Prabodhanm Weekly

Pages

Search

2018 ജനുവരി 12

3034

1439 റബീഉല്‍ ആഖിര്‍ 24

മദീനാ കരാറില്‍ മഹല്ലുകള്‍ക്ക് മാതൃകയുണ്ട് (മഖാസ്വിദീ പരിപ്രേക്ഷ്യത്തില്‍ വായിക്കുമ്പോള്‍)

മുനീര്‍ മുഹമ്മദ് റഫീഖ്

പള്ളി മഹല്ലുകളുടെ ചില നടപടികള്‍ ഈയിടെ പല കാരണങ്ങളാല്‍ പൊതുസമൂഹത്തില്‍ വിമര്‍ശന വിധേയമാവുകയുണ്ടായി. ഇസ്‌ലാമുമായി ബന്ധപ്പെട്ട എന്തും വിമര്‍ശിക്കപ്പെടുന്ന ഇക്കാലത്ത് ഇത്തരം മുസ്‌ലിം സംവിധാനങ്ങളും അതിനു വിധേയമാവുക സ്വാഭാവികം. ആ സംവിധാനങ്ങള്‍ക്ക് ചെറുതല്ലാത്ത പോരായ്മകള്‍ ഉണ്ടാകുമ്പോള്‍ വിശേഷിച്ചും. ഇന്ന് നാം കാണുന്ന മഹല്ലുകള്‍, നിയതമായ ചില ആരാധനാ-അനുഷ്ഠാന വ്യവഹാരങ്ങള്‍ക്കുവേണ്ടി കാലക്രമേണ രൂപപ്പെട്ടുവന്ന സാമൂഹിക സംവിധാനമാണ്. ഒരു സാമൂഹിക സംവിധാനം എന്ന് വിളിക്കാന്‍ മാത്രം സമൂഹത്തിലെ പ്രശ്‌നങ്ങളിലോ മുസ്‌ലിമേതര വിഷയങ്ങളിലോ മഹല്ലിന് കാര്യമായ റോളൊന്നുമില്ല എന്നതിനാല്‍, ഒരു സാമുദായിക സ്ഥാപനം എന്ന വിശേഷണമാണ് മഹല്ലിന് ഏറെ യോജിക്കുക. പൊതുസമൂഹത്തെ ഉള്‍ക്കൊള്ളാന്‍പോന്ന മാറ്റങ്ങള്‍ പലതും ഇത്തരം സംവിധാനങ്ങളില്‍ ഉണ്ടായിട്ടില്ല എന്ന് ബോധ്യപ്പെടുത്താനുതകുന്നതാണ് ഇവക്കെതിരെ ഉയര്‍ന്നുവരുന്ന ചില വിമര്‍ശനങ്ങളെങ്കിലും. മഹല്ല് സംവിധാനത്തിന്റെ പരിഷ്‌കരണത്തെക്കുറിച്ച ചര്‍ച്ചകള്‍ ഈയിടെയായി ഏറെ നടക്കുന്നുണ്ട്. എന്നാല്‍ അവയധികവും മുസ്‌ലിം സമൂഹത്തിന്റെ ആഭ്യന്തര പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടവയാണ്. മറ്റു മതവിഭാഗങ്ങളോടുള്ള മഹല്ലിന്റെ സമീപനം, അവരുമായുള്ള സഹകരണം, സമൂഹത്തിന്റെ സര്‍വതോമുഖമായ പുരോഗതി എന്നീ കാര്യങ്ങളില്‍ മഹല്ലുകള്‍ക്ക് കൃത്യമായി വിശദീകരണമോ, കര്‍മപദ്ധതികളോ ഉള്ളതായി ശ്രദ്ധയില്‍പെട്ടിട്ടില്ല. അതു സംബന്ധമായ ആലോചനകളും ചര്‍ച്ചകളും വേണ്ടത്ര സജീവവുമല്ല. ഇത്തരമൊരു സാഹചര്യത്തില്‍, മഹല്ല് സംവിധാനത്തിലെ ചില പോരായ്മകളെ കുറിച്ച വിലയിരുത്തലും, കാലഘട്ടം ആവശ്യപ്പെടുന്ന പരിഷ്‌കരണസാധ്യതകളെ മദീനാ സമൂഹത്തെ മുന്‍നിര്‍ത്തിയുള്ള അന്വേഷണവുമാണ് ഈ ലേഖനം.  

 

മഹല്ല് സംവിധാനം: പോരായ്മകള്‍

മഹല്ല് സംവിധാനത്തിന്റെ ഏറ്റവും വലിയ പോരായ്മ, മറ്റു ജനവിഭാഗങ്ങളെ ഉള്‍ക്കൊള്ളാന്‍ മടിക്കുന്നു (ഋഃരഹൗശെ്‌ല) എന്നതാണ്. മഹല്ല്, കാലങ്ങളായി ഒരു സാമുദായിക സംവിധാനം മാത്രമായി പരിമിതമായ പ്രവര്‍ത്തനങ്ങളില്‍ ഒതുങ്ങി നില്‍ക്കുന്നു. അതിന്റെ പ്രവര്‍ത്തനവൃത്തവും വ്യവഹാരസാധ്യതകളും പള്ളിക്കാര്യങ്ങള്‍, സമുദായ കാര്യങ്ങള്‍ എന്നീ ദ്വന്ദങ്ങളില്‍ കറങ്ങിത്തിരിയുകയും, മനുഷ്യ ജീവിതവുമായി ബന്ധപ്പെട്ട ഒട്ടനേകം കാര്യങ്ങളില്‍ ഒന്നും ചെയ്യാനില്ലാതെ അത് നിഷ്‌ക്രിയമായി നിലകൊള്ളുകയും ചെയ്യുന്നു. ഒരു പ്രദേശത്തിന്റെ സാമൂഹികഘടനയില്‍ വളരെ പരിമിതമായ പ്രവര്‍ത്തനങ്ങളുമായി, പലപ്പോഴും ഇനാക്റ്റീവ് മോഡിലാണ് മഹല്ല് സംവിധാനം മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നത്. പള്ളിയിലെ നമസ്‌കാരാദി കാര്യങ്ങള്‍, മുസ്‌ലിം സമൂഹത്തിന്റെ വിവാഹ-മരണ ചടങ്ങുകള്‍ എന്നിവയാണ് ഒരു ശാരാശരി മഹല്ലിന്റെ പ്രവര്‍ത്തനങ്ങള്‍. ഏറിയാല്‍, വിവാഹത്തിനോ ചികിത്സക്കോ അല്‍പസ്വല്‍പം ചാരിറ്റി പ്രവര്‍ത്തനവും കണ്ടേക്കാം. ഭേദപ്പെട്ട ചില മഹല്ലുകള്‍, സ്‌കൂളുകള്‍ പോലുള്ള പൊതുസ്ഥാപനങ്ങള്‍ നടത്തുന്നുണ്ട് എന്നതൊഴിച്ചാല്‍ പൊതു സമൂഹവുമായുള്ള മഹല്ല് സംവിധാനത്തിന്റെ ഇടപഴക്കം തുലോം കുറവാണ്. നാടിനെ പൊതുവായി ബാധിക്കുന്ന പ്രശ്‌നങ്ങളിലോ, ഇതര മതസ്ഥരുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലോ മഹല്ലിന് കാര്യമായ ഒരു റോളും ഉണ്ടാകാറില്ല.

ബഹുസ്വര സമൂഹത്തില്‍ മതസംവിധാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സ്വാഭാവികമായും ചില പരിമിതികളുണ്ടാകും. അത്തരം പരിമിതികള്‍ മാറ്റിവെച്ചാലും, മഹല്ലുകള്‍ക്ക് ബഹുസ്വരസമൂഹത്തിലുള്ള സാധ്യതകളും വളരെ വിപുലമാണല്ലോ. ചരിത്രത്തില്‍ വളരെ ഊര്‍ജസ്വലമായി സമൂഹത്തെ വളര്‍ത്തുകയും ലോകത്തിന് വലിയ സംഭാവനകള്‍ നല്‍കിപ്പോരുകയും ചെയ്തിട്ടുള്ള ബൃഹത്തായ സാമൂഹിക സംവിധാനമാണ് ഇന്ന് പറ്റേ ദുര്‍ബലമായിരിക്കുന്നത്. ഈ സാഹചര്യത്തില്‍ മഹല്ല് സംവിധാനത്തെ കുറിച്ച ഒരു പുനരാലോചന ആവശ്യമാണ്. മഹല്ല് സംവിധാനത്തിനു നമുക്ക് മുമ്പില്‍ ഏതെങ്കിലും മാതൃകയുണ്ടോ എന്ന അന്വേഷണം ചെന്നെത്തുക പ്രവാചകന്റെ മദീനാ സമൂഹത്തിലാണ്. ഇസ്‌ലാമിക നാഗരികതയുടെയും രാഷ്ട്രസംവിധാനത്തിന്റെയും ഒരു യഥാര്‍ഥ മുസ്‌ലിം കൂട്ടായ്മയുടെയും മഹല്ലിന്റെയുമെല്ലാം പ്രായോഗിക മാതൃകകള്‍ നാം തേടുന്നത് മദീന സമൂഹത്തില്‍നിന്നുതന്നെ. ഒരു മഹല്ല് എന്ന നിലയില്‍, നബിയുടെ മദീനാ സമൂഹത്തില്‍നിന്ന് നാം സ്വീകരിക്കേണ്ട ഏറ്റവും സുപ്രധാനമായ ചില പാഠങ്ങളുണ്ട്.  

 

പ്രവാചകന്റെ മദീന: സാമൂഹികഘടന

പ്രവാചകന്റെ മദീനാ സമൂഹത്തെ, ഏറ്റവും മഹത്തായ ഇസ്‌ലാമിക രാഷ്ട്രമായും നാഗരികതയായും വിശേഷിപ്പിക്കുന്ന പതിവുമാതൃകകളാണ് നമുക്ക് പരിചിതം. മുസ്‌ലിം ഉമ്മത്തിന്റെ ഏറ്റവും ചെറിയ സാമൂഹിക യൂനിറ്റായ മഹല്ലു സംവിധാനവുമായും മദീനയെ താരതമ്യം ചെയ്യുകയും മനസ്സിലാക്കുകയും ചെയ്യാവുന്നതാണ്. ഒരുവേള, അംഗസംഖ്യ കൊണ്ടും വിഭവശേഷി കൊണ്ടും ഭൂമിശാസ്ത്രപരമായി വലുപ്പംകൊണ്ടും ഈ താരതമ്യമായിരിക്കും ഏറെ അഭികാമ്യം. ആ അര്‍ഥത്തില്‍ ആദ്യ മഹല്ലാണ് നബിയുടെ മദീനാ സമൂഹം. ബഹുസ്വര സമൂഹത്തില്‍ ജീവിക്കുന്ന ഇന്ത്യന്‍ മുസ്‌ലിംകളുടെ സാമൂഹികസാഹചര്യത്തെ മക്കാകാലഘട്ടത്തോട് ഉപമിക്കുന്നതും നമ്മുടെ സാമ്പ്രദായികരീതിയാണ്. സമാധാനപരമായ സഹവര്‍ത്തിത്വത്തിലധിഷ്ഠിതമായ പ്രബോധന പ്രവര്‍ത്തനങ്ങളില്‍ മാത്രം മുഴുകി ജീവിക്കുകയാണ്, അല്ലാതെ പ്രകോപനപരമായ പ്രത്യാക്രമണത്തിന്റെയോ പ്രതിരോധത്തിന്റെയോ ശൈലിയല്ല ഇവിടെ അഭികാമ്യം എന്നു ദ്യോതിപ്പിക്കാനാണ് കൂടുതലും ഇത്തരം സമീകരണങ്ങള്‍. എന്നാല്‍ ഒരു വിരുദ്ധാശയം കൂടി ഇതിലൂടെ അനുവാചകരിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നുണ്ട്. മക്ക, സമാധാന ഗേഹമാണെങ്കില്‍, എതിര്‍പക്ഷത്ത് മദീന അക്രമങ്ങളുടെയും യുദ്ധങ്ങളുടെയും ഇടമായിരുന്നു എന്ന സന്ദേശമാണത്.  ബദ്‌റും ഉഹുദും ഖന്‍ദഖും എന്നുവേണ്ട എല്ലാ യുദ്ധങ്ങളും മദീനാ കാലഘട്ടത്തിലാണല്ലോ സംഭവിച്ചത്. ഇക്കാരണംകൊണ്ടു തന്നെ മദീന, ഒരു സമൂഹമെന്ന നിലയില്‍, ബഹുസ്വരതയുമായി ബന്ധപ്പെട്ട നമ്മുടെ ചര്‍ച്ചകളില്‍ ഇടം പിടിക്കാറില്ല. മദീനയിലേക്ക് ഇനിയുമേറെ ദൂരം നാം താണ്ടാനുള്ളതുപോലെ. അങ്ങനെ ബഹുമത സമൂഹവുമായി ബന്ധപ്പെട്ട നമ്മുടെ ചര്‍ച്ചകളധികവും മക്കാകാലഘട്ടത്തില്‍ പരിമിതപ്പെട്ടു

പോകുന്നു. മദീനയെ രാഷ്ട്രമായോ മഹല്ലായോ എങ്ങനെ പരിഗണിച്ചാലും, മദീന സമാധാനവും സഹവര്‍ത്തിത്വവുമില്ലാത്ത യുദ്ധഭൂമിയായിരുന്നു എന്ന് അതിന് അര്‍ഥം നല്‍കിക്കൂടാത്തതാണ്. ഇസ്‌ലാമിന്റെ എല്ലാ ഗേഹങ്ങളും സമാധാനത്തിന്റെയും ശാന്തിയുടെയും ഗേഹങ്ങള്‍ തന്നെ. ഭൂരിപക്ഷ, ന്യൂനപക്ഷ ഭേദമന്യേ എല്ലാവര്‍ക്കുമത് സമാധാനവും സുരക്ഷയും ഉറപ്പു വരുത്തുന്നു. സമാധാനവും സ്വാതന്ത്ര്യവും വേണ്ടത് മുസ്‌ലിംകള്‍ക്കു മാത്രമല്ല, സമൂഹത്തിലെ എല്ലാ മനുഷ്യര്‍ക്കുമാണ്. സാംസ്‌കാരികവും നാഗരികവുമായ ഔന്നത്യത്തിലേക്കുള്ള ഒരു സമൂഹത്തിന്റെ സ്വാഭാവികമായ വളര്‍ച്ച, മദീനയുടെ വികാസപരിണാമഘട്ടങ്ങളില്‍ കാണാം. നമ്മുടെ മഹല്ല് സംവിധാനവുമായി താരതമ്യം ചെയ്യുമ്പോള്‍ നമുക്ക് മാതൃകയാക്കാവുന്ന പലതും നബിയുടെ മദീനാ സമൂഹത്തില്‍നിന്ന് വായിച്ചെടുക്കാന്‍ കഴിയും. 

 

മദീന എല്ലാവരെയും ഉള്‍ക്കൊള്ളുന്നത്

നമ്മുടെ മഹല്ല് സംവിധാനത്തില്‍ കാണാത്തതും മദീനാ സമൂഹത്തില്‍ അതിന്റെ പ്രധാന സവിശേഷതകളിലൊന്നായി നിലനിന്നിരുന്നതുമായ ഒന്നാണ് എല്ലാ മനുഷ്യരെയും ഉള്‍ക്കൊള്ളുന്ന (കിരഹൗശെ്‌ല) അതിന്റെ പൊതുസ്വഭാവം. സമൂഹത്തിലെ മറ്റു മത-വംശ വിഭാഗങ്ങളെ ഉള്‍ക്കൊണ്ടും അവരുമായി ഗുണപരമായി എന്‍ഗേജ് ചെയ്തുമാണ് മദീനയില്‍ ആദ്യ മാതൃകാ സമൂഹം രൂപംകൊള്ളുന്നത്. മദീനയിലെത്തിയ നബി ആദ്യം ചെയ്തത് മദീനയില്‍ അന്നുണ്ടായിരുന്ന വിവിധ മത-വംശ വിഭാഗങ്ങളുമായി ഒരു സമാധാനക്കരാറില്‍ ഏര്‍പ്പെടുകയായിരുന്നു. ഗോത്രാധിഷ്ഠിത സാമൂഹികഘടനയില്‍ എല്ലാ മത-വംശ വിഭാഗങ്ങള്‍ക്കും ആ കരാറില്‍ പ്രാതിനിധ്യമുണ്ടായിരുന്നു. ഓരോ ഗോത്രത്തെയും പേരെടുത്ത് പരാമര്‍ശിച്ചുകൊണ്ടാണ് ഓരോ വ്യവസ്ഥയും ആ കരാറില്‍ എഴുതിച്ചേര്‍ത്തത്. 

മദീനയിലെത്തി അധികം വൈകാതെ, നബി മദീനാ നിവാസികളുടെ ഒരു ജനസംഖ്യാ കണക്കെടുപ്പ് നടത്തുകയുണ്ടായി. പ്രവാചകനും കൂട്ടരും മദീനയില്‍ വരുമ്പോള്‍, മുഹാജിറുകളിലും അന്‍സാറുകളിലുംപെട്ട മുസ്‌ലിംകള്‍ ഏകദേശം 1500 പേര്‍ മാത്രമാണ്.1 നമ്മുടെ നാട്ടിലെ ഒരു ശരാശരി മഹല്ലിലെ അംഗസംഖ്യ. ഇരുനൂറു മുതല്‍ 1500 വരെ കുടുംബങ്ങളുള്ള മഹല്ലുകളും നമ്മുടെ നാട്ടിലുണ്ട്. ആ അര്‍ഥത്തില്‍ മദീനാ സമൂഹം അംഗസംഖ്യ വെച്ചുനോക്കിയാല്‍ നമ്മുടെ പല മഹല്ലുകളേക്കാളും ചെറുതായിരുന്നു എന്നുവേണം കരുതാന്‍. ന്യൂനപക്ഷ-ഭൂരിപക്ഷ വര്‍ഗീകരണം ഇന്നത്തേതുപോലെയില്ലായിരുന്നുവെങ്കിലും, എണ്ണത്തില്‍ മുസ്‌ലിംകള്‍ മദീനയില്‍ ന്യൂനപക്ഷം തന്നെയായിരുന്നു എന്നു ചുരുക്കം. മദീനയിലെ അന്നത്തെ മൊത്തം ജനസംഖ്യ 10000 വരുമെന്നാണ് ചരിത്രകാരന്മാരുടെ നിഗമനം.2 മദീനയില്‍ ഏകദേശം 4000 ജൂതരുണ്ടായിരുന്നു. ജനസംഖ്യയുടെ നാല്‍പത് ശതമാനത്തോളം വരുമത്.3 നഗരത്തിനകത്തും പ്രാന്തപ്രദേശങ്ങളിലുമുള്ള വിഗ്രഹാരാധകരും ഏകദേശം അത്ര തന്നെയുണ്ടായിരുന്നു. എണ്ണത്തില്‍ വളരെ കുറവാണെങ്കിലും ക്രിസ്ത്യന്‍ മതവിശ്വാസികളും അടിമവംശജരുമുണ്ടായിരുന്നു മദീനയില്‍. 

മദീനാ സമൂഹത്തെ ഒരു മഹല്ലിലേക്ക് ചുരുക്കുകയാണെങ്കില്‍ അവിടെ മതപരമായി ജൂതരും ബഹുദൈവാരാധകരും ക്രിസ്ത്യാനികളും ഭൂരിപക്ഷം നിലനിര്‍ത്തിക്കൊണ്ടുതന്നെ ആ മഹല്ലില്‍ ഉള്‍പ്പെട്ടിരുന്നുവെന്നു സാരം. വംശീയാടിസ്ഥാനത്തില്‍ എത്യോപ്യക്കാരും അറബികളുമുണ്ടായിരുന്നു ആ മഹല്ലില്‍. ബനൂ ഖുറൈദ, ബനുന്നനദീര്‍, ബനൂ ഖയ്‌നുഖാഅ് എന്നീ ഗോത്രങ്ങളില്‍ മുഖ്യമായും ജൂതമതക്കാരായിരുന്നു. ഇവര്‍ക്കൊക്കെയും അവരവരുടെ മത-വംശ-ഗോത്ര സ്വത്വങ്ങള്‍ നിലനിര്‍ത്താന്‍ സ്വാതന്ത്ര്യമുണ്ടായിരുന്നു. അവരവരുടെ മതവിശ്വാസങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും പൂര്‍ണ സ്വാതന്ത്ര്യം നല്‍കപ്പെടുകയും ചെയ്തിരുന്നു. മദീന സമാധാനക്കരാറിലെ 25 ാം ഖണ്ഡികയിലെ ഒരു വാക്യം, ജൂതര്‍ക്ക് അവരുടെ മതം, മുസ്‌ലിംകള്‍ക്ക് അവരുടെ മതം എന്നാണ്.4 നാം കാണുന്ന മാതൃകാ മദീനാ സമൂഹം സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുകയും അംഗീകരിക്കുകയും ചെയ്തിരുന്നു. പ്രദേശത്തെ മത-വംശ-ഭാഷാ വൈവിധ്യങ്ങളെ കാണാതെ സ്വതന്ത്രമായ ഒരു സമൂഹം കെട്ടിപ്പടുക്കുകയായിരുന്നില്ല നബി. മറിച്ച്, ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും അസ്തിത്വം നിലനിര്‍ത്തിക്കൊണ്ടുതന്നെ ഇതര മത-വംശ-ഗോത്ര സമൂഹങ്ങളെ ഉള്‍ക്കൊള്ളുകയും, മുസ്‌ലിംകളെപോലെ അവരെയും പൗരന്മാരായി പരിഗണിക്കുകയുമായിരുന്നു. മദീനയിലെ ചില ജൂതഗോത്രങ്ങളുമായി പില്‍ക്കാലത്ത് മുസ്‌ലിംകള്‍ക്ക് യുദ്ധത്തിലേര്‍പ്പെടേണ്ടിവന്നിട്ടുണ്ട് എന്നതു ശരിതന്നെ. എന്നാല്‍ കരാര്‍ ലംഘിച്ച് ശത്രുക്കളുമായി ചേര്‍ന്ന് മുസ്‌ലിംകളെ ഉന്മൂലനം ചെയ്യാന്‍ തുനിഞ്ഞതിന്റെ ഭാഗമായുണ്ടായ നടപടി മാത്രമായിരുന്നു അത്. അടിസ്ഥാനപരമായി എല്ലാ വിഭാഗത്തോടും സമാധാനപരമായി സഹവര്‍ത്തിക്കുക എന്നതാണ് ശരീഅത്തിന്റെ താല്‍പ്പര്യം. ഖുര്‍ആന്‍ (9:29) സൂചിപ്പിക്കുന്ന ജിസ്‌യ, മുസ്‌ലിംകള്‍ക്ക് അധികാരമുണ്ടെങ്കില്‍ പോലും എല്ലാ സമൂഹങ്ങളില്‍ നിന്നും ഈടാക്കേണ്ടത് നിര്‍ബന്ധ ബാധ്യതയല്ലെന്ന്, നബി ഒരിക്കലും ജിസ്‌യ വാങ്ങിയിട്ടില്ലാത്ത ഇതര മതസ്ഥരടങ്ങിയ മദീനാ സമൂഹത്തെ മുന്‍നിര്‍ത്തി ചില പണ്ഡിതന്മാര്‍ വാദിക്കുന്നതും ഇവിടെ സ്മരണീയമാണ്.     

 

സഹവര്‍ത്തിത്വവും ശരീഅത്തിന്റെ സമുന്നത ലക്ഷ്യങ്ങളും  

ചില താല്‍പ്പര്യങ്ങളുടെയോ ആശയങ്ങളുടെയോ അടിസ്ഥാനത്തിലാണ് ആരുമായും സഹകരണമുണ്ടാവുക. ഇവിടെ ഇതര മതവംശ വിഭാഗങ്ങളുമായുള്ള സഹകരണത്തിന്റെ അടിസ്ഥാനതാല്‍പ്പര്യം എന്താണ്? മദീനയില്‍ എത്തിയ നബി അവിടത്തെ സമൂഹവുമായി എന്തുകൊണ്ട് സമാധാന-സഹകരണക്കരാര്‍ ഉണ്ടാക്കി? കേവല നിലനില്‍പ്പിന്റെ താല്‍പ്പര്യമായിരുന്നുവോ അത്? അതല്ല, ശരീഅത്തിന്റെ താല്‍പ്പര്യമായിരുന്നുവോ? മുസ്‌ലിംകളുടെ കേവല സുരക്ഷിതത്വത്തിനു വേണ്ടി മാത്രമായി മുസ്‌ലിംകള്‍ സ്വീകരിച്ച അടവു നയത്തിന്റെ ഭാഗമായിരുന്നോ അത്? അതല്ല, ശരീഅത്ത് താല്‍പ്പര്യപ്പെടുന്നതായിരുന്നുവോ അത്തരത്തിലുള്ള ഒരു സഹകരണം? ദീനിന്റെ ഏതൊരു കാര്യത്തെ കുറിച്ച പഠനത്തിലും ഇത്തരം ചോദ്യങ്ങള്‍ വളരെ പ്രസക്തമാണ്.

മദീനയിലെ നബിയുടെ പ്രവര്‍ത്തനങ്ങളുടെ പൊരുള്‍ അന്വേഷിക്കുമ്പോള്‍ നമുക്ക് മനസ്സിലാക്കാന്‍ കഴിയുക, ശരീഅത്തിന്റെ സമുന്നതലക്ഷ്യങ്ങളുടെയും മൂല്യങ്ങളുടെയും സാക്ഷാത്കാരത്തിനുവേണ്ടി ആവിഷ്‌കരിച്ച നടപടിക്രമങ്ങളായിരുന്നു അവയൊക്കെയും എന്നാണ്. ശരീഅത്തിന്റെ ഏതൊക്കെ ലക്ഷ്യങ്ങളും തത്ത്വങ്ങളുമാണവ?   

ശരീഅത്തിന്റെ ഏതു സമുന്നതലക്ഷ്യങ്ങളുടെ താല്‍പ്പര്യാര്‍ഥമായിരുന്നു മദീനാ കരാര്‍ എന്ന ചോദ്യത്തിന് നമുക്ക് രണ്ട് ഉത്തരങ്ങളാണുള്ളത്. ഒന്ന്, പൊതുവായ ശരീഅത്തിന്റെ താല്‍പര്യങ്ങളായ മനുഷ്യ ജീവനും സ്വത്തിനും മതസ്വാതന്ത്ര്യത്തിനും ബുദ്ധിക്കും അഭിമാനത്തിനും സംരക്ഷണമൊരുക്കുക എന്നത്. സമൂഹത്തിലെ എല്ലാ പൗരന്മാരുടെയും മൗലികാവകാശങ്ങളാണ് അതൊക്കെയും. അവയുടെ സംരക്ഷണാര്‍ഥമായിരുന്നു ഈ കരാറും അനുബന്ധ പ്രവര്‍ത്തനങ്ങളുമെന്ന് കാണാന്‍ കഴിയും. രണ്ടാമത്തേത്, ചില സമുന്നതമൂല്യങ്ങളുടെ പ്രത്യേകമായ സാക്ഷാത്കാരം ശരീഅത്ത് ലക്ഷ്യംവെക്കുന്നുവെന്നതാണ്. മാനവികതയിലൂന്നിയ സമാധാനപരമായ സഹവര്‍ത്തിത്വവും നീതിയിലധിഷ്ഠിതമായ സാമൂഹിക ഘടനയും ശരീഅത്തിന്റെ ഉന്നത ലക്ഷ്യങ്ങളില്‍പെട്ടതാണ്. അവയുടെ പൂര്‍ത്തീകരണവും അതിലൂടെ സാക്ഷാത്കരിക്കപ്പെടുകയായിരുന്നു. സാമൂഹികസാഹചര്യങ്ങളുടെ സമ്മര്‍ദഫലമായി സ്വീകരിക്കേണ്ടിവന്ന ഒരു താല്‍ക്കാലിക സമീപനമോ അടവു നയമോ അല്ല മദീനാ കരാര്‍. ശരീഅത്തിന്റെ ഉന്നത ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടതിന്റെ അനിവാര്യതാല്‍പ്പര്യമായിരുന്നു അത്. മൗലികാവകാശങ്ങള്‍ മുസ്‌ലിംകള്‍ക്കു മാത്രമല്ല, എല്ലാ മനുഷ്യര്‍ക്കും അവകാശപ്പെട്ടതാണെന്ന സന്ദേശം കൂടി മദീനാ കരാര്‍ നല്‍കുന്നുണ്ട്. ശരീഅത്തിന്റെ പൊതുവായ ലക്ഷ്യങ്ങളുടെ മറ്റൊരു പ്രത്യേകത, അതിന്റെ സാര്‍വലൗകികതയും സാര്‍വദേശീയതയുമാണ്. അതിനാല്‍ ഈ തത്ത്വങ്ങള്‍ എല്ലാ കാലത്തും ഭൂരിപക്ഷ സമൂഹത്തിലും ന്യൂനപക്ഷ സമൂഹത്തിലുമൊക്കെ പ്രസക്തമാണ്. മാത്രമല്ല, ഈ തത്ത്വങ്ങള്‍ അംഗീകരിക്കാനും ഉള്‍ക്കൊള്ളാനും ഏതു മതക്കാരനും ഏതു നാട്ടുകാരനും പ്രയാസമുണ്ടാകില്ല.  

 

സഹകരണ കരാര്‍

ഇവിടെ നമ്മുടെ മഹല്ലുകളുടെ ഒരു പ്രധാന പോരായ്മ, അത് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളാന്‍ പോന്ന ഒരു ഘടന കൈവരിച്ചിട്ടില്ല എന്നതാണ്. മനുഷ്യര്‍ക്കു വേണ്ടി ഉയിര്‍ത്തെഴുന്നേല്‍പ്പിക്കപ്പെട്ട ഒരു സമുദായം എന്ന ഖുര്‍ആന്റെ വിശേഷണത്തിലേക്ക് മഹല്ല് സംവിധാനങ്ങള്‍ മാറിയിട്ടില്ല.  മഹല്ലുകളൊന്നും ഇതര മതസ്ഥരുടെ സമാനസ്വഭാവത്തിലുള്ള സാമുദായിസ്ഥാപനങ്ങളുമായി (ഇടവകകള്‍, കരയോഗങ്ങള്‍ പോലെ) രേഖാമൂലമോ അല്ലാതെയോ ഉള്ള ഒരു കരാറിലുമേര്‍പ്പെടുകയോ പരസ്പരധാരണയിലെത്തുകയോ ചെയ്തിട്ടില്ല. 

എല്ലാ മതക്കാര്‍ക്കും കൂടിയിരിക്കാവുന്ന, പൊതു ലക്ഷ്യങ്ങളില്‍ ഒന്നിച്ചു പ്രവര്‍ത്തിക്കാവുന്ന പ്ലാറ്റ്‌ഫോമിന്റെ അഭാവം നമ്മുടെ ഗ്രാമഗ്രാമാന്തരങ്ങളിലൊക്കെയുണ്ട്. സാംസ്‌കാരിക സംഘടനകളോ ക്ലബുകളോ രാഷ്ട്രീയപാര്‍ട്ടികളോ ഒക്കെയാണ് പലപ്പോഴും ഈ വിടവ് നികത്തുന്നത്. സത്യത്തില്‍ ഇത്തരമൊരു ലക്ഷ്യം മഹല്ലിനും ഉണ്ടാവേണ്ടതല്ലേ? മഹല്ലിനും ഇടവകക്കും കരയോഗത്തിനുമൊക്കെ തുല്യപ്രാധാന്യം നല്‍കുന്ന ഒരു പൊതു കൂട്ടായ്മ എല്ലാ നാടുകളിലും വളര്‍ന്നുവരേണ്ടതുണ്ട്. ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ട കാര്യങ്ങള്‍ ഏതൊക്കെയെന്ന് അതത് പ്രദേശങ്ങളില്‍ കമ്മിറ്റികള്‍ക്ക് തീരുമാനിക്കാവുന്നതാണ്. 

 

എന്തുകൊണ്ട് പരസ്പര സഹകരണം 

വ്യത്യസ്ത മതക്കാരോടുള്ള മുസ്‌ലിംകളുടെ സമാധാനപരമായ സഹവര്‍ത്തിത്വം ദീനിന്റെ അടിസ്ഥാനത്തിലുള്ളതല്ലെന്നും, ഇന്ത്യ പോലൊരു സെക്യുലര്‍ രാജ്യം അങ്ങനെ താല്‍പ്പര്യപ്പെടുന്നതിനാലും മുസ്‌ലിംകള്‍ ന്യൂനപക്ഷമായതിനാലുമാണ് അവര്‍ സമാധാനപ്രിയരായത് എന്നും ഒരു പൊതുധാരണ സമൂഹത്തില്‍ വ്യാപകമായി നിലനില്‍ക്കുന്നുണ്ട്. മുസ്‌ലിംകള്‍ ഇപ്പോള്‍ തുടരുന്ന പരസ്പര സഹകരണവും സഹവര്‍ത്തിത്വവും ഇസ്‌ലാം മതത്തിന്റെ അടിസ്ഥാനത്തിലുള്ളതല്ലെന്ന് ചില മുസ്‌ലിംകള്‍ പോലും കരുതുന്നു. മഹല്ല് മുന്‍കൈയെടുത്ത് സമാധാനപരമായ സഹവര്‍ത്തിത്വത്തില്‍ അധിഷ്ഠിതമായ ഒരു കരാറില്‍ ഇതര മതസ്ഥരുമായി ഏര്‍പ്പെടുകയോ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു പൊതു പ്ലാറ്റ്‌ഫോം ഉണ്ടാക്കുകയോ ചെയ്യുകവഴി, ജനമനസ്സുകളിലുള്ള ഇത്തരം തെറ്റിദ്ധാരണകള്‍ വലിയൊരളവില്‍ നീങ്ങിക്കിട്ടും. ഇതര മതസ്ഥരുമായി ചേര്‍ന്നുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മഹല്ല് കാണിക്കുന്ന അലംഭാവം, ഇതര മതസ്‌നേഹവും സഹവര്‍ത്തിത്തവും ഇസ്‌ലാമിന്റെ ഭാഗമല്ലെന്ന ധാരണ മുസ്‌ലിംകളില്‍തന്നെ ശക്തിപ്പെടാനാണ് ഇടയാക്കുക. 

മഹല്ലിന് ഇടവകയും കരയോഗവും പോലുള്ള ഇതര മതസ്ഥരുടെ സാമുദായിക സ്ഥാപനങ്ങളുമായി ഓരോ പ്രദേശത്തും പരസ്പരധാരണയുണ്ടാകേണ്ടത് അനിവാര്യമാണെന്നാണ് ഇതു സൂചിപ്പിക്കുന്നത്. പൊതുസമൂഹത്തിന്റെ മുമ്പില്‍ ഏറെ തെറ്റിദ്ധരിക്കപ്പെടുന്ന മുസ്‌ലിം സമൂഹവും മഹല്ല് സംവിധാനവുമാണ് അതിന് മുന്‍കൈ എടുക്കേണ്ടത്. ബഹുസ്വര സമൂഹത്തില്‍നിന്ന് വിട്ടുമാറി നില്‍ക്കുന്ന ഒറ്റപ്പെട്ട തുരുത്തുകളല്ല മുസ്‌ലിം മഹല്ലുകള്‍, അത് സമൂഹത്തിന്റെ പ്രശ്‌നങ്ങളിലിടപെട്ട് സമൂഹത്തെ ആത്മീയമായും ഭൗതികമായും സാംസ്‌കാരികമായും പുരോഗതിയിലേക്ക് നയിക്കുന്ന സംവിധാനമാണ് എന്ന് ബോധ്യപ്പെടുത്താന്‍ ഇതു സഹായകമാകും. സാമുദായികാടിസ്ഥാനത്തിലുള്ള തീര്‍ത്തും മതപരമായ കാര്യങ്ങളില്‍ അതത് സമുദായങ്ങള്‍ക്കുള്ള സ്വയംനിര്‍ണയാവകാശങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ, സഹകരിക്കാവുന്ന നിരവധി മേഖലകളില്‍ ഒരു കോമണ്‍ പ്ലാറ്റ്‌ഫോം കാണാവുന്നതും കര്‍മപരിപാടികള്‍ ആവിഷ്‌കരിക്കാവുന്നതുമാണ്. ഇസ്‌ലാം അടിസ്ഥാനപരമായിത്തന്നെ മറ്റു മതങ്ങളെ അംഗീകരിക്കുകയും ബഹുസ്വരതയും വൈവിധ്യവും അതിന്റെ സവിശേഷതകളിലൊന്നായി അംഗീകരിക്കുകയും ചെയ്തിട്ടുണ്ട് എന്ന ആശയം എല്ലാ മതക്കാരിലുമെത്തിക്കാന്‍ ഇത് സഹായകമാകും. 

 

സമൂഹത്തെ മൊത്തമായി ബാധിക്കുന്ന പ്രശ്‌നത്തെ ഒറ്റക്കെട്ടായി നേരിടുക

മദീനാ കരാര്‍ പരിശോധിക്കുമ്പോള്‍ മനസ്സിലാകുന്ന മറ്റൊരു കാര്യം, മദീനാ സമൂഹത്തിന്റെ പൊതുവായ ഒരു പ്രശ്‌നത്തെ അഭിമുഖീകരിക്കാന്‍ എല്ലാവരുടെയും കൂട്ടായ സഹകരണം ആ കരാറില്‍ എഴുതിച്ചേര്‍ത്തിരുന്നുവെന്നതാണ്. മദീനക്ക് പുറത്തുനിന്നുണ്ടായേക്കാവുന്ന ഏതു ആക്രമണവും ചെറുക്കാന്‍, എല്ലാ ഗോത്ര വര്‍ഗങ്ങളുടെയും കൂട്ടായ സഹകരണം ഉണ്ടാവണമെന്ന് മാത്രമല്ല, അതിന് വരുന്ന ചെലവുകള്‍ അവരവര്‍ തന്നെ വഹിക്കുകയും വേണം. ഓരോ ഗോത്രങ്ങളെയും പേരെടുത്ത് പരാമര്‍ശിച്ചാണ് ഈ വ്യവസ്ഥകള്‍ ചിട്ടപ്പെടുത്തിയിരുന്നത്. 

ഒരു സമൂഹം എന്ന നിലയില്‍ മദീനക്കാര്‍ നേരിട്ട, അല്ലെങ്കില്‍ നേരിടാന്‍ സാധ്യതയുണ്ടായിരുന്ന ഒരു പ്രശ്‌നം എല്ലാവരും ചേര്‍ന്ന് പരിഹരിക്കാമെന്ന ധാരണയുണ്ടാവുകയായിരുന്നു. മദീനയിലെ മുസ്‌ലിമും ജൂതനും ക്രിസ്ത്യാനിയും ബഹുദൈവാരാധകനുമെല്ലാം പരസ്പരം തുണയായി വര്‍ത്തിക്കാമെന്ന് കരാര്‍ ചെയ്ത വിഷയമാണ് സമൂഹത്തിന്റെ സുരക്ഷ എന്നത്. ഗോത്ര സംഘട്ടനങ്ങളും അക്രമങ്ങളും സര്‍വസാധാരണമായ ആ കാലത്ത് എല്ലാ മത-വംശ-ഗോത്ര വിഭാഗങ്ങള്‍ക്കും സുരക്ഷയില്ലായ്മ വലിയ പ്രശ്‌നമായിരുന്നു. ആ പ്രശ്‌നത്തില്‍ പരസ്പര സഹകരണത്തിന്റെ വാതിലുകള്‍ തുറന്നിടുകയായിരുന്നു നബി (സ). സമൂഹത്തിന് പൊതുപ്രശ്‌നങ്ങള്‍ക്ക് എല്ലാവരും ചേര്‍ന്നാണ് പരിഹാരം കാണേണ്ടത് എന്ന പാഠമാണ് നല്‍കുന്നത്. പില്‍ക്കാല പൊതുപ്രശ്‌നങ്ങളിലും ഈ രൂപത്തില്‍ കൂട്ടായ പരിശ്രമമാണ് ഉണ്ടാവേണ്ടത്. 

 

ചില മാര്‍ഗനിര്‍ദേശങ്ങള്‍

മഹല്ല്, ഇടവക, കരയോഗം (ഹൈന്ദവ-ക്രിസ്തീയ വിഭാഗങ്ങളെ പ്രതിനിധാനം ചെയ്യുന്ന സാമുദായിക സംവിധാനങ്ങള്‍) ഇവക്ക് പരസ്പരം യോജിച്ചു പ്രവര്‍ത്തിക്കാനുള്ള ചില പ്രായോഗിക നിര്‍ദേശങ്ങളാണ് ചുവടെ: 

1. ഒരു ഗ്രാമത്തിലെ എല്ലാ മതസ്ഥരെയും പ്രതിനിധാനം ചെയ്യുന്ന ഒരു പൊതുവേദി ഉണ്ടാവുക. എല്ലാ മതത്തിന്റെയും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍, മതമേലധ്യക്ഷന്മാര്‍, പണ്ഡിതര്‍, വിദ്യാര്‍ഥികള്‍, സ്ത്രീകള്‍ എന്നിവരുടെ പ്രതിനിധികള്‍ അടങ്ങുന്ന കമ്മിറ്റിയും ഉണ്ടാവണം. 

2. എല്ലാ മതങ്ങളും വിഭാവന ചെയ്യുന്ന പൊതു തത്ത്വങ്ങളെ ആസ്പദിച്ചാണ് സഹകരണം ഉണ്ടാകേണ്ടത്. ആ തത്ത്വങ്ങളുടെ പൂര്‍ത്തീകരണത്തിനു വേണ്ട പ്രായോഗിക നടപടികള്‍ അതത് കമ്മിറ്റികള്‍ ആലോചിക്കണം. 

3. സ്വാതന്ത്ര്യദിനം പോലുള്ള പൊതു ആഘോഷങ്ങള്‍ എല്ലാ വിഭാഗക്കാരുമായും ഒരുമിച്ച് നടത്തുക. അവയോടനുബന്ധിച്ച് പ്രത്യേക സാംസ്‌കാരിക പരിപാടികള്‍ മതകൂട്ടായ്മയുടെ ബാനറില്‍ സംഘടിപ്പിക്കുക

4. വര്‍ഷത്തില്‍ ഒന്നോ രണ്ടോ ഫാമിലി മീറ്റുകള്‍ ഒരുമിച്ച് സംഘടിപ്പിക്കുക. സമൂഹത്തിലെ എല്ലാ മതസ്ഥരെയും അടുത്തറിയാനും ഇടപഴകാനും അവസരമൊരുക്കും ഇത്തരം സംഗമങ്ങള്‍.

5. ചികിത്സാ സഹായ നിധികള്‍. സമൂഹത്തില്‍ പ്രയാസമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങാകാന്‍ കഴിയുന്ന സഹായനിധികള്‍. അസുഖബാധിരെയും പ്രയാസമനുഭവിക്കുന്നവരെയും അവരവരുടെ സമുദായത്തില്‍പെട്ടവര്‍ മാത്രം അറിയുകയും സഹായിക്കുകയും ചെയ്യുന്ന അവസ്ഥ മാറി എല്ലാവരും എല്ലാവരെയും സഹായിക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെടും. 

ചുരുക്കത്തില്‍, മഹല്ലുകള്‍ പള്ളിയിലെ നമസ്‌കാരസമയം മാറ്റാനും, മഹല്ലിലെ ജനന-മരണ ചടങ്ങുകള്‍ നടത്താനും മാത്രമുള്ള സാമുദായിക സ്ഥാപനങ്ങളായി ചുരുങ്ങുകയല്ല വേണ്ടത്. സമൂഹത്തിന്റെ മുഖ്യപ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ കെല്‍പുള്ള, ജാതി-മത വിവേചനങ്ങള്‍ക്കതീതമായി, ജനങ്ങള്‍ക്ക് ആശ്വാസവും അത്താണിയുമാകുന്ന ആത്മീയ-സാമൂഹിക-സാംസ്‌കാരിക-വൈജ്ഞാനിക-മാനവിക കേന്ദ്രങ്ങളായി അവ പരിവര്‍ത്തിക്കപ്പെടുകയാണ് വേണ്ടത്. 

 

References

1. Zia H Shah, The Constitution of Medina: A Symbol of Pluralism in Islam, The Muslim Times, (accessed on 6th October, 2017).  

2. Akram Diya Al Umari, Madinan Society at the Time of the Prophet: Its Characteristics and Organization, Trans. By Huda Khatteb, (Herndon: The International Institute of Islamic Thought, 1991).

3. Ibid.

4. Afzal Iqbal, The Prophet's Diplomacy; The Art of Negotiation as Conceived and Developed by the Prophet of Islam (New Delhi: Idarah Adabiyat, 2009)


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (65-66)
എ.വൈ.ആര്‍

ഹദീസ്‌

തവക്കുലിന്റെ യാഥാര്‍ഥ്യം
സുബൈര്‍ കുന്ദമംഗലം