Prabodhanm Weekly

Pages

Search

2017 ഒക്ടോബര്‍ 20

3022

1439 മുഹര്‍റം 29

അരുള്‍മുത്തുകള്‍ (ഹദീസുകളുടെ പദ്യാവിഷ്‌കാരം)

എം.കെ അബൂബക്കര്‍

സദ്‌വൃത്തി

സല്‍ക്കര്‍മമൊന്നു നീ തുടങ്ങിവെച്ചാല്‍

സന്ദേഹമന്യേയത് പൂര്‍ണമാക്ക

സദ്‌വൃത്തി വേറൊന്ന് സമാരംഭമാക്കാന്‍

വെമ്പാതെ മുന്‍ഗണനയതിനാണു നല്ലൂ

 

പുഞ്ചിരി

നന്മ തന്‍ കണികകള്‍ പോലുമമമൂല്യം

തെല്ലുമഗണ്യമായ് തള്ളാതിരിപ്പിന്‍

നിന്നുടെ സഹജനെ കാണുകില്‍ സ്‌നേഹാര്‍ദ്ര

പുഞ്ചിരി പൂകലുമമൂല്യമാം നന്മ താന്‍.

 

ശ്രേഷ്ഠന്‍

പാതിരായാമത്തില്‍ തല്‍പം വെടിഞ്ഞ്

പാരിന്റെ നാഥനെ ഭജിക്കുവോനോ

രാവിന്റെ വെറുമൊരു തെല്ലുമാത്രം

വിജ്ഞാനസമ്പാദനം ചെയ്യുവോനോ,

ആരാണു ശേഷ്ഠന്‍? വിജ്ഞാനദാഹി!

 

പാപം

അകതാരിലെന്തോ ചൊറിയുന്നുവെങ്കില്‍

അതിനുള്ള കാരക,മതുതന്നെ പാപം!

കരടായ് മനത്തെയലട്ടുമാ വിഷബീജം

കളയുക, യകലുക ദൂരേക്ക് ദൂരേ!

 

പശ്ചാത്താപം

ആദമിന്‍പുത്രന്‍ ഹാ കേവലദുര്‍ബലന്‍

മാലാഖയല്ലവന്‍ സ്ഖലിതം ഭവിപ്പവന്‍ 

തെറ്റിന്റെ കൂമ്പാരം ചെയ്തുവെന്നാലും 

ഖേദിക്കുവോനവരില്‍ മാഹാത്മ്യമുള്ളവന്‍.

 

പച്ചപ്പ്

അഖിലാണ്ഡതാളം തകരുന്ന നാളില്‍

എല്ലാമൊടുങ്ങും മഹാഭീത ദിനമില്‍

ഒരു ചെറുതൈമാവു കരഗതമെങ്കില്‍ നീ

ചടുലമാ നാമ്പിനെ നട്ടുനനയ്ക്കുക!

എന്നുമീ ഭൂതലം പച്ചയും കിളികളും

നിറയട്ടെയെന്നാശ സ്പന്ദിക്കും പോലവേ.

 

അവസ്ഥകള്‍

വന്നെത്തും മര്‍ത്ത്യനു പാരിലായ്

ദു:സ്ഥിതി പഞ്ചമം നിര്‍ണയം:

കൃത്യബാഹുല്യം, നിസ്വത, ദീനവും

വയോധിക്യം പിന്നെ മൃത്യുവും.

നിസ്സഹായനായ് ഭവിക്കും മുന്നേ

യൗവനമാരോഗ്യമൈശ്വര്യം

വിശ്രാന്തി പിന്നെ ജീവിതം

വിപരീതദശകളിതഞ്ചുമേ

നന്മകളാല്‍ പുഷ്‌കലമാക്കുക.

 

 

വിനയം

എളിമ തന്നെ മഹാഗുണം

എളിമ വിശ്വാസിലക്ഷണം

എങ്ങുമെളിമ പുലര്‍ത്തുവോരെ

എത്തിക്കുമുന്നതിയിലീശ്വരന്‍.

 

വിഷാഗ്നി

ചിത്തത്തിലീശനെ കുടിയേറ്റിയോര്‍ക്ക്

ചിതമല്ലസൂയയെന്നുള്ളോരു വ്യാധി

ചിതയിലെത്തീ വിറകു തീര്‍ക്കുന്നപോലെ

ചിരകാലനന്മകളാ വ്യാധി മായ്ക്കും.

 

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (12-16)
എ.വൈ.ആര്‍