Prabodhanm Weekly

Pages

Search

2018 ജനുവരി 12

3034

1439 റബീഉല്‍ ആഖിര്‍ 24

കൗമാരക്കാരെല്ലാം കുഴപ്പക്കാരാണോ?

ഡോ. ജാസിമുല്‍ മുത്വവ്വ

മിക്ക വായനക്കാരും പറഞ്ഞേക്കും: 'അതേ, കൗമാരക്കാരെല്ലാം കുഴപ്പക്കാരാണ്.' എന്നാല്‍, അതിശയപ്പെടേണ്ട. ശരിയായ ഉത്തരം 'കൗമാരക്കാരെല്ലാം കുഴപ്പക്കാരല്ല' എന്നതാണ്. പുതിയ പഠനങ്ങളും നിരീക്ഷണങ്ങളും വെളിപ്പെടുത്തുന്നത് ഈ വസ്തുതയാണ്.

1904-ലാണ് തുടക്കം. കൗമാരപ്രായക്കാരെകുറിച്ച് ഗവേഷണം നടത്തിയ അമേരിക്കന്‍ മനഃശാസ്ത്രജ്ഞന്‍ ജി. സ്റ്റാന്‍ലി ഹാല്‍ (1844-1924) ആണ് അഡോളസന്‍സ് സൈക്കോളജിയെക്കുറിച്ച് പുതിയ ചില നിരീക്ഷണങ്ങള്‍ മുന്നോട്ടുവെച്ചത്. ഈ പ്രായഘട്ടത്തെ ശാസ്ത്രീയ മാനദണ്ഡങ്ങളും രീതികളും ഉപയോഗിച്ച് വിശകലനം നടത്താനും അദ്ദേഹം ശ്രമിച്ചു. കൊടുങ്കാറ്റിന്റെയും പിരിമുറുക്കത്തിന്റെയും ഘട്ടമാണ് കൗമാരം എന്ന് അദ്ദേഹം നിരവധി പഠനങ്ങളിലൂടെ സമര്‍ഥിച്ചു. പ്രസിദ്ധ മനഃശാസ്ത്രജ്ഞന്‍ ഫ്രോയ്ഡിന്റെ പുത്രി ആന്‍ ഫ്രോയ്ഡ്, സ്റ്റാന്‍ലിയുടെ നിരീക്ഷണം ശരിവെക്കുകയും കൗമാരഘട്ടം അസ്വാഭാവികമായ സ്വഭാവ സവിശേഷതകളുടേതാണെന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്തു. വാര്‍ത്താ മാധ്യമങ്ങളും പ്രസിദ്ധീകരണങ്ങളും ഈ മനഃശാസ്ത്രജ്ഞരുടെ കണ്ടെത്തലുകള്‍ ഏറ്റുപിടിക്കുകയും അത്യുക്തി കലര്‍ത്തി അവ ലോകസമക്ഷം സമര്‍പ്പിക്കുകയും ചെയ്തതോടെ 'കൗമാരക്കാരെല്ലാം കുഴപ്പക്കാരാണ്' എന്ന സമവാക്യം പ്രചുരപ്രചാരം നേടി. ഹാലിയുടെ അഭിപ്രായത്തില്‍ കൗമാരപ്രായം, പ്രായപൂര്‍ത്തിയാവുന്ന 12-13 വയസ്സില്‍ തുടങ്ങി 22-25 വയസ്സില്‍ അവസാനിക്കുന്നതാണ്. വാര്‍ത്താ-പ്രക്ഷേപണ മാധ്യമങ്ങളാണ് കൗമാരഘട്ടം ജുഗുപ്‌സാവഹവും വിപല്‍ക്കരവും സംഘര്‍ഷഭരിതവുമായ പിരിമുറുക്കത്തിന്റെയും കലഹങ്ങളുടെയും ഘട്ടമാണെന്ന ധാരണയും പൊതുബോധവും ഉണ്ടാക്കിയത്. മനഃശാസ്ത്ര വിദഗ്ധരും കൗണ്‍സലര്‍മാരും നടത്തിയ നിരീക്ഷണങ്ങളും അഭിപ്രായപ്രകടനങ്ങളും ഈ കാഴ്ചപ്പാടിനെ പൊലിപ്പിച്ചു. 

സംഭവലോകത്തെ അനുഭവങ്ങള്‍ പഠിച്ചാല്‍ ബോധ്യപ്പെടുന്ന വസ്തുത, കൗമാരക്കാരിലെ ന്യൂനാല്‍ ന്യൂനപക്ഷം കുഴപ്പക്കാരും കലഹപ്രിയരുമാകുന്നത് അവര്‍ക്ക് കിട്ടുന്ന വിദ്യാഭ്യാസത്തിന്റെയും അവര്‍ ജീവിക്കുന്ന സമൂഹത്തിന്റെയും സ്വാധീന ഫലമായാണ് എന്നാണ്. അതേയവസരത്തില്‍ കൗമാരപ്രായക്കാരില്‍ മഹാഭൂരിപക്ഷവും സമാധാനത്തോടെ ഈ ഘട്ടം കടന്നുപോകുന്നവരാണ്. കൗമാരക്കാരില്‍ മിക്കവരും മാതാപിതാക്കളോട് നന്മയില്‍ വര്‍ത്തിക്കുന്നവരും അവരെ നന്നായി പരിചരിക്കുന്നവരും അവരോട് ദയയോടും അലിവോടും കാരുണ്യത്തോടും പെരുമാറുന്നവരും അങ്ങേയറ്റത്തെ ആദരവോടെയും മര്യാദയോടെയും അവരെ കേള്‍ക്കുന്നവരും അവരെ അനുസരിക്കുന്നവരുമാണ്. കൗമാര ഘട്ടത്തെ കലാപകലുഷമാക്കുന്നവര്‍ ഇരുപത് ശതമാനമേ വരൂ എന്നാണ് പുതിയ പഠനം. ഭൂരിപക്ഷവും നല്ല ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കുന്നവരാണ് കുടുംബങ്ങളില്‍.

ഞാന്‍ ഒരു സന്ദര്‍ഭം ഓര്‍ക്കുകയാണ്. കൗമാര ഘട്ടത്തെക്കുറിച്ച ട്രെയ്‌നിംഗ് വര്‍ക്‌ഷോപ്പില്‍ സംബന്ധിക്കുകയായിരുന്ന ഞാന്‍ സദസ്യരോട് ചോദിച്ചു: 'നിങ്ങളുടെ കൗമാരപ്രായക്കാരായ മക്കളില്‍നിന്ന് നിങ്ങള്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടോ?' അധികപേരും നല്‍കിയ മറുപടി 'ഇല്ല' എന്നായിരുന്നു. കൗമാരപ്രായക്കാരായ ആണ്‍മക്കളും പെണ്‍മക്കളുമുള്ള നിരവധി രക്ഷിതാക്കളോട് ഇതേ ചോദ്യം ഉന്നയിച്ചപ്പോഴുള്ള മറുപടിയെല്ലാം ഇല്ല എന്നു തന്നെ. ചിലരൊക്കെ ഉണ്ട് എന്ന മറുപടിയും നല്‍കിയെന്നത് മറക്കുന്നില്ല. കൗമാരപ്രായക്കാര്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ അലോസരപ്പെടുത്തുന്നതാണെങ്കില്‍ അത് അവര്‍ കടന്നുപോകുന്ന ഘട്ടത്തിന്റെ സ്വാഭാവികതക്ക് വിടുന്നതാണ് ഉചിതം. അവര്‍ തങ്ങളുടെ സ്വത്വം സ്ഥാപിച്ചെടുക്കാന്‍ നടത്തുന്ന ശ്രമത്തിന്റെ ഭാഗവുമാവാം അത്.

ഇനി, സംഘര്‍ഷഭരിതമായ ഘട്ടത്തിലൂടെ കടന്നുപോകുന്ന കൗമാരപ്രായക്കാരുടെ പ്രശ്‌നങ്ങള്‍ ഓരോന്നും വേറെ വേറെ പഠിച്ചാല്‍ ഒരു കാര്യം വ്യക്തമാകും. ഈ കേസുകളില്‍ മിക്കവയും ആരോഗ്യപരവും വിദ്യാഭ്യാസപരവും ശിക്ഷണപരവുമായ സങ്കീര്‍ണതകളുമായി ബന്ധപ്പെട്ടവയാണ്. തന്നെ പരിഗണിക്കുകയോ തന്നെ വിലമതിക്കുകയോ ആദരിക്കുകയോ ചെയ്യാത്ത, ഭദ്രത നഷ്ടപ്പെട്ട കുടുംബത്തില്‍നിന്നുള്ളവരാവും അവരില്‍ അധികവും. അത്തരം കുട്ടികള്‍ കുടുംബത്തോട് കലഹിക്കും, ശാഠ്യം പിടിക്കും, വാശി കാട്ടും, ധിക്കാരികളായി പെരുമാറും. കാരണം തങ്ങള്‍ കുടുംബത്തില്‍ പരിത്യക്തരും ഒറ്റപ്പെട്ടവരും അന്യരുമാണെന്ന ബോധമാണ് അവരെ അനുനിമിഷം വേട്ടയാടുന്നത്. ഉദാഹരണത്തിന് ജപ്പാനിലെ എണ്‍പത് മുതല്‍ തൊണ്ണൂറ് ശതമാനം വരെയുള്ള കൗമാരക്കാരും പറയുന്നത് ഞങ്ങള്‍ വളരെ ആഹ്ലാദകരമായ ജീവിതമാണ് നയിക്കുന്നത് എന്നാണ്. ഇന്ത്യയിലും ആഫ്രിക്കയുടെ വടക്കന്‍ മരുഭൂ ഭാഗങ്ങളിലും ദക്ഷിണ പൂര്‍വേഷ്യയിലും വസിക്കുന്ന മിക്ക കൗമാരപ്രായക്കാരും രക്ഷിതാക്കളോട് നല്ല ബന്ധം പുലര്‍ത്തുന്നവരാണ്. അറബ്‌നാടുകളിലും പ്രശ്‌നങ്ങളുണ്ടാക്കുന്ന കൗമാരക്കാര്‍ തുലോം കുറവാണ്. അമേരിക്കക്കാര്‍ നടത്തുന്ന പഠനം തങ്ങളുടെ രാജ്യത്തെ കൗമാരപ്രായക്കാരുടെ ശീലവും സ്വഭാവവും മുന്നില്‍വെച്ചാണ്. അത് മറ്റ് രാജ്യക്കാര്‍ക്ക് ബാധകമാവണം എന്നില്ല. പ്രശ്‌നങ്ങള്‍ ഉണ്ടെന്നിരുന്നാലും അവ ഊതിവീര്‍പ്പിച്ച് പര്‍വതീകരിക്കാതിരിക്കലാണ് ബുദ്ധിയും വിവേകവും. എന്നു വെച്ച് ഉളവാകുന്ന പ്രശ്‌നങ്ങളുടെ നേരെ കണ്ണ് ചിമ്മുകയും വേണ്ട. 

വിവ: പി.കെ ജമാല്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (65-66)
എ.വൈ.ആര്‍

ഹദീസ്‌

തവക്കുലിന്റെ യാഥാര്‍ഥ്യം
സുബൈര്‍ കുന്ദമംഗലം