Prabodhanm Weekly

Pages

Search

2018 ജനുവരി 12

3034

1439 റബീഉല്‍ ആഖിര്‍ 24

പുനരൈക്യത്തിനു ശേഷമുള്ള മുജാഹിദ് സംസ്ഥാന സമ്മേളനം

ബഷീര്‍ തൃപ്പനച്ചി

മുജാഹിദ് പ്രസ്ഥാനങ്ങളുടെ പുനരൈക്യത്തിനു ശേഷമുള്ള പ്രഥമ സംസ്ഥാന സമ്മേളനമാണ് 2017 ഡിസംബര്‍ 28 മുതല്‍ 31 വരെ നാലു ദിവസങ്ങളിലായി മലപ്പുറം ജില്ലയിലെ കൂരിയാട്ട് നടന്നത്. 'മതം: സഹിഷ്ണുത, സഹവര്‍ത്തിത്വം, സമാധാനം' എന്ന തലവാചകത്തില്‍ എട്ട് വേദികളില്‍ 80 സെഷനുകളായാണ് സമ്മേളനം അരങ്ങേറിയത്. അവതരിപ്പിക്കപ്പെട്ട നാനൂറ് പ്രബന്ധങ്ങള്‍ക്കും വ്യത്യസ്ത സെഷനുകളില്‍ നടന്ന പതിവ് സമ്മേളന ചര്‍ച്ചകള്‍ക്കുമപ്പുറം ബാഹ്യവും ആഭ്യന്തരവുമായി മുജാഹിദ് പ്രസ്ഥാനം നേരിടുന്ന പ്രതിസന്ധികള്‍ മൂര്‍ഛിക്കാതിരിക്കാനുള്ള ആസൂത്രണങ്ങളും ചുവടുവെപ്പുകളുമാണ് ഒമ്പതാം മുജാഹിദ് സംസ്ഥാന സമ്മേളനത്തെ ശ്രദ്ധേയമാക്കിയത്.

അഭിപ്രായ ഭിന്നതകള്‍ പൂര്‍ണമായി പരിഹരിച്ച ശേഷമായിരുന്നില്ല മുജാഹിദ് സംഘടനകള്‍  ഐക്യപ്പെട്ടത്. കേരളത്തിലെ സലഫി കൂട്ടായ്മകള്‍ തീവ്രവാദാരോപണങ്ങള്‍ അഭിമുഖീകരിക്കേണ്ടിവന്നത് ഐക്യത്തിലേക്കുള്ള വഴി എളുപ്പമാക്കുകയായിരുന്നു. ലയനത്തിനു ശേഷവും ചില തര്‍ക്കങ്ങളും അഭിപ്രായഭിന്നതകളും പുറത്തുവന്നിരുന്നു. ഭിന്നതയുടെ അത്തരം ചെറു  ആശങ്കകള്‍ നിലനില്‍ക്കെയാണ് സമ്മേളനം പ്രഖ്യാപിക്കപ്പെട്ടതും താഴെ തട്ടു മുതല്‍ അതിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഐക്യത്തോടെ സജീവമായതും. യാതൊരു സംഘടനാ വിവാദവും അഭിപ്രായ ഭിന്നതകളുമുണ്ടാവാതെ സമ്മേളനം പൂര്‍ത്തിയായാല്‍ അതുതന്നെ സംഘടനാപരമായി ഐക്യത്തിന്റെ പാതയില്‍ മുന്നോട്ടുപോകാന്‍ മുജാഹിദ് പ്രസ്ഥാനത്തിന് മുതല്‍ക്കൂട്ടാവുമായിരുന്നു. ഈ അര്‍ഥത്തില്‍ സമ്മേളനം നല്‍കിയ ഊര്‍ജം ഉള്‍ക്കൊണ്ടാണ് സമാപന സമ്മേളനത്തിലെ അധ്യക്ഷ പ്രസംഗത്തില്‍ 'നമുക്കിടയില്‍ ചില അഭിപ്രായ ഭിന്നതകളുണ്ടെന്നും അത് സ്വാഭാവികമാണെന്നും വൈകാതെ അവയെല്ലാം പരിഹരിക്കുമെന്നും അതൊന്നും ഐക്യത്തിന്റെ പാതയിലെ മുന്നോട്ടുപോക്കിന് തടസ്സമാകില്ലെന്നും' ടി.പി അബ്ദുല്ലക്കോയ മദനി തുറന്നുപറഞ്ഞത്.

ഐ.എസ് ഭീകരതയുടെ പശ്ചാത്തലത്തില്‍ കേരളത്തിലടക്കം സലഫിസത്തെ തീവ്രവാദവുമായി ചേര്‍ത്തവതരിപ്പിക്കുന്ന പ്രവണത ഉടലെടുത്തിരുന്നു. അത്തരം വാദങ്ങള്‍ക്ക് ശക്തിപകരുന്ന ഐ.എസിന്റെ പേരിലുള്ള ചില വേട്ടകള്‍ കേരളത്തില്‍ അരങ്ങേറുകയും ചെയ്തു. ഐ.എസിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടവരെന്നു പറഞ്ഞ് എന്‍.ഐ.എ പുറത്തുവിട്ട മലയാളി പേരുകളധികവും സലഫി പശ്ചാത്തലമുള്ളവരാണെന്ന റിപ്പോര്‍ട്ടുകളും മുഖ്യധാരാ മാധ്യമങ്ങള്‍ ഏറ്റുപിടിച്ചു. സാകിര്‍ നായിക്കിന്റെ പിറകെ പോയ എന്‍.ഐ.എ അതിന്റെ തുടര്‍ച്ചയായി പീസ് സ്‌കൂളുകളിലേക്കും അന്വേഷണവുമായി വന്നതോടെ സലഫിഫോബിയ കേരളത്തിലും ശക്തിപ്പെട്ടു. മുസ്‌ലിം സമുദായത്തിലെ ചിലരുമതില്‍ കണ്ണികളായി. തങ്ങളെ തീവ്രമായ ഭാഷയില്‍ വിമര്‍ശിക്കുന്ന സലഫികളെ ഒതുക്കാന്‍ ഇരു സമസ്തകളും ഈ സന്ദര്‍ഭം മുതലാക്കുക കൂടി ചെയ്തതോടെ കേരളത്തിന്റെ തെരുവുകളില്‍ തീവ്രവാദവും സലഫിസവും ചേര്‍ത്തുവെച്ചുള്ള പോസ്റ്ററുകള്‍ നിറഞ്ഞു. ഇത്രയും കാലം സ്വന്തം പ്രസിദ്ധീകരണങ്ങളിലൂടെയും സ്റ്റേജുകളിലൂടെയും മറ്റു സംഘടനകള്‍ക്കു നേരെ നിര്‍ലോഭം തീവ്രവാദ -ഭീകരവാദ ആരോപണങ്ങള്‍ ഉന്നയിച്ചു മാത്രം ശീലമുള്ള മുജാഹിദ് സംഘടനകള്‍ക്ക് അതെല്ലാം തങ്ങള്‍ക്കെതിരെ ആര്‍ത്തലച്ചുവരുന്നത് അവിശ്വസനീയതയോടെ നോക്കിനില്‍ക്കേണ്ടിവന്നു. മറ്റു സംഘടനകളെ ചൂണ്ടി ഞങ്ങളല്ല അവരാണ് തീവ്രവാദികള്‍ എന്നു പറഞ്ഞ് രക്ഷപ്പെടാന്‍ പറ്റുന്നതായിരുന്നില്ല മുന്നിലുയര്‍ന്ന പ്രതിസന്ധികള്‍. ഭിന്നതയും പിളര്‍പ്പും, യുവാക്കളെയും പുതുതലമുറയെയും ആകര്‍ഷിക്കുന്ന അജണ്ടകള്‍ കൈമോശം വന്നതും തങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന പലരെയും ഏതെല്ലാം ഗ്രൂപ്പുകളുടെയും വ്യക്തികളുടെയും സ്വാധീനത്തിലേക്കാണ് വഴിതെറ്റിച്ചതെന്ന് മനസ്സിലാക്കാന്‍ സംഘടന അല്‍പം സമയമെടുത്തു. ബഹുസ്വരതയും സഹിഷ്ണുതയും സഹവര്‍ത്തിത്വവും സമാധാനവുമെല്ലാം ഇട്ടെറിഞ്ഞ് ചിലരെങ്കിലും അതിവാദങ്ങള്‍ ഉന്നയിച്ചു തുടങ്ങിയത് സംഘടനാ നേതൃത്വം തിരിച്ചറിഞ്ഞതിന്റെ പ്രതിഫലനം കൂടിയാണ് ഈ പദാവലികളെല്ലാം സംസ്ഥാന സമ്മേളനത്തിന്റെ തലക്കെട്ടും പ്രമേയവുമായിത്തീര്‍ന്നത്.

പ്രതിസന്ധികളെ തരണം ചെയ്യാനുള്ള അജണ്ട ഒരുക്കുമ്പോഴും തീവ്രവാദാരോപണം മറ്റൊരു സംഘടനയിലേക്ക് ചേര്‍ത്തു പറയുന്ന പതിവ് സ്വഭാവത്തിന് സഹിഷ്ണുതയുടെ പേരിലൊരുക്കിയ ഈ സമ്മേളനപ്പന്തലും സാക്ഷ്യം വഹിക്കുകയുണ്ടായി. 'മതവും മതരാഷ്ട്രവും' എന്ന, ഇനിയും ഒഴിവാക്കാനാവാത്ത സെഷനിലായിരുന്നു അത്. മുഖ്യ പ്രഭാഷകന്‍ ആര്യാടന്‍ ശൗക്കത്തിന്റെ പേരില്‍ 'ഐ.എസ് തീവ്രവാദത്തിന്റെ തുടക്കം മൗദൂദി' എന്ന് പിറ്റേ ദിവസത്തെ പത്രത്തില്‍ വന്ന തലക്കെട്ടില്‍ നിന്നുതന്നെ ആ സെഷനിലെ ചര്‍ച്ചയുടെ ഗതിയും ദിശയും മനസ്സിലാക്കാം. സലഫികള്‍ക്കെതിരെയുള്ള തീവ്രവാദാരോപണത്തെ ഇസ്‌ലാമോഫോബിയയുടെ ഭാഗമായി അവതരിപ്പിക്കുമ്പോള്‍ തന്നെയാണ് മറ്റൊരു ഇസ്‌ലാമിക സംഘടനയെ ഐ.എസിലേക്ക് ചേര്‍ത്തുപറയുകയും അങ്ങനെ തട്ടിവിടുന്നവരെ മുഖ്യ പ്രഭാഷകരാക്കുകയും ചെയ്യുന്നത്. കേരള സലഫികള്‍ കാലങ്ങളായി പുലര്‍ത്തുന്ന ഈ വൈരുധ്യത്തെ ചോദ്യം ചെയ്യുന്ന സംസാരവും ഇതേ സംസ്ഥാന സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനത്തില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയില്‍നിന്ന് ഉയര്‍ന്നു കേട്ടു: 'തീവ്രവാദം മുസ്‌ലിംകളുടെ സൃഷ്ടിയാണെന്ന് പ്രചരിപ്പിക്കുന്ന കാലത്ത് ഞങ്ങളുടെ സംഘടനയല്ല; മറ്റേ സംഘടനയാണ് തീവ്രവാദികള്‍ എന്ന് പ്രചാരണം നടത്തുന്ന തരംതാണ രീതിയിലേക്ക് പോകരുത്' എന്നായിരുന്നു മുഴുവന്‍ മുജാഹിദ് സംസ്ഥാന നേതാക്കളെയും തിങ്ങിനിറഞ്ഞ അണികളെയും സാക്ഷിനിര്‍ത്തി ഇ.ടി മുഹമ്മദ് ബഷീര്‍ തുറന്നടിച്ചത്.

സമ്മേളന പ്രമേയത്തിനും അതിലെ ചര്‍ച്ചകള്‍ക്കുമപ്പുറം മുസ്‌ലിം ജനസാമാന്യം ഏറെ കൗതുകത്തോടെ ശ്രദ്ധിച്ചത് മുജാഹിദ് സമ്മേളത്തിലെ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളുടെയും റശീദലി ശിഹാബ് തങ്ങളുടെയും സാന്നിധ്യമായിരുന്നു. 'മുജാഹിദ്, ജമാഅത്ത് തുടങ്ങിയ മതനവീകരണവാദികളുടെ പരിപാടികൡ പങ്കെടുക്കുകയോ സഹകരിക്കുകയോ ചെയ്യരുത് എന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ മുന്‍ നിലപാടിന് ഇപ്പോഴും മാറ്റമില്ലെ'ന്ന് പാണക്കാട് തങ്ങന്മാരുടെ പരിപാടി ശ്രദ്ധയില്‍ പെട്ട സമസ്ത നേതൃത്വം പത്രപ്രസ്താവന ഇറക്കുക കൂടി ചെയ്തതോടെ മുസ്‌ലിം കേരളത്തിന്റെ ശ്രദ്ധ അന്നേ ദിവസം മുജാഹിദ് സമ്മേളനത്തില്‍ കേന്ദ്രീകരിച്ചു. ലക്ഷങ്ങളാണ് യൂട്യൂബില്‍ മാത്രം രണ്ട് തങ്ങന്മാരുടെയും മുജാഹിദ് സമ്മേളനത്തിലെ പ്രഭാഷണങ്ങള്‍ ശ്രവിച്ചത്. രണ്ടു പേരുടെയും പങ്കാളിത്തത്തെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. സമസ്തയുടെ കൂടി ഉത്തരവാദിത്തം വഹിക്കുന്ന രണ്ടു പേരെയും ക്ഷണിക്കുക വഴി സുന്നി സമൂഹത്തിനിടക്ക് പാണക്കാട് കുടുംബത്തിനുള്ള സ്വാധീനവും ബഹുമാനവും മുതലെടുത്ത് തങ്ങള്‍ക്കെതിരെ മുസ്‌ലിം സമുദായ ഭൂരിപക്ഷത്തില്‍ പ്രചരിച്ച മോശം പ്രതിഛായ നന്നാക്കുകയും സമസ്തയുടെ  എതിര്‍പ്രചാരണങ്ങളെ നിര്‍വീര്യമാക്കുകയുമാണ് ലക്ഷ്യമെന്നായിരുന്നു ഒരു വായന. പുതിയ കാലത്തെ പ്രതിസന്ധികളെ മറികടക്കാന്‍ പരമാവധി ഉള്‍ക്കൊള്ളലിന്റെയും സഹിഷ്ണുതയുടെയും പുതിയ സംഘടനാ ശൈലിയിലേക്ക് മുജാഹിദ് പ്രസ്ഥാനത്തിന് മാറേണ്ടിവന്ന നിര്‍ബന്ധിതാവസ്ഥയുടെ തുടക്കമാണിതെന്നായിരുന്നു മറ്റൊരു വായന. ഏതായാലും സലഫി പ്രസ്ഥാനം പ്രതിസന്ധി നേരിടുന്ന വേളയില്‍ മുസ്‌ലിം ലീഗിന്റെ നേതൃത്വം നല്‍കിയ കൈത്താങ്ങും കരുത്തും ചെറുതല്ലായിരുന്നു. പാണക്കാട് തങ്ങന്മാര്‍ കൂടി മുജാഹിദ് സമ്മേളനത്തില്‍ പങ്കെടുത്തതോടെ ലീഗ് രാഷ്ട്രീയത്തെ മുജാഹിദുകള്‍ നിയന്ത്രിക്കുന്നുവെന്ന സമസ്തയുടെ അകത്തുണ്ടായിരുന്ന വാദം വരുംകാലത്ത് ശക്തിപ്പെടുമെന്നുറപ്പ്. തീര്‍ത്തും വ്യത്യസ്ത ധ്രുവങ്ങളില്‍ നില്‍ക്കുന്ന രണ്ട് മത സംഘടനകളെ ലീഗ് എങ്ങനെ ഒരുമിച്ചു കൊുപോകും എന്നതിനെ ആശ്രയിച്ചിരിക്കും വരുംകാലത്തെ സാമുദായിക രാഷ്ട്രീയം. ഇങ്ങനെ ഒരേസമയം മതകീയവും രാഷ്ട്രീയവുമായ അലയൊലികള്‍ക്ക് നിമിത്തമാവുകയും ചെയ്തു മുജാഹിദ് സംസ്ഥാന സമ്മേളനം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (65-66)
എ.വൈ.ആര്‍

ഹദീസ്‌

തവക്കുലിന്റെ യാഥാര്‍ഥ്യം
സുബൈര്‍ കുന്ദമംഗലം