Prabodhanm Weekly

Pages

Search

2018 ജനുവരി 12

3034

1439 റബീഉല്‍ ആഖിര്‍ 24

അല്‍ ജമാഅത്തും ദുര്‍വ്യാഖ്യാനങ്ങളും

ഇ.എന്‍ ഇബ്‌റാഹീം

തെറ്റായ തത്ത്വങ്ങള്‍ ആവിഷ്‌കരിച്ച്, ഭിന്നവീക്ഷണങ്ങള്‍ വെച്ചുപുലര്‍ത്തുന്നവരെ അഹ്‌ലുസ്സുന്നഃ വല്‍ ജമാഅഃ എന്ന പൊതുകൂട്ടായ്മയുടെ 'പുറത്തുള്ളവര്‍' എന്നോ 'ബിദ്അത്തുകാര്‍' എന്നോ ചാപ്പ കുത്തുകയും അവരെ സമൂഹത്തില്‍ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുകയും അവരുമായി സ്റ്റേജ് പങ്കിടുന്നതും മറ്റും വിലക്കുകയും ചെയ്യുന്ന പ്രവണത എത്രയോ കാലമായി നമ്മുടെ നാട്ടില്‍ കണ്ടുവരുന്നു. അതിന് സ്വീകരിക്കുന്ന മാര്‍ഗങ്ങള്‍ ഇവയാണ്:

1) 'ഇജ്മാഇ'ന് തെറ്റായ അര്‍ഥം നല്‍കുക. 2) പാരമ്പര്യത്തെ കൂട്ടുപിടിക്കുക. 3) ഇസ്‌നാദിനെ തെറ്റായി വ്യാഖ്യാനിക്കുക. 4) അല്‍ജമാഅത്ത് സംബന്ധിച്ചു വന്ന വിവിധ വീക്ഷണങ്ങളില്‍ തങ്ങള്‍ക്കിഷ്ടമുള്ളതിന് മാത്രം പരിഗണന നല്‍കുക.

ഒരു കാലഘട്ടത്തിലെ മൊത്തം പണ്ഡിതഗവേഷകരുടെ/മുജ്തഹിദുകളുടെ ഏകകണ്ഠാഭിപ്രായമാണ് ഇജ്മാഅ്. ഒരു മുജ്തഹിദെങ്കിലും ഭിന്നാഭിപ്രായം രേഖപ്പെടുത്തിയാല്‍ ഇജ്മാഅ് സംഭവിക്കുകയില്ല എന്നത് സര്‍വാംഗീകൃത തത്ത്വമാണ്. മുസ്‌ലിം സമൂഹത്തില്‍ പൊതുസ്വീകാര്യത ലഭിക്കുന്ന രണ്ടു വിഭാഗങ്ങളുണ്ട്. മുജ്തഹിദുകളാണ് ഒന്ന്. രാഷ്ട്രീയ-ഭരണരംഗങ്ങളില്‍ തീരുമാനമെടുക്കാന്‍ ത്രാണിയുള്ളവരാണ് മറ്റൊന്ന്. രണ്ടാമത്തെ വിഭാഗത്തിന് 'അഹ്‌ലുല്‍ ഹല്ല് വല്‍ അഖ്ദ്' എന്ന് പറയും. ഇസ്‌ലാമിക രാഷ്ട്ര തത്ത്വങ്ങളുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചയില്‍ കടന്നുവരുന്ന ഒരു വിഭാഗമാണ് 'അഹ്‌ലുല്‍ ഹല്ല് വല്‍ അഖ്ദ്.' തീരുമാനാധികാരമുള്ളവര്‍ എന്ന് അതിനെ പരിഭാഷപ്പെടുത്താം. അവരെ മുജ്തഹിദുകള്‍ എന്ന് വ്യാഖ്യാനിക്കുകയും അവരാണ് അല്‍ ജമാഅത്ത് എന്നുള്ള ഒറ്റപ്പെട്ട അഭിപ്രായത്തെ സാമാന്യവല്‍ക്കരിക്കുകയും ചെയ്തുകൊണ്ടാണ് ചിലര്‍ വിഷയം കൈകാര്യം ചെയ്യുന്നത്. സാധാരണ വായനക്കാരനെ തെറ്റിദ്ധരിപ്പിക്കാം എന്നത് മാത്രമാണ് ഇത്തരം വിശകലനങ്ങള്‍ വഴി സംഭവിക്കുന്നത്. വസ്തുതയെ വസ്തുതയായി അവതരിപ്പിക്കാന്‍ അതൊട്ടും പര്യാപ്തമാവുകയില്ല. മുജ്തഹിദുകളും കൈകാര്യാധികാരമുള്ളവരും ഒന്നാവാം എന്നല്ലാതെ എല്ലായ്‌പ്പോഴും അത് അങ്ങനെ തന്നെയാവണമെന്നില്ല. ഭരണാധികാരികളെ നിശ്ചയിക്കേണ്ടവരാണ് അഹ്‌ലുല്‍ ഹല്ല് വല്‍ അഖ്ദ്. അത് തെരഞ്ഞെടുപ്പിന്റെ ഒരു രീതിയാണ്. എല്ലായ്‌പ്പോഴും അതങ്ങനെത്തന്നെയാവണമെന്നില്ല. ഭരണകാര്യങ്ങളില്‍ നിയമോപദേശം നല്‍കുന്നവരാണ് മുജ്തഹിദുകള്‍. മുജ്തഹിദുകളും കൈകാര്യാധികാരമുള്ളവരും ഒന്നല്ല. ചിലപ്പോള്‍ ഒരേ കൂട്ടരില്‍ രണ്ട് കൂട്ടര്‍ക്കും വേണ്ട യോഗ്യത ഒത്തുവരാം. മുസ്‌ലിം സമൂഹത്തിന്റെ നാളിതുവരെയുള്ള ചരിത്രം അതിന് സാക്ഷിയാണ്.

രാഷ്ട്രനായകനെ നിശ്ചയിക്കുന്നിടത്താണ് അഹ്‌ലുല്‍ ഹല്ല് വല്‍ അഖ്ദ് കടന്നുവരുന്നത്. രാഷ്ട്രനായകനെ നിശ്ചയിക്കേണ്ട ബാധ്യത അഹ്‌ലുല്‍ ഹല്ല് വല്‍ അഖ്ദിന്റേതാണ്. സമൂഹം അവരുടെ തീരുമാനം അംഗീകരിക്കുന്നു. അതോടെ എല്ലാവരുടെയും രാഷ്ട്രനായകനെ നിശ്ചയിക്കുക എന്ന ബാധ്യത തീര്‍ന്നു. എന്നാല്‍ അഹ്‌ലുല്‍ ഹല്ല് വല്‍ അഖ്ദിന് പകരം ഏതാനും സാധാരണക്കാര്‍ കൂടിയിരുന്ന് ഒരുത്തനെ പിടിച്ച് രാഷ്ട്രനായകനാക്കിയാല്‍ അത് അംഗീകരിക്കപ്പെടുകയില്ല. ആധുനിക തെരഞ്ഞെടുപ്പ് രീതിയിലേക്ക് വരുമ്പോള്‍ ഈ അഹ്‌ലുല്‍ ഹല്ല് വല്‍ അഖ്ദിന്റെ അര്‍ഥം തന്നെ മാറും. എന്നാല്‍ വ്യാവഹാരിക രംഗത്ത് ഇജ്തിഹാദ് നടത്തി ഇജ്മാഅ് രൂപപ്പെടുത്തിയെടുക്കുന്ന മുജ്തഹിദിന് അതിന്റെ നിര്‍വചനത്തില്‍ സാരമായ മാറ്റം പ്രതീക്ഷിക്കേണ്ടതില്ല. തെരഞ്ഞെടുപ്പ് പ്രക്രിയപോലെയല്ല നിയമവ്യാഖ്യാനം. അത് മനസ്സിലാക്കാന്‍ പ്രയാസമൊട്ടില്ലതാനും. ഇതേ അഹ്‌ലുല്‍ ഹല്ല് വല്‍ അഖ്ദിന് അഹ്‌ലുല്‍ ഇഖ്തിയാര്‍ (തെരഞ്ഞെടുക്കാന്‍ യോഗ്യതയുള്ളവര്‍) എന്നും പറയാം. പ്രസിദ്ധ ഇസ്‌ലാമിക രാഷ്ട്രമീമാംസകനായ അബൂയഅ്‌ലാ മുഹമ്മദുബ്‌നുല്‍ ഹസൈന്‍ അല്‍ഫര്‍റാഅ് (മരണം ഹി. 458 ക്രി. 106) നേതൃത്വം രൂപപ്പെടുന്നതിനെ സംബന്ധിച്ച് അദ്ദേഹം പറയുന്നു: ''ഇമാമത് രൂപപ്പെടുന്നത് രണ്ട് രീതിയിലാണ്. ഒന്ന്: 'അഹ്‌ലുല്‍ ഹല്ല് വല്‍ അഖ്ദി'നെ തെരഞ്ഞെടുക്കുന്നതിലൂടെ. രണ്ട്: മുന്‍ ഭരണാധികാരി നാമനിര്‍ദേശം നല്‍കുക വഴി.''

അഹ്‌ലുല്‍ ഹല്ല് വല്‍ അഖ്ദ് തെരഞ്ഞെടുക്കുന്നതിലൂടെയാണ് നേതൃത്വം രൂപപ്പെടുന്നതെങ്കില്‍ 'അത് അഹ്‌ലുല്‍ ഹല്ല് വല്‍ അഖ്ദിന്റെ ഭൂരിപക്ഷ തീരുമാനമനുസരിച്ചാവണം' (അല്‍ അഹ്കാമുസ്സുല്‍ത്വാനിയ്യ, പേജ് 7).

ഇജ്മാഅ് എന്നത് മുജ്തഹിദുകളുടെ ഭൂരിപക്ഷ തീരുമാനമല്ല. ഒരാള്‍ പോലും ഒഴിയാതെയുള്ള ഒരു കാലഘട്ടത്തിലെ മുജ്തഹിദുകള്‍ മുഴുവന്‍ പേരും ഐകകണ്‌ഠ്യേന എടുക്കുന്ന തീരുമാനമാണത്. ജംഉല്‍ ജവാമിഇല്‍ പറയുന്നു: ''മുഹമ്മദി(സ)നു ശേഷമുള്ള മുസ്‌ലിം സമൂഹത്തിലെ ഒരു കാലഘട്ടത്തിലെ മുജ്തഹിദുകള്‍ ഒരു കാര്യത്തില്‍ എടുക്കുന്ന യോജിച്ചുള്ള തീരുമാനമാണ് ഇജ്മാഅ്. അപ്പോള്‍ ഇജ്മാഅ് മുജ്തഹിദുകളില്‍ പരിമിതമാണെന്ന് വന്നു. മറ്റുള്ളവര്‍ എടുക്കുന്ന യോജിച്ചുള്ള തീരുമാനത്തിന് ഒരു പരിഗണനയുമില്ല'' (ജംഉല്‍ ജവാമിഅ് 2:210).

ഇനി മുജ്തഹിദ് ആരാണെന്നും അയാളുടെ യോഗ്യത എന്തൊക്കെയാണെന്നും പരിശോധിക്കാം. ജംഉല്‍ ജവാമിഅ് തന്നെ പറയുന്നു: ''പ്രായപൂര്‍ത്തി വന്നവനും ബുദ്ധിമാനും കഴിവുറ്റവനും കാര്യബോധമുള്ളവനും ബുദ്ധിപരമായ തെളിവും അതിലടങ്ങിയ നിയമവും അറിയുന്നവനും അറബി ഭാഷയിലും ഭാഷാശാസ്ത്രത്തിലും നിദാനങ്ങളിലും അലങ്കാര ശാസ്ത്രത്തിലും ഖുര്‍ആന്‍-ഹദീസുകളുടെ നിയമം സംബന്ധിച്ചുള്ള ഭാഗങ്ങളിലും- മൂലവാക്യം മനഃപാഠമില്ലെങ്കില്‍ പോലും- ഏറക്കുറെ അറിവുള്ളവനാണ് ഫിഖ്ഹ് കൈകാര്യം ചെയ്യുന്ന മുജ്തഹിദ്. ശറഇന്റെ മൗലിക തത്ത്വങ്ങള്‍ അധികത്തിലും അയാള്‍ അവഗാഹം നേടിയിരിക്കണം. നിയമദാതാവിന്റെ ഉദ്ദേശ്യം ഗ്രഹിക്കാന്‍ കഴിയുമാറ് അവയില്‍ പ്രാവീണ്യം നേടിയിരിക്കണം. ഇജ്മാഇന് ലംഘനം വരാതെ സൂക്ഷിക്കാന്‍ അതിന്റെ രംഗങ്ങള്‍ മനസ്സിലാക്കിയിരിക്കണം. നാസിഖ്, മന്‍സൂഖ്, ആയത്തുകളുടെ അവതരണ പശ്ചാത്തലം, ഹദീസുകളിലെ മുതവാതിര്‍- ആഹാദുകളുടെ ഉപാധികള്‍, പ്രബലം, ദുര്‍ബലം, നിവേദകന്മാരുടെ അവസ്ഥകള്‍ എന്നിവയില്‍ പരിജ്ഞാനമുള്ളവനായിരിക്കണം. നമ്മുടെ കാലത്ത് അക്കാര്യങ്ങളിലെല്ലാം അവയുടെ ഇമാമുകളെ അവലംബിച്ചാല്‍ മതിയാവും. ദൈവശാസ്ത്രം, കര്‍മശാസ്ത്ര വിഷയങ്ങളിലെ ശാഖാപരമായ കാര്യങ്ങള്‍ എന്നിവ അറിയുക എന്നതോ പുരുഷനാവുക, സ്വതന്ത്രനാവുക എന്നിത്യാദി കാര്യങ്ങളോ ഒന്നും ഉപാധിയല്ല. പ്രബലാഭിപ്രായമനുസരിച്ച് നീതിബോധവും ഉപാധിയല്ല. പരസ്പരവിരുദ്ധങ്ങളായി തോന്നിയേക്കാവുന്ന തെളിവുകളെക്കുറിച്ചും നാനാര്‍ഥദ്യോതക പദങ്ങളെക്കുറിച്ചും പരിചിന്തനം നടത്തേണ്ടതും ആവശ്യമാണ്'' (ജംഉല്‍ ജവാമിഅ് 2:420-425)

ഒരാള്‍ അഹ്‌ലുല്‍ ഹല്ല് വല്‍ അഖ്ദില്‍ ഉള്‍പ്പെടാനുള്ള ഉപാധി മൂന്നാണെങ്കില്‍ മുജ്തഹിദാവാന്‍ കൂടുതല്‍ ഉപാധികളുണ്ടെന്ന് വ്യക്തം. അവ ഇങ്ങനെ വായിക്കാം:

1) പ്രായപൂര്‍ത്തി

2) ബുദ്ധി

3) കഴിവ് അതായത് ധൈഷണിക യോഗ്യത

4) കാര്യബോധം

5) ബൗദ്ധിക തെളിവും അതിലടങ്ങിയ നിയമവും സംബന്ധിച്ചുള്ള അറിവ്

6) അറബിഭാഷാ പരിജ്ഞാനം

7) ഭാഷാ ശാസ്ത്രങ്ങളറിയല്‍

8) നിദാന ശാസ്ത്ര പരിജ്ഞാനം

9) അലങ്കാര ശാസ്ത്രമറിയല്‍

10) ഖുര്‍ആനിലും ഹദീസിലുമുള്ള നിയമനിര്‍ധാരണ സാധ്യതയുള്ള ഭാഗങ്ങള്‍ അറിയല്‍.

11) ശറഇന്റെ മൗലിക തത്ത്വങ്ങളില്‍ മിക്കതിലുമുള്ള അവഗാഹം.

12) നിയമദാതാവി(ശാരിഅ്)ന്റെ ഉദ്ദേശ്യം ഗ്രഹിക്കാന്‍ കഴിയുംവിധം അവ സംബന്ധിച്ചുള്ള പ്രാവീണ്യം

13) ഇജ്മാഇന്റെ ലംഘനം സംഭവിക്കാതെ നോക്കാന്‍ കഴിയുംവിധം അവയുമായി ബന്ധപ്പെട്ട രംഗങ്ങളറിയല്‍

14) നാസിഖ്, മന്‍സൂഖ് എന്നിവ സംബന്ധിച്ചുള്ള അറിവ്

15) ആയത്തുകളുടെ അവതരണ പശ്ചാത്തലം അറിയല്‍

16) ആഹാദ്-മുതവാതിറുകളുടെ ഉപാധികള്‍ അറിയല്‍

17) ഹദീസുകളിലെ സ്വഹീഹും ളഈഫും വേര്‍തിരിച്ചറിയല്‍

18) ഹദീസ് നിവേദകരുടെ ചരിത്രം അറിയല്‍

19) പരസ്പരവിരുദ്ധമെന്ന് തോന്നാവുന്ന തെളിവുകളെക്കുറിച്ചുള്ള ബോധം

20) നാനാര്‍ഥപ്രധാനമായ പദങ്ങളെ സംബന്ധിച്ച അറിവ്.

ബുദ്ധി, പ്രായപൂര്‍ത്തി, ധൈഷണിക യോഗ്യത, കാര്യബോധം എന്നിങ്ങനെ മുജ്തഹിദുമായി ബന്ധപ്പെടുത്തി പറഞ്ഞ ഉപാധികള്‍ കൂടി ചേര്‍ത്തു പറഞ്ഞാല്‍ അഹ്‌ലുല്‍ ഹല്ല് വല്‍ അഖ്ദിന് വേണ്ട ഉപാധികള്‍ ഏഴാണെന്ന് വരും. മുജ്തഹിദിന് പിന്നെയും പതിമൂന്ന് ഉപാധികള്‍ കൂടുതലായുണ്ട്. അതുകൊണ്ടാണ് ഈ രണ്ടു വിഭാഗവും അല്‍ ജമാഅത്തിലെ പരിഗണനയര്‍ഹിക്കുന്ന രണ്ട് വിഭാഗങ്ങളാണെന്ന് പറഞ്ഞത്. എന്നാല്‍ അവര്‍ മാത്രമല്ല അല്‍ ജമാഅത്ത്. വിവിധ കക്ഷികളായി ഭിന്നിക്കുന്നത് സംബന്ധിച്ചുള്ള ഹദീസ് മാറ്റിനിര്‍ത്തിയാല്‍ അല്‍ ജമാഅത്തിനെ പരാമര്‍ശിക്കുന്ന ഹദീസുകള്‍ എല്ലാം തന്നെ ഒരു ഇമാമിനെ പറ്റി പരാമര്‍ശിക്കുന്നുണ്ട്. ആ ഇമാമിനെ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്യുന്നത് സംബന്ധിച്ചും അതില്‍ പരാമര്‍ശിക്കുന്നുണ്ട്. അപ്പോള്‍ അല്‍ ജമാഅത്തിന് ഒരു നായകന്‍-അമീര്‍/ഖലീഫ/ഇമാം വേണമെന്നു വന്നു. ആ നായകന്റെ കീഴിലുള്ള ഒരു ജനതയും. ഇവരെല്ലാവരും കൂടിയതാണ് അല്‍ ജമാഅത്ത് എന്ന് ചുരുക്കം.

ഇനി അല്‍ജമാഅത്ത് സംബന്ധിച്ച് ഹാഫിള് ഇബ്‌നുഹജര്‍ പറഞ്ഞത് പരിശോധിക്കാം. അദ്ദേഹം പറയുന്നു:

''ത്വബരി പറഞ്ഞു: .......അല്‍ ജമാഅത്ത് സംബന്ധമായും അഭിപ്രായാന്തരമുണ്ട്. ഒരു വിഭാഗം പറഞ്ഞു: അല്‍ ജമാഅ എന്നത് മഹാസമൂഹം(അസ്സവാദുല്‍ അഅ്ജം) ആണ്.... മറ്റൊരു കൂട്ടര്‍ പറഞ്ഞു: അല്‍ ജമാഅ കൊണ്ടുള്ള വിവക്ഷ സ്വഹാബിമാരാണ്; ശേഷമുള്ളവരല്ല. വേറൊരു വിഭാഗം പറഞ്ഞു, അവരെക്കൊണ്ടുള്ള വിവക്ഷ അറിവുള്ളവരാണ്. അല്ലാഹു അവരെ സൃഷ്ടികള്‍ക്കുള്ള പ്രമാണമായി നിശ്ചയിച്ചിരിക്കുന്നു എന്നതാണ് കാരണം. ദീനീകാര്യങ്ങളില്‍ ജനങ്ങള്‍ അവരെയാണ് പിന്തുടരുന്നത്'' (ഫത്ഹുല്‍ ബാരി 13/47, 7084-ാം ഹദീസിന്റെ വിവരണം).

ഇമാം ശാത്വിബിയും ഏകദേശം ഇതേ രീതിയില്‍ ഇക്കാര്യം വിവരിക്കുന്നുണ്ട്. അദ്ദേഹം പറഞ്ഞു: ''മേല്‍ ഹദീസുകളില്‍ പറഞ്ഞ അല്‍ ജമാഅത്തിന്റെ വിവക്ഷ സംബന്ധിച്ച് ഭിന്നവീക്ഷണമാണുള്ളത്: 1) ഇസ്‌ലാമിക സമൂഹത്തിലെ മഹാഭൂരിപക്ഷം 2) മുജ്തഹിദുകളായ പണ്ഡിതന്മാരുടെ സംഘം 3) സ്വഹാബിമാരാണ് അല്‍ ജമാഅത്ത് 4) ഇസ്‌ലാമിക സമൂഹമാണ് അല്‍ ജമാഅത്ത് 5) മുസ്‌ലിം സമൂഹം ഒരു നായകന്റെ കീഴില്‍ സംഘടിച്ചാല്‍ അവരാണ് അല്‍ ജമാഅത്ത് എന്ന ഇമാം ത്വബ്‌രിയുടെ അഭിപ്രായം'' (അല്‍ ഇഅ്തിസാം 9-ാം അധ്യായം).

ഹാഫിള് ഇബ്‌നുഹജര്‍ ഇപ്രകാരം ഉദ്ധരിക്കുന്നുണ്ട്: ഇബ്‌നുല്‍ ബത്താല്‍ പറഞ്ഞു: '....അല്‍ ജമാഅത്ത് കൊണ്ടുള്ള വിവക്ഷ ഓരോ കാലഘട്ടത്തിലെയും അഹ്‌ലുല്‍ ഹല്ല് വല്‍ അഖ്ദാണ്.' കര്‍മാനി പറഞ്ഞു: 'അല്‍ ജമാഅത്തിനെ മുറുകെ പിടിക്കണമെന്നുള്ള കല്‍പനയുടെ തേട്ടം മുജ്തഹിദുകള്‍ ഏകകണ്ഠമായി അംഗീകരിച്ച കാര്യം പിന്തുടരല്‍ മുകല്ലഫിന് നിര്‍ബന്ധമാണ് എന്നതത്രെ. അറിവാളന്മാര്‍ എന്ന് ബുഖാരി പറഞ്ഞതിന്റെ ഉദ്ദേശ്യം അതാണ്' (ഫത്ഹുല്‍ ബാരി 13/387).

മേല്‍ ഉദ്ധരിച്ചതത്രയും വ്യത്യസ്ത കാഴ്ചപ്പാടുകളാണ്. ഇമാം ഗസാലി മറ്റൊരു പ്രശ്‌നവുമായി ബന്ധപ്പെടുത്തി അല്‍ മുസ്തസ്ഫയില്‍ പറഞ്ഞതുപോലെ ഇത് തെളിവല്ല. ചിലര്‍ക്ക് അങ്ങനെയും അഭിപ്രായമുണ്ട് എന്നു മാത്രം. ഏതെങ്കിലും ഒരു മുജ്തഹിദിന്റെ അഭിപ്രായം സ്വീകരിച്ചുകൊള്ളണമെന്ന് ഒരു നിര്‍ബന്ധവുമില്ല. അദ്ദേഹത്തെ തഖ്‌ലീദ് ചെയ്യുന്നവര്‍ക്ക് അത് സ്വീകരിക്കാം. അത്രതന്നെ. അതിനാല്‍ തന്നെ അത്തരം അഭിപ്രായങ്ങള്‍ അടിസ്ഥാനപ്പെടുത്തി ആരുടെ കാര്യത്തിലും തീരുമാനത്തിലെത്താനും കഴിയില്ല.

ഇവിടെയാണ് പ്രസിദ്ധ സ്വഹാബി ഹുദൈഫതുബ്‌നുല്‍ യമാനില്‍നിന്ന് ഇമാം ബുഖാരി ഉദ്ധരിച്ച ഹദീസ് ചര്‍ച്ചയാവുന്നത്. ഹുദൈഫ പറയുന്നു: അല്ലാഹുവിന്റെ ദൂതരോട് ആളുകള്‍ ചോദിച്ചിരുന്നത് നന്മയെക്കുറിച്ചാണ്. ഞാന്‍ നാശത്തെക്കുറിച്ചാണ് ചോദിച്ചിരുന്നത്. അത് എന്നെ ബാധിച്ചു കളയുമോ എന്ന ഭയമായിരുന്നു കാരണം. ഞാന്‍ ചോദിച്ചു: 'അല്ലാഹുവിന്റെ ദൂതരേ, ഞങ്ങള്‍ അജ്ഞാനത്തിലാണ് ഉണ്ടായിരുന്നത്. നാശത്തിലും. തുടര്‍ന്നാണ് അല്ലാഹു ഞങ്ങള്‍ക്ക് ഈ നന്മ നല്‍കിയത്. ഈ നന്മക്കു ശേഷം വല്ല നാശവും വരാനുണ്ടോ?'

അവിടുന്ന് പറഞ്ഞു: 'അതേ'.

ഞാന്‍ ചോദിച്ചു: 'ആ നാശത്തെ തുടര്‍ന്ന് വല്ല നന്മയും?' നബി(സ): 'അതേ. എന്നാല്‍ അതില്‍ ദഖ്‌നുണ്ടാവും.' ഞാന്‍ ചോദിച്ചു: 'എന്താണ് ദഖ്ന്‍?' നബി(സ) പറഞ്ഞു: 'എന്റേതല്ലാത്ത ചര്യ കൈക്കൊള്ളുന്നവര്‍. അവരില്‍ സ്വീകാര്യരും അസ്വീകാര്യരുമുണ്ടാവും.'

ഞാന്‍ ചോദിച്ചു: 'ആ നന്മക്കു ശേഷം വല്ല നാശവുമുണ്ടാവുമോ?' നബി(സ) പറഞ്ഞു: 'അതേ, നരകകവാടത്തിലിരുന്ന് ക്ഷണിക്കുന്നവര്‍, അതിലേക്ക് പോവാന്‍ പാകത്തില്‍ അവര്‍ക്ക് ഉത്തരം നല്‍കിയവര്‍, അവര്‍ അവരെ അതില്‍ വലിച്ചിടും.'

ഞാന്‍ ചോദിച്ചു: 'അല്ലാഹുവിന്റെ ദൂതരേ, അവരെ ഞങ്ങള്‍ക്ക് വിശദീകരിച്ചുതന്നാലും.'

നബി(സ) പറഞ്ഞു: 'അവര്‍ നമ്മുടെ തന്നെ വംശത്തില്‍പെട്ടവരാവും. നമ്മുടെ ഭാഷയാവും അവര്‍ സംസാരിക്കുന്നത്.'

ഞാന്‍ ചോദിച്ചു: 'അവരെ കണ്ടുമുട്ടേണ്ടിവന്നാല്‍ എന്ത് ചെയ്യണമെന്നാണ് അങ്ങ് ഞങ്ങളോട് നിര്‍ദേശിക്കുന്നത്?'

നബി(സ) പറഞ്ഞു: 'മുസ്‌ലിംകളുടെ സംഘടനയെ വിടാതെ കൂടുക. അവരുടെ ഇമാമിനെയും.'

ഞാന്‍ ചോദിച്ചു: 'അവര്‍ക്ക് സംഘടനയും ഇമാമും ഇല്ലെങ്കിലോ?'

നബി(സ) പറഞ്ഞു: 'മരത്തിന്റെ അടിവേരില്‍ കടിച്ചുപിടിച്ചാണെങ്കില്‍ പോലും എല്ലാ വിഭാഗങ്ങളില്‍നിന്നും അകന്നുനില്‍ക്കുക. ആ നിലപാടിലായിരിക്കെയാവണം താങ്കളെ മരണം പിടികൂടുന്നത്' (ബുഖാരി, കിതാബുല്‍ മനാഖിബ്, 3606, 3607, കിതാബുല്‍ ഫിതന്‍ 7084, മുസ്‌ലിം കിതാബുല്‍ ഇമാറ 4784, 4785).

ഈ ഹദീസ് ഉദ്ധരിച്ചുകൊണ്ട് ചിലര്‍ ലോക ഇസ്‌ലാമിക പ്രസ്ഥാനങ്ങളെ അഹ്‌ലുസ്സുന്നത്തില്‍നിന്ന് പുറത്തുള്ളവരെന്ന് സ്ഥാപിച്ചെടുക്കാന്‍ വിഫല ശ്രമം നടത്തുന്നുണ്ട്. ഒരു മാന്യന്‍ എഴുതുന്നു: ''ഈ സവിശേഷ നാമത്തില്‍ (മുസ്‌ലിംകള്‍ എന്ന നാമം) പരമ്പരാഗതമായി അറിയപ്പെടുന്നവര്‍ ആരാണോ അവരാണ് ജമാഅത്തുല്‍ മുസ്‌ലിമീന്‍, മുസ്‌ലിംകളുടെ സംഘം എന്നതു കൊണ്ടുദ്ദേശിക്കുന്നത്. പരമ്പരാഗത സരണിയില്‍നിന്ന് മാറിനിന്നുകൊണ്ട് പുത്തന്‍ സരണിയും സംഘവുമുണ്ടാക്കുന്ന ഏതൊരു വിഭാഗവും തിരിച്ചറിവിനു വേണ്ടി പുതിയ പേര് സ്വീകരിക്കേണ്ടിവരുമെന്ന് തീര്‍ച്ചയാണ്. മുസ്‌ലിംകള്‍ എന്ന സമുദായനാമം കൊണ്ട് അവരെ തിരിച്ചറിയപ്പെടുകയില്ല..... ഇന്ന് കേരളത്തിലുള്ള പുത്തന്‍ പ്രസ്ഥാനങ്ങളുടെ സ്ഥിതി നോക്കുക. വഹാബി-മൗദൂദി പ്രസ്ഥാനങ്ങളെയും അതിന്റെ സംഘടനകളെയും തിരിച്ചറിയണമെങ്കില്‍ വാല്‍നാമങ്ങള്‍ കൂട്ടിച്ചേര്‍ക്കുക തന്നെ വേണമല്ലോ'' (അഹ്‌ലുസ്സുന്ന: നജീബ് മൗലവി പേ: 23,24).

മുകളിലുദ്ധരിച്ച സ്വഹീഹ് ബുഖാരിയുടെ ഹദീസും സൂറഃ ഹജ്ജ് 78-ാം സൂക്തവും തെളിവുദ്ധരിച്ചുകൊണ്ടാണ് മൗലവി തന്റെ നിരര്‍ഥകവാദം സമര്‍ഥിക്കാന്‍ പെടാപ്പാട് പെടുന്നത്. അതിലിടക്ക് ഹദീസിലെ ചില സുപ്രധാന പ്രയോഗങ്ങള്‍ അദ്ദേഹം കാണാതെ പോയി. 'എന്റേതല്ലാത്ത ചര്യ കൈക്കൊള്ളുന്നവര്‍; അവരില്‍ സ്വീകാര്യരുണ്ടാവും, അസ്വീകാര്യരുമുണ്ടാവും' എന്നതാണ് ഒന്ന്. 'നമ്മുടെ തന്നെ വംശത്തില്‍പെട്ടവരും നമ്മുടെ ഭാഷ സംസാരിക്കുന്നവരും' എന്നതാണ് രണ്ടാമത്തേത്. 'മുസ്‌ലിംകളുടെ സംഘത്തെയും അവരുടെ ഇമാമിനെയും' എന്നതാണ് മൂന്നാമത്തേത്. 'മതത്തിന്റെ വേരില്‍ കടിച്ചു പിടിച്ചാണെങ്കിലും ആ എല്ലാ വിഭാഗങ്ങളെയും വെടിയുക' എന്നതാണ് നാലാമത്തേത്.

ബുഖാരിയുടെ പാഠത്തില്‍ 'എന്റേതല്ലാത്ത ഹദ്‌യ്(ചര്യ) കൈക്കൊള്ളുന്നവര്‍' എന്ന് മാത്രമാണുള്ളത്. മുസ്‌ലിമിന്റെ പാഠത്തില്‍ 'യസ്തന്നൂന ബിഗയ്‌രി സുന്നത്തീ' (എന്റേതല്ലാത്ത സുന്നത്ത് സ്വീകരിക്കുന്നവര്‍) എന്ന് കൂടിയുണ്ട്.

അലി(റ)യുടെ കാലത്തും ശേഷവുമായി ഉടലെടുത്ത ഖവാരിജ്, മുഅ്തസില, റാഫിദഃ തുടങ്ങിയുള്ള വിഭാഗങ്ങളെയും അഹ്‌ലുസ്സുന്നയിലെ തന്നെ മോശം ഭരണാധികാരികളെയുമെല്ലാം വിവക്ഷിക്കുന്നുണ്ട്, 'മറ്റ് ചര്യ പിന്തുടരുന്നവര്‍' എന്നും 'ദഖ്ന്‍' എന്നും പറഞ്ഞതിലൂടെ എന്ന രീതിയിലാണ് ഇമാം അസ്ഖലാനി ഫത്ഹുല്‍ ബാരിയില്‍ ഇത് വിശദീകരിച്ചിട്ടുള്ളത് (13/44 കിതാബുല്‍ ഫിതന്‍ കാണുക).

മുസ്‌ലിംകളുടെ ജമാഅത്തിനെയും അവരുടെ ഇമാമിനെയും പിന്തുടരുക എന്ന നിര്‍ദേശവും അവര്‍ക്ക് ജമാഅത്തും ഇമാമും ഇല്ലെങ്കിലോ എന്ന ഹുദൈഫയുടെ ചോദ്യവും ഉള്‍ക്കൊള്ളുന്ന ആശയമെന്താണ്? ഇസ്‌ലാമിക സമൂഹത്തിന് ഒരു ഇമാം വേണം, ഇമാം ഉള്ളപ്പോള്‍ മാത്രമേ അല്‍ ജമാഅത്തുള്ളൂ എന്ന തത്ത്വമാണ് അത് ഉള്‍ക്കൊള്ളുന്നത്. ഇമാം ഇല്ലെങ്കില്‍ അല്‍ ജമാഅത്തില്ല. ആ ഘട്ടത്തില്‍ എല്ലാ പാര്‍ട്ടികളില്‍നിന്നും അകന്നുനില്‍ക്കുക. ഈ പറഞ്ഞ ഘട്ടം ഏതാണ്? സംശയലേശമില്ലാതെ പറയാന്‍ കഴിയും, അത് നമ്മുടെ കാലഘട്ടമാണെന്ന്. എന്നാല്‍ ഈ ഹദീസ് തെളിവുദ്ധരിച്ച് 'വഹാബി മൗദൂദി'കളില്‍നിന്ന് അകലം പാലിക്കുകയും മറ്റുള്ളവരെ അതിന് പ്രേരിപ്പിക്കുകയും ചെയ്യുന്ന ഗ്രന്ഥകാരനടക്കമുള്ളവര്‍ പാര്‍ട്ടിയും സംഘടനയും കൊണ്ടുനടക്കുന്നവരാണ് എന്നതാണ് വസ്തുത. തങ്ങളുടെ സംഘടനയാണ് ജമാഅത്തുല്‍ മുസ്‌ലിമീന്‍ എന്നും തങ്ങളുടെ പ്രസിഡന്റ് ആ ജമാഅത്തിന്റെ ഇമാമാണെന്നും പറയാന്‍ അവര്‍ ധൈര്യപ്പെടുമോ? രണ്ടായാലും അത്തരക്കാര്‍ ഹദീസിനെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്ന് പറയേണ്ടിവരും. ഉമര്‍(റ) പറഞ്ഞുവല്ലോ: 'സംഘടന (ജമാഅത്ത്)യില്ലാതെ ഇസ്‌ലാമില്ല. നേതൃത്വമില്ലാതെ ജമാഅത്തുമില്ല' (ജാമിഉ ബയാനില്‍ ഇല്‍മ്).

അത്തരം ഒരു ജമാഅത്ത് ഉണ്ടാക്കിയെടുക്കേണ്ട ബാധ്യത മുസ്‌ലിംകള്‍ക്കില്ലെന്ന് അവര്‍ പറയുമോ? അഹ്‌ലുസ്സുന്നയുടെ മാത്രമല്ല ശീഅ തുടങ്ങി അഹ്‌ലുസ്സുന്നക്ക് പുറത്തുള്ളവര്‍ക്കും അഭിപ്രായാന്തരമില്ലാത്ത ഒന്നാണ് അത്തരം ഒരു ജമാഅത്ത് ഉണ്ടാക്കിയെടുക്കേണ്ടത് മുസ്‌ലിംകളുടെ ബാധ്യതയാണെന്നുള്ളത്. ശറഹുല്‍ അഖാഇദില്‍ പറയുന്നു:

''ഇമാമിനെ (രാഷ്ട്രനായകനെ) നിശ്ചയിക്കല്‍ മുസ്‌ലിംകള്‍ക്ക് നിര്‍ബന്ധമാണെന്നത് ഇജ്മാഅ് ആണ്. അത് അല്ലാഹുവിന്റെ ബാധ്യതയാണോ സൃഷ്ടികളുടെ ബാധ്യതയാണോ, ശ്രവ്യപ്രമാണം വഴിയാണോ അത് നിര്‍ബന്ധമാവുന്നത് അതോ ബൗദ്ധിക തെളിവ് വഴിയാണോ എന്ന കാര്യത്തില്‍ മാത്രമാണ് അഭിപ്രായാന്തരമുള്ളത്. സൃഷ്ടികളുടെ ബാധ്യതയാണ് എന്നുള്ളതാണ് ശരിയായ അഭിപ്രായം.'' 'തന്റെ കാലഘട്ടത്തിലെ ഇമാമിനെ അറിയാതെ മരിക്കുന്നവന്‍ അനിസ്‌ലാമിക മരണമാണ് മരിക്കുന്നത്' എന്ന നബിവചനമാണ് തെളിവ്. നബി(സ)യുടെ മരണശേഷമുള്ള സുപ്രധാന ബാധ്യതയായി മുസ്‌ലിംകള്‍ കണ്ടത് ഇമാമിനെ തെരഞ്ഞെടുക്കുക എന്നതായിരുന്നു എന്നതും തെളിവാണ്. നബിയുടെ ജനാസ അടക്കം ചെയ്യുന്നതിനേക്കാള്‍ കൂടി അവര്‍ അതിനാണ് പ്രാധാന്യം നല്‍കിയത്. ഓരോ ഇമാമിന്റെയും മരണശേഷവും അങ്ങനെ തന്നെയായിരുന്നു കാര്യം. പല ഇസ്‌ലാമിക ബാധ്യതകളുടെയും നിര്‍വഹണം അതിനെ ആശ്രയിച്ചിരിക്കുന്നു എന്നതും തെളിവാണ്. ഇമാം നസഫി തന്റെ പ്രസ്താവത്തിലൂടെ അതാണ് സൂചിപ്പിച്ചിരിക്കുന്നത്. അദ്ദേഹം പറഞ്ഞു: ''മുസ്‌ലിംകള്‍, അവര്‍ക്കൊരു ഇമാം അനിവാര്യമാണ്. നിയമം നടപ്പില്‍ വരുത്തുന്ന, ശിക്ഷകള്‍ നടപ്പില്‍ വരുത്തുന്ന, അതിര്‍ത്തി കാക്കുന്ന, സൈന്യത്തെ സജ്ജമാക്കുന്ന, സ്വദഖ പിരിച്ചെടുക്കുന്ന, അതിക്രമകാരികളെയും കള്ളന്മാരെയും കൊള്ളക്കാരെയും അടിച്ചമര്‍ത്തുന്ന, ജുമുഅകളും പെരുന്നാളുകളും നിലനിര്‍ത്തുന്ന, ജനങ്ങള്‍ക്കിടയില്‍ ഉടലെടുക്കുന്ന തര്‍ക്ക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന, അവകാശങ്ങള്‍ അംഗീകരിച്ചുകിട്ടാന്‍ സമര്‍പ്പിക്കുന്ന സാക്ഷ്യങ്ങള്‍ സ്വീകരിക്കുന്ന, രക്ഷിതാക്കളില്ലാത്ത ചെറുപ്പക്കാരെയും ചെറുപ്പക്കാരികളെയും വിവാഹം ചെയ്തുകൊടുക്കുന്ന, യുദ്ധാര്‍ജിത ധനം വീതം വെച്ചു നല്‍കുന്ന, സമൂഹത്തിലെ വ്യക്തികള്‍ക്ക് സ്വന്തമായി കൈകാര്യം ചെയ്യാന്‍ സാധ്യമല്ലാത്ത മറ്റു കാര്യങ്ങള്‍ നിര്‍വഹിക്കുന്ന ഇമാം'' (ശറഹുല്‍ അഖാഇദ് പേ. 110).

ഇമാമില്ലാത്ത ഒരു അല്‍ ജമാഅത്ത് അഹ്‌ലുസ്സുന്നയുടെ പ്രാമാണിക പണ്ഡിതന്മാര്‍ക്ക് ആര്‍ക്കും തന്നെ ചിന്തിക്കാന്‍ പോലും പറ്റാത്ത ഒന്നായിരുന്നു. അതുണ്ടാക്കിയെടുക്കല്‍ സമൂഹത്തിന്റെ ബാധ്യതയായി അവര്‍ കാണാന്‍ കാരണം ഇതാണ്. നിലവിലുള്ള ഒരു സംഘടനക്കും തങ്ങളാണ് ആ പറഞ്ഞ അല്‍ ജമാഅത്തെന്ന് വാദിക്കാന്‍ യാതൊരര്‍ഹതയുമില്ല. എന്നാല്‍ അത്തരമൊരു അല്‍ ജമാഅത്ത് ഉണ്ടാക്കിയെടുക്കുന്നത് സംബന്ധിച്ച്, മറ്റുള്ളവരെ അഹ്‌ലുസ്സുന്നത്തിന് പുറത്തുള്ളവരെന്ന് മുദ്രകുത്തി മാറ്റിനിര്‍ത്താന്‍ തത്രപ്പെടുന്നവര്‍ ചിന്തിക്കുന്നുപോലുമില്ല എന്നതാണ് വാസ്തവം. ആ ബാധ്യത നിര്‍വഹിക്കാന്‍ വല്ലതുമൊക്കെ ചെയ്യുന്നവര്‍ ഇവരുടെ ദൃഷ്ടിയില്‍ മതരാഷ്ട്രവാദക്കാരോ തീവ്രവാദികളോ ഒക്കെയാണുതാനും. 

(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (65-66)
എ.വൈ.ആര്‍

ഹദീസ്‌

തവക്കുലിന്റെ യാഥാര്‍ഥ്യം
സുബൈര്‍ കുന്ദമംഗലം