സംഭവബഹുലമായ അബ്‌സീനിയന്‍ ജീവിതം
മുഹമ്മദുന്‍ റസൂലുല്ലാഹ്-39
മുസ്‌ലിം അഭയാര്‍ഥികള്‍ അബ്‌സീനിയയില്‍ എത്തി ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ പ്രവാചകന്‍ മക്കയിലെ ബഹുദൈവപൂജകരുമായി ഒത്തുതീര്‍പ്പിലായി എന്ന വ്യാജവാര്‍ത്ത പരക്കുകയും അഭയാര്‍ഥികളില്‍ ചിലരെങ്കിലും തിരിച്ചുപോകാന്‍ ഒരുങ്ങുകയും ചെയ്തിരുന്നു. വാര്‍ത്ത വ്യാജമാണെന്നു കണ്ട് അവര്‍ വഴിയില്‍ വെച്ച് തിരിച്ചുപോന്നു. അഭയാര്‍ഥികളില്‍ ചിലര്‍ നബി മദീനയില്‍ എത്തിയ ഉടനെ അവിടേക്ക് തിരിച്ചു. ബാക്കിയുള്ളവര്‍ ഹി. 7 വരെ അബ്‌സീനിയയില്‍ തങ്ങി. നബി ക്ഷണിച്ചപ്പോഴാണ് അവര്‍ മദീനയിലേക്ക് വന്നത്. ഈ അഭയാര്‍ഥികളുടെ കൂട്ടത്തില്‍ പ്രവാചകന്റെ മകളും മൂന്നാം ഖലീഫ ഉസ്മാനുബ്‌നു അഫ്ഫാന്റെ ഭാര്യയുമായ റുഖിയ്യയും ഉണ്ടായിരുന്നു. അവരുടെ സൗന്ദര്യം കാരണം അവര്‍ക്ക് പല പ്രശ്‌നങ്ങളും നേരിടേണ്ടിവന്നതായി സുഹൈലി1 എഴുതുന്നുണ്ട്. ഹിജാബിന്റെ സൂക്തങ്ങള്‍ അപ്പോള്‍ അവതരിച്ചിട്ടുണ്ടായിരുന്നില്ല. നേഗസിന്റെ തലസ്ഥാന നഗരിയില്‍ ചിലര്‍ റുഖിയ്യയെ ശല്യം ചെയ്യാന്‍ ശ്രമിച്ചിരുന്നു. അഭയാര്‍ഥി എന്ന നിലക്ക് 'ആതിഥേയരോ'ട് കടന്നുപറയാനൊന്നും നിവൃത്തിയില്ലല്ലോ. മോശമായി പെരുമാറിയ ഇത്തരക്കാര്‍ ആഭ്യന്തര യുദ്ധത്തില്‍ പിന്നീട് കൊല്ലപ്പെടുകയാണുണ്ടായതെന്നും അങ്ങനെ റുഖിയ്യക്ക് മോചനം ലഭിച്ചുവെന്നും സുഹൈലി തുടര്‍ന്ന് എഴുതുന്നു.
മറ്റു രണ്ടു വനിതാ അഭയാര്‍ഥികളായ ഉമ്മു ഹബീബയെയും ഉമ്മു സലമയെയും കുറിച്ച് ബുഖാരി2 രേഖപ്പെടുത്തുന്നു. പില്‍ക്കാലത്ത് അവര്‍ അബ്‌സീനിയയിലെ സാന്റാ മരിയ ചര്‍ച്ച് സന്ദര്‍ശിച്ച വിവരം പ്രവാചകനുമായി പങ്കുവെക്കുന്നുണ്ട്. ചര്‍ച്ചില്‍ ധാരാളം പെയിന്റിംഗുകളും പലരുടെ ചിത്രങ്ങളും ഉള്ളതായി അവര്‍ പ്രവാചകനോട് വിവരിച്ചു. അന്നാട്ടിലെ പുണ്യപുരുഷന്മാരുടേതാണ് ആ ചിത്രങ്ങളെന്നും അത്തരം രീതികള്‍ മുസ്‌ലിംകള്‍ക്ക് സ്വീകാര്യമല്ലെന്നുമായിരുന്നു പ്രവാചകന്റെ മറുപടി. അബ്‌സീനിയയിലായിരിക്കുമ്പോള്‍ അബ്ദുല്ലാഹിബ്‌നു മസ്ഊദ് അവിടത്തെ താഴേക്കിടയിലുള്ള ഉദ്യോഗസ്ഥന്മാരുമായി തര്‍ക്കത്തിലേര്‍പ്പെടുകയും അത് പ്രശ്‌നമാവുകയും ചെയ്തു. രണ്ട് ദീനാര്‍ കൊടുത്ത് ആ പ്രശ്‌നത്തില്‍നിന്ന് അദ്ദേഹം നിയമനടപടികളില്‍നിന്ന് രക്ഷപ്പെടുകയാണുണ്ടായത്.3
മുസ്‌ലിം അഭയാര്‍ഥികളില്‍ ഉബൈദുല്ലാഹി ബ്‌നു ജഹ്ശ് (ഉമ്മു ഹബീബയുടെ ഭര്‍ത്താവ്), സക്‌റാനു ബ്‌നു അംറ് (സൗദയുടെ ഭര്‍ത്താവ്) എന്നിവര്‍ അബ്‌സീനിയയില്‍ എത്തിയപ്പോള്‍ ക്രിസ്തുമതത്തിലേക്ക് മതംമാറുകയാണുണ്ടായത്.4 ഉബൈദുല്ല ഒരു കുടിയനായിരുന്നുവത്രെ. കുടിച്ച് ബോധം മറിഞ്ഞ നിലയില്‍ അയാള്‍ വെള്ളത്തില്‍ മുങ്ങി മരിക്കുകയും ചെയ്തു. മറ്റു വിശദാംശങ്ങളൊന്നും ഇതു സംബന്ധിച്ച് ലഭ്യമല്ല. പക്ഷേ, ഇരുവരുടെയും ഭാര്യമാര്‍ അവരെ പിന്തുടരാന്‍ തയാറായില്ല. സൗദയാവട്ടെ ഭര്‍ത്താവിനെ ഉപേക്ഷിച്ച് മക്കയിലേക്ക് തിരിച്ചു പോരുകയും ചെയ്തു. ഈ ആര്‍ജവത്തില്‍ സംതൃപ്തി രേഖപ്പെടുത്തിയ പ്രവാചകന്‍ പിന്നീടവരെ വിവാഹം ചെയ്യുകയാണുണ്ടായത്. ആ സംഭവം ഹിജ്‌റക്ക് മുമ്പാണ്. പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞാവണം ഉമ്മു ഹബീബയുടെ ഭര്‍ത്താവ് ക്രിസ്തുമതം സ്വീകരിച്ചത്. വിവരമറിഞ്ഞപ്പോള്‍ പ്രവാചകന്‍ താന്‍ ഉമ്മുഹബീബയെ വിവാഹം ചെയ്യാന്‍ പോവുകയാണെന്ന് നജ്ജാശിയെ അറിയിക്കുകയും അവരെ മദീനയിലേക്ക് അയക്കാന്‍ അദ്ദേഹത്തോട് അഭ്യര്‍ഥിക്കുകയും ചെയ്തു. ഈ സംഭവം നടക്കുന്നത് ഹി. ആറാം വര്‍ഷം. മക്കക്കാരുടെ തലവന്‍ അബൂസുഫ്‌യാന്റെ മകളാണ് ഉമ്മു ഹബീബ.
ഇതിന് മുസ്‌ലിംകളും നന്നായി 'പ്രതികാരം' ചെയ്തു എന്ന് പറയാം. അവര്‍ മുഖേന വലിയൊരു വിഭാഗം അബ്‌സീനിയക്കാര്‍ ഇസ്‌ലാമില്‍ ആകൃഷ്ടരായി. അവരില്‍നിന്ന് എത്രപേര്‍ ഇസ്‌ലാം സ്വീകരിച്ചു എന്ന് വ്യക്തമല്ല. പ്രവാചകനെ കാണാനായി അത്തരം പുതുവിശ്വാസികളെയും വഹിച്ച് മദീനയിലേക്ക് പോന്ന 'നിരവധി ബോട്ടുകള്‍' മുങ്ങിയതായി ചില ചരിത്രരേഖകളിലുണ്ട്.5 എന്നാല്‍ സുരക്ഷിതരായി മദീനയിലെത്തിയ അബ്‌സീനിയക്കാരുടെ കൂട്ടത്തില്‍ നേഗസിന്റെ ഒരു മകനുമുണ്ടായിരുന്നു. അലിയ്യുബ്‌നു അബീത്വാലിബുമായി സാഹോദര്യബന്ധം സ്ഥാപിച്ച ഇദ്ദേഹം കിരീടാവകാശം പോലും വേണ്ടെന്നു വെച്ച് അബ്‌സീനിയയിലേക്ക് തിരിച്ചുപോകാന്‍ വിസമ്മതിക്കുകയായിരുന്നു.6 ത്വബരിയും മറ്റു പല ഗ്രന്ഥകാരന്മാരും, ഇബ്‌നു ഇസ്ഹാഖിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്, നേഗസ് തന്റെ മകന്റെ കൈവശം പ്രവാചകന് ഒരു കത്ത് കൊടുത്തയച്ചുവെന്നും മദീനയിലെത്തിയ ആ മകന്‍ താന്‍ ഇസ്‌ലാം ആശ്ലേഷിച്ചതായി പ്രഖ്യാപിച്ചുവെന്നുമാണ്.7 കത്തിന്റെ പൂര്‍ണരൂപവും അവര്‍ എടുത്തു ചേര്‍ത്തിട്ടുണ്ട്. അബ്‌സീനിയന്‍ പ്രതിനിധിസംഘം മദീന സന്ദര്‍ശിച്ചപ്പോള്‍ അവര്‍ക്ക് ആതിഥ്യമരുളാന്‍ പ്രവാചകന്‍ സ്വയം മുന്നിട്ടിറങ്ങിയിരുന്നുവെന്ന് സംഹൂദി എഴുതുന്നുണ്ട്. നേഗസിനോടുള്ള കടപ്പാട് അത്രക്കേറെയുണ്ടായിരുന്നു.
ഹിജ്‌റ രണ്ടാം വര്‍ഷം ബദ്‌റില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയ ശേഷം മുസ്‌ലിം അഭയാര്‍ഥികളെ അബ്‌സീനിയയില്‍നിന്ന് പുറത്തു ചാടിക്കാന്‍ മക്കക്കാര്‍ ഒരിക്കല്‍കൂടി ശ്രമം നടത്തിയിരുന്നു. അല്‍ശാമി8യുടെ റിപ്പോര്‍ട്ട് പ്രകാരം, മക്കക്കാരുടെ ഈ കുത്സിതനീക്കം മണത്തറിഞ്ഞ പ്രവാചകന്‍ അതിന് തടയിടുന്നതിനായി നിയോഗിച്ചത് ഒരു പ്രത്യേക ദൂതനെയാണ്; പേര് അംറു ബ്‌നു ഉമയ്യ ളംരി. അന്ന് അദ്ദേഹം ഇസ്‌ലാം സ്വീകരിക്കുക പോലും ചെയ്തിട്ടില്ല. സുപ്രധാനമായ ചില പാഠങ്ങള്‍ പകര്‍ന്നുനല്‍കുന്നുണ്ട് ഈ സംഭവം. ഇബ്‌നു ഇസ്ഹാഖ്9 നല്‍കുന്ന വിവരണത്തില്‍നിന്ന് അന്നത്തെ മക്കന്‍ സമൂഹത്തിന്റെ ധാര്‍മിക സദാചാര നിലയെക്കുറിച്ച് വ്യക്തമായ ഒരു ചിത്രം ലഭിക്കുന്നുണ്ട്. അദ്ദേഹം ഉദ്ധരിക്കുന്ന ഒരു സംഭവം ഇങ്ങനെയാണ്: മക്കക്കാരുടെ പ്രതിനിധിയായി അബ്‌സീനിയയിലേക്ക് പോകുന്നത് അംറുബ്‌നുല്‍ ആസ്വാണ്. കൂടെ അദ്ദേഹത്തിന്റെ ഭാര്യയും. പിന്നെ ഉമാറതുബ്‌നുല്‍ വലീദ് എന്ന മറ്റൊരാളും (ഇദ്ദേഹം ഖാലിദുബ്‌നുല്‍ വലീദിന്റെ സഹോദരനാണ്). വളരെ സുന്ദരനായിരുന്നു ഉമാറഃ. ഒരിക്കല്‍ മക്കയിലെ പ്രമാണിമാര്‍ അബൂത്വാലിബിനെ ചെന്നു കണ്ട് സഹോദര പുത്രനായ മുഹമ്മദിനെ കൈയൊഴിക്കണമെന്നും ദത്തുപുത്രനായി വളര്‍ത്താന്‍ സുന്ദരനായ ഒരു യുവാവിനെ പകരം തരാമെന്നും പറഞ്ഞിരുന്നുവല്ലോ. ആ യുവാവ് ഈ ഉമാറതു ബ്‌നുല്‍ വലീദ് ആയിരുന്നു. പക്ഷേ, തികഞ്ഞ അരാജക ജീവിതം നയിക്കുന്നവനായിരുന്നു അയാള്‍. അബ്‌സീനിയയിലേക്കുള്ള യാത്രയില്‍ അംറുബ്‌നുല്‍ ആസ്വിന്റെ ഭാര്യയെ വശീകരിക്കാന്‍ അയാള്‍ ശ്രമിച്ചു. അതില്‍ ഏറക്കുറെ വിജയിക്കുകയും ചെയ്തു. അവളുടെ കൂടി സഹായത്തോടെയാവണം അംറിനെ അയാള്‍ മറഞ്ഞിരുന്ന് അടിച്ചു വീഴ്ത്തി കടലില്‍ തള്ളുകയും ചെയ്തു. പക്ഷേ, അംറ് നീന്തി കപ്പലിലേക്കു തന്നെ തിരിച്ചുകയറി. തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് അംറ് മനസ്സിലാക്കി. പക്ഷേ, കൗശലപൂര്‍വം ഒന്നും തുറന്നുപറഞ്ഞില്ല. പ്രതികാരചിന്ത മനസ്സില്‍ കൊണ്ടുനടന്നു. കടലില്‍ വീണെങ്കിലും താന്‍ രക്ഷപ്പെട്ടത് കൂട്ടുകാരന്റെ ജാഗ്രതകൊണ്ടാണെന്നുവരെ കള്ളം പറഞ്ഞ് സുഖിപ്പിച്ചു. ഇതിനുള്ള നന്ദിപ്രകാശനം എന്ന നിലക്ക്, തനിക്ക് ഉമാറഃ യെ ചുംബിക്കാമോ എന്ന് അംറ് സ്വന്തം ഭാര്യയോട് ചോദിച്ചുവെന്നാണ് കഥ. പിന്നെയുള്ള വിവരണം ഏതോ പുരാവൃത്തങ്ങളെ ഓര്‍മിപ്പിക്കും. ഏതായാലും അബ്‌സീനിയയില്‍ എത്തിയ അംറ്, മുസ്‌ലിം അഭയാര്‍ഥികളെ വകവരുത്തണമെന്ന തന്റെ ആവശ്യം നേഗസ് നിരസിച്ചതിനെ തുടര്‍ന്ന്, തന്റെ കൂട്ടുകാരനെ ഒരു പാഠം പഠിപ്പിക്കാന്‍ തന്നെ തീര്‍ച്ചപ്പെടുത്തി. നേഗസ് തങ്ങളുടെ ആവശ്യം നിരസിച്ച സ്ഥിതിക്ക്, 'നിനക്ക് നേഗസിന്റെ ഭാര്യയെ ഒന്നു കണ്ടുനോക്കിക്കൂടേ' എന്ന് അംറ്, ഉമാറയോട് ചോദിച്ചു. ഉമാറ നേരെ രാജ്ഞിയുടെ അടുത്തു ചെന്നു. രാജകീയ വാസനത്തൈലം പുരട്ടിക്കൊണ്ടാണ് രാജ്ഞി ഉമാറയെ സ്വീകരിച്ചത്. ഉടന്‍ തന്നെ അംറ് പോയി നേഗസിനെ കണ്ട്, തന്റെ സുഹൃത്തും രാജ്ഞിയും തമ്മിലുള്ള 'ഇടപാടുകള്‍' അദ്ദേഹത്തെ അറിയിച്ചു. ക്രുദ്ധനായ നേഗസ് ആഭിചാരകരെ വിളിച്ചുവരുത്തുകയും ഈ കാമുകനെ ആഭിചാര ക്രിയകള്‍ ചെയ്ത് ശിക്ഷിക്കണമെന്നും ഉത്തരവിട്ടത്രെ. ഈ വിവരണത്തിലൊക്കെ ചില പ്രശ്‌നങ്ങളുണ്ട്. എല്ലാവര്‍ക്കും അഭയം വാഗ്ദാനം ചെയ്ത ഉത്കൃഷ്ട വ്യക്തിത്വത്തിനുടമയായ നേഗസ് കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ തന്റെ 'അതിഥി'യെ ഈ വിധം ശിക്ഷിക്കുമോ? മറ്റൊരു വിവരണത്തിലുള്ളത്, ഉമാറക്ക് പിന്നീട് ഭ്രാന്തായി എന്നാണ്. അയാള്‍ കാട്ടിലേക്ക് ഓടിപ്പോയത്രെ. പിന്നെ വന്യമൃഗങ്ങളുമൊത്ത് കാട്ടിലായി താമസം. ഉമറുബ്‌നുല്‍ ഖത്ത്വാബിന്റെ ഭരണകാലം വരെ ഈ നില തുടര്‍ന്നു എന്നാണ് പറയപ്പെടുന്നത്. ഉമാറയുടെ തന്നെ ഒരു ബന്ധുവിനെ അയാളെക്കുറിച്ച് അന്വേഷിക്കാന്‍ ഉമര്‍ ഏര്‍പ്പാടാക്കിയെന്നും ബന്ധു കാട്ടില്‍ ചെന്ന് അയാളെ പിടികൂടിയെന്നും തുടര്‍ന്ന് വളരെയേറെ അസ്വസ്ഥനായിത്തീര്‍ന്ന അയാള്‍ പിടിവിടുവിക്കാനുള്ള ശ്രമത്തിനിടെ മരിച്ചുവീഴുകയാണുണ്ടായതെന്നുമാണ് റിപ്പോര്‍ട്ട്.
ബദ്‌റില്‍ മുസ്‌ലിംകള്‍ വിജയിച്ചെന്ന വാര്‍ത്ത നേഗസില്‍നിന്നാണ് അഭയാര്‍ഥികള്‍ അറിയുന്നത്.10 ആ വിജയത്തില്‍ നേഗസ് വളരെ സന്തുഷ്ടനായിരുന്നു. ഖുറൈശികള്‍ക്ക് ഹിജ്‌റ അഞ്ചാം വര്‍ഷം ഖന്‍ദഖ് യുദ്ധത്തില്‍ തിരിച്ചടി നേരിട്ടപ്പോള്‍ മക്ക വിടാനും അബ്‌സീനിയയില്‍ സ്ഥിരതാമസമാക്കാനും അംറുബ്‌നുല്‍ ആസ്വ് തീരുമാനമെടുത്തു. അംറ് ചിന്തിച്ചത് ഇങ്ങനെയാണ്: 'മുഹമ്മദ് എന്നെങ്കിലും പരാജയപ്പെടുകയാണെങ്കില്‍ ഞാന്‍ മക്കയില്‍ തിരിച്ചുവരും; അഭിമാനം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുതന്നെ. ഇനി മുഹമ്മദ് മക്ക പിടിച്ചടക്കുകയാണെങ്കില്‍, അതിനാണ് സാധ്യത കൂടുതലും, ഞാന്‍ മുഹമ്മദിന്റെയല്ല, നേഗസിന്റെ പ്രജയായി കഴിഞ്ഞുകൂടാനാണ് ഇഷ്ടപ്പെടുന്നത്.' പക്ഷേ, നേഗസ് അംറിന്റെ മനസ്സ് മാറ്റി അദ്ദേഹത്തെ മദീനയിലേക്ക് അയക്കുകയാണുണ്ടായത്. മദീനയിലേക്ക് പോകും വഴി അംറ് മറ്റൊരാളെ കണ്ടുമുട്ടി, 'ദൈവത്തിന്റെ ഖഡ്ഗം' ആകാന്‍ പോകുന്ന ഖാലിദുബ്‌നുല്‍ വലീദിനെ. അദ്ദേഹവും അംറിനെപ്പോലെ ഇസ്‌ലാം ആശ്ലേഷിക്കാനായി മദീനയിലേക്ക്11 പുറപ്പെട്ടതായിരുന്നു.
ഹിജ്‌റ ആറാം വര്‍ഷം അബ്‌സീനിയയില്‍നിന്ന് അഭയാര്‍ഥികള്‍ മദീനയിലേക്ക് തിരിച്ചുവരാന്‍ തുടങ്ങുമ്പോള്‍ പ്രവാചകന്‍ അയല്‍പക്കത്തുള്ള രാജ്യങ്ങളിലേക്കെല്ലാം കത്തുകള്‍ അയക്കാന്‍ തുടങ്ങിയിരുന്നു; ഭരണാധികാരികളെ ഇസ്‌ലാമിലേക്ക് ക്ഷണിച്ചുകൊണ്ടുള്ളതായിരുന്നു കത്തുകള്‍. അബ്‌സീനിയയിലെ നേഗസ് അസ്വ്ഹമക്കും ഒരു കത്ത് അയച്ചിരുന്നു. അബ്‌സീനിയയിലേക്ക് കത്തുമായി പോയത് പ്രവാചകന്റെ പഴയ ദൂതന്‍ ളംറ ഗോത്രക്കാരനായ അംറുബ്‌നു ഉമയ്യ തന്നെ. ഈ കത്തിന്റെ ഒറിജിനല്‍ പില്‍ക്കാലത്താണ് കണ്ടെടുക്കപ്പെട്ടത്.
നേഗസിന്റെ മറുപടിയില്‍ അദ്ദേഹത്തിന്റെ മതംമാറ്റത്തെക്കുറിച്ച സൂചനകളുണ്ടായിരുന്നു.12 പ്രവാചകന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ താന്‍ മദീനയിലേക്ക് വരാമെന്നും നേഗസ് എഴുതിയിരുന്നു. പ്രവാചകന് കൊടുത്തയക്കുന്ന സമ്മാനങ്ങളെക്കുറിച്ചും അതില്‍ സൂചനയുണ്ട്. ഹിജ്‌റ ഒമ്പതാം വര്‍ഷം ഈ അബ്‌സീനിയന്‍ രാജാവ് മരണപ്പെട്ടു. പ്രമുഖ ഹദീസ് സമാഹര്‍ത്താവായ ഇമാം മുസ്‌ലിം13 റിപ്പോര്‍ട്ട് ചെയ്യുന്നത്, പുതിയ നേഗസ് രാജാവിന് പ്രവാചകന്‍ ഒരു കത്ത് കൂടി അയച്ചുവെന്നാണ്. പക്ഷേ, കത്തിന്റെ ഉള്ളടക്കം എന്താണെന്ന് ആ റിപ്പോര്‍ട്ടില്‍നിന്ന് വ്യക്തമല്ല. ഇബ്‌നു ഹമ്പല്‍ നല്‍കുന്ന വിവരണമനുസരിച്ച്,14 പുതിയ നേഗസ് അത്ര ശുദ്ധ പ്രകൃതക്കാരനൊന്നുമായിരുന്നില്ല. തബൂക്കില്‍ വെച്ച് ഹിജ്‌റ ഒമ്പതാം വര്‍ഷം പ്രവാചകന്‍ ഹെറാക്ലിയസിന്റെ ദൂതനോട് ഇങ്ങനെ പറഞ്ഞതായും ഇബ്‌നു ഹമ്പല്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്: 'ഞാന്‍ കൊസ്‌റു (ഇവീൃെീല)െ വിന് കത്തയച്ചു; അയാളത് ചീന്തിക്കളഞ്ഞു. ദൈവം അയാളെയും ചീന്തിക്കളയട്ടെ. അതുപോലെ ഞാന്‍ നേഗസിനും കത്തയച്ചു; അയാളുമത് ചീന്തിക്കളഞ്ഞു. ദൈവം അയാളെയും അയാളുടെ ഭരണകൂടത്തെയും ചീന്തിക്കളയട്ടെ. താങ്കളുടെ യജമാനനും (ഹെറാക്ലിയസ്) ഞാന്‍ കത്തയച്ചു. അദ്ദേഹമത് അവിടെ വാങ്ങിവെച്ചു. ജീവല്‍ പ്രക്രിയ തുടരുവോളം ജനം അദ്ദേഹത്തില്‍ ചൈതന്യം ദര്‍ശിക്കും.' ബൈസാന്റിയന്‍ ദൂതന്‍ കേട്ടതായാണ് ഈ റിപ്പോര്‍ട്ട് വന്നിട്ടുള്ളത്. ഇക്കാലമായപ്പോഴേക്കും വളരെ വാര്‍ധക്യത്തിലെത്തി പിച്ചുംപേയും പറയാന്‍ തുടങ്ങിയിരുന്നുവത്രെ ഈ ബൈസാന്റിയന്‍ പ്രതിനിധി. അതിനാല്‍ പ്രവാചകന്‍ ഇങ്ങനെ പറഞ്ഞിട്ടുണ്ടോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് ആ റിപ്പോര്‍ട്ടില്‍തന്നെ പറയുന്നുണ്ട്. കൃത്യമായി എന്ത് നടന്നു എന്ന് നമുക്ക് ഉറപ്പിച്ചു പറയാന്‍ നിവൃത്തിയില്ലെന്നര്‍ഥം. നേഗസിന് എഴുതിയ കത്തില്‍ 'ഉചിതമല്ലാത്ത അഹങ്കാരം' എന്ന പ്രയോഗത്തെപ്പറ്റി സൂചിപ്പിച്ചിരുന്നുവല്ലോ. അത് ഒരുപക്ഷേ, ഈ പുതിയ നേഗസിനെക്കുറിച്ചാവും നബി പറഞ്ഞിട്ടുണ്ടാവുക.
ഇബ്‌നു സഅ്ദിയുടെ15 ഒരു വിവരണം ഇങ്ങനെയാണ്: ഒരിക്കല്‍ നബി ജഅ്ഫറിന്റെ കൈയില്‍ ഒരു സമ്മാനം വെച്ചുകൊടുത്തിട്ട് പറഞ്ഞു: 'ഇത് നിന്റെ സഹോദരന്‍ നേഗസിന് അയച്ചുകൊടുക്കുക.' ഈ സംഭവം, ഹിജ്‌റ എട്ടില്‍ നടന്ന, ജഅ്ഫര്‍ രക്തസാക്ഷിയായ മുഅ്തഃ യുദ്ധത്തിന് മുമ്പായിരിക്കുമെന്ന് ഉറപ്പാണല്ലോ. പ്രവാചകന്‍ ഉമ്മു സലമയെ വിവാഹം ചെയ്യുമ്പോള്‍ അവരോട് ഇങ്ങനെ പറഞ്ഞതായി മറ്റൊരിടത്ത്16 വന്നിട്ടുണ്ട്: 'ഞാന്‍ നജ്ജാശിക്ക് സമ്മാനങ്ങള്‍ കൊടുത്തയച്ചിട്ടുണ്ട്. പക്ഷേ, അദ്ദേഹം മരിച്ചെന്നാണ് തോന്നുന്നത്. ആ സമ്മാനങ്ങള്‍ വൈകാതെ തിരിച്ചുവന്നേക്കും. എങ്കില്‍ അതില്‍നിന്ന് ഇന്നയിന്ന വസ്തുക്കളൊക്കെ ഞാന്‍ നിനക്ക് തരാം.' ഈ വിവരണങ്ങളൊക്കെ ശരിയാണെന്ന് സമ്മതിച്ചാല്‍ കാലഗണനാപരമായ ഒട്ടേറെ പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവരും.
ഉഹുദ് യുദ്ധം കഴിഞ്ഞ ഉടനെ ഹിജ്‌റ മൂന്നാം വര്‍ഷത്തിലാണ് പ്രവാചകനും ഉമ്മുസലമയും തമ്മിലുള്ള വിവാഹം നടക്കുന്നത്. നേഗസ് മരിക്കുന്നതാകട്ടെ ഹിജ്‌റ ഒമ്പതാം വര്‍ഷവും. അപ്പോള്‍ മൂന്ന് നജ്ജാശിമാര്‍ ഈ കുറഞ്ഞ കാലയളവില്‍ അവിടെ ഭരണം നടത്തി എന്ന് പറയേണ്ടിവരും. ആദ്യത്തെയാള്‍ ഹിജ്‌റ മൂന്നാം വര്‍ഷം മരിക്കുന്നു, രണ്ടാമത്തെയാള്‍ ഹിജ്‌റ ഒമ്പതാം വര്‍ഷവും, പിന്നെ ഇസ്‌ലാമിനോട് അസ്‌ക്യത പുലര്‍ത്തിയ മൂന്നാമത്തെ നജ്ജാശി വരുന്നു? അതല്ലെങ്കില്‍ പറയപ്പെട്ട നബിയുടെ ആ വിവാഹം മൈമൂനയുമായിട്ടുള്ളതായിരുന്നുവോ? ഉമ്മു സലമയുമായുള്ള വിവാഹം എന്ന് തെറ്റായി ചേര്‍ത്തതാവുമോ?
ഇസ്‌ലാമിക ചരിത്ര സ്രോതസ്സുകള്‍ പരതുമ്പോള്‍ അബ്‌സീനിയന്‍ രാജാവിന്റെ പേര് തന്നെ പല രീതിയിലാണ് എഴുതിക്കാണുന്നത്. ചിലപ്പോള്‍ അസ്ഹം എന്നായിരിക്കും. മറ്റു ചിലപ്പോള്‍ അസ്ഹമ എന്ന് എഴുതിക്കാണാം. മറ്റു ചിലപ്പോള്‍ അബ്ജറിന്റെ മകന്‍ അസ്ഹം എന്നും. ഇതുസംബന്ധിച്ച് വ്യക്തത വരുത്താന്‍ അബ്‌സീനിയന്‍ ചരിത്രരേഖകളൊന്നും ലഭ്യമല്ല. ഇതൊക്കെയും അറബ്‌വല്‍ക്കരിക്കപ്പെട്ട അബ്‌സീനിയന്‍ പേരുകളാണല്ലോ. അബ്‌സീനിയന്‍ മൂലഭാഷയില്‍ ആ പേരുകള്‍ എങ്ങനെ ഉച്ചരിക്കപ്പെട്ടു എന്നും നമുക്ക് അറിഞ്ഞുകൂടാ.
പ്രവാചകന്റെ സേവകന്മാരില്‍ യസാര്‍ എന്നു പേരുള്ള ഒരാളുണ്ടായിരുന്നു. അദ്ദേഹം ഒരു നൂബിയന്‍17 ആയിരുന്നു. മദീനയിലേക്ക് അഭയാര്‍ഥികള്‍ തിരിച്ചുവന്നപ്പോള്‍ അവരുടെ കൂടെ വന്ന മതംമാറിയ അബ്‌സീനിയക്കാരില്‍ ഒരാളാകുമോ ഇദ്ദേഹം? ഇങ്ങനെ മദീനയിലെത്തിയ അബ്‌സീനിയക്കാര്‍ പ്രവാചകന്റെ കൂടെ ചില യുദ്ധങ്ങളില്‍ വരെ പങ്കെടുത്തിട്ടുണ്ടെന്ന് മുസ്‌ലിം ചരിത്രസ്രോതസ്സുകള്‍ വ്യക്തമാക്കുന്നു. അഭയാര്‍ഥികള്‍ മദീനയിലേക്ക് തിരിച്ചുവരുന്നത് പ്രവാചകന്‍ ഖൈബറിലേക്ക് പടനീക്കം നടത്തിക്കഴിഞ്ഞതിനു ശേഷമാണ്. ഉടന്‍ തന്നെ അബ്‌സീനിയയില്‍നിന്നെത്തിയ അഭയാര്‍ഥികള്‍ ഖൈബറിലേക്ക് പുറപ്പെട്ടു. അപ്പോഴേക്കും വിജയം നേടിക്കഴിഞ്ഞതിനാല്‍ പടനീക്കം അവസാനിപ്പിച്ചുകഴിഞ്ഞിരുന്നു. ദീര്‍ഘകാലത്തിനു ശേഷം തന്റെ സഹപ്രവര്‍ത്തകരെയും സ്വന്തക്കാരെയും ബന്ധുക്കളെയും കാണാനായതില്‍ പ്രവാചകന്‍ വളരെയേറെ സന്തോഷവാനായിരുന്നു. ഖൈബറിലെത്തിയ ഈ അഭയാര്‍ഥി സംഘത്തില്‍ അബ്‌സീനിയക്കാരുമുണ്ടായിരുന്നോ എന്ന് ചരിത്രകൃതികള്‍ വ്യക്തമാക്കുന്നില്ല. യുദ്ധത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചില്ലെങ്കിലും യുദ്ധമുതലുകള്‍ തുല്യമായിത്തന്നെ ഈ തിരിച്ചെത്തിയ അഭയാര്‍ഥികള്‍ക്കും ലഭിച്ചിരുന്നു. തന്റെ പിതൃസഹോദര പുത്രന്‍ ജഅ്ഫറു ബ്‌നു അബീത്വാലിബ് മദീനയില്‍ എത്തുന്നതിനു മുമ്പു തന്നെ അദ്ദേഹത്തിനും കുടുംബത്തിനും താമസിക്കാന്‍ ഒരു വീട് പ്രവാചകന്‍ സജ്ജീകരിച്ചിരുന്നുവെന്ന് സംഹൂദി (പേ: 494,504) രേഖപ്പെടുത്തിയിട്ടുണ്ട്.
പ്രവാചകന്റെ ഒരു വാക്യം ഉദ്ധരിച്ചുകൊണ്ട് ഈ അധ്യായം അവസാനിപ്പിക്കാം: 'അബ്‌സീനിയക്കാര്‍ നിങ്ങളെ ഒഴിവാക്കുന്ന18 കാലത്തോളം അവരെ നിങ്ങളും ഒഴിവാക്കുക.' അതായത്, അബ്‌സീനിയക്കാര്‍ മുസ്‌ലിം പ്രദേശങ്ങളെ ആക്രമിക്കാത്ത കാലത്തോളം മുസ്‌ലിംകളും അബ്‌സീനിയന്‍ പ്രദേശങ്ങള്‍ ആക്രമിക്കാന്‍ പാടില്ല.
(തുടരും)
കുറിപ്പുകള്‍
1. സുഹൈലി I, 205
2. ബുഖാരി 8:55
3. ഇബ്‌നു സഅ്ദി 111/1, പേ: 107
4. ഉബൈദുല്ലയെക്കുറിച്ച വിശദാംശങ്ങള്‍ക്ക് ബലാദുരി I, 529, 903-4, ഇബ്‌നു ഹിശാം പേ: 144, 783-4, ഇബ്‌നു സഅ്ദി 1/11-248
5. അറുപത് പേര്‍ തോണിയില്‍ പുറപ്പെട്ടു. നേഗസിന്റെ കത്ത് ഞാന്‍ എഴുതിയ 'വസാഇഖി'ല്‍. No: 15
6. സുഹൈലി (I, 216) പറയുന്നത്, ഈ രാജകുമാരന്‍ അടിമയാക്കപ്പെട്ടു എന്നാണ്. മക്കയില്‍ വെച്ച് അലി അദ്ദേഹത്തെ വാങ്ങുകയും പിന്നീട് മോചിപ്പിക്കുകയും ചെയ്തു.
7. എന്റെ അല്‍ വസാഇഖ്, No: 23
8. ശാമി-സീറഃ II, 97
9. സുഹൈലി ഉദ്ധരിച്ചത് I, 212
10. ഇബ്‌നു കബീര്‍ III, 70; സുഹൈലി I, 215
11. ഇബ്‌നു ഹിശാം, പേ: 716-7
12. വസാഇഖ്, No: 23,24
13. സ്വഹീഹ് മുസ്‌ലിം, 32 No: 19, തിര്‍മിദി 40:23
14. ഇബ്‌നു ഹമ്പല്‍ III, 441-2; IV, 74-5
15. ത്വബഖാത്ത് 1/11 പേ: 152
16. ഇബ്‌നു ഹമ്പല്‍ VI, 404
17. ബലാദുരി I, 969
18. അബൂദാവൂദ്, 34/8
Comments