മാപ്പിളപ്പാട്ടിനുവേണ്ടി ഒരു വക്കാലത്ത്
മത്സരവേദികളിലെ മാപ്പിളപ്പാട്ട് അവതരണത്തെ മുന്‍നിര്‍ത്തി ചില നിരീക്ഷണങ്ങള്‍ നിര്‍ബന്ധമായിരിക്കുന്നു. ഏതൊരു കലയെയും പോലെ മാപ്പിളകലകളും മത്സരവേദിയിലെത്തുമ്പോള്‍ സ്വാഭാവികമായും അതിന്റെ തനിമയും പൂര്‍ണതയും നഷ്ടപ്പെടുത്തുന്നുണ്ട്. 'മത്സരനിബന്ധനകളിലേക്ക് മുറിച്ചെടുത്ത് അവതരിപ്പിക്കേണ്ടതല്ല ഒരു കലയും' എന്ന മൗലികവാദംകൊണ്ട് കാര്യമില്ല. ഇക്കാലത്ത് കലയും പാരമ്പര്യവും ഏറക്കുറെ നിലനിന്നുപോകുന്നത് മത്സരവേദികളിലും ടെലിവിഷന്‍ ചാനലുകളിലുമാണല്ലോ. അവ അങ്ങനെ നിലനില്‍ക്കേണ്ടതുണ്ടോ എന്ന ചോദ്യത്തില്‍ മാത്രമേ ഇത്തിരി കാര്യമുള്ളൂ. അതൊരു പിന്തിരിപ്പന്‍ ചോദ്യമാകയാല്‍ എങ്ങനെയെങ്കിലും നിലനിന്നുപോട്ടെ എന്ന സമാധാനത്തില്‍ മത്സരവേദികളിലെ കലാപ്രകടനങ്ങളെ അംഗീകരിച്ചുകൊണ്ട് മുന്നോട്ടുപോവുകയേ വഴിയുള്ളൂ.
മോയിന്‍കുട്ടി വൈദ്യരാണ് മാപ്പിളപ്പാട്ടിനെ ജനകീയമാക്കിയ മഹാകവി. ഭാഷയിലും വിഷയസ്വീകരണത്തിലും മലയാള കാവ്യപാരമ്പര്യത്തില്‍ വിസ്മയം തീര്‍ത്ത പാട്ടുപ്രസ്ഥാനമാണ് അത്. ഓരോ കാലത്തും അനുയോജ്യമായ പുതുക്കലുകള്‍ക്ക് വിധേയമായി മാത്രമേ ഏതൊരു ജനകീയ കലയും നിലനില്‍ക്കുകയുള്ളൂ. ഭാഷയിലും വിഷയത്തിലും ഏറ്റവും പുതിയ പ്രവണതകള്‍ വരെ ഉള്‍ക്കൊള്ളാന്‍ മാപ്പിളപ്പാട്ട് തയാറായിട്ടുണ്ടെങ്കിലും ഇന്നത്തെ കലോത്സവ മത്സര വേദികളില്‍ പഴയ സങ്കരഭാഷയിലെ പാരഡി രചനകളില്‍ അടഞ്ഞുപോയിരിക്കുകയാണത്. പുതിയ ചില പാട്ടെഴുത്തുകാര്‍ എഴുതിക്കൂട്ടുന്ന, ആര്‍ക്കും മനസ്സിലാകാത്ത വരികള്‍ സംഗീതസംവിധായകര്‍ ചിട്ടപ്പെടുത്തുന്ന വ്യാജ ഇശലുകളില്‍ ചൊല്ലിയൊപ്പിച്ച പാട്ടുകളെയാണ് ഇന്ന് മാപ്പിളപ്പാട്ടുകള്‍ എന്ന് വിളിക്കുന്നത്. രചനയാണ് ആലാപനത്തേക്കാള്‍ മാപ്പിളപ്പാട്ടില്‍ മുന്നിട്ടു നില്‍ക്കേണ്ടത്. രചനാഭംഗി തീരെ പരിഗണിക്കാതെ വിചിത്രമായ ഇശലുകളെയും ആലാപനത്തിലെ ചടുലതയെയും മാപ്പിളപ്പാട്ടിന്റെ പ്രധാന മൂല്യനിര്‍ണയോപാധികളായി സ്വീകരിക്കുന്നത് ആ സാഹിത്യശാഖയോടു ചെയ്യുന്ന അനീതിയാണ്. സിനിമാഗാനങ്ങള്‍പോലെ നേരത്തേ ചിട്ടപ്പെടുത്തിയ ഈണത്തിലേക്ക് നിരര്‍ഥകമായ വരികള്‍ കുത്തിനിറച്ചുപോലും മാപ്പിളപ്പാട്ടുകള്‍ മത്സരവേദിയിലേക്കെത്തുന്ന അവസ്ഥ എത്ര പരിതാപകരമാണ്!
പാടുന്ന മത്സരാര്‍ഥിക്കോ മാര്‍ക്കിടുന്ന വിധികര്‍ത്താക്കള്‍ക്കോ കേള്‍ക്കുന്ന ആസ്വാദകര്‍ക്കോ പാട്ടോ ഈണമോ ഉള്ളടക്കമോ ഭാഷയോ മനസ്സിലാകാത്ത ഒരേയൊരു മത്സര ഇനം മാപ്പിളപ്പാട്ടായിരിക്കും. 'കടകട, കുടുകുടു, കിടുകിടു, കട്ട.....'. 'എങ്കത, മങ്കിത, ശങ്കിത, മിങ്ക...' എന്ന മട്ടില്‍, പ്രാസത്തിനും ഇശലിനും വേണ്ടി അനര്‍ഥ പദാവലികള്‍ ചേര്‍ത്തുകെട്ടിയ പാട്ടുകളാണ് മാപ്പിളപ്പാട്ടുകളെന്ന് ചിലരെങ്കിലും ധരിച്ചുപോയിരിക്കുന്നു. സങ്കരഭാഷ എന്ന പേരില്‍ ഒരു ഭാഷയിലുമില്ലാത്ത വാക്കുകള്‍ ഘടിപ്പിച്ചും അന്യഭാഷാപദങ്ങള്‍ ഔചിത്യമില്ലാതെ വിളക്കിച്ചേര്‍ത്തും വികലമാക്കിയ ഈ മാപ്പിളപ്പാട്ടുകളുടെ, പ്രേതാവേശം പോലുള്ള അവതരണം അനാവശ്യമായ നിഗൂഢഹകള്‍ ഈ ഗാനരംഗത്ത് സൃഷ്ടിച്ചിരിക്കുന്നു. മികവുറ്റ വിഷയങ്ങളില്‍ രചിക്കപ്പെട്ട സുന്ദരമായ മെലഡി ഇശലുകളും തെളിഞ്ഞ മലയാളത്തിലുള്ള രചനകളും മാപ്പിളപ്പാട്ടു മത്സരവേദിയില്‍നിന്ന് തൂത്തുമാറ്റപ്പെട്ടിരിക്കുന്നു. മോയിന്‍കുട്ടി വൈദ്യരുടെ പാരമ്പര്യത്തെ ഏറ്റവും ജനകീയമായി പുനര്‍നിര്‍മിച്ച നല്ലളം ബീരാന്‍, പുലിക്കോട്ടില്‍ ഹൈദര്‍, ടി. ഉബൈദ്, യു.കെ അബൂസഹ്‌ല, മെഹര്‍, പി. ഭാസ്‌കരന്‍, പി.ടി അബ്ദുര്‍റഹ്മാന്‍, ഒ.എം കരുവാരകുണ്ട് തുടങ്ങിവരെ കൈവിട്ട് പാരഡി എഴുത്തുകാരെ എഴുന്നള്ളിക്കുന്ന മാപ്പിളപ്പാട്ട് മത്സരവേദികള്‍ ഈ ഗാനശാഖക്ക് ഒരു പ്രതീക്ഷയും നല്‍കുന്നില്ല.
തനതു മാപ്പിളപ്പാട്ടുകളാണ് ഇവ എന്നാണ് ഈ ഉപജീവനരംഗത്ത് മാഫിയാസംഘംപോലെ പിടിമുറുക്കിയ ചിലര്‍ വാദിക്കുന്നത്. തനത് മാപ്പിളപ്പാട്ട് എന്ന ഒരു ഇനം ആര് പടച്ചുണ്ടാക്കിയതാണ്? ആരാണതിന്റെ രചനയുടെ കെട്ടുമുറകള്‍ ആവിഷ്‌കരിച്ചത്? തനിമയുടെ പേരില്‍ മാപ്പിളപ്പാട്ടിനെ ഇങ്ങനെ ദുര്‍ഗ്രാഹ്യതയുടെ കോട്ടയിലടച്ചതുകൊണ്ട് എന്താണ് ഗുണം? മാത്രമല്ല, തനിമയിലേക്കും പാരമ്പര്യത്തിലേക്കുമാണ് നോട്ടമെങ്കില്‍ മുഹ്‌യിദ്ദീന്‍ മാലയും കപ്പപ്പാട്ടും നൂല്‍മദ്ഹും എന്തുകൊണ്ട് വേദിയിലെത്തുന്നില്ല? ഈ ചോദ്യങ്ങള്‍ക്കെല്ലാം ആര് ഉത്തരം നല്‍കും? ആര് ഈ തൊഴുത്ത് വൃത്തിയാക്കും?
മാപ്പിളപ്പാട്ട് എന്നല്ല ഏതൊരു കലക്കും കാലികവും ജനകീയവുമായ പരിഷ്‌കരണങ്ങള്‍ ഏറ്റവും ഗുണാത്മകമായ രീതിയില്‍ സാധ്യമാകേണ്ടതുണ്ട്. മാപ്പിളപ്പാട്ടിലൂടെ ഇസ്‌ലാമിനെയും മുസ്‌ലിംകളെയും മനസ്സിലാക്കാനുള്ള ജാലകം തുറക്കുക എന്നതാണ് ഒരു സാമുദായിക കലാവ്യവഹാരം എന്ന അര്‍ഥത്തില്‍ ഈ ഗാനശാഖയുടെ പ്രസക്തി. നേരത്തേ പറഞ്ഞ കവികള്‍ നിര്‍വഹിച്ചതും അതാണ്. ആ സാധ്യതയെ അടച്ചുകളയുന്ന ഏതൊരു പാരമ്പര്യവാദവും അവഗണിക്കപ്പെടേണ്ടതുതന്നെ.
Comments