സാവാ തടാകവും കവിഭാവനയും
ടി. മുഹമ്മദ് വേളം എഴുതിയ കുറിപ്പ് (ലക്കം-3030) വേറിട്ട ചിന്തക്കും ചര്‍ച്ചക്കും വഴിതുറക്കുന്നതാണ്, പ്രത്യേകിച്ചും കാലങ്ങളായി മുസ്‌ലിം സമൂഹത്തില്‍ അപരിഹാര്യമായി തുടരുന്ന വിഷയമെന്ന നിലക്ക് മൗലിദിനെ കുറിച്ചുള്ള ഈ ചിന്ത വ്യാപക പ്രചാരണം അര്‍ഹിക്കുന്നുണ്ട്.
പ്രവാചക കീര്‍ത്തനങ്ങളെ കവിതയായും പ്രസ്തുത കാവ്യങ്ങളെ കവിയുടെ ഭാവനയായും വിലയിരുത്തിയാല്‍ തീരാവുന്നതല്ലേയുള്ളൂ പല തര്‍ക്കങ്ങളും? മൗലിദിലെ കവിഭാവനകളെ ഒരു വിഭാഗം യാഥാര്‍ഥ്യമായും മറുവിഭാഗം അതെല്ലാം ശിര്‍ക്കാ(ബഹുദൈവത്വം)യും കാണുന്നതാണല്ലോ പ്രശ്‌നം. പ്രവാചക കീര്‍ത്തനങ്ങള്‍ കവിഭാവനകളാണെന്നതിന്റെ വ്യക്തമായ നിദര്‍ശനമാണ്, പ്രവാചകന്‍ ജനിച്ചപ്പോള്‍ സാവാ തടാകം വറ്റി പോയെന്ന കവി വാക്യം. ഈ ഭാവനയെ യഥാര്‍ഥമായി എടുത്താല്‍ ചുട്ട് പൊള്ളുന്ന മണല്‍ക്കാട്ടില്‍ മനുഷ്യര്‍ക്കും പക്ഷിമൃഗാദികള്‍ക്കും കുളിരേകുന്ന ഒരു തടാകം ലോകത്തിന് അനുഗ്രഹമായ ഒരു പ്രവാചകന്റെ ജന്മത്തോട് കൂടി വറ്റിപ്പോകുന്നുവെങ്കില്‍ ഈ പ്രവാചകന്‍ എങ്ങനെ ലോകത്തിന് അനുഗ്രഹമാകും?
യഥാര്‍ഥത്തില്‍ കവി ഉദ്ദേശിച്ചത് മക്കയില്‍ സുലഭമായി ലഭിച്ചിരുന്ന 'മദ്യം' ഇല്ലാതെയായി എന്നാണ്. പ്രവാചകന്റെ ജനനസമയത്ത് വിഗ്രഹങ്ങള്‍ തലകീഴായി വീണെന്നും പേര്‍ഷ്യന്‍ ജനത ആരാധിച്ചിരുന്ന അഗ്നി കെട്ടു പോയെന്നും കവി പറയുന്നത് അവയെയെല്ലാം ആരാധിച്ചിരുന്നവര്‍ അവയെ കൈയൊഴിച്ചു എന്ന അര്‍ഥത്തിലാണ്. കുറിപ്പുകാരന്‍ സൂചിപ്പിച്ച പോലെ മുസ്‌ലിം സമൂഹത്തിന്റെ വലിയ സാംസ്‌കാരിക മൂലധനങ്ങളാണവ. കവിതയും കലയും ആലങ്കാരികമാണ്; യാഥാര്‍ഥ്യമല്ല. വിശ്വാസപരമായി സമൂഹത്തില്‍ പ്രചരിച്ച തെറ്റായ ധാരണകളെ തിരുത്തുകയും വേണം. പക്ഷേ, ഇത്തരം തിരുത്തലുകള്‍ക്ക് ഇതഃപര്യന്തം സ്വീകരിച്ചു പോന്ന ശൈലിയല്ല വേണ്ടത് എന്നും തിരിച്ചറിയണം. ഇത്തരം കലകളെ ആരാധനാനുഷ്ഠാനങ്ങളില്‍നിന്ന് മുക്തമാക്കി പ്രവാചക കീര്‍ത്തനങ്ങളിലെ നെല്ലും പതിരും സമൂഹത്തിന് വേര്‍തിരിച്ച് കാണിക്കാന്‍ പണ്ഡിതന്മാര്‍ മുന്നോട്ട് വന്നെങ്കില്‍! എങ്കില്‍ ഇതിനായി ചെലവഴിക്കുന്ന ലക്ഷക്കണക്കിന് സമ്പത്ത് മറ്റു നിര്‍മാണാത്മക മേഖലകളിലേക്ക് തിരിച്ചുവിടാം.
ഇസ്‌ലാമിക പഠനത്തില്‍ വിദൂര വിദ്യാഭ്യാസത്തിന്റെ സാധ്യതകള്‍
ഇസ്‌ലാമിക വിദ്യാഭ്യാസം വ്യവസ്ഥാപിതമായി കരസ്ഥമാക്കാന്‍ കഴിയാതെ പോയവരാണ് മുസ്‌ലിംകളില്‍ ബഹുഭൂരിപക്ഷവും. ചെറുപ്രായത്തിലെ മദ്‌റസാ പഠനത്തിലൊതുങ്ങുന്നതാണ് മിക്കവരുടെയും മത വിദ്യാഭ്യാസം. തുടര്‍ന്ന് ഇസ്‌ലാമിക വിജ്ഞാനം കരസ്ഥമാക്കുന്നതിന് അവലംബമായിട്ടുള്ളത് ജുമുഅ ഖുത്വ്ബ, സംഘടനാ പ്രഭാഷണങ്ങള്‍, സ്റ്റഡി ക്ലാസുകള്‍, പുസ്തകങ്ങള്‍, ആനുകാലികങ്ങള്‍ എന്നിവയാണ്. ഇവയൊക്കെ വൈജ്ഞാനിക മൂലധനമായി പരിഗണിക്കാമെങ്കിലും അറബിക് കോളേജ്, ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റികള്‍ എന്നിവിടങ്ങളിലെ വ്യവസ്ഥാപിത പഠനത്തിന് പകരമാവില്ല. വിദ്യാര്‍ഥി പ്രായമൊക്കെ പിന്നിട്ട് മുതിര്‍ന്ന് കഴിയുമ്പോള്‍ ഇസ്‌ലാമിക വിജ്ഞാനങ്ങളോട് ആഭിമുഖ്യം വരുന്നവര്‍ അതിനായി നേരത്തേ സൂചിപ്പിച്ച വഴിയാണ് തേടുന്നത്. വ്യവസ്ഥാപിത വിദ്യാഭ്യാസത്തിന്റെ അഭാവം നേതൃശേഷിയെയും സംഘാടന വൈഭവത്തെയും ദുര്‍ബലമാക്കുന്നു. ഈ ന്യൂനത പരിഹരിക്കാന്‍ വിദൂര വിദ്യാഭ്യാസ സംവിധാനം എന്ന ആശയം പ്രയോഗവല്‍ക്കരിക്കാവുന്നതാണ്. ഖുര്‍ആന്‍ സ്റ്റഡി സെന്ററുകള്‍ സ്ഥാപിക്കപ്പെട്ടപ്പോള്‍ ഖുര്‍ആന്‍ പഠനമേഖലയില്‍ ഉണ്ടായ മുന്നേറ്റം നമുക്ക് അനുഭവമുള്ളതാണ്.
ഇന്ന് ലോകത്തെ മിക്ക സര്‍വകലാശാലകളും പ്രാധാന്യപൂര്‍വം നടത്തുന്ന സമാന്തര സംവിധാനമാണ് വിദൂര വിദ്യാഭ്യാസം. എം.ബി.എ, എല്‍.എല്‍.ബി പോലുള്ള പ്രഫഷണല്‍ കോഴ്‌സുകള്‍ വിദൂര വിദ്യാഭ്യാസം വഴി പഠിക്കുന്നവരും ഉയര്‍ന്ന ജോലി കരസ്ഥമാക്കുന്നവരും കുറവല്ല. ഇതേ മാതൃകയില്‍ ഖുര്‍ആന്‍, ഹദീസ്, ചരിത്രം, കര്‍മശാസ്ത്രം, അറബി ഭാഷ, ശരീഅത്ത്, ഇസ്‌ലാമിക് ഫിനാന്‍സ് തുടങ്ങിയ വിഷയങ്ങളില്‍ ഹയര്‍സെക്കന്ററി, ബിരുദ, ബിരുദാനന്തര ബിരുദ തലങ്ങളില്‍ വിദൂര വിദ്യാഭ്യാസ കോഴ്‌സുകള്‍ ആരംഭിക്കുന്നതിനെക്കുറിച്ച് പ്രസ്ഥാന നേതൃത്വം ചിന്തിക്കേണ്ടതുണ്ട്. പ്രായഭേദമന്യേ എല്ലാവര്‍ക്കും ഇസ്‌ലാമിക വിഷയങ്ങളില്‍ ഉന്നത ബിരുദങ്ങള്‍ കരസ്ഥമാക്കാന്‍ വാതിലുകള്‍ തുറന്നിടുന്നത് വൈജ്ഞാനിക മേഖലയില്‍ വലിയൊരു മുതല്‍ക്കൂട്ടാകും. ശാന്തപുരം അല്‍ജാമിഅ പോലുള്ള സ്ഥാപനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ മുന്‍കൈയെടുക്കാം.
കെ.പി ബശീര്‍, പൊന്നാനി
ആള്‍ക്കൂട്ട ആക്രമണമാണോ ഫാഷിസ്റ്റ് ഭീകരത?
മുജാഹിദ് ചതുര്‍ദിന സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച്, 'സഹിഷ്ണുതയും സഹവര്‍ത്തിത്വവും' എന്ന തലക്കെട്ടില്‍ കെ.എന്‍.എം പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനി മാധ്യമത്തില്‍ എഴുതിയ ലേഖനം (28-12-2017), വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയും, വര്‍ഗീയതയിലും വിദ്വേഷത്തിലും അധിഷ്ഠിതമായ ആശയ പ്രചാരണങ്ങളും രാജ്യത്തിന്റെ സഹവര്‍ത്തിത്വത്തിലൂന്നിയ മഹത്തായ പാരമ്പര്യത്തെ എങ്ങനെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് വരച്ചുകാട്ടുന്നു. എന്നാല്‍ ചില വരികള്‍ വായനക്കാരില്‍ ആശങ്കകള്‍ ഉളവാക്കുന്നുവെന്ന് പറയാതെ വയ്യ. പരമത വിദ്വേഷത്തിന്റെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും പേരില്‍ നടന്നുകൊിരിക്കുന്ന അറുംകൊലകളെ വെറും 'ആള്‍ക്കൂട്ട ആക്രമണം' എന്ന പദത്തില്‍ ഒതുക്കി നിസ്സാരവല്‍ക്കരിച്ചത് ഉചിതമായില്ല. പശുവിന്റെയും തൂലികയുടെയും മറ്റും പേരില്‍ കൊല ചെയ്യപ്പെട്ട അഖ്‌ലാഖ്, അഫ്‌റാസുല്‍ ഖാന്‍, ജുനൈദ്, പെഹ്‌ലൂ ഖാന്‍, അലിമുദ്ദീന്‍ എന്ന അസ്ഖര്‍ അന്‍സാരി, ഉമര്‍ മുഹമ്മദ് ഖാന്‍, നരേന്ദ്ര ബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ, കല്‍ബുര്‍ഗി, ഗൗരി ലങ്കേഷ്, അസഹിഷ്ണുതയുടെ രൗദ്രഭാവം അനുഭവിച്ചറിഞ്ഞ് ഇരുതലമൂര്‍ച്ചയുള്ള തന്റെ തൂലികയെ ഷണ്ഡീകരിക്കേണ്ടിവന്ന പെരുമാള്‍ മുരുകന്‍, ഇഷ്ടമതം പുല്‍കിയതിന്റെ പേരില്‍ കൊല ചെയ്യപ്പെട്ട കൊടിഞ്ഞി ഫൈസല്‍, യാസിര്‍ തുടങ്ങി നിരവധി പേര്‍ ഇന്ത്യയെന്ന മതേതര ജനാധിപത്യ റിപ്പബ്ലിക്കിലെ അസഹിഷ്ണുതയുടെ ഇരകളാണ്. ഇന്ത്യയില്‍ നടന്ന നിരവധി വര്‍ഗീയ കലാപങ്ങള്‍ അന്വേഷിച്ച അനേകം കമീഷന്‍ റിപ്പോര്‍ട്ടുകള്‍ പ്രതിസ്ഥാനത്ത് നിര്‍ത്തിയത് ആരൊക്കെയെന്ന് ഏവര്‍ക്കും ബോധ്യമായ കാര്യവുമാണ്. മതനിരപേക്ഷതയെ ചോദ്യം ചെയ്ത് ഭരണഘടന പോലും മാറ്റി എഴുതണമെന്ന് പരസ്യമായി പ്രഖ്യാ
പിക്കുന്നു ഭരണഘടനയെ തൊട്ട് സത്യം ചെയ്ത് പദവിയിലേറിയ ഒരു കേന്ദ്രമന്ത്രി. തങ്ങളുടെ 'വിചാരധാര' രാജ്യത്തുടനീളം നടപ്പിലാക്കാന്‍ ആസൂത്രിതമായ സൈദ്ധാന്തിക പദ്ധതികള്‍ അണിയറയില്‍ വേവിച്ചെടുക്കപ്പെടുന്ന വര്‍ത്തമാനകാലത്ത് ഇതിന് നേതൃത്വം നല്‍കുന്ന സംഘ് പരിവാര്‍ സമഗ്രാധിപത്യശക്തികളെ അങ്ങനെ തന്നെ അഭിസംബോധന ചെയ്യാതെ അവരുടെ പിണിയാളുകളായ മാധ്യമ ശക്തികള്‍ രൂപപ്പെടുത്തിയ 'ആള്‍ക്കൂട്ട ആക്രമണം' എന്ന നിര്‍മിത പദപ്രയോഗം ഉത്തരവാദപ്പെട്ട ഒരു സംഘടനയുടെ സംസ്ഥാന അധ്യക്ഷനില്‍നിന്ന് ഉണ്ടായത് ഭൂഷണമായില്ല.
വി. ഹശ്ഹാശ് കണ്ണൂര്‍ സിറ്റി
അവളുടേത് കൂടിയാണ് റസൂല്‍
'ഇസ്‌ലാമില്‍ പെണ്ണിനെന്ത്?' എന്ന് ചോദിക്കുന്നവര്‍ക്ക് മനോഹരമായ മറുപടിയാണ് 'അവളുടെ പ്രവാചകന്‍'(ലക്കം 3028) എന്ന ലേഖനം. ഒരു സ്ത്രീ മകളായും ഉമ്മയായും ഭാര്യയായും എങ്ങനെ സമൂഹത്തില്‍ നിലകൊള്ളണമെന്നത് പ്രവാചക ചരിത്രം നമുക്ക് മുമ്പില്‍ തുറന്നു കാട്ടുന്നുണ്ട്.
നഷ്ടപ്പെടുന്ന ഇസ്‌ലാമിക സ്ത്രീത്വത്തെ തിരിച്ചുപിടിക്കാനുള്ള ആശയപരമായ ശ്രമമാണ് ആ ലേഖനം. സമൂഹത്തില്‍ വിപ്ലവം സൃഷ്ടിച്ചിരുന്നു ഒരു കാലത്ത് അവള്‍. എന്നാല്‍ അന്ന് മുഹമ്മദ് നബി(സ) എല്ലാ തലത്തിലും സ്ത്രീമുന്നേറ്റത്തിന് ഒപ്പമുണ്ടായിരുന്നതു പോലെ ഇന്നത്തെ സമൂഹത്തില്‍ അവള്‍ക്ക് കരുത്താവേണ്ട ഒരുവന്‍ ഒപ്പമില്ലാതാവുന്നു. മാത്രമല്ല ലിംഗാടിസ്ഥാനത്തില്‍ അവളോട് വിവേചനം കാണിക്കുന്നു. അവളുടെ വ്യക്തിത്വത്തെ ചോദ്യം ചെയ്യുകയും ചവിട്ടിയരക്കുകയും ചെയ്യുന്നു. അവള്‍ക്കു കിട്ടേണ്ട അവകാശങ്ങള്‍ ഹനിക്കപ്പെടുന്നു. ഈയൊരു ചരിത്ര സന്ധിയില്‍ അവളോടുള്ള ഇടപെടലുകള്‍ എങ്ങനെയാകണമെന്ന് കൃത്യമായി കാണിച്ചു തരുന്ന പ്രവാചകന്റെ മാതൃക ധൈര്യവും കരുത്തും നല്‍കുന്നു. അതിനാല്‍ തന്നെ ഏറെ പ്രിയപ്പെട്ട അവളുടെ പ്രവാചകന്‍ ഏതൊരുവള്‍ക്കും സമ്പൂര്‍ണ മാതൃകയാണ്.
ഫിദ അബ്ദുസ്സലാം, ഡിഗ്രി ഒന്നാം വര്‍ഷം, അല്‍ജാമിഅ, ശാന്തപുരം
മഹല്ലുകള്‍ യാചനയെ പ്രോത്സാഹിപ്പിക്കരുത്
മകളുടെ വിവാഹം, വീടുനിര്‍മാണം, രോഗ ചികിത്സ എന്നീ ആവശ്യങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ അഭ്യര്‍ഥിച്ച് മുസ്‌ലിം മഹല്ല് കമ്മിറ്റികള്‍ കത്ത് കൊടുക്കുന്ന പ്രവണത കൂടിവരുന്നു. നിശ്ചിത തീയതി കഴിഞ്ഞിട്ടും ചിലര്‍ നിര്‍ബാധം പിരിവ് നടത്തുന്നു. റമദാനിലാണ് ഇത് കൂടുതല്‍. പ്രാദേശിക പ്രശ്‌നങ്ങള്‍ അതത് മഹല്ലുകള്‍ സ്വയം പരിഹരിക്കണം. അധ്വാനിച്ച് ജീവിക്കാനാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. അധ്വാനിച്ച് കൈ തഴമ്പിച്ചവന്റെ കൈ ചുംബിച്ച പ്രവാചകന്റെ അനുയായികളാണ് കൂടുതല്‍ യാചന നടത്തുന്നത്. യാചനയെ പ്രോത്സാഹിപ്പിക്കുംവിധം മഹല്ല് കമ്മിറ്റികള്‍ ലെറ്റര്‍ കൊടുക്കുന്ന പ്രവണത അവസാനിപ്പിക്കണം. 22/12/17-ലെ പ്രബോധനം വാരികയില്‍ സുബൈര്‍ കുന്ദമംഗലത്തിന്റെ ഹദീസ് പംക്തി അവസരോചിതമായി.
ഹാജറ ടീച്ചര്‍, കടന്നമണ്ണ
Comments