Prabodhanm Weekly

Pages

Search

2018 ജനുവരി 05

3033

1439 റബീഉല്‍ ആഖിര്‍ 17

ശിക്ഷണത്തിലെ ആകര്‍ഷണ-വികര്‍ഷണ സിദ്ധാന്തങ്ങള്‍

ഡോ. ജാസിമുല്‍ മുത്വവ്വ

മാതാപിതാക്കളും മക്കളും തമ്മിലെ ബന്ധത്തിന് കാന്തികശാസ്ത്രത്തിലെ ആകര്‍ഷണ-വികര്‍ഷണ സിദ്ധാന്തവുമായി ബന്ധമുണ്ട്. മക്കളെ ശിക്ഷണം നല്‍കി വളര്‍ത്താനുള്ള രീതിശാസ്ത്രം വശമാക്കിയവര്‍ക്ക് ആകര്‍ഷണ സിദ്ധാന്തത്തിലെ നിയമം മനസ്സിലാവും. ആ അറിവ് നഷ്ടമായാല്‍ വികര്‍ഷണമായിരിക്കും ഫലം. ബന്ധങ്ങളിലെ അകല്‍ച്ചയും കുടുംബത്തിന്റെ തകര്‍ച്ചയുമായിരിക്കും പിന്നീട് സംഭവിക്കുക. ശിക്ഷണ രംഗത്തെ കാന്തിക ശാക്തീകരണത്തിന് സഹായകമാവുന്ന ആറ് ചിന്തകള്‍ പങ്കിടാം.

ഒന്ന്, ഈ ജീവിതത്തില്‍ നിങ്ങള്‍ക്കേറ്റവും മുഖ്യവും പ്രധാനവുമായത് മക്കളാണെന്ന് അവരെ ബോധ്യപ്പെടുത്തുക. നിങ്ങളുടെ സമയത്തിലെ ഒരു ഭാഗം അവര്‍ക്കായി നീക്കിവെക്കുകയാണ് ആദ്യ പടി. ഒന്നില്‍ കൂടുതല്‍ മക്കളുണ്ടെങ്കില്‍ ഓരോരുത്തര്‍ക്കും പ്രത്യേകം സമയം നിശ്ചയിക്കണം. നിങ്ങളുടെ മനസ്സില്‍ അവര്‍ക്കുള്ള സ്ഥാനം അതോടെ അവര്‍ തിരിച്ചറിയും. സമയം നിശ്ചയിക്കുന്നതില്‍ നീതി വേണം. വിവേചനം അരുത്. നിങ്ങളുടെ ജോലിത്തിരക്കുകളും ബദ്ധപ്പാടുകളും നിമിത്തം തങ്ങള്‍ക്കാവശ്യമായ സമയം നല്‍കാന്‍ മാതാപിതാക്കള്‍ സന്നദ്ധരാവുന്നില്ലെങ്കില്‍, ഓര്‍ക്കുക അവര്‍ നിങ്ങളോട് പൊറുക്കില്ല. തങ്ങള്‍ക്ക് സ്‌നേഹവും പരിഗണനയും ലാളനയും ലഭിക്കുന്ന തണല്‍മരങ്ങള്‍ തേടിപ്പോവും അവര്‍. നിങ്ങള്‍ക്ക് അവരെ നഷ്ടപ്പെടുകയും ഭാവിയില്‍ അവരില്‍നിന്ന് നിങ്ങള്‍ക്ക് ലഭിക്കേണ്ട നന്മ നിറഞ്ഞ പെരുമാറ്റവും ശുശ്രൂഷയും പരിചരണവും കിട്ടാതെ വരികയും ചെയ്യും.

രണ്ട്, കുട്ടിയുടെ അഭിരുചിയും മനോഭാവവും മാറുന്ന മുറക്ക് നിങ്ങള്‍ സൗമ്യമായി ഇടപെടുകയും പെരുമാറുകയും വേണം. കാരണം, ബുദ്ധിപരവും ശാരീരികവും മാനസികവുമായ മാറ്റത്തിന്റെ അന്തരാള ഘട്ടത്തിലാണ് കുട്ടി. അവന്റെ അഭിരുചിമാറ്റത്തില്‍ നിങ്ങള്‍ കോപാകുലനാവരുത്. ശാന്തമായി ഇടപെടാനും ഏത് അവസ്ഥകളും ഉള്‍ക്കൊള്ളാനും നിങ്ങള്‍ തയാറാവുകയാണാവശ്യം. മനോനിലയിലെ മാറ്റങ്ങള്‍ക്ക് പല കാരണങ്ങളും ഉണ്ടാവും. അമര്‍ഷം, വിശപ്പ്, ഉറക്കക്കുറവ്, കൗമാരഘട്ടത്തിലേക്ക് കടക്കല്‍, ഇഷ്ടപ്പെട്ട കളിക്കൂട്ടുകാരന്റെ വേര്‍പാട്, കുടുംബത്തില്‍നിന്ന് അനുഭവപ്പെട്ട ദുഷ്‌പെരുമാറ്റം... ഇങ്ങനെ പല കാരണങ്ങള്‍. ആശ്ലേഷിച്ചും ഉമ്മ വെച്ചും വര്‍ത്തമാനം പറഞ്ഞും പലപ്പോഴായി ആശയവിനിമയം നടത്തിയുമാണ് ഇതിന് പരിഹാരം കാണേണ്ടത്. മനുഷ്യന്‍ ഒരു നിര്‍ജീവ പദാര്‍ഥമല്ലെന്ന ഓര്‍മ വേണം. കുട്ടികളായാലും അവര്‍ക്ക് വികാരങ്ങളും വിചാരങ്ങളുമുണ്ട്. മനോഭാവത്തിലെയും അഭിരുചികളിലെയും അവസ്ഥാന്തരങ്ങള്‍ സ്വാഭാവിക പ്രക്രിയയാണ്. മാനസികനിലയും അഭിരുചിയും മെച്ചപ്പെടുത്താന്‍ അനുയോജ്യമായ നിരവധി മാര്‍ഗങ്ങളുണ്ടെന്നും നമസ്‌കാരം, പ്രാര്‍ഥന, വിനോദം, വ്യായാമം, ഉള്ളു തുറന്ന സംസാരം എന്നിവ അവയില്‍ ചിലതാണെന്നും കുട്ടിയെ ബോധ്യപ്പെടുത്തണം.

മൂന്ന്, താലോലിച്ചും പുണര്‍ന്നും ചുംബിച്ചും ഉള്ളിലുള്ള സ്‌നേഹം പ്രകടിപ്പിക്കുക. ഇവക്ക് മനുഷ്യമനസ്സിനെ സ്വാധീനിക്കാനുള്ള മാസ്മരിക ശക്തിയുണ്ട്. താന്‍ മാതാപിതാക്കള്‍ക്ക് പ്രിയങ്കരനാണെന്ന് കുട്ടിക്ക് തോന്നിത്തുടങ്ങുമ്പോള്‍ അവന്റെ മനസ്സ് ശാന്തത കൈവരിക്കുകയും സ്ഥൈര്യം കൈവരികയും ചെയ്യും. താല്‍ക്കാലികമായുണ്ടാവുന്ന നഷ്ടബോധത്തെ മറികടക്കാന്‍ ഇതുമൂലം കഴിയും. കുട്ടി ഭിന്നശേഷിക്കാരനും അംഗവൈകല്യമുള്ളവനുമാണെങ്കില്‍ ഈ സമീപനം അവനില്‍ ആത്മവിശ്വാസം വളര്‍ത്തും.

നാല്, ഉച്ചത്തില്‍ സംസാരിക്കുകയും ബഹളം വെച്ച് അട്ടഹസിക്കുകയും ചെയ്യാതിരിക്കുക. മക്കളെ മാതാപിതാക്കളില്‍നിന്ന് അകറ്റുന്ന പ്രധാന കാരണമാണിത്. തെറ്റ് ചെയ്താല്‍ ബഹളം വെക്കാതെയും ശബ്ദം ഉയര്‍ത്താതെയും ശിക്ഷണ നടപടികള്‍ കൈക്കൊള്ളാന്‍ നിങ്ങള്‍ക്ക് അവകാശമുണ്ട്. സംവദിച്ചും കാര്യങ്ങള്‍ ഗ്രഹിപ്പിച്ചും നിങ്ങള്‍ക്ക് അവരെ നേര്‍വഴിയില്‍ കൊണ്ടുവരാം.

അഞ്ച്, 'ഒന്നുകില്‍ നീ, അല്ലെങ്കില്‍ ഞാന്‍' ശൈലി മക്കളെയും ജനങ്ങളെയും നമ്മില്‍നിന്ന് അകറ്റും. സത്യം നിങ്ങളുടെ പക്ഷത്താണെങ്കില്‍ പോലും വെല്ലുവിളിയുടെ ശൈലി വര്‍ജിക്കണം. ശാന്തമായ സംവാദത്തിലൂടെയും സംസാരത്തിലൂടെയും നിങ്ങള്‍ മനസ്സിലാക്കിയ സത്യം നിങ്ങള്‍ക്ക് ബോധ്യപ്പെടുത്താവുന്നതേയുള്ളൂ. 'നമ്മള്‍ രണ്ടില്‍ ഒരാള്‍ മതി' എന്ന മനോഭാവവും ശൈലിയും നിങ്ങളെ ജനമധ്യത്തില്‍ വെറുക്കപ്പെട്ടവനാക്കി മാറ്റും.

ആറ്, ദമ്പതിമാര്‍ തമ്മില്‍ ഉച്ചത്തില്‍ ഉയര്‍ന്നു പൊങ്ങുന്ന ബഹളമയമായ വഴക്കുകള്‍ മക്കളെ വീട്ടില്‍നിന്ന് അകന്ന് മാറിക്കഴിയാന്‍ പ്രേരിപ്പിക്കും. വഴക്കുകള്‍ അവസാനിപ്പിക്കുന്നതിനും ഉണ്ടെങ്കില്‍തന്നെ അത് ബുദ്ധിപൂര്‍വകമായി കൈകാര്യം ചെയ്യുന്നതിനും ചില ചിട്ടകളും ക്രമങ്ങളും വേണം. അതായത്, അവ മക്കളുടെ മുന്നില്‍ വെച്ചാവരുത്, അവരില്‍നിന്ന് അകന്ന ഇടത്ത് വെച്ചാവണം. അട്ടഹാസത്തിന്റെയും ആക്രോശത്തിന്റെയും അകമ്പടിയോടെയാവരുത് ദമ്പതിമാര്‍ക്കിടയിലെ സംസാരം. പരസ്പരം അംഗീകരിച്ചും ആദരിച്ചും മനസ്സിലാക്കിയും നടത്തുന്ന ആരോഗ്യകരമായ ആശയവിനിമയവും സംസാരവും ശുഭകരമായ അന്ത്യത്തിലെത്തിക്കും. ശിക്ഷണത്തിലെ കാന്തിക നിയമങ്ങള്‍ ആകര്‍ഷണ-വികര്‍ഷണങ്ങള്‍ക്ക് ഹേതുവാകുന്നതെങ്ങനെയെന്നാണ് വിശദീകരിച്ചത്. 

വിവ: പി.കെ ജമാല്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (62-64)
എ.വൈ.ആര്‍

ഹദീസ്‌

വിസ്മരിക്കരുത് ഉത്തരവാദിത്തങ്ങള്‍
കെ.സി ജലീല്‍ പുളിക്കല്‍