ടെ. സന്ദേശം ഞാന്‍ എത്തിച്ചുകഴിഞ്ഞു. സ്വീകരിക്കണമോ എന്ന് തീരുമാനിക്കുന്നത് താങ്കളാണ്.
ഞാന്‍ എന്റെ പിതൃസഹോദര പുത്രന്‍ ജഅ്ഫറിനെയും അദ്ദേഹത്തോടൊപ്പം ചെറിയൊരു സംഘം മുസ്‌ലിംകളെയും താങ്കളുടെ നാട്ടിലേക്ക് അയക്കുന്നു. കൊട്ടാരത്തില്‍ എത്തുമ്പോള്‍ അവര്‍ക്ക് താങ്കള്‍ ആതിഥ്യമരുളുമല്ലോ. ഉചിതമല്ലാത്ത അഹംഭാവം ഉപേക്ഷിക്കുകയും ചെയ്യുമല്ലോ. സത്യപാതയില്‍ ചരിക്കുന്നുവര്‍ക്ക് സമാധാനം.'14
ത്വബരി ഉള്‍പ്പെടെയുള്ളവര്‍ ഈ കത്തില്‍ വര്‍ഷം കാണിച്ചിരിക്കുന്നത് ഹിജ്‌റ ഏഴ് എന്നാണ്. അതായത് അബ്‌സീനിയയില്‍ അഭയാര്‍ഥികള്‍ എത്തിക്കഴിഞ്ഞ് പതിനഞ്ചു വര്‍ഷം പിന്നിട്ടശേഷം. അപ്പോഴേക്കും അബ്‌സീനിയയിലെ മുസ്‌ലിംകള്‍, മദീനയില്‍ സുസ്ഥിരമായിക്കഴിഞ്ഞ തങ്ങളുടെ രാഷ്ട്രത്തിലേക്ക് മടങ്ങാന്‍ തയാറെടുത്തുകൊണ്ടിരിക്കുകയായിരുന്നു. സംഭവം കഴിഞ്ഞ് വര്‍ഷങ്ങള്‍ പിന്നിട്ട ശേഷം 'ആതിഥ്യമരുളണം' എന്ന അഭ്യര്‍ഥനയുമായി കത്തെഴുതുന്നതില്‍ ഒരു അര്‍ഥവുമില്ല. ഇതിനെക്കുറിച്ച് പഠിച്ചുകൊണ്ടിരുന്ന 1935 കാലത്ത് ഞാന്‍ കരുതിയിരുന്നത്, നബി എഴുതിയ രണ്ട് കത്തുകള്‍ ആരോ ഒന്നിച്ച് ചേര്‍ത്തതുകൊണ്ട് ഉണ്ടായ ആശയക്കുഴപ്പമാണ് ഇതെന്നാണ്. അതിലൊരു കത്ത് എഴുതിയത് അഭയാര്‍ഥികളായി മുസ്‌ലിംകള്‍ പോകുന്ന സമയത്തു തന്നെ. മറ്റേ കത്ത് ഹി. 6-ാം വര്‍ഷത്തിലും. വിവിധ രാജാക്കന്മാരെയും ഭരണാധികാരികളെയും ഇസ്‌ലാമിലേക്ക് ക്ഷണിച്ചുകൊണ്ട് നബി കത്തയച്ചിരുന്നുവല്ലോ, അതില്‍ നജ്ജാശിക്ക് അയച്ച കത്താണിത്.15 നജ്ജാശിക്ക് നബി അയച്ച കത്തിന്റെ ഒറിജിനല്‍ കണ്ടെത്തിയതോടെ എന്റെ അനുമാനത്തിന് പിന്‍ബലം വര്‍ധിച്ചു. ഇതിനെക്കുറിച്ച കൂടുതല്‍ വിവരങ്ങള്‍ പിന്നീട് വരുന്നുണ്ട്. ഒരു കാര്യം ഉറപ്പിക്കാന്‍ കഴിഞ്ഞു. ആ കത്തില്‍ ആതിഥ്യമരുളണം എന്ന അഭ്യര്‍ഥന ഇല്ലായിരുന്നു. പക്ഷേ, തലവാചകങ്ങളെല്ലാം ഇരു കത്തുകളിലും ഒരുപോലെത്തന്നെ. അതുകൊണ്ടാവാം മുസ്‌ലിം ചരിത്രകാരന്മാര്‍ അത് രണ്ടും ഒന്നാണെന്ന ആശയക്കുഴപ്പത്തില്‍ പെട്ടത്. ഖസ്തല്ലാനിയുടെയും ഖല്‍ഖശത്തിയുടെയും വിവരണങ്ങളില്‍, 'എന്റെ പിതൃസഹോദരപുത്രന്‍ കൊട്ടാരത്തിലെത്തുമ്പോള്‍... ഉചിതമല്ലാത്ത അഹംഭാവം' പോലുള്ള വരികളൊന്നുമില്ല. അഭയവും ആതിഥ്യവും അര്‍ഥിക്കുന്ന അതേ കത്തില്‍ തന്നെ 'ഉചിതമല്ലാത്ത അഹംഭാവ'ത്തെപ്പറ്റി പറഞ്ഞ് ആതിഥേയനെ കുത്തിനോവിക്കുക അസംഭവ്യമായിരിക്കുമല്ലോ. ഇസ്‌ലാമിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള കത്തിന് പ്രതികരണം വന്നപ്പോഴായിരിക്കാം 'ഉചിതമല്ലാത്ത അഹംഭാവം' പോലുള്ള വാക്കുകള്‍ പ്രയോഗിക്കേണ്ടിവന്നത്.
മുസ്‌ലിംകള്‍ അബ്‌സീനിയയില്‍ എത്തിയതറിഞ്ഞ് തങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടി ഖുറൈശികള്‍ ഒരു ദൗത്യസംഘത്തെ നജ്ജാശിയുടെ അടുത്തേക്ക് അയച്ചു. ഊറക്കിട്ട മൃഗത്തോല്‍ ആയിരുന്നു മക്കയില്‍നിന്നുള്ള ഇറക്കുമതി സാധനങ്ങളില്‍ അബ്‌സീനിയക്കാര്‍ക്ക് ഏറെ പ്രിയങ്കരം. നേഗസിനെ കാണുന്നതിന് മുമ്പായി കൊട്ടാരത്തിലെ പ്രമാണിമാര്‍ക്കും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുമൊക്കെ സമ്മാനമായി നല്‍കുന്നതിന് ഇത്തരം തുകല്‍ ഉല്‍പ്പന്നങ്ങള്‍ വളരെ കൂടിയ അളവില്‍ തന്നെ ദൗത്യസംഘം ശേഖരിച്ചിരുന്നു. കൊട്ടാരത്തിലെ പ്രമാണിമാര്‍ക്ക് നേരത്തേ തന്നെ സമ്മാനങ്ങള്‍ കൊടുത്ത് കൊട്ടാരത്തില്‍ അവരുടെ പിന്തുണ ദൗത്യസംഘം ഉറപ്പുവരുത്തുകയും ചെയ്തു. അഭയാര്‍ഥികള്‍ ക്രിസ്ത്യാനികളല്ല എന്ന കാര്യം അവര്‍ ഊന്നിപ്പറയുകയും ചെയ്തിരുന്നു. രാജാവിന്റെ മതത്തില്‍ വിശ്വസിക്കുന്നവരല്ലെങ്കില്‍ അവരെ വിട്ടുകൊടുക്കുന്നതിന് അദ്ദേഹത്തിന് പ്രയാസമുണ്ടാകേണ്ടതില്ലല്ലോ. കൊട്ടാരത്തിലെത്തിയ ഖുറൈശി ദൗത്യസംഘം ചിരപരിചിതരെപ്പോലെയാണ് രാജാവിനോട് സംസാരിക്കുന്നത്: 'അല്ലയോ രാജാവേ, ഞങ്ങളുടെ നാട്ടിലെ വിവര ദോഷികളായ ചില ചെറുപ്പക്കാര്‍ താങ്കളുടെ നാട്ടില്‍ അഭയാര്‍ഥികളായി എത്തിയിട്ടുണ്ട്. അവര്‍ സ്വന്തം നാട്ടുകാരുടെ മതം ഉപേക്ഷിച്ചവരാണ്; എന്നാല്‍ താങ്കളുടെ മതം സ്വീകരിച്ചിട്ടുമില്ല. മറിച്ച്, അവര്‍ സ്വന്തമായി ഒരു മതം ഉണ്ടാക്കിയിരിക്കുകയാണ്. ഞങ്ങള്‍ക്കും താങ്കള്‍ക്കും അതേക്കുറിച്ച് അറിഞ്ഞുകൂടാ. അവരെ തിരിച്ചയക്കണം എന്ന് താങ്കളോട് ആവശ്യപ്പെടാന്‍ അവരുടെതന്നെ മാതാപിതാക്കളും അമ്മാവന്മാരും മറ്റു അടുത്ത ബന്ധുക്കളും തന്നെയാണ് ഞങ്ങളെ ഇങ്ങോട്ട് അയച്ചിരിക്കുന്നത്.'
കൊട്ടാരത്തിലെ പ്രമാണിമാരെയും ഉദ്യോഗസ്ഥരെയും മറ്റും സമ്മാനങ്ങള്‍ കൊടുത്ത് നേരത്തേ പാട്ടിലാക്കിയതിനാല്‍ അവര്‍ ഖുറൈശി ദൗത്യസംഘത്തോടൊപ്പം നിന്നു. പക്ഷേ, രാജാവ് കോപാകുലനാവുകയാണുണ്ടായത്. അഭയം തേടിയെത്തിയവരെ വഞ്ചിക്കുന്ന നിലപാടാണിതെന്ന് അദ്ദേഹം കരുതി. മുസ്‌ലിം അഭയാര്‍ഥികളെ വിളിച്ചുകൊണ്ടുവരാന്‍ അദ്ദേഹം ആളെ അയച്ചു. ഖുറൈശി ദൗത്യസംഘത്തിലെ അബ്ദുല്ലാഹിബ്‌നു അബീ റബീഅക്കും അംറുബ്‌നുല്‍ ആസ്വിനും ഇതൊട്ടും ഇഷ്ടമായില്ലെങ്കിലും വഴങ്ങുകയല്ലാതെ നിവൃത്തിയില്ലായിരുന്നു. മുസ്‌ലിംകളും ഒന്നു പകച്ചു. പക്ഷേ, എന്തു വന്നാലും സത്യം തുറന്നുപറയാന്‍ തന്നെയായിരുന്നു അവരുടെ തീരുമാനം. പ്രവാചകന്റെ പിതൃസഹോദര പുത്രന്‍ ജഅ്ഫറാണ് മുസ്‌ലിംകള്‍ക്കു വേണ്ടി സംസാരിച്ചത്. അദ്ദേഹത്തിന്റെ വാക്കുകള്‍: 'അല്ലയോ രാജാവേ! ഞങ്ങള്‍ വിവരമില്ലാത്തവരായിരുന്നു. ഞങ്ങള്‍ വിഗ്രഹങ്ങളെ ആരാധിച്ചു. സകല തിന്മകളും ചെയ്തുകൂട്ടി. ദുര്‍ബലനെ അടിച്ചമര്‍ത്തി. വിദ്വേഷമുണ്ടാക്കുന്ന പ്രവൃത്തികള്‍ ചെയ്തുകൊണ്ടിരുന്നു. അപ്പോഴാണ് ഞങ്ങളില്‍പെട്ട ഒരാളെ ദൈവം തന്റെ ദൂതനായി നിയോഗിക്കുന്നത്. അദ്ദേഹത്തെ ഞങ്ങള്‍ക്ക് നന്നായിട്ടറിയാം, അദ്ദേഹത്തിന്റെ സത്യസന്ധത, പാതിവ്രത്യം, മറ്റു നന്മകള്‍ എല്ലാം. മറ്റുള്ളവരെ ഉപദ്രവിക്കരുതെന്നും ഏകദൈവത്തിനു മാത്രമേ വഴിപ്പെടാവൂ എന്നും പ്രാര്‍ഥന നിര്‍വഹിക്കണമെന്നും വ്രതമനുഷ്ഠിക്കണമെന്നും നല്ലത് ചെയ്തുകൊണ്ടിരിക്കണമെന്നും അദ്ദേഹം ഞങ്ങളെ പഠിപ്പിച്ചു. അത് ഞങ്ങളെ ആകര്‍ഷിച്ചു. ആ പറഞ്ഞ കാര്യങ്ങള്‍ അംഗീകരിച്ച് ഞങ്ങള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ഉടന്‍ തന്നെ ഞങ്ങളുടെ നാട്ടുകാര്‍ ഞങ്ങളെ പീഡിപ്പിക്കാനുമാരംഭിച്ചു. അങ്ങനെയാണ് ഞങ്ങളുടെ പിതൃദേശം വെടിഞ്ഞ് ഞങ്ങള്‍ താങ്കളുടെ നാട്ടില്‍ എത്തിയിരിക്കുന്നത്. മറ്റു നാടുകളിലേക്കു പോവാതെ ഞങ്ങള്‍ ഇങ്ങോട്ടു തന്നെ വന്നത് ഇവിടെ ഞങ്ങളെ ഒരാളും പീഡിപ്പിക്കുകയില്ല എന്ന് വിശ്വസിക്കുന്നതുകൊണ്ടാണ്.' 'ദിവ്യസൂക്തങ്ങളില്‍ ചിലത് പാരായണം ചെയ്യാമോ' എന്ന് ചോദിച്ചപ്പോള്‍, വിശുദ്ധ ഖുര്‍ആനിലെ പത്തൊമ്പതാമത്തെ അധ്യായം ജഅ്ഫര്‍ പാരായണം ചെയ്തു. യഹ്‌യ (ഖീവി വേല ആമുശേേെ), യേശു എന്നിവരുടെ ജനനത്തെക്കുറിച്ചും അവര്‍ എങ്ങനെ ദൈവിക ദൃഷ്ടാന്തങ്ങളായിത്തീരുന്നു എന്നും അതില്‍ പറയുന്നുണ്ട്. ചരിത്രകാരന്മാര്‍ പറയുന്നത്, വിശുദ്ധ വേദപുസ്തകങ്ങള്‍ മുമ്പില്‍ വെച്ച് ഖുര്‍ആന്‍ പാരായണം കേട്ടുകൊണ്ടിരുന്ന നേഗസിനെയും കൊട്ടാരത്തിലെ ബിഷപ്പുമാരെയും, തങ്ങള്‍ വിശുദ്ധരായി കരുതുന്നവരെ പ്രകീര്‍ത്തിക്കുന്ന ഈ വചനങ്ങള്‍ കണ്ണീരിലാഴ്ത്തി എന്നാണ്. ഒടുവില്‍ രാജാവ് പറഞ്ഞു: 'ഈ പ്രകാശത്തിന്റെ ഉറവിടം യേശുവിന്റെ സന്ദേശത്തിന്റെ അതേ ഉറവിടം തന്നെയാണ്. സമാധാനത്തോടെ പൊയ്‌ക്കൊള്ളൂ. ഈ ബഹുദൈവ പൂജകര്‍ക്ക് ഞാന്‍ നിങ്ങളെ ഏല്‍പിച്ചുകൊടുക്കുകയില്ല.'
മക്കന്‍ ദൗത്യസംഘത്തിലെ അംറിന്റെ കുരുട്ടുബുദ്ധിയെക്കുറിച്ച് ഇബ്‌നു ഹിശാം16 എഴുതുന്നുണ്ട്. അംറ് കൊട്ടാരത്തിലേക്കു തന്നെ തിരിച്ചുചെന്ന്, യേശുവിനെക്കുറിച്ച മുസ്‌ലിംകളുടെ വിശ്വാസത്തെ രാജാവ് തെറ്റിദ്ധരിച്ചിരിക്കുകയാണെന്ന് ഉണര്‍ത്തിച്ചു. രാജാവ് വീണ്ടും വിളിച്ചു വരുത്തിയപ്പോള്‍ മുസ്‌ലിംകള്‍ക്ക് ഉള്ളില്‍ ഭയമുണ്ടായിരുന്നു. സത്യം തുറന്നു പറയാന്‍ തന്നെയായിരുന്നു അവരുടെ തീരുമാനം. ജഅ്ഫര്‍ തന്നെ വീണ്ടും സംസാരിച്ചു. ഇസ്‌ലാമിക വിശ്വാസ പ്രകാരം യേശു ദൈവത്തിന്റെ അടിമയും ദൂതനും, അവന്റെ ചൈതന്യവും വചനവും ആണെന്നും, മര്‍യമിന്റെ പുത്രനാണെന്നും ജഅ്ഫര്‍ വിശദീകരിച്ചു. മക്കന്‍ ദൗത്യസംഘത്തിന്റെ കുടില തന്ത്രങ്ങളൊക്കെ നേഗസിന് നേരില്‍ ബോധ്യമായി. അവരില്‍നിന്ന് വാങ്ങിവെച്ച സമ്മാനങ്ങളൊക്കെ തിരിച്ചുനല്‍കാന്‍ അദ്ദേഹം ഉത്തരവിട്ടു. മുസ്‌ലിം അഭയാര്‍ഥികള്‍ക്ക് സംരക്ഷണം ഒന്നുകൂടി ഉറപ്പുനല്‍കി. ഇങ്ങനെ പറയുകയും ചെയ്തു: 'മുഹമ്മദ് പറഞ്ഞതിനേക്കാള്‍ ഒരു കാരക്കക്കുരു തോല്‍ അധികം യേശു പറഞ്ഞിട്ടില്ല.'17 ഈ പ്രയോഗങ്ങളില്‍നിന്ന് നേഗസ് ഇസ്‌ലാം സ്വീകരിച്ചതായി മുഹമ്മദ് നബി അനുമാനിച്ചതുകൊണ്ടാവാം, നേഗസ് മരണപ്പെട്ടപ്പോള്‍ മയ്യിത്തിന്റെ അഭാവത്തില്‍ അദ്ദേഹത്തിനു വേണ്ടി മയ്യിത്ത് നമസ്‌കാരം നിര്‍വഹിക്കാന്‍ നബി അനുചരന്മാരോട് പറഞ്ഞത്.18
മുസ്‌ലിം അഭയാര്‍ഥികള്‍ അബ്‌സീനിയയില്‍ എത്തിയ ഉടനെ ജഅ്ഫറിന് ഒരു കുഞ്ഞ് ജനിച്ചു. അന്നേദിവസം തന്നെയായിരുന്നു നേഗസിനും ഒരു കുഞ്ഞ് ജനിച്ചത്. ഇരു കുഞ്ഞുങ്ങള്‍ക്കും മുലകൊടുത്തത് ജഅ്ഫറിന്റെ ഭാര്യ അസ്മ. മുലകുടി ബന്ധത്തിലെ ഈ സഹോദരന്മാര്‍ തമ്മില്‍ ഉറ്റ സൗഹൃദവും വളര്‍ന്നു വന്നു.19 കടല്‍യാത്ര ചെയ്തതിനാല്‍ 'ബഹ്‌രിയ്യ' എന്ന വിശേഷണവും അസ്മക്ക് ലഭിച്ചിരുന്നു.20
അബ്‌സീനിയയിലെ ജീവിതവും അക്കാലത്ത് അത്ര സുരക്ഷിതമായിരുന്നില്ല. ആഭ്യന്തര യുദ്ധം നേഗസ് അസ്വ്ഹമ എന്ന ഭരണാധികാരിയെ വലിയ പ്രതിസന്ധിയിലാക്കി. ഇത് മുസ്‌ലിംകളെയും പ്രതികൂലമായി ബാധിക്കുമല്ലോ. സ്വാഭാവികമായും അവരില്‍ യുദ്ധം ചെയ്യാന്‍ കഴിവുള്ളവരൊക്കെ നേഗസിന്റെ പിന്നില്‍ അണിനിരന്നു. 'അവര്‍ യുദ്ധക്കളത്തിനു പുറത്ത് അനുമതിക്കായി കാത്തുനില്‍ക്കുകയായിരുന്നു' എന്നാണ് മിക്ക ചരിത്രകാരന്മാരും രേഖപ്പെടുത്തുന്നത്. പക്ഷേ, ബലാദുരി21 പറയുന്നത്, സുബൈര്‍ ആ യുദ്ധത്തില്‍ പങ്കെടുത്തുവെന്നും സേവനത്തിന് പ്രത്യുപകാരമായി നേഗസ് അദ്ദേഹത്തിന് വിലപിടിപ്പുള്ള ഒരു വാള്‍ സമ്മാനിച്ചുവെന്നുമാണ്. മദീനയില്‍ എത്തിയ ശേഷം സുബൈര്‍ ആ വാള്‍ പ്രവാചകന് സമ്മാനിച്ചുവെന്നും വിശേഷ ദിവസങ്ങളില്‍ അദ്ദേഹമത് കൂടെ കരുതാറുണ്ടായിരുന്നുവെന്നും ഈ ചരിത്രകാരന്‍ എഴുതുന്നുണ്ട്.
(തുടരും)
കുറിപ്പുകള്‍
1. സുയൂത്വി - റഫ്ഉ ശഅ്‌നില്‍ ഹുബ്ശാന്‍
2. Al-Ilaf, or the Economic and Diplomatic relations of Pre-Islamic Mecca എന്ന എന്റെ ലേഖനം കാണുക.
3. ബലാദുരി - അന്‍സ്വാബ് I, 133
4. സുഹൈലി, I, 214-5
5. അതേ പുസ്തകം I, 205, ബുഖാരി 56:188
6. ഇബ്‌നു ഹിശാം, പേ: 208
7. സുഹൈലി I, 205, ബുഖാരി 56:188
8. ബുഖാരി 63:37, No. 5
9. Journal of the German Oriental Society (ജര്‍മന്‍ ഭാഷയില്‍ ZDMG എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്നു), വോ: 83, പേ: 37-43
10. ഈ പരാമര്‍ശത്തിന് ഞാന്‍ W. Eichener എന്ന ഗവേഷകനോട് കടപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ ഡോക്ടറേറ്റ് പ്രബന്ധത്തിലാണ് ഇതേക്കുറിച്ച് പറയുന്നത്.
11. നിസാമുദ്ദീന്‍ അല്‍ഖുമ്മി - ഗറാഇബുല്‍ ഖുര്‍ആന്‍ XXX, 170 (ഖുര്‍ആനിലെ 105-ാം അധ്യായത്തെക്കുറിച്ച ഭാഗത്ത്), ഇബ്‌നു ഹബീബ് - മുനമ്മഖ് പേ: 262-4
12. ബലാദുരി II, 425, ഇബ്‌നു അബ്ദി റബ്ബിഹ് -അല്‍ ഇഖ്ദ് II, 47
13. De Goeje, Memoire Sur la conquete de la Syrie പേ: 29
14. എന്റെ അല്‍ വസാഇഖ്, No: 21, എന്റെ Doucuments II No. 9
15. എന്റെ Documents I, 38, n. 5
16. ഇബ്‌നു ഹിശാം പേ: 217-21
17. എന്റെ അല്‍ വസാഇഖ്, No. 23, Documents II No. 11.
ജഅ്ഫറു ബ്‌നു അബീത്വാലിബിന്റെ പ്രസംഗത്തിന്റെ ഉള്ളടക്കം ഖുര്‍ആനിലെ പരാമര്‍ശവുമായി (19:13) ചേര്‍ത്തുവെക്കാവുന്നതാണ്. 'ഞാന്‍ ദൈവത്തിന്റെ ദാസനാണ്, അവനാണ് എനിക്ക് വേദം അവതരിപ്പിച്ചത്, എന്നെ ദൂതനാക്കിയതും' എന്ന് യേശു പറഞ്ഞതായി ഖുര്‍ആന്‍ ഉദ്ധരിക്കുന്നുണ്ട്. ഇക്കാര്യം ബൈബിള്‍ നിഷേധിക്കുന്നില്ല. ദൈവദാസനായിരിക്കുന്നതില്‍ യേശു അഭിമാനം കൊള്ളുന്നു എന്ന് സുവിശേഷത്തില്‍ (St. Matthew 12/18) പറയുന്നു. പ്രവാചകനെന്നും യേശുവിനെ വിശേഷിപ്പിച്ചതായി കാണാം (St. Matthew 21/11, Luke 7/16, 26). 'ദൈവ വചനം', 'ദൈവത്തില്‍നിന്നുള്ള ആത്മാവ്' എന്നീ പ്രയോഗങ്ങളെക്കുറിച്ചാണെങ്കില്‍ ഖുര്‍ആന്‍ പറയുന്നത് ഇങ്ങനെയാണ്: 'മര്‍യമിന്റെ പുത്രന്‍ മസീഹ് ഈസാ, ദൈവത്തിന്റെ ദൂതനും മര്‍യമിലേക്ക് അവനിട്ടുകൊടുത്ത വചനവും അവങ്കല്‍ നിന്നുള്ള ആത്മാവും മാത്രമാണ്' (4:171). യേശു ദൈവ വചനമാണെന്ന് ക്രിസ്ത്യാനികളും വിശ്വസിക്കുന്നു. ദൈവത്തിനു പുറമെ പരിശുദ്ധാത്മാവും യേശുവും ചേര്‍ന്നു ത്രിയേകത്വത്തിലും അവര്‍ വിശ്വസിക്കുന്നു. പക്ഷേ, 'വചനം', 'ദൈവത്തില്‍നിന്നുള്ള ആത്മാവ്' എന്നീ പ്രയോഗങ്ങള്‍ക്ക് വ്യത്യസ്തമായ അര്‍ഥകല്‍പ്പനയാണ് ഖുര്‍ആന്‍ നല്‍കുന്നത്. ആത്മാവിനെപ്പറ്റി ദൈവത്തില്‍നിന്നുള്ള ആജ്ഞ (Commandment) എന്ന അര്‍ഥത്തില്‍ ഖുര്‍ആന്‍ പ്രയോഗിച്ചിട്ടുണ്ട് (17/85). അങ്ങനെ ദൈവം തന്റെ വചനത്തിലൂടെ /ആജ്ഞയിലൂടെ ഒരു കന്യകയുടെ ഗര്‍ഭാശയത്തില്‍ യേശുവിനെ സൃഷ്ടിച്ചു; ഒരു പിതാവില്ലാതെ. വളരെ പരിപാവനമായ ഒരു സൃഷ്ടികര്‍മം. അതിനാല്‍ ഖുര്‍ആന്റെ ഈ വ്യാഖ്യാനം നേഗസ് സ്വീകരിച്ചതില്‍ അത്ഭുതമില്ല.
18. ബുഖാരി 63:36, സുഹൈലി I, 216
19. സുഹൈലി II, 250
20. ലിസാനുല്‍ അറബ്
21. ബലാദുരി I, 1052
Comments