പ്രതീക്ഷകള് ബാക്കിവെക്കാതെ 2017
2017 വിടവാങ്ങുമ്പോള് അമേരിക്കന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപിന് കിട്ടിയ പിടിവള്ളിയായിരുന്നു ഇറാനിയന് നഗരങ്ങളില് ശക്തിപ്പെട്ട പ്രക്ഷോഭങ്ങള്. ജനാധിപത്യത്തിന്റെ കാവലാളായി വേഷംകെട്ടി അമേരിക്ക ഇറാനെതിരെ ആഞ്ഞടിക്കുകയും ചെയ്തു. തൊട്ടു മുമ്പ് തുര്ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്ദുഗാന് പറഞ്ഞതാണ് ശരി. അമേരിക്ക ജനാധിപത്യത്തെ കാണുന്നത് തങ്ങളുടെ താല്പര്യങ്ങളുടെ കണ്ണടയിലൂടെയാണ്. തങ്ങളുടെ കൂട്ടാളികള് എത്ര ഭീകരമായ ജനാധിപത്യ, മനുഷ്യാവകാശ ധ്വംസനങ്ങള് നടത്തിയാലും അമേരിക്ക മിണ്ടാതിരിക്കുക മാത്രമല്ല, രഹസ്യമായി അത്തരം മര്ദകരെയും ഏകാധിപതികളെയും കൈയയച്ച് സഹായിക്കുകയും ചെയ്യും. പശ്ചിമേഷ്യ മാത്രമെടുത്താല്തന്നെ ഇതിന്റെ എത്രയെത്ര ഉദാഹരണങ്ങളാണ് കഴിഞ്ഞ വര്ഷം നാം കണ്ടത്. ഏറ്റവുമൊടുവില് കൊളോണിയല് ഭീകരതയുടെ അവശിഷ്ടമായ ഇസ്രയേലിനെ സുഖിപ്പിക്കുന്നതിനു വേണ്ടി, ജറൂസലമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി തങ്ങള് അംഗീകരിക്കുന്നുവെന്നും അമേരിക്കന് എംബസി തെല്അവീവില്നിന്ന് ജറൂസലമിലേക്ക് മാറ്റുമെന്നും ട്രംപ് പ്രസ്താവനയിറക്കി. ഇതിനെതിരെ ഇപ്പോഴും ലോകത്തിന്റെ വിവിധ ഭാഗങ്ങളില് കടുത്ത പ്രതിഷേധങ്ങള് ഉയര്ന്നുകൊണ്ടിരിക്കുകയാണ്. ഇനി ഫലസ്ത്വീന് പ്രശ്നത്തില് മധ്യസ്ഥന്റെ റോളില് ആരും അമേരിക്കയെ അംഗീകരിക്കില്ല. യഥാര്ഥത്തില് ആഗോള രാഷ്ട്രീയത്തില് അമേരിക്കയുടെ സ്വാധീനം ഗണ്യമായി കുറഞ്ഞുവരുന്നതിന്റെ സൂചനകളായി ഫലസ്ത്വീന് പ്രശ്നത്തിലെ നിലപാടുമാറ്റത്തെയും, ചൈനയുമായും റഷ്യയുമായും ഉത്തര കൊറിയയുമായുമുള്ള കൊമ്പുകോര്ക്കലിനെയും കാണാവുന്നതാണ്.
ആ സ്ഥാനത്തേക്ക് കയറിനില്ക്കാന് ശ്രമിക്കുന്നത് റഷ്യയാണ്. കഴിഞ്ഞ വര്ഷം ആ ശ്രമത്തില് കുറേയൊക്കെ അവര് വിജയിക്കുകയും ചെയ്തിട്ടുണ്ട്. സിറിയന് പ്രശ്നത്തില് തുര്ക്കിയുമായി ഇടയേണ്ടിവന്നെങ്കിലും, 2017 അവസാനിക്കുമ്പോഴേക്ക് റഷ്യയും തുര്ക്കിയും ബന്ധങ്ങള് ഗണ്യമായി മെച്ചപ്പെടുത്തിയിട്ടുണ്ട്. അമേരിക്കയുടെ പലവിധ സമ്മര്ദങ്ങളെ ചെറുക്കുന്നതിനും സ്വന്തം താല്പര്യങ്ങള് സംരക്ഷിക്കുന്നതിനും പുതിയ മേഖലാ കൂട്ടായ്മ ഉണ്ടാവണമെന്ന് ഇരുരാജ്യങ്ങളും കരുതുന്നുണ്ട്. സുഡാന് പോലുള്ള ആഫ്രിക്കന് രാജ്യങ്ങളുമായി പുതിയ കരാറുകളുണ്ടാക്കുന്നതില് ഉര്ദുഗാന് ഭരണകൂടം വിജയിക്കുകയും ചെയ്തു. അറബ് പ്രക്ഷോഭങ്ങള്ക്കു ശേഷം ഉയര്ന്നുവന്ന ജനകീയ ബദലുകളെ അട്ടിമറിച്ച പ്രതിവിപ്ലവ ശക്തികള് ഈജിപ്തിലും യമനിലും ലിബിയയിലുമൊക്കെ ദയനീയമായി കൂപ്പുകുത്തുന്നതും പോയ വര്ഷം നാം കണ്ടു. അയല്നാടുകളുടെ ആഭ്യന്തര സുരക്ഷക്കു വരെ ഭീഷണി ഉയര്ത്തുന്ന വിധം ഈ നാടുകളിലെ രാഷ്ട്രീയ അസ്ഥിരത ഭീകരരൂപം കൊള്ളുകയാണ്. സാമ്പത്തിക രംഗത്തെയും അത് പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. അതിന്റെ തിക്തഫലങ്ങളായിരിക്കും മലയാളികളുള്പ്പെടെയുള്ളവര് പുതുവര്ഷത്തില് അനുഭവിക്കേണ്ടിവരിക.
മോദി സര്ക്കാറിന്റെ തലതിരിഞ്ഞ, ദൂരക്കാഴ്ചയില്ലാത്ത സാമ്പത്തിക നയങ്ങള് കഴിഞ്ഞ വര്ഷം സാധാരണ ജനത്തെ വട്ടം കറക്കുക തന്നെ ചെയ്തു. ഭരണാധികാരികള് വാചകമടി തുടരുന്നുണ്ടെന്നല്ലാതെ പുതുവര്ഷത്തിലും പ്രതീക്ഷക്ക് വകയൊന്നും കാണുന്നില്ല. ദലിത്-പിന്നാക്ക-ന്യൂനപക്ഷ അരക്ഷിതാവസ്ഥക്ക് 2018-ലും മാറ്റമുണ്ടാവാനിടയില്ല. ഇതെല്ലാം ജനം തിരിച്ചറിയാന് തുടങ്ങുന്നു എന്നതിന്റെ ശുഭസൂചന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില് കാണാനായി. ഫാഷിസ്റ്റ് ശക്തികള്ക്കെതിരെ ഒരു വിശാല സഖ്യത്തിന് സാധ്യതയുണ്ടെങ്കില്, അത് 2018-ല്തന്നെ രൂപപ്പെടേണ്ടതുണ്ട്.
Comments