Prabodhanm Weekly

Pages

Search

2018 ജനുവരി 12

3034

1439 റബീഉല്‍ ആഖിര്‍ 24

2017 സ്റ്റേറ്റില്ലാതെ 'ഇസ്‌ലാമിക് സ്റ്റേറ്റ്' ശിഥിലമായി അല്‍ഖാഇദ

ഹസന്‍ അബൂഹനിയ്യ

'ഇസ്‌ലാമിക് സ്റ്റേറ്റ്' എന്ന വിചിത്ര തീവ്രവാദ സംഘത്തിന്റെ തേരോട്ടത്തിന് അന്ത്യം കുറിച്ച വര്‍ഷമാണ് കടന്നുപോയത്. ഏതാണ്ട് മൂന്ന് വര്‍ഷക്കാലമായി ലോകത്തെ ഭീതിയുടെയും ഉത്കണ്ഠയുടെയും മുള്‍മുനയില്‍ നിര്‍ത്തുകയായിരുന്നു ഈ സംഘം. ലോകത്തിന്റെ പല ഭാഗങ്ങളില്‍നിന്നും ചാവേറുകളെ റിക്രൂട്ട് ചെയ്യാനും സമൂഹത്തില്‍ അപായകരമായ ധ്രുവീകരണം സൃഷ്ടിക്കാനും അവര്‍ക്ക് സാധ്യമാവുകയുണ്ടായി. ഇറാഖിന്റെയും സിറിയയുടെയും വലിയൊരു ഭാഗം കൈപ്പിടിയിലായതോടെ ശക്തമായ സാമ്പത്തിക പിന്‍ബലവും അവര്‍ നേടിയെടുത്തു. പല പ്രധാന നഗരങ്ങളും അവരുടെ വിഹാര കേന്ദ്രങ്ങളായിരുന്നു. ഐ.എസ് എന്നും ദാഇശ് എന്നുമൊക്കെ അറിയപ്പെടുന്ന ഈ സംഘത്തിന്റെ ഖിലാഫത്ത്/ ഭരണം തദ്ദേശവാസികള്‍ക്ക് മേല്‍ തങ്ങളുടെ ആശയങ്ങളും അജണ്ടകളും അടിച്ചേല്‍പിച്ചുകൊണ്ടുള്ളതായിരുന്നു. പല നാടുകളിലും സ്വതന്ത്രമായ സംസ്ഥാനങ്ങള്‍ക്കു വരെ അവര്‍ രൂപം നല്‍കി. അവയില്‍ പലതിനും വിശാലമായ ഭൂപ്രദേശങ്ങള്‍ സ്വന്തമായി ഉണ്ടായിരുന്നു; പ്രത്യേകിച്ച് വടക്കനാഫ്രിക്കന്‍ രാജ്യങ്ങളില്‍. ഉദാഹരണത്തിന് ലിബിയയിലെ സിര്‍ത്ത് നഗരത്തില്‍ അവര്‍ സ്ഥാപിച്ച ഭരണകൂടം. നൈജീരിയയില്‍ പെടുന്ന പടിഞ്ഞാറന്‍ ആഫ്രിക്കയിലും ഈജിപ്തിലെ സീനായിലും ഇതുപോലുള്ള വിലായത്തുകള്‍/ ഭരണപ്രദേശങ്ങള്‍ ഉണ്ടായിരുന്നു. യമനിലും ഫിലിപ്പൈന്‍സിലെ തെക്കു കിഴക്കന്‍ ഭാഗങ്ങളിലും അഫ്ഗാനിസ്താനിലെ ഖുറാസാന്‍ പ്രവിശ്യയിലും മറ്റും അവര്‍ പിടിമുറുക്കുകയും ചെയ്തു. യൂറോപ്യന്‍ നാടുകളില്‍ പലതരം നെറ്റ് വര്‍ക്കുകള്‍ക്കും സെല്ലുകള്‍ക്കും അവര്‍ രൂപം നല്‍കി. വളരെ ആസൂത്രണത്തോടെയുള്ള പല ഓപ്പറേഷനുകള്‍ അവര്‍ നടത്തുകയും ചെയ്തു. അമേരിക്കയിലും റഷ്യയിലും ഭീതി സൃഷ്ടിച്ച 'ഒറ്റയാന്‍ ചെന്നായ്ക്കള്‍' ഇതിനു പുറമെയാണ്.

2018-ലേക്ക് കടന്നതോടെ കൈപ്പിടിയിലുണ്ടായിരുന്ന നഗരങ്ങളും സംസ്ഥാനങ്ങളുമൊക്കെ ഐ.എസിന് നഷ്ടപ്പെട്ടതായാണ് നാം കാണുന്നത്. അതിന് നിമിത്തമായത് ഐ.എസിനെതിരെ സംഘടിക്കപ്പെട്ട രണ്ട് അന്താരാഷ്ട്ര സഖ്യങ്ങളാണ്. ഒന്ന് അമേരിക്കയുടെ നേതൃത്വത്തിലായിരുന്നു. അതില്‍ അറുപതിലധികം രാജ്യങ്ങള്‍ അണിനിരന്നു. 2014 സെപ്റ്റംബര്‍ മുതല്‍ തങ്ങളുടെ സഖ്യ രാഷ്ട്രങ്ങളെ ഒപ്പം നിര്‍ത്തി സിറിയയിലും ഇറാഖിലുമായിരുന്നു അമേരിക്കയുടെ സൈനിക നീക്കങ്ങള്‍. രണ്ടാമത്തെ സൈനിക സഖ്യം ഇറാനെ പോലുള്ള രാഷ്ട്രങ്ങളെ ഒപ്പം നിര്‍ത്തി റഷ്യയുടെ നേതൃത്വത്തിലുള്ളതായിരുന്നു. സിറിയയിലെ കൂട്ടാളികളുടെ പിന്തുണയും ലഭിച്ചു. 2015 സെപ്റ്റംബറിലാണ് ഇതിന് തുടക്കമായത്.

ഇരു ഭാഗത്തുനിന്നും ആക്രമണം ശക്തമായതോടെ ഐ.എസിന്റെ കോട്ടകള്‍ ഓരോന്നായി തകര്‍ന്നുവീണു. ലിബിയന്‍ നഗരമായ സിര്‍ത്തിലെ ഐ.എസ് ഭരണം ഉന്മൂലനം ചെയ്യപ്പെട്ടത് 2016 ഡിസംബറിലാണ്. 2016 ഫെബ്രുവരിയില്‍ ഇറാഖിലെ റമാദി ഐ.എസിന് നഷ്ടമായി; ഫല്ലൂജ അതേ വര്‍ഷം ജൂണിലും. ഇറാഖില്‍ ഐ.എസിന്റെ ആസ്ഥാനവും ആ രാഷ്ട്രത്തിലെ രണ്ടാമത്തെ പ്രധാന നഗരവുമായ മൗസ്വില്‍ 2017 ജൂലൈയില്‍ ദാഇശിന്റെ പിടിയില്‍നിന്ന് വിമോചിപ്പിക്കപ്പെട്ടു. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ തലഅ്ഫറും ഒക്‌ടോബറില്‍ ഹുവൈജയും, നവംബറില്‍ സിറിയന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള അമ്പാര്‍ പ്രവിശ്യയിലെ ആനഃ, റുവാഃ, ഖാഇം ഗര്‍ബി എന്നീ നഗരങ്ങളും ഐ.എസിന് കൈവിടേണ്ടിവന്നു. സിറിയയിലും ഇതുതന്നെയായിരുന്നു സ്ഥിതി. 2017 ഒക്‌ടോബറില്‍ ഐ.എസിന്റെ സിറിയന്‍ ആസ്ഥാനമായ റഖ വീണു. അതിര്‍ത്തി നഗരങ്ങളായ ദേര്‍സോറും ബൂകമാലും കഴിഞ്ഞ വര്‍ഷം നവംബറില്‍ അവര്‍ക്ക് നഷ്ടമായി. 'ഇസ്‌ലാമിക് സ്റ്റേറ്റി'ന് ഇന്ന് സ്റ്റേറ്റുകളൊന്നും ഇല്ലെന്നര്‍ഥം. അത് അതിന്റെ തുടക്കകാലത്തിലേതുപോലെ ഒരു സംഘമായി ചുരുങ്ങിയിരിക്കുന്നു. നേരിട്ടുള്ള യുദ്ധത്തിനു പകരം ഇനിയത് ഒളിപ്പോരാവും നടത്തുക.

സ്റ്റേറ്റ് ഇല്ലാതായതുകൊണ്ട് 'ഇസ്‌ലാമിക് സ്റ്റേറ്റ്' ഇല്ലാതായി എന്ന് അര്‍ഥമില്ല. ഭീകരസംഘം എന്ന നിലക്ക് അത് ഇനിയും ഭീഷണിയായി തുടര്‍ന്നേക്കും. ലോകത്ത് നിലനില്‍ക്കുന്ന രാഷ്ട്രീയവും മറ്റുമായ അസ്ഥിരതകളെ അത് ഉപയോഗപ്പെടുത്തുകയും ചെയ്യും. ഈ സംഘത്തിന്റെ ആദ്യ രൂപം 'ഇറാഖി ഇസ്‌ലാമിക് സ്റ്റേറ്റ്' 2009-2012 കാലത്ത് കനത്ത തിരിച്ചടി നേരിട്ടുവെങ്കിലും ഇറാഖിലെയും സിറിയയിലെയും രാഷ്ട്രീയ അസ്ഥിരത മുതലെടുത്ത് 2013 ഏപ്രിലില്‍ 'ദൗല ഇസ്‌ലാമിയ്യ ഫില്‍ ഇറാഖ് വശ്ശാം' എന്ന പേരില്‍ അവര്‍ തിരിച്ചുവരികയായിരുന്നല്ലോ.

ഭൂപ്രദേശങ്ങള്‍ നഷ്ടപ്പെട്ടുകഴിഞ്ഞാല്‍ നേരിട്ടുള്ള യുദ്ധത്തിനു പകരം രാഷ്ട്ര സംവിധാനങ്ങളെ ദുര്‍ബലപ്പെടുത്തുന്ന പരോക്ഷ യുദ്ധമുറകളിലേക്ക് ഐ.എസ് മാറുമെന്ന് ഉറപ്പായിരുന്നു. സംഘടനയെ നിലനിര്‍ത്താനും അതിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാനും സാമ്പത്തിക സ്രോതസ്സുകള്‍ വറ്റിപ്പോകാതിരിക്കാനും മറ്റുമായിരിക്കും പിന്നെ അത് ഊന്നല്‍ നല്‍കുക. വിജനമായ മരുഭൂപ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് തങ്ങളുടെ നെറ്റ്‌വര്‍ക്കുകളും സെല്ലുകളും ഉപയോഗപ്പെടുത്തിയായിരിക്കും ഈ യുദ്ധം അരങ്ങേറുക.

ലോക രാഷ്ട്ര സഖ്യങ്ങളുടെ സൈനിക നടപടികളുടെ ഫലമായി ഐ.എസും അതിന്റെ മാതൃ സംഘടനയായ അല്‍ഖാഇദയും സ്ട്രാറ്റജി മാറ്റാന്‍ നിര്‍ബന്ധിതമാവുക മാത്രമല്ല, പലതരം ആഭ്യന്തര പ്രശ്‌നങ്ങളും ഈ രണ്ട് സംഘങ്ങള്‍ക്കും കഴിഞ്ഞ വര്‍ഷം അഭിമുഖീകരിക്കേണ്ടിവരികയും ചെയ്തിട്ടുണ്ട്. എന്തിനൊക്കെ മുന്‍ഗണന കൊടുക്കണം എന്ന കാര്യത്തിലായിരുന്നു പ്രധാന തര്‍ക്കം. ഐ.എസും അല്‍ഖാഇദയും തമ്മില്‍ ആ തര്‍ക്കം നേരത്തേ നിലവിലുണ്ട്. സിറിയയിലെ ജബ്ഹതുന്നുസ്വ്‌റ എന്ന സായുധ വിഭാഗം അല്‍ഖാഇദയുമായുള്ള ബന്ധം വേര്‍പ്പെടുത്തിയത് ഇതിനെത്തുടര്‍ന്നായിരുന്നു. കഴിഞ്ഞ വര്‍ഷം ഐ.എസ് നെറ്റ്‌വര്‍ക്കുകള്‍ക്കോ 'ഒറ്റയാന്‍ ചെന്നായ്ക്കള്‍'ക്കോ ആസൂത്രിത ആക്രമണങ്ങളൊന്നും തന്നെ നടത്താന്‍ സാധിച്ചിട്ടില്ല. അല്‍ഖാഇദയാകട്ടെ, യൂറോപ്പിലും അമേരിക്കയിലും ഒരു നീക്കവും നടത്തിയതായി അറിയില്ല. ഇന്ത്യാ ഉപഭൂഖണ്ഡത്തിലും സിറിയ, യമന്‍, ലിബിയ, സഹാറയുടെ തെക്കന്‍ മേഖലകള്‍ എന്നിവിടങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അല്‍ഖാഇദയുടെ ശ്രമം. പുതിയ വര്‍ഷം ചിത്രം മാറിമറിഞ്ഞേക്കാം. വിദൂര ശത്രുവിനെ കേന്ദ്രീകരിച്ചുള്ള അല്‍ഖാഇദ സ്ട്രാറ്റജി പ്രാദേശിക ശാക്തീകരണത്തിലേക്ക് വഴിമാറാനും സാധ്യതയുണ്ട്. യമന്‍ തന്നെ ഉദാഹരണം. യമന്‍ കേന്ദ്രീകരിച്ചായിരുന്നു അല്‍ഖാഇദ പല ബാഹ്യ ആക്രമണങ്ങളും പ്ലാന്‍ ചെയ്തിരുന്നത്. ഇപ്പോള്‍ യമനിലെ അല്‍ഖാഇദ, പ്രാദേശിക സഖ്യങ്ങള്‍ ഉണ്ടാക്കി സ്വന്തം നിലനില്‍പ് ഭദ്രമാക്കാനാണ് ശ്രമിക്കുന്നത്. സിറിയയിലെ ജൂലാനി വിഭാഗം, വിദേശ ആക്രമണങ്ങള്‍ വേണ്ടെന്നുവെക്കുക മാത്രമല്ല, അല്‍ഖാഇദയുമായുള്ള ബന്ധവും വേര്‍പ്പെടുത്തിയിരിക്കുന്നു. അയ്മന്‍ ളവാഹിരി നയിക്കുന്ന അല്‍ഖാഇദ കേന്ദ്ര നേതൃത്വമാവട്ടെ, അഫ്ഗാനിലെ താലിബാനുമായി വീണ്ടും കൂട്ടുകൂടാനുള്ള ശ്രമത്തിലാണ്. രാജ്യത്തിനു  പുറത്തുള്ള ആക്രമണങ്ങളില്‍ താലിബാന് താല്‍പര്യമില്ല.

പുതുവര്‍ഷം മധ്യത്തോടെ ഭീകര സംഘങ്ങള്‍ കുറേയൊക്കെ ശക്തി വീണ്ടെടുക്കുകയും ആക്രമണങ്ങള്‍ക്ക് കോപ്പു കൂട്ടുകയും ചെയ്‌തേക്കാമെന്ന് അമേരിക്കയും റഷ്യയും യൂറോപ്യന്‍ രാഷ്ട്രങ്ങളും സംശയിക്കുന്നുണ്ട്. അതിനാല്‍ ഇത്തരം സംഘങ്ങള്‍ക്കെതിരെ കടുത്ത നിലപാടുമായി അവര്‍ മുന്നോട്ടുപോകും. രാഷ്ട്രീയ അസ്ഥിരതയും സാമ്പത്തിക മാന്ദ്യവും അറബ് ലോകത്ത് ദാഇശ്-ഖാഇദാദികള്‍ക്ക് തിരിച്ചുവരാനുള്ള വഴിയൊരുക്കും എന്ന് സംശയിക്കുന്നവരും ഏറെ. 

(ഐ.എസിനെയും അല്‍ഖാഇദയെയും കുറിച്ച് സവിശേഷം പഠനം നടത്തുന്ന ജോര്‍ദാനിയന്‍ കോളമിസ്റ്റാണ് ലേഖകന്‍)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (65-66)
എ.വൈ.ആര്‍

ഹദീസ്‌

തവക്കുലിന്റെ യാഥാര്‍ഥ്യം
സുബൈര്‍ കുന്ദമംഗലം