Prabodhanm Weekly

Pages

Search

2018 ജനുവരി 12

3034

1439 റബീഉല്‍ ആഖിര്‍ 24

സുഭദ്രമായ കുടുംബത്തിന് പത്ത് ചേരുവകള്‍

ഇബ്‌റാഹീം ശംനാട്

വ്യക്തി, കുടുംബം, സമൂഹം എന്നിവയാണ് നമ്മുടെ സാമൂഹിക ശൃംഖലയിലെ മൂന്ന് ഘടകങ്ങള്‍.  നല്ല വ്യക്തികള്‍ ചേര്‍ന്ന് നല്ല കുടുംബം, നല്ല കുടുംബങ്ങള്‍ ചേര്‍ന്ന് നല്ല സമൂഹം. ഇതാണ് ഉത്തമ സമൂഹത്തെ നിര്‍മിക്കാനുള്ള ലളിതമായ സൂത്രവാക്യം.  ഈ ലക്ഷ്യസാക്ഷാത്കാരത്തിന്റെ ആദ്യ പാഠശാലയാണ് കുടുംബ സംവിധാനം. സല്‍സ്വഭാവവും മൂല്യങ്ങളും നല്ല ഉപചാരങ്ങളും കുട്ടികളില്‍  ആദ്യം കരുപ്പിടിക്കുന്നത് കുടുംബത്തില്‍നിന്നാണ്. നല്ലൊരു കുടുംബത്തില്‍നിന്ന് മാത്രമേ അത്തരം നല്ല കാര്യങ്ങള്‍ പകര്‍ത്താന്‍ കഴിയൂ. അല്ലെങ്കില്‍ ദുര്‍ബലമായ ഇഷ്ടികകള്‍ കൊണ്ട് നിര്‍മിക്കുന്ന വീടുപോലെ ചുരുങ്ങിയ കാലത്തിനുള്ളില്‍ കുടുംബം നിലംപരിശാവും. 

സങ്കീര്‍ണമായ ആധുനികാനന്തര ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിസന്ധി നേരിടുന്നത് കുടുംബ സംവിധാനമാണ്. കുടുംബ കലഹം, പരസ്പര വിശ്വാസമില്ലായ്മ, വിവാഹമോചനം, കുടുംബാംഗങ്ങള്‍ക്കിടയില്‍ ആശയവിനിമയത്തിന്റെ അഭാവം, സന്താനങ്ങളുമായി വേണ്ടത്ര സമയം  ചെലവഴിക്കാന്‍ കഴിയാതിരിക്കല്‍, സാങ്കേതികവിദ്യകളുടെ അതിപ്രസരം തുടങ്ങി അനേകം പ്രശ്‌നങ്ങളില്‍ കുരുങ്ങി കിടക്കുകയാണ് കുടുംബം. ഈയൊരു അവസ്ഥക്ക് മാറ്റം സംഭവിച്ചില്ലെങ്കില്‍ ഭയാനകമായ വിപത്തായിരിക്കും നേരിടേണ്ടിവരിക. സുഭദ്ര കുടുംബത്തിന്റെ നിര്‍മാണത്തിന് സഹായകമാവുന്ന പത്ത് ചേരുവകള്‍ ചേര്‍ത്താല്‍ കുടുംബത്തില്‍ വലിയ മാറ്റം പ്രകടമാകും.

 

1. സഹധര്‍മിണിയുമായുള്ള ബന്ധം 

ഇണയെ തെരഞ്ഞെടുക്കുന്നതിലൂടെയാണ് കുടുംബ ജീവിതത്തിന്റെ ഹരിശ്രീ കുറിക്കുന്നത്. സച്ചരിതയും  ഉത്കൃഷ്ട സ്വഭാവ ഗുണങ്ങളുടെ ഉടമയുമായ ഇണയെ കണ്ടെത്തുകയാണ് ഉത്തമ കുടുംബ ജീവിതത്തിന്റെ അടിത്തറ. കാരണം തന്റെ കുട്ടിയുടെ ഉമ്മ /പിതാവ് ആരായിരിക്കണം എന്ന  തെരഞ്ഞെടുപ്പും കൂടിയാണ് അതിലൂടെ നടക്കുന്നത്. വിവാഹിതരായവരെ സംബന്ധിച്ചേടത്തോളം പരസ്പരം പോരായ്മകള്‍ വിലയിരുത്തി അവ പരിഹരിക്കാന്‍ ആവശ്യമായ മൂല്യങ്ങള്‍ ആര്‍ജിച്ച് മുന്നോട്ടു ഗമിക്കുകയാണ് കരണീയം. അതില്‍ ഏറ്റവും പ്രധാനം ക്ഷമയാണ്.  കുടുംബ ജീവിതം ആരംഭിക്കുന്ന ആദ്യദിനം മുതല്‍ ജീവിതാവസാനം വരെ കൊണ്ടു നടക്കേണ്ട അമൂല്യനിധിയാണ് ക്ഷമ.  അത് നഷ്ടപ്പെട്ടാല്‍ കുടുംബ ജീവിതം താളം തെറ്റും. 

 

2. കുടുംബ ഭരണഘടന

വിജയം കൈവരിക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരു കുടുംബത്തിനും ഒരു ഭരണഘടന അനിവാര്യമാണ്.  കുടുംബത്തിന്റെ ലക്ഷ്യവും മൂല്യങ്ങളും നിര്‍വചിക്കുന്ന ഭരണഘടന.  സോദ്ദേശ്യപൂര്‍വമായ കുടുംബ ജീവിതം നയിക്കാനും ഉന്നത ലക്ഷ്യങ്ങളുടെ സാക്ഷാത്കാരത്തിനും ഇത് അനിവാര്യമാണ്. ഭരണഘടനയില്ലാത്ത ഒരൊറ്റ രാജ്യവും ലോകത്തുണ്ടാവില്ല. അതുപോലെ കുടുംബത്തിനും ഒരോരുത്തരുടെയും ബാധ്യതകളും ഉത്തരവാദിത്തങ്ങളും നിര്‍ണയിക്കുന്ന ഒരു ഭരണഘടനയും അനിവാര്യമാണ്. ഓരോ കുടുംബവും അതുല്യവും അനുപമവുമാണ്. അതുപോലെ തന്നെയാകട്ടെ അവരുടെ ഭരണഘടനകളും. കുടുംബത്തില്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍, വീട്ടിലിരിക്കുമ്പോള്‍ ചെലവഴിക്കേണ്ട സമയത്തിന്റെ രീതി, കുടുംബാംഗങ്ങള്‍ക്കിടയില്‍ ഉണ്ടാവേണ്ട ആദരവുകള്‍  തുടങ്ങി സാമ്പത്തിക-വിദ്യാഭ്യാസ കാര്യങ്ങള്‍ വരെ കൃത്യമായി പരാമര്‍ശിക്കുന്ന ഒരു കുടുംബ ഭരണഘടനക്ക് ഇന്നത്തെ പല പ്രശ്‌നങ്ങള്‍ക്കും സ്വമേധയാ പരിഹാരം കാണാന്‍ കഴിയും.

 

3. കുടുംബ നേതൃത്വം 

കുടുംബത്തിന് ഒരു നാഥന്‍ ഉണ്ടായിരിക്കണം. നേതൃത്വമില്ലാതിരിക്കുക എന്നത് പ്രാകൃത സംസ്‌കാരമാണ്. മൂന്ന് പേര്‍ യാത്ര ചെയ്യുകയാണെങ്കില്‍ പോലും ഒരു നേതാവിനെ നിശ്ചയിക്കണമെന്നാണ് പ്രവാചകന്റെ കല്‍പന. അപ്പോള്‍ ദീര്‍ഘകാലം ഒന്നിച്ച് സഞ്ചരിക്കേണ്ട, ഒരേ ലക്ഷ്യത്തിനായി അഹോരാത്രം പണിയെടുക്കുന്ന കുടുംബത്തിന്റെ കഥ പറയേണ്ടതില്ല. കുടുംബവുമായി ബന്ധപ്പെട്ട ചെറുതും വലുതുമായ എല്ലാ തീരുമാനങ്ങളും കുടുംബനാഥന്റെ നേതൃത്വത്തില്‍ എല്ലാവരുമായി കൂടിയാലോചിച്ച് തീരുമാനത്തിലെത്തിയാല്‍ ആ കുടുംബ സംവിധാനം എണ്ണയിട്ട യന്ത്രം കണക്കെ ചലിച്ചുകൊള്ളും. അത്തരം കുടുംബങ്ങളില്‍ പൊട്ടലും ചീറ്റലും ഉണ്ടാവുകയില്ല. 

 

4. കുട്ടികളുടെ ശിക്ഷണം  

ഇസ്‌ലാം ഏറ്റവും ഊന്നല്‍ നല്‍കുന്ന കാര്യമാണ് സന്താനങ്ങളുടെ ശരിയായ ശിക്ഷണം. ഇത് ലഭിക്കാത്തതാണ് സകല കുഴപ്പങ്ങളുടെയും കാരണം. ഖുര്‍ആന്‍ പറയുന്നു: ''വിശ്വസിച്ചവരേ, നിങ്ങളെയും നിങ്ങളുടെ കുടുംബാംഗങ്ങളെയും നരകാഗ്നിയില്‍നിന്ന് കാത്തുരക്ഷിക്കുക. അതിന്റെ ഇന്ധനം മനുഷ്യരും കല്ലുകളുമാണ്......''(66:6). കുട്ടി ജനിച്ചയുടനെ വലതു ചെവിയില്‍ ബാങ്കും ഇടത് ചെവിയില്‍ ഇഖാമത്തും കൊടുക്കുന്നതും നല്ല പേര് വിളിക്കുന്നതും  മൃഗത്തെ ബലിയറുക്കുന്നതും ഈ ശിക്ഷണ വ്യവസ്ഥയുടെ  ആദ്യപടി മാത്രം. പിന്നീട് തൗഹീദിന്റെ അടിത്തറയിലും ഇസ്‌ലാമിന്റെ അധ്യാപനങ്ങളിലും അവനെ ഊട്ടിയുറപ്പിക്കുക. ഏഴ് വയസ്സായാല്‍ അവനെ നമസ്‌കാരം പരിശീലിപ്പിക്കുക.  പത്ത് വയസ്സായാല്‍ കിടപ്പറയില്‍നിന്ന് വേര്‍പ്പെടുത്തുക ഇങ്ങനെ തുടരുന്നു ശിക്ഷണങ്ങള്‍.  

 

5. അനുസരണം 

കുടുംബത്തിന് ഒരു നാഥനുണ്ടായാല്‍ അയാളെ ഇസ്‌ലാമിന്റെ അനുശാസനകള്‍ക്ക് വിരുദ്ധമല്ലാത്ത കാര്യങ്ങളിലെല്ലാം അനുസരിക്കണം സഹധര്‍മിണിയും സന്താനങ്ങളും. കുടുംബത്തില്‍ അനുസരണബോധമില്ലെങ്കില്‍ ഭയാനകമായിരിക്കും അവിടെ സ്ഥിതിഗതികള്‍. എപ്പോഴും സംഘര്‍ഷത്തിന്റെ കാര്‍മേഘങ്ങള്‍ക്കടിയിലായിരിക്കും അത്തരം കുടുംബങ്ങള്‍. വീട്ടിലെ നേതാവ് പിതാവാണെന്നും അദ്ദേഹത്തെ തങ്ങള്‍ അനുസരിക്കാന്‍ ബാധ്യസ്ഥരാണെന്നുമുള്ള അവബോധം ഉമ്മമാരില്‍ ആദ്യം ഉണ്ടായാല്‍ ആ അവബോധം കുട്ടികളില്‍ തനിയെ രൂപപ്പെടും. വീട്ടിലെ കൈകാര്യ കര്‍ത്താവ് പുരുഷനാണെന്ന് അല്ലാഹു വ്യക്തമാക്കിയ കാര്യമാണ് (ഖുര്‍ആന്‍ 4:34).

 

6. കൂടിയാലോചന 

കുടുംബാംഗങ്ങള്‍ക്കിടയില്‍ എന്റെ കുടുംബമെന്ന ബോധം ഉണ്ടാക്കാന്‍ കൂടിയാലോചനാ രീതി സഹായിക്കും. സ്വേഛാധിപത്യത്തിന്റെയും സമഗ്രാധിപത്യത്തിന്റെയും കാലം അസ്തമിച്ചിരിക്കുന്നു. എത്രമാത്രം കൂടിയാലോചിക്കാന്‍ കഴിയുമോ അത്രയേറെ സമാധാനം കുടുംബത്തിലുണ്ടാവും. എന്നു മാത്രമല്ല, പലരും ഒരു വിഷയത്തെക്കുറിച്ച് പല അഭിപ്രായം പറയുന്നതിനാല്‍ ശരിയായ തീരുമാനത്തിലെത്താനും സഹായകമാവും. ഒരു ഉദാഹരണം പറയാം: ഉല്ലാസത്തിന് പുറത്തുപോകാം എന്ന് കുട്ടികള്‍ ഉമ്മമാരോട് ആവശ്യപ്പെടുമ്പോള്‍ അത് ഉപ്പാനോട് ആലോചിച്ച് ചെയ്യാം, അല്ലെങ്കില്‍ അത് നമ്മുടെ കുടുംബ യോഗത്തില്‍ വെച്ച് തീരുമാനിക്കാം എന്നൊക്കെ പറയുമ്പോള്‍ കുടുംബ സംവിധാനം സജീവവും സുഭദ്രവുമായിത്തീരും. 

 

7. ബജറ്റില്‍ ഒതുങ്ങിയ ജീവിതം 

കുടുംബ ജീവിതത്തെ അസ്വസ്ഥമാക്കുന്നതില്‍  സമ്പത്തിനുള്ള പങ്ക് എല്ലാവര്‍ക്കും അറിയാം.  കുടുംബത്തിന്റെ വരുമാനം ഇത്രയാണെന്നും അതിന്റെ പരിധിയില്‍നിന്നുകൊണ്ടുള്ള ജീവിതം മാത്രമേ കെട്ടിപ്പടുക്കാന്‍ കഴിയുകയുള്ളൂവെന്നും കുടുംബാംഗങ്ങളെ ബോധ്യപ്പെടുത്തിയേ മതിയാവൂ. പൊങ്ങച്ചത്തിനു വേണ്ടി മറ്റുള്ളവരെ അനുകരിച്ച് എന്തൊക്കെയോ ചെയ്യുന്നത് ഗുണത്തേക്കാള്‍ ദോഷം ചെയ്യും. വരുമാനം ഇത്രയാണെന്ന് കുടുംബാംഗങ്ങള്‍ അറിയുന്നത് നാണക്കേടായി കരുതേണ്ടതില്ല. അതിനനുസരിച്ച  ജീവിതരീതി എല്ലാവരും സ്വമേധയാ സ്വീകരിക്കുന്നത് സുഭദ്രമായ കുടുംബ നിര്‍മാണത്തിന് സഹായകമാവും.   

 

8. സഹകരണ മനോഭാവം 

പിതാവ് ഒരു കാര്യം ചെയ്യാന്‍ ആവശ്യപ്പെട്ടാല്‍ അത് നിര്‍വഹിക്കാന്‍ ഉമ്മ മുന്‍പന്തിയിലുണ്ടാവുക. മക്കളാകട്ടെ അതിനെ പിന്തുണച്ച് അഹമഹമികയാ മുന്നോട്ടു വരിക. ആ കുടുംബത്തിലുണ്ടാവുന്ന ആനന്ദത്തിന് അതിരുണ്ടാവില്ല. നമ്മുടെ സമൂഹത്തില്‍ പൊതുവെ കാണുന്ന പ്രവണതയാകട്ടെ ഇതിന് നേര്‍ വിപരീതമാണ്. കുടുംബാംഗങ്ങള്‍ക്കിടയില്‍ ബന്ധം ഊഷ്മളമാവാന്‍ ഇത് സഹായിക്കുമെന്ന് മാത്രമല്ല കുട്ടികളില്‍ നല്ലൊരു മനോഭാവം വളര്‍ത്തിയെടുക്കാനും ഉപകരിക്കും. ചെറുപ്പത്തില്‍ കരുപ്പിടിപ്പിക്കുന്ന ഈ സഹകരണ മനോഭാവം ഭാവിയില്‍ പരസ്പരം സഹകരിക്കാനുള്ള മനഃസ്ഥിതിയിലേക്ക് അവരെ എത്തിക്കും.

 

9. കൂട്ടു സംരംഭങ്ങള്‍ 

കൂട്ടു സംരംഭങ്ങള്‍ ആരംഭിക്കുന്നത് കുടുംബ ഭദ്രതക്ക് നിമിത്തമായിത്തീരുമെന്ന കാര്യത്തില്‍ സംശയമില്ല.  പല വിഷയങ്ങളും ചര്‍ച്ച ചെയ്യാനും പരസ്പരം മനസ്സിലാക്കാനും അതിലൂടെ സാധിക്കും.  ഭാവിയില്‍ വരാനിരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം തൊഴിലില്ലായ്മ തന്നെയാണെന്ന് എല്ലാവരും ഒരുപോലെ അഭിപ്രായപ്പെടുന്നു. സര്‍ക്കാര്‍ ജോലി കിട്ടാക്കനിയാവുകയും കോര്‍പറേറ്റ് കമ്പനികളില്‍ തൊഴില്‍ സാധ്യത കുറയുകയും ചെയ്യുന്ന പ്രവണത വര്‍ധിക്കുന്നു. ഇതിന് പരിഹാരമെന്നോണം കുടുംബാംഗങ്ങള്‍ സഹകരിച്ച് കൂട്ടുസംരംഭങ്ങള്‍ തുടങ്ങുന്നത് കുടുംബത്തിന്റെ സാമ്പത്തിക സുസ്ഥിരത ഉറപ്പുവരുത്താന്‍ സഹായകമാകും.

 

10. ലൈബ്രറി സ്ഥാപിക്കുക 

എല്ലാവിധ ആഡംബര വസ്തുക്കളുടെയും കേന്ദ്രമായ ആധുനിക ഭവനങ്ങളില്‍ ഒരു നൂറു രൂപയുടെ പുസ്തകം പോലും കാണാന്‍ പ്രയാസമാണ്. വീടിനും അതിന്റെ ആര്‍ഭാടത്തിനുമായി എത്രയോ പണം ചെലവഴിക്കുന്ന നാം ഒരു ചെറിയൊരു ലൈബ്രറി സ്ഥാപിക്കാന്‍ മടിക്കുന്നത് എന്തിനാണ്? ഒരു കുടുംബത്തിലെ ഒരംഗം ഏതു പുസ്തകം വായിക്കുന്നു എന്നതിനെ ആശ്രയിച്ച് ആ അംഗത്തെ നമുക്ക് വിലയിരുത്താന്‍ കഴിയും. ദിനേന അര മണിക്കൂര്‍ സമയം ഗൃഹ ലൈബ്രറിയില്‍ വീട്ടുകാരെല്ലാം ചെലവഴിക്കുന്നു എന്ന് സങ്കല്‍പിക്കുക. അപ്പോള്‍ ഓരോരുത്തര്‍ക്കും ഒരു വര്‍ഷത്തില്‍ 180 മണിക്കൂര്‍  വായനക്കും പഠനത്തിനും സമയം ലഭിക്കും. ഇതു മൂലമുണ്ടാകുന്ന ഫലം പ്രവചിക്കുക സാധ്യമല്ല. വായന മരിച്ചുകൊണ്ടിരിക്കുന്നു എന്ന പരിഭവം ഉയരുന്ന ഇക്കാലത്ത് അത് തിരിച്ചുകൊണ്ടുവരാനുള്ള പ്രായോഗിക പദ്ധതി കൂടിയാണിത്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (65-66)
എ.വൈ.ആര്‍

ഹദീസ്‌

തവക്കുലിന്റെ യാഥാര്‍ഥ്യം
സുബൈര്‍ കുന്ദമംഗലം