ഈ ബില്ലിനു പിറകില്‍ ദുരുദ്ദേശ്യങ്ങള്‍
ഒറ്റയിരിപ്പിന് മൂന്ന് ത്വലാഖും ചൊല്ലുന്നത് (ത്വലാഖെ ബിദ്അത്ത്) ജാമ്യമില്ലാത്ത ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ ബി.ജെ.പി ഗവണ്‍മെന്റ് പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിരിക്കുകയാണ്. ബില്‍ അവതരണത്തിന് നേരത്തേ സമയം നിശ്ചയിച്ചിരുന്നുവെങ്കിലും പിന്നീടത് മാറ്റിവെക്കുകയായിരുന്നു. കേന്ദ്ര ഗവണ്‍മെന്റ് വളരെ ധൃതിപിടിച്ചാണ് കരട് ബില്‍ തയാറാക്കിയിരിക്കുന്നതെന്ന ആക്ഷേപം ഉയര്‍ന്നുകഴിഞ്ഞു. ഇന്ത്യയിലെ മുസ്‌ലിം സമുദായത്തെയും മുസ്‌ലിം വ്യക്തിനിയമത്തെയും നേരിട്ട് ബാധിക്കുന്ന വിഷയമായതിനാല്‍ ബില്ലിന്റെ കരട് തയാറാക്കുമ്പോള്‍ മുസ്‌ലിം സംഘടനകളുമായും സംഘടനാ കൂട്ടായ്മകളുമായും സര്‍ക്കാര്‍ കൂടിയാലോചിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും അത് നടക്കുകയുണ്ടായില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര മന്ത്രിമാരായ നിതിന്‍ ഗഡ്കരിയും ഗിരിരാജ് സിംഗുമൊക്കെ നിരന്തരം ആവര്‍ത്തിക്കുന്നതുപോലെ, മുസ്‌ലിം സ്ത്രീകളുടെ അവകാശ സംരക്ഷണമാണ് കര്‍ശന വ്യവസ്ഥകളുമായി ഒരു ബില്ല് അവതരിപ്പിക്കാന്‍ പ്രേരണയെങ്കില്‍ ബന്ധപ്പെട്ട കക്ഷികളുമായി കൂടിയാലോചിക്കുന്നതിന് എന്താണ് തടസ്സം? അപ്പോള്‍ സംഘ് പരിവാറിന്റെ ചില രാഷ്ട്രീയ ദുരുദ്ദേശ്യങ്ങളാണ് വേണ്ടത്ര ചര്‍ച്ചയോ അഭിപ്രായ സമാഹരണമോ നടത്താതെ ബില്ല് ധൃതിയില്‍ പാസ്സാക്കിയെടുക്കുന്നതിനുള്ള പ്രേരണ എന്ന് വ്യക്തം.
'ഭരണകൂടം മുസ്‌ലിം സ്ത്രീകള്‍ക്ക് അവരുടെ അവകാശങ്ങള്‍ നല്‍കാനാണ് ആഗ്രഹിക്കുന്നത്. ഇതില്‍ രാഷ്ട്രീയമില്ല. മാനുഷിക പരിഗണനയും മൗലികാവകാശങ്ങളും ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള ഒരു ഇടപെടല്‍ മാത്രമാണിത്' എന്നാണ് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞിരിക്കുന്നത്. പക്ഷേ, ഒറ്റയിരിപ്പിലുള്ള മൂന്ന് ത്വലാഖിനെക്കുറിച്ച് മോദി ഭരണകൂടവും മീഡിയയും ഇന്നുവരെ ബഹളം വെച്ചതൊക്കെ ചില രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നുവെന്ന് അത്തരം സംഭവങ്ങള്‍ ചേര്‍ത്തു വായിച്ചാല്‍ വ്യക്തമാവും. മുസ്‌ലിം പുരുഷന്മാര്‍ക്ക് സ്ത്രീകളെ ത്വലാഖ് ചൊല്ലുകയല്ലാതെ വേറൊരു പണിയുമില്ലെന്നും മുസ്‌ലിം സ്ത്രീകള്‍ക്ക് മൗലികാവകാശങ്ങള്‍ പോലും നിഷേധിക്കപ്പെടുകയാണെന്നും വരുത്തിത്തീര്‍ക്കാനാണ് കേന്ദ്ര ഭരണകൂടവും മീഡിയയും ശ്രമിച്ചുപോന്നിട്ടുള്ളത്. വിവാഹ മോചന നിരക്ക് ഹിന്ദു സമുദായത്തിലേക്കാള്‍ കുറവാണ് മുസ്‌ലിം സമുദായത്തില്‍ എന്ന വസ്തുതയൊന്നും അവരെ അലട്ടുന്നേയില്ല. ഇത്തരമൊരു നിയമനിര്‍മാണത്തിന് മണ്ണൊരുക്കാനാണ് കേന്ദ്ര ഗവണ്‍മെന്റ് നേരത്തേ ലോ കമീഷനെ രംഗത്തിറക്കിയത്. എല്ലാറ്റിന്റെയും ഉന്നം ഒന്നു മാത്രം; മുസ്‌ലിം വ്യക്തിനിയമം ഇല്ലാതാക്കുക, ഏക സിവില്‍ കോഡ് നടപ്പാക്കുക. ഇത് ബി.ജെ.പിയുടെ മുഖ്യമായ രാഷ്ട്രീയ അജണ്ടയാണ്. മുസ്‌ലിം വ്യക്തിനിയമത്തില്‍ കടന്നുകയറി ഏക സിവില്‍ കോഡിന് വഴിയൊരുക്കുക എന്നതാണ് പുതിയ നിയമനിര്‍മാണത്തിലൂടെ സംഭവിക്കാന്‍ പോകുന്നത്. അതില്‍ രാഷ്ട്രീയമില്ല എന്നു പറഞ്ഞാല്‍ ആരു വിശ്വസിക്കും!
ത്വലാഖിനെ സംബന്ധിച്ച കണക്കുകളെല്ലാം സംഘ് പരിവാറും അവരെ അനുകൂലിക്കുന്ന എന്‍.ജി.ഒകളും ഊതിപ്പെരുപ്പിച്ചതാണെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. വളരെ അപൂര്‍വമായി മാത്രം, അതും ഹനഫി മദ്ഹബ് പിന്‍പറ്റുന്നവര്‍ക്കിടയില്‍ നടക്കുന്ന ഒന്നാണ് ത്വലാഖെ ബിദ്അത്ത്. പക്ഷേ, ഇന്ത്യ ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി അതാണെന്ന മട്ടിലാണ് പ്രചാരണം. ന്യൂനപക്ഷങ്ങളും ദലിതുകളും മറ്റും തികഞ്ഞ അരക്ഷിതാവസ്ഥയിലേക്ക് എറിയപ്പെട്ടിരിക്കുന്നു എന്നതാണ് രാജ്യം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ ഭീഷണി. ഗോ രക്ഷാ ഗുണ്ടകള്‍ അഴിഞ്ഞാടുകയാണ്. അത്തരം ഗുണ്ടകള്‍ക്കെതിരെ നിയമം പോയിട്ട്, മര്യാദക്ക് എഫ്.ഐ.ആര്‍ എഴുതാന്‍ പോലും സംഘ് ഭരണകൂടങ്ങള്‍ തയാറല്ല. അവരാണ് 'മുസ്‌ലിം സ്ത്രീ അവകാശ സംരക്ഷണ'ത്തിന് ചാടിപ്പുറപ്പെടുന്നത്. ഈ കാപട്യം തിരിച്ചറിയപ്പെടണം.
Comments