Prabodhanm Weekly

Pages

Search

2018 ജനുവരി 12

3034

1439 റബീഉല്‍ ആഖിര്‍ 24

വാസ്തുശില്‍പ വിസ്മയങ്ങള്‍ ഇസ്‌ലാമിക നാഗരികതയുടെ മാഹാത്മ്യമാണ്-2

എ.കെ അബ്ദുല്‍ മജീദ്

അബ്ബാസികളുടെ അവസാനകാലത്ത് മുസ്‌ലിം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്വതന്ത്ര ഭരണകൂടങ്ങള്‍ പിറവിയെടുക്കുകയും വാസ്തുവിദ്യയില്‍ പ്രാദേശിക ഭേദങ്ങള്‍ ഉടലെടുക്കുകയും ചെയ്തു. ചെറിയ ചെറിയ ആരാധനാലയങ്ങള്‍ പുത്തന്‍ കലാസങ്കേതങ്ങളുടെ പരീക്ഷണ അരങ്ങുകളായി ഉയിര്‍ക്കൊണ്ടു. സ്‌പെയിന്‍, മൊറോക്കോ, തുനീഷ്യ, ഈജിപ്ത്, സിറിയ, പേര്‍ഷ്യ, മധ്യേഷ്യ, അറേബ്യ, തുര്‍ക്കി, അനാത്തോലിയ, ഇന്ത്യ എന്നിവിടങ്ങളില്‍ പുതിയ വാസ്തുസമ്പ്രദായങ്ങള്‍ ഉദയം ചെയ്തു. സല്‍ജൂഖി ഭരണാധികാരികള്‍ ഇസ്ഫഹാനില്‍ പുതിയ മാതൃകയിലുള്ള മസ്ജിദുകള്‍ നിര്‍മിച്ചു. തൂണുകള്‍ക്ക് പകരം തുറന്ന ബാരല്‍ ആകൃതിയിലുള്ള കമാനങ്ങളാണ് ഇസ്ഫഹാനിലെ പള്ളികളില്‍ കാണുക. ഇസ്ഫഹാനില്‍ സഫവി ഭരണകാലത്ത് നിര്‍മിച്ച ശാഹ് മസ്ജിദ് (നിര്‍മാണകാലം 1611-1629) പേര്‍ഷ്യന്‍-ഇസ്‌ലാമിക വാസ്തുവിദ്യയുടെ ഉജ്ജ്വല മാതൃകയത്രെ. സഫവികള്‍ തങ്ങളുടെ കലാവിരുത് മുഴുവന്‍ ഈ പള്ളിയുടെ നിര്‍മാണത്തില്‍ പ്രയോഗിക്കുകയുണ്ടായി. സല്‍ജൂഖികളുടെ തുറന്ന ബാരല്‍ ആകൃതിയിലുള്ള കമാനങ്ങള്‍ (ഇവാന്‍) ഇതില്‍ സ്വീകരിച്ചു. ഇസ്‌ലാമിക വാസ്തുവിദ്യയില്‍ തൂണുകളുടെ നിരകളുള്ള അകത്തളത്തില്‍നിന്ന് (ഒ്യുീേ്യെഹല) പുതിയ രീതിയിലേക്കുള്ള മാറ്റത്തെയാണ് ഇത് അടയാളപ്പെടുത്തുന്നത്. ചതുര്‍ ഇവാന്‍ മാതൃക പള്ളിക്ക് നടുമുറ്റത്തോടു കൂടിയ ചതുരാകൃതി സമ്മാനിച്ചു. വിശാലമായ കവാടങ്ങള്‍ ആധ്യാത്മിക ലോകത്തേക്കുള്ള ഗാംഭീര്യമാര്‍ന്ന പ്രവേശന മാര്‍ഗങ്ങളുടെ പ്രതീതി സൃഷ്ടിച്ചു.

സ്‌പെയിനിലെ 'ഖല്‍അതുല്‍ ഹംറാഅ്' (ചുവന്ന കോട്ട) ആണ് ഇസ്‌ലാമിക വാസ്തുവിദ്യയിലെ ഒരത്ഭുത സാന്നിധ്യം. ഗ്രാനഡയിലാണ് കൊട്ടാരവും കോട്ടയും ചേര്‍ന്ന ഈ സൗധ സമുച്ചയം സ്ഥിതി ചെയ്യുന്നത്. ക്രി.വ 889-ല്‍ ഒരു ചെറിയ കോട്ട എന്ന നിലയിലാണ് ഇതിന്റെ നിര്‍മാണാരംഭം. പതിമൂന്നാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ അമീര്‍ മുഹമ്മദുബ്‌നു അല്‍ അഹ്മര്‍ ഇത് പുതുക്കിപ്പണിതു. 1333-ല്‍ സുല്‍ത്താന്‍ യൂസുഫ് ഒന്നാമനാണ് ഇതിനെ കൊട്ടാരമായി വിപുലീകരിച്ചത്. 740 മീറ്റര്‍ ഉയരവും 205 മീറ്റര്‍ വീതിയുമുണ്ട് ഇതിന്. ഏതാണ്ട് 35 ഏക്കര്‍ സ്ഥലത്ത് ഇത് വ്യാപിച്ചു കിടക്കുന്നു. ഒരു വലിയ സൂഖും (ചന്ത) രാജപാതയും അല്‍ഹംറക്കകത്തുണ്ട്. പള്ളികളും സ്‌നാന ഗൃഹങ്ങളുമുണ്ട്. 'അല്‍ ഖസ്വബ' എന്നറിയപ്പെടുന്ന കോട്ടയാണ് അല്‍ഹംറയുടെ പ്രധാന ഭാഗം. കലാ മേന്മക്ക് പ്രസിദ്ധമാണ് കോട്ടയുടെയും കോട്ടക്കകത്തെ പ്രത്യേക മന്ദിരങ്ങളുടെയും നിര്‍മാണരീതി. അല്‍ഹംറയെ കുറിച്ച് നിരവധി ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ട്. അനേകം പ്രശസ്ത കൃതികളില്‍ ഇതേക്കുറിച്ചുള്ള വര്‍ണനകളുണ്ട്. ഓരോ അലങ്കാര വേലയും ഒന്നിനൊന്നു മെച്ചപ്പെട്ടതും നയനാനന്ദം പകരുന്നവയുമാണ്.

ഇസ്‌ലാമിക വാസ്തുവിദ്യയുടെ ആരെയും വിസ്മയിപ്പിക്കുന്ന പ്രദര്‍ശന ശാലയാണ് ഉസ്മാനിയാ (ഒട്ടോമന്‍) ഖിലാഫത്തിന്റെ ആസ്ഥാനമായിരുന്ന ഇസ്തംബൂള്‍. കോണ്‍സ്റ്റാന്റിനോപ്പ്ള്‍ കീഴടക്കുന്നതിനു മുമ്പുതന്നെ തുര്‍ക്കിയുടെ മണ്ണില്‍ മുസ്‌ലിം വാസ്തുവിദ്യയുടെ തുടക്കം കുറിച്ചിരുന്നു. സുല്‍ത്താന്‍ അയ്യൂബ് പള്ളി, ഫാതിഹ് പള്ളി, ടോപ്പ് കാപി കൊട്ടാരം, ഗ്രാന്റ് ബസാര്‍, സപ്ത ഗോപുര കോട്ട, സുല്‍ത്താന്‍ അഹ്മദ് പള്ളി, ബോസ്ഫറസ് പാലത്തിനു സമീപമുള്ള ഒര്‍തകോയ് മസ്ജിദ്, അക്‌സറായ് വലീദ് സുല്‍ത്താന്‍ മസ്ജിദ്, യില്‍ദിസ് ഹാമിദിയാ പള്ളി, റുസ്തം പാഷ പള്ളി ഇവയെല്ലാം ഇസ്‌ലാമിക വാസ്തുവിദ്യക്ക് ഉസ്മാനികളുടെ സംഭാവനകളാണ്. മധ്യഭാഗത്ത് ഖുബ്ബകളുള്ള പള്ളികള്‍ ആരംഭിച്ചത് ഉസ്മാനികളാണ്. പ്രാര്‍ഥനാ ഹാളിനു മുകളിലായി വലിയ ഖുബ്ബകള്‍ അവര്‍ പണിതു. മധ്യഭാഗത്തെ വലിയ ഖുബ്ബ കൂടാതെ വശങ്ങളില്‍ ചെറിയ ഖുബ്ബകളും അവര്‍ നിര്‍മിച്ചിരുന്നു.

ഏഴാം ശതകത്തിലാണ് പേര്‍ഷ്യ ഇസ്‌ലാമിനധീനമാവുന്നത്. ഏതാനും നൂറ്റാണ്ടുകള്‍ കൊണ്ട് പേര്‍ഷ്യയെ മുസ്‌ലിംകള്‍ മനോഹരങ്ങളായ നഗരങ്ങളാക്കി മാറ്റി. നിശാപൂര്‍, ഇസ്ഫഹാന്‍, തിബ് രീസ് നഗരങ്ങളും അവിടങ്ങളില്‍ പണിതുയര്‍ത്തിയ സൗധങ്ങളും വാസ്തുവിദ്യയുടെ ചരിത്രത്തിലെ അവഗണിക്കാനാവാത്ത ഈടുവെപ്പുകളാണ്. രൂപഘടന, സൗന്ദര്യം, അലങ്കാരം എന്നിവയിലുള്ള വൈവിധ്യമാണ് ഇറാന്‍-ഇസ്‌ലാമിക വാസ്തുശില്‍പങ്ങളുടെ പ്രത്യേകത. കലിഗ്രഫി, ചില്ലുകള്‍ കൊണ്ടുള്ള അലങ്കാരങ്ങള്‍, മൊസൈക്ക് ഇവ ഇറാനിലെ പള്ളികളുടെ പ്രത്യേകതയാണ്. പതിനഞ്ച് മുതല്‍ പതിനേഴ് വരെയുള്ള നൂറ്റാണ്ടുകളാണ് ഇറാനിലെ ഇസ്‌ലാമിക വാസ്തുവിദ്യയുടെ സുവര്‍ണ കാലം. ഖുറാസാനിലെയും ഇസ്ഫഹാനിലെയും തിബ്‌രീസിലെയും മസ്ജിദുകള്‍ തദ്ദേശീയ അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിച്ച് തദ്ദേശീയ രീതികളില്‍ നിര്‍മിക്കപ്പെട്ടവയാണ് എന്നത് പ്രത്യേകം പരാമര്‍ശമര്‍ഹിക്കുന്നു. അലങ്കാരങ്ങളില്‍ ദീക്ഷിക്കപ്പെട്ടിട്ടുള്ള ജ്യാമിതീയവും ഗണിതപരവുമായ കൃത്യതയും ശ്രദ്ധേയമത്രെ.

പ്രവാചകന്റെ ജീവിത കാലത്തുതന്നെ ഇസ്‌ലാമിനു വേരോട്ടം ലഭിച്ച പ്രദേശമാണ് ചൈന. പ്രവാചക ശിഷ്യന്‍ സഅ്ദുബ്‌നു അബീവഖാസിന്റെ നേതൃത്വത്തിലുള്ള പ്രബോധക സംഘമാണ് ചൈനയില്‍ ഇസ്‌ലാമിന്റെ പ്രചാരണത്തിനു തുടക്കം കുറിച്ചത്. അറബി വ്യാപാരികളും ചൈനീസ് ഭരണാധികാരികളും തമ്മിലുണ്ടായിരുന്ന ഊഷ്മളമായ സൗഹൃദ ബന്ധം ചൈനയെ ഇസ്‌ലാമിക സംസ്‌കാരത്തിന്റെ വേറിട്ട കേന്ദ്രമാക്കി. മുസ്‌ലിം വാസ്തുവിദ്യയില്‍ അന്യാദൃശമായ ഒരു പാരമ്പര്യത്തിന് ചൈന കളമൊരുക്കി. മുസ്‌ലിം ലോകത്തെ സാധാരണ പള്ളികളുടേതില്‍നിന്ന് ഭിന്നമാണ് ടാന്‍ഗ് കാലഘട്ടത്തില്‍ നിര്‍മിക്കപ്പെട്ട ക്‌സിയാങിലെയും മിംഗ് രാജവംശത്തിന്റെ കാലത്ത് നിര്‍മിച്ച ജിനാനിലെയും വലിയ മസ്ജിദുകള്‍. പരമ്പരാഗത ചൈനീസ് വാസ്തുവിദ്യ ഉപയോഗിച്ചാണ് ഇവ നിര്‍മിച്ചിരിക്കുന്നത്. പഗോഡകളോടാണ് ഇവക്ക് രൂപസാദൃശ്യം. ലിന്‍ഗ്ഷാന്‍ പര്‍വതത്തിന്റെ താഴ്‌വരയിലെ 'വിശുദ്ധ ഖബ്‌റിടങ്ങള്‍' ആണ് മറ്റൊരു വസ്തുവിദ്യാ മാതൃക. പടിഞ്ഞാറന്‍ ചൈനയിലെ പള്ളികള്‍ക്ക് മധ്യപൗരസ്ത്യദേശത്തെ പള്ളികളോട് സാമ്യം കാണാം. മിനാരങ്ങളും കമാനങ്ങളും ഖുബ്ബകളും അവക്കുണ്ട്. വടക്കു പടിഞ്ഞാറന്‍ ചൈനയില്‍ ഹുയികന്‍ പണിത പള്ളികള്‍ കിഴക്കിന്റെയും പടിഞ്ഞാറിന്റെയും നിര്‍മാണ രീതികള്‍ സംയോജിപ്പിച്ചവയാണ്.

ഇന്ത്യന്‍ സംസ്‌കാരത്തിനു മൗലിക സംഭാവനകള്‍ നല്‍കിയ അഞ്ഞൂറു വര്‍ഷത്തെ മുസ്‌ലിം ഭരണം എക്കാലത്തും അഭിമാനിക്കാവുന്ന വാസ്തുശില്‍പങ്ങളാണ് ഇവിടെ ബാക്കിവെച്ചത്. ഇന്തോ-ഇസ്‌ലാമിക് ആര്‍ക്കിടെക്ചര്‍ സവിശേഷ പഠനമര്‍ഹിക്കുന്ന വിശാലമായ വിഷയമാണ്. ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്നു ഈ വാസ്തുവിദ്യാ പൈതൃകം. മതപരവും മതേതരവുമായ സൗധങ്ങളെ ഇന്തോ-ഇസ്‌ലാമിക് വാസ്തുവിദ്യ സ്വാധീനിച്ചിട്ടുണ്ട്. ദല്‍ഹി സല്‍ത്തനത്തിന്റെ പ്രതാപം വിളിച്ചോതുന്ന ഖുത്വ്ബ് മിനാര്‍ ദല്‍ഹിയുടെ അഭിമാനസ്തംഭമാണ്. ഖുത്വ്ബുദ്ദീന്‍ ഐബക്ക് ആണ് ഇതിന്റെ പ്രവൃത്തി ആരംഭിച്ചത്. ഇല്‍ത്തുമിഷ് പൂര്‍ത്തിയാക്കി. എഴുപത്തിമൂന്ന് മീറ്ററാണ് ഖുത്വ്ബ് മിനാറിന്റെ ഉയരം. 379 പടവുകളുള്ള പിരിയന്‍ ഗോവണി വഴി മുകളിലേക്ക് കയറാം. ഖുവ്വത്തുല്‍ ഇസ്‌ലാം മസ്ജിദിന്റെ പുറത്താണ് മിനാരം. അലാഇ ദര്‍വാസയാണ് പള്ളിക്ക് പുറമെ സമുച്ചയത്തിനകത്തെ മറ്റൊരു വാസ്തുശില്‍പം. 1526 മുതല്‍ 1746 വരെയുള്ള മുഗള്‍ ഭരണകാലം വാസ്തുവിദ്യയില്‍ വലിയ വിസ്മയങ്ങള്‍ സൃഷ്ടിച്ചു. താജ്മഹല്‍, ചെങ്കോട്ട, ദല്‍ഹി ജുമാ മസ്ജിദ്, ആഗ്ര കോട്ട, ഫത്തേപൂര്‍ സിക്രി എന്നിവ അവയില്‍ ചിരസ്മരണീയങ്ങളാണ്. ദക്ഷിണേന്ത്യയില്‍ ബീജാപൂര്‍ സുല്‍ത്താന്‍ മുഹമ്മദ് ആദില്‍ഷായുടെ അന്ത്യവിശ്രമ സ്ഥാനമായ 'ഗോല്‍ഗുംബസ്' (1656-ല്‍ പണി പൂര്‍ത്തിയായി), ഹൈദരാബാദിലെ മക്കാ മസ്ജിദിനോട് ചേര്‍ന്ന് അഞ്ചാമത്തെ ഖുത്വ്ബ്ഷാ പണി കഴിപ്പിച്ച (1591) ചാര്‍മിനാര്‍ ഇവയും ഇന്തോ-ഇസ്‌ലാമിക വാസ്തുവിദ്യയില്‍ സവിശേഷ സ്ഥാനമലങ്കരിക്കുന്നവയാണ്.

ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ ഈജിപ്തിനു പുറമെ ടിംബക്തു ഉള്‍പ്പെടെ നിരവധി മുസ്‌ലിം പ്രദേശങ്ങളില്‍ ഇസ്‌ലാമിക വാസ്തുവിദ്യയുടെ വ്യത്യസ്ത മാതൃകകള്‍ കാണാവുന്നതാണ്.

 

സവിശേഷതകളും പ്രതീകാത്മകതയും

നടേ ആനുഷംഗികമായി സൂചിപ്പിച്ചതുപോലെ ഇസ്‌ലാം തദ്ദേശീയ കലകളെ നിശ്ശേഷം നിഹനിക്കുകയോ നാമാവശേഷമാക്കുകയോ ചെയ്തിട്ടില്ല. പ്രത്യുത അവയെ പരമാവധി സംരക്ഷിക്കുകയും സ്വാംശീകരിക്കുകയുമാണ് ചെയ്തത്. അതിനാല്‍ ഇസ്‌ലാമിക വാസ്തുവിദ്യയില്‍ വ്യത്യസ്ത തദ്ദേശീയ മാതൃകകളുടെ സങ്കലനം സ്വാഭാവികമായ രീതിയില്‍ സംഭവിക്കുകയുണ്ടായി. ഗ്രീക്ക്, റോമന്‍ പാരമ്പര്യത്തില്‍പെടുന്ന ബൈസാന്റിയന്‍ വാസ്തുവിദ്യയുടെ ഒട്ടേറെ ഘടകങ്ങള്‍ ഇസ്‌ലാമിക വാസ്തുവിദ്യയുടെ അനുപേക്ഷ്യ ഘടകങ്ങളായിത്തീര്‍ന്നു. അതോടൊപ്പം മെസപ്പൊട്ടേമിയന്‍, പേര്‍ഷ്യന്‍ പാരമ്പര്യവും ഇസ്‌ലാമിക വാസ്തുവിദ്യയില്‍ വിളക്കിച്ചേര്‍ക്കപ്പെട്ടു. ഉമവീ, അബ്ബാസീ കാലഘട്ടങ്ങളിലെ ഇസ്‌ലാമിക നിര്‍മിതികളില്‍ മേല്‍ സൂചിപ്പിച്ച രണ്ട് പാരമ്പര്യങ്ങളുടെയും മേളനം പ്രകടമായിരുന്നു.

സംസ്‌കാര പഠനത്തിലെ പുതിയ സമീപന പ്രകാരം പ്രാചീന വാസ്തുവിദ്യയില്‍നിന്ന് ഇസ്‌ലാമിക വാസ്തുവിദ്യയിലേക്കുള്ള മാറ്റം സാംസ്‌കാരിക പരിവര്‍ത്തനത്തിന്റെ തുടര്‍ച്ചയെയാണ് അടയാളപ്പെടുത്തുന്നത്. പഴയതിനെ പൂര്‍ണമായി നിരാകരിച്ചുകൊണ്ടല്ല ഒരു പുതിയ സംസ്‌കാരവും ഉടലെടുക്കുന്നത്. പഴയതിന്റെ കാലാനുസൃതമായ നവീകരണമാണ് സംഭവിക്കുന്നത്. വാസ്തുവിദ്യയില്‍ വന്ന മാറ്റങ്ങളെയും ഈ വിധത്തിലാണ് കാണേണ്ടതെന്ന് പുതിയ ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. മാറ്റങ്ങള്‍ പഴയതിനെ അപ്രസക്തമാക്കുകയല്ല, മറിച്ച് ശാക്തീകരിക്കുകയാണ് ചെയ്യുന്നത്. ഈ കാഴ്ചപ്പാടനുസരിച്ച് ഉമവികളും അബ്ബാസികളും പൂര്‍വ സംസ്‌കൃതികളിലെ വാസ്തുശില്‍പ മാതൃകകളെ നവീകരിച്ചു ശക്തിപ്പെടുത്തുകയാണ് ചെയ്തത്.

ഇസ്‌ലാമിക വാസ്തുവിദ്യ പ്രകൃതിസൗഹൃദപരമായിരുന്നു എന്ന ഒരു പ്രത്യേകത ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. എല്ലാ നിര്‍മിതികളോടും ചേര്‍ന്ന് പൂന്തോട്ടങ്ങള്‍ വെച്ചുപിടിപ്പിച്ചിരുന്നു. തണുപ്പും ചൂടും ക്രമീകരിക്കുക, മതിയായ വായുസഞ്ചാരം ഉറപ്പുവരുത്തുക, കാറ്റും വെളിച്ചവും ശരിയായ രീതിയിലാക്കുക തുടങ്ങിയവയെല്ലാം നിര്‍മാണ വിദ്യയില്‍ പ്രാധാന്യത്തോടെ പരിഗണിക്കപ്പെട്ടു. പരിസ്ഥിതിയോട് ഇണങ്ങുന്ന സാമഗ്രികളാണ് നിര്‍മാണത്തിനുപയോഗിച്ചത്. ജലധാരയും ജലസംഭരണിയും പള്ളികളോട് ചേര്‍ന്നു സജ്ജീകരിക്കുകയുണ്ടായി. 'ഹൗദു'കള്‍ പള്ളികളുടെ അനുപേക്ഷ്യ ഘടകമായിരുന്നു.

വാസ്തുവിദ്യക്ക് ഉസ്മാനീ തുര്‍ക്കികള്‍ നല്‍കിയ സംഭാവനയാണ് മന്ദിരങ്ങളുടെ മധ്യഭാഗത്തായി പണിത ഭീമന്‍ ഖുബ്ബകള്‍. ബൈസാന്റിയന്‍ വാസ്തുവിദ്യയില്‍ നേരത്തേതന്നെ ഉണ്ടായിരുന്ന ഖുബ്ബകളെ നവീകരിക്കുകയാണ് ഉസ്മാനികള്‍ ചെയ്തത്. രണ്ട് അര്‍ധ കുംഭങ്ങളുള്ള സുലൈമാനിയാ മസ്ജിദ് വാസ്തുവിദ്യയുടെ ചരിത്രത്തിലെ തന്നെ ഒരു പുതുമയായിരുന്നു. ഖുബ്ബകളെപ്പോലെ ഇസ്‌ലാമിക വാസ്തുവിദ്യയുടെ ഒരു സിവിശേഷ ഘടകമാണ് വില്ലുപോലെ വളഞ്ഞുനില്‍ക്കുന്ന മേല്‍ക്കൂരകള്‍. 'മുഖര്‍നസ്വ്' എന്നാണ് അറബിയില്‍ ഇതിനു പറയുന്ന പേര്. കമാനാകൃതിയില്‍ ഉള്‍വശം സജ്ജീകരിക്കുന്ന നിര്‍മാണ രീതിയാണത്. ചെറിയ ചെറിയ പാത്രങ്ങള്‍ കമിഴ്ത്തിവെച്ചതുപോലെയുള്ള മേല്‍ക്കൂരകള്‍ ഇറാനിലെയും സ്‌പെയിനിലെയും ഉത്തരാഫ്രിക്കയിലെയും ഇസ്‌ലാമിക സൗധങ്ങളിലാണ് കൂടുതലായും കാണുന്നത്.

'സ്വഹ്ന്‍' എന്ന് അറബിയില്‍ വിളിക്കുന്ന വിശാലമായ നടുമുറ്റങ്ങളാണ് ഇസ്‌ലാമിക വാസ്തുവിദ്യയുടെ മറ്റൊരു സവിശേഷത. സൗന്ദര്യവത്കരണത്തിനു പുറമെ പ്രായോഗികമായ ഉദ്യാനങ്ങളും നടുമുറ്റങ്ങള്‍ക്കുണ്ടായിരുന്നു. നിരവധി സാമൂഹിക സന്ദര്‍ഭങ്ങള്‍ക്ക് പള്ളികള്‍ വേദിയായിരുന്നതിനാലും വിശേഷാവസരങ്ങളിലെ ജനബാഹുല്യം ഉള്‍ക്കൊള്ളേണ്ടതുള്ളതിനാലും നടുമുറ്റങ്ങള്‍ ആവശ്യമായിരുന്നു.

ഇസ്‌ലാമിക വാസ്തുവിദ്യയുടെ ശ്രദ്ധേയമായ സവിശേഷതയാണ് ആകാശത്തേക്ക് ഉയര്‍ന്നുനില്‍ക്കുന്ന മിനാരങ്ങള്‍. മരങ്ങളില്ലാത്ത മരുഭൂമിയില്‍ മിനാരങ്ങള്‍ എളുപ്പം ശ്രദ്ധിക്കപ്പെട്ടു. മരുഭൂമിയുടെ ഏകതാനതയെ ഭേദിക്കുന്ന നിര്‍മിതികളായിരുന്നു മിനാരങ്ങള്‍.  മിനാരങ്ങളുടെ രൂപങ്ങള്‍ കാല ദേശാനുസൃതമായി വൈവിധ്യം പുലര്‍ത്തുന്നവയാണ്. വൃത്തം, ചതുരം, പിരിയന്‍, അഷ്ടഷ്ടകോണ്‍ ഇങ്ങനെ പല രൂപങ്ങളിലുള്ള മിനാരങ്ങള്‍ വിവിധ നാടുകളിലെ നിര്‍മാണ വിദഗ്ധര്‍ വിവിധ കാലങ്ങളില്‍ രൂപപ്പെടുത്തുകയുണ്ടായി. നമസ്‌കാരത്തിനുള്ള ക്ഷണം (അദാന്‍/ബാങ്ക്) നഗരവാസികളെ മുഴുവന്‍ കേള്‍പ്പിക്കുന്നതിനു വേണ്ടി (ഉച്ചഭാഷിണികളില്ലാത്ത കാലത്ത്) മിനാരങ്ങളുടെ മുകളില്‍നിന്നാണ് അവ നിര്‍വഹിച്ചിരുന്നത്. മുകളില്‍ ആള്‍ക്കു നില്‍ക്കാന്‍ പറ്റിയ അറയോടു കൂടിയ കമാനാകൃതിയിലുള്ള എടുപ്പും അതിനെ താങ്ങിനിര്‍ത്തുന്ന ദൈര്‍ഘ്യമേറിയ തണ്ടും താഴെ വിശാലമായ അടിത്തറയും ചേര്‍ന്നതായിരുന്നു മിനാരങ്ങളുടെ പൊതു ഘടന. ഉഷ്ണ കാലാവസ്ഥകളില്‍ വായു സഞ്ചാരത്തെ ക്രമീകരിക്കുന്നതിന് പ്രയോജനപ്പെടുന്ന രീതിയിലായിരുന്നു കിഴക്കന്‍ പ്രദേശങ്ങളിലെ മിനാര നിര്‍മിതി. വിശാലമായ ജനവാതിലുകളോടു കൂടിയ മിനാരങ്ങളാണ് അവര്‍ പണിതത്. മിനാരത്തിന്റെ ഭാഗമായി നിര്‍മിച്ച ഖുബ്ബകള്‍ തണുത്ത വായുവിന്റെ പ്രവാഹം ഉറപ്പുവരുത്തി. കമാനാകൃതിയിലുള്ള മേല്‍ക്കൂരയും ഇതേ ധര്‍മം നിര്‍വഹിച്ചു. മുസ്‌ലിം പള്ളികള്‍ തിരിച്ചറിയുന്നതിനുള്ള ഏറ്റവും ദൃശ്യതയുള്ള അടയാളം എന്ന ധര്‍മവും മിനാരങ്ങള്‍ നിര്‍വഹിക്കുന്നു. പ്രവാചകന്റെ വിയോഗത്തിനു ശേഷം എണ്‍പതു വര്‍ഷങ്ങള്‍ കഴിഞ്ഞാണ് മസ്ജിദുകളില്‍ മിനാരങ്ങള്‍ ഇടം പിടിക്കുന്നത്. സിറിയന്‍ ചര്‍ച്ചുകളില്‍നിന്നാണ് ഈ നിര്‍മിതിരൂപം മുസ്‌ലിംകള്‍ കടമെടുത്തത്. ഒരു പള്ളിക്ക് എത്ര മിനാരങ്ങള്‍ എന്നതിനു പ്രത്യേക കണക്കില്ല. ഒറ്റ മിനാരമുള്ളവയും ഇരട്ട മിനാരമുള്ളവയും ആറു മിനാരങ്ങള്‍ വരെയുള്ളവയുമായ മസ്ജിദുകള്‍ ഉണ്ട്. ഭൂമിയെയും ആകാശത്തെയും ബന്ധിപ്പിക്കുന്ന ഗോപുരങ്ങളായും ഏകത്വത്തിന്റെ പ്രതീകമായും വിജയത്തിന്റെ സ്തംഭമായുമെല്ലാം മിനാരം വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്.

ഇസ്‌ലാമിക വാസ്തുവിദ്യയുടെ ഒരു പൊതു സവിശേഷതയാണ് വ്യത്യസ്ത അലങ്കാര രൂപങ്ങള്‍. ജ്യാമിതീയവും ഗണിതപരവുമായ ചിത്ര രൂപങ്ങള്‍, പുഷ്പ രൂപങ്ങളും ഇലകളും വള്ളിപ്പടര്‍പ്പിലെന്ന പോലെ ചിത്രീകരിക്കുന്ന അറബസ്‌ക്, കലിഗ്രഫി ആലേഖനങ്ങള്‍ ഇവയാണ് പ്രധാന അലങ്കാരങ്ങള്‍. ആള്‍രൂപങ്ങളോ ചിത്രങ്ങളോ ശില്‍പങ്ങളോ ഇല്ലാതെ ചുമരുകള്‍ അലങ്കരിക്കുന്നതിന് ജ്യാമിതീയ രൂപങ്ങളെയാണ് മുസ്‌ലിം കലാകാരന്മാര്‍ അവലംബിച്ചത്. ആര്‍ക്കേഡുകള്‍, സ്തംഭ നിരകളുള്ള ഹാളുകള്‍, തുറന്ന സ്ഥലങ്ങള്‍, കവാടങ്ങള്‍, മുഖപ്പുകള്‍ ഇവയുടെ നിര്‍മാണ രീതികള്‍ തന്നെ കലാപരമാക്കിയും നിര്‍മിതികളെ ആകര്‍ഷകമാക്കാന്‍ നിര്‍മാണ കലാകാരന്മാര്‍ ശ്രദ്ധ ചെലുത്തി. അനന്തതയെ സൂചിപ്പിക്കുന്ന അമൂര്‍ത്തത ഇസ്‌ലാമിക ദൃശ്യാലങ്കാരങ്ങളുടെ പ്രത്യേകതയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്രകൃതി രൂപങ്ങളെ യഥാതഥം ചിത്രീകരിക്കാതെ അമൂര്‍ത്താശയങ്ങളെ പ്രതിനിധീകരിക്കുന്ന ജ്യാമിതീയ രൂപങ്ങള്‍ സൃഷ്ടിക്കുക വഴി സൗന്ദര്യത്തിന്റെ പുതിയ വിതാനങ്ങള്‍ തേടുകയായിരുന്നു മുസ്‌ലിം സൗന്ദര്യബോധം. ആവര്‍ത്തനം, അനുക്രമ വികാസം, മോഡുലാര്‍ ഘടന, ആഖ്യാനത്തിലെയും ആകൃതിമാറ്റത്തിലെയും ചടുലത, വിന്യാസത്തിലെ സമഗ്രതയും സങ്കീര്‍ണതയും, ഒഴിവിടങ്ങളുടെ ക്രമീകരണം ഇവയെല്ലാം ഇസ്‌ലാമിന്റെ പ്രപഞ്ചവീക്ഷണത്തെ പ്രകാശിപ്പിക്കുന്നതായും റജാ ഫാറൂഖിയെയും ഹുസൈന്‍ നസ്‌റിനെയും പോലുള്ള ഇസ്‌ലാമിക കലാ മര്‍മജ്ഞര്‍ നിരീക്ഷിക്കുന്നുണ്ട്. റജാ ഫാറൂഖിയുടെ 'കള്‍ച്ചറല്‍ അറ്റ്‌ലസ് ഓഫ് ഇസ്‌ലാം', നസ്‌റിന്റെ 'ഇസ്‌ലാമിക് ആര്‍ട്ട് ആന്റ് സ്പിരിച്വാലിറ്റി' എന്നീ കൃതികള്‍ കാണുക. 

(അവസാനിച്ചു)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (65-66)
എ.വൈ.ആര്‍

ഹദീസ്‌

തവക്കുലിന്റെ യാഥാര്‍ഥ്യം
സുബൈര്‍ കുന്ദമംഗലം